എന്റെ ഇന്‍ബോക്‌സില്‍ സന്ദേശങ്ങള്‍ കുമിയുന്നു. ദിവസവും പത്തുമണിക്കൂര്‍ ലാപ്ടോപ്പില്‍ പ്രവര്‍ത്തിച്ചാലും എന്നും ഞാന്‍ തുറന്നിട്ടില്ലാത്ത സന്ദേശങ്ങളുടെ എണ്ണം നാനൂറില്‍പ്പരം. ചിലദിവസങ്ങളില്‍ അത് ഇരട്ടിക്കും. ഏറ്റവും പുതിയ അറിയിപ്പുകളുമായി ഗ്ലോബല്‍ ഡേറ്റ പോലുള്ള വിവരവ്യവസ്ഥാകേന്ദ്രങ്ങള്‍. ഏറ്റവും പുതിയ വാര്‍ത്തകളുമായി ചില പ്രശസ്ത മാധ്യമപ്രവര്‍ത്തകര്‍: ബില്‍ മക്കിബന്‍ (ദ ന്യൂയോര്‍ക്കര്‍), എലിസ മക്കിന്‍ടോഷ്, ഇവാന കൊട്ടോസാവ, മെഗന്‍ പോയിന്‍സ്‌കി (സി.എന്‍.എന്‍.), ഫിലിപ്പ് എലിയറ്റ് (ടൈം). പിന്നെ, 'റിസര്‍ച്ച്ഗേറ്റ്' എന്ന ഓണ്‍ലൈന്‍ സാമൂഹികവലയത്തില്‍ എന്റെ സുഹൃത്തുക്കളായ ഗവേഷകരുമായും വിദ്യാര്‍ഥികളുമായുള്ള വ്യക്തിപരമായ വിനിമയങ്ങള്‍... ഇവയുടെയെല്ലാം ആധാരത്തിലാണ് എന്റെ ഉള്‍ക്കാഴ്ചകള്‍. ബാധിതലോകത്തിലെ വെറുമൊരു വ്യക്തിയെന്ന നിലയ്ക്കും ശാസ്ത്രനിരീക്ഷകനെന്ന നിലയ്ക്കും കോവിഡ് പത്തൊന്‍പതിനെക്കുറിച്ച് ഓരോ മണിക്കൂറിലും ഞാന്‍ അറിഞ്ഞുകൊണ്ടേയിരിക്കുന്ന വസ്തുതകളും വ്യാധിയുടെ പടര്‍ച്ചയില്‍ എനിക്കുള്ള സാമൂഹിക ഉത്കണ്ഠയുമാണ് ഈ പംക്തിയുടെ മാധ്യമികപ്രേരണ.
കോവിഡ് പത്തൊന്‍പതു പോലുള്ളൊരു ആഗോളബാധ നമ്മുടെ എല്ലാ മൂല്യങ്ങളെയും പുനര്‍നിര്‍വചിക്കുമെന്ന് 2020 മാര്‍ച്ചിന്റെ തുടക്കത്തില്‍ത്തന്നെ എന്റെ വെബ്സൈറ്റ് (www.covid19on.com) അറിയിച്ചിരുന്നു. പ്രവചനങ്ങള്‍ ദിനചര്യകളില്‍ പോലും ഫലിക്കുന്നു, പ്രതിഫലിക്കുന്നു. പക്ഷേ, ജീവിത-മരണ-അസ്തിത്വ സങ്കല്പങ്ങളെ മാത്രമല്ല, വ്യക്തിപരമായ ബന്ധങ്ങളെപ്പോലും ഈ പകര്‍ച്ചവ്യാധി പുനര്‍നിര്‍വചിക്കുമെന്ന് എന്നെ പഠിപ്പിച്ചത്, ഞാന്‍ എഴുതാന്‍ തുടങ്ങിയതും ഇടയില്‍വെച്ച് നിലച്ചതുമായൊരു നോവലിലെ യഥാര്‍ഥലോക കഥാപാത്രങ്ങളാണ്. കെട്ടിപ്പുണരല്‍ ഒരു ഭീതിയോ നിരോധമോ ആയിത്തീര്‍ന്ന ഈ ദിവസങ്ങളില്‍ ലോകം സ്വയമൊരു ഏകാന്തതയാണ്. വസ്തുക്കളുടെയും ഉപരിതലങ്ങളുടെയും ഏകാന്തത ഞാന്‍ തിരിച്ചറിയുന്നു. വിജനതകളിലെ അടക്കംപറച്ചില്‍ എനിക്കു കേള്‍ക്കാം. അസ്പൃശ്യതയില്‍ വസ്തുത്വം നശിച്ച വസ്തുക്കള്‍ വെറും ഉപരിതലങ്ങളായിമാറുന്നത് എനിക്കു കാണാം. വായയും മൂക്കും മൂടുന്ന വസ്തുക്കളാകയാല്‍ വാമൂടികളെന്ന് ഞാന്‍ വിളിക്കുന്ന ഫെയ്സ് മാസ്‌കുകളുടെ വരവോടെ നാം പൊഴിച്ച സ്വത്വത്തിന്റെ മൂടുപടങ്ങള്‍ പലേടങ്ങളിലായി ചിതറിക്കിടക്കുന്നു. ഒരു വ്യക്തിയുടെ ഏകാന്തത എത്രത്തോളം ഇവയോടെല്ലാം സംവദിക്കുന്നു? ഈഫല്‍ ഗോപുരത്തില്‍നിന്ന് ഏറെയകലെ ആരോ ഊരിയെറിഞ്ഞൊരു വാമൂടിയുടെ ചിത്രം ഒരിടത്ത് ഞാന്‍ കണ്ടു, മറ്റൊരിടത്ത് ഒരു ചെടിയുടെ ചില്ലയില്‍ തൂങ്ങുന്നൊരു കൈയുറയുടെ ചിത്രവും.

001 ഒരു വിന്റ്റിജ് (vintage) പ്രണയഗാനത്തില്‍ ലൂയി ആംസ്ട്രോങ് പറഞ്ഞു, ''പുഞ്ചിരിക്കുമ്പോള്‍ നീ പുഞ്ചിരിച്ചുകൊണ്ടേയിരിക്കുക / ലോകം മുഴുവന്‍ നിന്നോടൊപ്പം പുഞ്ചിരിക്കുന്നു.'' ഞാനും നിങ്ങളോടു പറയട്ടെ, പുഞ്ചിരിക്കുക!) ആത്മഹത്യക്കു തുല്യമായൊരു തീരുമാനത്തിലെ ശരിയെയും തെറ്റിനെയും കുറിച്ച് മനസ്സില്‍ ഒരു തര്‍ക്കം നടക്കുന്നതിനിടയില്‍ സാഗര്‍ ഹോള്‍ക്കര്‍ സ്വയം പറയാന്‍ ശ്രമിക്കുന്നു, പുഞ്ചിരിക്കുക! ചുണ്ടുകളുടെ നേര്‍ത്തൊരു ചലനം (ഒരുപക്ഷേ, മനുഷ്യശരീരത്തിന്റെ ഏറ്റവും ചെറിയ സാമൂഹികസംജ്ഞ) വൈയക്തികമായും സാമൂഹികമായും ഒരുതരം അതിജീവനതന്ത്രമാകേണ്ട ദിവസങ്ങളിലൂടെയാണ് നാം കടന്നുപോകുന്നത്. ആകയാല്‍ പുഞ്ചിരിയില്‍ എന്റെ ആദ്യത്തെ സന്ദേശം.
പുതിയലക്കം മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ പ്രസിദ്ധീകരിച്ച ലേഖനത്തില്‍ നിന്നും
ലേഖനത്തിന്റെ പൂര്‍ണരൂപം വായിക്കാം
Content Highlights: Maythil Radhakrishnan Column Mathrubhumi weekly