സ്വാതന്ത്ര്യാനന്തര കേരളത്തില്‍ നടന്ന ഏറ്റവും വലിയ ജനകീയസമരത്തിന്റെ സമ്പൂര്‍ണ ചരിത്രമാണ് സജി ജെയിംസ് എഴുതി മാതൃഭൂമി ബുക്‌സ് പ്രസിദ്ധീകരിച്ച സൈലന്റ് വാലി ഒരു പരിസ്ഥിതിസമരത്തിന്റെ ചരിത്രം. സൈലന്റ് വാലി പദ്ധതിയ്‌ക്കെതിരേ കേരളത്തിലെ രാഷ്ട്രീയ സാംസ്‌കാരിക കലാസാഹിത്യസംഗീതമേഖലകളില്‍ പ്രവര്‍ത്തിക്കുന്നവരും സാധാരണജനങ്ങളും ഒന്നിച്ചു ചേര്‍ന്ന് നടത്തിയ പ്രക്ഷോഭം ഫലം കാണുകയും സൈലന്റ് വാലി ദേശീയ പാര്‍ക്കായി പ്രഖ്യാപിക്കുകയും ചെയ്യുകയാണുണ്ടായത്. കേരളചരിത്രത്തിലെ ഏറ്റവും മഹത്തായ പോരാട്ടങ്ങളിലൊന്നായി സൈലന്റ് വാലി പരിസ്ഥിതി സമരത്തിന്റെ വസ്തുതകളെക്കുറിച്ച് ആഴത്തില്‍ വിശദമാക്കുന്ന പുസ്തകത്തില്‍ നിന്നും ഒരു ഭാഗം വായിക്കാം.
ഭീമന്‍ അണക്കെട്ടിന്റെ വരവ്
'അന്‍പതു മെഗാവാട്ട് വൈദ്യുതി, നാല്പതിനായിരം ഏക്കറില്‍ വെള്ളം, മൂവായിരം പേര്‍ക്ക് തൊഴില്‍'- 1975 ഫെബ്രുവരിയില്‍ കേന്ദ്ര പ്ലാനിങ് കമ്മീഷന്‍ സൈലന്റ് വാലിയില്‍ കുന്തിപ്പുഴയ്ക്കു കുറുകേ അണകെട്ടാന്‍ അനുമതി നല്കുമ്പോള്‍ കേരളത്തിന്റെ ഭരണാധികാരികള്‍ക്ക് ജനങ്ങള്‍ക്ക് നല്കാനുണ്ടായിരുന്ന വാഗ്ദാനം ഇതായിരുന്നു. കേരളസംസ്ഥാന വൈദ്യുതിബോര്‍ഡിനായിരുന്നു പദ്ധതി നടപ്പാക്കാനുള്ള ചുമതല. കുന്തിപ്പുഴയ്ക്കു കുറുകേ അണ കെട്ടി ജലവൈദ്യുതപദ്ധതി നടപ്പാക്കാന്‍ 1919-ല്‍ പ്രാഥമിക അന്വേഷണം നടന്നിരുന്നു. അന്വേഷണം അണ കെട്ടുന്നതിന് അനുകൂലമായിരുന്നതുകൊണ്ട് പദ്ധതി നടപ്പാക്കാന്‍ ബ്രിട്ടീഷ് സര്‍ക്കാര്‍ തീരുമാനിച്ചു. പക്ഷേ, 1921-ലെ മലബാര്‍കലാപത്തില്‍ അരിശംപൂണ്ട അവര്‍ പദ്ധതി ഉപേക്ഷിക്കുകയാണുണ്ടായത്. 1949-ല്‍ വീണ്ടും പഠനം ആരംഭിച്ച മദിരാശി സര്‍ക്കാര്‍ 12 ലക്ഷം രൂപ ചെലവില്‍ പദ്ധതി നടപ്പിലാക്കാന്‍ തീരുമാനിച്ചു. പിന്നീടുണ്ടായ ഭാഷാസ്‌റ്റേറ്റുകളുടെ പുനര്‍നിര്‍ണയം നിമിത്തം പദ്ധതി ഉപേക്ഷിച്ചു. 1958-ലാണ് പദ്ധതി നടപ്പാക്കാനുള്ള സാങ്കേതികാന്വേഷണത്തിലേക്ക് വീണ്ടും തിരിയുന്നത്. അതായത്, ഐക്യകേരളം രൂപംകൊണ്ട് ഒരു വര്‍ഷം കഴിഞ്ഞ്. എന്നാല്‍, രാഷ്ട്രീയസമ്മര്‍ദങ്ങളാല്‍ കുറ്റ്യാടിപദ്ധതിക്ക് മുന്‍ഗണന നല്കുകയും സൈലന്റ് വാലി ഉപേക്ഷിക്കുകയും ചെയ്തു.
ഒരു പതിറ്റാണ്ടിനു ശേഷം എഴുപതുകളുടെ തുടക്കത്തിലാണ് കേരളസംസ്ഥാന വിദ്യുച്ഛക്തി ബോര്‍ഡ് ഗൗരവമായി വീണ്ടും പദ്ധതിയുമായി വന്നത്. അതിനവര്‍ പറഞ്ഞിരുന്നത് പ്രധാനമായും കേരളത്തിന്റെ വൈദ്യുതിപ്രതിസന്ധിയാണ്. പ്രത്യേകിച്ച്, മലബാര്‍മേഖലയില്‍ അനുഭവപ്പെട്ടിരുന്ന രൂക്ഷമായ വൈദ്യുതി ക്ഷാമം. പദ്ധതി നടന്നാല്‍ കേരളത്തിന്റെ വൈദ്യുതിമേഖലയില്‍ നേരിട്ടു ലഭിക്കുമായിരുന്ന പ്രയോജനങ്ങള്‍ ഇങ്ങനെയാണ് 1. പ്രതിവര്‍ഷം കേരളഗ്രിഡിലേക്ക് 522 മെഗായൂണിറ്റ് വൈദ്യുതി അധികമായെത്തും. നാലു യൂണിറ്റുകളിലേക്കായി (യൂണിറ്റ്=ജനറേറ്റര്‍) 60 മെഗാവാട്‌സ് വീതം 240 മെഗാവാട്‌സ് വൈദ്യുതി. 2. പദ്ധതി പൂര്‍ത്തിയാകുമ്പോള്‍ 10,000 ഹെക്ടര്‍ ഭൂമിയില്‍ കൃഷിക്കായി ജലം ലഭിക്കും.
വൈദ്യുതിവകുപ്പ് ഈ പദ്ധതിയുടെ മെച്ചങ്ങള്‍ നിരത്തിയത് ഇങ്ങനെ:
1. ഉത്തരകേരളത്തിന്റെ വൈദ്യുതിക്കമ്മി പരിഹരിക്കാന്‍ പര്യാപ്തം
2. പദ്ധതിപ്രദേശത്തിന്റെ പ്രത്യേകതകൊണ്ട് കേരളത്തില്‍ എല്ലായിടത്തും ഒരേപോലെ വൈദ്യുതി
എത്തിക്കാന്‍ സൗകര്യം.
3. ജലദൗര്‍ലഭ്യം നേരിടുന്ന 25,000 ഹെക്ടര്‍ ഭൂമിയില്‍ കൃഷിക്കായി വെള്ളമെത്തിക്കാന്‍ കഴിയും.
4. വൈദ്യുതോത്പാദനത്തിന് ധാരാളം വെള്ളം.
5. ചുരുങ്ങിയ ചെലവില്‍ വൈദ്യുതി.
വൈദ്യുതിവകുപ്പിന്റെ സ്വപ്‌നപദ്ധതി
സൈലന്റ് വാലിയുടെ ഹൃദയത്തിലൂടെ വടക്കുതെക്ക് ദിശയിലായി ഒഴുകുന്ന കുന്തിപ്പുഴ 2,400 മീറ്റര്‍ മുകളിലായി നീലഗിരിപീഠഭൂമിക്കു മുകളില്‍നിന്നായി ഒഴുകാന്‍ തുടങ്ങുന്നു. പീഠഭൂമിയുടെ വടക്കേയറ്റത്തെത്തി 1,150 മീറ്റര്‍ താഴേക്ക് അതിവേഗത്തിലാണ് കുതിക്കുന്നത്. മലയിടുക്കുകളിലൂടെ പതിനഞ്ചു കിലോമീറ്റര്‍ സഞ്ചരിച്ചശേഷം പീഠഭൂമിയുടെ തെക്കുഭാഗത്തുകൂടി മണ്ണാര്‍ക്കാട് നിരപ്പിലേക്കെത്തുന്നു. ഒരു വര്‍ഷം ആ പ്രദേശത്ത് പെയ്യുന്ന 4,300 മില്ലീമീറ്റര്‍ മഴവെള്ളം ഏറ്റെടുത്ത് ഒഴുകുന്ന കുന്തിപ്പുഴ 293 മില്യന്‍ ക്യുബിക് മീറ്റര്‍ വെള്ളമാണ് താഴെ ഭാരതപ്പുഴയിലെത്തിക്കുന്നത്. കുന്തിപ്പുഴയ്ക്കു കുറുകേ അണക്കെട്ട് എന്ന വൈദ്യുതി ബോര്‍ഡിന്റെ സ്വപ്‌നം ചിറകുമുളച്ചത് ഒരുപക്ഷേ കുന്തിപ്പുഴയിലെ ഈ കനത്ത ജലസമൃദ്ധി കണ്ടിട്ടാവാം. സൈലന്റ് വാലിയുടെ തെക്കുപടിഞ്ഞാറ് കുന്തിപ്പുഴയ്ക്കു കുറുകേ അണക്കെട്ട് നിര്‍മിക്കാനുള്ള പദ്ധതി അന്ന് വൈദ്യുതിവകുപ്പിനെ സംബന്ധിച്ച് ഒരു സ്വപ്‌നപദ്ധതിയായിരുന്നു എന്നു പറയാം. പദ്ധതിയില്‍ ഉള്‍പ്പെട്ടിരുന്ന കാര്യങ്ങള്‍ ഇവയാണ്:
1. കുന്തിപ്പുഴയ്ക്കു കുറുകേ 131 മീറ്റര്‍ ഉയരവും 430 മീറ്റര്‍ നീളവുമുള്ള ആര്‍ച്ച് ഡാം.
2. 830 ഹെക്ടര്‍ വനത്തില്‍ 317 ക്യുബിക് മീറ്റര്‍ വെള്ളം തടഞ്ഞുനിര്‍ത്താന്‍ കഴിയുന്ന ഒരു റിസര്‍വോയര്‍.
3. ഏറ്റവും അടുത്തുള്ള രണ്ടു പവര്‍ഹൗസുകളിലേക്ക് 2,355 മീറ്റര്‍ ദൈര്‍ഘ്യത്തില്‍ രണ്ടു പെന്‍സ്‌റ്റോക് പൈപ്പുകള്‍, 259.08 മീറ്റര്‍ നീളമുള്ള പ്രഷര്‍ പൈപ്പ് ലൈന്‍, 4267.2 മീറ്റര്‍ നീളത്തില്‍ പവര്‍ടണല്‍ ഇതെല്ലാം ഉള്‍പ്പെടുന്ന വാട്ടര്‍കണ്ടക്ടര്‍ സിസ്റ്റം.
4. ഡാം സൈറ്റിന് പത്തു കിലോമീറ്റര്‍ തത്തമംഗലത്ത് കല്ലന്‍പട്ടിയുടെ കരയില്‍ ഒരു പവര്‍ഹൗസ്.
ഇങ്ങനെ ബൃഹത്തായ ഒരു പദ്ധതിയും തുടര്‍പദ്ധതികളുമാണ് വൈദ്യുതിബോര്‍ഡ് വിഭാവനം ചെയ്തത്. പതിനേഴു കോടി രൂപാ ചെലവില്‍ 120 മെഗാവാട്ട് സ്ഥാപിതശേഷിയുള്ള 56 മെഗാവാട്ട് വൈദ്യുതി ഉത്പാദിപ്പിക്കാന്‍ കഴിയുന്ന ഒരു പദ്ധതി 1965-ല്‍ വൈദ്യുതിബോര്‍ഡ് സെന്‍ട്രല്‍ വാട്ടര്‍ ആന്‍ഡ് പവര്‍ കമ്മീഷന്റെ മുന്‍പാകെ സമര്‍പ്പിച്ചിരുന്നു. 1973-ല്‍ ഇതേ പദ്ധതി 24.88 കോടി രൂപയ്ക്ക് പുതുക്കി ആസൂത്രണക്കമ്മീഷനു മുന്‍പാകെ അവതരിപ്പിക്കുകയായിരുന്നു. ആസൂത്രണബോര്‍ഡ് കേരളത്തിന്റെ നിര്‍ദേശം അംഗീകരിച്ചു. 1973 ഏപ്രില്‍ രണ്ടിന് ലോക്‌സഭയില്‍ ജലസേചന- വിദ്യുച്ഛക്തി ഉപമന്ത്രി, പാര്‍ലമെന്റ് അംഗമായിരുന്ന വയലാര്‍ രവിയുടെ ചോദ്യങ്ങള്‍ക്ക് മറുപടിയായിട്ടാണ് സൈലന്റ് വാലി ഉള്‍പ്പെടെ കേരളത്തിന് ആറു വന്‍കിടപദ്ധതികളും ചെറുകിട സ്‌കീമുകളും പ്രഖ്യാപിച്ചത്. 1971-81 കാലത്തേക്ക് രാജ്യത്തിനാകെയുള്ള ജലവിദ്യുച്ഛക്തി പരിപാടിയില്‍ കേരളത്തിന് മൊത്തം 1,285 മെഗാവാട്ട് വൈദ്യുതി ഉത്പാദിപ്പിക്കാനുള്ള പദ്ധതികളാണ് പ്രഖ്യാപിച്ചത്. ഇടുക്കി (320 മെഗാവാട്ട്), ഇടുക്കി എക്സ്റ്റന്‍ഷന്‍ (320 മെഗാവാട്ട്), സൈലന്റ് വാലി (120 മെഗാവാട്ട്), കുറ്റ്യാടി (75 മെഗാവാട്ട്), ലോവര്‍പെരിയാര്‍ (140 മെഗാവാട്ട്), പെരിങ്ങല്‍കുത്ത് (140 മെഗാവാട്ട്), ചെറുകിട സ്‌കീമുകള്‍ (30 മെഗാവാട്ട്) എന്നിവയായിരുന്നു ആ പദ്ധതിയില്‍പ്പെട്ടിരുന്ന കേരളാപദ്ധതികള്‍. ഇതില്‍ കുറ്റ്യാടിയില്‍ ഉത്പാദനം അതിനോടകം ആരംഭിച്ചുകഴിഞ്ഞിരുന്നു. ഇടുക്കിപദ്ധതിയുടെ പണി നടന്നുകൊണ്ടിരുന്നു. ഇടുക്കി എക്സ്റ്റന്‍ഷന്‍ പദ്ധതി ജലസേചന- വിദ്യുച്ഛക്തി ഉപദേശകസമിതി അംഗീകരിച്ചുകഴിഞ്ഞിരുന്നു. ഈ പദ്ധതികളില്‍ പുതിയത് എന്നു പറയാവുന്നതായിരുന്നു സൈലന്റ് വാലി. അന്നു രാജ്യത്ത് നിലനിന്ന രാഷ്ട്രീയ അരക്ഷിതാവസ്ഥയും സാമ്പത്തികപ്രതിസന്ധിയുമെല്ലാം ചേര്‍ന്ന് സൈലന്റ് വാലിപദ്ധതിയെ വൈകിപ്പിച്ചു. വൈദ്യുതിവകുപ്പ് മൂന്നു വര്‍ഷത്തിനുശേഷം പദ്ധതി വീണ്ടും പുതുക്കി. അവസാനം
മുന്നോട്ടുവെച്ച നിര്‍ദേശത്തില്‍ പദ്ധതിച്ചെലവ് 24.88 കോടിയില്‍നിന്ന് 58 കോടിയായി. 1973-ല്‍ പദ്ധതി ഗസറ്റില്‍ വിജ്ഞാപനം ചെയ്തു. എതിര്‍പ്പുകള്‍ ഒന്നുമില്ലെന്നു കണ്ട് ആ വര്‍ഷംതന്നെ പണി ആരംഭിച്ചു. വനത്തിനുള്ളിലേക്ക് റോഡ് വെട്ടി. ഇലക്ട്രിസിറ്റി ബോര്‍ഡിന്റെ താത്കാലിക പ്രവര്‍ത്തനകേന്ദ്രവും പ്രാഥമികനിര്‍മാണത്തിനാവശ്യമായ ഷെഡ്ഡുകളും അവിടെ ഉയര്‍ന്നു.
1975-ല്‍ ഇടുക്കിപദ്ധതിയുടെ പ്രവര്‍ത്തനം പൂര്‍ത്തിയാക്കുവാന്‍ സാമ്പത്തികവിഷമം നേരിട്ടപ്പോള്‍ ഇതിന്റെ പ്രവര്‍ത്തനത്തിനായി മാറ്റിവെച്ച തുക വകമാറ്റി ഇടുക്കിപദ്ധതിക്കായി ചെലവഴിച്ചു. അങ്ങനെ സൈലന്റ് വാലിപദ്ധതി താത്കാലികമായി നിര്‍ത്തിവെച്ചു. 1976-ല്‍ വീണ്ടും പ്രവര്‍ത്തനം ആരംഭിച്ചെങ്കിലും നിര്‍മാണപ്രവര്‍ത്തനം വളരെ മന്ദഗതിയിലായിരുന്നു. അതുവരേക്കും രണ്ടരക്കോടി രൂപയാണ് പദ്ധതിനിര്‍മാണത്തിനായി ചെലവഴിച്ചത്.
കേരളത്തിന്റെ വടക്കന്‍ജില്ലകള്‍ വൈദ്യുതിയുടെ കാര്യത്തില്‍ അനുഭവിക്കുന്ന കമ്മി അടുത്തനാള്‍വരെ ഗൗരവമേറിയ ചര്‍ച്ചകള്‍ക്കു കാരണമായിരുന്നു. മലബാറിന്റെ വൈദ്യുതിക്കമ്മിക്കൊരു പരിഹാരമാകുമെന്ന വൈദ്യുതിബോര്‍ഡിന്റെ കണക്കുകൂട്ടലുകളുടെ അടിസ്ഥാനത്തിലാണ് സൈലന്റ് വാലി ചിത്രത്തിലേക്ക് വരുന്നത്. മലബാറിന്റെ വൈദുതിക്കമ്മിയും അതുവഴി മലബാറിന്റെ അടഞ്ഞുപോയ വികസനവും വ്യാപകമായി ചര്‍ച്ചയ്ക്കു വഴിതുറക്കുകയായിരുന്നു സൈലന്റ് വാലി പദ്ധതിയിലൂടെ.
അണക്കെട്ടുവികസനം
അണക്കെട്ടുകളും ജലവൈദ്യുതിപദ്ധതികളും വ്യാപകമായ പഠനങ്ങള്‍ക്കും വിമര്‍ശനങ്ങള്‍ക്കും വിധേയമായ നാളുകളായിരുന്നു എഴുപതുകള്‍. ലോകവ്യാപകമായി അണക്കെട്ടുകള്‍ക്കെതിരേ പ്രതിഷേധങ്ങള്‍ അക്കാലത്ത് ഉയര്‍ന്നു. അണക്കെട്ടുകള്‍ സൃഷ്ടിക്കുന്ന പാരിസ്ഥിതികദുരന്തങ്ങളും നഷ്ടങ്ങളും വ്യാപകമായി പഠിക്കപ്പെട്ടു. അണക്കെട്ടുകള്‍ സൃഷ്ടിക്കുന്ന പാരിസ്ഥിതികദുരന്തങ്ങളെ പല രാജ്യങ്ങളും ഗൗരവമുള്ള വിഷയമായിട്ടാണ് പരിഗണിച്ചുപോന്നിരുന്നത്. അമേരിക്കയില്‍ ടെന്നസ്സി നദിക്കു കുറുകേ ഉയര്‍ത്താന്‍ രൂപകല്പന ചെയ്ത ടെല്ലിക്കാ എന്ന അണക്കെട്ട് പാരിസ്ഥിതികപ്രശ്‌നങ്ങളെ മുന്‍നിര്‍ത്തി ഉപേക്ഷിക്കുകയുണ്ടായി. വടക്കന്‍ കാനഡയില്‍ നഹാന്നി നദിക്കു കുറുകേ തീര്‍ക്കാന്‍ തീരുമാനിച്ച അണക്കെട്ടും അരിസോണയില്‍ കൊളറാഡോ നദിക്കു കുറുകെ ഉയര്‍ത്താന്‍ തീരുമാനിച്ച അണക്കെട്ടും പാരിസ്ഥിതികമായ ദുരന്തങ്ങള്‍ക്ക് കാരണമാകും എന്ന കാരണത്താല്‍ ഉപേക്ഷിച്ചവയാണ്.
ഇന്ത്യയിലും അത്തരം ചില പഠനങ്ങള്‍ അക്കാലത്തുണ്ടായി. തെഹ്‌രി അണക്കെട്ടുമായി ഉയര്‍ന്നുവന്ന വിവാദങ്ങളാണ് ഇന്ത്യയില്‍ പ്രധാനമായും അത്തരമൊരു പഠനസാഹചര്യം സൃഷ്ടിച്ചത്.
1967ലെ കൊയ്‌നാനഗറിലുണ്ടായ ഭൂചലനവും ആ ഭൂചലനം കൊയ്‌ന അണക്കെട്ടിനേല്പിച്ച ആഘാതവും അണക്കെട്ടുകളെ ഭീതിയോടെ കാണാന്‍ പൊതുസമൂഹത്തെ ഒരളവുവരെ പ്രേരിപ്പിച്ചു. 1967 ഡിസംബര്‍ പതിനൊന്നിനാണ് ലോകത്തെ നടുക്കിയ ആ ഭൂചലനമുണ്ടായത്. ഭൂചലനത്തില്‍ കൊയ്‌ന അണക്കെട്ട് തകര്‍ന്നു. 180 മനുഷ്യജീവിതങ്ങളെ ആ ദുരന്തം കവര്‍ന്നെടുക്കുകയും ആയിരത്തിയഞ്ഞൂറോളം പേര്‍ക്ക് അംഗഭംഗം സംഭവിക്കുകയും ചെയ്തു.
അണക്കെട്ടുകളുടെ സാമ്പത്തികശാസ്ത്രവും അതുമായി ബന്ധപ്പെട്ട പഠനങ്ങളും പാരിസ്ഥിതിക ആഘാതപഠനങ്ങള്‍ക്കൊപ്പം അക്കാലത്ത് മറ്റൊരു ദിശയില്‍ നടന്നിരുന്നു. ഏതൊരു പദ്ധതിയും അംഗീകരിക്കുന്നതിനു മുന്‍പ് അത് സാമ്പത്തികമായി ലാഭകരമാണോ എന്നു നോക്കാറുണ്ട്. പദ്ധതിലാഭവും ചെലവും തമ്മിലുള്ള അനുപാതം 1:5- ല്‍ കൂടുതലാണെങ്കില്‍ മാത്രമേ പദ്ധതി അംഗീകരിക്കാന്‍ പാടുള്ളൂ (1980-ലെ കണക്കുപ്രകാരം). എഴുപതുകളില്‍ നിര്‍മാണം ആരംഭിച്ചതും പൂര്‍ത്തിയാക്കപ്പെട്ടതുമായ അണക്കെട്ടുകളുടെ കണക്കെടുത്താല്‍ നിര്‍മാണം ആരംഭിച്ചപ്പോള്‍ വകയിരുത്തിയ തുകയാകില്ല പദ്ധതി അവസാനിക്കുമ്പോള്‍ ചെലവാകുന്നത്. കണക്കുകളിലെ കളികളിലൂടെ പദ്ധതിച്ചെലവിന്റെ അനുപാതം 1:5 എന്ന രീതിയിലാക്കി ആസൂത്രണക്കമ്മീഷന്റെ അംഗീകാരവും നേടിയെടുത്ത് പദ്ധതി പണി തുടങ്ങുമ്പോള്‍ ചെലവ് വര്‍ധിക്കുന്ന രീതിയാണ് എഴുപതുകളില്‍ ആരംഭിച്ച പദ്ധതികളില്‍ പൊതുവേ
കണ്ടത്. ഇന്ത്യയില്‍ അണക്കെട്ടുകളുടെ നിര്‍മാണച്ചെലവ് ഏറ്റവും കൂടുതല്‍ ഉയര്‍ന്നുകണ്ടത് തെഹ്‌രി അണക്കെട്ടിന്റെ നിര്‍മാണത്തിലാണ്. 1978-ല്‍ തെഹ്‌രി അണക്കെട്ടിന്റെ പണി തുടങ്ങാറായപ്പോള്‍ നിര്‍മാണച്ചെലവ് 350 ശതമാനം കണ്ട് വര്‍ധിച്ചു.
പുനരധിവാസച്ചെലവുള്‍പ്പെടെ ഗൗരവമേറിയ ചെലവുകളെ കുറച്ചു കാണിച്ചുകൊണ്ടാണ് പലപ്പോഴും ആദ്യ പ്രോജക്ടില്‍ തുക വകയിരുത്തുന്നത്. അണക്കെട്ടിന്റെ നേട്ടവും ചെലവും തമ്മിലുള്ള അനുപാതം കൂട്ടാന്‍ അണക്കെട്ടിന്റെ ആയുസ്സ് കൂട്ടിപ്പറയുന്നതും മറ്റൊരു തന്ത്രമാണ്.
അണക്കെട്ടുകള്‍ സൃഷ്ടിക്കുന്ന പരിസ്ഥിതിപ്രത്യാഘാതങ്ങള്‍പോലെത്തന്നെ അണക്കെട്ടുപ്രദേശങ്ങളില്‍ അധിവസിക്കുന്ന ജനവിഭാഗത്തെ, അവരുടെ ജീവിതത്തെ അണക്കെട്ടുകള്‍ എങ്ങനെ ബാധിക്കുമെന്ന ചര്‍ച്ചകള്‍ അണക്കെട്ടുപഠനങ്ങളില്‍ പ്രധാന വിഷയമായിരുന്നു. ഇന്ത്യയില്‍ സുപ്രധാനമായ പല അണക്കെട്ടുകളുടെയും നിര്‍മാണകാലത്ത് പദ്ധതിപ്രദേശങ്ങളില്‍ അധിവസിക്കുന്ന ജനവിഭാഗത്തെ കുടിയൊഴിപ്പിക്കേണ്ടിവന്നത് പഠനങ്ങളിലൂടെ പുറത്തുവന്നതും ഇത്തരം പഠനങ്ങള്‍ക്കും ചര്‍ച്ചകള്‍ക്കും പുതിയ മാനങ്ങള്‍ നല്കി. രാജ്യത്താകമാനം അണക്കെട്ടുനിര്‍മാണങ്ങള്‍ക്ക് എതിരേ പ്രതിഷേധത്തിന്റെ അലകള്‍ ഉയരാന്‍കൂടി ഇത്തരം ചര്‍ച്ചകളും പഠനങ്ങളും കാരണമായി എന്നതാണ് വസ്തുത. അണക്കെട്ടുനിര്‍മാണത്തിന്റെ ഭാഗമായി കുടിയൊഴിപ്പിക്കപ്പെട്ടവരില്‍ ഭൂരിഭാഗവും ആദിവാസികളും ദുര്‍ബല ജനവിഭാഗങ്ങളും ആയിരുന്നുവെന്നത് മറ്റൊരു പ്രധാന സാമൂഹികപ്രശ്‌നമായിരുന്നു. ഭക്ര അണക്കെട്ടിന്റെ നിര്‍മാണം ഏതാണ്ട് പതിനായിരം പേരെയാണ് ബാധിച്ചത്. ഹിമാചല്‍പ്രദേശിലെ പോങ് അണക്കെട്ടുനിര്‍മാണം 80,000 പേരെയും ഉകായ് അണക്കെട്ട് 52,000 പേരെയും ബാധിച്ചു. ശ്രീശൈലം അണക്കെട്ടുനിര്‍മാണം 1,00,000 പേരെയും ഉത്തര്‍പ്രദേശിലെ തെഹ്‌രി അണക്കെട്ട് 70,000 പേരെയും ബാധിച്ചു. ഇന്ദ്രാവതി അണക്കെട്ട് 40,000 പേരെ ബാധിച്ചെങ്കില്‍ ആന്ധ്ര ഇന്‍ചംപള്ളി അണക്കെട്ടുനിര്‍മാണം രണ്ടുലക്ഷം പേരുടെ ജീവിതത്തെ പ്രത്യക്ഷമായും പരോക്ഷമായും ബാധിച്ചതായും പഠനങ്ങള്‍ പുറത്തുകൊണ്ടുവന്നു. കേരളത്തിലെ മൂന്നാര്‍ ഹൈഡാം നിര്‍മാണത്തില്‍ 25,000 പേരെയാണ് ഒഴിപ്പിക്കേണ്ടിവന്നത്. കാളിപദ്ധതിക്കായി നാല്പത്തിനാലു ഗ്രാമങ്ങള്‍ ഒഴിപ്പിക്കേണ്ടിവന്നപ്പോള്‍ ബെഡ്ടി അണക്കെട്ടിന് എണ്‍പത്തിനാലു ഗ്രാമങ്ങളും, ആഖനാശിനിയില്‍ നൂറ്റിമുപ്പതു ഗ്രാമങ്ങളും, പോലവാരത്ത് ഇരുനൂറ്റിയന്‍പതു ഗ്രാമങ്ങളും, സര്‍ദാര്‍ സരോവറില്‍ പത്തൊന്‍പതു ഗ്രാമങ്ങളും ഒഴിപ്പിക്കേണ്ടിവന്നു. പദ്ധതിപ്രദേശങ്ങളില്‍നിന്ന് കുടിയൊഴിപ്പിക്കേണ്ടിവരുന്നവരുടെ ജീവിതാവസ്ഥകളും അക്കാലത്ത് ഗൗരവമേറിയ ചര്‍ച്ചകള്‍ക്കു വഴിതുറന്നു. ഹിമാചല്‍പ്രദേശിലെ പോങ്ങില്‍നിന്ന് അണക്കെട്ടുനിര്‍മാണത്തിന്റെ പേരില്‍ കുടിയൊഴിപ്പിക്കേണ്ടിവന്നവരെ മാറ്റിപ്പാര്‍പ്പിച്ചത് രാജസ്ഥാന്‍ സമതലങ്ങളിലായിരുന്നു എന്ന വിമര്‍ശനം വലിയ രാഷ്ട്രീയവിവാദങ്ങള്‍ക്കുതന്നെ അന്നു കാരണമായി.
അലയടിച്ച പ്രതിഷേധങ്ങള്‍
കുടിയൊഴിപ്പിക്കലുകളുടെയും പരിസ്ഥിതിനാശത്തിന്റെയും പ്രശ്‌നങ്ങള്‍ ഉയര്‍ത്തിക്കാണിച്ച് വലിയ തോതിലുള്ള പ്രതിഷേധങ്ങള്‍ എഴുപതുകളുടെ അവസാനവും എണ്‍പതുകളിലും ഇന്ത്യയൊട്ടാകെയും അലയടിക്കുകയുണ്ടായി. അതില്‍ ലോകശ്രദ്ധ പിടിച്ചുപറ്റിയ പ്രക്ഷോഭം എണ്‍പതുകളിലും തൊണ്ണൂറുകളിലും സര്‍ദാര്‍സരോവര്‍ പദ്ധതിക്കെതിരേ നടന്ന സമരമാണ്. ചരിത്രത്തില്‍ മറ്റനേകം സമരങ്ങള്‍ നടന്നിട്ടുണ്ടെങ്കിലും സര്‍ദാര്‍സരോവര്‍ പദ്ധതിക്കെതിരായ സമരംപോലെ ഒന്ന് ലോകശ്രദ്ധയിലേക്ക് കടന്നുവന്നിട്ടില്ല. ഉത്തരാഖണ്ഡിലെ ഭാഗീരഥിനദിയെ തടഞ്ഞുനിര്‍ത്തി ഉയര്‍ത്തിയ തെഹ്‌രി അണക്കെട്ടിനെതിരേ കടുത്ത എതിര്‍പ്പാണ് ഉയര്‍ന്നത്. അണക്കെട്ടിന്റെ ആദ്യത്തെ പ്രോജക്ട് റിപ്പോര്‍ട്ടില്‍ത്തന്നെ ഭൂമികുലുക്കത്തിന് അണക്കെട്ട് കാരണമാകുമെന്ന പരാമര്‍ശം പുറത്തുവന്നപ്പോഴേ എതിര്‍പ്പ് ആരംഭിച്ചു. ഇരുപത്തിനാലു ഗ്രാമങ്ങളടക്കം 30,000 ഏക്കര്‍ വനഭൂമി വെള്ളത്തിനടിയിലാകും എന്ന ആശങ്ക ആ പ്രദേശത്തെ ജനസമൂഹത്തെ പ്രക്ഷോഭത്തിലേക്ക് തള്ളിവിടുകയായിരുന്നു.
ആന്ധ്രാപ്രദേശ്, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളുടെ സംയോജിത അണക്കെട്ടായ ഇന്‍ചംപള്ളി വിവാദമായത് വ്യാപകമായ കുടിയൊഴിപ്പിക്കലിന്റെയും വനനശീകരണത്തിന്റെയും പശ്ചാത്തലത്തിലായിരുന്നു. ഒരു ലക്ഷം ഹെക്ടര്‍ ഭൂമി വെള്ളത്തിനടിയിലാകുകയും നൂറ്റിനാല്പത്താറു ഗ്രാമങ്ങളെ കുടിയൊഴിപ്പിക്കുകയും രണ്ടു ലക്ഷത്തോളം ആദിവാസികള്‍ അവരുടെ ഭൂമി ഉപേക്ഷിച്ചുപോകുകയും ചെയ്യേണ്ടിവരുമെന്ന ഭീതിയാണ് ജനങ്ങളെ പ്രക്ഷോഭത്തിലേക്ക് തള്ളിവിട്ടത്. വിദര്‍ഭയിലെ അന്‍പതിനായിരം ഹെക്ടര്‍ വനഭൂമിയും വെള്ളത്തിനടിയിലാകുമെന്ന മറ്റൊരു വശവും ആ പ്രക്ഷോഭത്തിന് ഇന്ധനമായി. ജംഗിള്‍ ബചാവോ, മാനവ് ബചാവോ എന്നീ സംഘടനകളായിരുന്നു പ്രക്ഷോഭം നയിച്ചത്.
കേരളത്തില്‍ മൂന്നാറിലെ മുതിരപ്പുഴയ്ക്കു കുറുകേ പണിത കുണ്ടള ഡാമിനെതിരേയുണ്ടായ പ്രക്ഷോഭവും പ്രധാനമായും കുടിയൊഴിക്കലിനെതിരേ ഉയര്‍ന്ന സമരമായിരുന്നു. മൂന്നാര്‍ സംരക്ഷണസമിതിയാണ് അന്ന് പ്രക്ഷോഭങ്ങള്‍ സംഘടിപ്പിച്ചത്. ഡാം പണിത സ്ഥലത്തുനിന്ന് കുടിയൊഴിപ്പിക്കേണ്ടിവന്ന തോട്ടം തൊഴിലാളികളും ആദിവാസികളും ഉള്‍പ്പെടെ കാല്‍ലക്ഷത്തോളം പേരുടെ എതിര്‍പ്പായിരുന്നു പ്രക്ഷോഭത്തിന് ആധാരമായി ഉയര്‍ന്നുവന്ന പ്രധാന കാരണം.
കേരളത്തില്‍ റിസര്‍വോയറുകളും ഡാമുകളുമായി ഇരുപത്തിയൊന്നെണ്ണമുണ്ട്. ബാണാസുരസാഗര്‍ഡാം, മലമ്പുഴ, ചാലക്കുടി, പീച്ചി, വാഴാനി, മംഗലം, മാട്ടുപ്പെട്ടി, കുണ്ടള, പറമ്പിക്കുളം, പോത്തുണ്ടി, വാളയാര്‍, ഇടുക്കി, മുല്ലപ്പെരിയാര്‍, മലങ്കര, നെയ്യാര്‍, ശിരുവാണി, മീങ്കര, കാഞ്ഞിരപ്പുഴ, ചുള്ളിയാര്‍,
ജീവന, അസുരന്‍കുണ്ട് എന്നിങ്ങനെ ഇരുപത്തിയൊന്ന് ഡാമുകള്‍. പശ്ചിമഘട്ടമലനിരകളില്‍ സ്ഥിതിചെയ്യുന്ന ഈ ഡാമുകള്‍ക്ക് കേരളത്തിന്റെ കാര്‍ഷിക- ഊര്‍ജ മേഖലകളില്‍ വലിയ പ്രാധാന്യമുണ്ട്. അതേസമയം പശ്ചിമഘട്ടത്തിന്റെ പരിസ്ഥിതിക്ക് സാരമായ പോറലുകള്‍ ഏല്പിച്ചുകൊണ്ടാണ് ഇത് ഉയര്‍ന്നിരിക്കുന്നത്. സൈലന്റ് വാലി ഹൈഡാം എന്നത് യാഥാര്‍ഥ്യമായിരുന്നെങ്കില്‍ ഈ പട്ടികയില്‍ ഒന്നാകുമായിരുന്നു. പക്ഷേ, കേരളത്തിലെ പരിസ്ഥിതിപ്രവര്‍ത്തകരുടെ ജാഗ്രതയും ശാസ്ത്രസമൂഹത്തിന്റെ സന്ദര്‍ഭോചിത ഇടപെടലുംകൊണ്ട് പശ്ചിമഘട്ടത്തിന്റെ ജൈവസമ്പത്തില്‍ പ്രധാന ഭാഗം രക്ഷപ്പെടുകയായിരുന്നു എന്നു രേഖപ്പെടുത്താവുന്നതാണ്.