കുറ്റവാളിയായ ആ പരിചയക്കാരന് നല്കിയ ആലിംഗനം കണ്ട്, സ്‌നേഹം കണ്ട് ജയില്‍ രോമാഞ്ചംകൊണ്ടു


കല്‍പ്പറ്റ നാരായണന്‍'ഞാനെന്റെ പനിനീര്‍പ്പൂന്തോട്ടത്തിന്റെ നടുക്ക് ചുമ്മാ നില്ക്കും. ചുറ്റും വിടര്‍ന്ന് സൗരഭ്യം പരത്തുന്ന പുഷ്പങ്ങള്‍. സൗന്ദര്യമുണ്ട്. മണവുമുണ്ട്. പക്ഷേ, എന്തോ ഒന്നില്ല. ആരുടെയോ എന്തിന്റെയോ അഭാവം.' ആ അഭാവമായിരുന്നു അവള്‍. പുറംലോകത്തിലെ സ്‌നേഹിക്കപ്പെടുന്ന, സകല സൗഭാഗ്യങ്ങളുമുള്ള ഒരു സ്വതന്ത്രസ്ത്രീക്ക് കിട്ടുമോ ഈ പദവി? 'അവള്‍ അഭാവംകൊണ്ട് ലോകത്തെ മുഴുവന്‍ ഒരു വന്‍ ജയിലാക്കുന്നു'

മതിലുകൾ സിനിമയിൽ നിന്നും

റ്റവും ദുഷ്‌കരമായ പ്രവൃത്തി ഒരു മടിയനെ ഏല്പിക്കൂ, അയാളതെളുപ്പത്തില്‍ ചെയ്തു തീര്‍ക്കും എന്ന രസികന്‍ വാക്യം ഓര്‍മയില്‍ വന്നപ്പോഴൊക്കെ ബഷീറും ഓര്‍മയില്‍ വന്നു. പ്രത്യേകിച്ചും ബഷീറിന്റെ മതിലുകള്‍ എന്ന നാല്പതോളം പേജുകള്‍ മാത്രമുള്ള വലിയ നോവല്‍. നോവല്‍ ഒരു പരിഹാരമാണെങ്കില്‍ ഇത്ര എളുപ്പത്തില്‍ ഒരു പ്രഹേളികയും പരിഹരിക്കപ്പെട്ടിട്ടില്ല മലയാളത്തില്‍ എന്നും തോന്നി. വളരെക്കൂടുതല്‍ ഏടുകള്‍ വായിച്ചുകഴിഞ്ഞു എന്നു തോന്നിക്കുന്ന ഇത്രയും കുറച്ചേടുകള്‍ ലോകസാഹിത്യത്തില്‍ വിരളമായേ ഞാന്‍ വായിച്ചിട്ടുള്ളൂ. ഒരു പനിനീര്‍ക്കമ്പിനെ ഭുവനത്തിലെ മുഴുവന്‍ പനിനീര്‍ക്കമ്പുകളുമായി കണക്കാക്കിക്കൊള്ളാന്‍ കാമുകിയോടു പറയുന്ന ആ നോവലിലെ നായകന്‍, നോവലിന്റെ ആ തീരാത്ത പാരായണക്ഷമത സൂചിപ്പിക്കുന്നുമുണ്ട്. അസ്വതന്ത്രഭാരതത്തില്‍നിന്ന് സ്വതന്ത്രഭാരതത്തിലേക്കുള്ള പരിണാമം, അതിനായിപ്പോരാടിയ ഭാവനാശാലിയായ ഒരു ഭടനറിയാം, എത്ര വികലമായ ഒരു സാക്ഷാത്ക്കാരമായിരുന്നു എന്ന്. എത്രകണ്ട് പരാജയമായ ഒരു വിജയമായിരുന്നു എന്ന്. അതെ, ആ പരിണാമത്തെ സകല സങ്കീര്‍ണതയോടെയും ഇത്രയും കുറഞ്ഞ ഏടുകളില്‍ സംഗ്രഹിക്കാന്‍ പ്രതിഭാശാലിയായ ഒരു മടിയനേ കഴിയൂ. മടിയന്‍ മല ചുമക്കും എന്ന് പണ്ട് കോപ്പിയെഴുതിയിരുന്ന നാള്‍ ധരിക്കാത്ത ഒരര്‍ഥം ആ ചൊല്ലിനുണ്ടെന്ന് പില്‍ക്കാലത്ത് പൂന്താനത്തില്‍നിന്നും ബഷീറില്‍നിന്നുമാണ് ഞാനറിഞ്ഞത്. കെട്ടിയിട്ടേടത്തുനിന്നുതന്നെ ഭുവനത്തിലെ മുഴുവന്‍ സ്വാദുമറിഞ്ഞു പൂന്താനം. തന്നിലെ അസ്വതന്ത്രനില്‍നിന്ന് വളരെയറിഞ്ഞു ബഷീറും. അപ്പപ്പോള്‍ ചെയ്യേണ്ടത് ചെയ്തുതീര്‍ക്കുന്ന, യഥാവിധി ജീവിക്കുന്നൊരു മിടുക്കന് സാധ്യമല്ലാത്തത്ര വലിയ ഭാരം ചുമക്കാന്‍ ഒരു മടിയനു കഴിയും. മടി എത്ര അനുഗൃഹീതമായ ഒരു സിദ്ധിയാണെന്ന് പൂന്താനത്തെയും ബഷീറിനെയും പോലെ തെളിയിച്ചവരും കുറവ്. അത്ര ലളിതമായി, എന്നാല്‍ അത്ര അഗാധമായി.

സ്വാതന്ത്ര്യം കിട്ടുന്നതിനു മുന്‍പുള്ള ഭാരതത്തിന്റെ ഒരു പ്രതിരൂപമായി ജയിലിനെ ഗാന്ധി നിരീക്ഷിച്ചിട്ടുണ്ട്. 'മനസ്സിനെയും ശരീരത്തെയും വീര്‍പ്പുമുട്ടിക്കുന്ന ഉന്നതപ്രാകാരങ്ങളോടുകൂടിയ ഭയങ്കര കാരാഗാരമാണ് ഇന്ത്യ' എന്ന് ഗാന്ധി പറഞ്ഞതായി ബഷീര്‍ 'അമ്മ' എന്ന കഥയില്‍ ഓര്‍ക്കുന്നു. 'മതിലുകളുടെ, മതിലുകളുടെ അനേകമനേകം മതിലുകളുടെ അകത്താണ് ഞാന്‍' എന്നായിരുന്നു സ്വാതന്ത്ര്യസമരഭടനായിരുന്ന മതിലുകളിലെ നായകന്റെ ജയിലിനകത്തെത്തിയപ്പോഴത്തെ ആദ്യത്തെ പ്രതികരണം. അതില്‍ ചില മതിലുകളെങ്കിലും കാണപ്പെട്ട മതിലുകളാല്‍ പ്രതിനിധീകരിക്കപ്പെട്ട ഒരിടം. ഒരുന്നതപ്രാകാരത്തിന്റെ അപ്പുറത്തുമിപ്പുറത്തും നിന്നുകൊണ്ടുള്ള, പരസ്പരം കാണാതുള്ള, എന്നാല്‍ പരസ്പരം കാണുന്നതിലും കണ്ടുകൊണ്ടുള്ള ആ സല്ലാപംപോലെ അന്നാളുകളിലെ ജീവിതത്തെ പ്രതിപാദിക്കാന്‍, അസ്വതന്ത്രഭാരതത്തിലെ ജീവിതത്തെ ആവിഷ്‌കരിക്കാന്‍, ഒരുപക്ഷേ, എന്നത്തെയും എവിടത്തെയും മനുഷ്യജീവിതത്തെ പ്രതിപാദിക്കാന്‍ പറ്റിയ പ്രതിരൂപമുണ്ടോ? അഭിമാനികള്‍ക്ക് വലിയ അസ്വാതന്ത്ര്യങ്ങള്‍ നല്കിയ ആ കാലം ബഷീറിലെ എഴുത്തുകാരന് ജയിലനുഭവത്തിന്റെ രൂപത്തില്‍ വലിയ കലാരൂപം നല്കി.

പതിന്നാലു വര്‍ഷത്തെ ജയില്‍ശിക്ഷയനുഭവിക്കുന്ന ഇരുപത്തിരണ്ടുകാരിയായ ഒരു ഏകാകിനി. അത്ര കഠിനമായി ശിക്ഷിക്കപ്പെടാറില്ല അത്രയുംതന്നെ ശിക്ഷാകാലമുള്ള ഒരു പുരുഷനും എന്ന വിശേഷശിക്ഷകൂടി അനുഭവിക്കുന്ന ഒരുവള്‍. അവള്‍ ആ ഏകാന്തതയില്‍ തികച്ചും യാദൃച്ഛികമായി മതിലിനപ്പുറത്തെ പുരുഷജയില്‍മുറ്റത്തുനിന്ന് ഒരു ചൂളംവിളി കേള്‍ക്കുകയാണ്. അപ്പുറത്തെ പുരുഷനെക്കാള്‍ കഠിനമായ ഏകാന്തതയാണ് പ്രത്യാശിക്കാനൊന്നുമില്ലാത്ത അവള്‍ക്ക്. അപ്പുറത്ത് നടക്കുന്നതൊക്കെ അപ്പപ്പോള്‍ വാസനാവൈഭവംകൊണ്ടറിയാന്‍ കഴിയുന്ന അത്ര ഏകാകിതയുണ്ടവള്‍ക്ക്. 'ആരാണവിടെ ചൂളം വിളിക്കുന്നത്?' അവള്‍ വിളിച്ചുചോദിക്കുന്നു. മറുപുറത്ത് സുഗന്ധവും പ്രകാശവും പരന്നതുപോലെ. വന്നതുമുതല്‍ അയാള്‍ അറിഞ്ഞുകൊണ്ടിരിക്കുന്ന, ഇപ്പോള്‍ കൂട്ടുകാര്‍ ജയില്‍മോചിതരായതോടെ ഒന്നുകൂടി ഉത്കടമായി അയാളറിഞ്ഞുകൊണ്ടിരിക്കുന്ന ആ അഭാവം ഒരു സ്ത്രീയായി, ഒരു മാദകസ്വരമായി മതിലിനപ്പുറത്തുനിന്ന് അയാളോട് സംസാരിക്കുകയാണ്. മുഴുവനായി സ്വരമായി മാറുകയാല്‍ ഭൂമിയിലേറ്റവും സുന്ദരമായ സ്വരത്തില്‍. സാന്നിധ്യം സംഭാഷണത്തിലൂടെ മാത്രം വെളിവാക്കാനാവുന്നവരുടെ ഗാഢമായ സംഭാഷണമാണവര്‍ അവലംബിക്കുന്നത്.

'ഞാനാണ്,' അയാള്‍ മറുപടി പറഞ്ഞു. ഒരായിരം ഞാനാണീ ആണിപ്പോള്‍. 'ആണ്' ഒരു ക്രിയാപദം മാത്രമല്ല അവള്‍ക്കിപ്പോള്‍. അവര്‍ പരിചയപ്പെടുന്നു. പരസ്പരം കാണാവുന്ന ലോകത്തിലെ സങ്കോചങ്ങളൊന്നുമില്ലാത്ത നിസ്സീമമായ പരിചയം. എത്രയോ പെട്ടെന്ന് എത്രയോ കാലത്തെ പരിചയമായി. അവള്‍ക്ക് ഇപ്പുറത്ത് താന്‍ നട്ടുവളര്‍ത്തുന്ന പനിനീര്‍ത്തോട്ടത്തെക്കുറിച്ചൊക്കെ അറിയാം. ആണ്‍ജയിലിന് പെണ്‍ജയിലിനെക്കുറിച്ച് അറിയാവുന്നതിലും എത്രയോ അധികം പെണ്‍ജയിലിന് ആണ്‍ജയിലിനെക്കുറിച്ചറിയാം. പുരുഷനെ അപേക്ഷിച്ച് കൂടുതല്‍ നിയന്ത്രണങ്ങളുള്ള ഒരു ജയിലിലാണ് സ്ത്രീ പ്രകൃത്യാ കഴിയുന്നത് എന്നതിനാലുമായിരിക്കാം. നിമിഷംകൊണ്ട് ലോകം മുഴുവന്‍ സ്‌നേഹാര്‍ഹമായി. താനോടിപ്പിച്ച് മരത്തില്‍ കയറ്റുന്ന അണ്ണാര്‍ക്കണ്ണന്മാരെ അയാള്‍ ക്ഷണിക്കുന്നു. 'ചുമ്മാ ഇറങ്ങി ഇവിടെല്ലാം നടക്കെടോ.' ആരും വരാനില്ലെങ്കിലും ആരും കാണാനില്ലെങ്കിലും ലോക്കപ്പുമുറിയിലെ അയാള്‍ക്കിപ്പോള്‍ പൊടുന്നനേ ബോധ്യപ്പെട്ട അഴുക്ക് അയാള്‍ തുടച്ചു വൃത്തിയാക്കി. പറയലിന്റെ രൂപത്തില്‍ മാത്രം ആഗ്രഹങ്ങള്‍ സാക്ഷാത്ക്കരിക്കേണ്ടിവരുന്നവരുടെ ഭാഷയായി ഭാഷ കൂടുതല്‍ അര്‍ഥസാന്ദ്രമാവുന്നു. വാക്കുകളെല്ലാം ധ്വനിയുള്ളത് (പ്രണയം അതിസാധാരണമായ പദങ്ങളെ അസാധാരണമാക്കുന്നൊരു ഋതുവാണല്ലോ). എല്ലാം മുഴുവനായി കേള്‍ക്കേണ്ടതായി മാറുന്നു. 'ദൈവത്തിനെ ഇത്ര സ്‌നേഹത്തോടെ വിളിച്ചിരുന്നെങ്കില്‍' എന്നതിന് മറുപടിയായി 'വിളിച്ചിരുന്നെങ്കില്‍' എന്നു മാത്രം അയാള്‍ ചോദ്യരൂപത്തില്‍ ആവര്‍ത്തിച്ചപ്പോള്‍ അവള്‍ പരിഭവിക്കുന്നു. 'സ്‌നേഹത്തോടെ വിളിച്ചിരുന്നെങ്കില്‍ എന്നാണ് ഞാന്‍ പറഞ്ഞത്.' തന്റെ വാക്കുകളിലെ സ്‌നേഹം കേള്‍ക്കാന്‍ വിട്ടുപോകരുതേ എന്ന് പ്രാര്‍ഥിക്കുന്നവളുടെ വാക്കുകള്‍. ഇങ്ങനെ വിളിച്ചിരുന്നെങ്കില്‍ ദൈവംപോലും പ്രത്യക്ഷപ്പെടുമായിരുന്നു എന്ന് നാരായണി പറഞ്ഞപ്പോള്‍ ബഷീര്‍ പറയുന്നു: 'ദൈവം ആരുടെ മുന്‍പിലും പ്രത്യക്ഷപ്പെടുകയില്ല! ദൈവം നമ്മുടെ അടുത്തുണ്ട്. പ്രപഞ്ചങ്ങളായ എല്ലാ പ്രപഞ്ചങ്ങളുടെയും വെളിച്ചം; ചൈതന്യം... നാരായണീ, പ്രത്യക്ഷപ്പെടാനുള്ളത് ഞാനല്ലേ!' ദൈവം പ്രത്യക്ഷപ്പെടുമെന്ന് വിചാരിക്കുന്ന ഹിന്ദുവും ദൈവം പ്രവാചകവചനങ്ങളിലൂടെയല്ലാതെ പ്രത്യക്ഷപ്പെടുകയില്ലെന്ന് കരുതുന്ന സത്യസന്ധനായ ഇസ്‌ലാമും തമ്മിലുള്ള ഗാഢമായ സംഭാഷണമാണ്. ദൈവം അടുത്തുണ്ട് എന്ന് അനന്തകാലത്തിനുശേഷം അവളറിയുകയാണ്. അയാള്‍ സ്വതന്ത്രനായിക്കഴിഞ്ഞാല്‍ വീണ്ടും അനന്തകാലത്തേക്ക് അവളതറിയുകയുമില്ല. മലയാളത്തിലെ സ്ത്രീപക്ഷ എഴുത്തുകാരൊന്നും പുരുഷനൊപ്പം കുറ്റം തീരാത്ത സ്ത്രീയെക്കുറിച്ച് നാരായണിയെ മുന്‍നിര്‍ത്തി വിചാരപ്പെടാത്തതെന്ത് എന്നത് എന്നെ അദ്ഭുതപ്പെടുത്തുന്നു. (മതിലിനെ മുന്‍നിര്‍ത്തി അവതരിപ്പിക്കപ്പെട്ട നാടകങ്ങളോ ആ പ്രശസ്തമായ സിനിമയോ മതിലിനപ്പുറത്തെന്ത് എന്നു കണ്ടില്ല.) പുരുഷന്‍ വായിക്കുന്നത് അയാളുടെ ചുമലിനു മീതെക്കൂടി അവര്‍ വായിക്കുന്നു! അവര്‍ക്കും കഥാനായകന്‍ ഇപ്പുറവും നായിക അപ്പുറത്തുമാണ്. അയാള്‍ വ്യക്തതയിലും അവള്‍ അവ്യക്തതയിലും. അവന്റെ ഒച്ചയുടെ പ്രതിധ്വനിയായി മാത്രം നിലനില്ക്കുന്ന 'ഒരെക്കോ'യുടെ ജന്മം അവരെ അസ്വസ്ഥരാക്കുന്നില്ലേ?

മതിലിനിപ്പുറത്തെ അസ്വതന്ത്രനും ദാഹാര്‍ത്തനുമായ പുരുഷനും മതിലിനപ്പുറമുള്ള അസ്വതന്ത്രയും ദാഹാര്‍ത്തയുമായ സ്ത്രീയും തമ്മിലുള്ള ആ സംഭാഷണംപോലെ വ്യാപ്തിയേറിയ ഒരനുഭവം മലയാളനോവലില്‍ മുന്‍പും പിന്‍പുമുണ്ടായിട്ടില്ല. പരസ്പരം കാണാതുള്ള ആ സല്ലാപംപോലെ പ്രതീകാത്മകവും ദുഃഖാത്മകവും ആയ ഒന്ന് സങ്കല്പിക്കുക വയ്യ. സ്വാതന്ത്ര്യസമ്പാദനത്തിനു മുന്‍പ് സ്വാതന്ത്ര്യം പല വിതാനങ്ങളുള്ള സ്വാതന്ത്ര്യം എന്ന മഹാസങ്കല്പത്തിന്റെ പ്രതിരൂപമായിരുന്നു. ബഷീറിന്റെ സാഹിത്യത്തിലെന്നപോലെ വിശപ്പ് പല വിശപ്പുകളുടെ പ്രതിരൂപമായിരുന്നു. സ്വാതന്ത്ര്യസമരകാലത്തെ പ്രണയം അര്‍ഥം കൈവരിച്ചത് ശരീരത്തിന്റെ പ്രവണതകളില്‍നിന്നു മാത്രമായിരുന്നില്ല, അസ്വതന്ത്രഭാരതത്തിലെ വിലക്കപ്പെട്ട എല്ലാ അഭിലാഷങ്ങളില്‍നിന്നുമായിരുന്നു. 'ധ്രുവമിഹ മാംസനിബദ്ധമല്ല രാഗം' എന്ന വാക്യത്തിന് രാഗം അതുവരെ രാഗം എന്ന് കരുതപ്പെടുന്നതില്‍ക്കവിഞ്ഞ ചിലതിന്റെ കൂടി സാക്ഷാത്ക്കാരമായി എന്നര്‍ഥം. നളിനിയും ലീലയും ബന്ധനസ്ഥനായ അനിരുദ്ധനും രമണനുമെല്ലാം 'മനസ്സിനെയും ശരീരത്തെയും വീര്‍പ്പുമുട്ടിക്കുന്ന ഉന്നതപ്രാകാരങ്ങളോടുകൂടിയ' ഭാരതത്തിലെ സ്വപ്‌നങ്ങളായിരുന്നു. പദങ്ങള്‍ക്ക് പഴയ അര്‍ഥങ്ങള്‍ മതിയാവാതായി, നിഘണ്ടുക്കളുടെ ബയന്റിളകി.

സാമുവല്‍ ബെക്കറ്റിന്റെ വെയ്റ്റിങ് ഫോര്‍ ഗോദോ 'While Waiting for Godoth' എന്നതായിരുന്നുവത്രേ ഫ്രഞ്ച് മൂലത്തില്‍. അതങ്ങനെയല്ലാതെ വിവര്‍ത്തനങ്ങളില്‍ പ്രത്യക്ഷപ്പെട്ടത് അതിന്റെ ദുഷ്‌കരത വര്‍ധിക്കാന്‍ കാരണവുമായി. തടവറയിലെ അന്തേവാസികള്‍ക്കു മുന്നിലവതരിപ്പിച്ച ഒരു സന്ദര്‍ഭത്തിലാണത്രേ ആദ്യമായി സഫലമായി ആവിഷ്‌കരിക്കപ്പെട്ടത്. ജയിലിലെ അന്തേവാസികളായ കുറ്റവാളികള്‍ മനുഷ്യനാഗരികതയുടെ പരിമിതികളുടെ ഫലമനുഭവിക്കുന്നവരാണ്. ജീവിതം എന്ന മഹാ അസ്വാതന്ത്ര്യത്തിന്റെ ഫലമനുഭവിക്കുന്നവര്‍ (നാഗരികതയുടെ പരിമിതകളല്ലേ ജയിലുകളും ഭ്രാന്താസ്പത്രികളും? 'സ്വതന്ത്രലോകത്ത് അല്ലെങ്കില്‍ എന്ത് സ്വതന്ത്രലോകം? ഭൂഗോളംതന്നെ വലിയൊരു ജയിലാണല്ലോ' മതിലുകള്‍). അവര്‍ ആ കൃതിയിലെ കാത്തിരിപ്പിന്റെ കാഠിന്യം, മനുഷ്യജന്മം എന്ന മഹാകാത്തിരിപ്പിലെ അസംബന്ധം, ജയിലെന്ന പശ്ചാത്തലത്തില്‍ വെച്ച് വ്യക്തമായറിഞ്ഞു. ഞങ്ങളുടെ ജീവിതം, എന്നവര്‍ അതുവരെയാരും തിരിച്ചറിഞ്ഞിട്ടില്ലാത്ത വ്യാപ്തിയോടെ ആ നാടകത്തെ തിരിച്ചറിഞ്ഞു. കുറ്റങ്ങള്‍ ചെയ്യിക്കുന്ന നിസ്സഹായതയെ അടുത്തറിയാന്‍ സഹായിച്ചു ജയില്‍ജീവിതം ബഷീറിനെ. കൊലപാതകം ചെയ്യിക്കുന്ന, മോഷണത്തിന് പ്രേരിപ്പിക്കുന്ന, സ്വാതന്ത്ര്യബോധത്തെ. തുടര്‍ന്നു പഠിക്കാന്‍ തോന്നിക്കാഞ്ഞ, ലഘുലേഖകള്‍ എഴുതാന്‍ പ്രേരിപ്പിച്ച, ജയിലിലെത്തിച്ച സ്വാതന്ത്ര്യബോധത്തിന്റെ മറ്റൊരാവിഷ്‌കാരംതന്നെ അത് എന്ന് ആ ജയില്‍ജീവിതം അയാളെ അറിയിച്ചു.

സ്വാതന്ത്ര്യസമരഭടന്മാരോടൊപ്പം ജയിലില്‍ക്കഴിഞ്ഞ മോഷ്ടാക്കള്‍ക്കും കൊലപാതകികള്‍ക്കും പില്‍ക്കാലത്ത് സ്വാതന്ത്ര്യസമരപ്പെന്‍ഷന്‍ ലഭിക്കുകയുണ്ടായി. ഫയലുകള്‍ നഷ്ടപ്പെട്ടതുകൊണ്ടു മാത്രമായിരുന്നില്ല അത്. ഭരണകൂടത്തെ അംഗീകരിക്കാത്തവരെന്ന 'ഔന്നത്യം' അവര്‍ പങ്കിട്ടിരുന്നു. ഒരേ വിലങ്ങില്‍ തളയ്ക്കപ്പെട്ടവരില്‍ മറ്റേയാള്‍ കണ്ണീരു തുടച്ചത് തന്റെ കൈകൊണ്ടായിരുന്നെന്ന് ബഷീര്‍ 'കൈവിലങ്ങി'ല്‍ പറയുന്നു. (അടൂര്‍ ഗോപാലകൃഷ്ണന്‍ തന്റെ സിനിമയ്ക്കു വേണ്ടി ബഷീര്‍സാഹിത്യം വായിച്ചപ്പോള്‍ എന്തേ ഈ അദ്ഭുതദൃശ്യം കണ്ടില്ല എന്ന് ഞാനോര്‍ക്കാറുണ്ട്.) ആ ബന്ധനത്തിന്റെ കാലത്തല്ലാതെ അനുഭവിക്കാനാവുമായിരുന്നില്ലാത്ത ഒരു ബന്ധനമില്ലായ്മയുടെ സൗഖ്യം ജയില്‍ജീവിതം നല്കിയിരുന്നു. അനുവദനീയതയുടെ അതിരുകളെ അവര്‍ ലംഘിച്ചിരുന്നു. അവര്‍ മാനിക്കാതിരുന്നത് ഒരേ നിയമവ്യവസ്ഥയെ. അവര്‍ വിചാരണ ചെയ്യപ്പെട്ടത് ഒരേ കോടതിയില്‍. ഒന്നരക്കൊല്ലത്തെ ശിക്ഷയുമായി ജയിലില്‍ വന്ന ആ 'തേജോമയമായ കണ്ണു'കളുടെ ഉടമസ്ഥന്‍, ജയിലില്‍ നടത്തിയ സ്വാതന്ത്ര്യസമരങ്ങളുടെ ഫലമായി ശിക്ഷ പല മടങ്ങായി വര്‍ധിച്ച് ഒരു ഭീകര കുറ്റവാളിയായി. ആരാധ്യനായ ആ കുറ്റവാളിയെ ബഷീറെന്ന എഴുത്തുകാരന്‍ ആലിംഗനം ചെയ്ത് കവിളില്‍ ചുംബിച്ചപ്പോള്‍, ജയിലിലെ ഓരോരുത്തരെയും ചുംബിച്ചപോലെയായിത്തീരുന്നുണ്ട്. കുറ്റവാളിയായ ആ പരിചയക്കാരന് നല്കിയ ആലിംഗനം കണ്ട്, 'നിന്റെ സ്‌നേഹിതനാണെന്ന് പറയെടാ കള്ള ബട്ക്കൂസേ' എന്ന സ്‌നേഹം കണ്ട്, ജയില്‍ രോമാഞ്ചംകൊണ്ടു. അയാള്‍ എന്തിനെക്കൂടിയാണ് ചുംബിച്ചതെന്ന് അറിഞ്ഞായിരുന്നു അതംഗീകരിച്ചായിരുന്നു ആ രോമാഞ്ചം. 'കരിങ്കല്‍ക്കഷണത്തില്‍ തുണി പൊതിഞ്ഞ് ശബ്ദമുണ്ടാക്കാതെ ആണിയടിച്ച് കയറ്റാം' എന്ന മുഴുത്ത പ്രായോഗികബുദ്ധി ഉപദേശിച്ച, കഞ്ഞിയെ സദ്യയാക്കിയ, ഒരു തീപ്പെട്ടിക്കൊള്ളിക്ക് ആറിരട്ടി മൂല്യമുണ്ടാക്കിയ ഒരതിശയമായിരുന്നു ബഷീറിന്റെ പല ജയിലനുഭവങ്ങളുടെ ഓര്‍മകൊണ്ടു നിര്‍മിച്ച ആ ജയില്‍. 'ഒരു ദിവസം ഒരു നേതാവ് എനിക്ക് ശകലം നാരങ്ങാ ഉപ്പിലിട്ടത് തന്നു, ഹൗ എന്തൊരു രുചി! എത്ര അമൂല്യമായ ഒരു പദാര്‍ഥം.'

അല്ലെങ്കില്‍ നോക്കൂ, കാണപ്പെടുകകൂടി ചെയ്യാതെ സകല പരിലാളനകള്‍ക്കും അര്‍ഹയായിത്തീര്‍ന്ന നാരായണിയെ. പതിന്നാലുവര്‍ഷം കഠിനതടവ് അര്‍ഹിക്കുന്ന, കൊലപാതകത്തില്‍ കുറയാത്ത ഏതോ കുറ്റം ചെയ്തവളാണവള്‍. ഭൂമിയിലെ പരിഗണനകളില്‍നിന്നൊക്കെ എന്നന്നേക്കുമായി പുറന്തള്ളപ്പെട്ടവള്‍. സ്വാതന്ത്ര്യസമരഘട്ടത്തിലെ, കാരാഗാരജീവിതം അന്തസ്സും അഭിമാനവുമായ ഒരു കാലഘട്ടത്തിലെ, സവിശേഷമായ മൂല്യബോധത്തിനല്ലാതെ അവളെ പ്രേമാര്‍ഹയാക്കാനാവില്ല. സുന്ദരിയല്ല അവള്‍. ജാതിയെന്തോ? ഭൂതകാലമെന്തോ? ഏത് തരക്കാരിയോ? വികാരം പ്രകടിപ്പിക്കുന്നതില്‍ ഒരു കൂസലുമില്ലാത്തവളാണവള്‍. എന്നിട്ടും അതുവരെ അയാള്‍ ജയിലില്‍ അറിഞ്ഞ എല്ലാ അനുഭവങ്ങളിലും കാണപ്പെട്ട ആ വലിയ അഭാവമായി അവള്‍ തിരിച്ചറിയപ്പെട്ടു. 'ഞാനെന്റെ പനിനീര്‍പ്പൂന്തോട്ടത്തിന്റെ നടുക്ക് ചുമ്മാ നില്ക്കും. ചുറ്റും വിടര്‍ന്ന് സൗരഭ്യം പരത്തുന്ന പുഷ്പങ്ങള്‍. സൗന്ദര്യമുണ്ട്. മണവുമുണ്ട്. പക്ഷേ, എന്തോ ഒന്നില്ല. ആരുടെയോ എന്തിന്റെയോ അഭാവം.' ആ അഭാവമായിരുന്നു അവള്‍. പുറംലോകത്തിലെ സ്‌നേഹിക്കപ്പെടുന്ന, സകല സൗഭാഗ്യങ്ങളുമുള്ള ഒരു സ്വതന്ത്രസ്ത്രീക്ക് കിട്ടുമോ ഈ പദവി? 'അവള്‍ അഭാവംകൊണ്ട് ലോകത്തെ മുഴുവന്‍ ഒരു വന്‍ ജയിലാക്കുന്നു' എന്നാണ് നായകന്‍ പറയുന്നത്. ഭുവനത്തിലെ എല്ലാ പനിനീര്‍പ്പൂക്കളും അവളെ അര്‍ഹിക്കുന്നു. ഒരു പുരുഷനെ ലോകത്തിനോടാകമാനം അനുരഞ്ജനത്തിലാക്കാന്‍ അവള്‍ക്ക് കഴിയുന്നു. അവളോട് സംസാരിച്ചു മടങ്ങിയ അയാള്‍ 'ലോക്കപ്പിനകം ആകെ ചിട്ടയും വെടിപ്പും വരുത്തി.' അവളെപ്പോലൊരുവളെ ഉള്‍ക്കൊള്ളാന്‍ കഴിയാത്തൊരു ലോകത്തില്‍ എന്ത് സ്വാതന്ത്ര്യമെന്നാണയാള്‍ ഒടുവില്‍ ചോദിക്കുന്നത്. മുന്‍പത്തെക്കാള്‍ അസ്വതന്ത്രനാണെന്നതുകൊണ്ടാവാം അയാള്‍ ആകാശത്ത് ഉയര്‍ന്നുകൊണ്ടിരിക്കുന്ന അവളുടെ അപേക്ഷകളെ അവഗണിച്ച് പുറത്തുകടക്കുന്നു. അസ്വതന്ത്രഭാരതത്തിലെക്കാള്‍ കഠിനമായ സ്വതന്ത്രഭാരതത്തിലെ ജയിലില്‍ അവള്‍ തുടരുന്നു. അസ്വതന്ത്രഭാരതത്തിലെക്കാള്‍ അസ്വതന്ത്രമായ സ്വതന്ത്രഭാരതത്തില്‍ അയാളും. ഇപ്പോള്‍ അവരെ മറച്ചിരിക്കുന്നത് ഒരു മതിലല്ല, അനവധി മതിലുകള്‍.

ചെറിയ മതിലുകളെയൊക്കെ അസംഗതമാക്കിയ ആ വലിയ മതിലുകള്‍ക്കുള്ളിലെ ജീവിതം എത്ര സമ്പന്നമായിരുന്നു! അസ്വതന്ത്രഭാരതത്തിന്റെകൂടി പ്രതിരൂപമായിരുന്ന ആ ജയിലിനെക്കുറിച്ചയാളോര്‍ക്കുന്നു. മതിലുകള്‍ക്കകത്ത് പനിനീര്‍ച്ചെടികള്‍ വളര്‍ത്തി, തൂക്കിക്കൊല്ലാന്‍ വിധിക്കപ്പെട്ടവര്‍ക്ക് കട്ടന്‍കാപ്പി തയ്യാറാക്കി, പ്രണയത്തിനര്‍ഹയാകുമെന്ന് ഒരുനാളും പ്രതീക്ഷിക്കാനാവാത്തവളെ നിസ്സീമമായി പ്രണയിച്ച്, കൊലപാതകികളെയും മോഷ്ടാക്കളെയും ആലിംഗനം ചെയ്ത്, വ്യാപ്തിയുള്ള വാക്കുകള്‍ പറഞ്ഞ്, നിരുപാധികം ജീവിച്ച ആ വലിയ കഥാപാത്രത്തിന് സങ്കീര്‍ണമായവിധത്തില്‍ അനിവാര്യമായിരുന്ന ഒരു മഹാകാലമായിരുന്നു ആ ജയില്‍ക്കാലം. സ്വാതന്ത്ര്യസമരകാലത്തെ പിടിച്ചുപറിക്കുപോലും മൂല്യമുണ്ടായിരുന്നെങ്കില്‍ പില്‍ക്കാലത്തെ സക്കാത്തുപോലും മൂല്യരഹിതമായി. സ്വാതന്ത്ര്യത്തിനു മുന്‍പ് ആ 'പുഷ്‌ക്കടിമുണ്ട്' ഒരു പ്രതീകംകൂടിയായിരുന്നെങ്കില്‍സ്വാശ്രയമായിരുന്നു അത് ധരിച്ചവന്‍ ധരിച്ചത് പില്‍ക്കാലത്ത് ഒരു വൈരൂപ്യമായി, കാപട്യമായി. പലതിനെയും മരവിപ്പിച്ചൊരു പരിണാമം കൂടിയായിരുന്നു സ്വാതന്ത്ര്യപ്രാപ്തി. പ്രതീകങ്ങള്‍ നിരര്‍ഥകവസ്തുക്കളായി, ചര്‍ക്കകള്‍പോലെ. ശില്പം തിരികെ ശിലയായി. 'ഭക്ഷണമല്ലാതൊന്നും ഭക്ഷിക്കാനില്ലെന്നായി.' ചിലര്‍ സ്വതന്ത്രരാവുകയും കൂടുതല്‍ വലിയ അസ്വാതന്ത്ര്യം കുറ്റവാളികളാക്കിത്തീര്‍ത്തവര്‍ 'മതിലുകള്‍ക്കുള്ളില്‍ തുടരുകയും ചെയ്തു'. 'ശോഭനകാലങ്ങളില്‍ നീ ഗമ്യയായില്ലെനിക്ക്/നിന്‍ സൗഭഗത്തില്‍ മോഹമാര്‍ന്ന സുഹൃത്തല്ല ഞാന്‍' എന്നു പറഞ്ഞ ഉപഗുപ്തനെയോര്‍മിപ്പിക്കുന്നവരാരും സ്വാതന്ത്ര്യാനന്തര സാഹിത്യകൃതികളില്‍ പ്രത്യക്ഷപ്പെട്ടില്ല.

ഞാന്‍ പ്രതീക്ഷിച്ചത്രയൊന്നും ഇല്ലല്ലോ ഈ ലോകം എന്ന് കാഴ്ച കിട്ടിയപ്പോള്‍ ഒരന്ധന്‍ അസന്തുഷ്ടനായി എന്നു കേട്ടിട്ടുണ്ട്. അധികാരക്കൈമാറ്റത്തില്‍ക്കവിഞ്ഞ ചിലതെല്ലാം, കാഴ്ച ലഭിക്കുന്നതിനു മുന്‍പ് ആ അന്ധനുണ്ടായിരുന്നത്ര അമൂര്‍ത്തവും അമിതവും ആയ പ്രതീക്ഷകള്‍ മതിലുകളിലെ നായകന് ഒരുപക്ഷേ, ഗാന്ധിക്കും സ്വാതന്ത്ര്യത്തെക്കുറിച്ച് ഉണ്ടായിരുന്നു. ഏറെ യാതനകളനുഭവിച്ച, ഏറെ സ്വപ്‌നങ്ങള്‍ കണ്ട ആ സ്വാതന്ത്ര്യസമരഭടന്മാര്‍ക്ക് സ്വാതന്ത്ര്യത്തിന്റെ, വഴിയില്‍ മത്സ്യങ്ങള്‍ മിക്കവാറും തിന്നുതീര്‍ന്ന, വലുതും വിരൂപവുമായ ഒരസ്ഥിപഞ്ജരമാണ് കരയ്ക്കണയ്ക്കാന്‍ പറ്റിയത്. കിഴവനും കടലും എന്ന ഹെമിങ്‌വേകൃതിയിലെ നായകനെപ്പോലെ. വികലവും അസമ്പൂര്‍ണവുമായ ഒരു സ്വാതന്ത്ര്യപ്രാപ്തിയോടെ ദുഃഖിതനായ ഗാന്ധിയുടെ ആത്മഗതവും ഏറക്കുറെ മതിലുകളിലെ നായകന്‍ ജയില്‍വിമുക്തനായപ്പോള്‍ പറഞ്ഞ വാക്യംതന്നെയായിരുന്നല്ലോ. 'ഹു വാണ്‍സ് ഫ്രീഡം?' ഫലത്തില്‍ അസ്വതന്ത്രമായ ഒരു 'ഖണ്ഡഭാരത'ത്തില്‍ ജീവിക്കുന്ന ഒരാള്‍ക്ക്, തന്റെ പ്രവൃത്തികള്‍ക്കെല്ലാം പ്രതീക്ഷകള്‍ക്കെല്ലാം ഉന്നതമായ സങ്കല്പങ്ങള്‍ക്കെല്ലാം ആധാരമായി വര്‍ത്തിച്ച, തന്നെ മഹത്ത്വപ്പെടുത്തിയ, തന്റെ വാക്കുകള്‍ക്ക് ചിറകു മുളപ്പിച്ച ('അപ്പോള്‍ നിനക്ക് പക്ഷങ്ങള്‍ നവങ്ങളായ് ഉദ്ഭവിച്ചീടുമതിനില്ല സംശയം' എന്നു തന്നെ തേടിപ്പുറപ്പെട്ട രാമാദികള്‍ക്ക് വഴി പറഞ്ഞുകൊടുക്കുന്നതോടെ, നിന്റെ ചിറകുകള്‍ മുളയ്ക്കുമെന്ന് ജടായുവിനോട് എഴുത്തച്ഛന്റെ സീത) ആ ശ്രേഷ്ഠമായ കാരാഗാരജീവിതം എങ്ങനെയായിരുന്നുവെന്നാണ് ബഷീര്‍ മതിലുകളില്‍ അദ്ഭുതകരമായ കൈയടക്കത്തോടെയും പ്രതീകാത്മകതയോടെയും പറയുന്നത്. ഇത്ര കുറച്ചു വാക്കുകളിലല്ലാതെ ഇത്ര വലിയ കാര്യങ്ങള്‍ പറയാനാവില്ലെന്ന സുന്ദരമായ ഔദ്ധത്യമുണ്ട് മതിലുകള്‍ക്ക്. അധികമൊരു വാക്ക് പറയാനാവാത്ത ഗൗരവമുണ്ട് മതിലുകള്‍ക്ക്.

പുസ്തകം വാങ്ങാം

ഗാന്ധിയെ അപ്രസക്തനാക്കിയ ഒരു പില്‍ക്കാല ഭാരതത്തില്‍ ഇരുന്നുകൊണ്ടുള്ള പശ്ചാത്താപവുമാണ് ഈ കൃതി. കൂടുതല്‍ വ്യാപ്തിയുള്ള ഒരു സ്വാതന്ത്ര്യത്തിനു വേണ്ടിയുള്ള പോരാട്ടമാണ് ഗാന്ധിക്ക് ശത്രുക്കളില്‍ അമ്പരപ്പും നാട്ടുകാരില്‍ അപരിചിതത്വവും ഉണ്ടാക്കിയത്. പ്രകൃതങ്ങളായ ആയുധങ്ങള്‍ ഉപേക്ഷിച്ച് പ്രതീകങ്ങള്‍ ഉപയോഗിച്ച് യുദ്ധം ചെയ്യാന്‍ പറഞ്ഞ, പില്‍ക്കാലത്ത് സ്വന്തം നാട്ടിലന്യനായിത്തീര്‍ന്ന ഗാന്ധിയുടെ മുഖച്ഛായ ബഷീറില്‍ യാദൃച്ഛികമല്ല. (മങ്ങിയ വെളിച്ചത്തില്‍ അര്‍ധനഗ്‌നനായ ബഷീറിന് ഗാന്ധിയാവാനുള്ള പ്രവണതയുണ്ട്. അവിദഗ്ധനായ ഒരു ചിത്രകാരന്‍ ഗാന്ധിയെ വരച്ചാല്‍ ഉണ്ടാകുന്ന ഒരു സാധ്യത ബഷീറാണ്. ഈ ഛായയുടെ കാവ്യനീതി ബഷീര്‍സാഹിത്യത്തിലുമുണ്ട്. ബഷീറില്‍ ഒരു ഗാന്ധിയന്‍ ടച്ച് ഉണ്ടെന്ന് 'അമ്മ' എന്ന കഥയില്‍ ബഷീര്‍തന്നെ പറയുന്നു. 'ഉമ്മാ ഞാന്‍ ഗാന്ധിയെ തൊട്ട്.' മകന്‍ എന്ത് ഭയങ്കരജീവിയെയാണ് തൊട്ടതെന്ന് ഉമ്മ അന്ധാളിക്കുന്നു. തൊട്ടവരുടെ തൊട്ടവരുടെ, പഠിപ്പു നിലയ്ക്കുകയും തൊഴില്‍ നഷ്ടപ്പെടുകയും പീഡനമേല്ക്കുകയും ജയിലിലടയ്ക്കപ്പെടുകയും ചെയ്തിരുന്ന കാലത്ത് ഗാന്ധി ഒരു ഭയങ്കരജീവിതന്നെയായിരുന്നു. പ്രത്യേകിച്ച് കുടുംബത്തില്‍ മുഴുകിക്കഴിഞ്ഞവരുടെ കണ്ണില്‍, മനഃപൂര്‍വം ഭഗത്‌സിങ്മീശ വെച്ച ബഷീറില്‍ കാലം പ്രസാദിച്ച പലതിലൊന്നാവാം, മുഖ്യമായതാവാം ഈ ഗാന്ധിച്ഛായ. ഗാന്ധിയെ രചിച്ച കൈയാവാം, കലാകാരനായ ബഷീറേയും രചിച്ചത്.) ഗാന്ധിയെ അര്‍ഹിക്കുന്നൊരു സമ്പന്നത സ്വാതന്ത്ര്യസമരകാലത്തെ ഭാരതത്തിനുണ്ടായിരുന്നു. ഗാന്ധിയെ രൂപപ്പെടുത്തിയ സര്‍ഗാത്മകതയും. ആ സര്‍ഗാത്മകത അതിന്റെ നാനാജാതി വൈചിത്ര്യങ്ങളോടെയും മതിലുകളില്‍ പ്രത്യക്ഷപ്പെടുന്നു. ഈ ഗാന്ധിയന്‍ 'ടച്ച്' പാത്തുമ്മായുടെ ആടില്‍ പൂര്‍ണതയിലെത്തുന്നു.

കല്‍പ്പറ്റ നാരായണന്‍ രചിച്ച് മാതൃഭൂമി ബുക്‌സ് പ്രസിദ്ധീകരിച്ച എന്റെ ബഷീര്‍ എന്ന പുസ്തകത്തില്‍ നിന്നും

ബഷീര്‍ കൃതികള്‍ വാങ്ങാം

Content Highlights: mathilukal vaikom muhammad basheer kalpetta narayanan

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Dalit Boy

1 min

അധ്യാപകന്റെ പാത്രത്തില്‍നിന്ന് വെള്ളംകുടിച്ചതിന് ക്രൂരമര്‍ദനം; 9 വയസ്സുള്ള ദളിത് ബാലന്‍ മരിച്ചു

Aug 14, 2022


Jaleel-Surendran

1 min

ജലീലിന് ഇന്ത്യയില്‍ കഴിയാന്‍ അവകാശമില്ല, പാകിസ്താനിലേക്ക് പോകണം - കെ സുരേന്ദ്രന്‍

Aug 14, 2022


bjp

1 min

നെഹ്‌റുവിനെ ലക്ഷ്യമിട്ട് വിഭജനത്തേക്കുറിച്ചുള്ള വീഡിയോയുമായി ബിജെപി; തിരിച്ചടിച്ച് കോണ്‍ഗ്രസ്

Aug 14, 2022

Most Commented