മാര്‍ക്‌സിസം കാലഹരണപ്പെട്ടുവെന്നും കമ്യൂണിസ്റ്റുകള്‍ തങ്ങള്‍ക്കെതിരാണെന്നുമുള്ള ചിന്ത കേരളത്തിലെ  ദളിതര്‍ക്കിടയില്‍ പ്രബലമായിക്കൊണ്ടിരിക്കുകയാണ്. കമ്യൂണിസത്തോടുള്ള എതിര്‍പ്പുമൂലം ഹിന്ദുത്വരാഷ്ട്രീയത്തില്‍ എത്തിച്ചേരുന്നവരെയും  ഹിന്ദുത്വരാഷ്ട്രീയത്തോടും കമ്യൂണിസത്തോടുമുള്ള എതിര്‍പ്പുമൂലം ഇസ്ലാമിക രാഷ്ട്രീയത്തില്‍ എത്തിച്ചേരുന്നവരെയുമെല്ലാം ഇന്ന് കേരളത്തിലെ ദളിതര്‍ക്കിടയില്‍ കാണാം. ശ്രദ്ധേയമൊയൊരു കാര്യം അംബേദ്കറൈറ്റുകളായി അറിയപ്പെടുന്നവരാണ് ഇസ്ലാമിക രാഷ്ട്രീയത്തില്‍ എത്തിച്ചേരുന്നത് എന്നതാണ്. ഈ സാഹചര്യത്തില്‍ ഡോ. ബി.ആര്‍. അംബേദ്കര്‍ എങ്ങനെയാണ് കാള്‍ മാര്‍ക്‌സിനെയും മാര്‍ക്‌സിസത്തെയും നോക്കിക്കാണാന്‍ ശ്രമിച്ചത് എന്നാണ് ഇവിടെ പരിശോധിക്കുന്നത്.

മനുഷ്യചിന്തയെയും കാഴ്ചപ്പാടുകളെയും ജീവിതത്തെയുമെല്ലാം മാറ്റിമറിച്ച യൂറോപ്യന്‍ ജ്ഞാനോദയത്തിന്റെ വസന്തകാലം ആസ്വദിച്ചുകൊണ്ട് ലോകത്തെ പുനര്‍നിര്‍മിക്കാനുള്ള പുതിയ ഉള്‍ക്കാഴ്ചകളുമായിട്ടാണ് പത്തൊമ്പതാം നൂറ്റാണ്ടിന്റെ മധ്യത്തില്‍ കാള്‍ മാര്‍ക്‌സ് കടന്നുവന്നത്. ലോകത്തെമ്പാടുമുള്ള ചൂഷിതരും മര്‍ദിതരുമായ മനുഷ്യരുടെ പക്ഷത്താണ് മാര്‍ക്‌സ്  സ്വയം അടയാളപ്പെടുത്തിയത്. മാറ്റമായിരുന്നു മാര്‍ക്‌സിന്റെ ചിന്തയുടെ മൗലികത. ചരിത്രത്തെ വര്‍ഗസമരമായി  നോക്കിക്കണ്ടു. വര്‍ഗരഹിത  സമൂഹമെന്ന  മഹാസ്വപ്നം ലോകത്തിന്റെ മുന്നില്‍വെച്ച് മാര്‍ക്‌സിന്റെ സങ്കല്പങ്ങളും കാഴ്ചപ്പാടുകളും ലോകത്തെ ചലിപ്പിക്കുന്ന ഭൗതികശക്തിയായി മാറുന്നതാണ് റഷ്യന്‍ വിപ്ലവത്തിലും -യൂറോപ്പ്-ചൈനീസ് വിപ്ലവത്തിലും -ഏഷ്യ-ക്യൂബന്‍ വിപ്ലവത്തിലും - ലാറ്റിന്‍ അമേരിക്ക-എല്ലാം കണ്ടത്. 'കമ്യൂണിസ്റ്റ് ഭീകരന്‍' എന്ന് മുദ്രകുത്തപ്പെട്ട നെല്‍സണ്‍ മന്‍ഡേലയെ നാം കാണുന്നത് വര്‍ഗസമരത്തിന്റെ മുഖത്തല്ല, വംശീയമേധാവിത്വത്തിനെതിരായ കറുത്തവരുടെ പോരാട്ടമുഖത്താണ്. മന്‍ഡേലയ്ക്ക് കമ്യൂണിസം അന്യമായിരുന്നതുകൊണ്ടല്ല, അതായിരുന്നു ആഫ്രിക്കന്‍ യാഥാര്‍ഥ്യം. വര്‍ഗസമരമുഖത്ത് മാത്രമല്ല, ഇന്ത്യയിലെ ജാതി ജാതിവിരുദ്ധസമരമുഖത്തും അംബേദ്കറിലൂടെ മാര്‍ക്‌സിനെ കാണാം.

weekly
ആഴ്ചപ്പതിപ്പ് വാങ്ങാം

മൗലികമായും വ്യത്യസ്തമായ രണ്ട് സാമൂഹികനിര്‍മിതികളില്‍നിന്നും ചരിത്ര സന്ദര്‍ഭങ്ങളില്‍നിന്നും കടന്നുവന്നവരായിരുന്നു മാര്‍ക്‌സും അംബേദ്കറും. മാര്‍ക്‌സ് വര്‍ഗനിര്‍മിതമായ  യൂറോപ്യന്‍ സമൂഹത്തില്‍നിന്ന് കടന്നുവന്നപ്പോള്‍ അംബേദ്കര്‍ ജാതി നിര്‍മിതമായ ഇന്ത്യന്‍ സമൂഹത്തില്‍നിന്ന് കടന്നുവന്നയാള്‍. മാര്‍ക്‌സിന്റെയും മാര്‍ക്‌സിസത്തിന്റെയും വക്താക്കളായി കടന്നുവന്ന ഇന്ത്യന്‍ കമ്യൂണിസ്റ്റുകാര്‍, പ്രത്യേകിച്ചും അതിന്റെ നേതൃത്വം ജാതിനിര്‍മിതമായ ഇന്ത്യന്‍ സമൂഹത്തിന്റെ മുകള്‍ത്തട്ടുകളിലുള്ളവരായിരുന്നു. അംബേദ്കറാകട്ടെ, ജാതിഘടനയുടെ അടിത്തട്ടില്‍ നിന്നുയര്‍ന്നുവന്ന ഉദ്ബുദ്ധനായൊരു  അയിത്തജാതിക്കാരനും. ജന്മംകൊണ്ടുതന്നെ ബഹിഷ്‌കൃതനായൊരു മനുഷ്യന്‍. യൂറോപ്യന്‍ ആധുനികതയുടെ വക്താവെന്ന് തുറന്ന് പ്രഖ്യാപിച്ചൊരു സാമൂഹികചിന്തകനായിരുന്നു അംബേദ്കര്‍. പാശ്ചാത്യ വൈജ്ഞാനികലോകം വികസിപ്പിച്ചെടുത്ത സ്വതന്ത്രചിന്തയും ശാസ്ത്രാഭിമുഖ്യവും സാമൂഹിക വിശകലന സമ്പ്രദായവുമെല്ലാം സ്വായത്തമാക്കിയവരിലൊരാള്‍. ജാതിനിര്‍മിതമായ ഇന്ത്യന്‍ സമൂഹത്തെ വിശകലനം ചെയ്യുന്നതിനും  സാമൂഹികബന്ധങ്ങള്‍ പുനരാവിഷ്‌കരിക്കുന്നതിനും ഇന്ത്യയെ ജനാധിപത്യവത്കരിക്കുന്നതിനും തന്റേതായ വഴികള്‍ തുറന്നയാള്‍. കൊളോണിയലിസത്തെ പ്രതിസ്ഥാപിച്ചുകൊണ്ട് വളര്‍ന്നുവന്ന ഇന്ത്യന്‍ ദേശീയതയിലും ദേശരാഷ്ട്ര നിര്‍മിതിയിലും അംബേദ്കര്‍ ഇടപെട്ടത് താന്‍ ഉള്‍ക്കൊള്ളുന്ന ബഹിഷ്‌കൃത  ജനതയുടെ സ്വാതന്ത്ര്യവും  തുല്യതയും അന്തസ്സും ഉറപ്പാക്കുന്നതിനുവേണ്ടിയായിരുന്നു. അതിനായി അംബേദ്കര്‍ മുന്നോട്ടുവെച്ച മൗലികമായ കാഴ്ചപ്പാടായിരുന്നു ദേശരാഷ്ട്രത്തിലെ അയിത്തജാതിക്കാരുടെ ആനുപാതിക പ്രാതിനിധ്യം. ഈ കാഴ്ചപ്പാടിന്റെ പ്രായോഗികാവിഷ്‌കാരത്തിനായി നടത്തിയ കഠിനമായ പ്രവര്‍ത്തനങ്ങളായിരുന്നു അംബേദ്കറിന്റെ രാഷ്ട്രീയ ജീവിതം. ഈ കാഴ്ചപ്പാടിന്റെ സാധൂകരണത്തിനായി അംബേദ്കര്‍ ആശ്രയിച്ചവരില്‍ ഒരാള്‍ കാള്‍ മാര്‍ക്‌സാണ്.

പുതിയലക്കം മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ പ്രസിദ്ധീകരിച്ച ലേഖനത്തില്‍ നിന്നും

ലേഖനത്തിന്റെ പൂര്‍ണരൂപം വായിക്കാം

Content Highlights: Marx and Ambedkar