'മരിച്ചവന്റെ ശരീരം ഈ മണ്ണിലടങ്ങിക്കഴിഞ്ഞു, ഇനിയെന്തിനാണ് അവന് ഈ വസ്ത്രങ്ങള്‍?'


'ഒരു മലയാളി അല്ലേ മരിച്ചുപോയ ആള്‍. നീ അറിയുമെന്ന് പറഞ്ഞിരുന്നെങ്കില്‍ ആ ബോഡിയെങ്കിലും നാട്ടിലുള്ള ബന്ധുക്കളുടെ അടുത്തേക്ക് എത്തിക്കാന്‍ കഴിയുമായിരുന്നു.'

-

മലയാളികളെ സ്വപ്‌നം കാണാന്‍ പഠിപ്പിച്ച ഗള്‍ഫ് രാജ്യങ്ങളില്‍ മറ്റുള്ളവരുടെ യാതനകളും ദുരിതങ്ങളും തീര്‍ക്കാന്‍ ജീവിതം മാറ്റി വെച്ച അമാനുള്ളയുടെ അനുഭവങ്ങള്‍ പകര്‍ത്തിയ പുസ്തകമാണ് മരുഭൂമിയിലെ മറുജീവിതങ്ങള്‍. പുസ്തകത്തിലെ ഒരു ഭാഗം
'വിലാസമില്ലാത്തവരുടെ ഖബറിടങ്ങള്‍' വായിക്കാം
ഷാര്‍ജയില്‍ വര്‍ഷാവര്‍ഷം ഈദ്ഗാഹ് നടക്കുന്ന മുസല്ലയിലെ വിശാലമായ നിസ്‌ക്കാരപ്പറമ്പ് പിന്നിട്ട് അതിനടുത്തായി സ്ഥിതിചെയ്യുന്ന വില്ലകള്‍ക്കിടയിലൂടെ ഞാന്‍ നടന്നു. ഒരു കാലത്ത് നാട്ടുകാരായ അറബികള്‍ താമസിച്ചിരുന്ന പ്രധാനപ്പെട്ട ഒരിടമായിരുന്നു അത്. ഷാര്‍ജ നഗരം വളരുകയും പ്രവാസികളുടെ എണ്ണം കൂടുകയും ചെയ്തതോടെ ഗവണ്‍മെന്റ് സ്വദേശികളെയെല്ലാം സ്വസ്ഥമായ മറ്റിടങ്ങളിലേക്ക് മാറ്റിത്താമസിപ്പിച്ചു. അതിനുശേഷം കുറെക്കാലം അനാഥമായിക്കിടന്ന വില്ലകളില്‍ ചിലതില്‍ വാടകക്കാര്‍ താമസിച്ചുവരുന്നു. ചില വില്ലകള്‍ ആള്‍ത്താമസമില്ലാതെ അടഞ്ഞുകിടക്കുകയും ചെയ്യുന്നു. വില്ലകളുടെ മേല്‍നോട്ടം വഹിക്കുന്ന ഒരു പഠാണിയെ അവിടെവെച്ചു കണ്ടുമുട്ടി. അയാളുടെ പേര് മുഹമ്മദ് ബുഷന്‍ ഖാന്‍ എന്നായിരുന്നു.
ഞാന്‍ ചോദിച്ചു:'നിങ്ങള്‍ക്ക് ഇവിടെ വെച്ച് ഒരു വര്‍ഷം മുന്‍പ് മരണപ്പെട്ട മലബാറിയെ പരിചയമുണ്ടോ?'
അയാള്‍ എന്നെയൊന്നു സൂക്ഷിച്ചുനോക്കി. എന്നിട്ടു ചോദിച്ചു:
'തും കോന്‍ ഹോ?'
ഞാന്‍ വിവരങ്ങള്‍ പറഞ്ഞു. പത്തനംതിട്ട സ്വദേശി പ്രസാദിന്റെ ഫോട്ടോ കാണിച്ചുകൊടുത്തു. അയാള്‍ എന്നെയും കൂട്ടി വില്ലയുടെ മറ്റൊരറ്റത്തേക്ക് നടന്നു. അടച്ചുപൂട്ടിയതും പൊടിപടലങ്ങളാല്‍ വൃത്തിഹീനവുമായ ഒരു വില്ലയ്ക്കുള്ളിലേക്കു കയറി.
അയാള്‍ പറഞ്ഞു: 'ആവോ ഭായി, അന്തര്‍ ആവോ.'
ഞാനും അതിനകത്തേക്കു കയറി.
അയാള്‍ പറഞ്ഞു:
'ഇതിനകത്താണ് അയാള്‍ താമസിച്ചിരുന്നത്.'
ആള്‍ത്താമസമില്ലാത്തതുകൊണ്ട് വര്‍ഷങ്ങള്‍ക്കു മുന്‍പേ വെള്ളവും വെളിച്ചവും വിച്ഛേദിച്ച വില്ലയായിരുന്നു അത്. അതിന്റെ വാതില്‍പ്പടികള്‍ തുരുമ്പെടുത്തിരുന്നു. ജനാലച്ചില്ലുകള്‍ തകര്‍ന്നിരുന്നു. മുറിയിലൊരിടത്ത് ദ്രവിച്ചുതുടങ്ങിയ ഒരു പായ ചുരുട്ടിക്കൂട്ടിയിട്ടിരുന്നു.
ബുഷന്‍ ഖാന്‍ പറഞ്ഞു:
'പല ദിവസങ്ങളിലും മദ്യപിച്ച് ഇവിടത്തെ ഏതെങ്കിലും തിണ്ണയില്‍ ചെന്ന് അയാള്‍ കിടക്കും. ഒരു ദിവസം അയാള്‍ ബോധംകെട്ട് തിണ്ണയില്‍ കിടക്കുകയായിരുന്നു. തെരുവുനായ്ക്കളുടെ ഒച്ച കേട്ടാണ് ഞാന്‍ അങ്ങോട്ടു ചെന്നത്. നായ്ക്കള്‍ അയാളെ കടിച്ചുവലിക്കുന്നുണ്ടായിരുന്നു. മുറിവുകളോടെ ചോരവാര്‍ന്നു നില്ക്കുന്ന അയാളെ അന്നാണ് ഈ മുറിയില്‍ കൊണ്ടുവന്നു കിടത്തിയത്. പിന്നീടുള്ള ദിവസങ്ങളില്‍ അയാള്‍ അവിടെത്തന്നെ വന്ന് കിടന്നുറങ്ങി. വാടകയൊന്നും തന്നിരുന്നില്ല. ഞാനയാളോട് ഒരിക്കലും വാടക ചോദിച്ചില്ല.
പ്രസാദിന്റെ അമ്മ കൈമാറിയ അവന്റെ ഫോട്ടോയിലേക്ക് ഞാന്‍ ഒരിക്കല്‍ക്കൂടി നോക്കി. 30 വയസ്സില്‍ താഴെ മാത്രം വയസ്സുണ്ടായിരുന്ന അവിവാഹിതനായ നല്ലൊരു ചെറുപ്പക്കാരന്‍. അയാള്‍ ജീവിച്ചിരിക്കുന്ന ഇടം തേടിയാണ് അവന്റെ അമ്മയുടെ ആഗ്രഹപ്രകാരം ഞാനിങ്ങോട്ട് പുറപ്പെട്ടത്. പക്ഷേ...
മുസല്ലയില്‍ ഒരുപാട് കാലമായി പ്രവര്‍ത്തിക്കുന്ന ചിമ്മണ്‍ എന്നു പേരായ ഗ്രോസറിയിലെത്തിയപ്പോഴാണ് പ്രസാദ് മരിച്ച വിവരം അറിയുന്നത്. പ്രസാദിനുള്ള കത്തുകള്‍ വന്നിരുന്നത് ഈ ഗ്രോസറിയുടെ പോസ്റ്റ് ബോക്‌സ് നമ്പറിലായിരുന്നു.
അവിടത്തെ മലപ്പുറംകാരനായ ഒരാള്‍ എന്നോടു പറഞ്ഞു:
'നല്ല സ്മാര്‍ട്ടായ ചെറുപ്പക്കാരനായിരുന്നു. ആദ്യമൊക്കെ ഇവിടെ വന്ന് കത്തു വന്നിട്ടുണ്ടോ എന്നു ചോദിക്കാറുണ്ടായിരുന്നു. പിന്നെപ്പിന്നെ ഇവിടെ വരാതാവുകയും കത്തുകള്‍ എടുക്കാതാവുകയും ചെയ്തു. അവന്റെ പേരില്‍ നാട്ടില്‍നിന്നും വന്ന രണ്ടു കത്തുകള്‍ ഇപ്പോഴും ഇവിടെയുണ്ട്.'
അയാള്‍ ആ കത്തുകളെടുത്ത് എന്റെ കൈയില്‍ തന്നു. പ്രസാദിന് അവന്റെ അമ്മ അയച്ച കത്തുകളായിരുന്നു അത്.
അവിടുന്ന് ഇറങ്ങാന്‍ നേരം ഞാന്‍ ചോദിച്ചു:
'അവന്‍ എവിടെയാണ് താമസിച്ചിരുന്നത്?'
അയാള്‍ നമസ്‌കാരപ്പറമ്പിന്റെ ഒരറ്റത്തേക്ക് ചൂണ്ടിക്കാണിച്ചുകൊണ്ടു പറഞ്ഞു:
'ആ വില്ലകള്‍ക്കിടയില്‍ എവിടെയോ ആണ്. അവിടെ ഒരു പാകിസ്താനി മേല്‍നോട്ടക്കാരനുണ്ട്. അയാളോടു ചോദിച്ചാല്‍ മതി.'
ഞാന്‍ കടയില്‍നിന്ന് പുറത്തിറങ്ങി കത്തിന്റെ കവറുകള്‍ പൊട്ടിച്ചുനോക്കി. മകന്‍ കത്തയയ്ക്കാത്തതിനെച്ചൊല്ലിയും വിളിക്കാത്തതിനെച്ചൊല്ലിയും ഒരമ്മയുടെ ആകുലത നിറഞ്ഞ കത്ത്. പണിയില്ലെങ്കില്‍ സാരമില്ല. നീ നാട്ടിലേക്കു വന്നാല്‍ മാത്രം മതിയെന്ന് ഒരമ്മ കരഞ്ഞുപറയുന്ന വാക്കുകള്‍. പ്രവാസലോകം പരിപാടിയില്‍ കണ്ട ആ അമ്മ അതിനുമുന്‍പേ വേദനയോടെ എഴുതിയയച്ച വാക്കുകള്‍ വിലാസക്കാരനേറ്റുവാങ്ങാതെ അനാഥമായിക്കിടക്കുന്നു. ഇന്ന് അതൊരു നിയോഗം പോലെ യാദൃച്ഛികമായി ഏറ്റുവാങ്ങുമ്പോള്‍ കൈയില്‍ക്കിടന്ന് അത് വിറകൊള്ളുന്നു.
പ്രവാസലോകം പരിപാടിയില്‍ വന്ന് അമ്മ പറഞ്ഞത് മകന്‍ അല്‍ ഐനില്‍ ഒരു അലൂമിനിയം ഫാബ്രിക്കേഷന്‍ കമ്പനിയിലാണ് എന്നായിരുന്നു. അവിടുന്ന് ആദ്യമൊക്കെ മാസാമാസം നാട്ടിലേക്ക് പണം അയച്ചുകൊടുക്കാറുണ്ടായിരുന്നു. പിന്നെപ്പിന്നെ ഒരു വിവരവും ഇല്ലാതെയായി. അവസാനമായി വിളിച്ചത് ഒന്നരവര്‍ഷം മുന്‍പായിരുന്നു.
ഷാര്‍ജയില്‍നിന്ന് അല്‍ ഐനിലേക്കു നൂറ്റെഴുപതോളം കിലോമീറ്റര്‍ ദൂരമുണ്ട്. അവിടത്തെ വിലാസത്തില്‍ കത്തുകളയയ്ക്കുന്നതിനു പകരം ഷാര്‍ജയിലേക്കു കത്തുകളയയ്ക്കാന്‍ പ്രസാദ് വീട്ടുകാര്‍ക്കു വിലാസം നല്കിയത് എന്തിന്? അല്‍ ഐനില്‍ ജോലിയുള്ള ഒരാള്‍ ഷാര്‍ജയില്‍ വന്ന് താമസിച്ചിരുന്നത് എന്തിന്? ഉത്തരം കിട്ടാതെ കുറെ ചോദ്യങ്ങള്‍കൊണ്ട് കുഴഞ്ഞുമറിഞ്ഞ ഒന്നായിരുന്നു പ്രസാദിനെക്കുറിച്ചു കിട്ടിയ വിവരങ്ങളുടെ ആദ്യ സൂചനകള്‍.
ഇപ്പോള്‍ കഥകളെല്ലാം വ്യക്തമാവുന്നു.
ആദ്യ അന്വേഷണത്തില്‍ത്തന്നെ അവന്‍ മരിച്ച വിവരം അറിഞ്ഞുകഴിഞ്ഞു. ഇപ്പോള്‍ ബുഷന്‍ഖാനിലൂടെ അവന്‍ മരിച്ചുകിടന്ന ഇടവും കണ്ടെത്തിയിരിക്കുന്നു. ബുഷന്റെ മുന്നില്‍ ഞാനൊരു കേള്‍വിക്കാരനായി നിന്നു. ആ ദിവസങ്ങളെക്കുറിച്ച് അയാള്‍ പറഞ്ഞു:
'അവസാനത്തെ ഒന്നുരണ്ടു മാസങ്ങളില്‍ അവന്‍ പുറത്തിറങ്ങിയതേയില്ല. ഈ മുറിയില്‍ത്തന്നെ ഇരിക്കുകയോ കിടക്കുകയോ ചെയ്യാറാണ് പതിവ്. കറന്റില്ലാത്തതുകൊണ്ട് അവന്‍ കിടന്ന മുറിയില്‍ ഭയങ്കര ചൂടായിരുന്നു. ഭക്ഷണം കഴിക്കാത്തതുകൊണ്ട് അവന്‍ കൂടുതല്‍ അവശനായിരുന്നു. അതു മനസ്സിലാക്കിയശേഷം എന്നും ഞാനുണ്ണുന്നതിന്റെ ഒരോഹരി അയാള്‍ക്കു കൊടുക്കാറുണ്ടായിരുന്നു.
ചിലപ്പോള്‍ കഴിക്കും. ചിലപ്പോള്‍ കൊടുത്തത് അതേപോലെ കിടക്കുന്നുണ്ടാകും. ഒരു ദിവസം അയാള്‍ പനിച്ചുവിറച്ചു കിടന്നു. എന്തൊക്കെയോ പറയുകയും കരയുകയും ചെയ്യുന്നുണ്ടായിരുന്നു. അയാളുടെ കൈയില്‍ പാസ്‌പോര്‍ട്ടോ ബത്താക്കയോ ഇല്ലായിരുന്നു. അയാളുടെ ദയനീയമായ അവസ്ഥ കണ്ട് ഒരു ദിവസം ടാക്‌സി പിടിച്ച് ഒരു പ്രൈവറ്റ് ആശുപത്രിയില്‍ കൊണ്ടുചെന്ന് കാണിച്ചു. ഡോക്ടര്‍ മരുന്നു കുറിച്ചു തന്നു. ഗവണ്‍മെന്റ് ആശുപത്രിയില്‍ കൊണ്ടുപോയിരുന്നെങ്കില്‍ അയാളുടെ ആരോഗ്യം തിരിച്ചുകിട്ടുമായിരുന്നു.
ബത്താക്കയൊന്നും ഇല്ലാത്തതുകൊണ്ട് എനിക്ക് അങ്ങോട്ടു കൊണ്ടുപോകാന്‍ കഴിഞ്ഞില്ല. പ്രൈവറ്റ് ആശുപത്രിയില്‍നിന്ന് കുറച്ചു മരുന്നുകള്‍ എഴുതിത്തരികയും അവിടെനിന്നും തിരിച്ചയ്‌യക്കുകയും ചെയ്തു. പിന്നെയും കുറേദിവസം അയാള്‍ ഇവിടത്തന്നെ കിടന്നു. ഒരു ദിവസം രാവിലെ എഴുന്നേറ്റു നോക്കിയപ്പോഴാണ് മുറിയുടെ പുറത്ത് തിണ്ണയില്‍ അയാള്‍ കിടക്കുന്നതു കണ്ടത്. അയാള്‍ മരിച്ചു കഴിഞ്ഞിരുന്നു. ഞാന്‍ അര്‍ബാബിനെ അറിയിച്ചു. അര്‍ബാബ് പോലീസിനെ വിളിച്ചു.കുറെനേരം ഇവിടെ കിടന്ന ബോഡി പോലീസ് വന്ന് എടുത്തുകൊണ്ടുപോയി. എന്റെ ജോലി നഷ്ടപ്പെടുന്നത് പേടിച്ച് അയാള്‍ ഇവിടെത്താമസിച്ചിരുന്നതും എനിക്കയാളെ പരിചയമുണ്ടായിരുന്നതും അര്‍ബാബിനോടോ പോലീസിനോടോ പറഞ്ഞില്ല.അന്നും അതു കഴിഞ്ഞുള്ള ദിവസവും പോലീസ് വന്ന് രണ്ടുമൂന്ന് തവണ എന്നോടു ചോദിച്ചിരുന്നു.
'ക്യാ യേ ആദ്മി കോ തും ജാന്‍തേ ഹേ. ഉസ്‌കോ അഡ്രസ് ഹേ ക്യാ?'
(നിനക്കിവനെ അറിയുമോ? അവന്റെ മേല്‍വിലാസവും)
പോലീസിന്റെ ചോദ്യത്തിന് ഓരോ തവണയും ഞാന്‍ അറിയില്ല എന്നുതന്നെ ഉത്തരം പറഞ്ഞു. സത്യത്തില്‍ അയാളുടെ മേല്‍വിലാസം എനിക്ക് അറിഞ്ഞു കൂടായിരുന്നു. ഞാന്‍ ബുഷനോടു പറഞ്ഞു:
'അവന്റെ അമ്മ ടിവിയില്‍ വന്ന് കാണാതായ മകനെ കണ്ടുപിടിച്ചു തരാന്‍ പറഞ്ഞിരുന്നു. അങ്ങനെയാണ് അവനെയും അന്വേഷിച്ച് ഞാന്‍ ഇവിടെയെത്തിച്ചേര്‍ന്നത്.'
അയാള്‍ ആകാശത്തേക്ക് കൈകളുയര്‍ത്തി പറഞ്ഞു:
'വെഹി ഹോത്താ ഹേ ജോ അള്ളാ ചാഹ്‌തേ ഹേ'
(അള്ളാഹു തീരുമാനിക്കുന്നതുപോലെ എല്ലാം നടക്കുന്നു.)
ഞാന്‍ ബുഷനോടു യാത്രപറയാന്‍നേരം അയാള്‍ പറഞ്ഞു:
'അവന്റെ ഒരു ചെറിയ ബാഗ് മുറിയിലുണ്ടായിരുന്നു. കളയാന്‍ എത്രയോ ദിവസമായി വിചാരിക്കുന്നു. എന്നിട്ടും കളയാതെ ഒരിടത്ത് എടുത്തുവെച്ചിരിക്കുകയായിരുന്നു. താങ്കള്‍ക്ക് കൊണ്ടുപോകണമെങ്കില്‍ കൊണ്ടുപൊയ്‌ക്കോളൂ.' പോലീസുകാര്‍ കാണാതെ മാറ്റിവെച്ച ആ ബാഗ് അയാള്‍ എന്റെ മുന്നില്‍ തുറന്നു വെച്ചു. അതില്‍ പ്രസാദിന്റെ കുറച്ച് വസ്ത്രങ്ങളും മറ്റുമായിരുന്നു. എപ്പോഴോ വാങ്ങിച്ചു വെച്ച ഒരു പട്ടുസാരിയും അതിനിടയിലുണ്ടായിരുന്നു. ഞാന്‍ പറഞ്ഞു:
'ബാഗിന്റെ സൈഡ് സിബ് കൂടി തുറന്നു നോക്കൂ.'
അയാള്‍ ബാഗിന്റെ സൈഡ് സിബ് വലിച്ചു. അതില്‍ കൈയിട്ടു പരതിനോക്കി. കാലവധി കഴിഞ്ഞ ബത്താക്കയും കുറച്ചു പേപ്പറുകളും അതിലുണ്ടായിരുന്നു. ബാഗ് ഞാന്‍ ബുഷന്റെ കൈയില്‍ത്തന്നെ തിരിച്ചേല്പിച്ചുകൊണ്ട് പറഞ്ഞു:
'മരിച്ചവന്റെ ശരീരം ഈ മണ്ണിലടങ്ങിക്കഴിഞ്ഞു. ഇനിയെന്തിനാണ് അവന് ഈ വസ്ത്രങ്ങള്‍? അതുകൊണ്ട് അതൊക്കെയും അവനോടൊപ്പം ഈ മണ്ണില്‍ത്തന്നെ ബാക്കിയാവട്ടെ.'
മേല്‍വിലാസമില്ലാത്ത മരിച്ചവരുടെ മൃതദേഹങ്ങള്‍ ഇവിടത്തെ ആശുപത്രിയുടെ മോര്‍ച്ചറിയില്‍ കുറച്ചു ദിവസം സൂക്ഷിക്കും. ആരും അതന്വേഷിച്ച് വന്നില്ലെങ്കില്‍ അവരത് അജ്ഞാതജഡങ്ങളുടെ കൂട്ടത്തില്‍പ്പെടുത്തി കുറച്ചുകാലം കഴിഞ്ഞ് പതിനായിരങ്ങളെ അടക്കിയ ഇടത്ത് മറവുചെയ്യും. ഇതാണ് പതിവ്.
ഞാന്‍ ബുഷനോടു ചോദിച്ചു:
'പോലീസ് മറ്റാരോടും പ്രസാദിന്റെ വിവരങ്ങള്‍ അന്വേഷിച്ചിരുന്നില്ലേ?'
വില്ലയിലേക്ക് തിരിയുന്നിടത്തെ ഗല്ലിയില്‍ കാണുന്ന ഒരു ചെറിയ ഗ്രോസറി ചൂണ്ടിക്കാട്ടി അയാള്‍ പറഞ്ഞു:
'ഞാന്‍ പോലീസുകാരോട് അവിടെയുള്ള മലബാറിയുടെ ഗ്രോസറിയില്‍ അന്വേഷിക്കാന്‍ പറഞ്ഞിരുന്നു. അവര്‍ അന്ന് അങ്ങോട്ടേക്കു ചെല്ലുകയും ചെയ്തിരുന്നു.'
ബുഷനോട് യാത്രപറഞ്ഞ് അവന്‍ ചൂണ്ടിക്കാണിച്ച ഗ്രോസറിയിലേക്ക് ചെന്നു. അന്നേരം അവിടെ ഒരു കാസര്‍ക്കോട്ടുകാരന്‍ പയ്യന്‍ മാത്രമാണ് ഉണ്ടായിരുന്നത്.
'പ്രസാദ് ഇവിടെ വരാറുണ്ടായിരുന്നില്ലേ?'
ഫോട്ടോ കണ്ടപ്പോള്‍ത്തന്നെ അവന്‍ പറഞ്ഞു:
'ഓന്‍ ഈടെ ബര്ത്ത്ണ്ട് സാര്‍. പക്ഷെല് കയിഞ്ഞ കൊല്ലം മൂപ്പര് മയ്യത്തായിറ്റ്ണ്ട്.'
കാസര്‍ക്കോടുകാരന്‍ അസ്സൈനാറുടെ വാക്കുകളില്‍നിന്നാണ് അല്‍ ഐനില്‍നിന്ന് പ്രസാദ് ഷാര്‍ജയിലെത്തിച്ചേര്‍ന്ന കഥ മനസ്സിലാക്കിയത്.
അസ്സൈനാര്‍ പറഞ്ഞു:
'ഓന് ഈട കൊറെ ചങ്ങായിമാരിണ്ടേനും. അതോണ്ട് ഓനെല്ലാ ആഴ്‌ചേലും ഈട ബരും. ഈട ബന്നാപ്പിന്നെ കുടീം ചീട്ടുകളിയുമാണ് പണി. കുടിച്ചാപ്പിന്നെ ഒരു ദെവസം മുയുവനും ബോധോല്ലാണ്ട് കെടക്കും. പിറ്റേന്ന് പണിക്കും പോകൂല. കുടിയും കളിയും കൂടിയപ്പോ ഒരു ദിവസം അന്റടുത്ത് ബന്ന് പറഞ്ഞു: 'ടാ എന്റെ പണി പോയി.'അതില്‍പിന്നെ അല്‍ ഐനില്‍ പോകാണ്ടായി. ഇവിടത്തന്നെ എപ്പളും കാണാം. കുടിച്ച് കണ്ണു ചുവന്ന് നടക്കും. ചിലപ്പോ ഇവിടെ കേറി ബെരും. കടം ചോദിക്കും.'
വാടക കൊടുക്കാനില്ലാതെ മുറിയില്‍നിന്ന് പുറത്താക്കിയതിനെ തുടര്‍ന്നാണ് പ്രസാദ് വില്ലയുടെ തിണ്ണയെ ആശ്രയിച്ചു തുടങ്ങിയത് എന്നും കൂടി അസ്സനാരുടെ വാക്കുകളില്‍നിന്നും എനിക്കു മനസ്സിലായി. അവന്‍ എന്നോട് ഒരു സ്വകാര്യം പറയുന്നതുപോലെ അടുത്തുവന്ന് പറഞ്ഞു.
'പോലീസുകാര് ഈട ബന്ന് അന്നോട് ചോയിച്ചിന്. മരിച്ച ആളെ അറിയോന്ന്. ഞാന്‍ കണ്ണടച്ചു. അനക്കറിയൂലാന്നു തന്നെ പറഞ്ഞ്.'
എനിക്ക് അതു കേട്ടപ്പോള്‍ അദ്ഭുതവും അരിശവും തോന്നി. അതുകൊണ്ടുതന്നെ അല്പം പരുഷമായിത്തന്നെ അവനോടു ചോദിച്ചു:
'ഒരു മലയാളി അല്ലേ മരിച്ചുപോയ ആള്‍. നീ അറിയുമെന്ന് പറഞ്ഞിരുന്നെങ്കില്‍ ആ ബോഡിയെങ്കിലും നാട്ടിലുള്ള ബന്ധുക്കളുടെ അടുത്തേക്ക് എത്തിക്കാന്‍ കഴിയുമായിരുന്നു.'
അതുകേട്ട് അസ്സൈനാര്‍ മറുപടി പറഞ്ഞു:
'പക്ഷേ, സാര്‍ എന്റെ അവസ്ഥ ആ സമയത്ത് നല്ല എടങ്ങേറിലായിരുന്നു. അതോണ്ടാ അങ്ങനെ പറയേണ്ടിബന്നത്.'
അസ്സൈനാര്‍ അവന്റെ എടങ്ങേറ് പിടിച്ച ഒരു കഥ വെളിപ്പെടുത്തി. വിസിറ്റ് വിസയില്‍ മസ്‌ക്കറ്റിലെ ബുറൈമിയില്‍ എത്തുകയും അവിടെനിന്ന് നിയമവിരുദ്ധമായി അതിര്‍ത്തി കടന്ന് അല്‍ ഐന്‍ വഴി ഇവിടെ എത്തിച്ചേര്‍ന്നതായിരുന്നു അസ്സൈനാര്‍. അതുകൊണ്ടുതന്നെ അയാളുടെ കൈയില്‍ ബത്താക്കയോ മറ്റു കാര്യങ്ങളോ ഒന്നുമുണ്ടായിരുന്നില്ല. പ്രസാദിനെ അറിയാമെന്ന് പറഞ്ഞാല്‍ പോലീസ് അവനോടു കൂടുതല്‍ കാര്യങ്ങള്‍ അന്വേഷിക്കും. അത് തന്റെ നിലനില്പിന് ഭീഷണിയാകുമെന്ന് അവന്‍ കരുതി. പോലീസ് വന്നു ചോദിച്ചപ്പോള്‍ അവനും മടി കൂടാതെ പറഞ്ഞു: 'മാലും നഹി സാര്‍.'
ഞാന്‍ അസ്സൈനാറോട് അതില്‍പ്പിന്നെ ഒന്നും പറഞ്ഞില്ല. എല്ലാവരും ഓരോവിധത്തില്‍ ഈ പ്രവാസഭൂമിയില്‍ വന്ന് അതിജീവിക്കാന്‍ ശ്രമിക്കുന്നു. അതിനിടയില്‍ ചിലര്‍ ജീവിതം മറന്ന് സ്വയം തകര്‍ന്നുവീഴുകയും ചെയ്യുന്നു.
പ്രസാദിന്റെ ഷാര്‍ജയിലെ സുഹൃത്തുക്കള്‍ ആരൊക്കെയാണെന്നും അവരൊക്കെ എവിടെയാണെന്നും ഞാന്‍ അസ്സൈനാറോടു ചോദിച്ചില്ല. ഒന്നിച്ചു കുടിച്ചവരും ചീട്ടുകളിച്ചവരും വഴിവിട്ട് അവനോടൊപ്പം സഞ്ചരിച്ചവരുമെല്ലാം അടുത്തെവിടെയോ ഉള്ള ഫ്‌ളാറ്റുകളില്‍ സുഖമായി ജീവിക്കുന്നു. കൂടെയുള്ളവന്‍ ഒരജ്ഞാതജഡമായി അന്യരാജ്യത്ത് മറവുചെയ്യപ്പെടുമ്പോഴും അവന്റെ അമ്മ ഇപ്പോഴും അവനെ കാത്തിരിക്കുന്നുണ്ട് എന്ന് മനസ്സിലാക്കാന്‍പോലും കഴിയാത്തവരായി അവരിവിടെ സ്വസ്ഥമായി ജീവിച്ചുപോരുന്നു. എനിക്ക് പ്രസാദിന്റെ കൂട്ടുകാരെ കാണാനോ അവരുടെ വാക്കുകള്‍ കേള്‍ക്കാനോ തോന്നിയതേയില്ല.
ഒരു ഇന്ത്യന്‍ പൗരന് നമ്മുടെ എംബസി നല്കുന്ന വില എത്രയാണ് എന്ന് യു.എ.ഇയില്‍ വെച്ച് മരണമടഞ്ഞ്, അജ്ഞാതജഡങ്ങളായി മറവു ചെയ്യപ്പെടുന്നവരുടെ എണ്ണം എടുത്തുനോക്കിയാല്‍ത്തന്നെ മനസ്സിലാവും. യു.എസ്.എ, യു.കെ. പോലുള്ള സമ്പന്നരാജ്യങ്ങളും അതിനിപ്പുറം ഫിലിപ്പൈന്‍സ് പോലുള്ള സാമ്പത്തികശേഷികുറഞ്ഞ രാജ്യങ്ങള്‍ പോലും സ്വന്തം പൗരന്‍ അന്യരാജ്യത്ത് വെച്ച് മരണപ്പെട്ടാല്‍ അതേക്കുറിച്ച് അന്വേഷിക്കുകയും മൃതശരീരം ബന്ധുക്കളുടെ അടുത്ത് എത്തിക്കാന്‍ പരമാവധി ശ്രമിക്കുകയും ചെയ്യുന്നു. ഇന്ത്യയിലെ പല ഗ്രാമാന്തരങ്ങളിലുമുള്ള എത്രയോ ചെറുപ്പക്കാരാണ് ഇതുപോലെ ഓരോ ദിവസവും തിരിച്ചറിയപ്പെടാതെ ഗള്‍ഫ് രാജ്യങ്ങളിലെ പൊതുശ്മശാനങ്ങളില്‍ അജ്ഞാതരായി മുദ്രകുത്തി മറവുചെയ്യപ്പെടുന്നത്. നമ്മുടെ എംബസിയാകട്ടെ, ഇതൊന്നും കണ്ടില്ലെന്ന് നടിച്ച് അന്നും ഇന്നും കണ്ണടച്ചുറങ്ങുന്നു.
മുസല്ലയിലെ പള്ളിയുടെ മിനാരങ്ങളില്‍ അസ്തമന സൂര്യന്റെ ചുകപ്പുരാശി വീണുതുടങ്ങുകയും നീളന്‍ നിഴലുകള്‍ അതിന്റെ കിഴക്കുഭാഗത്തെ വിശാലമായ അങ്കണത്തില്‍ വീണുകിടക്കുകയും ചെയ്തിരുന്ന സന്ധ്യാനേരത്ത് ഞാന്‍ പ്രവാസലോകത്തിന്റെ പ്രൊഡ്യൂസര്‍ റഫീക്ക് റാവുത്തറെ വിളിച്ചു. റഫീക്കിനോട് ഞാന്‍ പറഞ്ഞു:
'കഴിഞ്ഞ എപ്പിസോഡില്‍ സ്റ്റുഡിയോവില്‍ കരഞ്ഞുനിന്ന അമ്മയുടെ മകന്‍ പ്രസാദിനെക്കുറിച്ച് അന്വേഷിച്ച് ചില വിവരങ്ങള്‍ കിട്ടിയിട്ടുണ്ട്.'
അതു പൂര്‍ത്തിയാക്കുംമുന്‍പേ റഫീക്ക് ആകാംക്ഷയോടെ എന്നോടു ചോദിച്ചു: 'ആണോ? അയാളെ കണ്ടുകിട്ടിയോ?'
ഞാന്‍ പറഞ്ഞു. 'കണ്ടുപിടിച്ചു; പക്ഷേ, പ്രസാദ് ഇപ്പോള്‍ ജീവിച്ചിരിപ്പില്ല. ഒരു വര്‍ഷം മുന്‍പേ, മരിച്ചുപോയി.'
റാവുത്തര്‍ ഞെട്ടലോടെ ഓ! എന്നു മാത്രം പറഞ്ഞു നിശ്ശബ്ദനായി. ആ ഇടവേളയില്‍ ഞാനതു പറഞ്ഞ് പൂര്‍ത്തിയാക്കി. 'ഒരു വര്‍ഷംമുന്‍പേ, പ്രസാദ് ഒരജ്ഞാതജഡമായി ഇവിടെ മറവുചെയ്യപ്പെട്ടു.'
പ്രവാസലോകത്തിന്റെ അവതാരകനായ പി.ടി കുഞ്ഞുമുഹമ്മദ് ആ പരിപാടിയുടെ അവസാനം പറഞ്ഞതുകൂടി ഞാനപ്പോള്‍ ഓര്‍ത്തു:
'എവിടെയാണെങ്കിലും അമ്മയുടെ മകനെ അന്വേഷിച്ച് കണ്ടുപിടിച്ച് നാട്ടിലെത്തിക്കാനുള്ള ഏര്‍പ്പാടുകള്‍ ചെയ്യാം. അമ്മ വിഷമിക്കരുത്.'
പക്ഷേ, മകന്റെ ശവശരീരംപോലും ഇപ്പോള്‍ ബാക്കിയില്ല എന്ന യാഥാര്‍ഥ്യമാണ് ഇനി ആ അമ്മ അറിയാന്‍ അവശേഷിക്കുന്നത്. ആ നിമിഷം വരെ മാത്രമാണ് അവരുടെ കാത്തിരിപ്പിനും ആയുസ്സുണ്ടാവുകയുള്ളൂ. അതറിയുമ്പോള്‍ ഒരു വീട് പലതരം നിലവിളികളാല്‍ പ്രകമ്പനംകൊള്ളുന്നതും ഓരോ കണ്ണുകളും ദിവസങ്ങളോളം നിര്‍ത്താതെ പെയ്തുകൊണ്ടിരിക്കുന്നതും മനസ്സുകൊണ്ട് ഞാന്‍ കാണുന്നുണ്ടായിരുന്നു.
പടിഞ്ഞാറുനിന്ന് കടല്‍ക്കാറ്റ് നിശ്വാസംപോലെ ആ നേരത്ത് എന്നെ വന്നുപൊതിഞ്ഞുകൊണ്ടിരുന്നു. അവിടെ നിന്ന് ഞാന്‍ മടങ്ങാനൊരുങ്ങുമ്പോള്‍ പള്ളിമുറ്റത്തേക്ക് ആരോ അരിമണികള്‍ വാരിയെറിഞ്ഞു. അതേസമയത്തുതന്നെ എവിടെ നിന്നോ കുറെ പ്രാവുകള്‍ പറന്നുവന്നു. അവയൊക്കെയും കുറുകിക്കുറുകിക്കൊണ്ട് അരിമണികള്‍ കൊറിച്ചുതിന്നുകയും അതിനുശേഷം പറന്നു പറന്ന് അന്നത്തെ സന്ധ്യയോടൊപ്പം എവിടേക്കോ മറഞ്ഞുപോവുകയും ചെയ്തു.

മരുഭൂമിയിലെ മറുജീവിതങ്ങള്‍ എന്ന പുസ്തകം ഓണ്‍ലൈനില്‍ വാങ്ങാം

Content Highlights: Marubhumiyile Marujeevithangal | Amanullayude Ormakal New Release Mathrubhumi Books


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
ATLAS RAMACHANDRAN

2 min

'ജനകോടികളുടെ വിശ്വസ്ത സ്ഥാപനം', തിരിച്ചുവരാന്‍ മോഹിച്ചിട്ടും നാടുകാണാതെ മടക്കം

Oct 3, 2022


atlas ramachandran

2 min

അറ്റ്‌ലസ് രാമചന്ദ്രന്‍ അന്തരിച്ചു, അന്ത്യം ദുബായിലെ ആശുപത്രിയില്‍

Oct 3, 2022


Mallikarjun Kharge, VD Satheesan

1 min

ഖാര്‍ഗെയെ പിന്തുണയ്ക്കും, അദ്ദേഹം കോണ്‍ഗ്രസ് അധ്യക്ഷനാകുന്നത് അഭിമാനകരം - വി.ഡി. സതീശന്‍

Oct 1, 2022

Most Commented