ജോണ്‍ ബക്കന്റെ 39 സ്‌റ്റെപ്‌സ് മലയാളത്തില്‍!


മരിയ റോസ്‌

ഞാനൊരു സാധാരണക്കാരനാണ്. വലിയ ധൈര്യശാലിയൊന്നുമല്ല. പക്ഷേ, നല്ല മനുഷ്യര്‍ ചവിട്ടിത്താഴ്ത്തപ്പെടുന്നതു കാണാന്‍ ഒരിക്കലും ഞാനിഷ്ടപ്പെട്ടിരുന്നില്ല. അയാളുടെ സ്ഥാനത്ത് ഞാനായിരുന്നെങ്കില്‍ ഇതുപോലെ ഒരു നീളന്‍ കത്തികൊണ്ടായിരിക്കില്ല ഇതവസാനിക്കുക.

ജോൺ ബക്കൻ, പുസ്തകത്തിന്റെ കവർ

വിഖ്യാത ഡിക്ടറ്റീവ് നോവലിസ്റ്റ് ജോണ്‍ ബക്കന്റെ 39 സ്റ്റെപ്‌സ് മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയിരിക്കുന്നു. മരിയറോസ് വിവര്‍ത്തനം ചെയ്ത നോവല്‍ മാതൃഭൂമി ബുക്‌സ് ആണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്. നോവലില്‍ നിന്നും ഒരുഭാഗം വായിക്കാം.

പാല്‍ക്കാരന്‍ യാത്രയാരംഭിക്കുന്നു

ഞാന്‍ ചാരുകസേരയിലേക്കിരുന്നു.
അഞ്ചുമിനിറ്റ് അങ്ങനെയിരുന്നുകാണണം, ഭീകരമായ ചില ചിന്തകള്‍ മനസ്സിലേക്കു വന്നു. വിളറിവെളുത്ത് തറയില്‍ക്കിടക്കുന്ന ആ മുഖം എനിക്ക് സഹിക്കാവുന്നതിലധികമായിരുന്നു. ഒരു മേശവിരിയെടുത്ത് ഞാനതു മൂടിയിട്ട് അലമാരയില്‍നിന്ന് അല്പം ബ്രാന്‍ഡിയെടുത്തു കുടിച്ചു. മനുഷ്യര്‍ ഭീകരമായി കൊല ചെയ്യപ്പെട്ടിരിക്കുന്നത് കണ്ടിട്ടുണ്ട്; തീര്‍ച്ചയായും മറ്റാബേല്‍ യുദ്ധത്തില്‍ ഞാന്‍ ചിലരെ കൊന്നിട്ടുമുണ്ട്. എന്നാല്‍ രക്തം മരവിപ്പിക്കുന്ന ഇത്, അതും എന്റെ മുറിക്കുള്ളില്‍, അത് മറ്റെന്തിനെക്കാളും വ്യത്യസ്തമായിരുന്നു. ഞാന്‍ വാച്ചില്‍ നോക്കി. സമയം പത്തര.
എനിക്കൊരാശയം തോന്നി. ഒരു പല്ലുകുത്തിയുമെടുത്ത് പുറത്തേക്കു പോയി ഞാന്‍ പരിസരമാകെ നിരീക്ഷിച്ചു. അവിടെയാരുമുണ്ടായിരുന്നില്ല.
എങ്കിലും എല്ലാ ജനലുകളുമടച്ച് വാതിലില്‍ ചങ്ങല വെച്ചു.

എന്റെ സ്വബോധം മടങ്ങിവരുന്നുണ്ടായിരുന്നു. അതുകൊണ്ട് ഞാന്‍ ചിന്തിച്ചുതുടങ്ങി. കാര്യങ്ങള്‍ ശരിക്കു മനസ്സിലാക്കിയെടുക്കാന്‍ ഒരുമണിക്കൂറോളമെടുത്തു. ഞാന്‍ തിരക്കുകൂട്ടിയില്ല. കാരണം, കൊലയാളി മടങ്ങിവന്നില്ലെങ്കില്‍, എനിക്കു ചിന്തിക്കാന്‍ രാവിലെ ആറുമണിവരെ സമയമുണ്ടായിരുന്നു. സ്‌കഡര്‍ പറഞ്ഞ കഥയുടെ സത്യാവസ്ഥയെക്കുറിച്ച് എനിക്കുണ്ടായിരുന്ന സംശയത്തിന്റെ നിഴല്‍ പൂര്‍ണമായും മാറിയിരുന്നു. അതിനുള്ള തെളിവാണ് ഇപ്പോള്‍ മേശവിരിയുടെ കീഴില്‍ കിടക്കുന്നത്. എല്ലാ വിവരങ്ങളും അയാള്‍ക്കറിയാമെന്നറിഞ്ഞ അയാളുടെ സ്‌നേഹിതര്‍ തന്നെ ഏറ്റവും ഫലപ്രദമായ രീതിയില്‍ അയാളെ നിശ്ശബ്ദനാക്കിയിരിക്കുന്നു. അതെ. പക്ഷേ, അയാളെന്റെ ഫ്‌ളാറ്റില്‍ നാലു ദിവസമുണ്ടായിരുന്നു. രഹസ്യങ്ങളെല്ലാം അയാള്‍ എന്നോടു പറഞ്ഞുവെന്ന് അയാളുടെ ശത്രുക്കള്‍ വിശ്വസിച്ചിരിക്കാം. എങ്കില്‍ അടുത്ത ഇര ഞാനായിരിക്കും, ചിലപ്പോള്‍ അത് ഇന്നു രാത്രിതന്നെയായിരിക്കും. അല്ലെങ്കില്‍ അടുത്ത രാത്രി. അതുമല്ലെങ്കില്‍ അതിനടുത്ത രാത്രി. എന്തായാലും എന്റെ ദിനങ്ങള്‍ എണ്ണപ്പെട്ടുകഴിഞ്ഞു.

പെട്ടെന്ന് മറ്റൊരു സാധ്യതയെക്കുറിച്ച് ഞാനാലോചിച്ചു. ഞാനിപ്പോള്‍ പുറത്തുപോയി പോലീസിനെ വിളിച്ചാല്‍, അല്ലെങ്കില്‍ രാവിലെ പാഡോക്ക് ശവം കണ്ടാല്‍ സ്‌കഡറിനെക്കുറിച്ച് എന്താണ് ഞാനവരോട് പറയേണ്ടത്? അയാളെക്കുറിച്ച് ഞാന്‍ പാഡോക്കിനോട് ഒരു നുണ പറഞ്ഞുകഴിഞ്ഞു. ഇനിയിപ്പോള്‍ സ്‌കഡര്‍ പറഞ്ഞതെല്ലാം പോലീസിനോട് തുറന്നുപറഞ്ഞാല്‍ത്തന്നെ അവര്‍ എന്നെ കളിയാക്കിച്ചിരിക്കും. കൊലപാതകക്കുറ്റം എന്റെ മേല്‍ വീഴുകയും ചെയ്യും. സാഹചര്യത്തെളിവുകള്‍ ഞാന്‍ തൂങ്ങാന്‍ മാത്രം ശക്തമാണ്. ഇംഗ്ലണ്ടില്‍ വളരെക്കുറച്ചുപേര്‍ക്കു മാത്രമേ എന്നെ അറിയാവൂ. എന്റെ സ്വഭാവം വ്യക്തമാക്കാന്‍ ഇവിടെ ഒരു സുഹൃത്തുപോലുമില്ല. ചിലപ്പോള്‍ അങ്ങനെയൊരു സാഹചര്യത്തിനുവേണ്ടിയായിരിക്കാം ശത്രുക്കള്‍ നോക്കിയിരിക്കുന്നത്. അങ്ങനെയായാല്‍ ജൂണ്‍ 15 വരെ എന്നെ രംഗത്തുനിന്നു മാറ്റുവാന്‍ കഴിയും.

അഥവാ, എന്തെങ്കിലും അദ്ഭുതത്തിന്റെ മേല്‍ ഞാന്‍ പറയുന്നത് പോലീസ് വിശ്വസിച്ചാല്‍ സ്‌കഡറിന്റെ സ്ഥാനത്തുനിന്ന് എനിക്കു കളിക്കേണ്ടിവരും. കാരോലൈസ്ഡ് ഇംഗ്ലണ്ടിലെത്താന്‍ പാടില്ല. അതാണവര്‍ക്കു വേണ്ടത്. സ്‌കഡര്‍ മരിച്ചുകഴിഞ്ഞു. രഹസ്യങ്ങളെല്ലാം അയാളെന്നോടു പറഞ്ഞ സ്ഥിതിക്ക് ഇനി അയാളുടെ സ്ഥാനത്തുനിന്ന് ഒരു കളി കളിക്കാന്‍തന്നെ ഞാന്‍ തീരുമാനിച്ചു.
ഞാനൊരു സാധാരണക്കാരനാണ്. വലിയ ധൈര്യശാലിയൊന്നുമല്ല. പക്ഷേ, നല്ല മനുഷ്യര്‍ ചവിട്ടിത്താഴ്ത്തപ്പെടുന്നതു കാണാന്‍ ഒരിക്കലും ഞാനിഷ്ടപ്പെട്ടിരുന്നില്ല. അയാളുടെ സ്ഥാനത്ത് ഞാനായിരുന്നെങ്കില്‍ ഇതുപോലെ ഒരു നീളന്‍ കത്തികൊണ്ടായിരിക്കില്ല ഇതവസാനിക്കുക.

ഇതെല്ലാം ചിന്തിക്കാന്‍ രണ്ടുമണിക്കൂറെടുത്തു. ആ സമയംകൊണ്ട് ഞാനൊരു തീരുമാനമെടുത്തിരുന്നു. ജൂണ്‍ രണ്ടാമത്തെയാഴ്ചവരെയെങ്കിലും ഞാന്‍ അപ്രത്യക്ഷനായിരിക്കണം. പിന്നെ, സ്‌കഡര്‍ പറഞ്ഞ സത്യങ്ങള്‍ എങ്ങനെയെങ്കിലും അധികാരികളെ അറിയിക്കണം. അയാളതു വിശദമായി ഒന്നുകൂടി പറഞ്ഞിരുന്നുവെങ്കില്‍ എന്നു ഞാനോര്‍ത്തു. പറഞ്ഞതുതന്നെ ഞാന്‍ ശരിക്കു ശ്രദ്ധിച്ചിരുന്നില്ല. അവയില്‍ എത്രത്തോളം സത്യമുണ്ടെന്ന് എനിക്കറിയില്ലായിരുന്നു. ഞാന്‍ പറയുന്നതു വിശ്വസിക്കാന്‍ തക്കതായ എന്തെങ്കിലും ഇടയ്ക്കു സംഭവിക്കുമെന്നു ഞാന്‍ പ്രതീക്ഷിച്ചു. അടുത്ത മൂന്നാഴ്ചത്തേക്ക് ഒരു യാത്ര പോവുകയെന്നതായിരുന്നു ആദ്യപരിപാടി. ഇന്ന് മേയ് ഇരുപത്തിനാലാം തീയതി. ഇരുപതു ദിവസത്തേക്കാണ് ഈ ഒളിച്ചുകളി. രണ്ടു കൂട്ടരുണ്ടാകും എനിക്കു പിന്നാലെ. സ്‌കഡറിന്റെ ശത്രുക്കള്‍ എന്നെ കൊല്ലാന്‍വേണ്ടിയും, പോലീസ് അയാളുടെ മരണത്തിനുത്തരം പറയിക്കാന്‍വേണ്ടിയും. അപകടകരമായ ഒരു വേട്ടയായിരിക്കും അത്. മൃതദേഹത്തോടൊപ്പം അവിടെ ഒറ്റയ്ക്കിരിക്കുന്നതുതന്നെ അപകടമാണെന്ന് എനിക്കറിയാമായിരുന്നു. ഇപ്പോള്‍ എന്റെ സുരക്ഷിതത്വം എന്റെ ബുദ്ധിയിലാണ്.

സ്‌കഡറിന്റെ കൈയില്‍ കൂടുതല്‍ വിവരങ്ങള്‍ നല്കാന്‍ പറ്റിയ എന്തെങ്കിലും രേഖകളുണ്ടാകുമോ എന്നായി എന്റെ അടുത്ത ചിന്ത. മേശവിരി മാറ്റി ഞാന്‍ പോക്കറ്റുകള്‍ പരിശോധിച്ചു. ആ മുഖം ശാന്തമായിരുന്നു. കുറച്ചു നാണയങ്ങളല്ലാതെ ആ പോക്കറ്റിലൊന്നുമുണ്ടായിരുന്നില്ല. പാന്റിന്റെ പോക്കറ്റില്‍ ഒരു പേനാക്കത്തിയും ജാക്കറ്റില്‍ പുകവലിക്കുന്ന ഒരു പൈപ്പും. അയാള്‍ കുറിപ്പെഴുതിയിരുന്ന കറുത്ത പുസ്തകം മാത്രം കണ്ടില്ല. ഒരുപക്ഷേ, കൊലയാളി അതു കണ്ടെടുത്തിരിക്കും.
പക്ഷേ, ഞാനെഴുന്നേറ്റപ്പോള്‍ മേശയുടെ വലിപ്പ് തുറന്നുകിടക്കുന്നതു കണ്ടു. സ്‌കഡര്‍ ഒരിക്കലും അത് അങ്ങനെ വിട്ട് പോയിരുന്നില്ല എന്ന് ഞാനോര്‍ത്തു. ആരോ എന്തിനുവേണ്ടിയോ തിരച്ചില്‍ നടത്തിയിരിക്കുന്നു. ചിലപ്പോള്‍ അത് ആ കറുത്ത പോക്കറ്റ് ബുക്കിനു വേണ്ടിത്തന്നെയായിരിക്കും.
ഫ്‌ളാറ്റില്‍ മുഴുവന്‍ ഞാന്‍ തിരഞ്ഞു. കൊലയാളിയും അവിടമാകെ തിരഞ്ഞിട്ടുണ്ടെന്നു വ്യക്തമായിരുന്നു; പുസ്തകങ്ങള്‍ക്കുള്ളിലും മേശവലിപ്പുകളിലും അലമാരയിലും പെട്ടിയിലും എന്റെ വസ്ത്രങ്ങളുടെ പോക്കറ്റുകളില്‍ വരെ.

ഞാനൊരു ഭൂപടമെടുത്ത് ബ്രിട്ടന്‍ എന്ന വന്‍ദ്വീപ് നോക്കി. അറിയപ്പെടാത്ത ഏതെങ്കിലും ഒരു സ്ഥലത്തേക്കു പോവുകയെന്നതായിരുന്നു എന്റെ ലക്ഷ്യം. നഗരങ്ങളിലേക്കാണ് യാത്രയെങ്കില്‍ കെണിയിലകപ്പെട്ട എലിയെപ്പോലെയായിരിക്കും എന്റെ അവസ്ഥ. സ്‌കോട്‌ലന്‍ഡാണ് നല്ലതെന്നു തീരുമാനിച്ചു. ഒരു സ്‌കോട്‌ലന്‍ഡുകാരനായതുകൊണ്ട് ആ വേഷത്തില്‍ എനിക്കെവിടെയും സഞ്ചരിക്കാം. സ്‌കോട്‌ലന്‍ഡിലെ ഗാലോവേ എന്ന പ്രദേശത്ത് കണ്ണുകള്‍ ഉടക്കി. ഒരു വിജനപ്രദേശമായിരുന്നു അത്.
റെയില്‍വേ സമയവിവരപ്പട്ടിക നോക്കി സെന്റ് പാന്‍ക്രാസില്‍നിന്ന് 7.10നു പുറപ്പെടുന്ന ഒരു ട്രെയിന്‍ ഗാലോവെ സ്റ്റേഷനില്‍ ഉച്ചതിരിഞ്ഞ് എത്തുമെന്നു മനസ്സിലാക്കി. പക്ഷേ, എങ്ങനെ സെന്റ് പാന്‍ക്രാസിലെത്തും എന്നതായിരുന്നു പ്രശ്‌നം. സ്‌കഡറിന്റെ ശത്രുക്കള്‍ പുറത്ത് നിരീക്ഷിക്കുന്നുണ്ടാവും. എന്തായാലും ഞാന്‍ രണ്ടുമണിക്കൂര്‍ കിടന്നുറങ്ങി ക്ഷീണം മാറ്റി. നാലുമണിക്കെഴുന്നേറ്റ് ബെഡ്‌റൂമിന്റെ ഷട്ടറുകള്‍ തുറന്നുനോക്കി. ഒരു തെളിഞ്ഞ വേനല്‍ക്കാലപ്രഭാതമായിരുന്നു അത്. കുരുവികള്‍ ചിലയ്ക്കാന്‍ തുടങ്ങിയിരുന്നു. രാത്രി ആലോചിച്ചുറപ്പിച്ച പദ്ധതികളെക്കുറിച്ചോര്‍ത്തു. അതനുസരിച്ചുതന്നെ മുന്നോട്ടു പോകാന്‍ തീരുമാനിച്ചു.

ഉപയോഗിച്ചു പഴകിയ ഒരു സ്യൂട്ടും ബൂട്ടുകളുമാണ് ഞാന്‍ ധരിച്ചത്. അതുപോലെത്തന്നെ പഴകിയ ഒരു ഷര്‍ട്ടും തൊപ്പിയും കുറച്ചു തൂവാലകളും, പിന്നെ പല്ലു തേയ്ക്കാനൊരു ബ്രഷും പോക്കറ്റില്‍ കരുതി. രണ്ടുദിവസം മുന്‍പ് ബാങ്കില്‍നിന്നെടുത്ത അന്‍പതു പൗണ്ട് ബെല്‍റ്റിനുള്ളില്‍ സുരക്ഷിതമാക്കി. വേണ്ടതെല്ലാം പാക്കു ചെയ്തതിനുശേഷം ഒന്നു കുളിച്ച് ഷേവ് ചെയ്തു.
ഇനിയാണ് അടുത്ത പടി. പാഡോക്ക് പതിവായി 7.30 നാണു വരാറ്. തന്റെ കൈയിലുള്ള താക്കോല്‍ കൊണ്ട് സ്വയം തുറന്ന് അകത്തു കയറുകയാണു പതിവ്. ഏഴിന് ഇരുപതു മിനിറ്റുള്ളപ്പോള്‍ പാലുകാരന്‍ പാത്രങ്ങള്‍ കിലുക്കിക്കൊണ്ടു വരും. എനിക്കുള്ള പങ്ക് ഫ്‌ളാറ്റിന്റെ വാതില്‍ക്കല്‍ വെച്ചിട്ടു പോകും. എന്റെയത്ര തന്നെ ഉയരമുള്ള വെളുത്ത ഓവര്‍കോട്ട് ധരിച്ച ഒരാളാണ് പാലുകാരന്‍. അയാളെയായിരുന്നു എനിക്കാവശ്യം.

book cover
പുസ്തകം വാങ്ങാം

ഞാന്‍ പതിവായി പുകവലിക്കാനിരിക്കാറുള്ള മുറിയിലേക്കു പോയി. ഷട്ടറിനിടയിലൂടെ സൂര്യപ്രകാശം കടന്നുവരുന്നുണ്ടായിരുന്നു. അല്പം വിസ്‌കിയും സോഡയും കുറച്ച് ബിസ്‌കറ്റുംകൊണ്ട് പ്രാതല്‍ കഴിച്ചു. സമയം ആറുമണിയാകാന്‍ പോകുന്നു. ഞാന്‍ പൈപ്പും കുറച്ചു പുകയിലയുമെടുത്ത് പോക്കറ്റില്‍ വെച്ചു.
പുകയിലക്കെട്ടിനിടയില്‍ പരതുമ്പോഴാണ് കനമുള്ള എന്തിലോ കൈയുടക്കിയത്. അത് സ്‌കഡറിന്റെ പോക്കറ്റ് ബുക്കായിരുന്നു... നല്ല ലക്ഷണംതന്നെ. ഞാന്‍ അയാളെ മൂടിയിട്ടിരുന്ന മേശവിരി മാറ്റി. ആ മുഖത്തെ ശാന്തത എന്നെ അദ്ഭുതപ്പെടുത്തി.

'ഗുഡ്‌ബൈ, സുഹൃത്തേ,' ഞാന്‍ പറഞ്ഞു, 'താങ്കള്‍ക്കുവേണ്ടി എനിക്കു ചെയ്യാന്‍ കഴിയുന്നതെല്ലാം ഞാന്‍ ചെയ്യാന്‍ പോവുകയാണ്. എവിടെയാണെങ്കിലും എന്നെ ആശംസിക്കുക.'
പിന്നെ ഞാന്‍ പാലുകാരനെ കാത്ത് ഹാളിലിരുന്നു. അതായിരുന്നു ഏറ്റവും മുഷിപ്പന്‍ പരിപാടി. ആറ് മുപ്പതായി, ആറ് നാല്പതായി. എന്നിട്ടും അയാളുടെ പൊടിപോലുമില്ല. ആ വിഡ്ഢി വൈകാന്‍ ഈ ദിവസംതന്നെയാണ് തിരഞ്ഞെടുത്തത്. ആറ് നാല്പത്തഞ്ചായപ്പോള്‍ പാല്‍പ്പാത്രങ്ങളുടെ കിലുക്കം കേട്ടുതുടങ്ങി. വാതില്‍ തുറന്നപ്പോള്‍ കക്ഷി മുന്നിലുണ്ട്.
'സുഹൃത്തേ, ഒരുനിമിഷം, എനിക്കൊരു കാര്യം പറയാനുണ്ട്,' ഞാനയാളെ ഭക്ഷണമുറിയിലേക്ക് കൊണ്ടുപോയി.
'താങ്കളെനിക്കൊരു സഹായം ചെയ്യണം,' ഞാന്‍ പറഞ്ഞു, 'ഒരു പത്തു മിനിറ്റുനേരത്തേക്ക് നിങ്ങളുടെ തൊപ്പിയും ഓവര്‍കോട്ടുമൊന്ന് കടം തരണം.
ഈ പണം പിടിച്ചോളൂ.'

കാശു കണ്ടപ്പോള്‍ അവന്റെ കണ്ണുകള്‍ വിടര്‍ന്നു. അവന്‍ ചോദിച്ചു:
'എന്താണ് പരിപാടി?'
'ഒരു പന്തയമാണ്,' ഞാന്‍ പറഞ്ഞു, 'വിശദീകരിക്കാന്‍ സമയമില്ല. എനിക്ക് ജയിക്കണമെങ്കില്‍ പത്തുമിനിറ്റു നേരത്തേക്ക് ഞാനൊരു പാലുകാരനാകണം. മടങ്ങിവരുന്നതുവരെ ഇവിടെ നില്ക്കുക. നിങ്ങളല്പം വൈകിയേക്കാം. ആരും പരാതിയൊന്നും പറയാന്‍ പോകുന്നില്ല.'
'ശരി!' അവന്‍ സന്തോഷത്തോടെ പറഞ്ഞു, 'ദാ, ഓവര്‍കോട്ടും തൊപ്പിയും പിടിച്ചോ!'
ഞാനുടന്‍തന്നെ അവന്റെ നീലത്തൊപ്പിയും വെളുത്ത ഓവര്‍കോട്ടും ധരിച്ചു. ഫ്‌ളാറ്റിന്റെ വാതിലടച്ചശേഷം പാല്‍പ്പാത്രങ്ങളുമെടുത്ത് വിസിലടിച്ചുകൊണ്ട് പുറത്തിറങ്ങി നടന്നു.
റോഡില്‍ ആരുമില്ലെന്നാണ് ആദ്യം ഞാന്‍ കരുതിയത്. പക്ഷേ, ഒരു പോലീസുകാരന്‍ അവിടെ ചുറ്റിത്തിരിയുന്നുണ്ടായിരുന്നു. എന്തായാലും പോലീസുകാരെക്കാള്‍ ഇപ്പോള്‍ ഭയപ്പെടേണ്ടത് സ്‌കഡറിന്റെ ശത്രുക്കളെയാണ്. തത്കാലം സംശയാസ്പദമായി ആരെയും അവിടെയെങ്ങും കണ്ടില്ല. ഇനി അഥവാ ഉണ്ടെങ്കില്‍ത്തന്നെ പാലുകാരനെ അവര്‍ ശ്രദ്ധിക്കാന്‍പോകുന്നില്ല. യൂണിഫോം ധരിച്ചവരുടെ മുഖത്തേക്ക് ആരും നോക്കുക പതിവില്ല. മറിച്ച്, വസ്ത്രംകൊണ്ടാണ് അവര്‍ തിരിച്ചറിയപ്പെടുക.

ഞാന്‍ തെരുവ് മുറിച്ചുകടന്നു. പാലുകാരനെ അനുകരിച്ചുകൊണ്ട് ഞാനിടയ്ക്കിടെ വിസിലടിക്കുന്നുണ്ടായിരുന്നു. അടുത്ത തെരുവിലേക്കു കടന്നപ്പോള്‍ പരിസരം വീക്ഷിച്ചു. വിജനമാണ്. പാല്‍പ്പാത്രങ്ങള്‍ താഴെ വെച്ച് ഓവര്‍കോട്ടും തൊപ്പിയും ഞാനഴിച്ചുമാറ്റി. എന്റെ തൊപ്പി ധരിച്ചുകഴിഞ്ഞപ്പോള്‍ പോസ്റ്റ്മാന്‍ എന്നെ കടന്നുപോയി. ഞാനയാള്‍ക്ക് സുപ്രഭാതം ആശംസിച്ചു. സംശയമൊന്നുമില്ലാതെ അയാളത് മടക്കുകയും ചെയ്തു. അപ്പോള്‍ തൊട്ടടുത്ത ക്ലോക്കില്‍ മണി ഏഴടിച്ചു.
സമയം ഒട്ടും കളയാനുണ്ടായിരുന്നില്ല. യൂസ്റ്റണ്‍ റോഡിലെത്തിയപ്പോഴേക്കും ഞാന്‍ ഓടാന്‍ തുടങ്ങി. സെന്റ് പാന്‍ക്രാസിലെത്തിയപ്പോഴേക്കും ടിക്കറ്റെടുക്കാനുള്ള സമയമുണ്ടായിരുന്നില്ല. മാത്രവുമല്ല, ഞാനെന്റെ ലക്ഷ്യം തീരുമാനിച്ചിരുന്നുമില്ല. ഒരു പോര്‍ട്ടര്‍ എനിക്ക് പ്ലാറ്റ്‌ഫോം പറഞ്ഞുതന്നു. ട്രെയിന്‍ പതിയേ ചലിച്ചുതുടങ്ങിയിരുന്നു. സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ തടയാന്‍ ശ്രമിച്ചുവെങ്കിലും അവരെ തട്ടിമാറ്റി ഞാന്‍ അവസാനത്തെ ബോഗിയില്‍ കയറിപ്പറ്റി.

മൂന്നു മിനിറ്റു കഴിഞ്ഞപ്പോള്‍ ട്രെയിന്‍ വടക്കന്‍ തുരങ്കങ്ങളിലൂടെ ചീറിപ്പായുകയായിരുന്നു. അപ്പോള്‍ ഒരു ഗാര്‍ഡ് കോച്ചിലേക്കു വന്നു. ഞാന്‍ ന്യൂട്ടന്‍-സ്റ്റിവാര്‍ട്ടിലേക്ക് ഒരു ടിക്കറ്റെടുത്തു. ആ പേരാണ് എന്റെ ഓര്‍മയിലേക്ക് ആദ്യം ഓടിയെത്തിയത്. ആ ഫസ്റ്റ് ക്ലാസ് കംപാര്‍ട്ട്‌മെന്റില്‍നിന്ന് അയാളെന്നെ തേഡ് ക്ലാസിലേക്കു മാറ്റി. നാവികനെന്നു തോന്നിക്കുന്ന ഒരാളും അയാളുടെ തടിച്ചിയായ ഭാര്യയും കുട്ടിയുമാണ് ആ കോച്ചിലുണ്ടായിരുന്നത്. അവര്‍ സ്‌കോട്‌ലന്‍ഡുകാരായിരുന്നു.
'ആ ഗാര്‍ഡിന്റെ ഒരു ധിക്കാരം!' ആ സ്ത്രീ ദേഷ്യത്തോടെ പറഞ്ഞു, 'ഈ കുട്ടിക്ക് അടുത്ത ഓഗസ്റ്റിലേ നാലുവയസ്സാകൂ എന്നു പറഞ്ഞിട്ട് അയാള്‍ സമ്മതിക്കുന്നില്ല. ഇതുപോലെയുള്ളവന്മാരെ നിലയ്ക്കുനിര്‍ത്താന്‍ സ്‌കോട്‌ലന്‍ഡുകാര്‍തന്നെ വേണം.'
നാവികന്‍ അത് ശരിവെച്ചു. അങ്ങനെ പുതിയൊരു അന്തരീക്ഷത്തില്‍ ഞാനൊരു പുതിയ ജീവിതമാരംഭിച്ചു. ഒരാഴ്ചയ്ക്കു മുന്‍പ് ഈ മനോഹരമായ ലോകം മടുത്തതായി തോന്നിയിരുന്നുവെന്ന് എനിക്കു വിശ്വസിക്കാന്‍ കഴിഞ്ഞില്ല.

Content Highlights : maria rose translates the novel 39 steps written by john buchan


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
narendra modi

2 min

പ്രസംഗത്തിനുശേഷം നന്നായി ഉറങ്ങിക്കാണും, ഉണര്‍ന്നിട്ടുണ്ടാവില്ല; സഭയില്‍ രാഹുലിനെ പരിഹസിച്ച് മോദി

Feb 8, 2023


Transcouples

06:33

സിയക്ക് വേണ്ടി സഹദ് ഗർഭം ധരിച്ചു; കാത്തിരിപ്പിനൊടുവിൽ അവര്‍ അച്ഛനും അമ്മയുമായി

Feb 4, 2023


Cow Hug Day

1 min

പശുവിനെ കെട്ടിപ്പിടിക്കൂ; ഫെബ്രുവരി 14 'കൗ ഹഗ് ഡേ' ആയി ആചരിക്കണമെന്ന് കേന്ദ്രം

Feb 8, 2023

Most Commented