സ്‌കോട്ടിഷ് നോവലിസ്റ്റ് ജോണ്‍ ബക്കന്റെ വിശ്വവിഖ്യാതമായ ഡിക്ടറ്റീവ് നോവല്‍ '39 Steps' എഴുത്തുകാരന്‍ മറിയ റോസ് വിവര്‍ത്തനം ചെയ്ത് മാതൃഭൂമി ബുക്‌സ് പ്രസിദ്ധീകരിച്ചിരിക്കുന്നു. നോവലില്‍ നിന്നും ഒരു ഭാഗം വായിക്കാം. 

ണ്ടനില്‍ നിര്‍ത്താതെ മഴ പെയ്ത ഒരു രാത്രിയായിരുന്നു അത്. കോണര്‍ വേണമെന്നുവെച്ചുതന്നെയാണ് മുന്‍വാതിലിലൂടെയല്ലാതെ, വശത്തുള്ള  വാതിലിലൂടെ സോഹോയിലെ ആ ചെറിയ റെസ്റ്റോറന്റിലേക്ക് കടന്നുചെന്നത്. ഇടുങ്ങിയ ഏണിപ്പടി കയറി അവന്‍ ഒരു വാതിലില്‍ മുട്ടി. ഒരു കസേര നിരങ്ങുന്നതും വാതില്‍പ്പൂട്ട് തുറക്കുന്നതുമായ ഒച്ചകള്‍ അവന്‍ കേട്ടു, വാതില്‍ ഉടന്‍തന്നെ തുറക്കപ്പെടുകയും ചെയ്തു.  
അകത്ത് സോപ്പി മാര്‍ക്‌സ് മാത്രമേ ഉണ്ടായിരുന്നുള്ളൂ.
'നീ അയാളെ കണ്ടോ?' കോണര്‍ ആകാംക്ഷയോടെ ചോദിച്ചു.
'ഓഷീയെയോ? ഞാനയാളെ പറഞ്ഞേടത്തുവെച്ച് കണ്ടു. നീ പത്രങ്ങള്‍ കണ്ടോ?'
കോണര്‍ പല്ലിളിച്ചു ചിരിച്ചു: 'അതുങ്ങള്‍ ചത്തില്ല എന്നത് നല്ല കാര്യം
തന്നെ.'
മാര്‍ക്‌സ് പുച്ഛം പ്രകടിപ്പിച്ചു: 'സുഹൃത്തേ, നിന്റെ മനുഷ്യത്വം മഹനീയം
തന്നെ.'
മേശപ്പുറത്ത് അന്നത്തെ പത്രം കിടക്കുന്നുണ്ടായിരുന്നു. നെടുങ്കന്‍ അക്ഷരങ്ങളിലുള്ള തലവാചകവും ഒട്ടും ചെറുതല്ലാത്ത അക്ഷരങ്ങളിലുള്ള ഉപശീര്‍ഷകവും ആവേശത്തോടെ അട്ടഹസിക്കുംപോലെ തോന്നി.
'നമ്മുടെ കാലത്തെ ഏറ്റവും വലിയ സ്വര്‍ണക്കവര്‍ച്ച. മൂന്നു ടണ്‍ സ്വര്‍ണം അപ്രത്യക്ഷമായി. സൗതാംപ്ടണിനും ലണ്ടനുമിടയില്‍വെച്ചു നടന്ന സംഭവം.'
'റോഡരികെ കൊള്ളക്കാരന്റെ ശവശരീരം കാണപ്പെട്ടു.'
'ലോറി അപ്രത്യക്ഷമായിരിക്കുന്നു.'
'ഇന്നലെ പുലര്‍ച്ചെ ഒരു സാഹസികവും നിഷ്ഠുരവുമായ കുറ്റകൃത്യം സംഭവിച്ചു. അത് സി.ഐ.ഡിയിലെ ആറംഗങ്ങളുടെ മരണത്തില്‍ കലാശിക്കേണ്ടതായിരുന്നു. ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്റെ അഞ്ചുലക്ഷം പവന്‍ വിലമതിക്കുന്ന സ്വര്‍ണം നഷ്ടമാവുകയും ചെയ്തു.'
'അരിറ്റാനിയ' എന്ന കപ്പല്‍ ഇന്നലെ രാത്രി സൗതാംപ്ടണില്‍ എത്തിച്ചതായിരുന്നു ഓസ്‌ട്രേലിയയില്‍നിന്നുള്ള ആ സ്വര്‍ണം. ആവുന്നത്ര ഒതുക്കത്തില്‍ മുതല്‍ ലണ്ടനിലെത്തിക്കുവാന്‍ പുലര്‍ച്ചെ മൂന്നിന് ഒരു ലോറി ഏര്‍പ്പാടാക്കിയിരുന്നു. മൂന്നിന് സൗതാംപ്ടണ്‍ വിട്ടാല്‍ രാവിലത്തെ വാഹനത്തിരക്ക് തുടങ്ങുംമുന്‍പേ ലണ്ടനിലെത്താമെന്നായിരുന്നു പ്ലാന്‍. വഴിയില്‍ ഫെല്‍സ്റ്റെഡ് വുഡിനു സമീപം റോഡ് ഒരു താഴ്‌വാരത്തിലൂടെയും 
തുടര്‍ന്ന് വെട്ടിയെടുത്ത ഒരു കുന്നിടുക്കിലൂടെയും കടന്നുപോകുന്നുണ്ട്. ആ കുന്നിടുക്ക് വിഷവാതകംകൊണ്ടു നിറച്ചിരുന്നു. യഥാര്‍ഥത്തില്‍ അതൊരു അന്തകന്റെ മണിയറതന്നെയായിരുന്നു. ആ അറയിലേക്കാണ് അപായസൂചനകളൊന്നും കിട്ടാതെ ആ ലോറി ഓടിക്കേറിയത്.
'അവിടെയെത്തുംമുന്‍പുതന്നെ ഒരാക്രമണം വരുന്നു എന്ന മുന്‍സൂചന സുരക്ഷാജീവനക്കാര്‍ക്ക് കിട്ടിയിരുന്നുവത്രേ. വേലിപ്പടര്‍പ്പുകള്‍ക്കു പുറകില്‍നിന്നും ഒരാള്‍ റോഡിലേക്ക് ചാടിവീഴുകയും വാഹനത്തിനു നേരേ വെടിയുതിര്‍ക്കുകയും ചെയ്തിരുന്നു. ഡിറ്റക്റ്റീവുകള്‍ ഉടനെ പ്രതികരിച്ചു; 
അയാളെ പിന്നീട് പ്രാണന്‍ പോകാറായ അവസ്ഥയില്‍ കണ്ടെത്തുകയും 
ചെയ്തു. കൊള്ളസംഘനേതാവിന്റേതെന്ന് ഊഹിക്കപ്പെടുന്ന ഒരു പേര് അയാള്‍ പറഞ്ഞതല്ലാതെ മറ്റൊരു വിവരവും അയാളില്‍നിന്ന് കിട്ടുകയുണ്ടായില്ല.
'സ്‌കോട്‌ലന്‍ഡ് യാഡിലെ സബ് ഇന്‍സ്‌പെക്ടര്‍മാരായ ബ്രാഡ്‌ലിയും ഹാലിക്കുമാണ് കേസ് അന്വേഷിക്കുന്നത്...'
തുടര്‍ന്ന് കൂടുതല്‍ വിശദാംശങ്ങളടങ്ങിയ ഒരു റിപ്പോര്‍ട്ടും, ഒരു സുരക്ഷാഭടന്റെ ഹ്രസ്വമായ ദൃക്‌സാക്ഷിവിവരണമടങ്ങിയ പോലീസിന്റെ പ്രസ്താവനയും പത്രം നല്കിയിരുന്നു.
പത്രം മടക്കിവെക്കവേ ഒരു നേര്‍ത്ത ചിരിയോടെ മാര്‍ക്‌സ് പറഞ്ഞു, 'സംഭവം നടുക്കവും സംഭ്രമവുമൊക്കെ സൃഷ്ടിച്ചു എന്നു തോന്നുന്നു.'
കോണര്‍ അക്ഷമയോടെ ചോദിച്ചു, 'ഓഷീയുടെ വിവരമെന്താണ്? അയാള്‍ മുതല്‍ വീതംവെക്കാന്‍ സമ്മതിച്ചുവോ?' 
'അയാള്‍ക്കൊരല്പം സഹികേടുണ്ടായിരുന്നു. അത് പ്രതീക്ഷിക്കാവുന്നതുമാണല്ലോ. തല നേരേയായിരിക്കുമ്പോള്‍ അയാള്‍ ഒരു മഹാവിവേകശാലിതന്നെയാണ്. പുള്ളിക്ക് ശരിക്കും വെറി തോന്നിയത് നമ്മള്‍ ലോറി കൊണ്ടുവെച്ചത് പുള്ളി നിര്‍ദേശിച്ചിടത്തായിരുന്നില്ല എന്നതിലാണ്. നമ്മുടെ രഹസ്യമറിയാന്‍ അയാള്‍ക്ക്  അത്യാകാംക്ഷയായിരുന്നു; പുള്ളിക്കുമേലുള്ള നമ്മുടെ വിജയം സ്വര്‍ണമെവിടെയെന്നത് അയാള്‍ക്കിപ്പോള്‍ അറിഞ്ഞുകൂടാ എന്നതുമാണ്.'
'ഇനിയെന്താണ് വരാന്‍ പോകുന്നത്? കോണറുടെ അസ്വാസ്ഥ്യം അയാളുടെ ശബ്ദത്തിലുണ്ടായിരുന്നു.
'ഇന്നു രാത്രി നമ്മള്‍ ബാണ്‍സ് കോര്‍ണറിലേക്ക് ലോറി നീക്കും. സ്വര്‍ണം നമ്മള്‍ ആ ചെറിയ വാനിലേക്കു മാറ്റി എന്ന കാര്യം പുള്ളിക്ക് ഇതുവരെ അറിഞ്ഞുകൂടാ. അയാള്‍ക്ക് എന്റെ ദൂരക്കാഴ്ചയില്‍ നന്ദി തോന്നേണ്ടതാണ്, കാരണം ഓഷീ പാര്‍ക്ക് ചെയ്യാന്‍ നിര്‍ദേശിച്ചേടത്തുനിന്നും ആദ്യത്തെ വാന്‍ ഇന്ന് വൈകീട്ടുതന്നെ ഹാലിക്ക് കണ്ടെടുത്തുകഴിഞ്ഞു. അത് കാലിയായിരുന്നു എന്ന് പറയേണ്ടതില്ലല്ലോ.'
തന്റെ കുറ്റിത്താടിയില്‍ കോണര്‍ കൈ തടവി. അവന്‍ വേവലാതിയോടെ പറഞ്ഞു: 'അങ്ങനെ കടന്നുകളയാന്‍ ഓഷീ നമ്മെ അനുവദിക്കുകയില്ല. നിനക്കയാളെ അറിയാമല്ലോ, സോപ്പീ?'
'നമുക്ക് കാണാം,' മിസ്റ്റര്‍ മാര്‍ക്‌സ് ആത്മവിശ്വാസത്തോടെ പുഞ്ചിരിച്ചു.
അയാള്‍ ഒരു പെഗ്ഗ് വിസ്‌കിയും സോഡയും ഒഴിച്ചു.
'കഴിക്കൂ, അതു കഴിഞ്ഞ് നമുക്കു പോകാം,' അവന്‍ വാച്ചിലേക്കു നോക്കി.

Book Cover
പുസ്തകം വാങ്ങാം


'നമുക്ക് വേണ്ടുവോളം സമയമുണ്ട്. ഒരു യുദ്ധം നടക്കുകയാണെന്നതില്‍ നമുക്ക് ദൈവത്തിനു നന്ദി പറയുകയും വേണം. പോലീസ്‌സേനയിലെ ബുദ്ധിയും മിടുക്കുമുള്ളവന്മാരെല്ലാം ചാരന്മാര്‍ക്കു പുറകേയാണ്. നിരത്തുകള്‍ ഇരുട്ടിലാണ്. എല്ലാം നമ്മുടെ പദ്ധതികള്‍ക്ക് അനുകൂലമായ കാര്യങ്ങള്‍തന്നെ. ഒരുകാര്യം ഞാന്‍ പറയാന്‍ വിട്ടു. നമ്മുടെ വാനിന്റെ മുന്‍പില്‍ ഞാനൊരു റെഡ്‌ക്രോസ് ചിഹ്നം പെയ്ന്റ് ചെയ്തുവെച്ചിട്ടുണ്ട്. ഇപ്പോള്‍ കണ്ടാല്‍ അതൊരു ഔദ്യോഗിക ആംബുലന്‍സ് പോലുണ്ട്.'
റോഡിലേക്കിറങ്ങിയപ്പോള്‍ത്തന്നെ യുദ്ധകാലമാണെന്ന വാസ്തവം അവര്‍ക്കു മുന്നില്‍ ഒന്നുകൂടി എഴുന്നുനിന്നു. നാലുപാടുനിന്നും മുന്നറിയിപ്പ് നല്കുന്ന കതിനാവെടികള്‍ മുഴങ്ങി; അവര്‍ കയറിയ ട്രാമിലെ വിളക്കുകള്‍ പെട്ടെന്ന് അണഞ്ഞുപോയി. അവര്‍ കെന്നിങ്ടണ്‍ ഓവലില്‍ എത്തുംമുന്‍പുതന്നെ ശത്രുവിമാനങ്ങള്‍ക്കെതിരേ വിമാനവേധത്തോക്കുകള്‍ തീ തുപ്പിത്തുടങ്ങിയിരുന്നു. അങ്കലാപ്പിലായിരുന്ന കോണറെ ഉലച്ചുകൊണ്ട് ഒരു ബോംബ് സമീപത്തുതന്നെ വീണുപൊട്ടുകയും ചെയ്തു. ട്രാം പെട്ടെന്ന് നിന്നു.
'നമുക്ക് മെല്ലെ പുറത്തുകടക്കാം,' മാര്‍ക്‌സ് ഒച്ച താഴ്ത്തിപ്പറഞ്ഞു, 'ഈ വിമാനാക്രമണം കഴിയുംവരെ ആരും അനങ്ങുകയില്ല.'
വിജനമായിരുന്ന റോഡിലേക്ക് രണ്ടുപേരും ഇറങ്ങി. അവര്‍ തെക്കോട്ടു നടന്നു. വട്ടംചുറ്റുന്ന സേര്‍ച്ച് ലൈറ്റുകളുടെ ശക്തിയേറിയ പ്രകാശകിരണങ്ങള്‍ ആകാശത്തെ കീറിമുറിച്ചുകൊണ്ടിരുന്നു. എവിടെയോനിന്ന് മെഷീന്‍ഗണ്ണിന്റെ ചിലമ്പിച്ച ശബ്ദം തെരുതെരെ ഉയര്‍ന്നുകൊണ്ടിരുന്നു.
'പോലീസിന്റെ ശ്രദ്ധ മുഴുവനും ഇപ്പോള്‍ ഈ വിഷയത്തിലായിരിക്കും,' പാവങ്ങളുടെ പുരയിടങ്ങളുള്ള ഒരു നഗരഭാഗത്തേക്കുള്ള ഇടുങ്ങിയ നിരത്തിലേക്കു തിരിയവേ മാര്‍ക്‌സ് പറഞ്ഞു, 'നമ്മുടെ പ്രിയതമാസംഗമം നീട്ടിവെക്കണമെന്നു തോന്നുന്നില്ല. നമ്മുടെ കൊച്ച് ആംബുലന്‍സിനെ ആരുമിന്ന് തടയുമെന്നും തോന്നുന്നില്ല.'
'നീയൊന്ന് മനസ്സിലാകുന്ന ഭാഷയില്‍ തെളിച്ച് പറ മനുഷ്യാ,' കോണര്‍ 
വെറിയോടെ മുരണ്ടു.
 കുതിരലായവും മുറ്റവുമുള്ള ഒരു പ്ലോട്ടിന്റെ ഗേറ്റിനുമുന്‍പില്‍ മാര്‍ക്‌സ് നിന്നു. അവന്‍ തള്ളിയപ്പോള്‍ ഗേറ്റിന്റെ ഒരു പൊളി തുറന്നു. വാന്‍ ഒളിപ്പിച്ചിരുന്ന ചെറിയ കെട്ടിടത്തിലേക്ക് അവര്‍ പരുക്കന്‍വഴിയിലൂടെ നടന്നു. സോപ്പി ഡോറിന്റെ ലോക്കില്‍ താക്കോലിട്ട് തിരിച്ചു.
അകത്തേക്കു കയറവേ അവന്‍ പറഞ്ഞു, 'നമ്മള്‍ എത്തിക്കഴിഞ്ഞു.'
പെട്ടെന്ന് ഒരു കൈ അവനെ മുറുക്കിപ്പിടിച്ചു. നിമിഷനേരംകൊണ്ട് അവന്റെ കൈ കൈത്തോക്കിലേക്കു നീളുകയും ചെയ്തു.
'ഒച്ചയും ബഹളവുമൊന്നും ഉണ്ടാക്കേണ്ട,' ഇന്‍സ്‌പെക്ടര്‍ ഹാലിക്കിന്റെ വെറുക്കപ്പെട്ട ശബ്ദം തെളിഞ്ഞുകേട്ടു, 'സോപ്പീ, എനിക്ക് നിന്നെ വേണം. നിന്റെയീ ആംബുലന്‍സിന്റെ കഥ, നിനക്കെന്നോട് പറയണമെന്ന് തോന്നുന്നുണ്ടെങ്കില്‍ അതാവുകയും ചെയ്യാം.'
അകത്തെ ഇരുട്ടില്‍ അദൃശ്യനായിരുന്ന ഇന്‍സ്‌പെക്ടര്‍ക്കു നേരേ സോപ്പി മാര്‍ക്‌സ് തറച്ചുനോക്കി. നിമിഷനേരത്തേക്ക് അവനൊരു ബുദ്ധിഭ്രംശം സംഭവിച്ചു.
'ലോറിയോ,' അവന്‍ കിതച്ചു, 'അതിവിടെയില്ലേ?'
'അത് പോയിട്ട് മണിക്കൂറൊന്നായി,' മറ്റൊരു ശബ്ദം പറഞ്ഞു, 'തെളിച്ചു  പറഞ്ഞോളൂ സോപ്പീ, നീ അതെന്തുചെയ്തു?' 
സോപ്പി ഒന്നും പറഞ്ഞില്ല. ജോ കോണറിന്റെ കൈകളില്‍ ആമം കുടുങ്ങുന്നതിന്റെ ക്ലിക്ക് അവന്‍ കേട്ടു, അവനില്‍നിന്നുയരുന്ന ഈര്‍ഷ്യ നിറഞ്ഞ ശാപവാക്കുകളുടെ മുറിശബ്ദങ്ങളും. അവനെ അവര്‍ ഗേറ്റിനടുത്തേക്ക് തള്ളിനടത്തി. ഗേറ്റില്‍ ഒരു കാര്‍ ശബ്ദമൊന്നുമുണ്ടാക്കാതെ വന്നു നിന്നുകഴിഞ്ഞിരുന്നു.
മിസ്റ്റര്‍ ഓഷീയുടെ മസ്തിഷ്‌കം വളരെ ഊര്‍ജസ്വലമായാണ് ആ ദിവസം പ്രവര്‍ത്തിച്ചതെന്ന് സോപ്പിക്ക് ബോധ്യം വന്നു.

Content Highlights : Maria Rose translates 39 Steps by John Buchan