ഇന്ത്യന്‍ ദലിദ് സാഹിത്യത്തിലെ അതിശക്തമായ സാന്നിധ്യമാണ് ശരണ്‍കുമാര്‍ ലിംബാളെ. അക്കര്‍മാശി എന്ന ആത്മകഥയിലൂടെ ജാതിവ്യവസ്ഥ അടിച്ചേല്‍പ്പിച്ച അടിമത്തത്തിന്റെ തീവ്രാനുഭവങ്ങള്‍ പങ്കുവെക്കുകയാണ് എഴുത്തുകാരന്‍. ചൂണ്ടിക്കാണിക്കാന്‍ ഒരു പിതാവിനെപ്പോലും നിഷേധിക്കപ്പെടുന്ന മറാത്തയിലെ വെപ്പാട്ടി സമ്പ്രദായത്തിന്റെ നിശബ്ദഇരയാകേണ്ടി വന്നതിന്റെ പൊള്ളലുകളാണ് നിരവധി ലോകഭാഷകളിലേക്ക് വിവര്‍ത്തനം ചെയ്യപ്പെട്ട അക്കര്‍മാശി എന്ന ആത്മകഥയുടെ കാതല്‍.

ന്താമായിയുടെ ഭര്‍ത്താവ് മരിച്ച വിവരം കിട്ടിയപ്പോള്‍ ഞാന്‍ ആഹാരം കഴിച്ചുകൊണ്ടിരിക്കയായിരുന്നു. അവരുറക്കെ കരഞ്ഞു തുടങ്ങി. വാസ്തവത്തില്‍ അവരുടെ ഭര്‍ത്താവ് അവരെ ഉപേക്ഷിച്ചുപോയതായിരുന്നു. അയാള്‍ വേറെ കല്ല്യാണവും കഴിച്ചിരുന്നു. രണ്ടാം ഭാര്യ ഗര്‍ഭിണിയായതോടെ അയാള്‍ പൂര്‍ണമായി ബന്ധം വിടര്‍ത്തുകയും ചെയ്തിരുന്നു. എന്നിട്ടു അയാളുടെ മരണവാര്‍ത്ത കേട്ടപ്പോള്‍ സന്താമായ് പൊട്ടിക്കരഞ്ഞു. അവര്‍ അന്തംവിട്ടിരുന്നുപോയി. വീട്ടില്‍ തിരിച്ചെത്തിയപ്പോള്‍ വിവരമറിഞ്ഞ് മസാമായിയും കരയാന്‍ തുടങ്ങി. നിര്‍മിയും നാഗിയും കൂടെ കരഞ്ഞു.

ഈ വാര്‍ത്ത അറിഞ്ഞ സമയം ദാദാ ബസ്സ്റ്റാന്‍ഡില്‍ ചുമടെടുത്തുകൊണ്ടിരിക്കയായിരുന്നു. കേട്ടയുടനെ തന്നെ വീട്ടില്‍ ഓടിയെത്തിയ മുത്തച്ഛന്‍ തന്റെ കയ്യിലുണ്ടായിരുന്ന കാശത്രയും സന്താമായിക്ക് കൊടുത്തു. കാലത്തു മുതല്‍ പണിയെടുത്തുണ്ടാക്കിയ കാശായിരുന്നു അത്. ആദ്യം കിട്ടിയ ബസ്സില്‍ തന്നെ സന്താമായ് തന്റെ ഭര്‍ത്താവിന്റെ ശവസംസ്‌കാരച്ചടങ്ങുകളില്‍ പങ്കെടുക്കാന്‍ വേണ്ടി പോയി.

അന്നു വൈകുന്നേരം ദാദാ കുറച്ചരി വാങ്ങിക്കൊണ്ടുവന്നു. ഞങ്ങളത് വെച്ചു കഴിച്ചു. അന്നു രാത്രി ദാദാ കുടിച്ചില്ല. എന്നെ കെട്ടിപ്പിടിച്ചുകൊണ്ടാണ് കിടന്നത്. വ്യത്യസ്ത മതക്കാരായിരുന്നിട്ടും ദാദാ എനിക്കെന്റെ സ്വന്തം അച്ഛനാണെന്നു തന്നെ തോന്നി. എന്റെ അമ്മ വഴിക്കോ അച്ഛന്‍ വഴിക്കോ ദാദാ എന്റെ ആരുമായിരുന്നില്ല. എന്നിട്ടും ഞങ്ങള്‍ ഒരേ രക്തവും ഒരേ മാംസവുമാണെന്ന് എനിക്കു തോന്നി. ദാദായുടെ സ്‌നേഹവും വാത്സല്യവും മതത്തിനും ജാതിക്കും അപ്പുറത്തായിരുന്നു. 

പുലവീടല്‍ ചടങ്ങുകളെല്ലാം കഴിഞ്ഞ് കുറച്ചുദിവസങ്ങള്‍ക്കു ശേഷം സന്താമായ് തിരിച്ചെത്തി. അവര്‍ ബസ്സില്‍ നിന്നിറങ്ങിയതും ദാദാ അവര്‍ക്കു ചായ വാങ്ങിക്കൊണ്ടുവന്നു. അവരോടൊപ്പം അവരുടെ ഭര്‍ത്താവിന്റെ രണ്ടാം ഭാര്യയിലെ മകന്‍ ബസു മാമായും ഉണ്ടായിരുന്നു. പരാ എന്ന സ്ഥലത്ത് സ്‌കൂള്‍ മാസ്റ്ററായിരുന്നു ബസുമാമ. ഞങ്ങളുടെ സമുദായാചാരപ്രകാരം ഇങ്ങനെ കൂട്ടിക്കൊണ്ടുവരണമെന്ന് നിബന്ധനയുണ്ടായിരുന്നു. ഏറ്റവും അടുത്ത ബന്ധുക്കളുടെ ദുഃഖശമനത്തിനായി മറ്റു ബന്ധുക്കള്‍ പാലിക്കേണ്ട ഒരു ചുമതലയായിരുന്നു അത്.

akkarmasi
പുസ്തകം വാങ്ങാം

ബസുമാമ വീട്ടിലുള്ളപ്പോള്‍ അങ്ങോട്ടു വരരുതെന്ന് സന്താമായ് ദാദയോട് പറഞ്ഞു. അങ്ങനെ ദാദാ ബസ്സ്റ്റാന്‍ഡില്‍ തന്നെ രാവും പകലും കഴിച്ചുകൂട്ടി. ബസു മാമ പുറത്തേക്കിറങ്ങുന്ന തക്കം നോക്കി ദാദാ വീട്ടില്‍ വന്നു ഭക്ഷണം കഴിക്കും. ഒരു തവണ ദാദാ ആഹാരം കഴിച്ചുകൊണ്ടിരുന്നപ്പോള്‍ ബസു മാമ തിരിച്ചുവന്നു. ദാദയ്ക്കു വല്ലാത്ത കുറ്റബോധം തോന്നി. സന്താമായ് വിളറിവെളുത്തു. ബസുമാമ നീരസത്തോടെ ചോദിച്ചു.
'ഇയാളാരാ?'
'ഞങ്ങളുടെ ഒരു പരിചയക്കാരനാണ്. ഇയാള്‍ക്കാരുമില്ല സ്വന്തക്കാരായിട്ട്. ഇവിടെ ഞങ്ങളുടെ കൂടെയാണ് താമസം. ബസ്സ്റ്റാന്‍ഡില്‍ ചുമടെടുക്കാന്‍ പോകും! ഏതോ അന്യ നാട്ടുകാരനാ.' സന്താമായ് പറഞ്ഞൊപ്പിച്ചു. ദാദാ ആഹാരം മുഴുവനും കഴിക്കാതെ എഴുന്നേറ്റുപോയി.

ഞങ്ങളുടെ ഗ്രാമത്തിലെ സ്‌കൂളില്‍ ഏഴാംതരം വരെ മാത്രമേ ഉണ്ടായിരുന്നുള്ളൂ. അതിനാല്‍ ഏഴാം ക്ലാസ് കഴിഞ്ഞപ്പോള്‍ എനിക്ക് അടുത്തുള്ള ചുങ്കി എന്ന സ്ഥലത്തെ ഹൈസ്‌കൂളില്‍ ചേരേണ്ടിവന്നു. ഹൈസ്‌കൂള്‍ ക്ലാസുകളില്‍ ഫീസൊഴിവാക്കിക്കിട്ടാന്‍ വേണ്ടി സ്‌കൂളില്‍ ചേരുമ്പോള്‍തന്നെ ഒരപേക്ഷ കൊടുക്കേണ്ടതുണ്ടായിരുന്നു. അതില്‍ എന്റെ മാതാപിതാക്കളും പഞ്ചായത്തു പ്രസിഡണ്ടും ഒപ്പിടേണ്ടിയിരുന്നു. ഇതുവരെ ഇങ്ങനെ വേണ്ടിവന്നിരുന്നപ്പോഴെല്ലാം ഞാന്‍ രക്ഷിതാവിന്റെ ഒപ്പിന്റെ സ്ഥാനത്ത് എന്റെ വിരലടയാളം വെക്കുകയായിരുന്നു പതിവ്. പഞ്ചായത്തു പ്രസിഡണ്ടിന്റെ ഒപ്പുകിട്ടാന്‍ എപ്പോഴും ബുദ്ധിമുട്ടായിരുന്നു. മാത്രമല്ല ഇക്കാലമത്രയും രക്ഷിതാവിന്റെ സ്ഥാനത്ത് ഞാന്‍ എന്റെ അമ്മയുടെ പേരാണ് കൊടുത്തിരുന്നത്. കാരണം എന്റെ അച്ഛന്‍ ഹനുമന്തയായിരുന്നുവെങ്കിലും അയാളുടെ പേരെഴുതാന്‍ നിര്‍വാഹമില്ലായിരുന്നു. എന്റെ അമ്മയും അയാളും തമ്മിലുള്ള ബന്ധത്തിലാണ് ഞാന്‍ ജനിച്ചതെങ്കിലും മസാമായിയെ അയാള്‍ വിധിയാംവണ്ണം വിവാഹം കഴിച്ചിരുന്നില്ലല്ലോ.

മസാമായിയുടെ വൈവാഹിക ജീവിതം തകര്‍ത്തത് ഹനുമന്തയായിരുന്നു. അയാള്‍ കാരണമായിരുന്നു മസാമായിയെ ഭര്‍ത്താവ് ഉപേക്ഷിച്ചത്. അന്നുമുതല്‍ അവള്‍ ഹനുമന്തായുടെ വെപ്പാട്ടിയായി. ഗ്രാമത്തിലെ നാട്ടുപ്രമാണിയായ പാട്ടീല്‍ ജന്മിയായിരുന്നതിനാല്‍ അയാള്‍ ദലിത് സമൂഹത്തില്‍ പെടുന്ന സ്ത്രീകളെ സ്വന്തം വെപ്പാട്ടിമാരാക്കുന്നത് ഒരു നാട്ടുനടപ്പായിരുന്നു. ഓരോ ഗ്രാമത്തിലും ഇത്തരം ഓരോ വീടെങ്കിലും കാണും. ഇത്തരം വെപ്പാട്ടികളുടെ മക്കള്‍ക്ക് നിയമദൃഷ്ട്യാ അച്ഛനില്ല. കാരണം ഒരിക്കലും നികത്താനാവാത്ത ഒരുവിടവാണ് അത്തരം അച്ഛനും മകനുമിടയ്ക്കുള്ളത്. ജന്മിയായ പാട്ടീലിന് നാണക്കേടല്ലേ ഇത്തരം മക്കളുടെ അച്ഛനെന്നു പറയാന്‍!

സ്‌കൂള്‍ രേഖകളില്‍ എന്റെ രക്ഷിതാവിന്റെ പേര്‍ 'മസാമായി ഹനുമന്താ ലിംബാളെ' എന്നെഴുതുവാന്‍ എനിക്കൊട്ടും ഇഷ്ടമില്ലായിരുന്നു. കാരണം പത്തു പന്ത്രണ്ട് വര്‍ഷങ്ങള്‍ക്കു മുന്‍പ് അയാള്‍ മസാമായിയെ ഉപേക്ഷിച്ചു പോയതാണ്. ഇപ്പോള്‍ മസാമായി മറ്റൊരു പാട്ടീലിന്റെ വെപ്പാട്ടിയുമാണ്. എന്തൊരുതരം ജീവിതമായിരുന്നു അവരുടേത്! ഒരു വില്‍പ്പനച്ചരക്കെന്ന പോലെ ഓരോരോ ഉടമസ്ഥര്‍ കൈവശം വെക്കുക. ഉപയോഗിക്കപ്പെടുക. വീണ്ടും കൈമാറപ്പെടുക! എന്തൊരു ജന്മമാണിത്? ഭോഗാസക്തരുടെ തേര്‍വാഴ്ചക്കടിമപ്പെട്ടുകൊണ്ടേയിരിക്കുക!

ഫീസിളവു കിട്ടാനുള്ള അപേക്ഷയുമായി മറ്റ് ഏഴെട്ടു കൂട്ടുകാരുമൊത്ത് ഞാന്‍ പഞ്ചായത്തു പ്രസിഡണ്ടിനെ സമീപിച്ചു. എന്റേതൊഴിച്ച് ബാക്കിയെല്ലാ അപേക്ഷകളിലും അയാള്‍ ഔദ്യോഗിക മുദ്രവെച്ച് ഒപ്പിട്ടുകൊടുത്തു. എന്റേതു മാത്രം മാറ്റിവെച്ചു. എനിക്ക് വല്ലാത്ത സങ്കടം വന്നു. ഭോസ്‌ളെ മാസ്റ്റര്‍ അപ്പോള്‍ അവിടെ വന്നു. അദ്ദേഹവും പ്രസിഡണ്ടുംകുറച്ചുനേരം പരസ്പരം സംസാരിച്ചു. എന്റെ കാര്യത്തില്‍ ഭോസ്‌ളെ മാസ്റ്റര്‍ ശുപാര്‍ശ ചെയ്യുകയും ചെയ്തു. എന്നിട്ടും പ്രസിഡണ്ട് ഒപ്പിട്ടുതരാന്‍ കൂട്ടാക്കിയില്ല. കാരണം എന്റെ അച്ഛന്‍, അതായത് മസാമായിയുടെ ശരിക്കുള്ള ഭര്‍ത്താവാരാണെന്ന കാര്യത്തില്‍ അയാളുടെ സംശയം തീരുന്നില്ല. അയാള്‍ പറഞ്ഞു.'ഈ 'മസാമായി ഹനുമന്താ ലിംബാളെ' എന്നപേര് എനിക്കംഗീകരിക്കാന്‍ പറ്റില്ല'.അയാള്‍ വ്യക്തമായും പാട്ടീലിന്റെ ഭാഗത്തായിരുന്നു. പാട്ടീലിന്റെ മാനത്തെ പറ്റിയായിരുന്നു അയാള്‍ക്കു വേവലാതി.
 
എന്തൊക്കെ പറഞ്ഞാലും പാട്ടീല്‍ ശക്തനാണല്ലോ. എങ്കില്‍ എന്റെ മുത്തശ്ശിയുടെ പേര് ചേര്‍ത്താല്‍ മതിയെന്ന് ഒരൊത്തുതീര്‍പ്പെന്നവണ്ണം ഭോസ്‌ളെ മാസ്റ്റര്‍ അഭിപ്രായപ്പെട്ടു. 'സന്താമായ് രാംബാല ശങ്കര്‍' എന്നായിരുന്നു മുത്തശ്ശിയുടെ മുഴുവന്‍ പേര്‍. എന്നാല്‍ പ്രസിഡണ്ട് ഇതും സമ്മതിച്ചില്ല. കാരണം മുത്തശ്ശി ഒരു മുസ്‌ലിമിന്റെ കൂടെയാണിപ്പോള്‍ കഴിയുന്നതെന്നയാള്‍ക്കും അറിയാമായിരുന്നു. മഹ്മൂദ് എന്നു പേരുള്ള, ഞങ്ങള്‍ ദാദാ എന്നു വിളിക്കുന്ന ആള്‍. അങ്ങനെ എന്റെ അസ്തിത്വം എന്താണെന്നും ഞാന്‍ ആരാണെന്നും അറിയാതെ പ്രസിഡണ്ട് ശരിക്കും കുഴങ്ങി. പക്ഷേ, ഞാനും ഒരു മനുഷ്യനാണല്ലോ! ഒരു മനുഷ്യശരീരമല്ലാതെ മറ്റെന്താണെനിക്കുള്ളത്? ഇവിടെ മനുഷ്യന്‍ തിരിച്ചറിയപ്പെടുന്നത് അയാളുടെ മതത്തിന്റെയോ, ജാതിയുടെയോ, അച്ഛന്റെയോ പേരിലൂടെയാണ്. എനിക്ക് അച്ഛന്റെ പേര്‍ ചേര്‍ക്കാനില്ല. മതമോ ജാതിയോ ഇല്ല. ഒരുതരത്തിലുള്ള പൂര്‍വാര്‍ജിത സ്വത്വമുദ്രയും എനിക്കില്ല.

ഭോസ്‌ളെ മാസ്റ്ററുടെ മധ്യസ്ഥതയ്ക്കു വഴങ്ങി ഒരു വിധം പഞ്ചായത്ത് പ്രസിഡണ്ട് എന്റെ അപേക്ഷയില്‍ ഒപ്പുവെച്ചു തന്നു. സംഭവിച്ചതെല്ലാമോര്‍ത്ത് ഞാന്‍ ഏറെ വിഷമിച്ചു. എനിക്ക് അരിശം തോന്നി. ഒരാളുടെ പേരിനോടു ചേര്‍ത്തെഴുതുന്ന അച്ഛന്റെ തന്നെ മകനാണയാള്‍ എന്ന് എല്ലാവര്‍ക്കും ഉറപ്പുതരാനാകുമോ? ആ ബീജധാരണത്തിന് സാക്ഷ്യംവഹിച്ചവര്‍ ആരാണ്? തന്റെ ജന്മത്തിനുത്തരവാദികളായ അച്ഛനും അമ്മയും തമ്മില്‍ നടന്ന സംഭോഗം ആരാണ് കണ്ടിട്ടുള്ളത്?
ഞാന്‍ വീട്ടില്‍ തിരിച്ചെത്തി. മസാമായ് വാതില്‍ക്കല്‍ തന്നെ ഇരിപ്പുണ്ടായിരുന്നു. എനിക്ക് കരച്ചിലടക്കാന്‍ കഴിഞ്ഞില്ല. ഞാന്‍ സഹിച്ച അപമാനം അസഹ്യം തന്നെയായിരുന്നു. മസാമായി എന്നെ സമാധാനിപ്പിക്കാന്‍ ശ്രമിച്ചു. എന്നെ അവര്‍ സ്‌നേഹപൂര്‍വം ഉമ്മവെച്ചു. രണ്ടു മൂന്നു ധൂമകേതുക്കള്‍ സന്ധിക്കുന്നതുപോലെ ഞങ്ങള്‍ പരസ്പരം കെട്ടിപ്പിടിച്ചു.

പിറ്റേന്ന് ഫീസിളവിനുള്ള അപേക്ഷ കയ്യില്‍ കൊടുത്തപ്പോള്‍ എന്റെ ക്ലാസ് ടീച്ചര്‍ ചോദിച്ചു.
'നിനക്ക് അച്ഛനില്ലേ?'
'ഇല്ല. മരിച്ചുപോയി.' ഞാന്‍ മറുപടി പറഞ്ഞു.
'അമ്മയോ?'
'ഇല്ല. മരിച്ചു'
എന്റെ മറുപടി കേട്ട് എന്റെ ഗ്രാമത്തില്‍ നിന്നുള്ള കുട്ടികള്‍ കഴുകന്മാരെപ്പോലെ എന്നെ തുറിച്ചു നോക്കി. ഞാന്‍ പറഞ്ഞതെല്ലാം കളവാണെന്ന് അവര്‍ക്കറിയാമായിരുന്നു. ഒരു കൊടുങ്കാറ്റിനു ശേഷമുള്ള ശാന്തതപോലെ ക്ലാസ് നിശ്ശബ്ദമായി. ശ്മശാന ശാന്തത! പക്ഷേ, ഞാന്‍ മാത്രം കയറുപൊട്ടിയ പട്ടം പോലെ എന്റെ മനസ്സിലുയര്‍ന്നുവന്ന കൊടുങ്കാറ്റില്‍പെട്ട് ആടിയുലയുകയായിരുന്നു.
എന്റെ അച്ഛനെ പറ്റി ഞാന്‍ അമ്മയോട് ചോദിക്കുകയായിരുന്നു. എന്താണയാളുടെ പേര്‍. അയാളെവിടെയാണ് താമസിക്കുന്നത്? 
അയാള്‍ക്കെന്താണ് പണി? എന്താണയാള്‍ എന്റെ അടുത്തേക്ക് വരാത്തത്? കാക്കായുമായി എന്റെ ബന്ധം എന്താണ്? കാക്കായും എന്റെ അമ്മയും തമ്മിലുള്ള ബന്ധം എത്തരത്തിലുള്ളതാണ്? നാഗിയുടെയും നിര്‍മ്മിയുടെയും അച്ഛനാരാണ്? നാഗിയും നിര്‍മ്മിയും എന്റെ ആരാണ്? ഇങ്ങനെ എത്രയോ ചോദ്യങ്ങള്‍!

ചോദ്യങ്ങള്‍ക്കു മറുപടി പറയുന്നതിനു പകരം എന്റെ അമ്മ കുന്തിയെപ്പോലെ നിശ്ശബ്ദയായിരിക്കും. ഈ നിമിഷങ്ങളില്‍ ഞാന്‍ കര്‍ണ്ണന്റെ ഉറ്റബന്ധുവാണെന്ന് എനിക്കു തോന്നുമായിരുന്നു. ഞങ്ങള്‍ സഹോദരന്മാരാണെന്നുപോലും എനിക്കു തോന്നി. പലപ്പോഴും ഞാന്‍ കര്‍ണ്ണന്‍ തന്നെയല്ലേ എന്നും സന്ദേഹിച്ചു. കാരണം കണ്ണനെപ്പോലെത്തന്നെ ഞാനും ഏതോ പ്രവാഹത്തില്‍പ്പെട്ട്, നദിയിലൂടെ ഒഴുകിക്കൊണ്ടിരിക്കയല്ലേ? എന്റെ അമ്മ പറഞ്ഞു.'നിന്റെ മാഷോട് ചെന്ന് പറയ്, എന്റെ അമ്മ പാട്ടീലിന്റെ വെപ്പാട്ടിയായിരുന്നുവെന്ന്.'

ഇതു കേട്ടപ്പോള്‍ എനിക്ക് വളരെ സന്തോഷം തോന്നി. പിറ്റേന്ന് സ്‌കൂളില്‍ ചെന്ന് മാസ്റ്ററോട് തീര്‍ച്ചയായും പറയണമെന്നും ഞാന്‍ തീരുമാനിച്ചു. 'വെപ്പാട്ടി' എന്ന വാക്കിന്റെ അര്‍ഥം എനിക്കറിയാമായിരുന്നില്ല. 'അച്ഛന്‍' എന്നാണതിന്റെ അര്‍ഥം എന്ന് ഞാന്‍ കരുതി. എന്നാല്‍ എത്ര വിഷലിപ്തമായ വാക്കാണത്! അപവിത്രവും ദുഷിച്ചതുമായ ഒരു യോനിയെയാണ് ആ വാക്ക് പ്രതിനിധാനം ചെയ്യുന്നത്! ആ യോനിയുടെ മഹാദ്വാരത്തിലൂടെ ആരാണകത്തുകടക്കുക!

ശ്രാവണമാസത്തില്‍ മഹാദേവ പ്രീതിക്കായി ഒരാഴ്ചത്തെ ഉത്സവം നടത്താറുണ്ട്. കീര്‍ത്തനങ്ങള്‍ പാടുന്ന സംഘങ്ങള്‍ സമീപഗ്രാമങ്ങളില്‍ നിന്ന് ഉത്സവത്തിനായി വന്നെത്തും. ഉത്സവത്തിന്റെ അവസാന ദിവസം ക്ഷേത്രം പ്രത്യേകം അലങ്കരിക്കും. കുലവാഴകളും കുരുത്തോലകളും കൊടിതോരണങ്ങളും വര്‍ണ്ണപ്പകിട്ടുള്ള തുണിപ്പന്തലുകളും ഉച്ചഭാഷിണികളുമെല്ലാമായി മഹാദേവക്ഷേത്ര പരിസരം മുഴുവന്‍ ഏറെ സജീവമാകും. ധാരാളം ജനത്തിരക്കും ഉണ്ടാകും. ബാസല്‍ഗാവില്‍ നിന്നും ആളുകള്‍ വരും. ഭജനപാടുന്ന സംഘത്തില്‍ ഹനുമന്തയും ഉണ്ടാവാറുണ്ട്.

ഈ ദിവസം എന്റെ അമ്മ എന്നെ കുളിപ്പിച്ച് മുഖത്തല്പം പൗഡറൊക്കെ പൂശി വൃത്തിയായ വസ്ത്രങ്ങളണിയിച്ച് മിടുക്കനായി നിര്‍ത്തും. ഞാന്‍ ഭജനസംഘങ്ങളെ ചുറ്റിപ്പറ്റി നടക്കും. ഇതിലേതിലെങ്കിലും എന്റെ അച്ഛനുണ്ടാവുമോ? ഉണ്ടെങ്കിലും എന്നെ തിരിച്ചറിയില്ലല്ലൊ. എനിക്ക് അച്ഛനേയും അങ്ങനെത്തന്നെ. ഇതോര്‍ത്ത് ഞാന്‍ ഏറെ സങ്കടപ്പെട്ടിട്ടുണ്ട്.

എല്ലാ കൊല്ലവും ഹനുമന്താ ഹന്നൂരില്‍ വരുമായിരുന്നു. ജീവിതത്തിലാദ്യമായി ഞാന്‍ അച്ഛനെകണ്ട ആ രാത്രി എനിക്കിന്നും വ്യക്തമായി ഓര്‍മ്മയുണ്ട്. ഒരിക്കല്‍ കാക്കാ ഹനുമന്തയെ ഭക്ഷണത്തിന്നായി ഞങ്ങളുടെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുവന്നു. കാക്കാ ഹന്നൂറിലെയും ഹനുമന്താ ബാസല്‍ഗാവിലേയും പാട്ടീല്‍മാരായിരുന്നു. ഒരിക്കല്‍ ഹനുമന്തയുടെ വെപ്പാട്ടിയായിരുന്ന എന്റെ അമ്മ ഇപ്പോള്‍ കാക്കായുടെ വെപ്പാട്ടി! അമ്മ കോഴിമുട്ടക്കറി ഉണ്ടാക്കി. കാക്കായും ഹനുമന്തായും കുടിച്ചിരുന്നു. ഉറങ്ങിക്കഴിഞ്ഞിരുന്ന എന്നെ ഉണര്‍ത്തി ഹനുമന്തയുടെ കയ്യില്‍ കൊടുത്തു. 

അയാള്‍ എന്നെ മടിയിലിരുത്തി. അയാളെ കള്ളു നാറുന്നുണ്ടായിരുന്നു. ഞാന്‍ എന്റെ അച്ഛനെത്തന്നെ നോക്കിക്കൊണ്ടിരുന്നു. എന്റെ അമ്മ ഭക്ഷണം വിളമ്പി. അവര്‍ ഇരുവരും കഴിച്ചു തുടങ്ങി. ഹനുമന്താ ഇടയ്‌ക്കോരോ ഉരുള എന്റെ വായില്‍ വെച്ചുതന്നു. പാതിയുറക്കത്തിലായിരുന്നുവെങ്കിലും ഞാന്‍ അത് കഴിച്ചു. അവസാനം എന്റെ അച്ഛനെ നേരില്‍ കണ്ടതിന്റെ ഉന്മാദലഹരിയിലായിരുന്നു ഞാന്‍. ഇനിയാരും എന്നെ അപമാനിക്കില്ല. എന്റെ അച്ഛന്‍ വന്നിരിക്കുന്നു. നാളെ ഞാന്‍ കൂട്ടുകാര്‍ക്ക് എന്റെ അച്ഛനെ കാട്ടിക്കൊടുക്കും.

എന്നാല്‍ എവിടേയോ എന്തോ പിഴച്ചുപോയി. പൊടുന്നനെ അമ്മയും കാക്കായും തമ്മില്‍ പൊരിഞ്ഞ വാക്കേറ്റവും വഴക്കും നടന്നു. എന്റെ അമ്മ കാക്കായെ ശപിക്കുകയും ചീത്ത പറയുകയും അയാളെ വീട്ടില്‍ നിന്നാട്ടി പുറത്താക്കുകയും ചെയ്തു. അവര്‍ കയ്യില്‍ ചെരുപ്പുമായി കാക്കായെ തല്ലാന്‍ ചെന്നു. എന്താണ് കുഴപ്പമെന്ന് എനിക്ക് മനസ്സിലായില്ല. എനിക്കെന്റെ അമ്മയോട് വളരെ ദേഷ്യം തോന്നി. കാരണം അന്നാദ്യമായി എന്നെ കാണാന്‍ വന്ന എന്റെ അച്ഛനോട് അമ്മ വഴക്കുണ്ടാക്കുന്നു. അയാള്‍ അമ്മയെ കാണുന്നതും ഒരുപാട് കാലത്തിന് ശേഷമായിരിക്കണം. അമ്മ അടക്കാനാവാത്ത ദേഷ്യത്തിലായിരുന്നു. 

അവര്‍ കാക്കായെയും ഹനുമന്തയെയും വീട്ടില്‍ നിന്നിറക്കിവിട്ടു. അന്നുരാത്രി അവര്‍ എന്നെ കെട്ടിപ്പിടിച്ച് കിടന്ന് ഒരുപാടു കരഞ്ഞു. അവരുടെ തേങ്ങല്‍ ഒരഗ്‌നി പര്‍വതത്തിന്റെ പൊട്ടിത്തെറിപോലെയായിരുന്നു. അവരുടെ കണ്ണുനീര്‍ പ്രളയ ജലത്തിന്റെ തുടക്കമായിരുന്നു.കുറച്ചു സമയത്തിനുശേഷം കാക്കായും ഹനുമന്തയും തിരിച്ചുവന്നു. അവര്‍ വാതിലില്‍ മുട്ടിയെങ്കിലും അമ്മ വാതില്‍ തുറന്നില്ല. അവര്‍ ഒച്ചയിട്ടുപറയുന്നുണ്ടായിരുന്നു.

'നിങ്ങള്‍ രണ്ടും ഇപ്പോള്‍ തന്നെ സ്ഥലം വിട്ടില്ലെങ്കില്‍ ഞാന്‍ തീ കൊളുത്തി ചത്തുകളയും.' അമ്മ കോപംമൂലം വിറയ്ക്കുകയായിരുന്നു. 
എനിക്ക് കരച്ചില്‍വന്നു.എന്റെ അമ്മ ഇങ്ങനെ കലിതുള്ളിയതിന്റെ കാരണം എനിക്ക് പിന്നീടാണ് മനസ്സിലായത്. കാക്കാ എന്റെ അമ്മയെ ഹനുമന്തയോടൊപ്പം കിടക്കുവാന്‍ പ്രേരിപ്പിക്കുകയായിരുന്നു!

Content Highlights: Marati Writer SaranKumar Limbale Autobiography Akkarmasi