മലബാറിലെ മാപ്പിളമുസ്‌ലിങ്ങള്‍; ഉദ്ഭവവികാസ പരിണാമങ്ങള്‍ക്ക് ഒരാമുഖം


ഡോ. എന്‍.പി. ഹാഫിസ് മുഹമ്മദ്

രാജ്യം ഭരിച്ചിരുന്ന സാമൂതിരിരാജാക്കന്മാരുമായുള്ള സൗഹൃദം മലബാറിലെ മാപ്പിളമുസ്‌ലിങ്ങളുടെ വ്യാപനവുമായി ബന്ധപ്പെട്ടുകിടക്കുന്ന വസ്തുത ഡോ. എസ്.എം. മുഹമ്മദ് കോയ വ്യക്തമാക്കുന്നുണ്ട്. ദൈവം കഴിഞ്ഞാല്‍ ഏറ്റവുമേറെ ആദരിക്കുന്നത് സാമൂതിരിരാജാവാണെന്ന് കൃതികളില്‍ അഭിമാനത്തോടെ അടയാളപ്പെടുത്തിയിട്ടുണ്ട്. അതുകൊണ്ടുതന്നെ സാമൂതിരിരാജാക്കന്മാര്‍ക്കെതിരായി നില്ക്കുന്ന ആരേയും മുസ്‌ലിങ്ങള്‍ വകവെച്ചിട്ടില്ല. പോര്‍ച്ചുഗീസുകാരുമായി മലബാറിലെ മാപ്പിളമുസ്‌ലിങ്ങള്‍ നിത്യസമരത്തിലായിരുന്നു. അഭിമാനത്തോടെ ചോര നല്കി രാജ്യത്തോടുള്ള കൂറു കാണിച്ചവരാണവര്‍.

കോഴിക്കോട് കുറ്റിച്ചിറയിലെ മിശ്കാൽ പള്ളി| ഫോട്ടോ: കെ.ബി സതീഷ് കുമാർ

ലബാറിലെ മാപ്പിളമുസ്‌ലിങ്ങള്‍ ചരിത്രംകൊണ്ടും സാമൂഹിക-സാംസ്‌കാരിക സവിശേഷതകള്‍കൊണ്ടും ഇന്ത്യയിലെ മറ്റു മുസ്‌ലിംസമുദായങ്ങളില്‍നിന്ന് വേറിട്ടുനില്ക്കുന്നു. മാപ്പിളമുസ്‌ലിങ്ങള്‍ ലോകത്തിലേതന്നെ അപൂര്‍വവിഭാഗമായി മാറിയതിന് അവരുടെ ഉദ്ഭവവികാസചരിത്രംതന്നെ കാരണമായിട്ടുണ്ട്. പലയിടങ്ങളിലും കീഴടക്കലുകളിലൂടെയാണ് ചെന്നെത്തുന്നത്; കീഴടങ്ങലുകളിലൂടെയാണ് പല സമുദായങ്ങളും മുസ്‌ലിങ്ങളായി മാറുന്നത്. സമാധാനമാര്‍ഗത്തില്‍ തദ്ദേശീയരുടെ സഹിഷ്ണുതയില്‍നിന്നാണ് മലബാറിലെ മാപ്പിളമുസ്‌ലിങ്ങള്‍ സ്വസമുദായത്തിന്റെ വേരുപിടിപ്പിക്കുന്നത്.

പ്രവാചകകാലത്തുതന്നെ ഇസ്‌ലാമിന്റെ സന്ദേശം മലബാറിലെത്തിയതായി കണക്കാക്കുന്നു. എന്നാല്‍ പിന്നെയും രണ്ടിലധികം നൂറ്റാണ്ടു കഴിഞ്ഞാണ് ഇന്ത്യയില്‍ത്തന്നെയുണ്ടായ ആദ്യ മുസ്‌ലിംസമുദായമായി മാപ്പിളമുസ്‌ലിങ്ങള്‍ ഉദ്ഭവിക്കുന്നത്. ദേശികനായ ഒരു രാജാവുതന്നെ മതപരിവര്‍ത്തനം ചെയ്ത് പുണ്യനഗരമായ മക്കയിലേക്കു കപ്പല്‍ കയറിയ ചരിത്രം മറ്റൊരു ദേശത്തിനും പറയാനുണ്ട് എന്നു തോന്നുന്നില്ല. പ്രവാചകനു മുന്‍പുതന്നെ അറബ് വംശജര്‍ക്ക് കേരളവുമായി വ്യാപാരബന്ധമുണ്ടായിരുന്നു. എന്നാല്‍ ഇസ്‌ലാംമതം അറേബ്യന്‍നാടുകളില്‍ വേരോടിയശേഷം കച്ചവടത്തിനു വന്നവര്‍ ഈത്തപ്പഴമോ അത്തറോ കൈമാറ്റം ചെയ്ത്, സുഗന്ധദ്രവ്യങ്ങളും കുരുമുളകും കൊണ്ടുപോകാന്‍ മാത്രമായിരുന്നില്ല കടല്‍ താണ്ടിയിരുന്നത്. അവരെത്തിയത് ഒരു പുതുവിശ്വാസവുംകൊണ്ടായിരുന്നു. അറബ് വ്യാപാരികളുടെ ആകര്‍ഷണീയവും മാന്യവുമായ സാമൂഹികവ്യവഹാരങ്ങളുടെ സവിശേഷതകള്‍കൊണ്ടാണ് പലരും മതംമാറാന്‍ തയ്യാറായിരുന്നത്. സാമൂതിരിയെപ്പോലെയുള്ള രാജവംശമാവട്ടെ, മതം മാറാനുള്ള അനുവാദവും അതിനപ്പുറം തീരപ്രദേശങ്ങളിലെ ഹിന്ദുകുടുംബങ്ങളില്‍നിന്ന് ഒരാള്‍ക്കു മതംമാറാനുള്ള തീട്ടൂരവും പുറപ്പെടുവിച്ചിരുന്നു. സൗഹൃദത്തിന്റെയും സഹിഷ്ണുതയുടെയും സുവര്‍ണപാതയാണ് മലബാറിലെ ആദ്യകാല മുസ്‌ലിങ്ങളുടെ സമാധാനപൂര്‍ണമായ വളര്‍ച്ചയ്ക്ക് കാരണമാക്കിയത്. അറബ് വംശജരുമായുള്ള പരസ്പര സ്‌നേഹാദരങ്ങളുടെ സുദൃഢതയുള്ള കണ്ണികളാലാണ് മാപ്പിളമുസ്‌ലിങ്ങളും മലയാളികളും കോര്‍ത്തിണക്കപ്പെടുന്നത്.

താത്കാലിക വിവാഹബന്ധങ്ങളുടെ പരിണാമം

അറബികളുടെ ഓരോ സീസണിലുള്ള വരവിലും മാസങ്ങളോളം മലബാറില്‍ കഴിയേണ്ടിവന്നിരുന്നു. മലബാറിലെത്തുന്ന അറബികള്‍ക്ക് മതംമാറിയ ഹൈന്ദവസ്ത്രീകളെ വിവാഹം കഴിപ്പിച്ചുകൊടുക്കുവാന്‍ പ്രോത്സാഹനം നല്കിയിരുന്നു. മതം മാറിയവരും അറബികളും തമ്മിലുള്ള വിവാഹവും കോഴിക്കോടുപോലെയുള്ള നഗരങ്ങളിലെ സഹവാസവും ഒരു സമുദായമെന്ന നിലയില്‍ പടര്‍ന്നുപന്തലിക്കുവാന്‍ കാരണമായിട്ടുണ്ട്. എന്നാല്‍ ഡോ. എസ്.എം. മുഹമ്മദ് കോയ എന്ന ചരിത്രകാരന്‍, കേരളത്തിലെ മുസ്‌ലിംസമുദായത്തിന്റെ ഉദ്ഭവത്തിന് മറ്റൊരു കാരണം ചൂണ്ടിക്കാണിക്കുന്നു: 'മുസ്‌ലിംസമൂഹം മലബാറില്‍ ധാരാളമായി വേരുപിടിച്ചതിനുള്ള പ്രധാന കാരണമായി പറയപ്പെടുന്നത് അവരുടെ പ്രത്യേകതരമായ വിവാഹച്ചട്ടങ്ങളായിരുന്നു. 'മുത്അ' എന്നറിയപ്പെടുന്ന ഇത്തരം വിവാഹക്കരാറുകള്‍വഴി ഈ അറബിവ്യാപാരികള്‍ തദ്ദേശീയരെ വിവാഹം ചെയ്ത് താത്കാലിക വിവാഹക്കരാറുകളുണ്ടാക്കി മലബാറില്‍ സീസണ്‍ കഴിയുന്നതുവരെയും താമസിച്ചിരുന്നതായി വ്യക്തമാക്കുന്നു. അറബിനാട്ടിലേക്കു മടങ്ങുമ്പോള്‍ വിവാഹക്കരാര്‍ ദുര്‍ബലപ്പെടുമായിരുന്നു. കേരളത്തിലെ ആദ്യകാല മുസ്‌ലിങ്ങളുടെ വ്യാപനത്തിന് മുത്അ വിവാഹം ഒരു പ്രധാന കാരണമാണെന്ന് തെളിവുകളോടെ ആദ്യമായി രേഖപ്പെടുത്തുന്നത് ഡോ. എസ്.എം. മുഹമ്മദ് കോയയാണ്: 'ഇന്ത്യന്‍ പടിഞ്ഞാറന്‍തീരത്തുണ്ടായിരുന്ന മുസ്‌ലിംസമൂഹം ഇത്തരം ഇന്‍ഡോ-അറബ് വിവാഹങ്ങളുടെ ബാക്കിപാത്രമാണ്. അറബ് വ്യാപാരികള്‍ ഇന്ത്യന്‍സ്ത്രീകളെ വിവാഹംചെയ്യുകയും അവരിലുണ്ടായ സന്തതിപരമ്പരകള്‍ അറബ് സമൂഹമായി വളരാന്‍ കാരണമാവുകയും ചെയ്തു.' ഇന്ന് മുസ്‌ലിം സമൂഹത്തിന് അസ്വീകാര്യമായിത്തോന്നാമെങ്കിലും ഏതാനും മാസങ്ങളുടെ ഉടമ്പടിയായുള്ള ലൈംഗികാതിഥേയസമ്പ്രദായത്തില്‍നിന്നാണ് മാപ്പിളമുസ്‌ലിങ്ങളുടെ വളര്‍ച്ച സുഗമമായതെന്ന് ഡോ. എസ്.എം. മുഹമ്മദ് കോയ രേഖപ്പെടുത്തുന്നു.

മാപ്പിളമാരുടെ രാജ്യസ്‌നേഹം

രാജ്യം ഭരിച്ചിരുന്ന സാമൂതിരിരാജാക്കന്മാരുമായുള്ള സൗഹൃദം മലബാറിലെ മാപ്പിളമുസ്‌ലിങ്ങളുടെ വ്യാപനവുമായി ബന്ധപ്പെട്ടുകിടക്കുന്ന വസ്തുത ഡോ. എസ്.എം. മുഹമ്മദ് കോയ വ്യക്തമാക്കുന്നുണ്ട്. ദൈവം കഴിഞ്ഞാല്‍ ഏറ്റവുമേറെ ആദരിക്കുന്നത് സാമൂതിരിരാജാവാണെന്ന് കൃതികളില്‍ അഭിമാനത്തോടെ അടയാളപ്പെടുത്തിയിട്ടുണ്ട്. അതുകൊണ്ടുതന്നെ സാമൂതിരിരാജാക്കന്മാര്‍ക്കെതിരായി നില്ക്കുന്ന ആരേയും മുസ്‌ലിങ്ങള്‍ വകവെച്ചിട്ടില്ല. പോര്‍ച്ചുഗീസുകാരുമായി മലബാറിലെ മാപ്പിളമുസ്‌ലിങ്ങള്‍ നിത്യസമരത്തിലായിരുന്നു. അഭിമാനത്തോടെ ചോര നല്കി രാജ്യത്തോടുള്ള കൂറു കാണിച്ചവരാണവര്‍. സാമൂതിരിരാജാക്കന്മാരാവട്ടെ, കുഞ്ഞാലി നാലാമന്റെ കാലംവരെയും മലബാര്‍ മാപ്പിളമുസ്‌ലിങ്ങളുടെ കാവലാളായിരുന്നു. ഹിന്ദു-മുസ്‌ലിം മൈത്രിയുടെ ജൈവപരമായ ബന്ധത്തെക്കുറിച്ച് ഈ ഗ്രന്ഥത്തില്‍ ഡോ. എസ്.എം. മുഹമ്മദ് കോയ അന്വേഷിക്കുന്നുണ്ട്. മുസ്‌ലിങ്ങളുടെ പോര്‍ച്ചുഗീസ് സംഘര്‍ഷത്തിന്റെ ചരിത്രം ഗ്രന്ഥകര്‍ത്താവ് കണ്ടെത്തുന്നു. വടക്കുപടിഞ്ഞാറന്‍ ആഫ്രിക്കയില്‍ താമസിക്കുന്ന അറബ്-ബെര്‍ബര്‍ സങ്കരവര്‍ഗത്തില്‍പ്പെട്ട 'മൂറുകള്‍' എന്നറിയപ്പെട്ടിരുന്ന മുസ്‌ലിങ്ങള്‍ പോര്‍ച്ചുഗീസുകാരുടെ കൊടിയ ശത്രുക്കളായിരുന്നു. മൂറുകളുടെ വ്യാപാരമേധാവിത്വം തകര്‍ക്കാന്‍ എക്കാലവും പോര്‍ച്ചുഗീസുകാര്‍ ശ്രമിച്ചിരുന്നു. അതുകൊണ്ടുതന്നെ ഇന്ത്യയിലേക്കുള്ള കടല്‍മാര്‍ഗം കണ്ടുപിടിക്കുവാന്‍ പോര്‍ച്ചുഗീസുകാര്‍ കിണഞ്ഞു ശ്രമിച്ചിരുന്നു. വാസ്‌കോ ഡ ഗാമയുടെ വരവിനുശേഷം അറബ് കച്ചവടക്കാരുടെ കപ്പലുകള്‍ക്കു തീകൊടുത്ത് അറബിക്കടലിലെ അശാന്തിക്ക് വിത്തുപാകുകയായിരുന്നു. ഗാമയ്ക്കുശേഷം വന്ന കബ്രാളും അല്‍ബുക്കര്‍ക്കും കോഴിക്കോട് നഗരത്തില്‍ നടത്തിയ അക്രമപരമ്പരകളെക്കുറിച്ച് ഡോ. എസ്.എം. മുഹമ്മദ് കോയ വിശദീകരിക്കുന്നു. പോര്‍ച്ചുഗീസുകാരെ ജീവന്‍ കൊടുത്തും തുരത്തുവാന്‍ മാപ്പിളമുസ്‌ലിങ്ങളും ശ്രമിച്ചിരുന്നു. ഒടുവില്‍ സാമൂതിരി പോര്‍ച്ചുഗീസുകാര്‍ക്ക് അടിയറവു പറയുന്നതോടെ കുഞ്ഞാലി മൂന്നാമന്‍ സ്വയം ഭരണാധികാരിയായി പ്രഖ്യാപിക്കുകയും പോര്‍ച്ചുഗീസുകാര്‍ സാമൂതിരിപ്പടയുടെ സഹായത്തോടെ കോട്ട കീഴടക്കുകയും ചെയ്യുകയായിരുന്നു. നൂറ്റാണ്ടുകളോളം നീണ്ടുനിന്ന മുസ്‌ലിം നാവികരുടെ ധീരസമരത്തെക്കുറിച്ച് ഡോ. എസ്.എം. മുഹമ്മദ് കോയ വിസ്തരിക്കുന്നു. മലബാര്‍ മാപ്പിളമുസ്‌ലിങ്ങളുടെ സ്വാതന്ത്ര്യബോധത്തിന്റെ ഐതിഹാസികസമരം ബ്രിട്ടീഷ് ഭരണകാലത്തും നീണ്ടുനിന്നിട്ടുണ്ട്.

ബ്രിട്ടീഷുകാരുടെ വരവോടെ മലബാറിന്റെ ചരിത്രവും മാറുകയായിരുന്നു. ചെറുത്തുനില്പില്ലാത്ത അടിയറവായിരുന്നു കേരളത്തിലും പുറത്തും ഉണ്ടായിരുന്നത്. കുടിലതന്ത്രങ്ങളും നിര്‍ദാക്ഷിണ്യമായ ക്രൂരതകളുംകൊണ്ട് ഇംഗ്ലീഷുകാര്‍ നാട്ടുരാജ്യങ്ങളെയും അടിയറവു പറയാത്ത തന്ത്രങ്ങളെയും കീഴടക്കുകയായിരുന്നു. ചെറുത്തുനില്പുകള്‍ ദുര്‍ബലപ്പെട്ടുകഴിഞ്ഞിരുന്നു. മലബാറിലെ മാപ്പിളമാര്‍ക്ക് വിശ്വസിക്കുവാനോ പിന്താങ്ങുവാനോ പറ്റുന്ന തദ്ദേശീയഭരണകൂടങ്ങളും ഇല്ലാതായിക്കഴിഞ്ഞിരുന്നു. കണ്ണൂരും ലക്ഷദ്വീപുകളും ഭരിച്ചിരുന്ന കണ്ണൂരിലെ മുസ്‌ലിം രാജവംശമായ അറയ്ക്കല്‍സ്വരൂപം ബ്രിട്ടീഷ് ഭരണത്തെ എതിര്‍ക്കാനാവാത്തവിധം വിധേയത്വം പ്രകടിപ്പിക്കേണ്ടിവന്നിരുന്നു. കേരളത്തിലെ ഏക മുസ്‌ലിംരാജവംശത്തെയും കരിനിയമങ്ങളും കരാറുകളും കടക്കെണിയും കൊണ്ട് അടിമപ്പെടുത്തിയിരുന്ന ചരിത്രം ഡോ. എസ്.എം. മുഹമ്മദ് കോയ വിശദീകരിക്കുന്നു. ഭരണം നിലനിര്‍ത്താനുള്ള ഒത്തുതീര്‍പ്പുശ്രമങ്ങളാണ് അറയ്ക്കല്‍രാജവംശം നടത്തിയിരുന്നത്. 1771 വരെയും കണ്ണൂര്‍ കോട്ടയും ചുറ്റുമുള്ള പട്ടാളകേന്ദ്രങ്ങളും കൈവശം വെച്ചിരുന്ന അറയ്ക്കല്‍കുടുംബത്തിന് 1784-ല്‍ ഈസ്റ്റ് ഇന്ത്യ കമ്പനിക്കു മുന്നില്‍ അടിയറവു പറയേണ്ടിവന്നു. വൈകാതെ അറയ്ക്കല്‍ ബീബിയുമായുണ്ടാക്കിയ കരാറിലൂടെ മാപ്പിളമുസ്‌ലിങ്ങളുടെ ചെറുത്തുനില്പുകള്‍ ഇല്ലാതാക്കി. ബ്രിട്ടീഷ് ഭരണത്തിന്റെ കൂട്ടാളികളാക്കുകയും ചെയ്തു. പിന്നീടുള്ള മുക്കാല്‍നൂറ്റാണ്ടുകാലം ബ്രിട്ടീഷുകാര്‍ക്ക് നികുതിപ്പണം നല്കിയാണ് അന്ത്യശ്വാസം നിലനിര്‍ത്തിയത്. കടബാധ്യതകളുടെ കെണിയില്‍ 1875-ല്‍ ലക്ഷദ്വീപുകളടക്കമുള്ള അറയ്ക്കല്‍രാജ്യം ബ്രിട്ടീഷ്‌കാരുടെതായിത്തീരുകയും ചെയ്തു. ഡോ. എസ്.എം. മുഹമ്മദ് കോയ മലബാറിലെ മാപ്പിളമാരുടെ സ്വാതന്ത്ര്യബോധത്തെ ബ്രിട്ടീഷുകാര്‍ അറുതിവരുത്തിയതിലെ ഗൂഢതന്ത്രങ്ങളെക്കുറിച്ചു പറയുന്നു. മാപ്പിളമുസ്‌ലിങ്ങള്‍ അവരുടെ രക്ഷകരായി ആദ്യം ദൈവത്തെയും പിന്നീട് നാട്ടുരാജാക്കന്മാരായിരുന്ന സാമൂതിരിയെയോ അറയ്ക്കല്‍രാജവംശത്തെയോ ആണ് കണക്കാക്കിയിരുന്നതെങ്കില്‍ പത്തൊമ്പതാം നൂറ്റാണ്ടോടെ, മലബാറിലവര്‍ക്ക് കാവലാളന്മാരില്ലാതായ ചരിത്രം ഗ്രന്ഥകര്‍ത്താവ് രേഖപ്പെടുത്തുന്നു. മലബാറിലെ മാപ്പിളമുസ്‌ലിങ്ങളുടെ നിരാശ്രയത്വവും നിസ്സഹായതയും ഏതുവിധം വളര്‍ന്നുവെന്ന് ചരിത്രവസ്തുതകളോടെ ഡോ. എസ്.എം. മുഹമ്മദ് കോയ വിശദീകരിക്കുന്നുണ്ട്.

അറയ്ക്കല്‍ കൊട്ടാരം

കോഴിക്കോട് നഗരത്തിന്റെ ഉദ്ഭവം

കോഴിക്കോട് നഗരത്തിന്റെ ഉദ്ഭവവികാസം മലബാറിന്റെ ചരിത്രംകൂടിയാണ്. പതിമൂന്നാം നൂറ്റാണ്ടില്‍ കേരളം സന്ദര്‍ശിച്ച മാര്‍ക്കോ പോളോ കോഴിക്കോടിനെപ്പറ്റി ഒന്നും രേഖപ്പെടുത്തിയിട്ടില്ല. അക്കാലംവരെയും കോഴിക്കോട് പ്രതാപകാലത്തെത്തിയിരുന്നില്ലെന്ന് ഡോ. എസ്.എം. മുഹമ്മദ് കോയ രേഖപ്പെടുത്തുന്നു. 1342-47 കാലത്ത് പതിനാലാം നൂറ്റാണ്ടിന്റെ മധ്യത്തോടെ, ടാന്‍ജിയയില്‍നിന്നു വന്ന ഒരു സഞ്ചാരി കോഴിക്കോടിന്റെ പ്രാധാന്യം അറിയിക്കുന്നു. 1042ലാണ് കോഴിക്കോട് നഗരത്തിന്റെ ഉദ്ഭവമെന്ന് ചില സംസ്‌കൃതലിഖിതങ്ങള്‍ വെളിപ്പെടുത്തിയിട്ടുണ്ട്. അതു ശരിയാണെങ്കില്‍ പതിനാലാം നൂറ്റാണ്ടോടെ കോഴിക്കോട് ലോകപ്രശസ്തിയാര്‍ജിക്കുമാറ് വളര്‍ന്നുവികസിച്ചുവെന്ന് കണക്കാക്കാവുന്നതാണ്. അസീറിയ, ബാബിലോണിയ, ഫീനിക്‌സ് തുടങ്ങിയ ദേശങ്ങളില്‍നിന്നുള്ളവരും ജൂതരും റോമക്കാരും അറബികളും ചൈനക്കാരും കോഴിക്കോട്ട് കച്ചവടത്തിനായി വന്നെത്തിയിരുന്നു. 1342-ല്‍ കോഴിക്കോട്ടെത്തിയ മൊറോക്കോക്കാരനായ സഞ്ചാരി ഇബ്‌നു ബത്തൂത്ത കോഴിക്കോടിന്റെ മഹിമയെക്കുറിച്ച് എഴുതിയിട്ടുണ്ട്. മിസ്‌കാല്‍ എന്ന പേരിലുള്ള വലിയ കപ്പലുകളുള്ള അറേബ്യന്‍വ്യാപാരി കോഴിക്കോട് നഗരത്തില്‍ ജീവിച്ചിരുന്നതായി ഇബ്‌നു ബത്തൂത്ത നിരീക്ഷിക്കുന്നു. സാമൂതിരിരാജവംശത്തിന്റെ രക്ഷകത്വവും ഹിന്ദുമുസ്‌ലിം ജീവിതത്തിന്റെ സഹിഷ്ണുതയും ലോകമറിയുന്ന ഒരു വ്യാപാരകേന്ദ്രമാക്കി മാറ്റുന്നതില്‍ മലബാറിലെ മാപ്പിളമുസ്‌ലിങ്ങള്‍ക്ക് നിര്‍ണായകമായ പങ്കുവഹിക്കാന്‍ സാധിച്ചിട്ടുണ്ട്. ലുഡോഫികോ വാര്‍ത്തത്തേമ, അബ്ദുള്‍ റസാഖ് തുടങ്ങിയ സഞ്ചാരികളുടെ ചരിത്രസാക്ഷ്യങ്ങള്‍ ഉദ്ധരിച്ച് കോഴിക്കോട്ടെ മാപ്പിളമാരുടെ പ്രതാപകാലം ഡോ. എസ്.എം. മുഹമ്മദ്‌കോയ രേഖപ്പെടുത്തുന്നു.

കോഴിക്കോട് വലിയങ്ങാടി | ചിത്രീകരണം: മദനന്‍

കോഴിക്കോടിന്റെ അഭിവൃദ്ധിയുടെ അനിവാര്യഘടകമായിരുന്നു മലബാറിലെ മാപ്പിളമുസ്‌ലിംസമൂഹം. പോര്‍ച്ചുഗീസുകാരുടെയും പില്ക്കാലത്ത് ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെയും ആധിപത്യത്തോടെ, 1801 ഓടെ, കോഴിക്കോട് ചരിത്രത്തില്‍നിന്ന് സാവധാനം നീക്കപ്പെട്ടുകഴിഞ്ഞതും ഗ്രന്ഥകര്‍ത്താവ് വിശദീകരിക്കുന്നുണ്ട്. ഇതു മലബാറിലെ മാപ്പിളമുസ്‌ലിങ്ങളുടെ വികാസപരിണാമങ്ങളുമായി ബന്ധിപ്പിക്കുകയും ചെയ്യുന്നു.

മാപ്പിളമാരുടെ സാംസ്‌കാരികപൈതൃകം

കോഴിക്കോട്ടെ മുസ്‌ലിങ്ങള്‍ സവിശേഷസമുദായമായിരുന്നു. അവര്‍ മരുമക്കത്തായ കുടുംബസമ്പ്രദായം പിന്തുടര്‍ന്ന ലോകത്തിലെ അപൂര്‍വം മുസ്‌ലിങ്ങളില്‍ ഒന്നാണ്. അറബ് വ്യാപാരികളുമായുള്ള മതംമാറ്റപ്പെട്ട തദ്ദേശീയരുടെ വിവാഹബന്ധവും, നായര്‍ മരുമക്കത്തായസമ്പ്രദായവും മുസ്‌ലിങ്ങളുടെ മരുമക്കത്തായത്തിന്റെ ആരംഭത്തിന് കാരണമാക്കിയിട്ടുണ്ടാവാമെന്ന് ഡോ. എസ്.എം. മുഹമ്മദ്‌കോയ നിരീക്ഷിക്കുന്നു. ഹിന്ദുവിഭാഗങ്ങളില്‍നിന്നുള്ള സൗഹാര്‍ദപരമായ മതപരിവര്‍ത്തനമാണ് കോഴിക്കോട്ടെ മാപ്പിളമുസ്‌ലിങ്ങളുടെ വികാസത്തിനു കാരണമായതെന്ന കാര്യത്തില്‍ രണ്ടഭിപ്രായമില്ല. മതപരിവര്‍ത്തനാനന്തരവും അവര്‍ പലവിധ പരമ്പരാഗത ആചാരാനുഷ്ഠാനങ്ങള്‍ ചെറിയ മാറ്റങ്ങളോടെ ആചരിച്ചുപോന്നിരുന്നു. മരുമക്കത്തായവും, ഇന്നും ആഘോഷമാക്കി അനുവര്‍ത്തിച്ചുപോരുന്ന പുതിയാപ്പിളസമ്പ്രദായവും രൂപപ്പെട്ടതിന്റെ ചരിത്രം ഡോ. എസ്.എം. മുഹമ്മദ്‌കോയ വിശദീകരിക്കുന്നുണ്ട്. റൊണാള്‍ഡ് ഇ. മില്ലര്‍ മുസ്‌ലിം മരുമക്കത്തായത്തെ രണ്ടു സംസ്‌കാരങ്ങളുടെ സംയോജനമായി നിരീക്ഷിക്കുന്നത് ഗ്രന്ഥകര്‍ത്താവ് പറയുന്നുണ്ട്. ഒരു തറവാട്ടിലെ ഏറ്റവും മുതിര്‍ന്ന സ്ത്രീയാണ് കാരണവത്തി. അവര്‍ക്കു താഴേയുള്ള മുതിര്‍ന്ന സ്ത്രീകള്‍ കാരണവത്തിയെ തീരുമാനമെടുക്കുന്ന പ്രക്രിയകളില്‍ സഹായിക്കുന്നു. കുടുംബകച്ചവടത്തിന്റെ കാര്യനിര്‍വഹണം ഏറ്റവും പ്രായം കൂടിയ കാരണവത്തിയുടെ സഹോദരന്മാരിലൊരാളായ കാരണവരാണു നടത്തുന്നത്. പുതിയാപ്പിളസമ്പ്രദായം പിന്തുടര്‍ന്നിരുന്ന കോഴിക്കോട്ടെ തീരപ്രദേശമുസ്‌ലിങ്ങള്‍ 17-18 നൂറ്റാണ്ടുകളോടെ പ്രതാപകാലത്തെത്തിയിരുന്നുവെന്ന് ഡോ. എസ്.എം. മുഹമ്മദ് കോയ ചൂണ്ടിക്കാണിക്കുന്നു. മലബാറിന്റെ ചരിത്രത്തില്‍ നിര്‍ണായകമായ പങ്കുവഹിച്ച ഈ മാപ്പിള മരുമക്കത്തായമുസ്‌ലിങ്ങള്‍ക്ക് പില്ക്കാലത്തുണ്ടായ സാമൂഹികമാറ്റങ്ങളെക്കുറിച്ച് ഗ്രന്ഥകര്‍ത്താവ് അവലോകനം നടത്തുന്നുണ്ട്.

പുസ്തകം വാങ്ങാം

മാപ്പിളമുസ്‌ലിങ്ങളുടെ സാംസ്‌കാരികപൈതൃകവും സമീപകാലത്തുണ്ടായ സാമൂഹികമാറ്റങ്ങളും ഡോ. എസ്.എം. മുഹമ്മദ് കോയ ഈ ഗ്രന്ഥത്തില്‍ വിശദീകരിക്കുന്നുണ്ട്. പരമ്പരാഗതവിദ്യാഭ്യാസത്തോടുള്ള വിധേയത്വം, ആധുനിക വിദ്യാഭ്യാസത്തോടുള്ള വിയോജിപ്പ്, ബ്രിട്ടീഷ് സംവിധാനങ്ങളോടുള്ള എതിര്‍പ്പ്, മതപൗരോഹിത്യ യാഥാസ്ഥിതികത തുടങ്ങിയ ഘടകങ്ങള്‍ മാപ്പിളമുസ്‌ലിം സാംസ്‌കാരികതയോട് ഏതുവിധം ബന്ധപ്പെട്ടുകിടക്കുന്നുവെന്ന് ഗ്രന്ഥകര്‍ത്താവ് വിശകലനം ചെയ്യുന്നു. അത് ആധുനികകാലത്ത് എങ്ങനെയാണ് പിന്നാക്കാവസ്ഥയുടെ കാരണമായിത്തീര്‍ന്നതെന്നും ലേഖകന്‍ അന്വേഷിക്കുന്നുണ്ട്. ബ്രിട്ടീഷുകാരുടെ വിദ്യാഭ്യാസനയവും മുസ്‌ലിങ്ങളുടെയിടയിലെ നവോത്ഥാനമുന്നേറ്റങ്ങളും നിയമവത്കരണവും മാറ്റങ്ങള്‍ക്കു കാരണമാക്കുകയായിരുന്നു. കേരളത്തിന്റെ സാംസ്‌കാരികവളര്‍ച്ചയില്‍ മലബാറിലെ മാപ്പിളമുസ്‌ലിങ്ങള്‍ നല്കിയ സംഭാവനകളെക്കുറിച്ച് ഗ്രന്ഥകര്‍ത്താവ് ചര്‍ച്ചചെയ്യുന്നു. 1984ലാണ് ഡോ. എസ്.എം. മുഹമ്മദ് കോയയുടെ ഇംഗ്ലീഷില്‍ പ്രസിദ്ധീകരിക്കുന്നത്. ഈ ഗ്രന്ഥത്തിന്റെ വിവര്‍ത്തനമാണ് ഇപ്പോള്‍ പ്രസിദ്ധീകരിക്കുന്നത്. മുപ്പത്തഞ്ചുകൊല്ലത്തിനുശേഷവും ഈ ചരിത്രകൃതിക്ക് കേരളചരിത്രത്തില്‍ പ്രാധാന്യമുണ്ട്. റൊണാള്‍ഡ് ഇ. മില്ലര്‍, ഫ്രെഡറിക് ഡെയില്‍, കാത്തലിന്‍ ഗഫ്, കെ.വി. കൃഷ്ണയ്യര്‍, ഡോ. എം.ജി.എസ്. നാരായണന്‍, ഡോ. കെ.എം. പണിക്കര്‍ തുടങ്ങിയവരുടെ ഗ്രന്ഥങ്ങള്‍ക്കിടയില്‍ ഡോ. എസ്.എം. മുഹമ്മദ് കോയയുടെ കൃതിക്ക് ചരിത്രപരമായ പ്രാധാന്യമുണ്ട്. മലബാറിലെ മാപ്പിളമുസ്‌ലിങ്ങളുടെ ചരിത്രത്തിലെ നിര്‍ണായകമായ ഘടകങ്ങളെ സസൂക്ഷ്മം വിശകലനം ചെയ്യുന്നുണ്ട് എന്നതാണ് ഈ ഗ്രന്ഥത്തിന്റെ പ്രസക്തി വര്‍ധിപ്പിക്കുന്നത്. ചരിത്രവും സമൂഹശാസ്ത്രവും സംയോജിപ്പിച്ചു നടത്തിയ ഈ പഠനഗ്രന്ഥം മാപ്പിളമുസ്‌ലിങ്ങളുടെ ജീവിതത്തിന്റെ സവിശേഷഘടകങ്ങളെ അപഗ്രഥിക്കുന്നുമുണ്ട്. മലബാറിലെ മാപ്പിളമുസ്‌ലിങ്ങളുടെ ഉദ്ഭവവികാസങ്ങള്‍ ഒരു സാധാരണവായനക്കാരനും പിന്തുടരുന്നതില്‍ ഈ ഗ്രന്ഥം സഹായിക്കുമെന്നതില്‍ സംശയമില്ല.

മാതൃഭൂമി ബുക്‌സ് പ്രസിദ്ധീകരിച്ച മലബാറിലെ മാപ്പിളമാര്‍ എന്ന പുസ്തകത്തിന് എഴുതിയ അവതാരിക

Content Highlights: Mappilas of Malabar Dr SM Mmuhammed Koya preface NP Hafiz Mohammed

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
R Madhavan, Interview ,Rocketry The Nambi Effect Movie, Minnal Murali Basil Joseph

1 min

ഞാനിത് അര്‍ഹിക്കുന്നു, എന്റെ അറിവില്ലായ്മ; പരിഹാസങ്ങള്‍ക്ക് മറുപടിയുമായി ആര്‍ മാധവന്‍

Jun 27, 2022


satheesan

രാഹുലിന്റെ ഓഫീസിലെ ഗാന്ധി ചിത്രത്തെക്കുറിച്ച്‌ ചോദ്യം; മര്യാദക്കിരുന്നോണം, ഇറക്കിവിടുമെന്ന് സതീശന്‍

Jun 25, 2022


Balussery mob attack

1 min

തോട്ടില്‍ മുക്കി, ക്രൂരമര്‍ദനം; ബാലുശ്ശേരി ആള്‍ക്കൂട്ട ആക്രമണത്തിന്റെ കൂടുതല്‍ ദൃശ്യങ്ങള്‍

Jun 26, 2022

Most Commented