സേതു
ഇത് അഭിമുഖങ്ങളുടെയും, ജീവചരിത്രങ്ങളുടെയും ആത്മകഥകളുടെയും കാലമാണ്. ഈ കെട്ട കാലത്ത് വെള്ളിവെളിച്ചത്തില്‍ നില്‍ക്കുന്ന പ്രശസ്തരുടെ ജീവിതാനുഭവങ്ങളെക്കാള്‍ അറിയപ്പെടാത്ത ചിലരുടെ കേട്ടിട്ടില്ലാത്ത കഥകള്‍ കേള്‍ക്കാനാണ് മിക്കവര്‍ക്കും താത്പര്യം. അതുകൊണ്ട് സര്‍ഗ്ഗാത്മക സൃഷ്ടികളെക്കാള്‍ അനുഭവകഥകളും അറിയാത്ത ഭൂഖണ്ഡങ്ങളിലൂടെയുള്ള ചിലരുടെ ഒറ്റപ്പെട്ട സഞ്ചാരങ്ങളും കൂടുതല്‍ ശദ്ധ്രിക്കപ്പെടുന്നു. പ്രമുഖ പത്രങ്ങളുടെ ഉള്‍പ്പേജുകളും, വാരാന്ത്യപ്പതിപ്പുകളും മറിച്ചു നോക്കിയാല്‍ ഇക്കാര്യം വ്യക്തമാകും. ആര്‍ക്കും തിട്ടമില്ലാത്ത ഭൂഭാഗങ്ങളും, ഉള്‍നാടുകളും അരിക് ജീവിതങ്ങളും എളുപ്പത്തില്‍ ജനശ്രദ്ധ പിടിച്ചെടുക്കുന്നു.
ഈ പശ്ചാത്തലത്തിലാണ് മനോജ് മേനോന്റെ 'ഒരിടത്തും ഒളിച്ചിരിക്കാനാവാത്ത കാറ്റ്' എന്ന ലേഖന സമാഹാരം നമ്മുടെ ശദ്ധ്രയാകര്‍ഷിക്കുന്നത്. അഭിമുഖങ്ങളും അനുഭവക്കുറിപ്പുകളുമടങ്ങുന്ന ഇരുപത് ലേഖനങ്ങളാണ് ഈ സമാഹാരത്തില്‍. അഭിമുഖങ്ങളില്‍ കുല്‍ദീപ് നയ്യാര്‍, ലാറി ബേക്കര്‍, കെ.മാധവന്‍, ചേതന്‍ ഭഗത്ത് തുടങ്ങിയ പ്രശസ്തര്‍ക്ക് പുറമെ തീരെ കേട്ടറിവില്ലാത്ത, ബീഹാറിലെ മുസഹര്‍ സമുദായങ്ങള്‍ക്കിടയില്‍ നീണ്ട കാലം പ്രവര്‍ത്തിച്ച 'സൈക്കിള്‍ ദീദി' എന്നറിയപ്പെടുന്ന സുധാ വര്‍ഗീസും, മെക്‌സിക്കന്‍ അംബാസിഡറായിട്ട് കൂടി ആര്‍ഭാടങ്ങളൊഴിവാക്കി ദില്ലിയിലൂടെ ഓട്ടോവില്‍ സഞ്ചരിച്ചിരുന്ന 'ഓട്ടോ അംബാസിഡറെന്ന' വിളിപ്പേരുള്ള മെല്‍ബ പ്രിയയും, അതിര്‍ത്തി കടന്നു ചെന്നുവെന്ന കുറ്റത്തിന് മുപ്പത്താറ് വര്‍ഷം പാക്കിസ്ഥാനിലെ ലാഹോര്‍ ജയിലില്‍ നരകയാതന അനുഭവിച്ച ശേഷം മോചനം കിട്ടി മടങ്ങിയെത്തുന്ന ഗജാനന്ദ് ശര്‍മ്മയെന്ന രാജസ്ഥാനിലെ റിക്ഷാ തൊഴിലാളിയും, ആന്‍ഡമാനിലെ സെന്റലീസ് ദ്വീപെന്ന 'കറുത്ത ആഫ്രിക്കയിലെ' അപകടകാരികളെന്ന് കരുതപ്പെട്ടിരുന്ന ആദിവാസികളായ ഓംഗികളെ മെരുക്കിയെടുക്കുകയെന്നത് തന്റെ ജീവിതലക്ഷ്യമായി കരുതിയിരുന്ന കൊല്‍ക്കത്ത ഷിബ്പൂരിലെ മധുമാല ചാറ്റര്‍ജിയും കടന്നു വരുന്നു.
പിന്നെ അയ്യപ്പന്‍, വിനയചന്ദ്രന്‍, ജോസ് വെമ്മേലി എന്നീ കവികളുമായുള്ള ഊഷ്മളമായ ബന്ധവും അവരുടെ പെട്ടെന്നുള്ള മരണങ്ങളും. സ്‌കൂള്‍ ഓഫ് ലെറ്റേര്‍സില്‍ അദ്ധ്യാപകനായിരുന്ന വി.സി. ഹാരിസിന്റെ വേര്‍പാടും പരാമര്‍ശിക്കപ്പെടുന്നുണ്ട്. 'ഒടുവില്‍ പറഞ്ഞു തീരാത്തതും എഴുതിത്തീരാത്തതും പങ്ക് വച്ച് തീരാത്തതുമായ ധിഷണാ സാമര്‍ത്ഥ്യം, സൗഹൃദത്തിന്റെ ധാരാളിത്തത്തിന് വിട്ടു കൊടുത്ത് ഹാരിസ് യാത്ര പോയി. ഡോ. ഹാരിസ് ധൂര്‍ത്തടിച്ച ആ പ്രതിഭയെക്കുറിച്ച് ഓര്‍ക്കുമ്പോള്‍ സങ്കടമല്ല, ദേഷ്യമാണ്' എന്ന് മനോജ് കുറിച്ചിടുമ്പോള്‍ അത് അകാലത്തില്‍ നഷ്ടപ്പെട്ട പുനത്തില്‍ കുഞ്ഞബ്ദുള്ള, ജോണ്‍ ഏബ്രഹാം തുടങ്ങിയ പല പ്രഗത്ഭരെയും പറ്റിയുള്ള ഓര്‍മ്മപ്പെടുത്തല്‍ കൂടിയായി. പുസ്തകത്തിലെ പല ലേഖനങ്ങളും ശ്രദ്ധേയമാണെങ്കിലും കൂട്ടത്തില്‍ വേറിട്ട് നില്‍ക്കുന്ന മൂന്നെണ്ണ ത്തെക്കുറിച്ച് മാത്രം എടുത്തു പറയാനാണ് ഉദ്ദേശിക്കുന്നത്.
ഇക്കൂട്ടത്തില്‍ ഏറ്റവും ഉള്ളുരുക്കുന്ന അനുഭവം നീണ്ട കാലം പാക്കിസ്ഥാനിലെ ജയിലില്‍ കിടന്ന ഗജാനന്ദ് ശര്‍മ്മയുടെ രാജസ്ഥാനിലെ കുടുംബത്തെ സന്ദര്‍ശിച്ചതാണ്. ഏതു പണിയും ചെയ്യുമായിരുന്ന, അഖാഡയില്‍ പോയി ഗുസ്തി പഠിച്ചിരുന്ന, നല്ല ഉറച്ച ശരീരമുള്ള, റിക്ഷാ തൊഴിലാളിയായ ഗജാനന്ദിനെ ഒരു ദിവസം പെട്ടെന്നാണ് കാണാതായത്. എവിടെയോ ജോലി തേടിപ്പോയെന്നാണ് ഭാര്യയായ മഖ്‌നിദേവി കരുതിയിരുന്നത്. മുമ്പും രണ്ടും മൂന്നും ദിവസങ്ങള്‍ കഴിഞ്ഞ് മടങ്ങി വരാറുള്ളത് കൊണ്ട്. വൈകിട്ടും മടങ്ങി വരാതായപ്പോള്‍, താമസിയാതെ വരാതിരിക്കില്ലെന്ന് കരുതി അവര്‍ കാത്തിരുന്നു. പോലീസ് സ്റ്റേഷനടക്കം പലയിടങ്ങളിലും പരാതി കൊടുത്തിരുന്നെങ്കിലും യാതൊരു ഫലവുമുണ്ടായില്ല. അങ്ങനെ ആ കുടുബത്തിന്റെ കാത്തിരിപ്പ് അനന്തമായി നീണ്ടു പോയി. ചിറക് വയ്ക്കാത്ത മൂന്ന് കുഞ്ഞുങ്ങളുമായി വെറും മുപ്പത്തി രണ്ട് വയസ്സ് മാത്രം പ്രായമുള്ള മഖ്‌നിദേവി പ്രാര്‍ത്ഥനയുമായി കാത്തിരുന്നു. ദൂരെയുള്ള വല്ല്യേച്ചി അനിയന് വേണ്ടി വര്‍ഷം തോറും അയച്ചു കൊണ്ടിരുന്ന രാഖികളും അയാളുടെ കൈത്തണ്ടയെ കാത്തിരുന്നു. കുടുംബം പോറ്റാനായി മഖ്‌നിദേവി ചെയ്യാത്ത പണികളില്ല.
പിന്നീട് 36 വര്‍ഷങ്ങള്‍ കഴിഞ്ഞാണ് ഗജാനന്ദ് ലാഹോറിലെ ജയിലില്‍ ഉണ്ടെന്ന വിവരം കിട്ടുന്നത്. പാക്കിസ്ഥാനുമായി അതിര്‍ത്തി പങ്കിടുന്ന പല പടിഞ്ഞാറന്‍ സംസ്ഥാനങ്ങളുമുള്ളതു കൊണ്ട്, അറിയാതെ അതിര്‍ത്തി കടന്ന് പൊലീസിന്റെ കൈയില്‍ പെട്ട് ജയിലില്‍ കിടക്കുന്നവര്‍ നിരവധിയാണ് ഇരുവശത്തും. ഇക്കൂട്ടത്തില്‍ ആട്ടിടയന്മാരും, മത്സ്യത്തൊഴിലാളികളും സഞ്ചാരികളുമാണ് പൊതുവെ കൂടുതല്‍. അതു കൊണ്ട് കൃത്യമായ സൂചനകളില്ലാതെ ഇത്തരം കാര്യങ്ങളില്‍ ഭരണാധികാരികള്‍ ഏറെക്കുറെ നിസ്സഹായരാണെന്നത് സത്യമാണ്. ഇവിടെ ചെറിയൊരു സൂചന കിട്ടിയതോടെ രാഷ്ട്രീയ നേതാക്കളും സര്‍ക്കാര്‍ യന്ത്രവും മെല്ലെ അനങ്ങാന്‍ തുടങ്ങി. അങ്ങനെ ഇരു രാജ്യങ്ങളുടെയും സ്വാതന്ത്ര്യദിനത്തില്‍ നടത്താറുള്ള തടവുകാരുടെ കൈമാറ്റപ്പട്ടികയില്‍ ഗജാനന്ദിന്റെ പേരും ഉള്‍പ്പെട്ടു.
മഖ്‌നിദേവിക്ക് സ്വന്തം ഭര്‍ത്താവിനെ ജീവനോടെ തിരിച്ചു കിട്ടിയെങ്കിലും അപ്പോഴേക്കും അയാളുടെ ഓര്‍മ്മകളില്‍ ഒന്നും ശേഷിച്ചിരുന്നില്ല. ഭാര്യയേയും മകനേയും തിരിച്ചറിഞ്ഞില്ലെന്ന് മാത്രമല്ല, തൊണ്ണൂറ് വയസ്സുകാരിയായ വല്യേച്ചി കമലാശര്‍മ്മ കൈത്തണ്ടയില്‍ രാഖി കെട്ടിയപ്പോള്‍ തിരിച്ചറിയാനാകാതെ ഗജാനന്ദ് ശര്‍മ്മ ആരെയോ നോക്കി ചിരിച്ചു, ദേഷ്യപ്പെട്ടു. ചോദ്യങ്ങള്‍ക്ക് അവ്യക്തമായ ചില ശബ്ദങ്ങള്‍ക്കപ്പുറം പ്രതികരണങ്ങളില്ല അയാള്‍ക്ക്. പരിസരബോധം നഷ്ടപ്പെട്ടതു കൊണ്ട് ചിലപ്പോള്‍ കിടക്കയില്‍ തന്നെ മലമൂത്ര വിസര്‍ജ്ജനം ചെയ്യും. ഫാന്‍ ഇടുമ്പോള്‍ പേടിയാണ്. കറണ്ട് അടിപ്പിക്കുമെന്ന് പറഞ്ഞ് ഓഫാക്കാന്‍ നിര്‍ബന്ധിക്കും പാക്കിസ്ഥാന്‍ ജയിലില്‍ നടന്ന ക്രൂരമര്‍ദ്ദനങ്ങള്‍ക്കിടയില്‍ അവര്‍ അങ്ങനെയും ചെയ്തു കാണണം.
കൗതുകകരമാണ് ബീഹാറിലെ മുസഹര്‍ സമുദായങ്ങള്‍ക്കിടയില്‍ നീണ്ട കാലം പ്രവര്‍ത്തിച്ച 'സൈക്കിള്‍ ദീദി' എന്നറിയപ്പെടുന്ന സുധാ വര്‍ഗീസിന്റെ കഥ. മുട്ടറ്റം ചെളി നിറഞ്ഞ വഴിയിലൂടെ മൂന്ന് കിലോമീറ്ററോളം നീന്തിയായിരുന്നു മനോജ് ദീദിയെ കാണാന്‍ ആദ്യം പോയത്. എലികളെ തിന്നു കഴിയുന്ന മുസഹറുകളുടെ ഇടയില്‍ ജംസേത്ത് എന്ന ഗ്രാമത്തില്‍ ദീദിക്ക് ഒരു ചെറിയ കുടിലുണ്ട്. അവര്‍ക്കവിടെ താമസിക്കാനാണ് ഇഷ്ടം. പന്ത്രണ്ട് വര്‍ഷങ്ങള്‍ക്ക് ശേഷം ലേഖകന്‍ അവരെ വീണ്ടും കാണാന്‍ ചെല്ലുമ്പോള്‍ അവര്‍ക്ക് കാര്യമായ മാറ്റങ്ങളൊന്നുമുണ്ടായിരുന്നില്ല; മുടി അവിടവിടെ നരച്ചുവെന്ന് മാത്രം. പക്ഷെ അത്രയും കാലത്തിനുള്ളില്‍ വലിയ മാറ്റമുണ്ടായത് അവിടത്തെ സാധാരണക്കാരായ മനുഷ്യരുടെ ഇടയിലാണ്. അങ്ങനെ ബീഹാറിലെ മഹാദളിതുകളുടെ ജിവിതത്തില്‍ ദീദിക്കും മുമ്പും പിമ്പും എന്ന് പകുത്തിടാമത്രെ.
പാവങ്ങള്‍ക്ക് വേണ്ടി എന്തെങ്കിലും ചെയ്യാന്‍ വേണ്ടിയാണ് കോട്ടയം കാഞ്ഞിരത്താനക്കാരിയായ, സന്യാസിനി സഭയിലെ സുധാ വര്‍ഗ്ഗീസ് ബീഹാറിലെത്തുന്നത്. കുറെക്കാലം സ്‌കൂള്‍ അദ്ധ്യാപകയായി ജോലി നോക്കിയെങ്കിലും അതൊന്നും അവരെ തീരെ തൃപ്തിപ്പെടുത്തിയില്ല. അങ്ങനെ ഉള്‍നാടുകളിലെത്തിയപ്പോഴാണ് ബീഹാറിലെ ജാതി വ്യവസ്ഥയുടെ ക്രൂരമായ മുഖം അവര്‍ക്ക് തെളിഞ്ഞു കിട്ടുന്നത്. ഉയര്‍ന്ന സമുദായക്കാരുടെ പാടങ്ങളില്‍ നിസ്സാരമായ കൂലിക്ക് വേണ്ടി അവര്‍ക്ക് പണിയെടുക്കേണ്ടി വരുന്നു. എന്തിനും ഏതിനും വിലക്ക്. ബലാല്‍സംഗമെന്നത് പെണ്‍ജീവിതങ്ങളുടെ ഇടയില്‍ ഒരു തരം നാട്ടു നടപ്പാവുമ്പോാള്‍ എന്തിനും ഏതിനും കീഴടങ്ങുകയെന്നത് മാത്രമായിരുന്നു അവരുടെ വിധി. ഈ പാവങ്ങളുടെ ദുസ്ഥിതി മാറ്റാനായുള്ള അവരുടെ എല്ലാ ശമ്രങ്ങളും സ്വാഭാവികമായി എതിര്‍പ്പുകളുണ്ടാക്കി. സ്ത്രീകളുടെ ഉന്നമനത്തിനായി ഒരു സംഘടന ഉണ്ടാക്കി പ്രവര്‍ത്തിക്കാന്‍ തുടങ്ങിയപ്പോള്‍ ജീവന് പോലും ഭീഷണി യുണ്ടായി. അംഗന്‍വാടികളില്‍ മുസഹര്‍ കുട്ടികള്‍ക്ക് പ്രവേശനം കിട്ടാത്തതു കൊണ്ട് അവര്‍ക്ക് വേണ്ടി ആനന്ദ് ശിക്ഷാ കേന്ദങ്ങളും സ്ത്രീകള്‍ക്കായി മാതാസമിതിയുമുണ്ടാക്കി. ഇപ്പോള്‍ അത്തരം നാല്‍പ്പതോളം സമിതികള്‍ ബീഹാറിലുണ്ടത്രെ. 1986ല്‍ ജംസേത്തിലെത്തിയ ദീദി 2005 വരെ അവിടെ പ്രവര്‍ത്തിച്ചു. അടുത്ത വര്‍ഷം രാജ്യം പത്മശ്രീ നല്‍കി അവരെ ആദരിച്ചു. പിന്നീട് വളരെക്കാലം സംസ്ഥാന ന്യൂനപക്ഷ കമ്മീഷന്റെ ഉപാദ്ധ്യക്ഷയായിരുന്നു.
ഇതു പോലെ വലിയൊരു വെല്ലുവിളി ഏറ്റെടുത്ത കഥയായിരുന്നു കൊല്‍ക്കത്തയിലെ മധുമാല ചാറ്റര്‍ജിയുടേത്. പന്ത്രണ്ടാം വയസ്സില്‍ സ്‌കൂളില്‍ പഠിക്കുന്ന കാലത്ത് പത്രത്തില്‍ കണ്ട ഒരു കൊച്ചു വാര്‍ത്തയാണത്രെ മധുമാലയുടെ ഭാവിജീവിതമാകെ മാറ്റി മറിച്ചത്. ആന്‍ഡമാനിലെ ഓംഗി വിഭാഗങ്ങള്‍ ക്കിടയില്‍ ഒരു കുഞ്ഞ് പിറന്നിരിക്കുന്നുവെന്നായിരുന്നു ആ വാര്‍ത്ത. അത് അവളുടെ കൗതുകമുണര്‍ത്തിയപ്പോള്‍ അടുത്ത അവധിക്കാലത്ത് അങ്ങോട്ടൊരു യാത്ര പോകണമെന്ന വാശിയായി. പക്ഷെ, റെയില്‍വെയില്‍ ഉദ്യോഗസ്ഥനായ അച്ഛന്‍ അതിന് തയ്യാറായിരുന്നില്ല. കാരണം അപകടകാരികളായ ഓംഗികളുടെ ദ്വീപിലേക്ക് സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കും ഗവേഷകര്‍ക്കും മാത്രമേ പ്രവേശനമുള്ളൂ. നരവംശശാസ്ത്രം പഠിച്ച് മിടുക്കിയായാല്‍ അങ്ങോട്ട് പോകാം, അച്ഛന്‍ പറഞ്ഞു. അദ്ദേഹം അതപ്പോഴേ മറന്നെങ്കിലും അതൊരു വലിയ സ്വപ്നമായി കുഞ്ഞു മധുമാലയുടെ മനസ്സില്‍ വളരുകയായിരുന്നു. അങ്ങനെ അവള്‍ പിന്നീട് നരവംശശാസ്ത്രം പഠിച്ചു ബിരുദമെടുത്തുവെന്ന് മാത്രമല്ല, ആന്ത്രപ്പോളജിക്കല്‍ സര്‍വെ ഓഫ് ഇന്ത്യയില്‍ റിസര്‍ചച്ച് അസിസ്റ്റന്റ്റായി ചേരുകയും ചെയ്തു. ജോലിയില്‍ ചേര്‍ന്ന ദിവസം എവിടെയാണ് പോസ്റ്റിംഗ് വേണ്ടതെന്ന് ഡയറക്റ്റര്‍ ജനറല്‍ ചോദിച്ചപ്പോള്‍ ആന്‍ഡമാനിലേക്ക് എന്ന അവളുടെ മറുപടി അദ്ദേഹത്തെ ശരിക്കും ഞെട്ടിച്ചു. കാരണം, മിക്കവരും പോകാന്‍ മടിക്കുന്ന ഒരു ദ്വീപാണത്.
പിന്നീട് ഒരു ഗവേഷകയായി ആറ് വര്‍ഷം മധുമാല അവിടെ ജോലി ചെയ്തുവെന്ന് മാത്രമല്ല അക്കൂട്ടത്തില്‍ കുറെയേറെ വലിയ വെല്ലുവിളികള്‍ ഏറ്റെടുക്കുകയും ചെയ്തു. അതിലൊന്നായിരുന്നു അജ്ഞാതഭൂമിയായി അവശേഷിച്ചിരുന്ന സെന്‍്‌റനല്‍ ദ്വീപിലേക്കുള്ള യാത്ര. ജോണ്‍ അലന്‍ ചൌ എന്ന അമേരിക്കന്‍ സഞ്ചാരിയുടെ അവിടെ വച്ചുള്ള ദുരൂഹമായ മരണം അത്രയേറെ ഭിതി വളര്‍ത്തിയിരുന്നതു കൊണ്ട് അത് 'ഭയങ്ങളുടെ ദ്വീപ്' എന്ന പേരിലാണ് അറിയപ്പെടുന്നത്. പന്ത്രണ്ട് ദ്വീപുകളുള്ള ആന്‍ഡമാനില്‍ ചിലവയിലേ മനുഷ്യവാസമുള്ളൂ. അവിടെ എത്തിയ ഉടനെ മധുമാല പ്രവര്‍ത്തനം ആരംഭിച്ചത് ഓംഗികളെന്ന ആദിമവാസികളുടെ ഇടയിലാണ്. പുറംലോകവുമായി കുറച്ചൊക്കെ ബന്ധമുള്ളവരാണവര്‍. കുറെ ദിവസം അവരുടെ കുടിലുകളില്‍ താമസിച്ചുവെന്ന് മാത്രമല്ല അവര്‍ തയ്യാറാക്കിക്കൊടുക്കുന്ന കിഴങ്ങുകളും മറ്റുമടങ്ങുന്ന ഭക്ഷണവും കഴിച്ചു കഴിഞ്ഞു കൂടുകയും ചെയ്തു. പതിയെപ്പതിയെ അവര്‍ ഓംഗികളുടെ ഭാഷയുമായി പരിചയപ്പെട്ടു. സെന്റനലീസിന്റെ ഭാഷയുമായി ഇതിന് സാമ്യമുണ്ടത്രെ. വാസ്തവത്തില്‍ അവരുടെ ഉന്നം സെന്‍്‌റനല്‍വാസികളുമായി ബന്ധം സ്ഥാപിക്കുകയെന്നതായിരുന്നു. അങ്ങനെ ആര്‍ക്കും ചെന്നെത്താനാവാത്ത അപകടം നിറഞ്ഞ ആ മേഖലയിലേക്കുള്ള പഠനസംഘത്തിലെ ആദ്യ വനിതാംഗമായി മധുമാല ചാററര്‍ജി.
ഒരു ചെറു സംഘം വലിയ കരുതലോടെയാണ് അങ്ങോട്ട് നീങ്ങിയത്. ഏതു നിമിഷവും മരങ്ങളുടെ മറവില്‍ നിന്ന് അമ്പുകള്‍ പാഞ്ഞു വന്നേക്കാം. അങ്ങനെ ആ ദ്വീപുവാസികളിലേക്ക് അടുക്കാന്‍ സംഘം കണ്ടു പിടിച്ച ഒരു വിദ്യയായിരുന്നു, ബോട്ടില്‍ കരുതി വച്ചിരുന്ന തേങ്ങകള്‍ അവരുടെ നേര്‍ക്ക് ഓരോന്നായി ഒഴുക്കി വിടുകയെന്നത്. ആ ശമ്രം ഫലിച്ചു. അങ്ങനെ ഒഴുക്കി വിട്ട തേങ്ങകള്‍ പെറുക്കിയെടുക്കാനായി പൂര്‍ണ്ണ നഗ്‌നരായ ചില മനുഷ്യരൂപങ്ങള്‍ മരങ്ങളുടെ മറവില്‍ നിന്ന് പുറത്തു വന്നപ്പോള്‍ ആശ്വാസമായി. ബോട്ടില്‍ വന്നവര്‍ ശത്രുക്കളല്ലെന്ന തിരിച്ചറിവ് വ്യക്തമായിരുന്നു... അതൊരു നല്ല തുടക്കമായിരുന്നു. പതുക്കെപ്പതുക്കെ മധുമാലയ്ക്ക് അവരുമായി നല്ല സൗഹൃദം സ്ഥാപിക്കാനായി. അവരെ കാണുമ്പോള്‍ ഞങ്ങളുടെ സുഹൃത്ത് വന്നു എന്ന അര്‍ത്ഥമുള്ള 'മിലാലെ ചെര..മിലാലെ ചെര' എന്നവര്‍ വിളിച്ചു കൂവുമായിരുന്നത്രെ...
നീണ്ട കാലം പട്ടാളത്തില്‍ ജോലി ചെയ്തിരുന്ന കാലത്തും അതിനു ശേഷവും എഴുത്തും പരിഭാഷകളും നടത്തിയിരുന്ന കുഞ്ചുവിനെ ലേഖകന്‍ ഓര്‍ക്കുന്നത് ആര്‍ദ്രതയോടെയാണ്. കോവിലന്‍, നന്തനാര്‍, പാറപ്പുറത്ത്, ഏകലവ്യന്‍ എന്നിവരുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്ന കുഞ്ചുവിന് അവരെപ്പറ്റി ഒരുപാട് പറയാനുണ്ട്. സ്‌കൂള്‍ ഓഫ് ലെറ്റേര്‍സില്‍ നിന്ന് നരേന്ദ്രപ്രസാദ്, ഡി.വിനയചന്ദ്രന്‍, പി.പി.രവീന്ദ്രന്‍, പി.ബാല ചന്ദ്രന്‍, വി.സി.ഹാരിസ് തുടങ്ങിയ പ്രതിഭകളുടെ ശിക്ഷണത്തില്‍ എം.ഫില്‍. ബിരുദം നേടി പുറത്തിറങ്ങിയ മനോജിന് സ്വാഭാവികമായും സാഹിത്യ താത്പര്യമുണ്ടെന്ന് മാത്രമല്ല തന്റെ നീണ്ട പത്രപ്രവര്‍ത്തക ജീവിതത്തിനിടയ്ക്ക് അദ്ദേഹം ചില കഥകളുമെഴുതിയിട്ടുണ്ട്. പത്രസ്ഥലത്തിന്റെ പരിമിതികള്‍ക്കകത്ത് എഴുതി ശീലിച്ചത് കൊണ്ട് നല്ല കൈയടക്കവും ഒതുക്കവുമുണ്ട് അദ്ദേഹത്തിന്റെ ലേഖനങ്ങള്‍ക്ക്. അതുകൊണ്ട് തന്നെ എന്തെഴുതിയാലും അതില്‍ ആര്‍ജ്ജവവും പാരായണക്ഷമതയുണ്ടാകും. എണ്‍പത് വയസ്സായ ലാറി ബേക്കറുമായുള്ള അഭിമുഖത്തിന്റെ തലക്കെട്ട് 'എണ്‍പത് പടവുകളുള്ള വീട്' തന്നെ രസകരമായി തോന്നി. അത് പോലെ തന്നെ പുസ്തകത്തിന്റെ പേരും.
എന്തായാലും, ഈ ലേഖന സമാഹാരത്തിലൂടെ കടന്നു പോകുകയെന്നത് രസകരമായൊരു അനുഭവമായി. ഒരിടത്തും ഒളിച്ചിരിക്കാനാവാത്ത മനോജ്‌മേനോന് എന്റെ എല്ലാ ആശംസകളും.
പുസ്തക വിവരം :
ഒരിടത്തും ഒളിച്ചിരിക്കാനാവാത്ത കാറ്റ് (ഓര്‍മകളുടെയും അനുഭവങ്ങളുടെയും അന്വേഷണങ്ങളുടെയും സമാഹാരം)
പ്രസാധനം :സാഹിത്യ പ്രവര്‍ത്തക സഹകരണ സംഘം.
വിതരണം :നാഷണല്‍ ബുക് സ്റ്റാള്‍
വില : 170 രൂപ.
Content Highlights: Manoj menon sethu
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..