ചെന്നൈയില്‍ പാംഗ്രോവ് ഹോട്ടലില്‍ അഞ്ഞൂറ്റിനാലാം നമ്പരിലായിരുന്നു ഞാന്‍ സ്ഥിരമായി താമസിച്ചിരുന്നത്. ചെന്നൈയില്‍ താമസമാക്കും മുന്‍പു പ്രിയന്‍ വരുമ്പോള്‍ എന്റെ കൂടെ ആ മുറിയിലായിരുന്നു താമസിച്ചിരുന്നത്. ഒരു ദിവസം ഷൂട്ടിങ് കഴിഞ്ഞു വന്നതും ഞാന്‍ ഉറങ്ങാന്‍ കിടന്നു. പ്രിയന്‍ മുറിയില്‍ എത്തിയിരുന്നില്ല. പ്രിയന്‍ വരുമ്പോള്‍ തട്ടിവിളിച്ച് ഉറക്കം പോകണ്ട എന്നു കരുതി വാതില്‍ ചാരിവെച്ചിരുന്നു. 

ഒന്നുറങ്ങിയ സമയത്തു പെട്ടന്ന് ഒരു സ്ത്രീയുടെ നിലവിളി. ഞാന്‍ ഞെട്ടിയെഴുന്നേറ്റു നോക്കുമ്പോള്‍ ഒരു സ്ത്രീ സാരിയൊക്കെ അഴിച്ചു കയ്യില്‍ പിടിച്ചു നില്‍ക്കുകയാണ്. അവര്‍ നമ്പര്‍ തെറ്റി ഈ മുറിയില്‍ വന്നുകയറി സാരിയൊക്കെ അഴിച്ചു ലൈറ്റിട്ടപ്പോള്‍ ഞാന്‍ കിടന്ന് ഉറങ്ങുന്നു. പേടിച്ച് നിലവിളിച്ചതാണ്. 

ഞാന്‍ കണ്ണുതിരുമ്മി ഉണര്‍ന്നു വരുമ്പോള്‍ അവര്‍ എന്നോട് ചൂടാകാന്‍ തുടങ്ങി. അവരുടെ മുറിയില്‍ ഞാന്‍ ചെന്നുകയറിയെന്നു പറഞ്ഞാണു വഴക്ക്. ഞാന്‍ പറഞ്ഞു, ഇതെന്റെ മുറിയാണ്, നിങ്ങള്‍ക്കാണ് മുറി മാറിയത്. ഒടുവില്‍ അവര്‍ക്കാണ് തെറ്റിയതെന്നു മനസിലായപ്പോള്‍, സാരിയൊക്കെ വലിച്ചെടുത്തു സോറിപറഞ്ഞുകൊണ്ട് ഒരൊറ്റയോട്ടം. 

അതേ റുമില്‍ താമസിക്കുമ്പോള്‍ മറ്റൊരു അനുഭവവും ഉണ്ടായി. രാത്രി പന്ത്രണ്ടര മണി സമയമാണ്. ഞാന്‍ നല്ല ഉറക്കത്തിലായിരുന്നു. ആ സമയത്തു വാതിലില്‍ മുട്ടു കേള്‍ക്കുന്നു. ഞാന്‍ വാതില്‍ തുറന്നപ്പോള്‍ മുന്നില്‍ ഒരു സി.ഐയും എസ്.ഐയും. പെട്ടന്ന് പോലീസിനെ കണ്ടപ്പോള്‍ ഞാനൊന്നു പകച്ചു. എന്താകാര്യം എന്നു ചോദിച്ചപ്പോള്‍ അവര്‍ വളരെ വിനയത്തോടെ പറഞ്ഞു. 

മണിയന്‍പിള്ള രാജുവിന്റെ ചിരിച്ചും ചിരിപ്പിച്ചും എന്ന പുസ്തകം വാങ്ങാന്‍ ക്ലിക്ക് ചെയ്യുക

സാര്‍, തമിഴ്പുലികള്‍ ഈ ഹോട്ടലില്‍ താമസിക്കുന്നു എന്നു വിവരം കിട്ടിയിട്ടുണ്ട്. എല്ലാ മുറികളും സെര്‍ച്ച് ചെയ്യാന്‍ നിര്‍ദേശമുണ്ട്. ഞാന്‍ സമ്മതിച്ചു. അവര്‍ മുറിയില്‍ കയറി ബാത്ത്‌റും പരിശോധിച്ചു. പോകാന്‍ നേരം പറഞ്ഞു, സാര്‍, ഞങ്ങളുടെ ജോലിയുടെ ഭാഗമാണ്. ക്ഷമിക്കണം, വിരോധമൊന്നും തോന്നരുത്. സാരമില്ലെന്ന് പറഞ്ഞു ഞാന്‍ വീണ്ടും അകത്തു കയറിക്കിടന്നെങ്കിലും ഉറക്കം പോയി.

പിറ്റേന്നു ഷൂട്ടിങ്ങിനു പോകാനിറങ്ങുമ്പോള്‍ ഞാന്‍ റിസപ്ഷനില്‍ ചെന്നു ചോദിച്ചു, 'ഇന്നലെ പോലീസ് വന്നത് നിങ്ങള്‍ അറിഞ്ഞില്ലേ? നിങ്ങള്‍ക്ക് അവരോട് പറഞ്ഞുകൊടുക്കാമായിരുന്നില്ലേ, ഞാനിവിടെ സ്ഥിരമായി താമസിക്കുന്നതാണെന്ന്? '

അപ്പോള്‍ അവര്‍ പറഞ്ഞു, ഞങ്ങള്‍ അവരോട് പറഞ്ഞതാണു സാര്‍, പക്ഷേ അവര്‍ വന്നത് പുലിതെ തപ്പിയൊന്നുമല്ല. മലയാളത്തിലെ ഒരു സിനിമാനടിയുടെ സഹോദരന്‍ ഒരു പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയതായി പരാതി കിട്ടി വന്നതാണ്. അവരെ ഈ ഹോട്ടലില്‍ ആരോ ഒളിപ്പിച്ചിട്ടുണ്ടെന്നു പോലീസിനു വിവരം കിട്ടിയിരന്നു. അത് അന്വേഷിച്ച് വന്നതാണ്....!

( മണിയന്‍പിള്ള രാജുവിന്റെ ചിരിച്ചും ചിരിപ്പിച്ചും എന്ന പുസ്തകത്തില്‍ നിന്ന്. )