'ഗ്ലാമറിനോടുള്ള ഒരുതരം വൈരാഗ്യബുദ്ധി ശ്രീനിവാസന് അക്കാലംതൊട്ടേ ഉണ്ട്, അതു തെളിഞ്ഞിരിക്കയാണ്!'


8 min read
Read later
Print
Share

മാമുക്കോയ ശ്രീനിവാസൻ, സത്യൻ അന്തിക്കാടിനൊപ്പം മാമുക്കോയ

സിനിമയിലാണ് മറ്റേതു രംഗത്തേക്കാളും പ്രതിച്ഛായ നിർമ്മിതി സംഭവിക്കുന്നത്. സ്റ്റാർ എന്ന പ്രയോഗംതന്നെ സിനിമയുമായി ബന്ധപ്പെട്ടിട്ടാണ് രൂപപ്പെട്ടത്. സിനിമയേക്കാൾ മുന്നേ ഇവിടെയുണ്ടായിരുന്ന ഏറ്റവും ജനകീയ കലാരൂപമായ നാടകത്തിലെ അഭിനേതാക്കളെ ഒന്നും നാം നാടകസ്റ്റാർ എന്നു വിളിച്ചിരുന്നില്ല. എത്രയോ പ്രഗത്ഭരായ നാടക നടൻമാർ, ഒരു ചരിത്രരേഖപോലും അവശേഷിപ്പിക്കാതെ മൺമറഞ്ഞു പോയി. എന്നാൽ, സിനിമയിൽ നടൻമാരൊക്കെ സാമാന്യജനങ്ങളുമായി കൃത്യമായ ഒരു അകൽച്ച പാലിച്ചുകൊണ്ടാണ് ജീവിക്കുന്നത്. തിരശ്ശീലയിൽ നിഴൽരൂപങ്ങളായിക്കണ്ട മനുഷ്യരെ പച്ചജീവനോടെ കാണുമ്പോൾ സാധാരണ മനുഷ്യർക്ക് പതിവില്ലാത്തൊരു കൗതുകം സ്വാഭാവികമാണ്. നടൻമാരിൽ സിനിമാസ്റ്റാറുകൾ ആകട്ടെ, മണ്ണിൽ ചവിട്ടിനടക്കാത്ത ആളുകളായിത്തീരുകയും ചെയ്തു. സാധാരണ മനുഷ്യരെ തൊടുകയോ ബസ്സിൽ സഞ്ചരിക്കുകയോ സാധാരണ ഹോട്ടലുകളിൽനിന്നു ഭക്ഷണം കഴിക്കുകയോ ചെയ്യുന്നതുപോലും അവരെ സംബന്ധിച്ചിടത്തോളം അസാധ്യമായ ഒരു ആലോചനയായിത്തീർന്നു. ഈ ഗ്ലാമർ പരിവേഷം സിനിമയിൽ നിലനില്ക്കുമ്പോഴാണ് ശ്രീനിവാസന്റെയും മാമുക്കോയയുടെയും ഒക്കെ കടന്നുവരവ് ഉണ്ടാവുന്നത്. ഗ്ലാമറിനെതിരെയുള്ള ദിശയിലാണ് ഈ രണ്ടുപേരുടേയും ചലച്ചിത്രസഞ്ചാരങ്ങൾ.

ഗാന്ധിനഗർ സെക്കൻഡ് സ്ട്രീറ്റ് എന്ന സിനിമയുടെ ആലോചനയുമായി കോഴിക്കോട് മഹാറാണിയിൽ തമ്പടിച്ചിരിക്കുകയാണ് ശ്രീനിവാസനോടൊപ്പം ഞാൻ. പുതിയ ചില നടൻമാരെ ആ സിനിമയിലേക്ക് കൊണ്ടുവരണമെന്ന് എനിക്കാഗ്രഹമുണ്ടായിരുന്നു. ഞാനത് ശ്രീനിവാസനോട് സൂചിപ്പിക്കുകയും ചെയ്തിരുന്നു.'ഒരാളുണ്ട്' ശ്രീനിവാസൻ പറഞ്ഞു: 'മാമു തൊണ്ടിക്കോട്. മികച്ച നാടകനടനാണ്.' ശ്രീനിവാസൻ പറഞ്ഞതുകൊണ്ട് എനിക്ക് ആളെ കാണാൻ ആഗ്രഹമായി. പിറ്റേന്നു കാലത്ത് മെലിഞ്ഞ് കൊള്ളിക്കഷണംപോലെയുള്ള ഒരു മനുഷ്യൻ എന്നെത്തേടി മഹാറാണിയിലേക്ക് വന്നു. പല്ലുകൾ യാതൊരു അപകർഷതയുമില്ലാതെ പുറത്ത് എഴുന്നുനിൽക്കുന്നു. പല്ലുകളാണ് ആ ശരീരത്തിന്റെ അച്ചുതണ്ട് എന്ന നിലയിലാണ് അവയുടെ നില്പ്. മുഖത്തിന്റെ ഫ്രെയിമിനു പുറത്തേക്കുള്ള ആ പല്ലുകൾ കണ്ടപ്പോൾത്തന്നെ ഞാൻ നിരാശനായി. ശ്രീനിവാസൻ എന്റെ ശത്രുവാണോ എന്നുപോലും, ഒരു നിമിഷം ഞാൻ സംശയിച്ചുപോയി. ഒരു യഥാർഥ സുഹൃത്ത് പല്ലുകൾ മുക്കാലും പുറത്തേക്ക് ഉന്തിനിൽക്കുന്ന ഇങ്ങനെയൊരു മനുഷ്യനെ അഭിനയിക്കാൻ ഒരു അവസരം കൊടുക്കൂ എന്നു പറഞ്ഞ് അയയ്ക്കുമോ? മാമു തൊണ്ടിക്കോടിനെ എന്റെ മുന്നിലേക്ക് പറഞ്ഞുവിട്ട്, ശ്രീനിവാസൻ അപ്രത്യക്ഷനാവുകയും ചെയ്തു.

'നമ്മള് മാമു തൊണ്ടിക്കോട്.' മാമുക്കോയ പറഞ്ഞു:
'കല്ലായീലെ മില്ലിലാണ് പണി. നാടകം അഭിനയിക്കാറ്ണ്ട്. ശ്രീനിവാസൻ പറഞ്ഞിട്ടാ വന്നത്. ഓര് നമ്മള സുഹൃത്താ. ഞാൻ ങ്ങളെ സിനിമേല് അഭിനയിക്കണോ?'
മാമു തൊണ്ടിക്കോടിന്റെ കൂസലില്ലാത്ത ആ ചോദ്യം കേട്ടപ്പോൾ ത്തന്നെ എന്റെ ഉള്ളിലൊരു നീരസം ഉരുണ്ടുകയറാൻ തുടങ്ങി. സിനിമയിൽ അഭിനയിക്കാൻ പറ്റിയ കോലം! സത്യം പറഞ്ഞാൽ,
ഒരുതരം പരിഹാസച്ചിരി എന്റെയുള്ളിൽ വട്ടംകറങ്ങുന്നുണ്ടായിരുന്നു.

മാമു തൊണ്ടിക്കോട് ഒന്നും പറയുന്നില്ല. ഒരു മറുപടി കിട്ടിയാൽ വേഗംതന്നെ തിരിച്ചുപോകാമല്ലോ എന്ന മട്ടിലാണ് ആ നില്പും ഭാവവും. ഇനി അവസരം ഇല്ലെങ്കിൽ എനിക്കൊരു ചുക്കുമില്ല എന്നൊരു ഭാവം ആ മുഖത്തുണ്ടായിരുന്നു. 'നിങ്ങളെ സിനിമയിൽ അഭിനയിക്കാൻ എനിക്കൊരവസരം തന്നാൽ അതു നിങ്ങളുടെ ഭാഗ്യം' എന്ന മട്ടിലൊരു കൂസലില്ലായ്മ മാമുവിന്റെ മുഖത്തുനിന്നും ഞാൻ വായിച്ചെടുത്തു. പെട്ടെന്നൊരു മറുപടി പറയാനാവാതെ, സാഹിത്യഭാഷയിൽ, ഇതികർത്തവ്യതാമൂഢനായി ഞാൻ നിന്നു. ശീനിവാസൻ പറഞ്ഞയച്ച ആളാണല്ലോ. പിണക്കാതെ നല്ല വാക്ക് പറഞ്ഞുവിടുകയും വേണം. ശ്രീനിവാസന് പറ്റിയ രൂപത്തിലുള്ള ചിലരെ സിനിമയിലേക്ക് പ്രമോട്ട് ചെയ്യാൻ തീരുമാനിച്ചിരുന്നു. ഗ്ലാമറിനോടുള്ള ഒരുതരം വൈരാഗ്യബുദ്ധി ശ്രീനിവാസന് അക്കാലംതൊട്ടേ ഉണ്ട്. തനിക്കു കിട്ടുന്ന ഓരോ സന്ദർഭങ്ങളിലും അതു തെളിയിക്കുകയും ചെയ്യും. ഇപ്പോൾ എനിക്കിട്ട് ഒരു പണി തന്നിരിക്കയാണ്.

'ങ്ങള് ഇങ്ങനെ നോക്കിനിന്ന് മ്മളെ സുയിപ്പാക്കണ്ട. ങ്ങള് പറഞ്ഞോളീ ചാൻസില്ലെങ്കിൽ മ്മള് പോയിക്കൊള്ളാം. പോയിട്ട് കല്ലായീല് പണീണ്ട്!'
വളരെ അക്ഷമനായി മാമു തൊണ്ടിക്കോട് പറഞ്ഞു. ഒരു സംവിധായകൻ എന്ന നിലയിലുള്ള എന്റെ ആജ്ഞാശക്തി വെറുമൊരു മരംകൂപ്പുകാരനു മുന്നിൽ മറുപടി പറയാനാവാതെ തരിച്ചു നിൽക്കുന്നു. ശ്രീനിവാസൻ എവിടെയോ മറഞ്ഞിരുന്ന്, ഈ രംഗമൊക്കെ മനസ്സിലോർത്ത് ചിരിക്കുന്നുണ്ടാവാം.

ആ നിമിഷമാണ് അത് സംഭവിച്ചത്. തികച്ചും നിസ്സാരമെന്നുതോന്നിയേക്കാവുന്ന ഒരു സംഭവം. മാമു അയാളുടെ ഷേട്ടിന്റെ കൈമടക്കിൽ തിരുകിവെച്ചിരുന്ന തൂവാലയെടുത്ത് അയാളുടെ മുഖമൊന്നു തുടച്ചു. എത്രയോ കാലമായി കഠിനാധ്വാനം ചെയ്യുന്ന ഒരു മനുഷ്യന്റെ വിയർപ്പുകളത്രയും ആ തൂവാല ഒപ്പിയെടുക്കുന്നതായി എനിക്കു തോന്നി. വിയർപ്പ് ഒപ്പിയൊപ്പി കറുത്ത് പിഞ്ഞിപ്പോയ ആ തൂവാല ചുരുട്ടി വീണ്ടും കൈമടക്കിൽത്തന്നെ തിരുകിക്കേറ്റി. മരംകൂപ്പുകാരനായ ആ മനുഷ്യൻ, ഒരു ചോദ്യചിഹ്നമായി എന്റെ മുന്നിൽ നില്ക്കുകയാണ്.

'ശ്രീനിവാസൻ വന്നിട്ടു പറയാം, ഞാൻ പറഞ്ഞു: 'കഥാപാത്രം ഏതാണ് എന്നൊന്നും തീരുമാനിച്ചിട്ടില്ല.'
'അപ്പോ, ശ്രീനി വന്നിട്ട് മ്മളെ വിളിക്കിൻ.'
അത്രയും പറഞ്ഞ്, യാതൊരു വൈകാരികഭാരവുമില്ലാതെ മാമു തൊണ്ടിക്കോട് യാത്ര പറഞ്ഞു. മുണ്ടു മാടിക്കുത്തി, കാറ്റിൽ രണ്ട് കയ്യും വീശി, മില്ലിൽ വേഗം എത്തിയാൽ ഒരു മരംകൂടി അളന്നു തീർക്കാം എന്ന മട്ടിലായിരുന്നു ആ നടത്തം.ശ്രീനിവാസൻ അപ്പോൾത്തന്നെ മായാവിയെപ്പോലെ എവിടെ നിന്നോ പ്രത്യക്ഷപ്പെട്ടു. ഒരു രഹസ്യതാവളത്തിൽ അവർ തമ്മിൽ സന്ധിച്ചിട്ടുണ്ട് എന്ന് ഞാൻ സംശയിച്ചു.

'ശ്രീനിവാസൻ പറഞ്ഞ ആ മനുഷ്യൻ വന്നു'. ഞാൻ പറഞ്ഞു.
'സത്യൻ എന്തു പറഞ്ഞു?'
'ശ്രീനിവാസൻ വന്നിട്ടു പറയാം എന്നു പറഞ്ഞു.'
'ഓഹോ, അതു ശരി. അതായത് ചാൻസു കിട്ടിയില്ലെങ്കിൽ
അത് ശ്രീനിവാസൻ കാരണമാണ് എന്ന് മാമു തൊണ്ടിക്കോട് മനസ്സിലാക്കിക്കൊള്ളും.'

സിനിമയിൽ ഉള്ളതുപോലെത്തന്നെയാണ് ശ്രീനിയുടെ സംസാരശൈലി.

'നിങ്ങൾ സംവിധായകർ ഗ്ലാമറിന്റെ തടവുകാരാണ്. അയാളെ ഒന്ന് അഭിനയിപ്പിച്ചുനോക്കൂ. അഭിനയം നന്നല്ലെങ്കിൽ പറഞ്ഞു വിടാം. ഒരു സംവിധായകൻ എന്ന നിലയിൽ താങ്കൾക്ക് അതിന് ആരുടേയും അനുവാദം ആവശ്യമില്ല. അങ്ങനെയൊരു തീരുമാനം എടുക്കാനുള്ള താങ്കളുടെ വിവേചനാധികാരത്തെ ഒരു ശക്തിക്കും ചോദ്യം ചെയ്യാനാവില്ല.'
ശ്രീനിവാസൻ കത്തിക്കയറുകയാണ്. ഓരോ വാക്കിലും ഗ്ലാമറിനോടുള്ള വൈരാഗ്യബുദ്ധി മൂർച്ചയോടെ പുറത്തുവരുന്നുണ്ട്.

'ശരി, ഷൂട്ടിങ് തുടങ്ങിയാൽ അയാളോട് വരാൻ പറ.'ഞാൻ പറഞ്ഞു. ചെറിയൊരു ചിരി ശ്രീനിവാസന്റെ മുഖത്തുണ്ടായിരുന്നു.

സിബി മലയിലിന്റെ ദൂരെദൂരെ ഒരു കൂടു കൂട്ടാം എന്ന സിനിമയിലാണ് മാമുക്കോയ അതിനുമുൻപ് അഭിനയിച്ചത്. അതിന്റെയൊരു എക്സ്പീരിയൻസ് മൂപ്പർക്കുണ്ട്. ആ സിനിമയിലെ ഏറ്റവും മിഴിവുള്ള കഥാപാത്രമാണ് മാമുക്കോയ അവതരിപ്പിച്ച അറബി മുൻഷി. മുൻഷിയുടെ അഭിനയത്തെക്കുറിച്ചും മാമു തൊണ്ടിക്കോട് എന്ന നാടകനടനെക്കുറിച്ചും ശ്രീനിവാസൻ ഹ്രസ്വമായ ഒരു പ്രഭാഷണം തന്നെ നടത്തി:
'സിനിമ സാധാരണ മനുഷ്യരുടെ ജീവിതം പറയുന്ന കലയാണ്', ശ്രീനിവാസൻ പറഞ്ഞു. 'അഭിനയത്തിന്റെ പ്രാതിനിധ്യംകൊണ്ടും ആ മേഖലയിലേക്ക് സാധാരണക്കാർ കടന്നുവരണം. ഈ ഗ്ലാമർകൊണ്ടൊന്നും ഒരു കാര്യവുമില്ല സത്യാ. അഭിനയമാണ് അടിസ്ഥാനപരമായി ഒരു നടനു വേണ്ടത്. പിന്നെ സൂക്ഷ്മമായ ഗ്രാഹ്യശേഷിയും.'

മാമു തൊണ്ടിക്കോടിന് ഒരു അവസരം ഒപ്പിച്ചെടുക്കാൻവേണ്ടി മാത്രമല്ല ശ്രീനിവാസൻ ഇതൊക്കെ പറയുന്നത്. സിനിമയെക്കു
റിച്ച് ചില രാഷ്ട്രീയവിശ്വാസങ്ങൾ ശ്രീനിവാസനുണ്ട്. പിന്നെ ഗ്ലാമറിനോടുള്ള വൈരാഗ്യബുദ്ധിയും. ഇതു രണ്ടുംകൂടി ചേരുമ്പോൾ ശ്രീനിവാസന്റെ ഉള്ളിലെ കണ്ണൂർക്കാരൻ തിളച്ചുമറിയുകയായി. ഗാന്ധിനഗർ സെക്കൻഡ് സ്ട്രീറ്റിൽ മോഹൻലാലിന്റെ ചങ്ങാതിയായിട്ടാണ് മാമുക്കോയ വരുന്നത്. ആദ്യം മാമുവിന് ഡയലോഗ് കൊടുത്തിരുന്നില്ല. മുഴുത്ത പല്ലുകളിൽനിന്നുള്ള ഉച്ചാരണം എങ്ങനെയാണ് എന്നു പറയാൻ കഴിയില്ലല്ലോ.
ഷൂട്ടിങ് തുടങ്ങി.

മാമു തൊണ്ടിക്കോട് എന്ന ആ നാടകനടൻ, മരംമില്ലിലെ അളവുകാരൻ, യാതൊരു കൂസലുമില്ലാതെ ക്യാമറയെ അഭിമുഖീകരി
ക്കുന്നു. മ്മള് എത്ര വലിയ മരങ്ങൾ കണ്ടതാണ്, പിന്നെയല്ലേ ഈ ക്യാമറ എന്നൊരു ഭാവത്തോടെ, തുടക്കക്കാരന്റേതായ യാതൊരു ഇടർച്ചയുമില്ലാതെ, അയാൾ അഭിനയിച്ചു. കൊള്ളാമല്ലോ ശ്രീനിയുടെ കൂട്ടുകാരൻ എന്നായി ഞാൻ മനസ്സിൽ. മാമുവിന്റെ അഭിനയം കണ്ട് വലിയ അഭിമാനബോധത്തോടെ ശ്രീനിവാസൻ അവിടെ ഇരിക്കുന്നുണ്ട്.

പരീക്ഷണത്തിന് ആ കഥാപാത്രത്തെ ഒന്നുരണ്ടു ഡയലോഗു കൾകൂടി സ്‌ക്രിപ്റ്റിൽ അപ്പോൾത്തന്നെ എഴുതിച്ചേർത്ത് ഞാനൊന്നു പൊലിപ്പിച്ചു. പ്രോംപ്റ്റെർ പറയുന്നതോടൊപ്പം മാമു അത് അനായാസം പറയുകകൂടി ചെയ്തപ്പോൾ വലിയൊരു ആശ്വാസമായി. ഒരു തുടക്കക്കാരൻ എന്ന നിലയിൽ സമയനഷ്ടമോ ഫിലിം നഷ്ടമോ അയാൾ വരുത്തിവെച്ചില്ല. ചില സിനിമകളിൽ അഭിനയിച്ച മുൻപരിചയവും ഇക്കാര്യത്തിൽ മാമുവിന് തുണയായി. സിനിമയിൽ വരുന്ന തുടക്കക്കാരെ നോക്കി നിർമാതാക്കളും സംവിധായകരും ക്യാമറാമാൻമാരും രഹസ്യമായി പറയാറുണ്ട്:
ഇയാൾ നമുക്കിട്ട് പണി തരുമെന്നാണ് തോന്നുന്നത്. പിന്നെ പ്രാകലായി, പരിഹസിക്കലായി, ഫിലിം നഷ്ടത്തെക്കുറിച്ചുള്ള
പരിദേവനമായി. ഇങ്ങനെയുള്ള അണിയറപ്രശ്നങ്ങളൊന്നും മാമുവിന് അഭിമുഖീകരിക്കേണ്ടിവന്നില്ല. ഒരു അഭിനേതാവിന്റെ സ്വാഭാവികമായ കടന്നുവരവായിരുന്നു അത്.

മലയാളസിനിമയിൽ ഹ്യൂമറിന് വേറിട്ട മുഖങ്ങൾ നൽകിയവരാണ് ശ്രീനിവാസനും മാമുക്കോയയും. അടിത്തട്ടിലെ അനുഭവങ്ങളിൽനിന്നാണ് അവർക്കങ്ങനെ ചിരിക്കാൻ സാധിച്ചത്. അവരുടെ ഫലിതങ്ങളിൽ യാതൊരു വക്രീകരണവുമില്ല. മനുഷ്യപ്പറ്റുള്ളവയാണ് അവരുടെ തമാശകൾ. സിനിമയേക്കാളേറെ മാമുക്കോയ അഭിനയപരമായ ആനന്ദം കണ്ടെത്തിയത് നാടകകാലത്താണ് എന്നു തോന്നിയിട്ടുണ്ട്. മഹത്തായ ഒരു കല എന്ന നിലയിൽ നാടകത്തെക്കുറിച്ചാണ് മാമു എപ്പോഴും ആദരവോടെ സംസാരിച്ചു കേട്ടിട്ടുള്ളത്.

പൊൻമുട്ടയിടുന്ന താറാവിലെ അബൂബക്കർ എന്ന ചായക്കടക്കാരൻ, എത്രയും സ്വാഭാവികമായ ഒരു ചായക്കടക്കാരനാവാമോ, അത്രയുമാണയാൾ. പഴയ സിനിമകളിലൊക്കെ ചായക്കട ഗ്രാമീണതയുടെ ഒരു അടയാളമായി കടന്നുവരാറുണ്ട്. നമ്മുടെ ഗ്രാമത്തിലെ പൊതു ഇടങ്ങളാണ് ചായക്കടകളും ബാർബർ ഷോപ്പുക ളും. നാട്ടിൻപുറത്തെ ഏറ്റവും ചെറിയ വിശേഷങ്ങൾപോലും പല വീക്ഷണകോണുകളിൽ വെച്ച് അനാവരണം ചെയ്യപ്പെടുന്നത് ഈ പൊതു ഇടങ്ങളിലാണ്. ഇടക്കാലത്ത് ചില ബാർബർഷോപ്പുകളിൽ രാഷ്ട്രീയം പറയരുത് എന്ന ബോഡുകൾ പ്രത്യക്ഷപ്പെട്ടു തുടങ്ങി. മലയാളിയുടെ രാഷ്ട്രീയവിഷയങ്ങളിൽ അസഹിഷ്ണുതയുടെ വിഷം കലർന്നുതുടങ്ങി എന്ന് ആദ്യം അടയാളപ്പെടുത്തിയ പൊതു ഇടം ബാർബർഷോപ്പാണ്. മലയാളിയുടെ രാഷ്ട്രീയസാക്ഷരതയിൽ കടുത്ത മൗലികവാദങ്ങൾ കടന്നുവരാൻ തുടങ്ങി എന്ന് ആദ്യം തിരിച്ചറിഞ്ഞവർ ബാർബർമാർ തന്നെയാണ്. ഇതേസമയത്തു തന്നെയാണ് ചായക്കടകളിൽ ഇന്നു റൊക്കം നാളെ കടം എന്ന ബോഡും പ്രത്യക്ഷപ്പെട്ടു തുടങ്ങുന്നത്. ഓരോ ഗ്രാമീണന്റെയും സാമ്പത്തികമാന്ദ്യവും കുടുംബപരമായ വല്ലായ്മകളും ആദ്യം ഗ്രഹിച്ചിരുന്നവർ ചായക്കടക്കാരാണ്. ഇത്തരം പൊതു ഇടങ്ങളിലൂടെയാണ് മലയാളികളുടെ ദൈനംദിന വ്യവഹാരങ്ങൾ കടന്നുപോയിക്കൊണ്ടിരുന്നത്.

ഗ്രാമത്തിന്റെ ഈ പൊതുപ്രതിനിധികൾ ഗ്ലാമറിനു പുറത്തുള്ള ഒരു ലോകത്തെയാണ് അഡ്രസ്സ് ചെയ്യുന്നത്. അത്തരം വേഷങ്ങൾ ഫലപ്രദമായി അവതരിപ്പിക്കാൻ ഗ്ലാമർ ഇല്ലാത്തവർ തന്നെ വേണം. മാമുക്കോയയും ശ്രീനിവാസനുമൊക്കെ ഗ്രാമീണതയുടെ ഈ പൊതു പ്രാതിനിധ്യത്തെയാണ് അവതരിപ്പിക്കുന്നത്. ശ്രീനിവാസന് ഗ്ലാമറിനോടുള്ള ഒരു വൈരാഗ്യബുദ്ധി വരുന്നത്, അടിസ്ഥാനപരമായി അയാൾ ഒരു ഗ്രാമീണനായതുകൊണ്ടാണ്. തനിക്കു കിട്ടിയ ആദ്യത്തെ അവസരത്തിൽത്തന്നെ ശ്രീനി സിനിമയിലേക്ക് കൈപിടിച്ചു കൊണ്ടുവരുന്നത് മാമുക്കോയയെപോലെയുള്ള ആളെയാണ്. മലയാള സിനിമയുടെ പൊളിച്ചെഴുത്ത് അവിടെവെച്ചു തുടങ്ങുന്നു.
ഒരു തുടർനഗരമായി കേരളം മാറിക്കൊണ്ടിരിക്കയാണ്.

ബാർബർഷോപ്പിന് പകരം ബ്യൂട്ടിപാർലറും ചായക്കടയ്ക്കു പകരം ഐസ്‌ക്രീം പാർലറുകളും ഫാസ്റ്റ് ഫുഡ് സെന്ററുകളും പെരുകിത്തുടങ്ങി. ഉഷ്ണിക്കാത്ത ഒരു മലയാളിയുടെ ചിത്രമാണ് ഇവയിലൂടെ വരുന്നത്. ബ്യൂട്ടിപാർലറിൽ സൗന്ദര്യമല്ലാതെ ഒരു ആശയവും വിനിമയം ചെയ്യപ്പെടുന്നില്ല. തന്റെതന്നെ സൗന്ദര്യത്തെ മാത്രമാണ് കസ്റ്റമർ അവിടങ്ങളിൽ ചെത്തി വൃത്തിയാക്കിക്കൊണ്ടിരിക്കുന്നത്. മനസ്സിലേക്കല്ല, ശരീരത്തിലേക്കാണ് നോട്ടം. ബാർബർഷോപ്പിലുള്ളതുപോലെയുള്ള ഒരു കൂട്ടായ്മ ബ്യൂട്ടിപാർലറിൽ ഇല്ല. ഒരു കാലഘട്ടത്തിൽ മലയാളികൾക്കിടയിൽ സജീവമായി ഉണ്ടായിരുന്ന പൊതു ഇടങ്ങൾ പതുക്കെ അപ്രത്യക്ഷമായിക്കൊണ്ടിരിക്കയാണ്. ഈ പൊതു ഇടങ്ങളുടെ ജീവത്തായ പ്രാതിനിധ്യമാണ് മാമുക്കോയയും ശ്രീനിവാസനുമൊക്കെ സിനിമയിൽ നിർവഹിച്ചുകൊണ്ടിരിക്കുന്നത്. ഗ്രാമീണത സിനിമയിൽനിന്ന് നഷ്ടപ്പെടുന്നു എന്നു പറഞ്ഞാലർഥം, കേരളത്തിൽനിന്ന് പൊതു ഇടങ്ങളും കൂട്ടായ്മകളും അപ്രത്യക്ഷമായിത്തുടങ്ങി എന്നുമാത്രമാണ്. എന്റെ പല സിനിമകളിലും ഒടുവിൽ ഉണ്ണിക്കൃഷ്ണനും മാമുക്കോയയും ശ്രീനിവാസനും കോമ്പിനേഷനായി വരാറുണ്ട്. സാധാരണ മനുഷ്യരുടെ പൊതുപ്രാതിനിധ്യമാണ് ഇവരിലൂടെ സംഭവിക്കുന്നത്.

മഴവിൽക്കാവടിയിലെ കുഞ്ഞിക്കാദർ എന്ന പോക്കറ്റടിക്കാരനെ നമുക്കൊരിക്കലും മറക്കാൻ കഴിയില്ല. സിനിമയിലേക്ക് ഒരു ബഷീർകഥാപാത്രത്തെപ്പോലെയാണ് ഈ പോക്കറ്റടിക്കാരൻ പ്രത്യക്ഷപ്പെട്ടത്. ചേട്ടന്റെ മക്കൾക്ക് കളിക്കാൻവേണ്ടി മോഷ്ടിച്ച പേഴ്സുകൾ കൊടുക്കുന്ന ഈ പോക്കറ്റടിക്കാരന് സമാനനായ മറ്റൊരാളെ നമുക്കൂഹിക്കാൻ കഴിയില്ല. അത്രയും വിശുദ്ധനായ ഒരു പോക്കറ്റടിക്കാരനാണ് കുഞ്ഞിക്കാദർ. നാണയങ്ങളെല്ലാം ഒഴിഞ്ഞ ഈ പേഴ്സുകൾ അയാൾ ഉപേക്ഷിക്കുന്നില്ല. മോഷണവസ്തുവാണ് എന്ന് തിരിച്ചറിയാതെ അത് സമ്മാനമായി വാങ്ങുന്ന കുട്ടികളിലെ ആനന്ദം അയാളുടെ പാപത്തിന്റെ പശ്ചാത്താപമാണ്. മാമുക്കോയയുടെ അഭിനയത്തിൽ ഈ പോക്കറ്റടിക്കാരനു കിട്ടുന്ന ജീവൻ ഒന്നു വേറെത്തന്നെയാണ്. ഏതെങ്കിലും ഒരു സീനിൽ ചെറിയ വീക്ക്നസ് ഉണ്ടെങ്കിൽപ്പോലും വലിയ അഭിനേതാക്കളുടെ പ്രഭാവംകൊണ്ട് നമുക്കത് തിരിച്ചറിയാൻ കഴിയില്ല. ഒരു നല്ല സീൻ കഴിവില്ലാത്ത നടനാണ് ചെയ്തതെങ്കിൽ ആ തകരാറുകൾ മുഴച്ചുനിൽക്കുകയും ചെയ്യും.

മാമുക്കോയ ഒരു ദേശത്തെക്കൂടി സിനിമയിലേക്ക് കൊണ്ടുവന്ന നടനാണ്. കോഴിക്കോട് എന്ന ദേശം അതിന്റെ മുഴുവൻ മഹിമയോടുംകൂടി സിനിമയിലേക്കും സാഹിത്യചരിത്രത്തിലേക്കുമൊക്കെ കടന്നുവരുന്നത് മാമുക്കോയയിലൂടെയാണ്. മാമുക്കോയയുടെ തനിമ എന്നു പറയുന്നത് ആ കോഴിക്കോടൻശൈലിതന്നെയാണ്. ചില സിനിമകളിൽ മാമുക്കോയ മാപ്പിളയല്ലാത്ത കഥാപാത്രങ്ങളേയും അവതരിപ്പിച്ചിട്ടുണ്ട്. കോഴിക്കോട്ടെ ഏതു ജാതിമത മനുഷ്യർ സംസാരിച്ചാലും കോഴിക്കോടൻശൈലിക്ക് ഒരു മാറ്റവുമുണ്ടാവില്ല. ഇതുപോലെ എത്ര രൂപപരിണാമങ്ങളിലൂടെ കടത്തിക്കൊണ്ടുപോയാലും, അടിസ്ഥാനപരമായി അയാളൊരു കോഴിക്കോടൻതന്നെയായിരിക്കും. മാമുക്കോയയുടെ മൗലികമായ സ്വത്വം നിലനില്ക്കുന്നത് അവിടെയാണ്. ഒരു സുപ്രഭാതത്തിൽ മാമുക്കോയയെ ഒരു തിരുവിതാംകൂറുകാരനാക്കിക്കളയാം എന്നു വിചാരിച്ചാൽ അതു നടപ്പില്ല. ജീവിതത്തിലെന്നപോലെ അഭിനയത്തിലും മാമുക്കോയയുടെ കൂറ് കോഴിക്കോടിനോടാണ്. നല്ല അഭിനേതാക്കൾ സംവിധായകർക്ക് എപ്പോഴും പ്രചോദനമാകാറുണ്ട്. അത്തരം ഒരു പ്രചോദനമാണ് മാമുക്കോയ.

നാടോടിക്കാറ്റ് എന്ന സിനിമയിൽ ഗഫൂർക്ക, ഗൾഫിലേക്കാണ് എന്നും പറഞ്ഞ് ദാസനേയും വിജയനേയും ഉരുവിൽ കയറ്റിവിടുന്നത് മദിരാശിയിലേക്കാണ്. വലിയ തുക കൈപ്പറ്റിക്കൊണ്ട് വിജയനേയും ദാസനേയും വഞ്ചിക്കുകയാണ് ഗഫൂർക്ക ചെയ്തത്. എന്നിട്ടും ഗഫൂർക്കയെ നാം ഇഷ്ടപ്പെടുന്നതിന്റെ മനശ്ശാസ്ത്രം എന്താണ്? ഗഫൂർ ഒരു ചതിയനല്ലേ? ഗഫൂർ എന്ന ഈ മനുഷ്യനിലും പ്രേക്ഷകർ കാണുന്നത് മനുഷ്യപ്പറ്റുള്ള ഒരു ചതിയനെയാണ്. എവിടെയൊക്കെയോ ചതിക്കപ്പെടാനുള്ള സാഹചര്യങ്ങളിലൂടെ കടന്നുപോകുന്ന ഒരു മലയാളിയെ വളരെ ഹൃദ്യമായിട്ടാണ് മാമുക്കോയ അവതരിപ്പിച്ചത്. ചതിയെ മഹത്ത്വവൽക്കരിക്കുന്ന ഒരു സാമാന്യ സാഹചര്യം കേരളീയസമൂഹത്തിനുണ്ടുതാനും.
മലയാള സിനിമയുടെ ഒരു കാലഘട്ടത്തിന്റെ ചരിത്രം എഴുതുമ്പോൾ മാമുക്കോയയുടേയും ശ്രീനിവാസന്റേയും സാന്നിധ്യം
പ്രസക്തമാണ്. സിനിമയിലെ ഗ്ലാമറിനെതിരെയുള്ള കലാപങ്ങൾ തുടങ്ങിവെച്ചത് മാമുക്കോയയും ശ്രീനിവാസനുമാണ്. ഇവരുടെ തുടർച്ചയാണ് ഇന്ദ്രൻസ്. ഹ്യൂമറിൽനിന്ന് അനായാസം സീരിയസ് ആയ കഥാപാത്രങ്ങളായി മാറാൻ ഇവർക്കു സാധിക്കുന്നു. ചിരിയുടെ തൊട്ടടുത്ത ഭാവം സങ്കടമാണ്. ഈ ഭാവത്തെ എത്ര തീക്ഷ്ണമായി അവതരിപ്പിക്കാൻ കഴിയുമെന്ന് പെരുമഴക്കാലത്തിലൂടെ മാമുക്കോയ നമ്മെ ബോധ്യപ്പെടുത്തിയിട്ടുണ്ട്.

മോഹൻലാൽ/മാമുക്കോയ/ശ്രീനിവാസൻ ഇവരൊന്നിച്ചുള്ള രംഗങ്ങളിലെ ടൈമിങ് വളരെ കൃത്യമായിരിക്കും. ഒരു നോട്ടം,
ഒരു ചിരി/ വളരെ സൂക്ഷ്മവും അപ്പോൾത്തന്നെ സ്വാഭാവികവുമായ ഭാവങ്ങൾ ഈ നടൻമാർ അന്യോന്യം കൈമാറുന്നു. മോഹൻലാലും മാമുക്കോയയുമാണ് ക്യാമറയ്ക്കു മുന്നിൽ അനായാസം അഭിനയിക്കുന്ന നടൻമാർ എന്ന് എനിക്കു തോന്നാറുണ്ട്. ഇന്നത്തെ ചിന്താവിഷയം എന്ന സിനിമയിൽ അവസാനരംഗം മാമുക്കോയയുടെ ഒരു ചിരിയാണ്. മാമുക്കോയയ്ക്കു മാത്രം സാധിക്കുന്ന ഒന്നാണ് ആ ചിരി. ആ ചിരിതന്നെയാവണം ഗിരീഷ് കാസറവള്ളിയെപ്പോലും സ്വാധീനിച്ചിരിക്കുക. മാമുക്കോയ അഭിനയിക്കുകയാണെന്നു തോന്നുകയേ ഇല്ല എന്നാണ് ഗിരീഷ് കാസറവള്ളി പറഞ്ഞത്. ഒരു ചെറിയ ചിരിപോലും സിനിമയിൽ വളരെ നിർണായകമാണ്. ശ്രീനിയും മാമുക്കോയയും സിനിമയിൽ വന്നപ്പോൾ സംഭവിച്ച ചരിത്രപരമായ മറ്റൊരു പ്രത്യേകത, അവരോടൊപ്പം അവരുടെ ചുറ്റുവട്ടവും സിനിമയിലേക്കു കടന്നുവന്നു എന്നതാണ്. അവർ നടന്നുതീർത്ത വഴികൾതന്നെയാണ് സിനിമയിൽ അവർ അഭിനയിച്ചു തീർക്കുന്നത്. സൂക്ഷ്മാർഥത്തിൽത്തന്നെ അടയാളപ്പെടുത്തേണ്ട വലിയൊരു പൊളിച്ചെഴുത്താണ് ഇവരിലൂടെ സംഭവിച്ചത്. ഈ നടൻമാരുടെ പ്രഭാവം സിനിമയിലെ എല്ലാതരം ഗ്ലാമറിനേയും നിഷ്പ്രഭമാക്കുന്നു. തലയണമന്ത്രത്തിൽ കരാട്ടെ അധ്യാപകനായ ഇന്നസെന്റിന്റെ മുഖത്ത്, ഒരു മൂലയിൽ കൊണ്ടുപോയി ആരും കാണാതെ അടിവെച്ചുകൊടുക്കുന്നുണ്ട് മാമുക്കോയ. ആ അടി മലയാളസിനിമയുടെ മുഖത്താണ് പതിച്ചത്.

Content Highlights: mamukkoya passed away sathyan anthikkad remembers actor films malayalam cinema


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Art by Madanan

4 min

എന്തുകൊണ്ട് ഒരു ഇന്ത്യന്‍ കുടുംബനിയമത്തിലേക്ക് നടന്നുനീങ്ങാന്‍ നമുക്ക് സാധിക്കാതെപോയി?

Sep 26, 2023


K.G George

4 min

'ശരദിന്ദു മലര്‍ദീപനാളം നീട്ടി...'സിനിമയുടെ പ്രതീക്ഷാനാളം കെ.ജി ജോര്‍ജിനുനേരെ നീട്ടിയ 'ഉള്‍ക്കടല്‍'

Sep 25, 2023


Pinarayi, Oommen Chandy

7 min

ആരോപണം തുറുപ്പുചീട്ടാക്കാന്‍ പിണറായിയെ സമീപിച്ചവര്‍ നിരാശരായി; 'കാലം സാക്ഷി'യില്‍ ഉമ്മന്‍ ചാണ്ടി

Sep 20, 2023


Most Commented