സ്വാമി വിവേകാനന്ദൻ, ഡോ. പൽപ്പു | ഫോട്ടോ: ആർക്കൈവ്‌സ്, വര: എൻ.എൻ. സജീവൻ
നവോത്ഥാനം എന്ന വാക്കുകൊണ്ട് നാം ഉദ്ദേശിക്കുന്നത്, പത്തൊമ്പതാം നൂറ്റാണ്ടിന്റെ അന്തിമദശകത്തിലും ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യദശകങ്ങളിലും മലയാളികളുടെ സാമൂഹിക ചിന്തയില്‍ ഉണ്ടായ പരിവര്‍ത്തനത്തെയാണ് എന്നു ഞാന്‍ കരുതുന്നു. ചിന്തയില്‍ പരിവര്‍ത്തനം വരാതെ പ്രവൃത്തിയില്‍ പരിവര്‍ത്തനം സാധ്യമല്ല. ഈ പരിവര്‍ത്തനത്തെ, മലയാളികള്‍ അതുവരെ അനുനയിച്ചുവന്നിരുന്ന പരമ്പരാഗത ജീവിതക്രമങ്ങളില്‍നിന്ന് ആ കാലഘട്ടത്തിന്റേതായ ചില ആധുനികതകളിലേക്കുള്ള മാറ്റം എന്നു വിവരിക്കാം.
പാശ്ചാത്യരുടെ കച്ചവടപരമായ വരവുകൊണ്ട് മലയാളികള്‍ക്കിടയില്‍ മാറ്റമൊന്നുമുണ്ടായില്ല. അവരുടെ ആധിപത്യമാണ് സാമൂഹികഘടനയില്‍ മാറ്റമുണ്ടാക്കിയത്. ഉദാഹരണമായി പറയാവുന്നത് വിദ്യാഭ്യാസമാണ്. ബ്രിട്ടീഷ് അധികാരികളും മിഷണറിമാരും പരമ്പരാഗതമായി നിലനിന്നിരുന്ന വിദ്യാവിനിമയ ശൈലികളില്‍നിന്നു വ്യത്യസ്തമായതും ജനകീയമായതുമായ ഒരു വിദ്യാഭ്യാസ സമ്പ്രദായം തിരുവിതാംകൂറിലും കൊച്ചിയിലും മലബാറിലും കൊണ്ടുവന്നു. ഇംഗ്ലീഷ് പഠിച്ചതോടെ അതുവരെ പാശ്ചാത്യര്‍ക്കുമാത്രം കരസ്ഥമായിരുന്ന ഒരു അറിവിന്റെ ലോകം മലയാളികള്‍ക്കും ലഭ്യമായി. അങ്ങനെ വിദേശമേല്‍ക്കോയ്മ ഒരേസമയം ഒരു വിലങ്ങും ഒരു തുറന്നിട്ട വാതിലുമായി മലയാളികള്‍ക്ക് വന്നുഭവിച്ചു. അടിമത്തത്തിന്റെയൊപ്പം ഇങ്ങനെയൊരു അവസരഭാഗ്യംകൂടി കിട്ടിയിട്ടുള്ള ലോകസംസ്‌കാരങ്ങള്‍ ചുരുക്കമാണ് എന്നാണെനിക്കു തോന്നുന്നത്.
രാജാക്കന്‍മാര്‍ക്കുപോലും ആധുനിക വിദ്യാഭ്യാസം സിദ്ധിച്ചു എന്നോര്‍ക്കണം. ഒപ്പം മിഷണറിമാര്‍ പ്രത്യേകമായി വിദ്യാഭ്യാസത്തിനു തിരഞ്ഞെടുത്തത് സ്ത്രീകളെയും ജാതിവ്യവസ്ഥയില്‍ ഏറ്റവും താണവരായിരുന്ന പുലയരെയും പറയരെയും ആയിരുന്നു. അവരെ മതപരിവര്‍ത്തനം ചെയ്യിക്കാന്‍ എളുപ്പമാണ് എന്നതായിരുന്നു അതിന്റെ പിന്നിലെ തത്ത്വം. ആയിരത്തിഎണ്ണൂറ്റിത്തൊണ്ണൂറുകളുടെ അവസാനം 'ഇന്ദുലേഖ' എഴുതപ്പെട്ടുകഴിഞ്ഞു. അതിനുംമുമ്പ് പാറേമ്മാക്കല്‍ തോമ്മാക്കത്തനാര്‍ അങ്കമാലിയില്‍നിന്ന് തെക്കേ അമേരിക്കവഴി ലിസ്ബണില്‍ച്ചെന്ന് അവിടെനിന്നു റോമില്‍പ്പോയി മാര്‍പ്പാപ്പയെക്കണ്ട് നിരാശനായി മടങ്ങിവന്ന് 'വര്‍ത്തമാനപ്പുസ്തകം' എന്ന മലയാളത്തിലെ ആദ്യത്തെ ഗദ്യപുസ്തകവും യാത്രാവിവരണവും എഴുതിക്കഴിഞ്ഞിരിക്കുന്നു. മലയാളികള്‍ സമകാലികതയിലേക്കു പ്രവേശിക്കുന്നതാണ് നാം കാണുന്നത്. പുറത്തെ വിശാലമായ ലോകത്തേക്കും. 'മാര്‍ത്താണ്ഡവര്‍മ്മ'യും ആയിരത്തിഎണ്ണൂറ്റിത്തൊണ്ണൂറുകളില്‍ എഴുതപ്പെട്ടുകഴിഞ്ഞിരുന്നു-ആദ്യം പ്രസിദ്ധീകരിച്ചത് 'ഇന്ദുലേഖ'യായിരുന്നെങ്കിലും.
നവോത്ഥാനത്തെ എഴുത്തച്ഛനില്‍നിന്ന് വിവരിച്ചു തുടങ്ങാമോ എന്നു ഞാന്‍ ആലോചിച്ചിട്ടുണ്ട്.
എഴുത്തച്ഛന്റെ മലയാളഭാഷാരൂപീകരണത്തിനും ഇതിഹാസങ്ങളുടെ ജനകീയവല്‍ക്കരണത്തിനും സാമൂഹിക വ്യതിയാനം സൃഷ്ടിക്കാന്‍ കഴിഞ്ഞില്ല. അതായിരുന്നില്ല അദ്ദേഹത്തിന്റെ ഉദ്ദേശ്യവും. ബ്രാഹ്‌മണര്‍ കേരളത്തിലേക്കു കൊണ്ടുവന്ന ഹൈന്ദവം എന്നു വിളിക്കപ്പെടുന്ന വിശ്വാസശൈലിക്ക് കേരളത്തില്‍ പുതിയതും ജനകീയവുമായ ആര്‍ജ്ജവം നല്കാന്‍ എഴുത്തച്ഛനു കഴിഞ്ഞു. എഴുത്തച്ഛനു ശേഷം മുന്നൂറോളം വര്‍ഷങ്ങളുടെ ഒരു നീണ്ട ഇടവേളയാണ് പത്തൊമ്പതാം നൂറ്റാണ്ടിലെ മാറ്റങ്ങളിലേക്കു നാം എത്തുംവരെ ഉണ്ടായത്. ഡോ. പല്‍പ്പു ആധുനിക വിദ്യാഭ്യാസം നേടി ഇരുപതാംനൂറ്റാണ്ടിന്റെ ആദ്യദശകത്തില്‍ കേരളത്തില്‍ തിരിച്ചെത്തുമ്പോള്‍ അന്നത്തെ രാജകുടുംബം ഈഴവനോടു കുലത്തൊഴില്‍ ചെയ്യാനാണ് ആവശ്യപ്പെട്ടത് എന്നാണു പറയപ്പെടുന്നത്. അങ്ങനെ പല്‍പ്പു ബാംഗ്ലൂരില്‍പോയി ജോലി നോക്കുമ്പോഴാണ് അദ്ദേഹം വിവേകാനന്ദനെ അടുത്തറിയുന്നത്. വിവേകാനന്ദനെ റിക്ഷയിലിരുത്തി വലിച്ചുകൊണ്ട് നഗരം കാണിക്കാന്‍ കൊണ്ടുപോയി എന്നാണ് കേട്ടിട്ടുള്ളത്. വിവേകാനന്ദനാണ് പല്‍പ്പുവിനോട് പറഞ്ഞത്, ഇന്ത്യക്കാരെ മാറ്റാന്‍ ഭൗതികതത്ത്വങ്ങള്‍കൊണ്ടൊന്നും നടപ്പില്ല, ഏതെങ്കിലും സന്ന്യാസിയെ മുന്‍നിര്‍ത്തിച്ചെയ്താലേ കാര്യങ്ങള്‍ നടക്കുകയുള്ളൂ എന്ന്.
അങ്ങനെ പല്‍പ്പു കേരളത്തില്‍ വന്ന്, പല അന്വേഷണങ്ങളുടെയും അവസാനം യുവ അവധൂതനായിരുന്ന നാണുഗുരുസ്വാമിയെ കണ്ടെത്തുന്നു. പിന്നെയങ്ങോട്ടുള്ളത് സുപ്രസിദ്ധമായ ചരിത്രമാണ്. നാണുഗുരുസ്വാമിയാണ് നവോത്ഥാനത്തിന്റെ മലയാളിത്തറ പാകിയ മനുഷ്യന്‍. പാശ്ചാത്യര്‍ നിര്‍മ്മിച്ച ആധുനികതാപ്രേരണകളുടെ പശ്ചാത്തലത്തിലേക്ക്, ഇന്ദുലേഖയുടെയും മാര്‍ത്താണ്ഡവര്‍മ്മയുടെയും സാഹിത്യപരിശ്രമങ്ങള്‍ക്കപ്പുറത്തേക്ക്, ഗുരുസ്വാമി മലയാളിയുടേതായ ഒരു ആധുനിക ചിന്താപദ്ധതി കൊണ്ടുവന്നു. അതുവരെ ഒരു ഇന്ത്യക്കാരനും ചിന്തിക്കാന്‍പോലും ധൈര്യപ്പെടാത്ത ഒരു തത്ത്വചിന്തയാണ് സ്വാമി നമുക്കുതന്നത്.
മതമേതായാലും മനുഷ്യന്‍ നന്നായാല്‍ മതി. ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന്. എല്ലാ നവോത്ഥാനവും ഈ രണ്ടു വാചകങ്ങളില്‍ അടങ്ങിയിരിക്കുന്നു എന്ന് ഉറച്ചു വിശ്വസിക്കുന്നവനാണ് ഞാന്‍. ബാക്കി നടന്നതെല്ലാം ഇതിന്റെ മാറ്റൊലികളോ ശാഖപിരിവുകളോ ആണ്. അല്ലെങ്കില്‍, വിശദാംശങ്ങളാണ്. നമ്പൂതിരിമാരുടെ മാറ്റവും നായന്‍മാരുടെ മാറ്റവും ഏറ്റവും അധഃസ്ഥിതരുടെ മാറ്റവും എല്ലാം ഗുരുസ്വാമി പ്രഖ്യാപിച്ച മാറ്റത്തില്‍നിന്നു പൊട്ടിക്കിളിര്‍ത്ത പുതിയ മുളകളായിരുന്നു. ഗാന്ധിജിക്കുപോലും ഗുരുസ്വാമിയുടെ വചനങ്ങളുടെ ധീരതയെ നേരിടാന്‍ കഴിഞ്ഞില്ല. സനാതനഹിന്ദുവായാണ് ഗാന്ധിജി ഗുരുസ്വാമിയോടു തര്‍ക്കിച്ചത്. ഗാന്ധിജി പോയിക്കഴിഞ്ഞപ്പോള്‍ ഗുരുസ്വാമി പറഞ്ഞത്രെ: 'കഷ്ടം, ഗാന്ധിജിപോലും ജാതിയാണല്ലോ ചിന്തിക്കുന്നത്' എന്ന്.
ഇതിനിടയില്‍ അച്ചടി വന്നു. അറിവ് ജനകീയവല്‍ക്കരിക്കപ്പെട്ടു. അച്ചടിയും വര്‍ത്തമാനപത്രങ്ങളും ഒന്നിച്ചാണു വന്നത്. മലയാളികള്‍ക്കിടയില്‍ അറിവും വിവരങ്ങളും പ്രചരിക്കാന്‍ തുടങ്ങി. സ്വാതന്ത്ര്യസമരപ്രസ്ഥാനം വന്നു. അത് ഇന്ത്യ എന്നൊരു രാഷ്ട്രത്തെപ്പറ്റിയുള്ള ബോധം വ്യാപകമാക്കി. മലയാളികളുടെ ചക്രവാളം തിരുവിതാംകൂറിനും കൊച്ചിക്കും മലബാറിനും പുറത്തേക്കു വികസിച്ചു. ഇടതുപക്ഷപ്രസ്ഥാനം വന്നു. അത് ജാതിസമരത്തില്‍ നിന്നു വര്‍ഗ്ഗസമരത്തിലേക്കു മലയാളികളെ പരിണമിപ്പിച്ചു. സാമൂഹികബന്ധങ്ങള്‍ക്ക് വിപ്ലവകരമായ പുതിയ അടിസ്ഥാനങ്ങളും നിര്‍വചനങ്ങളും നല്‍കി. കമ്മ്യൂണിസവും ഒരു പാശ്ചാത്യപ്രസ്ഥാനമായിരുന്നു. കമ്മ്യൂണിസത്തിനും മുമ്പാണ് ഇംഗ്ലീഷ് പഠിക്കാത്ത ഗുരുസ്വാമി അതുവരെ ഒരിന്ത്യക്കാരനും ചെയ്യാന്‍ സാധ്യമല്ലാതിരുന്ന ആ മനുഷ്യാഭിമാനപ്രഖ്യാപനം നടത്തിയത്.
മലയാളിയുടെ സ്വന്തമായ ഒരു നവോത്ഥാന ബീജം മലയാളിസമൂഹത്തിനു നല്കിയ വ്യക്തി ശ്രീനാരായണന്‍ മാത്രമാണ്. പൂര്‍ണ്ണമായും മതവിശ്വാസത്തിന്റെ ചട്ടക്കൂടിനു പുറത്ത് തന്റെ മാറ്റത്തെ വ്യവഹരിക്കാന്‍ ശ്രീനാരായണനും കഴിഞ്ഞില്ല. ദൈവത്തിന്റെ അഭയം നല്കിയെങ്കിലേ വേദനിക്കുന്നവരും പേടിക്കുന്നവരുമായ സാധാരണ മനുഷ്യര്‍ തത്ത്വചിന്ത സ്വീകരിക്കൂ എന്നതു വ്യക്തമായിരുന്നു. ഇടതുപക്ഷപ്രസ്ഥാനമാണ് മതത്തിനു പുറത്തുനിന്നുകൊണ്ട് ഒരു ജീവിതപ്രത്യയശാസ്ത്രം നല്കാന്‍ ശ്രമിച്ചത്. അതും പരാജയപ്പെട്ടു. ഇന്ന് നവോത്ഥാനം എന്താണെന്നുപോലും നിശ്ചയമില്ലാത്ത ഒരവസ്ഥയില്‍ നാം വന്നെത്തിയിരിക്കുകയാണ്. നാണുഗുരു എണ്‍പതുവര്‍ഷംമുമ്പു പ്രഖ്യാപിച്ച മതരഹിത, ജാതിരഹിത മാനുഷികദര്‍ശനവും കമ്മ്യൂണിസം ഏതാണ്ട് അറുപതു കൊല്ലംമുമ്പു നടത്തിയ വര്‍ഗ്ഗശാസ്ത്രപരമായ മാനുഷികദര്‍ശനവും ഇന്ന് കാണാനോ കേള്‍ക്കാനോ ഇല്ല.
മതേതരത്വം എന്ന വാക്കുതന്നെ ഒരു ഫലിതവും ദുഷ്പേരുമായി മാറിയിരിക്കുന്നു. മതവും ജാതിയും അതിശക്തിമത്തായി ഉയിര്‍ത്തെണീറ്റിരിക്കുന്നു. ഇതില്‍ മതവ്യത്യാസങ്ങളൊന്നുമില്ല. ഹിന്ദുമതവും ഇസ്ലാമും ക്രിസ്തുമതവും അവയ്ക്കെല്ലാമുള്ളിലുള്ള ജാതികളും ഒരുപോലെ, വിഭാഗീയചിന്തകളോടെ സടകുടയുന്നതാണ് നാം കാണുന്നത്. കഷ്ടിച്ച് അമ്പതുകൊല്ലം കൊണ്ട് ഇതെങ്ങനെ സംഭവിച്ചു എന്നു ഞാന്‍ അത്ഭുതപ്പെട്ടിട്ടുണ്ട്. സ്വാതന്ത്ര്യവും സ്വയംഭരണവും ലഭിച്ചതിനുശേഷമുള്ള അരനൂറ്റാണ്ടിനെപ്പറ്റിയാണ് നാം സംസാരിക്കുന്നത്. ആ അരനൂറ്റാണ്ടിലൂടെ നാം ഇരുപതാം നൂറ്റാണ്ടില്‍ നിന്ന് ഇരുപത്തിഒന്നാം നൂറ്റാണ്ടിലേക്കു സംക്രമിക്കുകയും ചെയ്തു. ദൈവവിശ്വാസികളോട് ഞാന്‍ ചോദിക്കുകയാണ്: എന്തിനാണ് മനുഷ്യര്‍ ദൈവത്തില്‍ വിശ്വസിക്കുന്നത്? മരണാനന്തരജീവിതത്തെപ്പറ്റിയുള്ള ആശങ്ക തീര്‍ച്ചയായും ഒരു കാരണമാണ്. പക്ഷേ, അതിലേറെ, നമ്മുടെ നിത്യജീവിതത്തിലെ ഭൗതികപ്രശ്നങ്ങളുടെയും സങ്കടങ്ങളുടെയും നിവാരണത്തിനാണ് നാം ദൈവത്തെ അഥവാ ദൈവങ്ങളെ സമീപിക്കുന്നത്.
ദൈവങ്ങളെ സമീപിക്കാന്‍ മതങ്ങളുടെ സഹായം സാധാരണമനുഷ്യന് ആവശ്യമാണ്. ഏകാന്തതയില്‍, ധ്യാനനിരതനായി ദൈവത്തെ സമീപിക്കാനുള്ള ശേഷി എല്ലാവര്‍ക്കുമില്ല.
വാസ്തവത്തില്‍ പൊതു ആരാധനാലയങ്ങള്‍ ഒരു ആധ്യാത്മിക സമീപനത്തിലും പറയപ്പെട്ടിട്ടില്ല. ഈശ്വരപ്രാര്‍ഥനയ്ക്ക് പള്ളിയും അമ്പലവുമൊന്നും ആവശ്യമില്ല. മനുഷ്യന്റെ വേദനകള്‍ അവനെ മതത്തിലേക്കു നയിക്കുന്നു. കഴിഞ്ഞ അരനൂറ്റാണ്ടിലൂടെ പടിപടിയായി, കേരളത്തില്‍ നവോത്ഥാനത്തിനുണ്ടായ തകര്‍ച്ചയുടെയും മത-ജാതിപരമായ തീവ്രവിശ്വാസങ്ങള്‍ക്കുണ്ടായ വളര്‍ച്ചയുടെയും പിന്നിലെ പ്രധാന ശക്തി സ്വാതന്ത്ര്യാനന്തര കേരളത്തിന്റെ സാമ്പത്തികവും ഭൗതികവുമായ തകര്‍ച്ചയാണ്. മലയാളികള്‍ക്ക് സാമ്പത്തികവും ഭൗതികവുമായ സുരക്ഷാബോധം നല്കുന്നതില്‍ കഴിഞ്ഞ അരനൂറ്റാണ്ട് കേരളം ഭരിച്ച എല്ലാ രാഷ്ട്രീയ കൂട്ടുകെട്ടുകളും പരാജയപ്പെടുകയും കേരളത്തില്‍ ജനജീവിതം ദുസ്സഹമാകുകയും അടിസ്ഥാന സൗകര്യങ്ങള്‍പോലും ലഭ്യമല്ലാതായിത്തീരുകയും മലയാളികളുടെ കുട്ടികള്‍ക്ക് കേരളത്തിന്റെ മണ്ണില്‍ ഒരു ഭാവിയില്ല എന്ന അവസ്ഥ വന്നുചേരുകയും ചെയ്തതാണ് ഇവിടെ മതങ്ങള്‍ തീവ്രവിശ്വാസരൂപം കൈക്കൊണ്ടു വളര്‍ന്ന് കൂറ്റന്‍ ആകാശവൃക്ഷങ്ങളായി രൂപംപ്രാപിക്കാനുള്ള കാരണം.
കമ്മ്യൂണിസവും കോണ്‍ഗ്രസ്സും കേരളകോണ്‍ഗ്രസ്സും മുസ്ലിംലീഗും എല്ലാം ചേര്‍ന്ന് മലയാളികളുടെ ജീവിതങ്ങളുടെ സാമ്പത്തിക അടിത്തറ തകര്‍ത്തപ്പോള്‍, അവന് യഥാര്‍ഥവും ശുദ്ധിയാര്‍ജ്ജിച്ചതുമായ ഒരു ആധ്യാത്മികത - നാരായണഗുരു പ്രഖ്യാപിച്ച മാനുഷികത- തേടാനുള്ള ശേഷി നഷ്ടപ്പെട്ടു. അവനെ പള്ളിയുടെയും അമ്പലത്തിന്റെയും പൂജാരിയുടെയും വികാരിയുടെയും മുല്ലായുടെയും പിടിയിലേക്ക് കേരളരാഷ്ട്രീയം തള്ളിവിട്ടു. ഇതൊരുവശത്ത്. മറുവശത്ത് ഇതേ രാഷ്ട്രീയം മലയാളികളിലെ മത- ജാതിചിന്തയെ രാഷ്ട്രീയാധികാരത്തിന്റെ വാഗ്ദാനങ്ങള്‍ നല്കി ഏറ്റവും മത്സരപരവും വിദ്വേഷപരവുമായ പാതകളിലൂടെ വഴിതെറ്റിച്ചു. നായര്‍ക്കും ഈഴവനും ക്രിസ്ത്യാനിക്കും മുസ്ലിമിനും എല്ലാം വെവ്വേറെ രാഷ്ട്രീയങ്ങള്‍ - ഒരു കക്ഷിക്കുള്ളില്‍ത്തന്നെ - ഉണ്ടായി. രാഷ്ട്രീയത്തിനുവേണ്ടി മതവും ജാതിയും ദുരുപയോഗപ്പെടുത്താന്‍ മലയാളി പരിശീലിപ്പിക്കപ്പെട്ടു.
ജാതിയുടെ - പ്രത്യേകിച്ച് അധഃസ്ഥിതജാതികളുടെ കാര്യം അതിലും വിചിത്രമാണ്. സമൂഹത്തിന്റെ സാമ്പത്തികാടിത്തറ തകര്‍ന്നതോടെ, ജാതി പറഞ്ഞെങ്കിലേ ബാക്കിനില്ക്കുന്ന സമ്പത്തിന്റെ ഒരു ചെറുതുണ്ടെങ്കിലും ലഭിക്കുകയുള്ളൂ എന്ന അവസ്ഥ വരുകയും ജാതിയുടെ പേരില്‍ സാമ്പത്തികമായ അധികാരമത്സരങ്ങള്‍ ആരംഭിക്കുകയും ചെയ്തു. ഇതിന്റെ പിന്നിലും അടിസ്ഥാനകാരണക്കാരനായി നാം കാണുന്നത് സമ്പദ്വ്യവസ്ഥയുടെ തകര്‍ച്ചയെയാണ്. യു.ഡി.എഫും എല്‍.ഡി.എഫും അല്ലെങ്കില്‍ അത്തരം കൂട്ടുകെട്ടുകള്‍ ചേര്‍ന്ന് മലയാളികളോട് അരനൂറ്റാണ്ടു നീളെ ചെയ്ത വഞ്ചനയാണ് അവരെ നിരാലംബരാക്കിയതും നവോത്ഥാനമൂല്യങ്ങളിലുള്ള വിശ്വാസം നഷ്ടപ്പെട്ട് ക്ഷേത്രങ്ങളിലേക്കും പള്ളികളിലേക്കും മോസ്‌കുകളിലേക്കും സന്നദ്ധത്തടവുകാരെപ്പോലെ കടന്നുപോകാന്‍ നിര്‍ബന്ധിതരാക്കിയതും.
ഇന്നു നടക്കുന്ന കൂട്ട ആത്മഹത്യകള്‍ ഭൂരിപക്ഷവും സാമ്പത്തികത്തകര്‍ച്ചയുടെ ഫലമാണ്. യു.ഡി.എഫിലും എല്‍.ഡി.എഫിലും മാത്രമല്ല ദൈവത്തിലും കൂടി വിശ്വാസം നഷ്ടപ്പെടുമ്പോഴാണ് വിഷവും ഐസ്‌ക്രീമും ചേര്‍ന്ന, മനോജ്ഞമായ ആ മലയാളിമിശ്രിതം ഉണ്ടാകുന്നത്. നവോത്ഥാനത്തിന്റെ തകര്‍ച്ചയ്ക്കു പിന്നില്‍ മറ്റൊരു ശക്തികൂടി പ്രവര്‍ത്തിച്ചിട്ടുണ്ട്. രാഷ്ട്രീയത്തോടൊപ്പം തന്നെ ക്രൂരമായി മലയാളികളുടെ സ്വത്വത്തെ തകര്‍ത്ത ശക്തിയാണ് മാധ്യമങ്ങള്‍- പ്രത്യേകിച്ച് പത്രങ്ങള്‍. പത്രപ്രസിദ്ധീകരണം ഒരു സാമൂഹികസേവനം എന്നതിനപ്പുറത്ത് വമ്പിച്ച വ്യവസായമായി രൂപാന്തരപ്പെടുകയും വില്പനയ്ക്കുവേണ്ടിയുള്ള മത്സരങ്ങള്‍ കൊടുമ്പിരിക്കൊള്ളുകയും ചെയ്തുതുടങ്ങിയപ്പോള്‍, മാധ്യമങ്ങള്‍ ഉന്നത്തിനു കൊള്ളുന്ന കരുവായി ഉപയോഗിച്ചത് മതത്തെയും ജാതിയെയുമാണ്. സാമ്പത്തികത്തകര്‍ച്ചയ്ക്കും അരക്ഷിതാവസ്ഥയ്ക്കും ഇരയായ മലയാളിക്ക് പത്രങ്ങള്‍, ആസൂത്രിതമായി മതത്തിന്റെ ഏറ്റവും അധമവും സ്ഥൂലവും ഉപരിപ്ളവവുമായ മുഖങ്ങള്‍ വിറ്റഴിച്ചു. കേരളത്തിലെ പ്രമുഖ പത്രങ്ങള്‍ കേരളത്തില്‍ കഴിഞ്ഞ കാല്‍നൂറ്റാണ്ടിലേറെയായി പൊതുവിലും കഴിഞ്ഞ രണ്ടുദശകത്തില്‍ പ്രത്യേകിച്ചും നിര്‍മ്മിച്ച ഇന്നും നടന്നുപോരുന്ന സാംസ്‌കാരികമലിനീകരണം നവോത്ഥാനത്തിന്റെ ഹൃദയത്തില്‍ കുത്തിക്കയറ്റിയ കഠാരയാണ്.
ഇന്നത്തെ കേരളത്തില്‍ മതവും ജാതിയും മതതീവ്രവാദവും പ്രതികാരമനോഭാവത്തോടെ തിരിച്ചെത്തിയിരിക്കുന്നതിന്റെ ഏറ്റവും പ്രധാന ഉത്തരവാദിത്വം രാഷ്ട്രീയപാര്‍ട്ടികളോടൊപ്പം പത്രങ്ങളും- പിന്നീടെത്തിയ ടെലിവിഷനും - പങ്കിടുന്നു. ഒരിക്കല്‍ അച്ചടിയായിരുന്നു നവോത്ഥാനത്തിന്റെ ജീവബിന്ദുക്കളിലൊന്ന്. ഇന്ന് അച്ചടി പ്രതിലോമചിന്തയുടെ ഏജന്റായി, കോടിക്കണക്കിനു പൗരന്മാരുടെയിടയില്‍ രാവിലത്തെ ചായയുടെയൊപ്പം നുഴഞ്ഞുകയറുന്നു. സാമ്പത്തികത്തകര്‍ച്ച മാത്രമാണ് മലയാളിയുടെ ഇന്നത്തെ സാംസ്‌കാരികമായ പിന്നോട്ടുപോക്കിനും മത-ജാതികളിലേക്കുള്ള പലായനത്തിനും കാരണം എന്ന വാദം അതീവലളിതവത്കരണമല്ലേ എന്നു ചോദിച്ചേക്കാം.
എനിക്ക് യൂറോപ്പിന്റെ ഉദാഹരണമാണ് പറയാനുള്ളത്. യൂറോപ്പില്‍ ക്രിസ്തുമതമായിരുന്നു ഏറ്റവും വമ്പിച്ച ശക്തി. പക്ഷേ, യൂറോപ്പിന്റെ സാമ്പത്തിക പുരോഗതിയുടെ പാത മുന്നോട്ടു ചരിക്കുന്തോറും ക്രിസ്തുമതം അപനിര്‍മ്മാണം ചെയ്യപ്പെട്ടു. ഇന്നു ക്രിസ്തുമതം യൂറോപ്പില്‍ ഒരു പിന്നാമ്പുറ സാമൂഹികശൈലി മാത്രമാണ്. യൂറോപ്പിനെ ക്രിസ്തുമതത്തിന്റെ പേരില്‍ ഒന്നിപ്പിക്കാന്‍ ആയിരം കൊല്ലത്തോളം പരിശ്രമിച്ചു. പക്ഷേ, അവസാനം ജര്‍മ്മന്‍കാരനും ഇറ്റലിക്കാരനും ഫ്രഞ്ചുകാരനും അവന്റെ സ്വത്വമാണ് സ്വീകരിച്ചത്. ക്രിസ്ത്യാനി എന്ന സ്വത്വമല്ല സ്വീകരിച്ചത്. ഇന്ന് യൂറോപ്പ് ഒന്നിപ്പിക്കപ്പെട്ടിരിക്കുന്നത് എന്തിന്റെ പേരിലെന്ന് നിങ്ങള്‍ക്കറിയാം.
യൂറോപ്യന്‍ ക്രിസ്ത്യന്‍ യൂണിയന്‍ എന്നല്ല ആ കൂട്ടായ്മയുടെ പേര്. യൂറോപ്യന്‍ ഇക്കണോമിക് യൂണിയന്‍ എന്നാണ്. സമ്പത്താണ് യൂറോപ്യന്‍ ഐക്യത്തെ സംവിധാനം ചെയ്തത്, മതമല്ല. ഇന്നു നാം കാണുന്ന എല്ലാ മതവാദത്തെയും സാമ്പത്തികത്തകര്‍ച്ചയിലേക്ക് ആരോപിക്കുകയല്ല, ഞാന്‍. കാരണം, എല്ലാ മതങ്ങളിലും തീവ്രവിശ്വാസം മനോരോഗമായി പ്രത്യക്ഷപ്പെടുത്തുന്ന ധാരാളം വിശ്വാസികളുണ്ട്. മതങ്ങള്‍ ആ മനോരോഗത്തെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു. മറുവശത്ത്, മതമൗലികവാദപ്രസ്ഥാനങ്ങള്‍ അവരുടെ ചോരപ്പടയുടെ അംഗങ്ങളായി ഈ മതഭ്രാന്തരെ റിക്രൂട്ട് ചെയ്യുന്നു. എന്റെ നാവിലെത്തുന്ന ഉദാഹരണം മഹാകവി അക്കിത്തത്തിന്റേതാണ്. അദ്ദേഹത്തെപ്പോലെ മഹാനായ ഒരു വ്യക്തിയെ ആര്‍.എസ്.എസ്സിലും വിശ്വഹിന്ദുപരിഷത്തിലും കുമ്മനം രാജശേഖരനെപ്പോലെ ഒരുവന്റെ ചൊല്ലുവിളിയിലും എത്തിച്ചത് എന്തു ശക്തിയായിരിക്കാം? നാം പരാമര്‍ശിച്ച സാമ്പത്തികത്തകര്‍ച്ചയും അരക്ഷിതാവസ്ഥയുമാണോ? എനിക്ക് അത്ഭുതപ്പെടാന്‍ മാത്രമേ സാധിക്കുന്നുള്ളൂ.
അല്ലെങ്കില്‍ കുഞ്ഞുണ്ണിമാഷ്. എന്തായിരിക്കാം കുഞ്ഞുണ്ണിമാഷിനെ മതതീവ്രവാദികളുടെ ക്യാമ്പിലെത്തിച്ചത്? നവോത്ഥാനത്തിന്റെ തകര്‍ച്ചയുടെ ജീവിക്കുന്ന ഉദാഹരണങ്ങളാണ് ഇവരെപ്പോലെയുള്ള, നാം സ്‌നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന കേരളീയനേതാക്കള്‍. ഈ ഉദാഹരണങ്ങള്‍ മുന്നില്‍വച്ചുകൊണ്ട് ഞാന്‍ ചോദിക്കുന്നു: എന്തായിരുന്നു ഐ.സി.പി.യെ അവസാനംവരെ നവോത്ഥാനത്തിന്റെയും പുരോഗമനചിന്തയുടെയും പാതയില്‍ പിടിച്ചുനില്‍ക്കാന്‍ പ്രേരിപ്പിച്ചത്? എം.ആര്‍.ബി. പോലും അവസാനം പതറി എന്നു ഞാന്‍ കേട്ടിട്ടുണ്ട്. പതറിക്കൊണ്ട് എഴുതിയത് ഞാന്‍ എന്നോ വായിച്ചിട്ടുമുണ്ട്. ആ രഹസ്യം എനിക്കറിഞ്ഞുകൂടാ. ഞാന്‍ അദ്ദേഹത്തെ പരിചയപ്പെട്ടിട്ടുപോലുമില്ല. പക്ഷേ, മനുഷ്യസ്നേഹിയായും മതേതരത്വവിശ്വാസിയായും ജനാധിപത്യവിശ്വാസിയായും എല്ലാവിധ സമ്മര്‍ദ്ദങ്ങളിലൂടെയും പരീക്ഷണങ്ങളിലൂടെയും ഒരുപക്ഷേ, പ്രലോഭനങ്ങളിലൂടെയും മലയാളിക്കു നിലനില്ക്കാന്‍ കഴിയുമെന്ന സത്യമാണ് ഐ.സി.പി.യുടെ തത്ത്വദൃഢമായ ജീവിതം തെളിയിക്കുന്നത്.
Content Highlights: Malayaliyude lokam book excerpt, Book by Sarath chandran, Excerpt from Paul Zacharia
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..