എഴുത്തുകാരൻ ഉണ്ണികൃഷ്ണൻ പുതൂരിന്റെ 'കഥയല്ല ജീവിതം തന്നെ' എന്ന ആത്മകഥയിലെ ഒരു ഭാഗമായ ' എഴുത്തുകാരന്റെ വഴി' വായിക്കാം :

അച്ഛനും മകനും തമ്മിലുള്ള സ്വരച്ചേർച്ചയ്ക്കു തെല്ലയവുവന്നു. ഉള്ളിൽ അസ്വാരസ്യങ്ങൾ ഉണ്ടായിരുന്നുവെങ്കിലും മറച്ചുപിടിച്ചുകൊണ്ട് പെരുമാറാൻ തുടങ്ങി. സ്വന്തം വീട്ടിലെ കൈകാര്യകർത്താവായി മകനെ വാഴിക്കണമെന്ന് അച്ഛൻ ആഗ്രഹിച്ചു. കുടുംബസംബന്ധങ്ങളായ എല്ലാ ചുമതലകളും ഏല്പിച്ചുകൊടുക്കാൻ അച്ഛൻ ആഗ്രഹിച്ചു. അച്ഛൻ സദുദ്ദേശ്യത്തോടെയാണ് കരുക്കൾ നീക്കിയത്. സ്വയാർജിതസ്വത്തുക്കളിൽനിന്നുള്ള വരുമാനം നോക്കിസംരക്ഷിക്കുക. ഒന്നാമതായി, കുടിയാന്മാരുടെ കൈയിൽനിന്നും വർഷംതോറും വന്നുചേരാനുള്ള പാട്ടം പിരിച്ചെടുക്കുക. കുടിശ്ശിക വരുത്തിയവരിൽനിന്നും പലിശ ഈടാക്കുക. പീടികമുറികളിൽനിന്ന് കിട്ടേണ്ട വാടക, സ്വന്തം കുടിയിരുപ്പിലെ തെങ്ങുകയറ്റം, നാളികേരം വില്ക്കൽ, കൃത്യമായി കാശുവാങ്ങൽ, സർക്കീട്ടുകൾ വെട്ടിക്കുറയ്ക്കൽ, സഹവാസങ്ങളോട് ആവുന്നതും വിടപറയൽ... ഈവക കാര്യങ്ങൾ ചെയ്യാൻ ബാധ്യസ്ഥനാണ്. എന്നാൽ, ഈവക കാര്യങ്ങളൊന്നും തനിക്കു പറ്റിയതല്ല. താൻ സ്വതന്ത്രനാണ്. സ്വന്തം കാലിൽ നിവർന്നുനില്ക്കാൻ മോഹിക്കുന്നു! അച്ഛന്റെയും അമ്മയുടെയും തണലിൽ കഴിയണമെന്നില്ല. ഇതൊക്കെയായിരുന്നു മനസ്സിൽ മുന്നിട്ടുനിന്നിരുന്ന ആശയങ്ങൾ. തന്റെ ദൗത്യം വളരെ വലുതാണ്. ഒരു പർവതാരോഹണത്തിനുള്ള വ്യഗ്രത... ഒരെഴുത്തുകാരനായി ജീവിച്ചു മരിക്കണം. അതിന് ഇനിയും വളരെയധികം ദൂരം നടക്കേണ്ടതുണ്ട്. ശൈശവദശയിലാണ്. ആരംഭിച്ചിട്ടേയുള്ളൂ. പങ്കപ്പാടുകൾ ഏറെയുണ്ട്. ദുരിതങ്ങൾ ഏറെ അനുഭവിച്ചുതീർക്കണം.

കുറച്ചു കഥകൾ അച്ചടിച്ചു വന്നിരിക്കുന്നു. അതുതന്നെയൊരു മഹാദ്ഭുതമാണ്. ചുറ്റുപാടുകൾ വളരെ മോശം. ഗൃഹാന്തരീക്ഷം ബഹളമയം. ഒരുപാടാളുകൾ, അച്ഛന്റെ ബന്ധത്തിലും അമ്മയുടെ ബന്ധത്തിലും വന്നു ചേക്കേറിയിട്ടുണ്ട്. അവർക്കു തീറ്റ വേണം. അപ്രകാശിതങ്ങളായ കഥകൾ. നൂറു പേജിന്റെ രണ്ടുവരയിട്ട നോട്ടുബുക്കുകൾ നിറയെ കുനുകുനെ എഴുതിവെച്ചിരിക്കയാണ്. ഇവയൊക്കെ പ്രസിദ്ധീകരിക്കണമെങ്കിൽ തക്ക ശിപാർശ വേണം. മുതിർന്നവരുടെ കൂട്ടത്തിൽ ചേക്കേറാൻ അനുവദിക്കയില്ല. ഏറിയാൽ ബാലപംക്തി- അതു വേണ്ട. മുന്നോട്ടു വെച്ച കാൽ പിന്നോട്ടു വെക്കില്ല.

ഇവയെല്ലാം ഒരു പുസ്തകരൂപത്തിൽ എന്നെങ്കിലും അച്ചടിച്ചുകാണുമോ? അനാഗതശ്മശ്രുക്കളെ ആർക്കു വേണം? പലവിധ ആലോചനകളായിരുന്നു, പ്രശ്നങ്ങളായിരുന്നു. അച്ഛനെ സമീപിച്ചാൽ കാര്യം നടക്കുമോ? സാഹിത്യകാരനാകുന്നതിൽ അച്ഛനു താത്‌പര്യമില്ല. പൊതുവേ, എഴുത്തുകാരോടു പുച്ഛമാണ്. സാഹിത്യരചനയെക്കാൾ നല്ലത് ആധാരമെഴുത്താണ്. നല്ല ഒരാധാരമെഴുത്തുകാരന് മാസംപ്രതി 50 രൂപ ലഭിക്കുന്നുണ്ടെന്നുള്ളത് നേരാണ്. അതും അച്ഛന്റെ അളവറ്റ അനുകമ്പകൊണ്ടു മാത്രം ലഭിക്കുന്നത്. അച്ഛൻ ദേവസ്വത്തിൽനിന്നും അടുത്തൂൺപറ്റിയാൽ പിന്നെ ശമ്പളവും കിട്ടില്ല. റിസീവറുടെ ക്ലാർക്കെന്ന തസ്തിക നിർത്തൽ ചെയ്യാൻ പോകുന്നു. ദേവസ്വത്തിൽ സ്ഥിരം ലാവണത്തിൽ കയറിപ്പറ്റിയാൽ രക്ഷപ്പെട്ടു. റിസീവറുടെ തസ്തികയും ക്ലാർക്കിന്റെ പോസ്റ്റും വേണ്ടെന്നുവെച്ചാൽപ്പോലും പിടിച്ചുനില്ക്കാൻ പറ്റും. താൻ ഗുരുവായൂർ ദേവസ്വത്തിനുവേണ്ടി കോടതി നിയോഗിച്ച റിസീവറുടെ ക്ലാർക്കാണ്. ക്ലാർക്ക് തസ്തിക വേണ്ടെന്നു വെച്ചാലും എക്സ്പീരിയൻസ് കണക്കിലെടുത്താൽ മതി. അച്ഛൻ കൊണ്ടുപിടിച്ചു പരിശ്രമിച്ചാൽത്തന്നെ ഗുരുവായൂർ ദേവസ്വത്തിൽ കയറാൻ കഴിയും. കോപ്പിസ്റ്റായിട്ടെങ്കിലും കിട്ടാൻ സാധ്യതയുണ്ട്. ചാൻസ് കിട്ടണമെങ്കിൽ വിനയം വേണം. കാലുപിടിച്ചു കരയുവാനുള്ള കഴിവും. രണ്ടും കൈയിലുണ്ടെങ്കിൽ- സ്വന്തം ഭാഗ്യംകൂടി കടാക്ഷിക്കുകയാണെങ്കിൽ- ചാൻസ് കിട്ടും.

തനിക്ക് ഇല്ലാത്ത വിനയം അഭിനയിക്കാനറിഞ്ഞുകൂടാ. മുണ്ടു മടക്കിക്കുത്തിയതഴിച്ചിട്ട്, കാൽതൊട്ടു വന്ദിക്കേണ്ടിവരും. എന്നാലേ മാനേജർ കടാക്ഷിക്കൂ. ചീഫ് അക്കൗണ്ടന്റ് പ്രസാദിക്കൂ.
അച്ഛന്റെ കണ്ണിലിപ്പോഴും ഞാൻ നേർവഴിക്കു നടക്കുന്നുവനല്ല. വളഞ്ഞ വഴിയാണ്. അച്ഛന്റെ തന്ത്രമന്ത്രങ്ങൾ തനിക്കു ശീലമില്ല. രണ്ടാളും രണ്ടു വഴിക്കാണ് സഞ്ചാരം. നേരേചൊവ്വേ നിന്ന് ശ്രമിച്ചാൽ ജോലി കിട്ടും. ഭഗവാന്റെ കാൽക്കൽ രണ്ടു നേരം പോയി തൊഴുതു നമസ്കരിക്കണം. കാലത്തും വൈകീട്ടും. അച്ഛനാണെങ്കിൽപ്പോലും സേവപിടിക്കണം. പറയുന്നതു മുഴുവനും ശരിയാണെന്നു മൂളണം.

മനഃസാക്ഷിയെ വഞ്ചിച്ച് എത്ര കാലം മുന്നോട്ടു പോകാം?

തന്റെ തലയിലുള്ള പ്രധാന പ്രശ്നം എഴുത്തുകാരനാകണമെന്നുള്ളതായിരുന്നു. ഗുരുവായൂർദേവസ്വം സീനിയർ അഡ്വക്കെറ്റും റീട്ടെയ്നറുമായ പി.വി. കൃഷ്ണയ്യരാണ് അച്ഛന്റെ ഉപദേഷ്ടാവ്. അദ്ദേഹത്തിന്റെ ജ്യേഷ്ഠനാണ് മംഗളോദയം പ്രസ്സിന്റെ ചീഫ് മാനേജർ പി.വി. നാരായണയ്യർ. കൃഷ്ണയ്യരുടെ ശിപാർശ ഉണ്ടായാൽ കാര്യം നടക്കും. അച്ഛൻ ഗുരുവായൂർദേവസ്വത്തിലെ പ്രമുഖ വ്യവഹാരകാര്യസ്ഥനായതുകൊണ്ട് പറഞ്ഞാൽ തള്ളുകയില്ല. പുതിയതായി ഒരാശയം ഉടലെടുത്തു. അച്ഛനെത്തന്നെ സമീപിക്കാം. അവസാനത്തെ രക്ഷ അദ്ദേഹം മാത്രമാണ്. അച്ഛൻ, തന്റെ സർവസ്വവും! തനിക്കു മികച്ചതെന്നു തോന്നിയ പത്തു കഥകൾ തിരഞ്ഞെടുത്തു. 'ഒരുപിടി വെണ്ണീറ്' എന്ന ശീർഷകം. നല്ലൊരു കവർപേജ് ആർട്ടിസ്റ്റ് സീതാറാമിനെക്കൊണ്ട് വരപ്പിച്ചു തയ്യാറാക്കി. എല്ലാം സുഗമമാണെന്നു തോന്നി.

അച്ഛനെയും കൂട്ടി മംഗളോദയം മാനേജർ നാരായണയ്യരെ പോയിക്കണ്ടു. പുസ്തകത്തിന്റെ കവറും മാറ്ററും സ്വീകരിച്ചുകൊണ്ട് പരിശോധന കഴിഞ്ഞ് പബ്ലിക്കേഷൻ കമ്മിറ്റിയുടെ തീർപ്പുപ്രകാരം പുസ്തകം അച്ചടിക്കാമെന്നേറ്റു. പ്രസിദ്ധീകരിക്കുമെന്ന പ്രത്യാശ മനസ്സിനകത്തു കയറിക്കൂടിയതുകൊണ്ട് സന്തോഷംകൊണ്ട് ഹൃദയം നിറഞ്ഞു. വളരെക്കാലം കാത്തിരുന്നിട്ടും ആ കാര്യം നടന്നില്ല. മാറ്ററും കവറും നഷ്ടപ്പെട്ടു. അങ്ങനെ ഏറ്റവും നല്ല പത്തു കഥകൾ എന്നന്നേക്കുമായി നഷ്ടപ്പെട്ടു. മംഗളോദയത്തിലൂടെ ഒരുപിടി വെണ്ണീറ് എന്ന കഥാസമാഹാരം പുറത്തുവരുമെന്ന് കിനാവു കണ്ടു. അവസാനം കിട്ടിയ വിവരം, മാറ്റർ വായിക്കാൻ കൊണ്ടുപോയ ആൾ കവറടക്കം മടക്കിത്തന്നില്ല എന്നാണ്. നാരായണയ്യർ കൈമലർത്തിയപ്പോൾ എന്റെ കണ്ണു നിറഞ്ഞു. എങ്കിലും ഞാൻ ഈ രംഗത്തുനിന്ന് പിന്മാറിയില്ല. ഈ അനുഭവം എന്റെ പുസ്തകപ്രസാധനമോഹത്തിനേറ്റ ഒരു തിരിച്ചടിയായിരുന്നു; ഗുണപാഠമായിരുന്നു. എന്നാലും നിരാശനായി പുറകോട്ടു പോയില്ല. എന്തു തിരിച്ചടികൾ ഉണ്ടായാലും ഇനിയും എഴുതും...

റിസീവർ ക്ലാർക്കിന്റെ ശമ്പളകുടിശ്ശികയായി നാനൂറു രൂപ കിട്ടി. അത്രയും വലിയൊരു സംഖ്യ ഒരുമിച്ചു കിട്ടുന്നത് ആദ്യമായിട്ടാണ്. സ്വന്തം അധ്വാനത്തിന്റെ കുടിശ്ശിക. ഏങ്ങണ്ടിയൂരിലെ ഭാഗിച്ചുകിട്ടിയ തൈവളപ്പിലെ നാളികേരം വിറ്റ വകയിലും ഒരു നൂറ്റമ്പതു രൂപ കിട്ടി. മൊത്തം അഞ്ഞൂറ്റമ്പതു രൂപ സ്വന്തമായുള്ള ഒരു ധനികനാണ് ഞാൻ. എനിക്കു തെല്ലൊരഹങ്കാരവും അഭിമാനവും തോന്നുകയുണ്ടായി. സ്വന്തം കാലിൽ നിവർന്നുനില്ക്കാൻ കഴിയുമെന്ന ആത്മവിശ്വാസം. എങ്കിലും ഈ എഴുത്തിന്റെ രംഗത്ത് എങ്ങനെ പിടിച്ചുനില്ക്കാൻ കഴിയുമെന്ന ആശങ്ക എന്നെ വല്ലാതെ അലട്ടിയിരുന്നു.

എൻ.ബി.എസ്. അതിന്റെ സുവർണകാലഘട്ടത്തിൽ എത്തിനില്ക്കുന്ന അവസരം. തന്റെ കഥകൾ അച്ചടിച്ചുവന്നിട്ടുള്ളവയാണ്. ജയകേരളം, ലോകവാണി, മലയാളരാജ്യം, ചിത്രവാരിക, ചെറുകഥാമാസിക തുടങ്ങിയ അന്നത്തെ ചില പ്രശസ്തങ്ങളായ ആനുകാലികങ്ങളിൽ പ്രസിദ്ധീകരിച്ചവ. നേരത്തേ പുസ്തകരൂപത്തിൽ രണ്ടു കഥാസമാഹാരങ്ങൾ പുറത്തിറക്കിയിട്ടുണ്ട്. കരയുന്ന കാൽപ്പാടുകൾ, കെട്ടുപിണഞ്ഞ ജീവിതബന്ധം എന്നീ ശീർഷകങ്ങളിൽ. എൻ.ബി.എസ്. ചെറുപ്പക്കാരായ എഴുത്തുകാരെ പ്രോത്സാഹിപ്പിക്കുന്ന, എഴുത്തുകാരുടേതായ ഒരു പ്രസ്ഥാനമാണെന്നറിയാം. കാരൂർ നീലകണ്ഠപിള്ളയും ഡി.സി. കിഴക്കേമുറിയുമാണ് സംഘത്തിന്റെ സജീവനടത്തിപ്പുകാർ. രണ്ടുപേരെയും നേരിട്ടറിയുകയില്ല. ഒന്നുപോയിക്കാണാം. പരീക്ഷിച്ചുനോക്കാം. ഏതായാലും മംഗളോദയത്തിൽനിന്നുണ്ടായ അനുഭവം ഉണ്ടാവുകയില്ലായിരിക്കാം.

ഒരു നല്ല ദിവസം നോക്കി ദൈവത്തെ പ്രാർഥിച്ചുകൊണ്ട് കോട്ടയത്തേക്കു പുറപ്പെട്ടു. കാരൂർസാറിനെ ചെന്നുകണ്ടു സംസാരിച്ചു. അദ്ദേഹം അച്ചടിച്ചുവന്ന കഥകളിലേക്കു കണ്ണോടിച്ചു. എന്റെ നെഞ്ചിടിപ്പ് വർധിച്ചുകൊണ്ടിരുന്നു. പുസ്തകം സംഘത്തിൽനിന്ന് നേരിട്ട് പ്രസിദ്ധപ്പെടുത്താൻ നിവൃത്തിയില്ലെന്ന് അറിയിച്ചു. എന്റെ മുഖം വിളറി. പാരവശ്യം കണ്ടിട്ടെന്നപോലെ അദ്ദേഹം പറഞ്ഞു: 'പുസ്തകം അച്ചടിച്ചുതന്നാൽ വിതരണത്തിനെടുക്കാം. നേരിട്ട് സംഘം ഒരു പുസ്തകം എടുക്കണമെങ്കിൽ സംഘത്തിൽ അംഗത്വമെടുക്കണം.' അംഗത്വമില്ലാത്തതുകൊണ്ടും നവാഗതനായതുകൊണ്ടും പറയുന്നുവെന്നു മാത്രം. കഥകൾ പാരായണക്ഷമങ്ങളാണ്. നൂറ്റിരുപതു രൂപയടച്ച് അംഗമാകൂ. ഫോറം ഇവിടെനിന്ന് കിട്ടും. മുഴുവനും വിറ്റുപോയാൽ അടുത്ത കൃതി പ്രസിദ്ധീകരിക്കുന്ന കാര്യം ആലോചിക്കാം. സ്വന്തമായി ഏതെങ്കിലും പ്രസ്സ് സ്വാധീനത്തിലുണ്ടോ? കൈയിൽ കാശില്ലേ? അങ്ങനെ ചില ചോദ്യങ്ങൾ. പുസ്തകം അച്ചടിച്ച് ഇവിടെ വില്പനയ്ക്ക് ഏല്പിക്കാം. കവർ ഉൾപ്പെടെ വരപ്പിച്ചുകൊള്ളാം. അനുഗ്രഹിക്കണം.

autobiography
പുസ്തകം വാങ്ങാം

കാരൂർസാർ അനുഗ്രഹിച്ചു. അങ്ങനെയാണ് 1957-ൽ വേദനകളും സ്വപ്നങ്ങളും എന്ന കഥാസമാഹാരം നാഷണൽ ബുക്സ്റ്റാളിലൂടെ പുറത്തുവരുന്നത്. അന്നുമുതൽക്ക് ഞാൻ എൻ.ബി.എസ്സുമായി ബന്ധപ്പെടാൻ തുടങ്ങി. കോട്ടയത്തേക്കുള്ള യാത്രയിലാണ് ഞാൻ പൊൻകുന്നം വർക്കി, വെട്ടൂർ രാമൻ നായർ, പി.സി. കോരുത് മുതലായവരുമായി പരിചയപ്പെട്ടത്. ഇവരും എൻ.ബി.എസ്സിന്റെ നടത്തിപ്പുകാരിൽ ചിലരായിരുന്നു. ഇതിൽ പി.സി. കോരുത് എന്ന എഴുത്തുകാരൻ മലയാള മനോരമയുമായി ബന്ധപ്പെടാൻ എന്നെ സഹായിച്ചു. മനോരമ എഡിറ്റർ കെ.എം. മാത്തുക്കുട്ടിച്ചായന്റെ വീട്ടിൽ കൊണ്ടുപോയി എന്നെ പരിചയപ്പെടുത്തി.

തന്മൂലം മനോരമ വാരാന്തപ്പതിപ്പിലും വാർഷികപ്പതിപ്പുകളിലും എഴുതാനുള്ള അവസരങ്ങൾ ലഭിച്ചു. എന്റെ ഒരു കഥാസമാഹാരം മലയാള മനോരമയിൽനിന്നും പ്രസിദ്ധീകരിക്കാമെന്ന് സമ്മതിച്ചു. മലയാള മനോരമയുടെ പബ്ലിക്കേഷന്റെ ചുമതലയുള്ള അഡ്വക്കെറ്റ് കെ.എൻ. ഗോപാലൻ നായർ (ഏറ്റുമാനൂർ ഗോപാലൻ നായർ) എന്റെ കഥകൾ വാങ്ങി പ്രസിദ്ധീകരിച്ചു. ആ കഥാസമാഹാരത്തിന്റെ പേർ നിദ്രാവിഹീനങ്ങളായ രാവുകൾ എന്നായിരുന്നു. മൊത്തം പതിനഞ്ചു ചെറുകഥകൾ. വർഷം 1959. ഒക്ടോബർ മാസം. രണ്ടു പ്രമുഖ സ്ഥാപനങ്ങളുടെ പിന്തുണ വലിയൊരനുഗ്രഹമായിരുന്നു. ഒരെഴുത്തുകാരനെന്ന നിലയിൽ ഞാനംഗീകരിക്കപ്പെട്ടുവെന്ന കൃതാർഥത. എൻ.ബി.എസ്സിൽനിന്നും മലയാള മനോരമയിൽനിന്നും പ്രതിഫലം കിട്ടിയപ്പോൾ പ്രസ്സിലെ കടം വീട്ടി. ഒറ്റപ്പാലം ജോർജ് പ്രസ്സ് ഉടമ രാജുവിന് വേദനകളും സ്വപ്നങ്ങളും അച്ചടിച്ച വകയിലുള്ള കടം തീർത്തുകൊടുത്തു.

ഉണ്ണികൃഷ്ണൻ പുതൂരിന്റെ കഥയല്ല ജീവിതം തന്നെ വാങ്ങാം

Content highlights :malayalam writer unnikrishnan puthur autobiography portion