ഫോട്ടോ- ടി.കെ പ്രദീപ് കുമാർ
എഴുത്തുകാരനും ചിന്തകനുമായ ആനന്ദുമായി മനോജ് മേനോന് നടത്തിയ ദീര്ഘസംഭാഷണത്തിന്റെ പുസ്തകരൂപമാണ് ഭൂമി ശവക്കോട്ടയാകുന്ന കാലം. പുസ്തകത്തിന്റെ അനുബന്ധമായി ചേര്‍ത്തിരിക്കുന്ന 2019ലെ എഴുത്തച്ഛന് പുരസ്കാരം സ്വീകരിച്ചുകൊണ്ട് ആനന്ദ് നടത്തിയ പ്രഭാഷണത്തില്‍ നിന്നും.
പ്രശംസകള്‍ ധാരാളം. ഇതുപോലുള്ള സന്ദര്‍ഭങ്ങളില്‍ കൂട്ടിപ്പറയുക, പെരുപ്പിച്ചു പറയുക എന്നത് സാധാരണമാണ്. അതുകൊണ്ട് ക്ഷമിക്കാം, മറക്കാം അല്ലേ? അത് എന്റെ കാര്യം. പക്ഷേ, ഞാന്‍ ആലോചിച്ചുപോയത് പൊതുവേ നമ്മള്- കേരളത്തിലോ പുറത്തോ ഉള്ളവര്‍ സാഹിത്യകാരന്മാരുടെ, ബുദ്ധിജീവികളുടെ, കലാകാരന്മാരുടെയെല്ലാം റോള്‍ ഒരുപാടു പെരുപ്പിച്ചുകാണിക്കുന്ന ഒരു സ്വഭാവം വളര്‍ത്തിയിട്ടുണ്ട്. സാംസ്കാരികനായകന്മാര് എന്നൊരു പ്രയോഗംതന്നെയുണ്ട്. സംസ്കാരത്തെ നയിക്കുന്നത് ഈ ആളുകളൊക്കെ ആണെന്നുള്ള ഒരു വിവക്ഷ. അങ്ങനെയാണോ വാസ്തവത്തില്‍? ഇടയ്ക്കൊന്നു മാറിനിന്നുനമുക്ക് ആലോചിച്ചുകൂടേ. സംസ്കാരമെന്ന പ്രതിഭാസം - അതായത് നയിക്കുക അല്ലെങ്കില്‍ പിന്നില്‍നിന്നു തള്ളുക - പുഷിങ് ആന്‍ഡ് പുള്ളിങ് - ഇതിന്റെ പിന്നിലുള്ള ശക്തി, സംസ്കാരം എന്ന പ്രതിഭാസം പല സഹസ്രാബ്ദങ്ങളിലായി മൂവ് ചെയ്യുന്ന ഒരു എന്ജിനാണത്. ഇതിനെ ചലിപ്പിക്കുന്ന ശക്തി എന്താണ്? ആരാണ്? ഈ നമ്മളൊക്കെയാണോ? എനിക്കു തോന്നുന്നില്ല. അതിനു പിന്നില്‍ പ്രവര്‍ത്തിക്കുന്ന ശക്തി, ഊര്‍ജം അഥവാ ഇന്ധനം നീതിക്കുവേണ്ടിയുള്ളതാണ്. ഒരു ബെറ്റര്‍ ലൈഫ്, ഒരു ഡിഗ്നിഫൈഡ് ലൈഫ്, സ്വാതന്ത്ര്യം, തുല്യത ഇങ്ങനെയുള്ള പല സംഗതികള്‍. ഇതൊക്കെ നിഷേധിക്കപ്പെട്ട ആളുകളുടെ ദാഹമാണ് സംസ്കാരമെന്ന പ്രതിഭാസത്തിനു ജന്മം കൊടുത്തതും അതിനെ മുന്നോട്ടു കൊണ്ടുപോകുന്നതും.
അതില്‍ പീഡിപ്പിക്കപ്പെട്ടവരുണ്ടാകാം, മര്ദിക്കപ്പെട്ടവരുണ്ടാകാം, പിഴുതെറിയപ്പെട്ടവരുണ്ടാകാം, എല്ലാവിധത്തിലുള്ള ആളുകളും. ഇത് അവര്‍ എപ്പോഴും പ്രകടിപ്പിച്ചു എന്നുവരില്ല. ചിലപ്പോള്‍ അവര്‍തന്നെ അതിനെപ്പറ്റി കോണ്‍ഷ്യസ് ആയിക്കൊള്ളണമെന്നുമില്ല. പക്ഷേ, ആ ദാഹം അവിടെയുണ്ട്. അത് മനുഷ്യജാതിയുടെ അടിത്തട്ടില്‍ കിടക്കുന്നു. അതാണ് സംസ്കാരത്തിനു ജന്മം കൊടുത്തതും അതിന് ഊര്‍ജം കൊടുക്കുന്നതും അതിന് ഇന്ധനം നല്കുന്നതുമെല്ലാം. നമ്മളൊക്കെ ആരാണ്? കുറച്ചു വല്ലതും എഴുതുക, പ്രസംഗിക്കുക. അല്ലെങ്കില്‍ ചില വിജയങ്ങളില്‍ ഘോഷിക്കുക, ചില നേട്ടങ്ങളില്പ്പെട്ട് സ്വയം പ്രശംസിക്കുക. ഇതൊക്കെ ചെയ്യുന്ന ഈ നമ്മള് വളരെ ചെറിയ ആളുകളാണ്. വാസ്തവത്തില്‍ മേലേത്തട്ടിലിരുന്ന്, താഴേ നടക്കുന്ന ആ വലിയ പ്രയോജനത്തിന്റെ മുകളിലിരുന്ന് ആഘോഷിക്കുന്നവര്‍. വേണമെങ്കില്‍ പറയാം, ഈ എന്‍ജിന്റെ ചില സ്പാനറോ നട്ടോ അല്ലെങ്കില്‍ ഒരു ലീവറോ തിരിക്കുന്ന വെറും മെക്കാനിക്കുകള്‍ മാത്രമാണ് നമ്മള്. People like us എന്നൊരു പ്രയോഗമുണ്ട് ഇംഗ്ലീഷില്‍. പി.എല്‍.യു. എന്നു പറയും. പലപ്പോഴും അതു തെറ്റായി തിരിക്കുകകൂടി ചെയ്യുന്നവരാണ് നമ്മള്. യൂറോപ്പില്‍ ഫാസിസത്തിന്റെ കാലത്ത് അതിനു കുടപിടിച്ചവരില്‍ എഴുത്തുകാരുണ്ടായിരുന്നു, ബുദ്ധിജീവികളുണ്ടായിരുന്നു, എല്ലാവരുമുണ്ടായിരുന്നു.
ഇനി വരുന്ന ചോദ്യം, എന്താണ് ഈ ഊര്‍ജത്തിനു പിന്നിലുള്ളത്? എവിടെനിന്നാണ് ഇത് ഉദ്ഭവിക്കുന്നത്? അതിനു വേണമെങ്കില്‍, നമുക്കു പോകാം പിന്നോട്ട്. മറ്റു ജീവജാലങ്ങള്‍ പ്രകൃതി കൊടുത്ത ഇന്സ്റ്റിങ്ക്റ്റുകൊണ്ട് തൃപ്തിപ്പെട്ടു ജീവിച്ചപ്പോള്‍, മനുഷ്യനെന്ന ജീവി എന്തുകൊണ്ടോ അതിനപ്പുറം സ്വന്തം ജീവിതം സ്വയം കെട്ടിപ്പടുക്കണമെന്ന് ആഗ്രഹിച്ചു. മറ്റു ജീവജാലങ്ങള്‍ ഒരിടത്തു നിന്നപ്പോള്‍ മനുഷ്യജീവി അവിടെനിന്നു മുന്നോട്ടു പോകാനാഗ്രഹിച്ചു. ഇത് ചുരുങ്ങിയ ഒരു കാലത്തിനിടയ്ക്ക്, മില്യണ്‍സ് ഓഫ് ഇയേഴ്സ് പല ജീവജാലങ്ങളും അതേ അവസ്ഥയില്‍ നില്ക്കുമ്പോള്, പതിനായിരം ഇരുപതിനായിരം കൊല്ലംകൊണ്ടാണ് നമ്മള് ഇതൊക്കെ നേടിയത്. നമ്മളൊരു സമൂഹമുണ്ടാക്കി. ജൈവികപരിണാമത്തിന്റെ അപ്പുറത്ത് അനുബന്ധമായി സാമൂഹികപരിണാമം എന്നൊന്ന് കൂട്ടിച്ചേര്‍ത്തു. സമൂഹത്തില്‍നിന്ന് വ്യക്തികളുണ്ടായി. വ്യക്തികളും സമൂഹവും തമ്മിലുള്ള ഇന്ററാക്ഷനില്നിന്നുണ്ടാകുന്നു ഈവക ചിന്തകളായ നീതി, നീതിബോധം എല്ലാമെല്ലാം- ചുരുക്കത്തില്‍ നമ്മള് സാംസ്കാരികമൂല്യങ്ങളെന്നു വിവക്ഷിക്കുന്ന സംഗതികളൊക്കെ.
ഈ സാംസ്കാരികമൂല്യങ്ങളെപ്പറ്റി പറയുമ്പോള്‍ നമുക്ക് ഒരു ചോദ്യംകൂടി ചോദിക്കാം. ഈ നമ്മള്- ഞാന്‍ നേരത്തേ പറഞ്ഞ നമ്മളെപ്പോലുള്ള ആളുകള്‍, നമുക്ക് ഒരു അസ്തിത്വം നല്കിയ ഈ സാംസ്കാരികമൂല്യങ്ങളോട് എങ്ങനെയാണ് പെരുമാറുന്നത്? നമ്മളവയെ, ആ മൂല്യങ്ങളെ ഏതു വിധത്തില്‍ നേരിടുന്നു, അല്ലെങ്കില്‍ അവയ്ക്കു മാന്യത നല്കുന്നു എന്ന്. സംസ്കാരം എന്നു പറയുന്നത് മൂല്യങ്ങള്‍ സൃഷ്ടിക്കുന്ന ഒരു യാത്ര മാത്രമല്ല. പ്രധാനമായും അതാണ്. ആ മൂല്യങ്ങളെ സാക്ഷാത്ക്കരിക്കുവാന്‍ ചില ഉപകരണങ്ങള്‍ കണ്ടെത്തുകകൂടിയാണ് സംസ്കാരം ചെയ്യുന്നത്. ഉപകരണങ്ങള്‍ പലതാണ്. ചില ഇന്‍സ്റ്റിറ്റിയൂഷന്‍സ്, സ്ഥാപനങ്ങള്‍, ചില വ്യവസ്ഥകള്‍, ആശയങ്ങള്‍, തത്ത്വചിന്തകള്‍, ഇതിനപ്പുറം ജനാധിപത്യമെന്ന ഒരു വ്യവസ്ഥ, റെസ്പോണ്സിബിള് ആയിട്ടുള്ള ഭരണകൂടങ്ങള്‍ നിര്‍മിക്കാനുള്ള ഒരു ത്വര. ഇങ്ങനെയുള്ള ഒരു നിര ഉപകരണങ്ങള്‍ സൃഷ്ടിക്കുകകൂടിയാണ് സംസ്കാരം ചെയ്യുന്നത്. ഈ ഉപകരണങ്ങള്‍ അല്ലെങ്കില്‍ ഇതിന്റെ മേലേപ്പുറത്തിരിക്കുന്ന, നേരത്തേ പറഞ്ഞ മെക്കാനിക്കുകളായിട്ടുള്ള ആളുകള്‍ ഈ സ്ഥാപനങ്ങളുടെ തലപ്പത്തു വരുമ്പോള്‍, മാനേജര്‍മാരാകുന്നു അല്ലെങ്കില്‍ ഭരണാധികാരികളാകുന്നു. ഇവര്‍ക്കു ജീവിതം, സ്ഥാനം, അസ്തിത്വം നല്‍കിക്കൊടുത്ത ആ മൂല്യങ്ങളോട് ഇവര്‍ എങ്ങനെയാണ് പ്രതികരിക്കുന്നത്. ചില മൂല്യങ്ങളുടെ സൃഷ്ടിയാണ് ഈ വ്യവസ്ഥ അല്ലെങ്കില്‍ നമ്മള് പറഞ്ഞ ഈ സംഗതികളൊക്കെ. ഈ മൂല്യങ്ങളെ സംരക്ഷിക്കുക മാത്രമല്ല, മുന്നോട്ടു കൊണ്ടുപോവുക മാത്രമല്ല, മൂല്യസൃഷ്ടി എന്ന പ്രസ്ഥാനത്തെ ജീവിപ്പിച്ചു നിര്‍ത്തുക- ഇതുകൂടിയാണ് നമ്മുടെയെല്ലാം കര്‍ത്തവ്യം. അതു നമ്മള് നിറവേറ്റുന്നുണ്ടോ? പലപ്പോഴും നമ്മള് നമ്മളെപ്പറ്റി എത്രയധികം പുകഴ്ത്തുന്നു. തലപ്പത്തിരിക്കുന്ന നമ്മള് അടിയിലെരിയുന്ന തീയിനെപ്പറ്റി മറന്നുപോകുന്നു. അവിടെയുണ്ടാകുന്ന രോദനം, ദുഃഖം... മേലേപ്പുറത്തിരുന്ന് സ്വയം പ്രശംസിക്കുന്ന നമ്മള് ഈ കര്‍ത്തവ്യം നിറവേറ്റുന്നുണ്ടോ?

ഒരു ജനാധിപത്യവ്യവസ്ഥയില്‍ അല്ലെങ്കില്‍ നാം ആശിക്കുന്ന വിധത്തിലുള്ള വ്യവസ്ഥയില്‍, പ്രധാന നടന്മാരായി വരുന്നത് രാഷ്ട്രീയപ്രവര്‍ത്തകരാണ്. അവരാണ് അതിന്റെ മുന്പില് കളിക്കുന്നതും അതില്‍നിന്നും ഭരണകൂടങ്ങളുണ്ടാക്കുന്നതുമെല്ലാമെല്ലാം. ഇന്ന് നമ്മുടെ നാട്ടിലുള്ള കക്ഷികളില്‍, സംഘടിതകക്ഷികളില് എത്ര പേര്‍ക്ക്, എത്രയെണ്ണത്തിന് അവരുടെ ഈ കര്‍ത്തവ്യത്തെപ്പറ്റി, ഈ ചുമതലയെപ്പറ്റി ബോധമുണ്ട്? പല കക്ഷികള്‍ക്കും അവരുടെ ജോലി എന്താണ് എന്നതിനെപ്പറ്റി വ്യക്തതയില്ല. ഒരു കക്ഷിക്ക് വളരെ വ്യക്തതയുണ്ട്, അവര്‍ ഇന്ത്യ ഭരിക്കുന്നു. അവര്‍ക്ക് വളരെ വ്യക്തമാണ് എന്താണ് ചെയ്യേണ്ടത് എന്നതിനെക്കുറിച്ച്; അത് സംസ്കാരത്തെ അടിമുടി നശിപ്പിക്കുക എന്നതാണ്.
ഇനി ഇതിനപ്പുറം ചില കക്ഷികളുണ്ട്. അവരെന്താണ് ചെയ്യുന്നത്? ഏതു തട്ടില്‍ കയറിയും അങ്കംവെട്ടാന്‍ തയ്യാറുള്ള ചേകവന്മാര് മാത്രമാണവര്‍. ജനാധിപത്യവ്യവസ്ഥയില്‍ ഉണ്ടാകുന്ന ഭരണകൂടങ്ങളെ എടുക്കുക. മറ്റു പഴയ കാലത്തിനെ മറക്കുക. ഇവ സംസ്കാരത്തോടുള്ള അവരുടെ റെസ്പോണ്സിബിലിറ്റി മുഴുമിക്കുന്നത് പലപ്പോഴും ഒരു സാംസ്കാരിക വകുപ്പ് (ഡിപ്പാര്‍ട്ട്മെന്റ് ഓഫ് കള്‍ചര്‍) നിര്മിക്കുന്നതോടുകൂടിയാണ്. സംസ്കാരം എന്നതിന്റെ വ്യാപകാര്‍ഥത്തില്‍ നിന്നു കല, സാഹിത്യം മുതലായവയെ പ്രോത്സാഹിപ്പിക്കുന്നതിലേക്കു ചുരുക്കുക. സംസ്കാരം ഗവണ്മെന്റിന്റെ ഡിപ്പാര്‍ട്ട്മെന്റാണോ? അതോ ഗവണ്മെന്റ് സംസ്കാരത്തിന്റെ ഡിപ്പാര്‍ട്ട്മെന്റാണോ? ഒരു പഴയ ചോദ്യമാണത്. കുറച്ചു വ്യത്യസ്തമായ സംഗതികള്‍ ഈ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഇന്ത്യയില്‍ കാണുന്നുണ്ട്. വളരെ പോസിറ്റീവായിട്ടുള്ള, ആശ നല്കുന്ന സംഗതികളാണത്. ഇവിടെ ഇപ്പോള്‍ ഇന്ത്യയില്‍ നടത്തുന്ന സമരങ്ങള്‍, പ്രകടനങ്ങള്‍ അധികാരരാഷ്ട്രീയത്തില്‍ ഉള്ളവരല്ല നയിക്കുന്നത്.
അതിനപ്പുറത്തു നില്ക്കുന്ന പൊതുജനങ്ങളാണ്. മൂല്യങ്ങളുടെ പേരില്‍, ചില ആശയങ്ങളുടെ പേരിലാണ് ഈ പ്രകടനങ്ങള്‍ നടത്തുന്നത്. അത് ചെറുതായെങ്കിലും ഒരു വ്യക്തത തരുന്നു. സംസ്കാരത്തിന്റെ യാത്ര ഒരിക്കലും സുഗമമായിരുന്നില്ല. എപ്പോഴും അതിന്റെ കൂടെ സമാന്തരമായി ഒരു പ്രതിസംസ്കാരം അല്ലെങ്കില്‍ വിരുദ്ധസംസ്കാരത്തിനുള്ള ഒരു യാത്രയും ചരിത്രത്തില്‍ മനുഷ്യസമൂഹത്തില്‍ എന്നുമുണ്ടായിട്ടുണ്ട്. അതിന്റെ ജോലി സംസ്കാരം എന്തെല്ലാം മൂല്യങ്ങളെ സൃഷ്ടിക്കുന്നുണ്ടോ, ആ മൂല്യങ്ങളെയെല്ലാം നശിപ്പിക്കുക എന്നതാണ്. പ്രതികാരമായിരിക്കാം. സ്വാര്‍ഥതയായിരിക്കാം. പ്രതിസന്ധികളായിരിക്കാം. ഈ വിധത്തില്‍ പ്രതിസംസ്കാരം പ്രവര്‍ത്തിക്കുന്ന സമയത്തിലെല്ലാം സംസ്കാരത്തെ പിടിച്ചെഴുന്നേല്പിക്കാനും പിന്നെയും മുന്നോട്ടു പോകുവാനും എത്രയെല്ലാം പ്രശ്നങ്ങളുണ്ടെങ്കിലും അവസാനം Each by each ഈ മൂല്യസൃഷ്ടി എന്ന സംഗതി മുന്നോട്ടു നീങ്ങിക്കൊണ്ടിരുന്നു. അതുകൊണ്ടാണ് എനിക്കു തോന്നുന്നത് നവോത്ഥാനമെന്നത് ഒരു വണ്‍ടൈം സംഗതിയല്ല, തുടര്‍ച്ചയായി സംഭവിക്കുന്നതാണ്. വീഴുമ്പോഴെല്ലാം പിടിച്ചെഴുന്നേല്പിക്കേണ്ട ഒരു പ്രസ്ഥാനമാണ് നവോത്ഥാനം.
ഇന്ന് നമ്മുടെ നാട്ടിലേക്കു തിരിഞ്ഞുനോക്കുമ്പോള്‍, കഴിഞ്ഞ കുറെ ദശാബ്ദങ്ങളായിത്തന്നെ നടക്കുന്നതിന്റെ ക്ലൈമാക്സാണ് നമ്മള് കാണുന്നത്. ഈ കൗണ്ടര്‍ കള്‍ചറിന്റെ ശക്തിപ്രാപിക്കല്‍ സാംസ്കാരികസ്ഥാപനങ്ങളെയെല്ലാം, സംസ്കാരം എന്ന പ്രസ്ഥാനം ചരിത്രത്തില്‍ നേടിയെടുത്ത മൂല്യങ്ങളെയൊക്കെ ഒന്നിച്ച് ഒരുതരം കാര്‍പെറ്റ് ബോംബിങ് വഴി നശിപ്പിക്കാന്‍ ശ്രമിക്കുന്നതാണ്.
ഭൂമി, തരിശുഭൂമിയാക്കപ്പെടുന്നു എന്നുതന്നെയല്ല അവിടെ പുതിയ വിത്തുകള്‍ പാകുകയും പുതിയ വിളകള്‍ ഉയര്‍ത്തേണ്ട കൃഷിഭൂമിയെ ശവപ്പറമ്പുകളാക്കി മാറ്റിക്കൊണ്ടിരിക്കുകയും ചെയ്യുന്നു. മൃതമായ അല്ലെങ്കില്‍ കാലഹരണപ്പെട്ട സംഗതികളെ വീണ്ടും ഉയര്‍ത്താന്‍ ശ്രമിക്കുന്നു. ഇത് ഇന്ത്യയില്‍ മാത്രമല്ല, ഇന്ന് At the moment, all over the world, സംഭവിച്ചുകൊണ്ടിരിക്കുകയാണ്. ഇത് 21-ാം നൂറ്റാണ്ടിന്റെ രണ്ടാംദശകത്തില്‍ എങ്ങനെ വന്നുവെന്ന് ആലോചിക്കുമ്പോള്‍ പിടികിട്ടില്ല. കഴിഞ്ഞ കുറെ നൂറ്റാണ്ടുകളില്‍ നമ്മള് എന്തെല്ലാം പ്രസ്ഥാനങ്ങളില്‍ക്കൂടി, ആശ നല്കുന്ന എന്തെല്ലാം സംഗതികളില്ക്കൂടി കടന്നുപോയിട്ടുണ്ട്. കഴിഞ്ഞ ഒരു നൂറ്റാണ്ടുതന്നെ എടുത്തുനോക്കുക. ഫാസിസവും നാസിസവുമൊക്കെ ഉണ്ടായിട്ടും അതില്‍ എപ്പോഴും ആശ നല്കുന്ന ഒരു സംഗതി മുന്പിലുണ്ടായിട്ടുണ്ട്. ഇന്നതു കാണുന്നില്ല.
ഇരുട്ടിനു ദിശയില്ല. അത് എല്ലാ സ്ഥലത്തുനിന്നുംകൂടിയാകും വരിക. ഇന്ത്യയില്‍ മാത്രമല്ല, ലോകമെങ്ങും ഇന്ന് ഇരുട്ട് വ്യാപകമായി പ്രത്യക്ഷപ്പെട്ടുകൊണ്ടിരിക്കുന്നു. എനിക്ക് ഒരു പരിഹാരം നല്‍കാനുള്ള കഴിവില്ല. ഇത്രമാത്രമേ എനിക്കു പറയാന്‍ കഴിയൂ. നമുക്കെല്ലാവര്‍ക്കും അറിയാവുന്ന സംഗതി ഓര്‍മിപ്പിക്കുക മാത്രമേ എനിക്കു ചെയ്യാന്‍ കഴിയൂ. ഇരുട്ടിനോടു പൊരുതാന്‍ വെളിച്ചത്തിനു മാത്രമേ കഴിയൂ. വേറൊരു ഇരുട്ടിനു കഴിയില്ല. നമുക്ക് ഇരുട്ടിനോടാണ് പൊരുതേണ്ടത്. ഇരുട്ടിനോടാണ് നമുക്ക് വിടപറയേണ്ടത്. വെളിച്ചത്തിനെയാണ് മുന്നോട്ടു വെക്കേണ്ടത്. ഒരിക്കല്‍ക്കൂടി പറയാം, ഇരുട്ടിനോടു പൊരുതുവാന്‍ വെളിച്ചത്തിനേ കഴിയൂ...
Content Highlights: Malayalam writer Anand speech
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..