ജെയിംസ് ജോയ്‌സിന്റെ ക്ലാസിക് കഥ 'സിസ്‌റ്റേഴ്‌സ്' മലയാളം വിവര്‍ത്തനത്തില്‍ 


വിവ: ഡോ. സി. രവീന്ദ്രന്‍ നമ്പ്യാര്‍

കിഴവന്‍ കോട്ടര്‍ കുറച്ചുനേരം എന്നെ നോക്കി. മുത്തുപോലെയുള്ള അയാളുടെ കണ്ണുകള്‍ എന്നെ ചുഴിഞ്ഞുനോക്കുന്നതായി തോന്നി. പക്ഷേ, പ്ലെയ്റ്റില്‍നിന്ന് പൊക്കിനോക്കി അയാളെ തൃപ്തിപ്പെടുത്തുവാന്‍ എനിക്ക് താത്പര്യമില്ലായിരുന്നു. തിരിഞ്ഞുനിന്ന് പുകവലിച്ച് അയാള്‍ വെറുപ്പോടെ അടുപ്പിലേക്ക് തുപ്പി. 

ജെയിംസ് ജോയ്‌സ്‌

ജെയ്‌സിന്റെ മികച്ച കഥകളിലൊന്നായ 'സിസ്റ്റേഴ്‌സ്' മലയാളത്തില്‍ വായിക്കാം.

പ്രാവശ്യം അയാള്‍ക്കു പ്രതീക്ഷയില്ലായിരുന്നു: മൂന്നാംതവണയാണ് ആ സ്‌ട്രോക്ക് വന്നത്. ഓരോ രാത്രിയിലും ഞാന്‍ ആ വീടിനരികില്‍ക്കൂടി പോയിട്ടുണ്ടായിരുന്നു (അത് അവധിക്കാലമായിരുന്നു). അപ്പോള്‍ വെളിച്ചം നിറഞ്ഞ ചതുരാകൃതിയിലുള്ള ജനാലയില്‍ക്കൂടി നോക്കി മനസ്സിലാക്കിയിരുന്നു. കൂടാതെ ആ വെളിച്ചം ഓരോ രാത്രിയിലും അതേപോലെത്തന്നെ കണ്ടിരുന്നു, മങ്ങിയും മാറ്റമില്ലാതെയും. അയാള്‍ മരിച്ചുകഴിഞ്ഞിട്ടുണ്ടെങ്കില്‍, ആ ഇരുണ്ട കര്‍ട്ടനുകളില്‍ മെഴുകുതിരിവെളിച്ചം നിഴലിച്ചു കാണേണ്ടതായിരുന്നു എന്ന് ഞാന്‍ ഓര്‍ത്തു. കാരണം മരിച്ചവരുടെ തലയ്ക്കരികിലായി രണ്ടു മെഴുകുതിരികള്‍ കത്തിച്ചുവെക്കേണ്ടതാണെന്ന് എനിക്കറിയാം. അയാള്‍ പലപ്പോഴും എന്നോടു പറഞ്ഞിട്ടുണ്ട്: ഞാന്‍ ഈ ലോകത്ത് അധികകാലമുണ്ടാകില്ല. എന്നാലും ഞാന്‍ അയാളുടെ വാക്കുകള്‍ കാര്യമായി എടുത്തില്ല. ഓരോ രാത്രിയും ആ ജനാലയിലേക്കു നോക്കുമ്പോള്‍ തളര്‍വാതം എന്ന വാക്ക് ഞാന്‍ സ്വയം പറഞ്ഞിട്ടുണ്ട്. അത് എപ്പോഴും അദ്ഭുതമായി എന്റെ ചെവിയില്‍ മുഴങ്ങാറുണ്ട്, യുക്ലിഡില്‍ ഉള്ള നോമന്‍ എന്ന വാക്കുപോലെ, ഒപ്പം വേദപാഠത്തിലുള്ള സിമോണി എന്ന വാക്കുപോലെയും. പക്ഷേ, അതൊക്കെ ഇപ്പോള്‍ മുഴുങ്ങുമ്പോള്‍ എനിക്കു തോന്നുന്നത് അത് ഒരു ദ്രോഹിയുടെയോ പാപിയുടെയോ പേരായിരിക്കും എന്നാണ്. എന്നെ അതു ഭയപ്പെടുത്തി. എന്നിട്ടും എനിക്ക് അതിനടുത്തെത്തണമെന്നു തോന്നി, അതുളവാക്കുന്ന മാരകഫലമൊന്നു കാണുവാന്‍.
അത്താഴം കഴിക്കുവാന്‍ ഞാന്‍ താഴെ വരുമ്പോള്‍ കിഴവന്‍ കോട്ടര്‍ പുകവലിച്ചുകൊണ്ട് തീ കായുകയായിരുന്നു. എന്റെ അലഞ്ഞുനടപ്പിനെക്കുറിച്ച് എന്റെ അമ്മായി കുത്തിച്ചോദിക്കുമ്പോള്‍ മുന്‍പ് പറഞ്ഞിരുന്ന ഏതോ അഭിപ്രായം ആവര്‍ത്തിക്കുന്നതുപോലെ പറഞ്ഞു:
'ഇല്ല, അതുപോലെയാണ് അവന്‍ എന്ന് ഞാന്‍ പറയില്ല. പക്ഷേ, എന്തോ ഒരു അപാകതയുണ്ട്. മനസ്സിലാക്കുവാന്‍ പ്രയാസമായത് എന്തോ അവന്റെ കാര്യത്തില്‍ ഉണ്ട്. എന്റെ അഭിപ്രായം ഞാന്‍ നിങ്ങളോട് പറയാം.'

അയാള്‍ വീണ്ടും പുകവലിക്കുവാന്‍ തുടങ്ങി. അയാളുടെ അഭിപ്രായം മനസ്സില്‍ ശരിയായ രീതിയില്‍ അടുക്കിവെക്കുകയാകും എന്നതില്‍ സംശയമില്ല. മടുപ്പു തോന്നിപ്പിക്കുന്ന പഴയ വിഡ്ഢി! ആദ്യം അയാളെ അറിഞ്ഞപ്പോള്‍ സാമാന്യം ഒരു രസികനായി തോന്നിയിരുന്നു. തലകറക്കത്തെക്കുറിച്ചും വിരകളെക്കുറിച്ചും മറ്റും എപ്പോഴും സംസാരിക്കും. പക്ഷേ, എനിക്ക് അയാളെയും അയാളുടെ ഒടുക്കത്തെ വാറ്റുകാര്യങ്ങളെക്കുറിച്ചും ഉള്ള അവസാനിക്കാത്ത കഥകള്‍ കേട്ട് മടുത്തു.

'അതേക്കുറിച്ച് എനിക്ക് എന്റേതായ സിദ്ധാന്തമുണ്ട്,' അയാള്‍ പറഞ്ഞു, 'എനിക്കുതോന്നുന്നത് അത് മറ്റേതില്‍പ്പെടുന്ന ഒന്നാണെന്നാണ്... വിചിത്രമായ കേസുകള്‍... പക്ഷേ, അതു പറയുവാന്‍ പ്രയാസമാണ്...'
അയാളുടെ സിദ്ധാന്തം എന്താണെന്ന് നമുക്ക് തരാതെ അയാള്‍ പുകവലി വീണ്ടും തുടങ്ങി. ഞാന്‍ തുറിച്ചുനോക്കുന്നത് കണ്ടിട്ട് എന്റെ അമ്മാവന്‍
പറഞ്ഞു:
'കൊള്ളാം, അപ്പോള്‍ തന്റെ പഴയ ചങ്ങാതി പോയി, കേട്ടിട്ട് തനിക്ക് സങ്കടമുണ്ടാകും.'
'ആരാണ്?' ഞാന്‍ ചോദിച്ചു.
'ഫാദര്‍ ഫ്‌ളിന്‍.'
'അയാള്‍ മരിച്ചുവോ?'
'മിസ്റ്റര്‍ കോട്ടര്‍ ഇവിടെ ഇപ്പോള്‍ പറഞ്ഞതേ ഉള്ളൂ. ആ വീടിനടുത്തുകൂടി അയാള്‍ വരികയായിരുന്നു.'
ഞാന്‍ നിരീക്ഷണത്തിലാണ് എന്ന് എനിക്ക് അറിയുന്നതുകൊണ്ട് വാര്‍ത്തയില്‍ എനിക്ക് ഒട്ടും താത്പര്യമില്ലെന്ന മട്ടില്‍ ഞാന്‍ നിന്നുകൊണ്ടിരുന്നു. എന്റെ അമ്മാവന്‍ കിളവന്‍ കോട്ടര്‍ക്ക് വിസ്തരിച്ചുകൊടുത്തു.

'പയ്യനും അയാളും വലിയ ചങ്ങാതിമാരായിരുന്നു. കിഴവനായ ആ മനുഷ്യന്‍ അവനെ കുറെ പഠിപ്പിച്ചു. നിങ്ങള്‍ ഓര്‍ക്കണം. പിന്നെ എല്ലാവരും പറയുന്നത് അയാള്‍ക്ക് അവനോട് വലിയ കമ്പമുണ്ടായിരുന്നു എന്നാണ്.'
'ദൈവത്തിന് ആ ആത്മാവിനോട് കരുണ ഉണ്ടാകട്ടെ,' എന്ന് എന്റെ
അമ്മായി ദൈവഭക്തിയോടെ പറഞ്ഞു.
കിഴവന്‍ കോട്ടര്‍ കുറച്ചുനേരം എന്നെ നോക്കി. മുത്തുപോലെയുള്ള അയാളുടെ കണ്ണുകള്‍ എന്നെ ചുഴിഞ്ഞുനോക്കുന്നതായി തോന്നി. പക്ഷേ, പ്ലെയ്റ്റില്‍നിന്ന് പൊക്കിനോക്കി അയാളെ തൃപ്തിപ്പെടുത്തുവാന്‍ എനിക്ക് താത്പര്യമില്ലായിരുന്നു. തിരിഞ്ഞുനിന്ന് പുകവലിച്ച് അയാള്‍ വെറുപ്പോടെ അടുപ്പിലേക്ക് തുപ്പി.

'അത്തരം മനുഷ്യനോട് എന്റെ കുട്ടികള്‍ അങ്ങനെ കൂടുതല്‍ സംസാരിക്കുന്നത് എനിക്ക് ഇഷ്ടമില്ല,' അയാള്‍ പറഞ്ഞു.
'താന്‍ എന്താണ് ഉദ്ദേശിച്ചത്, മിസ്റ്റര്‍ കോട്ടര്‍?' എന്റെ അമ്മായി ചോദിച്ചു.
'ഞാന്‍ ഉദ്ദേശിച്ചത്,' കോട്ടര്‍ പറഞ്ഞു, 'കുട്ടികള്‍ക്ക് അത് മോശമാണ്. എന്റെ വിശ്വാസം ഇതാണ്: ഒരു കുട്ടി അതേ പ്രായത്തിലുള്ള കുട്ടികളുടെ കൂടെ
ഓടിക്കളിക്കട്ടെ. അല്ലാതെ... ശരിയല്ലേ ഞാന്‍ പറഞ്ഞത്, ജാക്ക്?'
'അതുതന്നെയാണ് എന്റേയും തത്ത്വം,' എന്റെ അമ്മാവന്‍ പറഞ്ഞു.'അവന്റെ മൂക്കുതന്നെ ഇടിക്കുവാന്‍ പഠിക്കട്ടെ. ആ റോസിക്രൂഷ്യനോട് അതുതന്നെയാണ് ഞാന്‍ എപ്പോഴും പറയാറുള്ളത്... അഭ്യസിച്ച് പരിശീലിക്കൂ. ഞാന്‍ ഒരു കുട്ടിയായിരുന്ന കാലം എന്റെ ജീവിതത്തില്‍ എല്ലാ ദിവസവും കാലത്ത് ഞാന്‍ തണുത്ത വെള്ളത്തില്‍ കുളിക്കുമായിരുന്നു, തണുപ്പുകാലമായാലും ഉഷ്ണകാലമായാലും. അതാണ് എന്നെ ഈ നിലയ്ക്ക് എത്തിച്ചത്. വിദ്യാഭ്യാസം വളരെ നല്ലതും വിശാലമായതും ആണ്. മിസ്റ്റര്‍ കോട്ടര്‍ക്ക് ആട്ടിറച്ചിയുടെ കാലിന്റെ ആ ഭാഗം എടുക്കാം,' അദ്ദേഹം അമ്മായിയോട് പറഞ്ഞു.
'ഇല്ല, ഇല്ല, എനിക്ക് വേണ്ട,' ആ കിഴവന്‍ കോട്ടര്‍ പറഞ്ഞു.
എന്റെ അമ്മായി സെയ്ഫില്‍നിന്നും ഭക്ഷണം കൊണ്ടുവന്ന് മേശപ്പുറത്ത് വെച്ചു.
'പക്ഷേ, കുട്ടികള്‍ക്ക് നല്ലതല്ല എന്ന് എന്തുകൊണ്ട് തോന്നുന്നു, മിസ്റ്റര്‍ കോട്ടര്‍,' അവര്‍ ചോദിച്ചു.
'എല്ലാം എളുപ്പം കുട്ടികളുടെ മനസ്സില്‍ പതിയുന്നതുകൊണ്ടാണ് അത് അവര്‍ക്ക് മോശമാണെന്ന് പറയുന്നത്. കുട്ടികള്‍ അതുപോലെയുള്ള സംഗതികള്‍ കാണുമ്പോള്‍, താങ്കള്‍ക്ക് അറിയുമോ, അത് അവരെ ബാധിക്കും.'

വായ നിറയെ പായസം കുത്തിനിറച്ച് ഞാന്‍ എന്റെ ദേഷ്യം പുറത്തു വരാതാക്കി നിര്‍ത്തി. മുഷിപ്പിക്കുന്ന ബുദ്ധിഹീനനായ കിഴവന്‍! ഞാന്‍ ഉറങ്ങിയത് വളരെ വൈകിയായിരുന്നു. ഒരു കുട്ടിയായി കണ്ട് എന്നെ പരാമര്‍ശിച്ചതിന് എനിക്ക് കിഴവന്‍ കോട്ടറോട് വെറുപ്പുണ്ടായിരുന്നെങ്കിലും മുഴുമിപ്പിക്കാതിരുന്ന അയാളുടെ വാചകങ്ങളുടെ അര്‍ഥം പിഴിഞ്ഞെടുക്കുവാന്‍ കിടന്ന് പതറുകയായിരുന്നു. എന്റെ മുറിയിലെ കൂരിരുട്ടില്‍ ആ വാതരോഗിയുടെ തടിച്ച നരയുള്ള വലിയ മുഖം എന്റെ ഭാവനയില്‍ കാണുകയായിരുന്നു. മുഖത്ത് കമ്പിളി പുതച്ച് ക്രിസ്തുമസ്സിനെക്കുറിച്ച് ചിന്തിക്കുവാന്‍ ഞാന്‍ ശ്രമിച്ചു. പക്ഷേ, ആ നരച്ച മുഖംതന്നെ എന്നെ പിന്തുടരുന്നു. പിറുപിറുത്തുകൊണ്ട് അതിന് എന്തോ എന്നോട് കുമ്പസരിക്കണമെന്നുള്ളതായി തോന്നി. സുഖമുള്ളതാണെങ്കിലും ചീത്തയായ ഏതോ ഒരു പ്രദേശത്തേക്ക് എന്റെ ആത്മാവ് പിന്‍വാങ്ങുന്നതായി എനിക്കു തോന്നി. വീണ്ടും അവിടെ അത് എന്നെ നോക്കി കാത്തുനില്ക്കുകയാണ്. എന്നോട് അത് പതുങ്ങിയ സ്വരത്തില്‍ കുറ്റസമ്മതം ചെയ്യുവാന്‍ തുടങ്ങി. എന്തുകൊണ്ട് അത് അപ്പോള്‍ ചിരിച്ചുകൊണ്ടിരിക്കുന്നു എന്ന് ഞാന്‍ അദ്ഭുതപ്പെട്ടുപോയി. എന്തുകൊണ്ട് ആ ചുണ്ടുകള്‍ ഇങ്ങനെ തുപ്പല്‍കൊണ്ട് നനഞ്ഞിരിക്കുന്നു. തളര്‍വാതം വന്ന് അത് ഇപ്പോള്‍ മരിച്ചുകഴിഞ്ഞില്ല എന്ന് ഞാന്‍ ഓര്‍ത്തു. കൂടാതെ ഞാനും ചെറുതായി ചിരിക്കുകയായിരുന്നു, പള്ളിയില്‍ ഉണ്ടായ പാപകൃത്യങ്ങളില്‍നിന്നും അയാളെ രക്ഷിക്കുവാനെന്നോണം.

അടുത്ത ദിവസം പ്രാതല്‍ കഴിഞ്ഞ് ഗ്രെയ്റ്റ് ബിട്ടണ്‍ തെരുവിലെ ആ ചെറിയ വീട് കാണുവാന്‍ പോയി. ഗാംഭീര്യം ഇല്ലാത്ത ആ വീട് ഒരു ജവുളിക്കടയെന്ന പേരില്‍ അവ്യക്തമായി രജിസ്റ്റര്‍ ചെയ്തതായിരുന്നു. കുട്ടികളുടെ ഉടുപ്പുകളും കുടകളും മറ്റുമായിരുന്നു കാര്യമായിട്ട് ആ കടയില്‍. പിന്നെ സാധാരണദിവസങ്ങളില്‍ വീണുകിട്ടിയ കുടകള്‍ എന്ന് ഒരു നോട്ടീസും ജനലില്‍ തൂക്കിയിട്ടുണ്ടാകും. ഷട്ടറുകള്‍ താഴ്ത്തി ഇട്ടതുകാരണം ഇപ്പോള്‍ അത്തരം നോട്ടീസുകള്‍ ഒന്നും ഇല്ല. വാതിലില്‍ മുട്ടുന്നിടത്ത് ഉണങ്ങിയ ഒരു പൂച്ചെണ്ട് ഒരു റിബ്ബണില്‍ കെട്ടിത്തൂക്കിയിട്ടുണ്ടായിരുന്നു. അതിന്റെകൂടെ പിന്‍ ചെയ്തുവെച്ച ഒരു കാര്‍ഡ് രണ്ടു സ്ത്രീകളും ടെലഗ്രാം കൊണ്ടുവരുന്ന ആ പയ്യനുംകൂടി വായിക്കുകയാണ്. ഞാനും അതു പോയി വായിച്ചു.

ആ കാര്‍ഡ് വായിച്ചതു കാരണം അയാള്‍ മരിച്ചു എന്ന വസ്തുത ഞാന്‍ വിശ്വസിച്ചു. അതോടെ എനിക്ക് വരാനിടയുള്ള തടസ്സം എന്നെ അലോസരപ്പെടുത്തി. അയാള്‍ മരിച്ചില്ലായിരുന്നെങ്കില്‍ ചെറിയ ആ ഇരുണ്ട മുറിയില്‍ പ്പോയി അയാള്‍ തീ കായുന്നത് കാണുവാന്‍ സാധിക്കുമായിരുന്നു, ആ വലിയ കോട്ടിട്ട് അയാള്‍ ശ്വാസം മുട്ടിയിരിക്കുമ്പോള്‍. ചിലപ്പോള്‍ എന്റെ അമ്മായി പൊടി നല്ലതുപോലെ ടോസ്റ്റ് ചെയ്ത് ഒരു പൊതിയിലാക്കിയിട്ട് അയാള്‍ക്കു കൊടുക്കുവാന്‍ എന്നെ ഏല്പിക്കുമായിരുന്നു. ഉറക്കം തൂങ്ങിയിരിക്കുന്ന അയാളെ ആ സമ്മാനം ഉണര്‍ത്തുമായിരുന്നു. അയാളുടെ കൈ വിറയ്ക്കുന്നതു കൊണ്ട് എപ്പോഴും ഞാനായിരുന്നു പൊളിക്കുന്നതും അയാളുടെ കറുത്ത പൊടി ഡപ്പിയില്‍ ഇട്ടുകൊടുക്കുന്നതും. കാരണം അയാളുടെ കൈ വിറയ്ക്കുന്നതുകൊണ്ട് പകുതി പുറത്തുകളയാതെ ഡപ്പിയില്‍ പൊടി ഇടുവാന്‍ അയാള്‍ക്ക് കഴിയില്ല. അത് മൂക്കിലേക്ക് പൊക്കിക്കൊണ്ടുപോകുമ്പോള്‍ കൈ വിറച്ച് കുറച്ചു പൊടി കോട്ടിന്റെ മുന്‍വശത്ത് ചിതറിവീഴും. ഇങ്ങനെ സ്ഥിരമായി ചെയ്യുന്ന നാസികാചൂര്‍ണമായിരിക്കാം, പൗരാണികമായ അയാളുടെ പുരോഹിതവസ്ത്രങ്ങളെ മങ്ങിയ പച്ചനിറത്തിലാക്കിയത്. കാരണം അയാളുടെ ചുവന്ന ഉറുമാല്‍ ആഴ്ചകളായി പൊടി തട്ടുമ്പോള്‍ വരുന്ന കറ നിറഞ്ഞ് കറുത്ത് ഉപയോഗശൂന്യമായിരിക്കുന്നു.

അകത്തു കടന്ന് അയാളെ ഒന്നു നോക്കണമെന്നുണ്ടായിരുന്നു, പക്ഷേ, വാതിലില്‍ മുട്ടുവാനുള്ള ധൈര്യം എനിക്കുണ്ടായിരുന്നില്ല. കടകള്‍ക്കു മുന്‍പിലുള്ള നാടകപരസ്യങ്ങള്‍ വായിച്ചുകൊണ്ട് തെരുവിലെ വെയില്‍ നിറഞ്ഞ ആ ഭാഗത്തുകൂടി ഞാന്‍ നടന്നുപോയി. എന്നെപ്പോലെത്തന്നെ ആ പകലിനും ഒരു അനുശോചനാഭാവമൊന്നും ഇല്ലാതെ കണ്ടതില്‍ എനിക്ക് അതിശയം തോന്നി. കൂടാതെ അയാളുടെ മരണത്തില്‍ക്കൂടി എനിക്ക് എന്നില്‍നിന്നുതന്നെ ഒരു സ്വാതന്ത്ര്യം കിട്ടി എന്നതോര്‍ക്കുമ്പോള്‍ കൂടുതല്‍ വെറുപ്പും തോന്നി. ഇതില്‍ എനിക്ക് അദ്ഭുതം തോന്നി, കാരണം തലേ ദിവസം എന്റെ അമ്മാവന്‍ അയാള്‍ പലതും പഠിച്ചിരുന്നുവെന്ന് പറയുന്നുണ്ടായിരുന്നു.

റോമിലെ ഒരു ഐറിഷ് കോളേജിലാണ് അയാള്‍ പഠിച്ചിരുന്നത്. ലാറ്റിന്‍ ഭാഷ ഉച്ചരിക്കുവാന്‍ എന്നെ അയാള്‍ പഠിപ്പിച്ചിരുന്നു. ശ്മശാനഗുഹകളെക്കുറിച്ചും നെപ്പോളിയന്‍ ബോണപാര്‍ട്ടിനെക്കുറിച്ചും ഉള്ള കഥകള്‍ എനിക്കു പറഞ്ഞുതന്നിരുന്നു. കൂടാതെ പല കര്‍മങ്ങളായി ചെയ്യുന്ന കുര്‍ബാനയുടെ അര്‍ഥം എനിക്ക് വിവരിച്ചുതന്നിരുന്നു, വികാരിയുടെ വസ്ത്രധാരണരീതികളെക്കുറിച്ചും. ചില അവസരങ്ങളില്‍ പ്രയാസമുള്ള ചോദ്യങ്ങള്‍ എനിക്കു തന്ന് അയാള്‍ രസിക്കുമായിരുന്നു. ചില പ്രത്യേക ചുറ്റുപാടുകളില്‍ എന്തുചെയ്യുവാന്‍ പറ്റും, അല്ലെങ്കില്‍ ഇന്ന ഇന്ന പാപങ്ങള്‍ മാരകമാണോ എന്നോ അല്ലെങ്കില്‍ അതൊക്കെ വെറും പോരായ്മകള്‍ മാത്രമാണോ എന്നും മറ്റും. എത്രത്തോളം സങ്കീര്‍ണവും അദ്ഭുതകരവുമാണ് ക്രിസ്തുമതത്തിലെ ചില സുസ്ഥാപിതാചാരങ്ങള്‍ എന്ന് അത്തരം ചോദ്യങ്ങള്‍ എനിക്കു തുറന്നു കാണിച്ചുതന്നു. ഇതെല്ലാം വളരെ നിസ്സാരമായ പ്രവൃത്തികളാണെന്നായിരുന്നു ഞാന്‍ വിശ്വസിച്ചിരുന്നത്. തിരുവത്താഴകര്‍മത്തില്‍ പുരോഹിതന്റെ കര്‍ത്തവ്യങ്ങളും കുമ്പസാരത്തിനുള്ള രഹസ്യങ്ങളും എത്രമാത്രം ഗൗരവമടങ്ങിയതാണെന്ന് എനിക്കു തോന്നുകയും ഈ ചുമതലകളൊക്കെ ഏല്ക്കുവാനുള്ള ധൈര്യം എങ്ങനെ ഒരാള്‍ക്ക് ഉണ്ടാകുന്നു എന്നും ഞാന്‍ ആശ്ചര്യപ്പെട്ടു.

പോസ്റ്റ് ഓഫീസ് ഡയറക്ടറിയോളം വലിപ്പമുള്ള പുസ്തകങ്ങള്‍ പള്ളിയിലെ അച്ചന്മാര്‍ എഴുതിയിട്ടുണ്ടെന്ന് അയാള്‍ പറഞ്ഞപ്പോള്‍ ഞാന്‍ അദ്ഭുതപ്പെട്ടില്ല. അവയെല്ലാം അച്ചടിച്ചത് പത്രങ്ങളില്‍ വരുന്ന നിയമനോട്ടീസുകള്‍പോലെ വളരെ സൂക്ഷ്മമായിട്ടാണ് എന്ന് അയാള്‍ പറയുകയും ഈ വിഷമചോദ്യങ്ങള്‍ക്കെല്ലാം ഉത്തരങ്ങള്‍ അതിലൊക്കെ കാണുമെന്നും പറഞ്ഞുതന്നു. ഇതെല്ലാം ആലോചിച്ചപ്പോള്‍ എനിക്ക് ഒന്നും പറയുവാനുണ്ടായിരുന്നില്ല, അല്ലെങ്കില്‍ വിഡ്ഢിത്തരങ്ങളും മുടന്തനായതും മറ്റും ആയിരുന്നിരിക്കും പറയുക. അത് കേട്ടാല്‍ അയാള്‍ ചിരിച്ച് ഒന്നോ രണ്ടോ പ്രാവശ്യം തലയാട്ടും. ചിലപ്പോള്‍ കുമ്പസരിക്കുമ്പോള്‍ ഉണ്ടാകാനിടയുള്ള പ്രതികരണങ്ങളില്‍ എന്നെ ചാടിക്കും. അത് ഹൃദിസ്ഥമാക്കുവാന്‍ എന്നെ പഠിപ്പിച്ചിരുന്നു. പിന്നീട് അത് ഞാന്‍ തുരുതുരെ ആവര്‍ത്തിക്കുമ്പോള്‍ അയാള്‍ ചിന്താമഗ്നനായി ചിരിച്ച് തലയാട്ടും, ഇടയ്ക്കിടയ്ക്ക് വലിയ ഒരു നുള്ള് പൊടി മൂക്കില്‍ തള്ളിക്കയറ്റിയുംകൊണ്ടായിരിക്കും. ചിരിക്കുമ്പോള്‍ അയാള്‍ ആ നിറംമാറാത്ത പല്ലുകള്‍ തുറന്നുകാട്ടും. നാവ് കീഴ്ച്ചുണ്ടില്‍ വെച്ചിട്ടുണ്ടാകും - ഈ സ്വഭാവം തുടക്കത്തില്‍ അയാളെ നല്ലപോലെ പരിചയപ്പെടുന്നതിന് മുന്‍പ് എന്നെ അസ്വസ്ഥനാക്കിയിരുന്നു.

വെയിലില്‍ നടന്നുകൊണ്ടിരിക്കുമ്പോള്‍ കിഴവന്‍ കോര്‍ട്ടറുടെ വാക്കുകളും സ്വപ്‌നത്തില്‍ പിന്നീട് എന്തു സംഭവിച്ചു എന്നും ഞാന്‍ ഓര്‍ത്തു. നീണ്ട വെല്‍വെറ്റ് കര്‍ട്ടനുകളും പഴയ ഫാഷനിലുള്ള ഒരു തൂക്കുവിളക്കും ശ്രദ്ധിച്ചതായി ഞാന്‍ ഓര്‍ത്തു. ഞാന്‍ വളരെ വിദൂരസ്ഥലത്ത് എവിടെയോ ഉള്ളതായി
എനിക്കു തോന്നി, അസാധാരണരീതിയിലുള്ള ഏതോ പ്രദേശം - പേര്‍ഷ്യയിലാണെന്ന് തോന്നുന്നു... പക്ഷേ, സ്വപ്‌നത്തിന്റെ അവസാനഭാഗം എനിക്ക് ഓര്‍ക്കുവാന്‍ കഴിയുന്നില്ല.

വൈകുന്നേരം അമ്മായി എന്നെയും കൂട്ടി ആ മരിച്ച വീട്ടില്‍ പോയി. അത് സൂര്യാസ്തമയം കഴിഞ്ഞപ്പോഴായിരുന്നു; ഒരുകൂട്ടം വലിയ കാര്‍മേഘങ്ങളില്‍ കാണുന്നതുപോലെയുള്ള കരുവാളിച്ച ഒരുതരം സ്വര്‍ണനിറം വീടുകളിലെ പടിഞ്ഞാറുവശത്തുള്ള ജനാലച്ചില്ലുകളില്‍ നിഴലിച്ചു കാണിക്കുന്നുണ്ടായിരുന്നു. നാനി ഞങ്ങളെ ഹാളിലേക്കു സ്വീകരിച്ചു. സംസാരിച്ച് ശബ്ദമുണ്ടാക്കുന്നത് ഔചിത്യമില്ലാത്തതുകൊണ്ട് ഞങ്ങള്‍ക്കെല്ലാവര്‍ക്കും വേണ്ടി അമ്മായി അവര്‍ക്കു കൈകൊടുത്തു. അമ്മായി തലയാട്ടിയപ്പോള്‍ ആ കിഴവി ചോദ്യചിഹ്നമെന്നോണം മുകളിലേക്കു വിരല്‍ ചൂണ്ടി. അതു കഴിഞ്ഞ് മുന്‍പിലുള്ള ഇടുങ്ങിയ കോവണിയില്‍ക്കൂടി വളരെ പ്രയാസപ്പെട്ട് കയറിപ്പോയി. കുനിഞ്ഞുകിടക്കുന്ന അവരുടെ തല കൈപ്പിടിയില്‍നിന്നും കഷ്ടിച്ച് പുറത്തു കാണാം. ആദ്യത്തെ നിലയില്‍ എത്തിയപ്പോള്‍ അവര്‍ അവിടെനിന്ന് കണ്ണുകാട്ടി ഞങ്ങളെ മരിച്ചുകിടക്കുന്ന അകത്തേക്ക് തുറന്ന വാതില്‍ കടന്ന് പോകുവാന്‍ പ്രോത്സാഹിപ്പിച്ചു. അമ്മായി അകത്തു കടന്നപ്പോള്‍ കിഴവിയും കടന്നു. ഞാന്‍ മടിച്ചുനില്ക്കുന്നത് കണ്ടിട്ട് അകത്തു കടക്കുവാന്‍ കൈകൊണ്ട് തുടര്‍ച്ചയായി ആംഗ്യം കാണിച്ചു.

ഒച്ചയുണ്ടാക്കാതെ ഞാന്‍ കടന്നു. കര്‍ട്ടന്റെ അടിയിലെ ലെയ്‌സില്‍ക്കൂടി കടന്നുവരുന്ന പൊന്‍വെളിച്ചം അകത്തുള്ള മെഴുകുതിരിവെളിച്ചത്തിനു മങ്ങലേല്പിക്കുന്നുണ്ടായിരുന്നു. അയാളെ ശവപ്പെട്ടിയില്‍ കിടത്തിയിരുന്നു.
നാനിയെ അനുകരിച്ചുകൊണ്ട് ഞങ്ങളെല്ലാവരും കട്ടിലിനരികില്‍ മുട്ടുകുത്തിയിരുന്നു. കിഴവിയുടെ ജപം എന്റെ ശ്രദ്ധ കളഞ്ഞതു കാരണം ചിന്തകള്‍ മനസ്സില്‍ സ്വരൂപിച്ച് പ്രാര്‍ഥിക്കുകയാണെന്ന നാട്യത്തില്‍ ഞാനിരുന്നു. അവര്‍ ഉടുത്ത വസ്ത്രം പിറകില്‍ എങ്ങനെയാണ് വിലക്ഷണമായി കുത്തിവെച്ചിരിക്കുന്നതെന്ന് ഞാന്‍ ശ്രദ്ധിച്ചു. കൂടാതെ തുണികൊണ്ടുണ്ടാക്കിയ അവരുടെ പാദരക്ഷയുടെ ഒരു വശം നടന്നുനടന്ന് എങ്ങനെ ചുളിഞ്ഞുകിടക്കുന്നു എന്നും ഞാന്‍ ശ്രദ്ധിച്ചു. വയസ്സനായ ആ പുരോഹിതന്‍ ശവപ്പെട്ടിയില്‍ കിടന്ന് ചിരിക്കുന്നതായി ഞാന്‍ സങ്കല്പിച്ചു.

പക്ഷേ, ഇല്ല, എഴുന്നേറ്റ് ആ കിടക്കയുടെ മേല്‍ഭാഗത്ത് ഞങ്ങള്‍ എത്തിയപ്പോള്‍ അയാള്‍ ചിരിക്കുന്നില്ല എന്ന് ഞാന്‍ കണ്ടു. അയാള്‍ അവിടെ കിടക്കുന്നു, ഭയഭക്തിയോടെയും സമൃദ്ധമായും, അള്‍ത്താരയ്ക്കുവേണ്ടിയുള്ള കുപ്പായമിട്ടപോലെ, വീഞ്ഞുകോപ്പ ആ വലിയ കൈയില്‍ നിലനിര്‍ത്തിക്കൊണ്ട്. ഒരു ഉഗ്രഭാവമായിരുന്നു ആ മുഖത്ത്, നരച്ച് ഭീമമായ ആ മുഖത്ത്. കറുത്ത് പൊള്ളയായ ആ മൂക്കിനു ചുറ്റും വെളുത്ത മൃദുലമായ രോമം ചുറ്റിനില്ക്കുന്നു. ആ മുറി വളരെ കഠിനമായി മണക്കുന്നുണ്ടായിരുന്നു - പൂക്കള്‍.

കുരിശു വരച്ച് ഞങ്ങള്‍ പുറത്തിറങ്ങി. താഴെ ചെറിയ മുറിയില്‍ അയാളുടെ ചാരുകസേരയില്‍ എലീസ രാജകീയമായി ഇരിക്കുന്നുണ്ട്. സാധാരണയായി ഞാന്‍ ഇരിക്കാറുള്ള ആ കസേരയും തപ്പി ആ മൂലയിലേക്ക് ഞാന്‍ പോയി. അപ്പോള്‍ സൈഡിലുണ്ടായിരുന്ന തട്ടില്‍നിന്ന് വീഞ്ഞുപാത്രവും വൈന്‍ ഗ്ലാസുകളും മറ്റും നാനി എടുത്തുകൊണ്ടുവന്നു. ഇതെല്ലാം മേശപ്പുറത്തു വെച്ച് കുറച്ച് വീഞ്ഞ് കഴിക്കുവാന്‍ ഞങ്ങളെ ക്ഷണിച്ചു. അതു കഴിഞ്ഞ് അവരുടെ സഹോദരിയുടെ നിര്‍ദേശപ്രകാരം കുറച്ച് ഷെറി ഗ്ലാസ്സുകളില്‍ നിറച്ച് ഞങ്ങള്‍ക്കു തന്നു. ക്രീം ബിസ്‌കറ്റ് തിന്നുവാന്‍ അവര്‍ എന്നെ പ്രേരിപ്പിച്ചിരുന്നെങ്കിലും അതു തിന്നുമ്പോള്‍ കുറെ ശബ്ദമുണ്ടാക്കുമെന്നു കരുതി ഞാനതു വേണ്ട എന്നു പറഞ്ഞു. അവരെ അത് കുറച്ചു നിരാശയാക്കി എന്നു തോന്നുന്നു. കാരണം അവര്‍ ശാന്തമായി അവരുടെ സഹോദരിയുടെ അടുത്ത് സോഫയില്‍ പോയി ഇരുന്നു. ആരും ഒന്നും സംസാരിച്ചില്ല. ഒഴിഞ്ഞുകിടക്കുന്ന അടുപ്പിലേക്ക് എല്ലാവരും നോക്കിയിരുന്നു.

എലീസ ഒരു ദീര്‍ഘശ്വാസമിട്ട് സംസാരിക്കുവാന്‍ തുടങ്ങുന്നതുവരെ എന്റെ അമ്മായി മിണ്ടാതിരുന്നു.
'ഹാ, ശരി, അവന്‍ നല്ല ഒരു ലോകത്തേക്ക് പോയി.'
വീണ്ടും ഒരു ദീര്‍ഘശ്വാസമെടുത്ത് സമ്മതിച്ചെന്ന മട്ടില്‍ എലീസ തല കുനിച്ചു.
ഗ്ലാസ്സിന്റെ തടിയില്‍ വിരല്‍കൊണ്ട് തലോടിക്കൊണ്ട് എന്റെ അമ്മായി ഒന്നുകൂടി മോന്തി.
'അദ്ദേഹം സമാധാനത്തോടെ പോയോ...?' അമ്മായി ചോദിച്ചു.
'ഓ, വളരെ ശാന്തമായി, മാം,' എലീസ പറഞ്ഞു, 'എപ്പോഴാണ് അദ്ദേഹത്തില്‍നിന്ന് ശ്വാസം പോയതെന്ന് നിങ്ങള്‍ക്കു പറയുവാന്‍ കഴിയില്ല. അദ്ദേഹത്തിന്റെ മരണം ഒരു സുന്ദരമരണമായിരുന്നു, ദൈവം വാഴ്ത്തപ്പെടട്ടെ.'

'പിന്നെ എല്ലാം.'
'ഒരു ചൊവ്വാഴ്ച ഫാദര്‍ ഒ' റൂര്‍ക്കി ഇവിടെ ഉണ്ടായിരുന്നു. തൈലാഭിഷേകം ചെയ്ത് അദ്ദേഹത്തെ തയ്യാറാക്കുകയും മറ്റും ചെയ്തു.'
'അപ്പോള്‍ അദ്ദേഹത്തിന് അറിയാമായിരുന്നുവോ?'
'കീഴടങ്ങിയപോലെയായിരുന്നു അദ്ദേഹം.'
'വിധിക്ക് വളരെയധികം അദ്ദേഹം കീഴടങ്ങിയിരുന്നു,' എന്റെ അമ്മായി പറഞ്ഞു.
ഗ്ലാസ്സില്‍നിന്ന് കുറച്ചുകൂടി മോന്തിയിട്ട് അവര്‍ പറഞ്ഞു:
'നല്ലത് മിസ് ഫ്‌ളീന്‍, എന്തായാലും താങ്കള്‍ക്ക് ചെയ്യുവാന്‍ കഴിയുന്നതെല്ലാം അദ്ദേഹത്തിനുവേണ്ടി ചെയ്തു എന്നത് വലിയ ഒരു സമാധാനമായിരിക്കും. അദ്ദേഹത്തോടു നല്ല അനുകമ്പയുള്ളവരായിരുന്നു നിങ്ങള്‍ രണ്ടുപേരും എന്ന് ഞാന്‍ പറയേണ്ടിയിരിക്കുന്നു.'
മുട്ടിനു മുകളിലെ ഉടുപ്പ് എലിസബത്ത് ഒന്നു തടവി.

'ഹാ, പാവം ജെയിംസ്!' അവര്‍ പറഞ്ഞു, 'ചെയ്യുവാന്‍ കഴിയുന്നതെല്ലാം ഞങ്ങള്‍ ചെയ്തു എന്നതു ദൈവത്തിനറിയാം, ഞങ്ങള്‍ ഇത്രയും പാവങ്ങളായിട്ടും - അദ്ദേഹത്തിന് ഒന്നിനും കുറവില്ലായിരുന്നു എന്ന് ഞങ്ങള്‍ ശ്രദ്ധിച്ചു. സോഫയിലെ തലയണയില്‍ തല വെച്ച് മുത്തശ്ശി ഒന്നു മയങ്ങുന്നതുപോലെ തോന്നി. 'പാവം നാനി ഇവിടെയുണ്ട്,' എലിസ അവരെ നോക്കിക്കൊണ്ട് പറഞ്ഞു. 'അവര്‍ തളര്‍ന്നുപോയി. അവരും ഞാനുംകൂടിയാണ് എല്ലാ കാര്യങ്ങളും ചെയ്തത്. ഒരു പെണ്ണിനെ വരുത്തി അദ്ദേഹത്തെ കുളിപ്പിച്ചുകിടത്തി, പിന്നെ ശവപ്പെട്ടി, അത് കഴിഞ്ഞ് കുര്‍ബാന, ഫാദര്‍ ഓ' റൂര്‍ക്കിയുടെ കാര്യത്തില്‍ മാത്രം ഞങ്ങള്‍ക്ക് അദ്ദേഹം എന്തു ചെയ്തു എന്ന് അറിയില്ല. ആ പുഷ്പങ്ങളെല്ലാം അദ്ദേഹമായിരുന്നു കൊണ്ടുവന്നത്, പിന്നെ പള്ളിയില്‍നിന്ന് രണ്ടു മെഴുകുതിരികള്‍, പിന്നെ ഫ്രീമാന്‍സ് ജനറലിന് കൊടുക്കേണ്ടതായ നോട്ടീസ് എഴുതി, സെമിത്തേരിയിലേക്കു വേണ്ട കടലാസുകളെല്ലാം തയ്യാറാക്കി, പിന്നെ ജയിംസിന്റെ ഇന്‍ഷൂറന്‍സും.'

അയാളെ കുളിപ്പിക്കുവാന്‍വേണ്ടി വന്നിരുന്ന സ്ത്രീ പറഞ്ഞിരുന്നത് അതായിരുന്നു; ഉറങ്ങുന്നതുപോലെയായിരുന്നു അയാള്‍, നല്ല ശാന്തതയും വണക്കവും നിറഞ്ഞുകണ്ടു. അത്രയും സുന്ദരമായ ഒരു ശവമായി കിടക്കുവാന്‍ അയാള്‍ക്കു കഴിയുമെന്ന് ആരും കരുതിയിരുന്നില്ല. ശരിയാണ്, എന്റെ അമ്മായി പറഞ്ഞു.

'അദ്ദേഹം ചെയ്തതെല്ലാം നല്ലതായിരുന്നില്ലേ?' എന്റെ അമ്മായി തിരക്കി.
കണ്ണുകള്‍ അടച്ച് എലീസ തല കുലുക്കി.
'ഹാ, പഴയ സുഹൃത്തുക്കളെപ്പോലെ നല്ലവര്‍ വേറെ കാണില്ല. എല്ലാം
പറഞ്ഞും ചെയ്തും കഴിഞ്ഞാല്‍, വിശ്വസിക്കുവാന്‍ പറ്റിയ ഒരു ചങ്ങാതിയെയും കാണില്ല,' അവര്‍ പറഞ്ഞു.
'തീര്‍ച്ചയായും, അതു സത്യമാണ്.' എന്റെ അമ്മായി പറഞ്ഞു.

'ദൈവഫലം കിട്ടി പോയതാണെങ്കിലും താങ്കളെയും താങ്കള്‍ കൊടുത്ത അനുകമ്പയേയും അദ്ദേഹം ഒരിക്കലും മറക്കില്ല എന്ന് ഉറപ്പുണ്ട്.'
'ഹാ, പാവം ജെയിംസ്!' എലീസ പറഞ്ഞു, 'അദ്ദേഹം ഞങ്ങള്‍ക്ക് ഒരു പ്രശ്‌നവും തന്നിരുന്നില്ല. ഇപ്പോഴുള്ളതില്‍ കൂടുതലായി ഇനി ഈ വീട്ടില്‍ അദ്ദേഹത്തെക്കുറിച്ച് കേള്‍ക്കില്ല. എന്നാലും, എനിക്കറിയാം - അദ്ദേഹം പോയിക്കഴിഞ്ഞു എന്നും പിന്നെ എല്ലാം അവിടുത്തേക്കുവേണ്ടി ആണെന്നും ഇതെല്ലാം കഴിയുമ്പോഴായിരിക്കും വേര്‍പാടിന്റെ ദുഃഖം താങ്കള്‍ക്ക് കൂടുതലാവുക.' എന്റെ അമ്മായി പറഞ്ഞു.
'എനിക്ക് അതറിയാം,' എലീസ പറഞ്ഞു, 'ഞാന്‍ ഇനിമേല്‍ ബീഫ് - ചായ ക്കപ്പില്‍ കൊണ്ടുവന്നു കൊടുക്കുകയോ, അല്ലെങ്കില്‍ മാസാമാസം അദ്ദേഹത്തിന് പൊടി അയച്ചുകൊടുക്കുകയോ ചെയ്യില്ല. ഹാ, പാവം ജെയിംസ്.'

അവര്‍ നിര്‍ത്തി, കഴിഞ്ഞ കാലത്തോടു സംസാരിക്കുന്നതുപോലെ തോന്നിയിട്ട് കുറച്ചു വിവേകത്തോടെ പറഞ്ഞു:
'താങ്കള്‍ ഓര്‍ക്കണം, ഈയിടെയായി അദ്ഭുതകരമായി അദ്ദേഹത്തിന് എന്തോ സംഭവിക്കുന്നുണ്ടായിരുന്നു. ഞാന്‍ സൂപ്പുംകൊണ്ടു വരുമ്പോഴെല്ലാം അദ്ദേഹത്തിന്റെ പ്രാര്‍ഥനാപുസ്തകം താഴെ വീണുകിടക്കുന്നതു കാണാം. കസേരയില്‍ ചാരിക്കിടന്ന് വാ തുറന്നുവെച്ചത് കാണാം.'
മൂക്കില്‍ വിരല്‍ വെച്ച് നെറ്റി ചുളിച്ചുകൊണ്ട് അവര്‍ വീണ്ടും പറഞ്ഞു,
'പക്ഷേ, എന്നിട്ടും അദ്ദേഹം പറഞ്ഞുകൊണ്ടേയിരുന്നത് വേനല്‍ കഴിഞ്ഞാല്‍ നല്ല ഒരു ദിവസം നോക്കി ഞങ്ങളെല്ലാം ജനിച്ച ഐറിഷ് പട്ടണത്തിലെ ആ വലിയ വീട്ടിലേക്ക് ഓടിച്ചുപോകുമ്പോള്‍ എന്നെയും നാനിയെയും കൂടെ കൊണ്ടുപോകും എന്നാണ്. ഒച്ചയുണ്ടാക്കാത്ത ആ പുതിയ ഫാഷനിലുള്ള കുതിരവണ്ടി കിട്ടുകയാണെങ്കില്‍ അത് ചെലവ് കുറഞ്ഞതാണെന്നും അതിന് വാതം പിടിച്ച ചക്രങ്ങളാണുള്ളതെന്നും മറ്റും ഫാദര്‍ ഓ' റൂര്‍ക്കിയാണ് പറഞ്ഞുകൊടുത്തത്. ജോണി റഷ് എന്ന സ്ഥലത്തുനിന്ന് ഞങ്ങളെ മൂന്നു പേരെയും ഒരു ഞായറാഴ്ച വൈകുന്നേരം കൂട്ടിപ്പോകുമെന്ന് അദ്ദേഹം പറഞ്ഞു. അങ്ങനെ ഉറപ്പിച്ചതായിരുന്നു അദ്ദേഹം... പാവം ജെയിംസ്!'

'ആ ആത്മാവിനോട് ദൈവത്തിന് ദയ തോന്നട്ടെ!' പറഞ്ഞത് എന്റെ
അമ്മായി ആയിരുന്നു.
എലീസ ഉറുമാല്‍ എടുത്ത് അവരുടെ കണ്ണുകള്‍ തുടച്ചു. പിന്നീട് അത് കീശയില്‍ തിരികെ വെച്ച് ഒഴിഞ്ഞ അടുപ്പിലേക്ക് നോക്കി ഒന്നും സംസാരിക്കാതെ കുറച്ചു സമയം ഇരുന്നു.
'അദ്ദേഹം നിഷ്‌കര്‍ഷയുള്ള ഒരാളായിരുന്നു,' അവര്‍ പറഞ്ഞു.
'പുരോഹിതന്റെ ജോലി കുറച്ചു കൂടുതലായിരുന്നു. പിന്നെ അദ്ദേഹത്തിന്റെ ജീവിതം, താങ്കള്‍ക്ക് പറയാം, ക്ലേശം നിറഞ്ഞതായിരുന്നു.'
'അതെ,' എന്റെ അമ്മായി പറഞ്ഞു, 'നിരാശാഭരിതനായിരുന്നു അദ്ദേഹം. അതു വ്യക്തമാണ്.'

ചെറിയ ആ മുറിയെ ശാന്തത കീഴടക്കിയ തക്കം നോക്കി, അതിന്റെ മറവില്‍, ഞാന്‍ മേശയ്ക്കടുത്തു പോയി എന്റെ ഷെറിയുടെ സ്വാദുനോക്കി, ആ മൂലയിലുള്ള എന്റെ കസേരയിലേക്ക് ഞാന്‍ തിരിച്ചുപോയി. ഗാഢമായ ഒരു ദിവാസ്വപ്‌നത്തില്‍ എലീസ ആണ്ടുപോയെന്നു തോന്നുന്നു. ആ ശാന്തത
അവര്‍തന്നെ തകര്‍ക്കട്ടെ എന്നു കരുതി ഞങ്ങളെല്ലാം ബഹുമാനപൂര്‍വം കാത്തിരുന്നു; കുറെ കഴിഞ്ഞപ്പോള്‍ അവര്‍ മെല്ലെ പറഞ്ഞു:
'ആ വീഞ്ഞുകോപ്പയായിരുന്നു അദ്ദേഹം പൊട്ടിച്ചത്... അതിന്റെ തുടക്കം അതായിരുന്നു. സാരമില്ല എന്ന് സ്വാഭാവികമായും എല്ലാവരും പറഞ്ഞു, അതായത് അതില്‍ കാര്യമായി ഒന്നും ഇല്ല എന്ന്. പക്ഷേ, എന്നാലും... എല്ലാവരും പറയുന്നത് അത് ആ കുട്ടിയുടെ തെറ്റാണെന്നാണ്. പാവം ജെയിംസ് കുറെ പരിഭ്രമിച്ചു. ദൈവം അദ്ദേഹത്തോട് കരുണ കാണിക്കട്ടെ!'

'അങ്ങനെ ആയിരുന്നുവോ അത്?' എന്റെ അമ്മായി ആരാഞ്ഞു. 'ഞാന്‍ വേറെ എന്തൊക്കെയോ കേട്ടു.' എലീസ തല കുലുക്കി.
'അദ്ദേഹത്തിന്റെ മനസ്സിനെ അതു ബാധിച്ചു,' അവര്‍ പറഞ്ഞു, 'അതിനു ശേഷം വളരെ കുണ്ഠിതനായി, ആരോടും സംസാരിക്കാതെ, അദ്ദേഹം ഒറ്റയ്ക്ക് അലഞ്ഞുനടക്കും. അങ്ങനെയിരിക്കുമ്പോള്‍ ഒരു ദിവസം രാത്രി പ്രാര്‍ഥനയ്ക്കു പോകാന്‍ ആവശ്യമായി വന്നപ്പോള്‍ അദ്ദേഹത്തെ എവിടെയും കണ്ടില്ല. അങ്ങ് മുകളിലും ഇങ്ങ് താഴെയും എല്ലാവരും. പരതി നോക്കി, എന്നിട്ടും അദ്ദേഹത്തെ ആര്‍ക്കും എവിടെയും കാണുവാന്‍ കഴിഞ്ഞില്ല. അതുകൊണ്ട് പള്ളിയില്‍ ഉണ്ടോ എന്ന് അന്വേഷിക്കുവാന്‍ ആ ക്ലാര്‍ക്ക് അഭിപ്രായപ്പെട്ടു. അങ്ങനെ അവര്‍ താക്കോല്‍ കൊണ്ടുവന്ന് പള്ളി തുറന്നു. ക്ലാര്‍ക്കും ഫാദര്‍ ഒ' റൂര്‍ക്കിയും അവിടെയുണ്ടായിരുന്ന ഒരു പുരോഹിതനുംകൂടി ഒരു വിളക്കു കൊണ്ടുവന്ന് തിരച്ചില്‍ തുടങ്ങി... പിന്നെ എന്താ, അവിടെത്തന്നെയുണ്ടായിരുന്നു അദ്ദേഹം, കുമ്പസാരക്കൂട്ടില്‍ തനിച്ചിരിക്കുന്നു ഉറങ്ങാതെ സ്വയം ചിരിച്ചുകൊണ്ട്.'

എന്തോ ശ്രദ്ധിക്കുവാനെന്നോണം അവര്‍ പെട്ടെന്ന് നിര്‍ത്തി. ഞാനും ശ്രദ്ധിച്ചു; പക്ഷേ, ആ വീട്ടില്‍ ഒരു ശബ്ദവുമില്ല. പിന്നെ എനിക്കറിയാം ആ കിഴവനായ പുരോഹിതന്‍ ആ ശവപ്പെട്ടിയില്‍ ഇപ്പോഴും ഞങ്ങള്‍ കണ്ടതുപോലെ തന്നെ കിടക്കുകയായിരുന്നു എന്ന്, ഗൗരവത്തോടെയും ഉഗ്രഭാവത്തോടെയും, ഒരു കോപ്പ വെറുതേ നെഞ്ചില്‍ വെച്ചുകൊണ്ട്.
എലീസ വീണ്ടും തുടങ്ങി...
'ഉണര്‍ന്നും സ്വയം ചിരിച്ചുകൊണ്ട്...അതുകൊണ്ട് തീര്‍ച്ചയായും, അവര്‍ അതു കണ്ടപ്പോള്‍, അദ്ദേഹത്തിന് എന്തോ തകരാറ് സംഭവിച്ചു എന്ന് അവരെ അതു ചിന്തിപ്പിക്കുവാന്‍ പ്രേരിപ്പിച്ചു...

Content Highlights: James Joyce, The Sisters, Mathrubhumi Literature


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Joe Biden

01:00

ബൈഡന് എന്തുപറ്റി ? വൈറലായി വീഡിയോകൾ

Oct 1, 2022


05:02

ഭാര്യയുമായി പിണങ്ങി താമസിച്ച 65-കാരന്‍ മരിച്ചു; തെളിഞ്ഞത് ദാരുണമായ കൊലപാതകം

Sep 30, 2022


mallikarjun kharge

2 min

അപ്രതീക്ഷിത നീക്കങ്ങള്‍; തരൂരിനെ തള്ളി ഖാര്‍ഗെയ്‌ക്കൊപ്പം നിരന്ന് ജി23യും, മുന്നില്‍ നിന്ന് ഗഹ്‌ലോത്

Sep 30, 2022

Most Commented