രുദിവസം വീട്ടില്‍ തനിച്ചിരിക്കുമ്പോള്‍ ആരോ ഒരാള്‍ ഗെയിറ്റ് തുറക്കാന്‍ശ്രമിക്കുന്നത് കണ്ടു. വരാന്തയിലിരുന്നാല്‍ ഗെയിറ്റ് തുറന്ന് വരുന്നവരെ, ആരായാലും, എനിക്ക് കാണാനാവും. ഗെയിറ്റിന്റെ മുകളിലത്തെ ക്ലാമ്പ് മാറ്റാന്‍ രണ്ടുകൈകള്‍ പ്രയാസപ്പെടുന്നു. 
ഒരു ചെറുപ്പക്കാരിയാണ്.
ഗെയിറ്റ് അങ്ങോട്ടുമിങ്ങോട്ടും ഇളക്കിയപ്പോള്‍ അകത്തുനിന്ന് ഓടാമ്പലിട്ട് പൂട്ടിയതാണെന്ന് മനസ്സിലായിക്കാണും. വരാന്തയിലിരിക്കുന്ന ഞാന്‍ ഉറക്കെ പറഞ്ഞു: ''ഗെയിറ്റ് പൂട്ടിയിട്ടില്ല.''

അപ്പോഴാണ് അവള്‍ എന്നെ കണ്ടത്.
''ഗെയിറ്റ് അകത്തുനിന്ന് പൂട്ടിയിരിക്കയാണല്ലോ. തുറക്കാമോ?''
ഞാന്‍ പറഞ്ഞു: ''അത്യാവശ്യമെങ്കില്‍ ഗെയിറ്റിന്റെ നേരെ താഴെ താഴ്ത്തിയിട്ടിരിക്കുന്ന കുറ്റി ഒന്ന് ഉയര്‍ത്തിയാല്‍മതി. എന്നിട്ട് തന്നെ കൊള്ളേ വലിക്കുക.''
അവള്‍ അങ്ങനെ ചെയ്തപ്പോള്‍ ഗെയിറ്റ് അനായാസം തുറന്നു. മുറ്റത്തേക്ക് കടന്നപ്പോള്‍ ആ ആത്മഗതം ഞാനും കേട്ടു:  ''പൂട്ടിട്ട് പൂട്ടിയ ഗെയിറ്റ് പൂട്ട് തുറക്കാതെ അടിയിലെ കുറ്റി പൊക്കി തുറക്കുന്ന വിദ്യ കൊള്ളാമല്ലോ.''

അവള്‍ ചിരിച്ചുകൊണ്ട് പതുക്കെ ഞാനിരിക്കുന്ന വരാന്തയ്ക്ക് സമീപത്തേക്ക് നടന്നുവന്നു.
ഞാന്‍ അല്‍പ്പം മയത്തില്‍ പറഞ്ഞു: ''പെട്ടെന്ന് പോകണമെന്നാണെങ്കില്‍ ഗെയിറ്റ് അങ്ങനെതന്നെ കിടക്കട്ടെ. അല്പനേരമിരുന്ന് സംസാരിക്കാനാണ് എങ്കില്‍ ഗെയിറ്റ് അടച്ച് പഴയപോലെ അടിയിലെ കുറ്റി താഴത്തേക്ക് അമര്‍ത്തിയിട്ട് വരിക.''
ഈ സൂത്രവിദ്യ അറിയാത്ത ആര്‍ക്കും ഇനി ഇതിനകത്ത് പ്രവേശിക്കാന്‍പറ്റില്ല. നവാഗത ഞാന്‍ പറഞ്ഞത് പ്രകാരം തിരികെ ചെന്ന് ഗെയിറ്റടച്ച് അടിയിലെ കുറ്റി താഴ്ത്തി പഴയമട്ടിലാക്കി കോലായയിലേക്ക് കയറിവന്നു.

''എനിക്ക് സാറിനോട് സാവകാശമായി കുറച്ച് നേരമിരുന്ന് സംസാരിച്ചാല്‍കൊള്ളാമെന്നുണ്ട്. ഇവിടെ വിശേഷിച്ചാരും ഇല്ലല്ലോ. ഭാര്യ നാട്ടിലേക്ക് പോയിരിക്കയാണെന്നറിഞ്ഞു. വരാന്തയിലിരിക്കാതെ നമുക്കൊന്ന് അകത്തേക്ക് കയറി ഇരുന്നാലെന്താ?''
അമ്പടി കേമി! എല്ലാ വീട്ടുവിശേഷവും ചോദിച്ചറിഞ്ഞ് എത്തിയിരിക്കുകയാണ്.
കാണാന്‍ നല്ല കെട്ടിക്കാഴ്ചയും ഭംഗിയുമുള്ള അവള്‍തന്നെ വാതില്‍ തുറന്ന് അകത്തേക്ക് കയറി. പിന്നാലെ ഞാനും. ഡ്രോയിങ് റൂമില്‍ ഭംഗിയായി ഒരുക്കിവെച്ച സോഫകളിലൊന്നില്‍ അവളിരുന്നു. പതിവുപോലെ ഞാന്‍ എന്റെ ഇരിപ്പിടത്തിലും. ആ മുറിയുടെ ഏതാണ്ട് മൂലയിലായിരുന്നു എന്റെ ഇരിപ്പിടം. മുറിയിലാകെ മനംമയക്കുന്ന സുഗന്ധം പരന്നു. അവള്‍ വിലകൂടിയ സുഗന്ധതൈലം പുരട്ടിയിട്ടുണ്ടാവണം. അവള്‍ ഇരുന്നേടത്തുനിന്നെഴുന്നേറ്റ് ഞാനിരുന്നതിനഭിമുഖമുള്ള സെറ്റിയില്‍ അമര്‍ന്നിരുന്നു. സ്ട്രെയ്റ്റന്‍ചെയ്ത് നിവര്‍ത്തിയ സമൃദ്ധമായ മുടിയിഴകള്‍ അവള്‍ മാറിലേക്ക് വിടര്‍ത്തിയിട്ട് ഒന്ന് കുലുങ്ങിച്ചിരിച്ച് പറയുന്നു:
''സാറിന് അസാരം കേള്‍വിക്കുറവുണ്ടെന്നെനിക്കറിയാം. അതുകൊണ്ടാണ് ഞാന്‍ തൊട്ടരികെത്തന്നെ ഇരിക്കുന്നത്.''

ഇവള്‍ ഏതെങ്കിലും പ്രസിദ്ധീകരണത്തിന്റെ ചുമതലക്കാരിയാണോ? എന്നുപറഞ്ഞാല്‍ പത്രലേഖിക, അതല്ലെങ്കില്‍ ഏതെങ്കിലും സ്ഥാപനത്തിന്റെ ബിസിനസ് എക്സിക്യുട്ടീവ്? കാണാന്‍ ചന്തമുണ്ട് അവളുടെ ഇരിപ്പും ഭാവവും. കക്ഷത്തില്‍ ഒതുക്കിയ ബാഗ് തുറന്ന് എനിക്കൊരു കവര്‍ നീട്ടി അവള്‍ പറഞ്ഞു: ''സാറിനുള്ള കത്താണ്. ഞാനിരിക്കെത്തന്നെ ഈ കത്ത് തുറന്നുവായിക്കുക. ഉച്ചത്തില്‍ വേണമെന്നില്ല. എനിക്കാ ഉള്ളടക്കം അറിയേണ്ടതില്ല. സാറിന് വളരെയധികം വേണ്ടപ്പെട്ട ഒരാള്‍ എഴുതി എന്നെ ഏല്പിച്ച കത്താണ്. വായിക്കുമ്പോള്‍ എല്ലാം വ്യക്തമാവും.''

ഇവളെന്താണ് ഇങ്ങനെ വെച്ചുവിളമ്പി സല്‍ക്കരിക്കുന്ന മട്ടില്‍ സംസാരിക്കുന്നത് എന്ന അദ്ഭുതമായിരുന്നു എനിക്ക്. ഞാന്‍ ആ കവര്‍ പൊട്ടിച്ച് കടലാസ് നിവര്‍ത്തി. എന്റെ ഒരു പഴയ കൂട്ടുകാരിയുടെ എഴുത്തായിരുന്നു. കൂട്ടുകാരിയെന്നല്ല പറയേണ്ടത്. ചെറിയ ക്ലാസില്‍ പഠനം ആരംഭിച്ച് ഓരോ വര്‍ഷവും കടന്ന് ആ വിദ്യാലയത്തിലെ മുതിര്‍ന്ന ക്ലാസുവരെ ഒന്നിച്ചുപഠിച്ച സഹപാഠിയാണ്. കത്ത് നോക്കിയിരിക്കേ ഞാന്‍ ആരോടെന്നില്ലാതെ പറഞ്ഞുപോയി: ''ഓ, മേരിക്കുട്ടിയുടെ കത്താണല്ലേ?''

weekly
ആഴ്ചപ്പതിപ്പ് വാങ്ങാം

'അതെ' എന്ന് അവള്‍ മറുപടി പറഞ്ഞു: 
''എന്റെ അമ്മയാണ്. സാറിന് ഇങ്ങനെയൊരു കത്തെഴുതി അയയ്ക്കണമെന്ന് ഇടയ്ക്കിടെ പറയും. കത്തിന്റെ ഉള്ളടക്കമെന്താണെന്ന് ചില ദിവസങ്ങളില്‍ തനിച്ചിരുന്ന് എന്തെല്ലാമോ ആലോചിക്കുന്നതിനിടയില്‍ അമ്മ സ്വയം പറയുന്നത് കേള്‍ക്കാം: 'ഏതായാലും ഇന്ന് ആ കത്തെഴുതി മുഴുമിക്കാം.' ഇത് കേള്‍ക്കുമ്പോള്‍ ഞാന്‍ പറയാറുണ്ട്: 'അമ്മേ എഴുതൂ. മനസ്സില്‍ ഗര്‍ഭം ധരിച്ച് വിങ്ങി വീര്‍പ്പുമുട്ടുന്നതിന് പകരം അതെല്ലാം ഒന്ന് കടലാസില്‍ പകര്‍ത്തി എന്നെ ഏല്പിക്കൂ. അമ്മ ഉദ്ദേശിക്കുന്ന ആളിനെ എനിക്കറിയാം. കഴിഞ്ഞ വര്‍ഷംവരെ ആ വഴിയാണ് ഞാന്‍ കോളേജില്‍ പോയിരുന്നത്. കുന്നിന്‍നെറുകയിലെ ആ കോളേജില്‍ പഠിക്കുമ്പോള്‍ ആദ്യമൊന്നും ഞാന്‍ അറിഞ്ഞിരുന്നില്ല അമ്മയുടെ സഹപാഠിയാണ് കോളേജിന്റെ താഴ്‌വരയിലുള്ള നിരത്തിന്റെ ഇറക്കത്തില്‍ റോഡി നഭിമുഖമായി പണിത ആ ഭംഗിയുള്ള വീട്ടില്‍... അമ്മയോടൊപ്പം പഠിച്ച് വളര്‍ന്ന ഒരാള്‍, അയാള്‍ ഒരെഴുത്തുകാരനാണെന്നറിയാം. ആനുകാലികങ്ങളില്‍ ഇടയ്ക്കിടെ പ്രത്യക്ഷപ്പെടുന്ന ആള്‍. അയാളെഴുതിയ പുസ്തകങ്ങള്‍ ഞങ്ങളുടെ കോളേജ് ലൈബ്രറിയിലുണ്ട്. അത്രമാത്രമേ എനിക്ക് അറിയുമായിരുന്നുള്ളൂ. സാറ് മറന്നുകാണില്ലായെന്ന് വിശ്വസിക്കുന്നു. ഒരുദിവസം കോളേജിലെ ഒരു ഡിബേറ്റ് ഉദ്ഘാടനംചെയ്യാന്‍ സാറിനെ കൂട്ടിക്കൊണ്ടുചെന്നത് ഞാനായിരുന്നു. അന്ന് ഞാനിതുപോലെ തടിച്ചിട്ടൊന്നുമായിരുന്നില്ല. തലമുടി സ്ട്രെയ്റ്റന്‍ ചെയ്തിരുന്നില്ല. പുരികങ്ങള്‍ വില്ലുപോലെയാക്കി പ്ലക്ക്‌ചെയ്തിരുന്നില്ല. ഈ തവിട്ടുനിറമുള്ള ലിപ്സ്റ്റിക് പുരട്ടിയിരുന്നില്ല. ഒരു സാധാരണ നാട്ടിന്‍പുറത്തുനിന്ന് കോളേജില്‍ പഠിക്കാനെത്തിയ ഒരു പെണ്‍കുട്ടി. അത്രതന്നെയായിരുന്നു. ഇനി ഞാനാരാണെന്ന് പറയുന്നതിനുമുമ്പ് സാര്‍ എന്റെ അമ്മയെഴുതിയ കത്തൊന്ന് വായിക്കൂ.''

കഥയുടെ പൂര്‍ണരൂപം ഈ ലക്കം മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ വായിക്കാം

Content Highlights: Malayalam Short story By UA Khader