സജയ്.കെ.വി: മതം, ആത്മീയത എന്നിവയെക്കുറിച്ച് വേറിട്ട കാഴ്ചപ്പാടുകളുള്ള കവിയാണ് കെ.എ. ജയശീലന്‍. 'പേരു നെറ്റിയില്‍', 'ഞാഞ്ഞൂള്‍പുരാണം', 'ഞണ്ടിന്റെ ദൈവസങ്കല്പം', 'ക്രിസ്തീയസ്വര്‍ഗ്ഗത്തില്‍ ജോര്‍ജ്ജേ!' തുടങ്ങിയ കവിതകളില്‍ അത് കാണാം. മതവും ആത്മീയതയും മതപരമായ വിശ്വാസസംഹിതകളും ചേര്‍ന്ന് വിഭജിക്കുകയും വിരൂപമാക്കുകയും ചെയ്ത ഒരു ലോകത്തിലാണ് നമ്മള്‍. ഇക്കാര്യത്തില്‍ മാഷിന്റെ മൗലികവീക്ഷണം വായനക്കാരുമായി ഒന്ന് പങ്കുവയ്ക്കാമോ?
മതം, ആത്മീയത, ആസ്തിക്യം എന്നിവയോടുള്ള എന്റെ സമീപനം ഞാന്‍ വ്യക്തമാക്കട്ടെ. ശാസ്ത്രത്തിന്റെ ദൃഷ്ടിയില്‍ സാധുവായ ഒരു മതം എന്തായിരിക്കും എന്നത് എന്റെ മനോവ്യാപാരങ്ങളുടെ നടുവില്‍ത്തന്നെയുള്ള ഒരു ചോദ്യമാണ്. സനാതന മതങ്ങളൊക്കെ മനുഷ്യകേന്ദ്രിതമാണ്. പരിണാമസിദ്ധാന്തം മനുഷ്യേതര ജീവിതവും മനുഷ്യനും തമ്മില്‍ വേര്‍തിരിക്കുന്ന രേഖ മായ്ച്ചുകളഞ്ഞതിനുശേഷം, അവയ്‌ക്കൊന്നും പഴയപോലെയുള്ള സാധുതയില്ലാതായി. സനാതനമതങ്ങളുടെ, ആത്മാവിന്റെ മോക്ഷം മുതലായ ഉത്കണ്ഠകള്‍ ഇന്ന് എങ്ങനെയാണ് മനസ്സിലാക്കേണ്ടത്? അവയെ അവലംബിച്ച് നമ്മള്‍ ഇനിയും കഴിയുന്നത്, മധ്യകാല യൂറോപ്പിലെ ഭൂകേന്ദ്രിതമായ ലോകവ്യവസ്ഥയെ (Geocentric Cosmology) അനുസരിച്ച് ജീവിക്കുന്നതുപോലെയിരിക്കും. എല്ലാ ജീവികള്‍ക്കും ഒരുപോലെ ലഭ്യമായ മോക്ഷമേ ഇനി സാധുവാകൂ.
'രാധ ജീവന്മുക്തിയെ നിരസിയ്ക്കുന്നു' എന്ന കവിതയില്‍ രാധ ചോദിക്കുന്ന ചോദ്യം ഇതാണ്:
'ധ്യാനപ്പെടുന്ന കടലില്‍ക്കിടക്കുന്ന
മീനത്തിനെന്താണ് മോക്ഷം?'
ഒരു സ്വര്‍ഗമുണ്ടെങ്കില്‍, അതില്‍ ഉറുമ്പിനും പാറ്റയ്ക്കും സ്ഥാനമുണ്ടാകണം എന്നാണ് ഞാന്‍ 'ക്രിസ്തീയ സ്വര്‍ഗ്ഗത്തില്‍ ജോര്‍ജ്ജേ!' എന്ന കവിതയില്‍ പറയുന്നത്. എന്നാല്‍ ശാസ്ത്രത്തിനോട് തികച്ചും രഞ്ജിക്കുന്ന മതസിദ്ധാന്തങ്ങളും മതോപദേശങ്ങളും ഉണ്ടായിട്ടുണ്ട്. അവയോട് എനിക്ക് സാമീപ്യം തോന്നിയിട്ടുമുണ്ട്. ഉദാഹരണത്തിന്:
ഒരാള്‍ എന്ന്, അല്ലെങ്കില്‍ ഒരു 'വ്യക്തി' എന്ന്, നമ്മള്‍ കരുതുന്നതെന്തോ, അത് തികച്ചും അസ്ഥിരവും താത്കാലികവുമായ ഒരു സംഘാതമാണെന്നും, മരണത്തോടുകൂടി അത് ശിഥിലീകരിക്കപ്പെടുമെന്നുമാണ് ബുദ്ധധര്‍മത്തിന്റെ നിലപാട്. മിക്ക സനാതന മതങ്ങള്‍ക്കും ഇത് അരോചകമാണ്. 'ഞാഞ്ഞൂള്‍പുരാണ'ത്തില്‍ ഞാന്‍ എത്തിനില്ക്കുന്ന ദേഹാത്മ നൈരന്തര്യം എന്ന നിലപാട് 'ഭിന്നമോ ദേഹവും ആത്മാവുമത്രമേല്‍?' എന്ന ചോദ്യം ഈ ബൗദ്ധസിദ്ധാന്തത്തോട് അടുത്തുനില്ക്കുന്നതാണ്. ശ്രീനാരായണന്റെ ഏറ്റവും പ്രിയശിഷ്യനായ കുമാരനാശാനും ഈ കാര്യത്തില്‍ സംശയങ്ങളില്ലാതിരുന്നിട്ടില്ല; 'പ്രരോദന'ത്തില്‍ ആശാന്‍ ചോദിക്കുന്നു:
'വേരോടൊക്കെയെരിഞ്ഞുപോയ തരുവിന്‍
ഛായയ്ക്കു നില്ക്കാവതോ?'
വ്യക്തിയുടെ അസ്തിത്വത്തെപ്പറ്റി സെന്‍ ബുദ്ധമതത്തില്‍ (Zen Budhism) ഒരു 'കോആന്‍' (Koan) ഉണ്ട്. ('കോ ആന്‍'എന്നത്, സെന്‍ഗുരു ശിഷ്യന്റെ മുന്‍പില്‍ വെച്ചുകൊടുക്കുന്ന ഒരുതരം 'കടിച്ചാല്‍പ്പൊട്ടാത്ത' പ്രശ്‌നമാണ്; ഉത്തരം കണ്ടുപിടിക്കാന്‍ ശിഷ്യന്‍ കിണഞ്ഞുപരിശ്രമിക്കേണ്ടിവരും.) ഗുരു, ശിഷ്യന്റെ മുഖത്തോടടുത്ത് തന്റെ മുഷ്ടി ചുരുട്ടിക്കാണിക്കുന്നു; അങ്ങനെ മുഷ്ടി പിടിച്ചതിനുശേഷം, വിരലുകള്‍ പതുക്കെ നിവര്‍ത്തുന്നു. ചോദ്യം: ''എന്റെ മുഷ്ടി എവിടെപ്പോയി?'' വളരെ നിസ്സാരമായിത്തോന്നാന്‍ ഇടയുള്ള ഈ ചോദ്യത്തിന് ആഴത്തിലുള്ള ഉത്തരം ഉണ്ട്: മരണത്തിനുശേഷം വ്യക്തി എവിടെപ്പോയി എന്നതിനുള്ള ഉത്തരമാണത്.
ഒരു വ്യക്തിയുടെ അനിത്യതയെപ്പറ്റി ശ്രീനാരായണഗുരുവും പറഞ്ഞിട്ടുണ്ട്. പുനര്‍ജന്മത്തെപ്പറ്റി ഒരാള്‍ ഗുരുവിനോട് ചോദിച്ചപ്പോള്‍, ഗുരു പറഞ്ഞുവത്രേ: ''കടലിലെ തിരകളെ നോക്കൂ. ഒരു തിര കരയ്ക്കടിക്കുന്നു; അത് പിന്‍വാങ്ങുമ്പോള്‍ വേറൊരു തിര വരുന്നു. പുതിയ തിര പഴയ തിരയാണോ എന്ന് ചോദിക്കുന്നതില്‍ അര്‍ഥമില്ല.'' പുനര്‍ജന്മത്തെപ്പറ്റിയുള്ള നമ്മുടെ ചിന്തയില്‍ പലപ്പോഴും അന്തര്‍ഭവിച്ചിരിക്കുന്നത്, മരിച്ചുപോയ നമ്മുടെ പ്രിയപ്പെട്ട വ്യക്തി എന്നെന്നേയ്ക്കും തുടരണമെന്ന ആഗ്രഹമാണ്. അത് സംഭവിക്കുന്നില്ല എന്നാണ്
'മരണപഠനസമിതിയുടെ റിപ്പോര്‍ട്ട്' എന്ന കവിതയിലെ ഈ വരികള്‍ പറയുന്നത്.
'വീണ്ടും ജന്മമുണ്ടാം തീര്‍ച്ച;
അതു നീയായിരിക്കില്ല
ഒന്നുമാവര്‍ത്തിക്കുന്നില്ല.
അനന്തവൈവിധ്യസാധ്യ
പ്രപഞ്ചമെന്തിന് നിന്നെ
യാവര്‍ത്തിക്കും? ഒരേ ചിത്ര
ശലഭത്തിന്‍ ചിറകുകള്‍
തികച്ചുമൊരുപോലല്ല.
വളരട്ടെ വിവിധത
ഈശ്വരന്റെ പ്രപഞ്ചത്തില്‍:
അതേ നന്ന്.'
വ്യക്തി മരണാനന്തരം തുടരുന്നില്ല എന്ന് മനുഷ്യരാശി ഉറപ്പായി വിശ്വസിക്കാന്‍ തുടങ്ങുമ്പോള്‍ മാത്രമേ അതിന് പാകത വന്നു എന്ന് പറയാന്‍ കഴിയൂ. പക്ഷേ, അങ്ങനെ സംഭവിക്കുമ്പോള്‍, മരണഭയം കൂടുമോ ഇല്ലാതാകുമോ? ഇപ്പറഞ്ഞ കാല്‍വെപ്പ് ഉണ്ടാകുന്നതോടൊപ്പം, 'ഞാന്‍' എന്ന പരിധിയില്‍നിന്ന് വിടുതിനേടുകയും ചെയ്താലേ മരണഭയം നീങ്ങൂ. അതിനുതകുന്ന മതങ്ങളായിരിക്കണം ഭാവിയിലെ മതങ്ങള്‍. അയല്‍ക്കാരനെ തന്നെപ്പോലെത്തന്നെ സ്‌നേഹിക്കുന്നതിന് പുറമേ, സര്‍വജീവജാലങ്ങളെയും സ്‌നേഹിക്കുക എന്നത് 'ഞാനി'ന്റെ പിടുത്തത്തിന്റെ ശക്തി കുറയ്ക്കും. നമ്മുടെ അനുകമ്പകളാണ് നമ്മുടെ ചങ്ങാടം. ഈ കാര്യത്തില്‍ ഞാന്‍ അടുത്തകാലത്തെഴുതിയ 'മീനൂട്ട്' എന്ന കവിതയുടെ അവസാനവരികളില്‍ നമ്മുടെ അനുകമ്പകളെപ്പറ്റി പറയുന്നത് ഉദ്ധരിക്കട്ടെ:
'ഈ നറുംനൂലുകള്‍ അറ്റുപോയ്‌പ്പോകുകില്‍
എന്തായിരിയ്ക്കുമന്നെന്റെ ഏകാന്തത!
എന്നെന്നും തമ്മിലറിയട്ടെ ജീവികള്‍
എല്ലാ വിഭിന്നതകള്‍ക്കും മുകളിലായ്.'
പുതിയലക്കം മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ പ്രസിദ്ധീകരിച്ച അഭിമുഖത്തില്‍ നിന്നും
Content Highlights: Malayalam Poet KA Jayaseelan Interview Mathrubhumi weekly