പുസ്തകലോകം മുഖ്യപ്രമേയമായി വന്ന നോവലാണ് അജയ് പി മങ്ങാട് എഴുതിയ സൂസന്നയുടെ ഗ്രന്ഥപ്പുര. വ്യത്യസ്തമായ ആഖ്യാനം കൊണ്ടും വിഷയാവതരണം കൊണ്ടും ചര്‍ച്ചചെയ്യപ്പെട്ട ഈ നോവല്‍ ആറുമാസം കൊണ്ട് പതിനാലുപതിപ്പുകള്‍ പിന്നിട്ടിരിക്കുന്നു. സൂസന്നയുടെ ഗ്രന്ഥപ്പുരയിലെ നാല്പത്തിയാറാം അധ്യായത്തില്‍ നിന്നും ഒരു ഭാഗം വായിക്കാം. 

മൂന്നുദിവസം കായലില്‍ തിരച്ചില്‍ തുടര്‍ന്നു. ഫലമുണ്ടായില്ല. തിരക്കേറിയ പാലത്തില്‍നിന്ന് ഒരു പെണ്‍കുട്ടി താഴേക്കു ചാടിയാല്‍ ആരെങ്കിലും കാണേണ്ടതല്ലേ? പക്ഷേ, അതൊരു പ്രതീക്ഷ മാത്രമായിരുന്നു. ആഴമേറിയ കായല്‍ഭാഗത്ത് അടിയൊഴുക്കും ശക്തമായിരുന്നു. 
പിറ്റേ ആഴ്ച അഭി എത്തി. പശുപതിയും കൂടെയുണ്ടായിരുന്നു. അവനെ കണ്ടതും ഞാന്‍ കരഞ്ഞുകൊണ്ടു പറഞ്ഞു, 'എനിക്കിനി ഇവിടെ നില്ക്കണ്ട. ഞാന്‍ വീട്ടിലേക്കും പോകുന്നില്ല.' 
'പിന്നെന്തു ചെയ്യും?' അഭി ചോദിച്ചു.

'എനിക്ക് ദൂരെയെവിടെയെങ്കിലും പോകണം. അല്ലെങ്കില്‍ ഞാന്‍ മരിച്ചുപോകും. ഈ നഗരത്തില്‍   നില്ക്കുന്ന ഓരോ നിമിഷവും ഞാന്‍ ഇല്ലാതാവുകയാണ്,' ഞാന്‍ പിന്നെയും കരഞ്ഞു. 
പശുപതി ഇക്ബാലുമായി ദീര്‍ഘനേരം സംസാരിച്ചു. പിന്നീട് പശുപതി പറഞ്ഞു, 'നമുക്കൊരു വഴി കണ്ടെത്താം. പക്ഷേ, കുറച്ചു കാത്തിരിക്കൂ...'
ഒന്നരമാസംകൂടി ഞാന്‍ എറണാകുളത്തു തുടര്‍ന്നു. ആ ദിവസങ്ങളില്‍ ഞാന്‍ ക്ലാസില്‍ പോവുകയും വൈകുന്നേരങ്ങളില്‍ പതിവുപോലെ പബ്ലിക് ലൈബ്രറിയിലേക്ക് പോവുകയും ചെയ്തു.
എനിക്കറിയാം, ഞാന്‍ ഇവിടെ തുടരുകയില്ല. ഇവിടെ എനിക്കൊന്നും ഇനി പ്രതീക്ഷിക്കാനില്ല. ഞാന്‍ പശുപതിക്ക് ഇടയ്ക്കിടെ കത്തയച്ചുകൊണ്ടിരുന്നു. അഭിക്കുള്ള പോസ്റ്റ്കാര്‍ഡുകളിലും ഞാന്‍ എന്റെ പീഡകള്‍ മാത്രമെഴുതി.

ഫാത്വിമയെ പിന്നീടു ഞാന്‍ കണ്ടിട്ടില്ല. അവള്‍ മാസങ്ങളോളം ചികിത്സയിലായിരുന്നു. ആശുപത്രിയില്‍നിന്ന് അവള്‍ മടങ്ങിവന്നപ്പോള്‍ ഒരു ദിവസം അവളെ കാണാന്‍ പോകണമെന്നു വിചാരിച്ചു. വേണ്ടെന്നുവെച്ചു. 'പരീക്ഷയെഴുതാതെ പോകുന്നതെങ്ങനെ' എന്ന് ഒരു ദിവസം ഇക്ബാല്‍ വന്നു ചോദിച്ചു. 'ഞാന്‍ പരീക്ഷയെഴുതാന്‍ വരും,' ഞാന്‍ ഇക്ബാലിനോടു പറഞ്ഞു. 'എങ്കില്‍ നീ റെഡിയായിക്കോളൂ. നാം ബോഡിനായ്ക്കനൂരു പോകുന്നു,' ഇക്ബാല്‍ പ്രഖ്യാപിച്ചു. 
ഞാന്‍ ചിരിച്ചു. ഇക്ബാലിനെ കെട്ടിപ്പിടിച്ചു. ഞങ്ങള്‍ രണ്ടുപേരും അന്ന് ഒരുമിച്ചിരുന്ന് കുറെ സംസാരിച്ചു. സിഗരറ്റ് വലിച്ചു. ഫില്‍ട്ടറില്ലാത്ത സിഗരറ്റ് വലിക്കുമ്പോള്‍ അറ്റത്ത് തുപ്പല്‍ നനയാതെ വലിക്കാന്‍ തനിക്കറിയില്ലെന്നു പറഞ്ഞ് അയാള്‍ വലിച്ചുകൊണ്ടിരുന്ന സിഗരറ്റ് എന്നെ കാട്ടിത്തന്നു. ഞങ്ങള്‍ അതു പറഞ്ഞു ചിരിച്ചു. ഇടയ്ക്ക് ഇക്ബാല്‍ പറഞ്ഞു, 'നീ കൃഷ്ണനെ കാണാതെ പോകരുത്. അയാള്‍ക്ക് നിന്നോട് എന്തോ സംസാരിക്കാനുണ്ട്.' ഞാന്‍ ഒന്നും മിണ്ടിയില്ല.

അമുദ അയാള്‍ക്ക് ഓടക്കുഴല്‍ വാങ്ങിക്കൊടുത്തതിനെപ്പറ്റി ഞാന്‍ പലപ്പോഴും ആലോചിച്ചിട്ടുണ്ട്. എന്തുകൊണ്ടാണ് അവള്‍ എനിക്കൊരു സമ്മാനവും വാങ്ങിത്തരാതെ പോയത്? ഫാത്വിമയെ കാണാന്‍ പോയതുപോലെ എന്നെ കാണാന്‍ വരാതിരുന്നത്? അവള്‍ തിടുക്കത്തിലായിരുന്നിരിക്കണം. ഞാന്‍ അതേപ്പറ്റി പല രീതിയില്‍ ആലോചിട്ടുണ്ട്. ചിലപ്പോള്‍ അവള്‍ എന്നെ വെറുത്തുപോയതുമൂലമാകാം. അന്ന് അവളുടെ വീട്ടില്‍ പോകാതിരുന്നെങ്കില്‍ കാര്യങ്ങള്‍ മറ്റൊരു വിധമാകുമായിരുന്നോ?

SOOSANNAYUDE GRANDHAPURA
പുസ്തകം വാങ്ങാം

ഞാനത് ഇക്ബാലിനോട് പലവട്ടം ചോദിച്ചിട്ടുണ്ട്. ഞാനാണോ ഉത്തരവാദി? അഖിലന്‍ സ്ഥലംമാറ്റി വാങ്ങി കൊച്ചി വിടുന്നതിന്റെ തലേന്ന് ഞങ്ങള്‍ തമ്മില്‍ കണ്ടു. അത്താഴം ഒരുമിച്ചു കഴിച്ചു. അഖിലന്‍ ചോദിച്ചു, 'എന്റെ മകള്‍ എന്നോട് ഒരു വാക്കു പറയാതെ പോയത് എന്തിനാണ്? നിനക്കതറിയുമോ?' ഞാന്‍ തലകുനിച്ചിരുന്നു. 

ഭൂമിയിലെ ഏറ്റവും നിസ്സഹായമായ നിമിഷങ്ങളില്‍ നാം നമ്മുടെ അജ്ഞതയെച്ചൊല്ലി വേദനിക്കുന്നു. അഖിലന്‍ തുടര്‍ന്നു, 'സാധ്യമാകാതെ മറഞ്ഞ വാക്കുകള്‍, സാധ്യമാകാതെ പോയ മാപ്പപേക്ഷകള്‍, സാധ്യമാകാതെ പിരിഞ്ഞ സ്‌നേഹവാക്കുകള്‍, സാധ്യമാകാതെ പോയ സ്പര്‍ശനങ്ങള്‍, എത്ര ശ്രമിച്ചാലും വ്യക്തത വരാത്ത സ്മരണകള്‍. ഞാന്‍ എന്റെ മകളെ, അവള്‍ ഒരു കുഞ്ഞായിരുന്ന കാലംതൊട്ട്, ഓര്‍ത്തുനോക്കി. ദൈവമേ, എത്രയോ കുറച്ചു സ്മരണകളാണ് അവളെപ്പറ്റി എനിക്കുള്ളത്! അലീ നിനക്കറിയാമോ, ഞാന്‍ വിചാരിച്ചത് എന്റെ മകളെപ്പറ്റി ഒരുപാടു കാര്യങ്ങള്‍ എനിക്കോര്‍ക്കാന്‍ കഴിയുമെന്നാണ്. പക്ഷേ, പക്ഷേ...' 

അവള്‍ക്ക് പല്ലുവേദന വന്നപ്പോള്‍ ഡോക്ടറുടെ അടുത്തു കൊണ്ടുപോയത് അഖിലന്‍ പറഞ്ഞു. അവള്‍ക്ക് എട്ടോ ഒന്‍പതോ വയസ്സാണ്. ഡോക്ടറുടെ മുറിക്കു മുന്നില്‍ ഊഴം കാത്തിരിക്കുമ്പോള്‍ അവിടെ ഒരു പഴയ ലൈഫ് മാഗസിനോ മറ്റോ കിടന്നിരുന്നത് അവള്‍ എടുത്ത് മറിച്ചുനോക്കാന്‍ തുടങ്ങി. അവളുടെ മുഖത്തെ ജിജ്ഞാസയും ഏകാഗ്രതയും ഞാന്‍ ശ്രദ്ധിച്ചു. അതാണ് എനിക്ക് എന്നും ഓര്‍ക്കാന്‍ ഇഷ്ടമുള്ള അവളുടെ ഒരു ഭാവം. 

ഫാത്വിമ: എനിക്ക് ഭ്രാന്തു വരികയാണെന്ന് തിരിച്ചറിയാന്‍ കഴിഞ്ഞില്ല. എന്റെ വിചാരങ്ങള്‍ പരസ്പരം കൂടിപ്പിണഞ്ഞുപോയി. അമുദയെ കാണാനില്ലെന്നറിഞ്ഞ നിമിഷം തലച്ചോറിനുള്ളില്‍ വലിയ ഒരു മുഴക്കമുണ്ടായി. അതിന്റെ അലകള്‍ നിലച്ചപ്പോള്‍ അമു നിത്യമായ യാത്രയായിക്കഴിഞ്ഞുവെന്ന് എനിക്കു മനസ്സിലായി. അടുത്ത നിമിഷം ഞാന്‍ അലിയുടെ കാര്യം ഓര്‍ത്തു. അതോടെ എനിക്കുള്ളില്‍ വീണ്ടും പ്രകമ്പനമായി. അവനെ അടിച്ചുകൊന്നാലോ എന്നാലോചിച്ചു. രാത്രിയായെങ്കിലും വേഗം റസ്റ്ററന്റിനു പുറത്തിറങ്ങി. എവിടേക്കു പോകുമെന്നറിയാതെ നേരേ നടന്നു.

പോലീസ് സ്റ്റേഷനു മുന്നിലാണ് എത്തിയത്. എസ്.ഐയെ കണ്ട് അമുദയെ റേപ് ചെയ്യാന്‍ ശ്രമമുണ്ടായെന്നു പറഞ്ഞു. തലയ്ക്കുള്ളില്‍ അതേ മുഴക്കം തുടരുന്നുണ്ടായിരുന്നു. ചിലപ്പോള്‍ അത് കാക്കക്കൂട്ടത്തിന്റെ കരച്ചില്‍പോലെ ശക്തിയേറിവരും. രാത്രിയായപ്പോള്‍ ഞാനേറ്റവും തനിച്ചാണെന്നുകണ്ടു ഭയം തോന്നി. ഉമ്മ വന്ന് കുറെനേരം എന്നോടു സംസാരിച്ചു. ഖുര്‍ആന്‍ വായിക്കാന്‍ പറഞ്ഞു. കുറെ പ്രാര്‍ഥനകള്‍ പറഞ്ഞുതന്നു. ഞാന്‍ ഒന്നും ചെയ്തില്ല. കൃഷ്ണന്‍ ഇക്കാര്യം അന്നത്തെ ദിവസം അറിഞ്ഞിരുന്നില്ല. അയാള്‍ അമുദ കൊടുത്ത ഫഌട്ട് അതിനുശേഷം താഴെ വെച്ചിരുന്നില്ല. നേവിസംഘം തിരച്ചിലാരംഭിച്ച ദിവസം വൈകീട്ടു ഞാന്‍ കൃഷ്ണന്റെ മുറിയില്‍ ചെന്നു.

സൂസന്നയുടെ ഗ്രന്ഥപ്പുര ഓണ്‍ലൈനില്‍ വാങ്ങാം

content highlights: malayalam novel soosannayude grandhapura by ajay p mangat