പിഗ്മെന്റ്
ഷബ്‌ന മറിയം രചിച്ച് മാതൃഭൂമി ബുക്‌സ് പ്രസിദ്ധീകരിച്ച പിഗ്‌മെന്റ് എന്ന നോവലിലെ ആദ്യ അധ്യായം വായിക്കാം
കേരളത്തിലെ വ്യവസായനഗരമായ എറണാകുളം. എല്ലാ തിരക്കുള്ള നഗരങ്ങളെയുംപോലെത്തന്നെ തിരക്കുള്ള ആളുകള്‍ പാഞ്ഞു. നിറങ്ങള്‍ തിളങ്ങി. ശബ്ദങ്ങള്‍ കലപിലകൂട്ടി. ജീവന്‍ ദ്രുതഗതിയില്‍ മിടിച്ചു. ആകാശത്തേക്കു നോക്കിയാല്‍ ആകാശത്തെക്കാള്‍ കൂടുതല്‍ അപ്പാര്‍ട്ട്‌മെന്റുകള്‍ കാണാം. പഴമക്കാരും അവര്‍ക്കുശേഷം വന്ന ചെറിയ പഴമക്കാരുംകൂടി അവര്‍ക്കും ശേഷം വന്ന ട്രെന്‍ഡുകളെ ന്യൂജനറേഷന്‍ ട്രെന്‍ഡുകള്‍ എന്നും പറഞ്ഞ് അന്ധാളിപ്പോടെ നോക്കിനിന്നു. സമയം പത്തുപത്തര. നല്ല തിരക്കുണ്ടായിരുന്നു. സ്‌കൂള്‍- കോളേജ് വിദ്യാര്‍ഥികള്‍, കുലുക്കിസര്‍ബത്ത് വില്ക്കുന്നതിനടുത്തു നില്ക്കുന്ന ആള്‍ക്കൂട്ടം, ഓട്ടോഡ്രൈവര്‍മാര്‍, പലതരം പ്രോഡക്ടുമായി മാര്‍ക്കറ്റിനിറങ്ങിയവര്‍ (മൊട്ടുസൂചിമുതല്‍ ബി.എം.ഡബ്ല്യൂ. കാര്‍വരെ). അങ്ങനെ കേരളത്തിലങ്ങോളമിങ്ങോളമുള്ള പലരും ആ കൂട്ടത്തിലുണ്ടായിരുന്നു.
ബാനര്‍ജിറോഡില്‍ ഇന്ന് ഒരു പ്രസിദ്ധ മൊബൈല്‍മാളിന്റെ ഉദ്ഘാടനം നടക്കുന്നുണ്ട്. അതിന്റെ തിരക്കുമുണ്ട്. ഒരു സിനിമാനടിയാണ് ഉദ്ഘാടനം ചെയ്യാനായി വരുന്നത്. പലതരം ദൂഷ്യഫലങ്ങള്‍ പറയുന്നതിനൊപ്പം ഏതൊരു സാധാരണക്കാരനും സ്വന്തം അഭിപ്രായം രേഖപ്പെടുത്താനുള്ള അവസരം മൊബൈല്‍ഫോണ്‍ വ്യാപകമായതോടെ സംജാതമായിട്ടുണ്ട്. അതുതന്നെയാണ് ഉദ്ഘാടനത്തോടനുബന്ധിച്ച് ഓഫര്‍വില്പനയ്ക്കായി വെച്ചിരിക്കുന്ന ഫോണിന്റെ പരസ്യമായി കമ്പനി ചൂണ്ടിക്കാണിക്കുന്നതും. മുപ്പതോളം ചെറുപ്പക്കാരെയാണ് അവിടെ ജോലിക്കായി എടുത്തിട്ടുള്ളത്. അധികവും തമിഴന്മാരാണ്. നീലയും ക്രീം കളറുമാണ് അവരുടെ യൂണിഫോം. പത്തു മൊബൈലിന് നേരത്തേ ബുക്കിങ് ഉണ്ടെന്ന് അവിടുന്നു വരുന്ന അനൗണ്‍സ്‌മെന്റില്‍ പറയുന്നു. കലൂര്‍ മെട്രോയുടെ പണി നടന്നുകൊണ്ടിരിക്കുന്നു.
യൂറോപ്യന്മാരുടെ വരവിനു ശേഷമുള്ള കോട്ടകളും കൊട്ടാരങ്ങളും, അവരുടെ വാസ്തുശില്പരീതിയില്‍ നിര്‍മിച്ചിട്ടുള്ള കെട്ടിടങ്ങളും ഇപ്പോഴും ധാരാളം നിലനില്ക്കുന്ന ജില്ലയാണല്ലോ എറണാകുളം. അത് ആ നഗരത്തിന്റെ ഏറ്റവും വലിയ നൊസ്റ്റാള്‍ജിയകൂടിയാണ്. പറഞ്ഞുവന്നത് എറണാകുളത്തിന്റെ ചരിത്രമൊന്നുമല്ല കേട്ടോ. അവിടെയുള്ള കലൂരിനെപ്പറ്റിയുമല്ല.
മാര്‍ച്ചുമാസത്തിലെ കൊടുംവെയിലിലൂടെ നടന്ന്, ഒരു പോസ്റ്റ്മാന്‍ കലൂരിലുള്ള ഒരാള്‍ക്ക് ഒരു കത്തുമായി നടന്നുതുടങ്ങിയതിനെക്കുറിച്ചാണ്. അയാള്‍ ദേശാഭിമാനി സ്റ്റോപ്പിലെത്തിയപ്പോള്‍ സൈക്കിളില്‍നിന്നിറങ്ങി ഒരു സര്‍ബത്ത് കുടിച്ചു. കുടിച്ചുകഴിഞ്ഞിട്ട് ടവ്വലെടുത്ത് മുഖം അമര്‍ത്തിത്തുടച്ചു. ഇതു കൊടുത്തുകഴിഞ്ഞിട്ട് കെ. കെ. റോഡിലും മറ്റും കത്തു കൊടുക്കാനുണ്ട് എന്ന് ഓര്‍ക്കുകയും ചെയ്തു. ആ സ്ഥലത്ത് ആദ്യം വന്ന ഫ്‌ളാറ്റുകളിലൊന്നാണിത്. ഇപ്പോ അധികമെണ്ണത്തിലും താമസക്കാരില്ല. അവിടവിടെ ഇടിഞ്ഞുപൊളിഞ്ഞുകിടക്കുന്നു. പെയിന്റടിച്ചിട്ട് കാലങ്ങളായെന്ന് ഒറ്റനോട്ടത്തിലറിയാം. മഴക്കാലത്ത് ചോര്‍ച്ചയുമുണ്ടാകും.
'എല്ലാംകൂടി ഒരു പ്രേതാലയംതന്നെ,' അയാള്‍ മനസ്സില്‍ കരുതി.
പോകേണ്ടത് നാലാമത്തെ നിലയിലേക്കാണ്. എന്തോ ഭാഗ്യത്തിന് ലിഫ്റ്റ് പ്രവര്‍ത്തിക്കുന്നുണ്ട്. മുന്‍പൊരിക്കല്‍ അയാള്‍ അവിടെ പോയപ്പോള്‍ അത് പ്രവര്‍ത്തനരഹിതമായിരുന്നു. നാല്-സി. പോസ്റ്റ്മാന്‍ ബെല്ലടിച്ചു. ഒരു കൈയാണ് ആദ്യം പുറത്തു വന്നത്.
'കാദംബരിയില്ലേ..?'
'അതെ, കാദംബരിയാണ്.'
മേലാകെ നിറങ്ങള്‍ പുരണ്ടിരിക്കുന്ന മുടി തോളറ്റം വെച്ച് വെട്ടിയിരിക്കുന്ന, ഡ്രസ്സ് പറപറാന്നിരിക്കുന്ന, പത്തിരുപത്തിയഞ്ചു വയസ്സ് തോന്നിക്കുന്ന ഒരു ഇരുനിറക്കാരി സുന്ദരി ഇറങ്ങിവന്നു.
പെട്ടെന്നയാള്‍ക്ക് താനൊരു പുരുഷനാണെന്നും ഇവിടെ ഈ പെണ്‍കുട്ടി തനിച്ചാണെന്നുമുള്ള ചിന്ത സര്‍വസാധാരണമെന്നോണം ഉണ്ടായി. അവളയാളെ അകത്തേക്ക് ക്ഷണിച്ചെങ്കിലോ എന്ന ചിന്ത ദ്രുതഗതിയില്‍ കടന്നുപോയി. കണ്‍തടങ്ങളിലെ ഇരുണ്ട പാടുകള്‍, കണ്ണുകളിലെ തീക്ഷ്ണത- അയാള്‍ ശരിക്ക് കണ്ടു. ആലോചനകളെയൊക്കെ കടിച്ചമര്‍ത്തിക്കൊണ്ട് നമ്മുടെ പോസ്റ്റ്മാന്‍ അകത്തേക്കൊന്ന് ഒളിഞ്ഞുനോക്കി. അംബേദ്കറും ജോണ്‍ എബ്രഹാമുമുണ്ട് ചുമരില്‍. ഒരു സൈഡില്‍ നിറയെ വരച്ചതും വരയ്ക്കാത്തതുമായ കാന്‍വാസുകള്‍.
'ഓ...ചിത്രകാരിയാണല്ലേ?'
'അങ്ങനെയൊന്നുമില്ല. എന്തും ചെയ്യും. നിറങ്ങള്‍കൊണ്ടായാല്‍ സന്തോഷം, അത്രേയുള്ളൂ... എന്താ വന്നത്?'
'ഒരു രജിസ്‌ട്രേഡ് കത്തുണ്ട്.'
'ആരാണെന്റപ്പാ എനിക്ക് ഒരു രജിസ്‌ട്രേഡ് കത്തൊക്കെ അയയ്ക്കാന്‍? തരൂ...നോക്കട്ടെ.'
അവള്‍ കത്തു വാങ്ങി ഫ്രം അഡ്രസ്സിലേക്കു നോക്കി.
ഫ്രം,
അമീറബാനു
കിഴക്കോട്ടുങ്ങല്‍ (ഹൗസ്)
ആലങ്ങാട് (പി.ഒ)
കോഴിക്കോട്.
ആ നിമിഷംമുതല്‍, ജീവിതം മാറുകയാണെന്ന് കാദംബരിക്കു തോന്നി.
അവളുടെ ജീവനിലൂടെ ആയിരം അമ്പുകള്‍ പ്രാണവേദനയോടെ കടന്നുപോയി. ഒരേസമയം, ഒരേ തീവ്രതയോടെ സ്‌നേഹിക്കുകയും വെറുക്കുകയും ചെയ്യുന്ന ഒരുവളുടെ കത്ത്. അവളോടുണ്ടായിരുന്ന സ്‌നേഹത്തിന്റെ ആര്‍ദ്രതയും വെറുപ്പിന്റെ കഠിനതയും ഒരേസമയം ഓപ്പറേഷന്‍ നടത്തി കടന്നുപോയി. ചില കോശങ്ങള്‍ പൊടിഞ്ഞു, ചിലവ എഴുന്നേറ്റുനിന്നു. വാതിലടച്ച് ഒരു നിമിഷം കാദംബരി കണ്ണടച്ചുനിന്നു. പിന്നെ പൊട്ടിപ്പൊട്ടിക്കരഞ്ഞു. പത്തു വര്‍ഷത്തിനുശേഷം അമീറയ്ക്ക് തന്നോടെന്തോ പറയാനുണ്ട്. ഇത്രേം വര്‍ഷത്തെ ആകുലതകള്‍ക്ക് ഇന്ന് ഇവിടെ വിരാമമാകുമോ? അവള്‍ കത്തു തുറന്നു.
'കാദംബരീ, നിനക്കെന്നോട് പിണക്കമാണെന്നറിയാം, ക്ഷമിക്കാനാകില്ലെന്നുമറിയാം. അന്നത്തെ അകല്‍ച്ച മനപ്പൂര്‍വമായിരുന്നില്ല. എനിക്ക് എന്നെത്തന്നെ താങ്ങാനായില്ല. മരിച്ചപോലെ ഞാനും നമ്മുടെ അച്ഛന്റെ കൂടെ ഒരു ശവമായി കിടന്നു കുറെയധികം നാള്‍. ഇത്ര നാള്‍ ബന്ധപ്പെടാതിരുന്നതില്‍ പരിഭവമരുത്. നീ എപ്പോഴും എന്നിലുണ്ടായിരുന്നു എന്ന് നിനക്കുതന്നെ അറിയാമായിരിക്കുമല്ലോ. കാദംബരീ, ഇപ്പോള്‍ എനിക്ക് നിന്നോട് കുറച്ച് കാര്യങ്ങള്‍ പറയാനുണ്ട്. നിന്നോടേ പറയാനുള്ളൂ... പിന്നെ വേറൊരു തരത്തിലുള്ള പരിഭവവും വേണ്ടാട്ടോ. നിന്നെ ഓര്‍ക്കാത്ത ഒരു നിമിഷംപോലും എന്റെ ജീവിതത്തില്‍ ഉണ്ടായിട്ടില്ല. എന്തായാലും ഈ കത്തു കിട്ടിയാലുടന്‍ നീ എന്നെ കാണാന്‍ വരണം. ഞാന്‍ കാത്തിരിക്കും.'
അവള്‍ക്ക് തലചുറ്റി. ബി.പി. കുറഞ്ഞോ കൂടിയോ എന്തൊക്കെയോ സംഭവിച്ചു. ആകാശോം ഭൂമിയും ചന്ദ്രനും കലൂര്‍ മെട്രോയുമെല്ലാം കുതിച്ചോടി, അനേക കിലോമീറ്റര്‍ ദൂരേയുള്ള ആലങ്ങാട് എന്ന ഗ്രാമത്തിലേക്ക്. അവിടെ അവരുണ്ട്.
രണ്ടു ചോരക്കുഞ്ഞുങ്ങള്‍.
രണ്ടു ജട്ടിക്കുട്ടികള്‍...
മഴക്കാലത്ത് തോട്ടിലിട്ട കടലാസുതോണിക്കു പിറകേ പായുന്ന രണ്ടു ബാല്യക്കാര്‍.
മുല മുളച്ചുവരുന്നത് ആശങ്കയോടെ പരസ്പരം തുറന്നുനോക്കിയ രണ്ടുപേര്‍!
അവരെപ്പോലെ മറ്റാര്‍ക്കും പരസ്പരം സ്‌നേഹിക്കാനറിയില്ലെന്നഹങ്കരിച്ച രണ്ടുപേര്‍. ഇങ്ങനെ ഒരായിരംപേര്‍. ആ മുറിയാകെ അമീറമാരെക്കൊണ്ടും കാദംബരിമാരെക്കൊണ്ടും നിറഞ്ഞു. എന്തു ചെയ്യണമെന്നറിയാതെ കാദംബരി മുറി തുറന്ന് പുറത്തേക്കു നോക്കി. ആലങ്ങാട് മറക്കാന്‍വേണ്ടി അവള്‍ കലൂരിന്റെ മുക്കിലേക്കും മൂലയിലേക്കും ചുരുങ്ങിയിറങ്ങി. അപ്പോള്‍ അടുത്ത വീട്ടില്‍നിന്ന് ഒരു പെണ്‍കുട്ടി മലയാളപാഠപുസ്തകം വായിക്കുന്നതായി കേള്‍ക്കാമായിരുന്നു. ഈ അമ്പരപ്പിനിടയിലും കാദംബരി ചെറുതായി പുഞ്ചിരിച്ചു.
'കൃഷി, കുങ്കി, ചേമ്പ്, ചേന, മധുരക്കിഴങ്ങുവള്ളികള്‍, തൂമ്പ, അരിവാള്‍.'
ഈ മക്കള്‍ക്കൊക്കെ ജീവിതത്തിലൊരിക്കലെങ്കിലും ഇതൊക്കെ ഒന്നു കാണാനെങ്കിലുമാകുമോ? ഒരു പത്തിരുപതു വര്‍ഷം പുറകോട്ടു പോയി നോക്കിയാല്‍ രണ്ടു കുട്ടികള്‍ ഒരോലപ്പായയില്‍ അപ്പുറത്തുമിപ്പുറത്തുമിരുന്ന് ഇങ്ങനെ പാടിയും പറഞ്ഞും പഠിച്ചിരുന്നു.
'കൃഷി, കൃഷിക്കാരന്‍, ഓണം, തുമ്പ...'
അപ്പോള്‍ ഒരു കൃഷിക്കാരന്‍ വിയര്‍പ്പൊട്ടിയ ദേഹവുമായി അന്നത്തേക്കുള്ള അന്നവുമായി അവര്‍ക്കരികിലേക്കു നടന്നുവന്നിരുന്നു. സന്തോഷത്തിന്റെ ഒരൊറ്റ ഈറന്‍വിത്തുകൊണ്ട് അയാള്‍ കുടുംബത്തെയാകെ ആഹ്ലാദഭരിതരാക്കാറുണ്ടായിരുന്നു. നട്ടുച്ചവെയില്‍ മരത്തിന്റെ മുകളില്‍ കയറി നിന്നപ്പോള്‍ അവള്‍ക്ക് അച്ഛന്റെ തണല്‍ വേണമെന്നു തോന്നി. അച്ഛന്റെ കൃഷിമോഹങ്ങളായിരുന്നു ചെറുപ്പത്തിലെ ഏറ്റവും വലിയ സമ്പാദ്യം. കൃഷിയും രാഷ്ട്രീയവും. വീട്ടില്‍ എപ്പോഴും അച്ഛന്റെ സുഹൃത്തുക്കള്‍ ആരെങ്കിലുമുണ്ടാകും. അച്ഛന്‍ അവര്‍ക്കു നടുവിലിരുന്ന് ഉച്ചത്തില്‍ നാടന്‍പാട്ട് പാടും. ഇടയ്ക്കിടയ്ക്ക് അമ്മയെ ശല്യപ്പെടുത്താതെ ചുക്കുകാപ്പിയുണ്ടാക്കി എല്ലാര്‍ക്കും കൊടുക്കും. ഓര്‍മകള്‍ തലയിലാകെ തലങ്ങും വിലങ്ങും. നല്ല കട്ടിക്ക് മാറാല കെട്ടിയിരിക്കുന്നു. അതിന്റെയാണ് തലയ്ക്കിത്ര ഭാരം. മണിക്കൂറുകള്‍ അച്ഛന്റെ നാടന്‍പാട്ടുകള്‍ കാതില്‍ മുഴങ്ങിക്കൊണ്ടേയിരിക്കാറുണ്ട് ചിലപ്പോഴൊക്കെ, ഓര്‍മകളോടൊപ്പം.
എന്തെല്ലാം കാര്യങ്ങളുടെ നടുക്കാണ് ഈ കത്ത് കിട്ടിയിരിക്കുന്നത്? എന്തായാലും ഇന്ന് ആ പെയിന്റിങ് എക്‌സിബിഷന്‍ ക്യൂറേറ്റര്‍ മി. രാജ്കുമാറിനെ കാണണം എന്ന് തീരുമാനിച്ചിരുന്നതാണ്. അയാളോടു ചില കാര്യങ്ങള്‍ സംസാരിച്ച് ക്ലിയര്‍ ചെയ്യാനുണ്ട്. രണ്ടുമൂന്നാഴ്ചകൊണ്ട് ആറു പെയിന്റിങ്ങാണ് ചെയ്യാനുള്ളത്. ആ എക്‌സിബിഷനില്‍ എന്‍ട്രി കിട്ടിയപ്പോഴേ പറഞ്ഞതാണ് വാക്കു പറഞ്ഞാല്‍ മാറാന്‍ പറ്റില്ലെന്ന്. അതു മാത്രമല്ല, അനേകവര്‍ഷങ്ങളുടെ കാത്തിരിപ്പിനുശേഷം അവള്‍ ചെയ്യാന്‍പോകുന്ന ആദ്യത്തെ എക്‌സിബിഷനുമാണ്.
സ്വതസ്സിദ്ധമായ ശൈലി മാറ്റി നാട്ടിലെ ബുദ്ധിജീവികളെ തൃപ്തിപ്പെടുത്താന്‍ വേണ്ടിക്കൂടി കാദംബരി വരച്ചുതുടങ്ങിയ സമയമായിരുന്നു അത്. അവള്‍ എന്തു ചെയ്യണമെന്നറിയാതെ നില്ക്കാന്‍ തുടങ്ങിയിട്ടുതന്നെ അരമണിക്കൂറിലേറെയായി. ഒരിക്കല്‍ക്കൂടി അമീറയെന്ന ആബിയെ മണത്തിട്ട് ഒന്നു പുറത്തിറങ്ങാമെന്നുതന്നെ തീരുമാനിച്ചു. തീരുമാനമെടുക്കാനുള്ള കഴിവില്ലായ്മ കാദംബരിയുടെ ജീനിലേ ഉള്ളതായിരുന്നു. ഉയരത്തിലേക്കുള്ള പടവുകള്‍ കയറിത്തുടങ്ങുമ്പോ പെട്ടെന്നവള്‍ താഴേക്കു ചാടും. ചുറ്റുപാടുമുള്ളവരുടെ ഉയര്‍ച്ചാപദ്ധതികളിലേക്ക് അവളൊരിക്കലും ഒന്നൊളിഞ്ഞുനോക്കിയതുപോലുമില്ല. സത്യം, അവള്‍ ആ ഗ്രാഫിനെക്കുറിച്ച് ബോധവതിയേ ആയിരുന്നില്ല.
പിന്നീടു പുറത്തിറങ്ങിയ കാദംബരി, ചവുട്ടിയ ഓരോ ചുവടും വാമനന്‍ അന്ന് ഭൂമിയും ആകാശവും അളന്നതുപോലായിരുന്നു. ഓരോ ചുവടുകൊണ്ടും അവള്‍ ഭൂതകാലത്തിന്റെ അനേകം വര്‍ഷങ്ങള്‍ താണ്ടിക്കൊണ്ടിരുന്നു. പൊടുന്നനേ അവള്‍ക്ക് താന്‍ ഒരു ഗര്‍ത്തത്തിലേക്കു വീണപോലെ തോന്നി. കണ്ണടഞ്ഞുപോയപ്പോള്‍ കാദംബരി പെട്ടെന്നു കരുതിയത് അതു വീടിനു പുറകിലുള്ള പൊട്ടക്കിണറാണെന്നാണ്. കണ്ണുകള്‍ തുറന്ന് എവിടെയെന്നറിയാന്‍ മേലോട്ടു നോക്കിയെങ്കിലും ഒരു ചിത്രകാരിക്കുപോലും മനസ്സിലാകാത്ത രീതിയില്‍ ഇരുട്ടും വെളിച്ചവും ഇടകലര്‍ന്നങ്ങനെ തോന്നിച്ചു, പുറംലോകം.
എനിക്കെന്നപോലെ നിങ്ങള്‍ക്കും മനസ്സിലാകട്ടെ, തുടക്കവും ഒടുക്കവും ഇവിടെത്തന്നെയാണ്. ഈ ആഴമുള്ള ഗര്‍ത്തത്തിന്റെ ഒരറ്റത്ത്.
Content Highlights: Malayalam Novel pigment By Shabna Mariyam Mathrubhumi Books
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..