'ജോണ്‍ ഒരു കൊച്ചുകുഞ്ഞിനെപ്പോലെ റായിസാറിന്റെ കരവലയത്തിലൊതുങ്ങുന്നു, ഏതു രംഗത്തും ജോണ്‍ ജോണ്‍തന്നെ!'


ചൊവ്വല്ലൂര്‍ കൃഷ്ണന്‍കുട്ടി

3 min read
Read later
Print
Share

ഇന്ന് ജോണ്‍ എബ്രഹാമിന്റെ ജന്മദിനം.

ജോൺ ഏബ്രഹാം, സത്യജിത് റായ് | വര: മദനൻ, ഫയൽചിത്രം/മാതൃഭൂമി

പത്രപ്രവര്‍ത്തകനും എഴുത്തുകാരനുമായിരുന്ന ചൊവ്വല്ലൂര്‍ കൃഷ്ണന്‍കുട്ടിയുടെ ഓര്‍മക്കുറിപ്പുകളുടെ സമാഹാരമാണ് ഓര്‍മകളുടെ ഉതിര്‍മണികള്‍. മാതൃഭൂമി ബുക്‌സ് പ്രസിദ്ധീകരിച്ച ഈ പുസ്തകത്തില്‍ നിന്നും ഒരു ഭാഗം വായിക്കാം..

രംഗം ന്യൂഡല്‍ഹി. കാലം 1982, അല്ലെങ്കില്‍ 1983. നല്ല ഓര്‍മയില്ല. അന്തര്‍ദേശീയ ഫിലിം ഫെസ്റ്റിവല്‍ റിപ്പോര്‍ട്ട് ചെയ്യാന്‍, മലയാള മനോരമയുടെ പ്രതിനിധിയായി ഞാന്‍ ഡല്‍ഹിയിലെത്തിയിരിക്കുന്നു. ഡല്‍ഹി എനിക്ക് സുപരിചിതമല്ല, രണ്ടാമത്തെ വരവുമാത്രം. എന്നാല്‍, മനോരമയുടെ ബ്യൂറോ ചീഫ് ആയിരുന്ന ടി.വി.ആര്‍. ഷേണായി എനിക്ക് എല്ലാ അര്‍ഥത്തിലും താങ്ങുംതണലുമായി.
'ഒരുകാര്യത്തിലും ചൊവ്വല്ലൂര്‍ ബുദ്ധിമുട്ടില്ല. എല്ലാം ഞങ്ങളേറ്റു... എന്തുവേണമെങ്കിലും പറഞ്ഞോളൂ... എല്ലാം റെഡി മണി' ഷേണായി ചിരിച്ചു.
ആ ചിരി അന്വര്‍ഥമായിരുന്നു. എന്തു സഹായത്തിനും ഷേണായിയുണ്ട്. കേരളഹൗസില്‍ താമസം, സദാസമയവും കേരളീയഭക്ഷണം സുലഭം. രാവിലെ ഇഡ്ഡലി, ദോശ, വട, സാമ്പാര്‍, ചട്ണി... ഉച്ചയ്ക്ക് തകര്‍പ്പന്‍ ഊണ്, രാത്രി വേണമെങ്കില്‍ ചൂടുകഞ്ഞി, പുഴുക്ക്, കാച്ചിയ പപ്പടം, ഉപ്പിലിട്ടത്...
താമസം പരമസുഖം. പക്ഷേ, സുഖിച്ച് താമസിക്കാനല്ലല്ലോ ഞാന്‍ വന്നിട്ടുള്ളത്. ചലച്ചിത്രോത്സവം 'കവര്‍ ' ചെയ്യേണ്ടേ? അതിനും ഷേണായി ഉപായം കണ്ടെത്തി. എല്ലാ സിനിമയും കാണാന്‍ ആരെക്കൊണ്ടുമാവില്ല. എന്നാല്‍ കണ്ടേതീരൂ എന്ന ഗണത്തില്‍പ്പെടുന്ന ചിത്രങ്ങള്‍ കാണണം.
'ഇതൊക്കെ ഒരു അപൂര്‍വാവസരമാണ്,' ഷേണായി പറഞ്ഞു, 'നമ്മുടെ അരവിന്ദന്‍ ഇവിടെയുണ്ട്. ഞാന്‍ സംസാരിച്ചു. അശോക ഹോട്ടലിലാണ് താമസം. ഔദ്യോഗികപ്രതിനിധി ആയതിനാല്‍ പല സഹായങ്ങളും ചെയ്യാന്‍ കഴിയും. അരവിന്ദനെ ചൊവ്വല്ലൂരിന് പരിചയമില്ലേ?' ഷേണായി ചോദിച്ചു.
'ഉവ്വുവ്വ്... അറിയാം,' ആ പരിചയം വലിയ സഹായമായി. 'കണ്ടേ തീരൂ' എന്ന ഗണത്തില്‍പ്പെട്ട ചില വിദേശചിത്രങ്ങളുടെ പേരും മറ്റു വിശദമായ വിവരങ്ങളുമടങ്ങിയ ഒരു ഫയലും അരവിന്ദന്‍ എനിക്ക് തന്നു.
'നമ്മുടെ പലേ കൂട്ടുകാരും എത്തിയിട്ടുണ്ട്. അടൂര്‍, എം.ടി., ജോണ്‍ ഏബ്രഹാം, കെ.ജി. ജോര്‍ജ്, ഭരതന്‍, പത്മരാജന്‍, മോഹന്‍, ബാലു മഹേന്ദ്ര... പലരുമുണ്ട് എന്തു സഹായം വേണമെങ്കിലും പറഞ്ഞോളൂ.' അരവിന്ദന്‍ ചിരിച്ചു.

ഫിലിം ഫെസ്റ്റിവലിലെ അനുഭവങ്ങളെപ്പറ്റിയല്ല എഴുതുവാന്‍ ഉദ്ദേശിക്കുന്നത്. അവിടെ, ഡര്‍ഹിയില്‍, ആ അന്തര്‍ദേശീയ ചലച്ചിത്രമഹാപ്രതിഭകള്‍ തിങ്ങിനിന്ന സവിശേഷ അന്തരീക്ഷത്തില്‍ പാവം, മലയാളത്തിന്റെ ഒരേയൊരു ജോണ്‍ ഏബ്രഹാം എങ്ങനെ വെട്ടിത്തിളങ്ങി എന്നതിനെപ്പറ്റി മാത്രമാണ്. ടി.വി.ആര്‍. ഷേണായിയുടെ അടുത്ത സുഹൃത്തായിരുന്നു ജോണ്‍ ഏബ്രഹാം ഷേണായി സാറാണ് എനിക്ക് ജോണിനെ പരിചയപ്പെടുത്തിത്തന്നത്. ആ നിമിഷം മുതല്‍ 'അനിയാ, എന്റെ കൂടെ വന്നാട്ടെ' എന്ന സവിശേഷ സൗഹൃദവലയത്തില്‍ ജോണ്‍ എന്നെയും ഉള്‍പ്പെടുത്തി. ദ ഡിബട്ട്, ഡ്വേണ്‍ എന്നീ രണ്ടു ചിത്രങ്ങള്‍ കാണണം എന്ന് അരവിന്ദന്‍ പ്രത്യേകം പറഞ്ഞിരുന്നു. രണ്ടും സെന്‍സര്‍ ചെയ്യാത്ത പടങ്ങളാണ്. തിരക്കു കാണും. നേരത്തേ ഇരിപ്പിടത്തിലെത്തണം.

ഈ വിവരം പറഞ്ഞപ്പോള്‍, ജോണ്‍ ഉറക്കെ ചിരിച്ചു. ഉച്ചത്തില്‍ പറഞ്ഞു: 'രണ്ടും കന്യാചര്‍മം പൊട്ടാത്ത പടങ്ങളാ... നമ്മുടെ കൂട്ടുകാരെല്ലാം കാണും.' അപ്പറഞ്ഞത് നേരായിരുന്നു. ഞാന്‍ ഹാളിലെത്തുമ്പോള്‍ കെ.ജി. ജോര്‍ജ്, ഭരതന്‍, പത്മരാജന്‍, ബാലു മഹേന്ദ്ര, മോഹന്‍ തുടങ്ങിയവരെല്ലാം എത്തിക്കഴിഞ്ഞിരുന്നു. ജോണ്‍ പറഞ്ഞതുപോലെത്തന്നെ, തിരണ്ടു തീണ്ടാരി തുടങ്ങിയിട്ടില്ലാത്ത രണ്ടു നായികമാരുടെ കഥയായിരുന്നു ആ രണ്ടു ചിത്രങ്ങളും. പിന്നീട് ആ രണ്ടു ചിത്രങ്ങളും ആസ്വദിച്ചു കണ്ട നമ്മുടെ (അന്നത്തെ) യുവസംവിധായക പ്രതിഭകളെപ്പറ്റി, അരവിന്ദന്റെ മുറിയില്‍ വെച്ച് ജോണ്‍ പൊട്ടിച്ച ഒരു ഫലിതം ഇപ്പോഴും എന്റെ ഓര്‍മയിലുണ്ട്.

'ആശാനേ, ആ രണ്ടു ചിത്രങ്ങളില്‍ ഏതാണ് ഏറ്റവുമാദ്യം മലയാളത്തില്‍ പുറത്തിറങ്ങുക എന്നേ സംശയമുള്ളൂ. ഇന്റര്‍വെല്‍വരെ കണ്ട്, പുറത്തിറങ്ങി ഉടനടി നാട്ടിലേക്ക് പറന്നവരും ഉണ്ടത്രേ... എനിക്കു വയ്യ എന്റെ കര്‍ത്താവേ...'
മറ്റൊരു രംഗം, അതേ ഫിലിം ഫെസ്റ്റിവലില്‍ ജോണ്‍ ഏബ്രഹാം എന്ന ഏകാന്തപഥികന്‍ എല്ലാവരിലും അദ്ഭുതം പകര്‍ന്നുതന്ന ചില നിമിഷങ്ങളാണ്.

സത്യജിത് റായ് എന്ന കുലപതി നടന്നുവരുമ്പോള്‍ ജോണിനെ കാണുന്നു. ഉടനെ നില്ക്കുന്നു. 'ഹായ് ജോണ്‍' എന്നു പറഞ്ഞ് ജോണിനെ കെട്ടിപ്പിടിക്കുന്നു. 'ഹായ് ഗുരുജി...' ജോണ്‍ ഒരു കൊച്ചുകഞ്ഞിനെപ്പോലെ റായിസാറിന്റെ കരവലയത്തിലൊതുങ്ങുന്നു. അതുപോലെത്തന്നെ, അതിപ്രശസ്തയായ ശബ്‌ന ആസ്മി ജോണിനെ കണ്ടപ്പോള്‍ അടുത്തേക്ക് ഓടിവരുന്നു, ആലിംഗനം ചെയ്യുന്നു, കുശലം പങ്കിടുന്നു... ഏതു രംഗത്തും ജോണ്‍ ജോണ്‍തന്നെ.

പുസ്തകത്തിന്റെ കവര്‍

ഉപസംഹരിക്കുന്നതിനു മുന്‍പ്, ഒരു അപൂര്‍വമുഹൂര്‍ത്തത്തെപ്പറ്റിക്കൂടി എഴുതട്ടെ:
ഫെസ്റ്റിവലിന്റെ ഭാഗമായി, ജോണിന്റെ പത്രസമ്മേളനം. പത്രപ്രതിനിധികളില്‍ ദക്ഷിണേന്ത്യക്കാര്‍ ധാരാളമുണ്ട്. എന്നാല്‍, ഉത്തരേന്ത്യക്കാര്‍ പേരിനുമാത്രം. അദ്ഭുതം തോന്നിയത്, ജോണ്‍ പറയുന്നതു കേള്‍ക്കാന്‍ വന്നവരുടെ കൂട്ടത്തില്‍ ശബ്‌ന ആസ്മിയും ഡയറക്ടര്‍ ബാലചന്ദറും ഉണ്ടായിരുന്നു എന്നതാണ്.
പത്രസമ്മേളനത്തിലുയര്‍ന്ന ചോദ്യങ്ങളില്‍ രണ്ടെണ്ണത്തെപ്പറ്റിമാത്രം പറയട്ടെ:
മലയാളിയല്ലാത്ത ഒരു പത്രപ്രതിനിധിയുടെ മുള്ളും മൂര്‍ച്ചയുമുള്ള ഒരു ചോദ്യം: 'താങ്കളുടെ അഗ്രഹാരത്തില്‍ കഴുത എന്ന ചിത്രം കണ്ടു. അഗ്രഹാരത്തില്‍ ഞാന്‍ എന്നല്ലേ ചിത്രത്തിന് പേരിടേണ്ടിയിരുന്നത്?
വന്നു ജോണിന്റെ മറുപടി. 'എന്നിട്ടുവേണം എന്നേയും താങ്കളേയും കഴുതകളുടെ ആജീവനാന്തശത്രുക്കളാക്കാന്‍ അല്ലേ? കഴുതകള്‍ക്ക് സഹിക്കാനാവുമോ ആ അപമാനം?'

മറ്റൊരു ഉത്തരം കിട്ടും എന്ന് മനസ്സിലുറപ്പിച്ചുകൊണ്ട് ഒരു ഉത്തരേന്ത്യന്‍ പത്രപ്രതിനിധിയുടെ ചോദ്യം:
'ഇന്ത്യയിലെ ഏറ്റവും ഉയര്‍ന്ന ചലച്ചിത്രസംവിധായകന്‍ താങ്കളുടെ അഭിപ്രായത്തില്‍ ആരാണ്?'
വെടിപൊട്ടുംമാതിരി ജോണിന്റെ മറുപടി: 'സംശയമെന്ത്, ജോണ്‍ ഏബ്രഹാം, ഒരേയൊരു ജോണ്‍ ഏബ്രഹാം.'

Content Highlights: Malayalam film director John Abraham birth anniversary, Chowalloor Krishnankutty

അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
pattassa mana

10 min

കുറിയേടത്ത് താത്രി ഇപ്പോഴും കുപ്രസിദ്ധ; കുറ്റക്കാര്‍ വിസ്മൃതരായിട്ടും കാലം നൂറ്റാണ്ട് കടന്നിട്ടും

Aug 10, 2022


Strike

4 min

റെയില്‍വേ യൂണിയനുകളുടെ വളര്‍ച്ചക്ക് ഇന്ത്യന്‍ സ്വാതന്ത്ര്യപ്രസ്ഥാനവുമായി എന്ത് ബന്ധം?

Sep 28, 2023


Art by Madanan

4 min

എന്തുകൊണ്ട് ഒരു ഇന്ത്യന്‍ കുടുംബനിയമത്തിലേക്ക് നടന്നുനീങ്ങാന്‍ നമുക്ക് സാധിക്കാതെപോയി?

Sep 26, 2023


Most Commented