ഒന്ന്
അര്‍ധരാത്രി.
മനുഷ്യമനസ്സുകളെ ഭീതിപ്പെടുത്തുമാറ് കൂരിരുട്ട് സര്‍വത്ര പടര്‍ന്നുപന്തലിച്ചു കിടക്കുന്നു. അങ്ങകലെ, സിനിമാതിയേറ്ററില്‍നിന്നും സെക്കന്‍ഡ് ഷോ കഴിഞ്ഞ് ആളുകള്‍ പൊയ്ക്കഴിഞ്ഞു. മന്‍മാട്ട് റെയില്‍വേസ്റ്റേഷനും പരിസരവും ശബ്ദരഹിതമാണ്. അങ്ങിങ്ങു മുനിഞ്ഞുകത്തുന്ന വൈദ്യുതിവിളക്കുകളുടെ അരിച്ചിറങ്ങുന്ന പ്രകാശധാരയുടെ കീഴില്‍, കുറെ ഭിക്ഷക്കാര്‍ മൂടിപ്പുതച്ചു കിടന്നുറങ്ങുന്നു. പന്ത്രണ്ട് മുപ്പത്തിയഞ്ചിന് എത്തേണ്ട ബോംബെ-ഹൗറാ മെയില്‍ തീവണ്ടിയും കാത്ത് നാലഞ്ചാളുകള്‍ സിമന്റുബെഞ്ചുകളില്‍ കുത്തിയിരുന്നു സിഗററ്റ് വലിക്കുകയോ ചെറുചൂടുള്ള തേയിലവെള്ളം മൊത്തിക്കുടിക്കുകയോ ചെയ്യുന്നു.
മൂടല്‍മഞ്ഞിന്റെ നേര്‍ത്ത പാളികള്‍കൊണ്ട് റെയില്‍വേ സ്റ്റേഷനും പരിസരവും മൂടപ്പെട്ടിരിക്കുന്നു.
ഭോലാപ്രസാദ് കമ്പിളിയുടുപ്പ് നേരേ വലിച്ചിട്ട് മഫ്‌ളര്‍ എടുത്തു തലയില്‍ കെട്ടി തയ്യാറെടുത്തിരുന്നു.
'വണ്ടി വരാനിനി വൈകുകയില്ല,' അയാള്‍ പിറുപിറുത്തു.
'ഈ നശിച്ച ജോലി കാരണം ഒന്നുറങ്ങാന്‍കൂടി നേരം കിട്ടുന്നില്ല.'
അയാള്‍ മെയില്‍ ബാഗുകള്‍ പ്ലാറ്റ്‌ഫോമിനോടു ചേര്‍ത്തിട്ടു. എന്നിട്ടു കീശയാകെ പരിശോധിച്ചു. സിഗററ്റു തീര്‍ന്നിരിക്കുന്നു. ഇനി ഈ പാതിരാനേരത്ത് എവിടെനിന്നു സിഗററ്റ് വാങ്ങാന്‍? കടകളെല്ലാം അടച്ചിട്ട് ഉടമസ്ഥര്‍ വീട്ടില്‍ പോയി ഭാര്യമാരോടൊത്ത് സുഖനിദ്രയിലായിരിക്കും.
കെറ്റിലില്‍ ചായയുമായി നടക്കുന്ന തമിഴന്‍ പയ്യന്റെ കൈയില്‍ ഒരുപക്ഷേ സിഗററ്റു കാണും. അയാള്‍ നടന്നുചെന്ന് സ്റ്റേഷന്‍മാസ്റ്ററുടെ മുറിയുടെ മുന്‍വശത്തു വീഞ്ഞപ്പെട്ടിയിലിരുന്ന് ഉറക്കംതൂങ്ങുന്ന പയ്യനെ തട്ടിവിളിച്ചു: 'എടേ വിനായകം, വിനായകം.'
വിനായകം ഞെട്ടിയുണര്‍ന്നു ചുറ്റും നോക്കി. പിന്നീട് ഉറക്കച്ചടവോടെ ചോദിച്ചു: 'എന്ന വേണം സാര്‍, ചായയാ സിഗറട്ടാ.'
'ഒരു പാക്കറ്റ് സിഗററ്റും ഒരു മാച്ച് ബോക്‌സും കൊടുങ്കോ.'
സിഗററ്റെടുത്ത് കത്തിച്ചപ്പോള്‍ സിഗ്‌നല്‍ കിട്ടി. വണ്ടി സമ്മിറ്റ് സ്റ്റേഷന്‍ വിട്ടിരിക്കുന്നു.
ഭോലാപ്രസാദ് വേഗം വേഗം സിഗററ്റില്‍നിന്നു പുക വലിച്ചെടുത്ത് അന്തരീക്ഷത്തിലേക്കുയര്‍ത്തിവിട്ടു.
നിമിഷങ്ങള്‍ക്കകം ഇരുട്ടിനെ കീറിമുറിച്ചുകൊണ്ട് മെയില്‍വണ്ടി പാഞ്ഞെത്തി. ഭോലാപ്രസാദ് പ്ലാറ്റ്‌ഫോമില്‍ കിടന്നിരുന്ന മെയില്‍ബാഗുകള്‍ വണ്ടിയുടെ മെയില്‍ കംപാര്‍ട്ട്‌മെന്റിലേക്ക് എടുത്തിട്ടു.
വീണ്ടും ട്രെയിന്‍ ചൂളംവിളിച്ചു. നിരങ്ങിനീങ്ങിയപ്പോള്‍ അയാള്‍ ആശ്വസിച്ചു.
'ഹാവൂ... ഇനി കിടന്നുറങ്ങാമല്ലോ.'
പ്ലാറ്റ്‌ഫോമിലൂടെ കിഴക്കോട്ടു നടന്ന് പതിനെട്ടാം നമ്പര്‍ ക്വാര്‍ട്ടറിലേക്കു പോകുമ്പോള്‍ ഭോലാപ്രസാദ് ചിന്തിച്ചു. എന്തൊരു ജീവിതമാണിത്?
രാപകലില്ലാതെയുള്ള ജോലി കഴിഞ്ഞുചെന്നാല്‍ വളരെ നേരത്തേ സ്വയം പാകം ചെയ്തുവെച്ചിട്ടുപോന്ന തണുത്ത ബൂരിയും ഉരുളക്കിഴങ്ങുകറിയും കഴിച്ചു കിടന്നുറങ്ങും. പിറ്റേദിവസം ഉച്ചവരെ വീണ്ടും ജോലി. ഹോ വയ്യ, മടുത്തുകഴിഞ്ഞിരിക്കുന്നു. കിട്ടുന്ന ശമ്പളം ചെലവിനുതന്നെ കഷ്ടിയാണ്. എങ്കിലും അതില്‍നിന്ന് ഒരു തുക മിച്ചം വെച്ച് വീട്ടിലേക്കയയ്ക്കുന്നു. അവിടെ പ്രായംചെന്ന മാതാപിതാക്കന്മാരോടൊപ്പം അഞ്ചു സഹോദരികളും തനിക്കു താഴേ നാലു സഹോദരന്മാരുമുണ്ട്. എല്ലാവരും തന്നെ ആശ്രയിക്കുന്നു. അല്ലെങ്കില്‍ തന്റെ മണിയോര്‍ഡറും കാത്തിരിക്കുന്നു. അപ്പോള്‍പ്പിന്നെ ഉള്ള ജോലിയില്‍ മടുപ്പു തോന്നിയാലുള്ള കഥ പറയണമോ?
ചിരപരിചിതമായ വഴിയില്‍ക്കൂടിയാണു നടന്നുപോകുന്നതെങ്കിലും കട്ടപിടിച്ച ഇരുട്ട് മാര്‍ഗതടസ്സമുണ്ടാക്കുന്നു. ഇടയ്ക്കിടെ ഭോലാപ്രസാദ് തീപ്പെട്ടി ഉരച്ച് അതിന്റെ നൈമിഷികപ്രകാശത്തില്‍ വേഗം നടന്നു.
പ്ലാറ്റ്‌ഫോം വിട്ട് റെയില്‍വേ റോഡിലേക്കു കയറിയപ്പോള്‍ കിഴക്കുനിന്ന് ഒരു വാഹനം അതിവേഗം തനിക്കഭിമുഖമായി വരുന്നതു കണ്ട് ഭോലാപ്രസാദ് വഴിയുടെ ഓരം ചേര്‍ന്നുനിന്നു. ആ വാഹനം ഹെഡ്‌ലൈറ്റില്‍നിന്നു പ്രവഹിപ്പിച്ച ശക്തിയേറിയ പ്രകാശം നിമിഷാര്‍ധംകൊണ്ട് അയാളുടെ കണ്ണുകളുടെ കാഴ്ചയ്ക്കു മങ്ങലേല്പിച്ചുകൊണ്ട് കടന്നുപോയി. എങ്കിലും അയാള്‍ അതു കണ്ടു. കറുത്ത നിറമുള്ള ഒരു അംബാസഡര്‍ കാര്‍. അതിനകത്ത് ഡ്രൈവറെക്കൂടാതെ രണ്ടുമൂന്നു പേര്‍കൂടി ഉണ്ടായിരുന്നിരിക്കണം. കാരണം, വണ്ടി അടുത്തെത്തിയപ്പോള്‍ രണ്ടുമൂന്നാളുകളുടെ ഒപ്പമുള്ള ചിരി കേട്ടു.
ഈ നടുപ്പാതിരാനേരത്ത് ഇത്രയും വേഗതയില്‍ കാറോടിക്കണമോ? ഈ പോക്കിന് അത് എവിടെയെങ്കിലും ഇടിച്ചുതകരും, തീര്‍ച്ച. മരണപ്പാച്ചിലെന്നു പറഞ്ഞുകേട്ടിട്ടേയുള്ളൂ. നിമിഷനേരംകൊണ്ടുണ്ടായ അമ്പരപ്പില്‍നിന്നു മോചിതനായി ഭോലാപ്രസാദ് കാര്‍ പോയ വഴിയേ നോക്കി. അത് അങ്ങകലെ ചുവന്ന കണ്ണുകള്‍ ജ്വലിപ്പിച്ചു നില്ക്കുന്ന റെയില്‍വേ സിഗ്‌നല്‍ പോസ്റ്റും കഴിഞ്ഞ് കണ്ണില്‍നിന്നു മറഞ്ഞു.
മഞ്ഞുതുള്ളികള്‍ വീണുകൊണ്ടിരുന്നു. കമ്പിളിയുടുപ്പിനിടയിലൂടെ തണുപ്പ് അരിച്ചരിച്ച് ദേഹമാസകലം പടര്‍ന്നുകയറിയപ്പോള്‍ അയാള്‍ നടത്തത്തിനു വേഗത കൂട്ടി. എങ്ങനെയെങ്കിലും ക്വാര്‍ട്ടറില്‍ ചെന്നുചേര്‍ന്നാല്‍ ആശ്വാസമായി. സ്റ്റൗ കത്തിച്ച് അല്പം ചുടുചായയുണ്ടാക്കണം. അതിനോടൊപ്പം തണുപ്പു മാറ്റുകയും ചെയ്യാം. പിന്നെ പുതപ്പിനടിയില്‍ ചുരുണ്ടുകൂടി ഉറങ്ങണം, പിറ്റേദിവസം ഉച്ചവരെ.
റെയില്‍വേ സ്റ്റേഷനില്‍നിന്നു നോക്കിയാല്‍ അങ്ങകലെ ഉയര്‍ന്നുനില്ക്കുന്ന കൂറ്റന്‍മല ഭോലാപ്രസാദിന്റെ ചിന്തകളില്‍ കടന്നുവന്നു. പാറക്കെട്ടുകളാലും വന്‍വൃക്ഷങ്ങളാലും നിറഞ്ഞുനില്ക്കുന്ന ആ മലമ്പ്രദേശം പകല്‍പോലും പേടിപ്പെടുത്തുംവിധം ഭീകരരൂപിയാണ്. അതിനു താഴ്‌വരയില്‍ തലയുയര്‍ത്തിനില്ക്കുന്ന കരിമ്പനക്കൂട്ടങ്ങള്‍ ഭീകരതയ്ക്ക് അകമ്പടിസേവിക്കുന്നു. ഭോലാപ്രസാദ് വെറുതേ ആ ഭാഗത്തേക്കു കണ്ണുകള്‍ പായിച്ചു. ഒന്നും കാണാന്‍ വയ്യെങ്കിലും ഇരുട്ട് ആ ഭാഗത്ത് അതിന്റെ ശക്തിപ്രകടനം നടത്തുകയാണെന്നു തോന്നി. ആ മലമ്പ്രദേശത്തിനു ചുറ്റിയൊഴുകുന്ന കാട്ടുപുഴയുടെ കളകളസ്വനം അവിടെ ചുറ്റിപ്പറ്റിനില്ക്കുന്ന ഭീകരതയില്‍ അലിഞ്ഞമര്‍ന്ന് ഇല്ലാതെയാകുന്നു.
മുന്‍പൊക്കെ ആ പ്രദേശം കൊള്ളക്കാരുടെയും കൊലപാതകികളുടെയും വിഹാരരംഗമായിരുന്നു. പക്ഷേ, കാലം മാറിയതോടെ ഒന്നുകില്‍ അവരെയൊക്കെ പോലീസ് വേട്ടയാടി പിടിക്കുകയോ അല്ലെങ്കില്‍ കൊല്ലുകയോ ചെയ്തുകഴിഞ്ഞു. രക്ഷപ്പെട്ടവരുണ്ടെങ്കില്‍ വേറെ താവളം തേടി പോകുകയും ചെയ്തിരിക്കണം. ഇപ്പോള്‍ അവിടെ ഭീകരപ്രവര്‍ത്തനങ്ങളൊന്നും നടക്കുന്നതായി റിപ്പോര്‍ട്ടില്ല. എങ്കിലും ഇന്നും ആളുകള്‍ക്ക് അവിടെ കയറിപ്പറ്റാന്‍ ഭയമാണ്. കാരണം, ഹിംസ്രജന്തുക്കളുടെ വിഹാരരംഗമാണവിടം. റെയില്‍വേ സ്ലീപ്പറുകള്‍ക്കുവേണ്ടി മരം മുറിക്കാന്‍ പോയ നാലു തൊഴിലാളികളില്‍ മൂന്നുപേരെയും കടുവ പിടിച്ചതായി വാര്‍ത്ത കാട്ടുതീപോലെ ആ പ്രദേശമാകെ പടര്‍ന്നുപിടിച്ചിട്ടധികകാലമായില്ല. വേട്ടയാടാനായി ചിലര്‍ ആയുധങ്ങളുമായി പോയെങ്കിലും അവര്‍ക്കൊന്നും ആ കൊടുംകാടിനുള്ളില്‍ കടന്നുപറ്റാന്‍ കഴിഞ്ഞില്ല. നട്ടുച്ചയ്ക്കും കൂരിരുട്ടാണവിടെ. എപ്പോള്‍ ഏതു ഭാഗത്തുനിന്നാണ് ക്രൂരജന്തുക്കളുടെ ആക്രമണം വരിക എന്നറിയില്ല.
പണ്ട് ആ മലമുകളില്‍ ഏതോ ഒരു നാട്ടുരാജാവിന്റെ കൊട്ടാരമുണ്ടായിരുന്നുപോലും! ഭോലാപ്രസാദ് ആ നാട്ടില്‍ ജോലിക്കു വന്നയിടയ്ക്ക് നാട്ടുകാരനില്‍നിന്ന് അറിഞ്ഞ വര്‍ത്തമാനമാണ്. ആ രാജാവ് മരണമടഞ്ഞതോടെ അധികാരത്തിനുവേണ്ടി അദ്ദേഹത്തിന്റെ മക്കള്‍ തമ്മില്‍ തര്‍ക്കമുണ്ടായി. അന്യോന്യം വഴക്കടിച്ച് തമ്മില്‍ത്തല്ലി ഒടുവില്‍ ആ മലമുകളിലുള്ള കൊട്ടാരത്തില്‍വെച്ച് എല്ലാവരും വധിക്കപ്പെട്ടു. 'ഷാലിമാര്‍' എന്നായിരുന്നത്രേ ആ കൊട്ടാരത്തിനുണ്ടായിരുന്ന പേര്. എന്തായാലും അതില്‍പ്പിന്നെ അങ്ങോട്ട് ആരെങ്കിലും പോകുകയോ, അവിടം സ്വാധീനപ്പെടുത്താന്‍ ശ്രമിക്കുകയോ ചെയ്തില്ല. അതിനു കാരണവുമുണ്ട്. അധികാരത്തിനുവേണ്ടിയല്ലാതെ, ഭൂമിക്കുവേണ്ടി അന്നത്തെക്കാലത്ത് ആര്‍ക്കും വഴക്കില്ലായിരുന്നു. ഇന്നത്തെപ്പോലെ ഭൂമിക്കു വിലയില്ലാതിരുന്ന കാലം. അതുകൊണ്ട് ആ പ്രദേശം അങ്ങനെ കാടുപിടിച്ചു കിടന്നു. തലമുറകള്‍കൊണ്ട് അവിടം ഒരു വനപ്രദേശമായി മാറുകയും ചെയ്തു. കറുത്തവാവിന്റെ നാളുകളില്‍ ആ മലമുകളില്‍നിന്നും തീഗോളങ്ങള്‍ ഉയര്‍ന്ന് ആകാശത്തിലേക്കു പോകാറുണ്ടത്രേ!
ഈ കെട്ടുകഥകള്‍ താന്‍ അന്നു വിശ്വസിച്ചുപോയല്ലോ എന്നോര്‍ത്തപ്പോള്‍ ഭോലാപ്രസാദിന്റെ ചുണ്ടില്‍ നേര്‍ത്ത ചിരി പടര്‍ന്നു. അല്ലെങ്കില്‍ത്തന്നെ മനുഷ്യര്‍ക്ക്, ഇല്ലാത്ത കഥകള്‍ പൊടിപ്പും തൊങ്ങലും വെച്ചു പറഞ്ഞുപരത്താന്‍ പ്രത്യേക കഴിവുണ്ടല്ലോ. ഭൂതപ്രേതപിശാചുക്കളുടെ കഥയാണെങ്കില്‍ പറയുകയും വേണ്ട.
ഓ, തന്റെ ക്വാര്‍ട്ടേഴ്‌സിനടുത്തെത്താറായിരിക്കുന്നു. ഭോലാപ്രസാദ് ചുറ്റും നോക്കി. അടുത്തുള്ള എല്ലാ ക്വാര്‍ട്ടേഴ്‌സുകളിലും പരിപൂര്‍ണനിശ്ശബ്ദത. എല്ലാവരും സുഖനിദ്രയില്‍ ലയിച്ചുകിടക്കുന്നു. ചിലര്‍ മധുരസ്വപ്നങ്ങളുടെ തേരുകളില്‍ സഞ്ചരിക്കുകയുമാവാം. മൂന്നാം നമ്പറിലെ മലയാളി റെയില്‍വേ ക്ലാര്‍ക്കിന്റെ പിതാവായ ശങ്കരപ്പിള്ളയാണെന്നു തോന്നുന്നു, ദിഗന്തങ്ങളെ ഭേദിക്കുമാറ് ഉച്ചത്തില്‍ ചുമയ്ക്കുന്നു. ചെമ്പുപാത്രത്തില്‍ ചുറ്റികകൊണ്ടടിക്കുന്നതുപോലെയുള്ള ചിലമ്പിച്ച ശബ്ദം. കുറെ ഏറെ നേരം ചുമച്ചിട്ട് അയാള്‍ കട്ടില്‍ക്കീഴേ വെച്ചിരിക്കുന്ന കോളാമ്പിയിലേക്കു കാര്‍ക്കിച്ചുതുപ്പി.'പാവം,' ഭോലാപ്രസാദ് ഓര്‍ത്തു. ക്ഷയരോഗമാണ്. ഇനി, രക്ഷയില്ലെന്നാണ് ഡോക്ടര്‍ പറഞ്ഞത്. ചുമച്ചുചുമച്ച് ഒരു ദിവസം രക്തം ഛര്‍ദിച്ച് മരിക്കും. റെയില്‍വേ യാര്‍ഡിലെ ഒഴിഞ്ഞ കുറ്റിക്കാടുകള്‍ക്കിടയിലെ ആറടിമണ്ണില്‍ അയാള്‍ അലിഞ്ഞുചേരും. മൃതദേഹം നാട്ടിലേക്കു കൊണ്ടുപോകുമെന്നു തോന്നുന്നില്ല. അതിനുള്ള സാമ്പത്തികശേഷി അയാളുടെ മകനില്ല.
ക്ഷയരോഗിയായ ശങ്കരപ്പിള്ള മരിക്കുന്നതിനു മുന്‍പ് ഇത്രയും കടന്നചിന്ത വേണോ? ഭോലാപ്രസാദ് സ്വയം ചോദിച്ചു. അല്ലെങ്കില്‍ത്തന്നെ തനിക്കിപ്പോള്‍ കാടുകയറിയ ചിന്തയാണ്. ഭാര്യയുള്ളപ്പോള്‍ മറ്റൊന്നും ചിന്തിക്കാനവസരം കിട്ടിയിരുന്നില്ല. അവളെ പ്രസവത്തിനയച്ചിട്ട് രണ്ടാഴ്ചയായി. ഇപ്പോള്‍ ഒറ്റയ്ക്കിരിക്കുമ്പോള്‍ വേണ്ടാത്ത ചിന്തകള്‍. എങ്ങുനിന്നോ കുറുനരികളുടെ ഓരിയിടല്‍. ഭോലാപ്രസാദ് തിരിഞ്ഞുനോക്കി. അങ്ങകലെ സിഗ്‌നല്‍ ലൈറ്റിന്റെ ചുവന്ന മുഖം.
ചാരിയിട്ടിരുന്ന ഗേറ്റു വലിച്ചുതുറന്ന് വീടിനുള്ളിലേക്കു കയറിയ ഭോലാപ്രസാദ്, കീശയില്‍നിന്നു താക്കോലെടുത്ത് വാതില്‍ തുറക്കാനായി ശ്രമിച്ചു. ഇരുട്ടില്‍ താക്കോല്‍ദ്വാരം കണ്ടുപിടിക്കാന്‍ കഴിയാഞ്ഞതുകാണ്ട് അയാള്‍ തീപ്പെട്ടിയില്‍നിന്ന് ഒരു കൊള്ളിയെടുത്ത് ഉരച്ചു.
അയാള്‍ക്കു തന്റെ കണ്ണുകളെ വിശ്വസിക്കാനായില്ല!

വെളുത്ത സാരിയും ബ്ലൗസും ധരിച്ച സുന്ദരിയായ ഒരു യുവതി പനങ്കുലപോലത്തെ മുടിയഴിച്ചിട്ട് കതകില്‍ ചാരിനില്ക്കുന്നു! ഭോലാപ്രസാദിന്റെ കൈകള്‍ വിറച്ചു. കൈയിലിരുന്ന തീപ്പെട്ടിക്കോല്‍ അയാളറിയാതെ താഴേ വീണു.'അയ്യോ,' ഭോലാപ്രസാദ് ഉറക്കെ നിലവിളിക്കാന്‍ ശ്രമിച്ചു. പക്ഷേ, ശബ്ദം പുറത്തേക്കു വന്നില്ല. നാക്കും ചുണ്ടും ഉണങ്ങിവരണ്ടതുപോലെ. നിമിഷങ്ങള്‍കൊണ്ട് അയാള്‍ മരവിച്ചുപോയി.
സര്‍വത്ര ഇരുട്ട്.
എന്തു ചെയ്യണമെന്നറിയാതെ ഭോലാപ്രസാദ് മിഴിച്ചിരുന്നു. അവസാനം ശക്തി മുഴുവന്‍ സംഭരിച്ചുകൊണ്ട് അയാള്‍ വീണ്ടും തീപ്പെട്ടിയുരച്ചു.അപ്പോള്‍ ആ സ്ത്രീരൂപം അയാളുടെ നേരേ നടന്നടുക്കുന്നതായി തോന്നി. സര്‍വശക്തിയും വീണ്ടെടുത്ത് ഭോലാപ്രസാദ് ഇറങ്ങിയോടാന്‍ ശ്രമിച്ചപ്പോഴേക്കും ഒരു പുലിയെപ്പോലെ ആ സ്ത്രീ ഭോലാപ്രസാദിന്റെ മേല്‍ ചാടിവീണു. ഒരു ഞരങ്ങലോടെ അയാള്‍ തറയില്‍ കമഴ്ന്നടിച്ചു വീണു. അയാളുടെ പുറത്ത് ആ യുവതിയും.
Content Highlights: Malayalam detective novel Penguin first chapter