സേഹേർ ഖോദജാരി
അവളുടെ പേര് സേഹേര്‍ ഖോദജാരി. അവളുടെ മാതൃരാജ്യം ഇറാന്‍. ജനിച്ചത് 1990-ല്‍. ഇംഗ്ലീഷിലും കംപ്യൂട്ടര്‍ സയന്‍സിലും ബിരുദം നേടിയവള്‍. ഖോദജാരി ഫുട്‌ബോളിന്റെ ആരാധികയായിരുന്നു. ടെഹ്‌റാന്‍ ആസ്ഥാനമായ ഇസ്‌തെഗ്‌ലാല്‍ എഫ്.സി. എന്ന ഫുട്‌ബോള്‍ ക്ലബ്ബായിരുന്നു അവള്‍ക്കേറ്റവും ഇഷ്ടപ്പെട്ട കാല്‍പ്പന്തുകളിക്ലബ്. ആ ക്ലബ്ബിന്റെ നിറം നീലയായിരുന്നു. അതിനാല്‍ അവള്‍ സാമൂഹികമാധ്യമങ്ങളില്‍ 'നീലനിറമുള്ള പെണ്‍കുട്ടി' (Blue Girl) എന്നറിയപ്പെട്ടു.
ഫുട്‌ബോളില്‍ അങ്ങേയറ്റം ആകൃഷ്ടയായിരുന്ന സേഹേര്‍ 2019 മാര്‍ച്ചില്‍ തന്റെ പ്രിയപ്പെട്ട ക്ലബ്ബായ ഇസ്‌തെഗ്‌ലാലും അല്‍ഫിന്‍ ക്ലബ്ബും തമ്മിലുള്ള മത്സരം നടക്കുന്ന 'ആസാദി സ്റ്റേഡിയ'ത്തില്‍ കയറിപ്പറ്റാന്‍ ശ്രമിച്ചു. 1979-ല്‍ ഖൊമെയ്‌നിയുടെ നേതൃത്വത്തില്‍ 'ഇസ്‌ലാമികവിപ്ലവം' അരങ്ങേറിയ ഇറാനില്‍ സ്ത്രീകള്‍ ഫുട്‌ബോള്‍മത്സരങ്ങള്‍ കാണുന്നതിന് 1981 തൊട്ട് വിലക്കേര്‍പ്പെടുത്തിയിരുന്നു. സുരക്ഷാഭടന്മാര്‍
സേഹേര്‍ ഖോദജാരിയെ പിടികൂടി. 2019 സെപ്റ്റംബര്‍ 2ന് ടെഹ്‌റാനിലെ 'റെവല്യൂഷണറി കോടതി'യില്‍ ഹാജരാവാനും ആസാദി സ്റ്റേഡിയത്തില്‍ 'അതിക്രമിച്ചു കയറി''യതിന് വിശദീകരണം നല്കാനും അവള്‍ ആജ്ഞാപിക്കപ്പെട്ടു. ഹിജാബ് (പര്‍ദ) ധരിക്കാതെ പൊതുസ്ഥലത്ത് പ്രത്യക്ഷപ്പെടുക എന്ന കുറ്റമാണ് അവളില്‍ ചാര്‍ത്തപ്പെട്ടത്. ആറു മാസം തടവുശിക്ഷ ലഭിക്കുമെന്നറിഞ്ഞപ്പോള്‍ ഹതാശ പൂണ്ട ആ യുവതി ദേഹത്ത് പെട്രോളൊഴിച്ച് തീകൊളുത്തി. ഒരാഴ്ചയ്ക്കുശേഷം ആശുപത്രിയില്‍ അവള്‍ മരിച്ചു.
സേഹേറിന്റെ ഏറ്റവും ഇഷ്ടപ്പെട്ട ഫുട്‌ബോള്‍ടീമിന്റെ പേര് ഇസ്‌തെഗ്‌ലാല്‍ എന്നാണെന്ന് മുകളില്‍ പറഞ്ഞിട്ടുണ്ട്. ആ പേര്‍ഷ്യന്‍വാക്കിനര്‍ഥം സ്വാതന്ത്ര്യം എന്നാണ്. ഫുട്‌ബോള്‍മത്സരം കാണാന്‍ അവള്‍ കടന്നുചെന്ന സ്റ്റേഡിയത്തിന്റെ പേര് ആസാദി സ്റ്റേഡിയം എന്നും. ആസാദി എന്ന പദത്തിന്റെ അര്‍ഥവും സ്വാതന്ത്ര്യം എന്നുതന്നെ. പിതൃമേധാവിത്വമൂല്യങ്ങളെ മതമായി കാണുന്ന പുരോഹിതവൃന്ദത്തിന്റെ പെണ്‍വിരുദ്ധസമീപനങ്ങളില്‍നിന്ന് വിമോചനം ആഗ്രഹിച്ച ചെറുപ്പക്കാരിയായിരുന്നു സേഹേര്‍. ഇസ്‌ലാമിക ശരീഅത്തിന്റെ പേരില്‍ സ്ത്രീകളെ ചങ്ങലകളില്‍ ബന്ധിക്കുന്ന പുരുഷമതത്തെ വെല്ലുവിളിക്കാന്‍ ധീരത കാണിച്ചതിന്റെ പേരിലാണ് അവള്‍ പിടികൂടപ്പെടുകയും പിന്നാലെ ആത്മാഹുതിയിലേക്ക് വലിച്ചിഴയ്ക്കപ്പെടുകയും ചെയ്തത്.
സേഹേര്‍ ഖോദജാരിയുടെ ദുരനുഭവം ഒറ്റപ്പെട്ടതല്ല. മതശാസനകളുടെയും അവയുടെ സ്ത്രീവിരുദ്ധവ്യാഖ്യാനങ്ങളുടെയും പേരില്‍ ഇന്ത്യയ്ക്കകത്തും പുറത്തും ഒട്ടേറെ മുസ്‌ലിംസ്ത്രീകള്‍ പലതരത്തില്‍ പീഡിപ്പിക്കപ്പെട്ടിട്ടുണ്ട്. നമ്മുടെ ഉത്തര്‍പ്രദേശിലെ മുസാഫര്‍നഗര്‍ ജില്ലയില്‍ ചര്‍ത്താവല്‍ എന്ന ഗ്രാമത്തില്‍ ഇംറാന എന്ന മുസ്‌ലിംസ്ത്രീയുമായി ബന്ധപ്പെട്ട ബലാത്സംഗക്കേസുണ്ടാകുന്നത് 2005 ജൂണ്‍ 6നാണ്. ഇരുപത്തെട്ടുകാരിയും അഞ്ചു കുട്ടികളുടെ മാതാവുമായ ഇംറാന തന്റെ ഭര്‍ത്താവായ നൂര്‍ ഇലാഹിയുടെ പിതാവ് മുഹമ്മദ് അലിയാല്‍ ബലാത്സംഗം ചെയ്യപ്പെട്ടു. പ്രശ്‌നത്തില്‍ ഇടപെട്ട ദേവ്ബന്ദിലെ ദാറുല്‍ ഉലൂം എന്ന മുസ്‌ലിംമതകേന്ദ്രവും അഖിലേന്ത്യാ മുസ്‌ലിം വ്യക്തിനിയമബോര്‍ഡും വിധിച്ചത് ഭര്‍ത്തൃപിതാവിനാല്‍ മാനഭംഗപ്പെടുത്തപ്പെട്ട ഇംറാനയെ ഭര്‍ത്താവായ നൂര്‍ ഇലാഹി ഇനിയങ്ങോട്ട് മാതാവായി കാണണം എന്നാണ്. അവരുടെ വിവാഹബന്ധം റദ്ദായതായി അവര്‍ വിധിച്ചു. മാനഭംഗം നടത്തിയ ഭര്‍ത്തൃപിതാവിനെയല്ല മാനഭംഗത്തിനിരയായ ഇംറാനയെയാണ് പുരുഷ ഇസ്‌ലാമിന്റെ വക്താക്കളായ ദാറുല്‍ ഉലൂം അധികാരികളും വ്യക്തിനിയമബോര്‍ഡ് കേസരികളും ശിക്ഷിച്ചത്!
2007 നവംബറില്‍ കേരളത്തിലെ മലപ്പുറം ജില്ലയില്‍ നൃത്തം അഭ്യസിച്ചതിന്റെ പേരില്‍ റൂബിയ എന്ന മുസ്‌ലിംപെണ്‍കുട്ടിയും നാടകത്തില്‍ അഭിനയിച്ചതിന്റെ പേരില്‍ അവളുടെ പിതാവ് അലവിയുമടങ്ങുന്ന കുടുംബത്തിന് മഹല്ല് കമ്മറ്റി ഊരുവിലക്ക് ഏര്‍പ്പെടുത്തിയ വാര്‍ത്ത പത്രങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. നൃത്തവും നാടകവുമൊക്കെ ഹറാമാണെന്നും പെണ്‍കുട്ടികള്‍ നൃത്തംചവിട്ടുന്നത് സദാചാരലംഘനത്തിന് വഴിവെക്കുമെന്നുമുള്ള പിഴച്ച ബോധത്താല്‍ നയിക്കപ്പെടുന്ന പുരോഹിതരാണ് റൂബിയയ്ക്കും കുടുംബത്തിനും നേരേ അന്നു വാളോങ്ങിയത്.
നേരത്തേ പരാമര്‍ശിച്ച ദേവ്ബന്ദിലെ ദാറുല്‍ ഉലൂം 2010 മേയില്‍ മറ്റൊരു സ്ത്രീവിരുദ്ധ ഫത്‌വയുമായി രംഗത്തു വന്നിരുന്നു. മുസ്‌ലിംസ്ത്രീകള്‍ സര്‍ക്കാര്‍, സ്വകാര്യ സ്ഥാപനങ്ങളില്‍ ജോലി ചെയ്യരുതെന്ന് നിഷ്‌കര്‍ഷിക്കുന്നതായിരുന്നു ഫത്‌വ. സ്ത്രീകള്‍ സമ്പാദിക്കുന്ന പണം ഹറാമും ശരീഅത്ത് നിയമങ്ങള്‍ക്ക് നിരക്കാത്തതുമാണെന്നത്രേ ദാറുല്‍ ഉലൂം അതിന്റെ മതവിധിയില്‍ പറഞ്ഞത്. പുരുഷന്മാരും സ്ത്രീകളും ഒന്നിച്ച് ജോലി ചെയ്യുന്ന തൊഴിലിടങ്ങള്‍ മുസ്‌ലിംസ്ത്രീകള്‍ക്ക് വിലക്കപ്പെട്ടതാണെന്നുകൂടി മൂന്നംഗ പുരോഹിതസംഘം പുറപ്പെടുവിച്ച ഫത്‌വയില്‍ ചൂണ്ടിക്കാട്ടുകയുണ്ടായി. (മാതൃഭൂമി, മേയ് 5, 2010).
വടക്കുപടിഞ്ഞാറന്‍ പാകിസ്താനില്‍ സ്വാത് താഴ്‌വരയിലെ മിംഗോറ എന്ന പ്രദേശത്തുള്ള സ്‌കൂളില്‍ പഠിച്ചുകൊണ്ടിരുന്ന മലാല യൂസഫ്‌സായ് എന്ന പെണ്‍കുട്ടിയും ഒപ്പമുണ്ടായിരുന്ന മറ്റു രണ്ടു പെണ്‍കുട്ടികളും താലിബാന്‍ തീവ്രവാദികളുടെ ക്രൂരമായ ആക്രമണത്തിനും വെടിവെപ്പിനും ഇരയായത് 2012 ഒക്‌ടോബര്‍ 9 നാണ്. പെണ്‍കുട്ടികളുടെ വിദ്യാഭ്യാസാവകാശത്തിനും പഠനസ്വാതന്ത്ര്യത്തിനുംവേണ്ടി ശബ്ദമുയര്‍ത്തി എന്നതിന്റെ പേരിലായിരുന്നു മലാല യൂസഫ്‌സായ് മാരകമാം വിധം ആക്രമിക്കപ്പെട്ടത്. സ്വാത് താഴ്‌വരയിലെ താലിബാന്‍ കിങ്കരന്മാരുടെ അധീശത്വത്തിന് കീഴിലുള്ളവരുടെ ജീവിതത്തെക്കുറിച്ചും പെണ്‍കുട്ടികള്‍ക്ക് വിദ്യാഭ്യാസം നിഷേധിക്കുന്നതിനെക്കുറിച്ചും മലാല ഡയറിയെഴുതിയിരുന്നു. ഇതില്‍ പ്രകോപിതരായാണ് 14 വയസ്സുകാരിയായ ആ പെണ്‍കുട്ടിക്കു നേരേ മതതീവ്രവാദികള്‍ അന്നു വെടിയുതിര്‍ത്തത്.
പതിനഞ്ചു വയസ്സുള്ള നഹീദ് അഫ്രീന്‍ എന്ന മുസ്‌ലിം പെണ്‍കുട്ടി അസമില്‍ മതപൗരോഹിത്യത്തിന്റെ തലതിരിഞ്ഞ ഫത്‌വയ്ക്കു വിധേയയായത് 2017 മാര്‍ച്ചില്‍. ടെലിവിഷന്‍ റിയാലിറ്റി ഷോയില്‍ ഗാനമത്സരത്തില്‍ പങ്കെടുത്ത അഫ്രീന് 2015തൊട്ടേ മതയാഥാസ്ഥിതികരുടെ എതിര്‍പ്പും ഭീഷണിയും നേരിടേണ്ടിവന്നിരുന്നു. സംഗീതം പാപമാണ് എന്നും അതില്‍ ഏര്‍പ്പെടരുത് എന്നും വിലക്കുകയായിരുന്നു മുസ്‌ലിംമതനേതാക്കള്‍. ആട്ടവും പാട്ടുമൊക്കെ ആണ്‍കുട്ടികള്‍ നടത്തിക്കൊള്ളട്ടെ, പെണ്‍കുട്ടികള്‍ അവയിലെല്ലാം ഏര്‍പ്പെടുമ്പോള്‍ സമൂഹത്തില്‍ ലൈംഗിക അരാജകത്വം പടരുമെന്ന കാഴ്ചപ്പാടായിരുന്നു നഹീദ് അഫ്രീനെതിരേയുള്ള വിലക്കിനു പിന്നില്‍.
2018 ജനുവരി 30ന് ഇന്തോനേഷ്യയിലും ഇറാനിലും ശിരോവസ്ത്രവുമായി ബന്ധപ്പെട്ട് രണ്ടു സംഭവങ്ങളുണ്ടായി. ശിരോവസ്ത്രം ധരിക്കാത്തതിന്റെ പേരില്‍ നര്‍ഗീസ് ഹുസൈനി എന്ന സ്ത്രീ ഇറാന്റെ തലസ്ഥാനമായ ടെഹ്‌റാനില്‍ അറസ്റ്റ് ചെയ്യപ്പെടുകയും തടവിലിടപ്പെടുകയും ചെയ്തു. അഞ്ചു ബില്യണ്‍ റിയാലിന്റെ (1,10,000 ഡോളറിന്റെ) ജാമ്യത്തുകയിലാണ് അവരെ പുറത്തുവിട്ടത്. ഇന്തോനേഷ്യയിലാകട്ടെ ശരീഅത്ത് നിയമം നടപ്പുള്ള അസേഹ് പ്രവിശ്യയില്‍ കാലുകുത്തുന്ന, രാജ്യത്തിനകത്തും പുറത്തുമുള്ള വിമാനജീവനക്കാരായ എല്ലാ മുസ്‌ലിംസ്ത്രീ
കളും ശിരോവസ്ത്രം ധരിക്കണമെന്ന ചട്ടം 2018 ജനുവരി 30ന് നിലവില്‍ വന്നു. ശിരോവസ്ത്രം ധരിക്കാത്തവര്‍ ശിക്ഷിക്കപ്പെടുമെന്ന് അധികൃതര്‍ വ്യക്തമാക്കുകയും ചെയ്തു. (ദി ഹിന്ദു, ജനുവരി 31, 2018)
ശിരോവസ്ത്രം, സംഗീതം, നൃത്തം, സ്‌പോര്‍ട്‌സ്, സ്ത്രീപുരുഷന്മാര്‍ ഒരുമിച്ച് ജോലി ചെയ്യുന്ന തൊഴിലിടങ്ങളിലെ സാന്നിധ്യം, പെണ്‍വിദ്യാഭ്യാസം എന്നീ വിഷയങ്ങളുടെ പേരിലെന്നപോലെ രാഷ്ട്രീയപ്രവര്‍ത്തനത്തിന്റെ പേരിലും മതയാഥാസ്ഥിതികര്‍ സ്ത്രീകളെ ദ്രോഹിക്കുക മാത്രമല്ല വധിക്കുകപോലും ചെയ്ത സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതു കാണാം. 2007 ഫെബ്രുവരി 20ന് പാകിസ്താനിലെ പഞ്ചാബില്‍ ഗുലാം സാര്‍വര്‍ എന്ന മതയാഥാസ്ഥിതികന്‍ സിലേ ഹുമാ എന്ന വനിതാമന്ത്രിയെ പൊതുസ്ഥലത്ത് ജനങ്ങളുടെ മുന്‍പില്‍വെച്ച് കൊലപ്പെടുത്തിയത് ഒന്നാം അധ്യായത്തില്‍ സൂചിപ്പിച്ചിട്ടുണ്ട്.
സ്ത്രീകളുടെ സാമൂഹികചലനങ്ങളില്‍ 'ഇസ്‌ലാംവിരുദ്ധത' ആരോപിച്ച് അവരെ തല്ലാനും കൊല്ലാനും ഊരുവിലക്കാനും ഇറങ്ങിപ്പുറപ്പെടുന്നവര്‍ ഇസ്‌ലാംമതത്തെ പുരുഷാനുകൂലമായി വ്യാഖ്യാനിച്ച മതപൗരോഹിത്യത്തിന്റെ ഉത്പന്നങ്ങളാണ്. ലിംഗസമത്വം, ലിംഗനീതി എന്നീ ആശയങ്ങള്‍ തങ്ങളുടെ മതത്തിനും അതിന്റെ സംസ്‌കാരത്തിനും നിയമവ്യവസ്ഥയ്ക്കും എതിരാണെന്നും അടിച്ചമര്‍ത്തപ്പെട്ട സ്ത്രീത്വമാണ് സദാചാരത്തിന്റെയും ധാര്‍മികതയുടെയും മുന്നുപാധി എന്നുമുള്ള തലതിരിഞ്ഞ വീക്ഷണത്തിന് അടിപ്പെട്ട 'ഇസ്‌ലാമികപണ്ഡിതരി'ല്‍നിന്നും അവരുടെ അനുയായിക്കൂട്ടങ്ങളില്‍നിന്നും ഇസ്‌ലാംമതം വിമോചിപ്പിക്കപ്പടേണ്ടതുണ്ട്. എങ്കില്‍ മാത്രമേ വേദപുസ്തകവും പ്രവാചകമൊഴികളും മുന്‍പില്‍ വെച്ചുകൊണ്ട് മതാന്ധര്‍ പ്രചരിപ്പിക്കുന്ന പെണ്‍വിരുദ്ധതയ്ക്കും അതിക്രമങ്ങള്‍ക്കും അറുതി വരൂ.
മാതൃഭൂമി ബുക്‌സ് പ്രസിദ്ധീകരിച്ച പര്‍ദയുടെ രാഷ്ട്രീയം എന്ന പുസ്തകത്തില്‍ നിന്നും
Content Highlights: Malayalam Book Parda Mathrubhumi Books Hameed Chennamangaloor


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..