കേരളത്തിലെ സിനിമാപ്രദര്‍ശനം ആദ്യം കാണാന്‍ അവസരം ലഭിക്കുന്നത് കോഴിക്കോട്ടുകാര്‍ക്കാണ്. 107 വര്‍ഷങ്ങള്‍ക്കു മുന്‍പ് 1905-ല്‍ ഒരോണക്കാലത്താണ് അതിനുള്ള സാഹചര്യമുണ്ടായത്. ഫ്രാന്‍സിലെ ലൂമിയര്‍ സഹോദരന്മാര്‍ 'ചലനചിത്രങ്ങള്‍' നിര്‍മിച്ചു പ്രദര്‍ശനം തുടങ്ങി പത്തുവര്‍ഷം പിന്നിടുമ്പോഴാണ് ഇതു സംഭവിക്കുന്നത്. കോഴിക്കോട്ട് മുതലക്കുളം മൈതാനത്തില്‍ വൃത്താകൃതിയില്‍ തയ്യാറാക്കിയ തുണികൊണ്ടുള്ള ഒരു ടെന്റില്‍വെച്ചായിരുന്നു ഈ പ്രദര്‍ശനം. 

ലോകാദ്ഭുതങ്ങളിലൊന്നായി അക്കാലത്ത് വിശേഷിപ്പിച്ചിരുന്ന ചലച്ചിത്രങ്ങള്‍ കേരളത്തിലാദ്യമായി കൊണ്ടുവന്നതും പ്രദര്‍ശനത്തിനൊരുക്കിയതും കോയമ്പത്തൂര്‍ സ്വദേശി പോള്‍ വിന്‍സെന്റായിരുന്നു. ഒറ്റത്തൂണില്‍ വൃത്താകൃതിയില്‍ സര്‍ക്കസ് ടെന്റുപോലെ തുണികൊണ്ട് നിര്‍മിച്ച പോള്‍ വിന്‍സെന്റിന്റെ പ്രദര്‍ശനശാലയില്‍ പരമാവധി ഇരുപത്തിയഞ്ച് പേര്‍ക്കിരുന്ന് സിനിമ കാണാനുള്ള സൗകര്യം മാത്രമാണുണ്ടായിരുന്നത്.

നടുവിലുള്ള തൂണിനോട് ചേര്‍ത്തുവെച്ചിട്ടുള്ള മായാദീപപ്രദര്‍ശനപേടകത്തില്‍നിന്ന് കൈകൊണ്ട് തിരിച്ചാണ് അതിനെതിര്‍ദിശയില്‍ വലിച്ചുകെട്ടിയിരുന്ന വെള്ളത്തുണിയില്‍ ലൈംലൈറ്റിന്റെ സഹായത്തോടെ പ്രതിഫലിപ്പിച്ചിരുന്നത്. ഒരു ചെടി വളര്‍ന്ന് വലുതായി പൂക്കളും കായ്കളും ആകുന്നതിന്റെയും ഒരു തീവണ്ടി ഓടിവരുന്നതിന്റെയും ഒരു കുതിരപ്പന്തയത്തിന്റെയും ഒരു തടിയനും തടിച്ചിയും ഒന്നിച്ച് തമാശമട്ടില്‍ ഓടുന്നതിന്റെയും പുരപ്പുറത്തേക്ക് ഒരു പൂച്ച ചാടിക്കയറി നിലത്തേക്ക് വീണ്ടും ചാടിയിറങ്ങുന്നതിന്റെയും ഉള്‍പ്പടെ അഞ്ചു ചിത്രങ്ങളാണ് പോള്‍ വിന്‍സെന്റ് അന്ന് പ്രദര്‍ശിപ്പിച്ചിരുന്നത്. ഇതില്‍ തീവണ്ടി ഓടിവരുന്ന ചിത്രം കണ്ട് ചില കാണികള്‍ പുറത്തേക്ക് ഓടിയിരുന്നുവത്രേ. 

ഒറ്റവാതില്‍ മാത്രമുണ്ടായിരുന്ന കൂടാരത്തിനകത്ത് ഇരിപ്പിട സൗകര്യങ്ങളൊന്നുമുണ്ടായിരുന്നില്ല. കാണാന്‍ വരുന്നവര്‍ അകത്തേക്കു കയറുമ്പോള്‍ വാതില്ക്കല്‍ നിന്നായിരുന്നു പ്രദര്‍ശനം. നാലണയായിരുന്നു ടിക്കറ്റുനിരക്ക്. പ്രദര്‍ശനസമയം ഓരോ ചിത്രത്തിനും അഞ്ചു മിനിട്ടായിരുന്നു. അയ്യഞ്ച് മിനിട്ട് പ്രദര്‍ശനത്തിനുള്ള ഇടവേളകളില്‍ വിരസതയകറ്റാന്‍ ഒരു പെണ്‍കുട്ടിയെക്കൊണ്ട് നൃത്തം കാണിച്ച് കാണികളെ രസിപ്പിക്കുകയും ചെയ്തിരുന്നു. ഇത്തരം പ്രകടനങ്ങളെ കോഴിക്കോട്ടുകാര്‍ 'കളികള്‍' എന്നാണ് വിളിച്ചിരുന്നത്. 

പിന്നീട് സിനിമാപ്രദര്‍ശനത്തിന് സിനിമാക്കളികള്‍ എന്ന് പേരു വരാനും ഇത് ഇടയായി. ഈ ചിത്രങ്ങളെല്ലാംകൂടി മുക്കാല്‍ മണിക്കൂര്‍കൊണ്ട് അവസാനിക്കുമായിരുന്നു. ഈ അപൂര്‍വപ്രദര്‍ശനം കാണാന്‍ ഈടാക്കിയിരുന്ന നാലണ അക്കാലത്ത് ഒരു വലിയ തുകതന്നെയായിരുന്നതിനാല്‍ സാധാരണക്കാര്‍ക്ക് പ്രദര്‍ശനം കാണുക അപ്രാപ്യമായിരുന്നു. കോയമ്പത്തൂര്‍ക്കാരനായ പോള്‍ വിന്‍സെന്റ് ഒരു മെക്കാനിക്കായിട്ടാണ് ബോംബെയിലെത്തുന്നത്. അവിടെവെച്ച് ഇന്ത്യയിലാദ്യമായി ചലിക്കുന്ന ചിത്രപ്രദര്‍ശനമാരംഭിച്ച മനേക് ഡി സേത്‌നയുടെ മായാദീപപ്രദര്‍ശനം കാണാനിടയായി. 

സിനിമയുടെ ആകര്‍ഷണവലയത്തില്‍പ്പെട്ട പോള്‍ ജോലി രാജിവെച്ച് സേത്‌നയുടെ സഹായിയായി ഒപ്പം കൂടി. ഫ്രാന്‍സില്‍നിന്ന് ഒരു മായാദീപപ്രദര്‍ശനപേടകവും അഞ്ചു ചിത്രങ്ങളും വിലയ്ക്കു വാങ്ങി തെക്കേയിന്ത്യയിലാദ്യമായി മദിരാശിയിലെ ഫോര്‍ട്ട് സെയ്ന്റ് ജോര്‍ജ് പ്രദേശത്ത് പോള്‍ മായാദീപപ്രദര്‍ശനമാരംഭിച്ചു. അവിടെ വെച്ച് ഈ പ്രദര്‍ശനം കാണാനിടയായ ചില സഹൃദയരായ കോഴിക്കോട്ടുകാരുടെ ക്ഷണം സ്വീകരിച്ച് 1905- ലെ ഓണക്കാലത്ത് മായാദീപപ്രദര്‍ശനയന്ത്രങ്ങളും ടെന്റുമായി തീവണ്ടിമാര്‍ഗം പോള്‍ കോഴിക്കോട്ടെത്തി. തുടര്‍ച്ചയായ മഴകാരണം നാലു ദിവസം മാത്രമേ പ്രദര്‍ശനം നടത്തുവാന്‍ കഴിഞ്ഞുള്ളൂ. പിന്നീടദ്ദേഹം മംഗലാപുരം വഴി മൈസൂരിലേക്ക് തന്റെ സിനിമാപ്രദര്‍ശനവുമായി നീങ്ങി. ഇതാണ് മലയാളികളുടെ ആദ്യ സിനിമാനുഭവം.

മലയാളത്തിലെ ആദ്യകാല സിനിമാസംരംഭങ്ങള്‍ക്കെല്ലാം തുടക്കം തിരുവിതാംകൂറിലാണ്. നാടകകലാരംഗത്ത് ഉണ്ടായിരുന്നവരില്‍ ഏറിയകൂറും അവിടത്തുകാര്‍തന്നെയായിരുന്നു. മലയാളത്തില്‍ സിനിമാനിര്‍മാണം തുടങ്ങിയപ്പോള്‍ അതില്‍ അഭിനയിച്ച നടീനടന്മാരില്‍ ഭൂരിപക്ഷവും നാടക മേഖലയില്‍നിന്നുള്ളവരായിരുന്നു.  തമിഴ് സംഗീത നാടക സംഘങ്ങളുടെ വരവോടെയാണ് കേരളത്തില്‍ നാടകക്കമ്പമുണ്ടായത്. അവര്‍ പിന്‍വാങ്ങിയപ്പോള്‍ മലയാളത്തിലുണ്ടായ സംഗീതനാടകങ്ങള്‍ക്ക് വമ്പിച്ച പ്രദര്‍ശനവിജയം കൈവരിക്കാനായി. നാടകക്കമ്പം വളര്‍ന്ന് അത് കച്ചവടമായി, കിടമത്സരങ്ങള്‍ക്കുള്ള വേദിയുമായി. മുപ്പതുകളില്‍ തമിഴ്, തെലുങ്ക്, ഹിന്ദി സിനിമകളാണ് കേരളത്തിലെ തിയേറ്ററുകളെ സജീവമാക്കിയിരുന്നത്. 

malayala cinema pinnitta vazhikalസിനിമകളില്ലാത്ത അവസരങ്ങളില്‍ ഈ തിയേറ്ററുകളില്‍ നാടകങ്ങള്‍ കളിച്ചാണ് സിനിമാക്കൊട്ടകകള്‍ അതിജീവിച്ചിരുന്നത്. മലയാളത്തില്‍ ആദ്യം നിര്‍മിച്ച രണ്ടു ചിത്രങ്ങളും തിരുവിതാംകൂറിലാണ് നിര്‍മിക്കപ്പെട്ടത്. അപ്രതീക്ഷിത തിരിച്ചടികള്‍ നേരിട്ട ഈ സിനിമകള്‍ കാണാന്‍ ഏതാനും സിനിമാപ്രേമികള്‍ക്ക് മാത്രമാണ് അവസരം ലഭിച്ചത്. 

ഇങ്ങനെ രണ്ടു സിനിമകള്‍ മലയാളത്തില്‍ നിര്‍മിക്കപ്പെട്ടതിനെക്കുറിച്ചോ ആ സിനിമകള്‍ നേരിട്ട പ്രതിസന്ധിയെക്കുറിച്ചോ കേരളത്തിലെ പൊതുസമൂഹത്തിന് അക്കാലത്ത് പ്രത്യേക ധാരണയൊന്നും ഇല്ലായിരുന്നു. അക്കാലത്തെ പത്രമാസികകളൊന്നും ഇതൊരു വലിയ സംഭവമായി കണക്കിലെടുത്തിട്ടില്ലെന്ന് വേണം കരുതാന്‍. ആദ്യ മലയാളചിത്രം വിഗതകുമാരന്റെ ആദ്യപ്രദര്‍ശനം നടന്ന തീയതിയെക്കുറിച്ചുപോലും വിവാദമുണ്ടാകാനും യോജിച്ചൊരഭിപ്രായത്തിലെത്താന്‍ സാധിക്കാതെ വരാനും ഇടയായത് ഈ മാധ്യമ സമീപനംമൂലമാണ്. 

ഒന്നും എവിടെയും വ്യക്തമായി രേഖപ്പെടുത്താത്തതിനാല്‍ സാഹചര്യങ്ങളുടെയും കിട്ടാവുന്ന തെളിവുകളുടെയും അടിസ്ഥാനത്തില്‍ ഒരു തീരുമാനത്തിലെത്തുക മാത്രമേ നിര്‍വാഹമുള്ളൂ. മലയാളസിനിമ സംസാരിക്കാന്‍ തുടങ്ങുന്ന ഘട്ടമെത്തിയപ്പോഴേക്കും സ്ഥിതിഗതികള്‍ ആകെ മാറി. ആദ്യത്തെ മലയാളത്തിലെ ചലനചിത്രം ബാലന്‍ നിര്‍മിക്കാന്‍ തുടങ്ങിയപ്പോള്‍ത്തന്നെ അത് സംബന്ധിച്ച പരസ്യങ്ങള്‍ മലയാളമാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ടുതുടങ്ങി. മലബാറില്‍നിന്നും തിരുക്കൊച്ചിയില്‍നിന്നും തിരുവിതാംകൂറില്‍നിന്നും പ്രസിദ്ധപ്പെടുത്തുന്ന പത്രങ്ങളില്‍ ഇതു സംബന്ധിച്ച പരസ്യങ്ങള്‍ ഇടയ്ക്കിടെ വരാന്‍ തുടങ്ങി. ഇത്തരത്തിലുള്ള ഒരു മാര്‍ക്കറ്റിങ്ങിനെക്കുറിച്ച് വിഗതകുമാരന്റെയോ മാര്‍ത്താണ്ഡവര്‍മയുടെയോ നിര്‍മാതാക്കള്‍ ചിന്തിച്ചിരുന്നില്ല. 

എം. ജയരാജിന്റെ മലയാള സിനിമ പിന്നിട്ട വഴികള്‍ എന്ന പുസ്തകം വാങ്ങാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ബാലന്‍ റിലീസ് ചെയ്യുന്നതിനു മുന്‍പുതന്നെ ചിത്രം ജനങ്ങള്‍ക്കിടയില്‍ സംസാരവിഷയമായി. ഈ സിനിമയെക്കുറിച്ചുള്ള ആദ്യ പരസ്യം മാധ്യമങ്ങളില്‍ പ്രസിദ്ധം ചെയ്യുന്നത് 1937-ല്‍ ആയിരുന്നു. 'വേഗം വരുന്നു ആദ്യത്തെ മലയാള സ്‌പെഷ്യല്‍ പടം ബാലന്‍' എന്നായിരുന്നു പരസ്യവാചകം. ഇംഗ്ലീഷിലും മലയാളത്തിലുമായിട്ടായിരുന്നു പരസ്യം. 'ദി മോഡേണ്‍ തിയേറ്റേഴ്സ് സേലം' ആണ് ചിത്രത്തിന്റെ നിര്‍മാതാക്കള്‍ എന്ന് പരസ്യം വെളിപ്പെടുത്തുന്നുണ്ടെങ്കിലും താരങ്ങളെക്കുറിച്ചോ അണിയറപ്രവര്‍ത്തകരെക്കുറിച്ചോ വിവരങ്ങളൊന്നും അറിയിക്കുന്നില്ല (1937 സപ്തംബര്‍ 26- ന് മാതൃഭൂമി). 

എന്നാല്‍ പിന്നീട് വന്ന പരസ്യത്തില്‍ സംവിധായകന്റെ പേര് നല്കുന്നുണ്ട്. 'Directed by S. Notani.' കൂടാതെ, സിനിമയിലെ ചില 'സ്റ്റില്‍സും' അതില്‍ ഉള്‍പ്പെടുത്തിയിരുന്നു. (1937 ഡിസംബര്‍ 3, മാതൃഭൂമി) അതേ മാസം വന്ന മറ്റൊരു പരസ്യം കൗതുകകരമായിരുന്നു. ഒരു ബാലതാരത്തിന്റെ ഫോട്ടോയോടൊപ്പം പ്രസിദ്ധരായ നടന്മാരുമായി ഈ ചെറുബാലന്‍ ബാലന്‍ എന്ന പടത്തില്‍ അഭിനയിക്കുന്നു എന്നായിരുന്നു ഈ പരസ്യത്തിനു നല്കിയ തലക്കെട്ട്. മദനഗോപാല്‍, മലബാറിലെ ഒന്‍പത് വയസ്സു മാത്രമുള്ള പൊന്മണിത്താരം എന്നാണ് ഈ ബാലതാരത്തിന് നല്കിയ വിശേഷണം. പരസ്യങ്ങളിലെല്ലാം 'മലയാളത്തിലെ ആദ്യത്തെ ചലനചിത്രം ബാലന്‍' എന്ന് ഹൈലൈറ്റ് ചെയ്യുന്നുണ്ട്.

1938 ജനവരി 19- ന് മലബാറില്‍ കോഴിക്കോട് ക്രൗണ്‍ തിയേറ്ററിലാണ് ബാലന്‍ റിലീസ് ചെയ്തത്. ചിത്രത്തിന്റെ റിലീസിനോടനുബന്ധിച്ച് തിയേറ്ററില്‍ വിപുലമായ ഉദ്ഘാടനച്ചടങ്ങ് സംഘടിപ്പിച്ചിരുന്നു. ബാലന്റെ ഉദ്ഘാടനച്ചടങ്ങുകള്‍ വന്‍പ്രാധാന്യത്തോടെയാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. 'ഇന്നലെ വൈകുന്നേരം ആറര മണിക്ക് സേലം തിയേറ്ററില്‍വെച്ചഭിനയിച്ചെടുത്ത മലയാളത്തിലെ ഒന്നാമത്തെ ചലച്ചിത്രപ്പടമായ ബാലന്‍ ഇവിടെ ക്രൗണ്‍ തിയേറ്ററില്‍ ഒന്നാമതായി പ്രദര്‍ശിപ്പിക്കപ്പെടുകയുണ്ടായി.

( എം. ജയരാജിന്റെ മലയാള സിനിമ പിന്നിട്ട വഴികള്‍ എന്ന പുസ്തകത്തില്‍ നിന്നും )

Content highlights : balan malayalam movie, first malayalam sound movie, malayala cinema pinnitta vazhikal