പുസ്തകത്തിന്റെ കവർ, എൻ.എ. നസീർ | ഫോട്ടോ: മാതൃഭൂമി
'വലിയൊരു മലമ്പാമ്പ് ഇഴഞ്ഞ അടയാളമാണ്...'
മുന്‍പിലെ മണ്ണില്‍ പാമ്പിഴഞ്ഞ ചിത്രരേഖയിലേക്ക് നോക്കിനില്ക്കുമ്പോള്‍ ചന്ദ്രന്‍ പറഞ്ഞു. ജീപ്പ് ഏര്‍പ്പാട് ചെയ്യുവാനൊക്കെ നോക്കിയതാണ് അയാള്‍. ഞാനത് വിലക്കുകയായിരുന്നു. വാഹനത്തില്‍ പോയി തിരിച്ചുവരുന്ന ഒരു യാത്രയാക്കി മാറ്റിയാല്‍ ഇപ്പോള്‍ പാദങ്ങള്‍ വയ്ക്കുന്ന ഓരോ ഇഞ്ച് ഇടങ്ങളെക്കുറിച്ചും എന്തനുഭവിക്കുവാനൊക്കും? അല്ലെങ്കിലും ഇത്തരം ഒരു നടത്തത്തിനായി മനസ്സും ശരീരവും കാത്തുനില്ക്കുകയായിരുന്നു. കൂട്ടങ്ങള്‍ക്കൊപ്പം വനാന്തരങ്ങളിലേക്കും പര്‍വതങ്ങളിലേക്കും പ്രവേശിക്കുന്നതില്‍നിന്നും ഈ സഞ്ചാരങ്ങള്‍ സൂക്ഷ്മവും ഗൗരവമേറിയതുമായ നിരീക്ഷണങ്ങളിലേക്ക് കൂട്ടിക്കൊണ്ടുപോകുന്നു. അത് കാഴ്ചസൗഭാഗ്യങ്ങളുടെയും ശ്രവണമാധുര്യങ്ങളുടെയും നവ സുഗന്ധങ്ങളുടെയും മായാജാലകങ്ങള്‍ തുറന്നിടുന്നു. ഷഡ്പദങ്ങള്‍മുതല്‍ ആനകളെവരെ അനുഭവിച്ചറിയുവാനുതകുന്ന ചുവടുവെപ്പുകള്‍. കാടിന്റെ ജൈവവൈവിധ്യങ്ങളും വര്‍ണഭേദങ്ങളും അടങ്ങിയ സൗന്ദര്യപൂര്‍ണത ആന്തരിക ഊര്‍ജത്തെ ജ്വലിപ്പിക്കുന്നു.
'യാനകൂട്ടമാ ഇറുക്കെ... പാത്ത് പോങ്കേ...'
പവര്‍ ഹൗസിന് താഴെ ബസ്സിറങ്ങുമ്പോള്‍ കണ്ടക്ടര്‍ പറഞ്ഞതും ഓര്‍മിച്ചു. അല്ലെങ്കിലും മണ്ണാര്‍ക്കാടുനിന്നും മുള്ളി, മഞ്ചൂര്‍ വഴി നീലഗിരിയിലേക്കു നീളുന്ന ആ മലമ്പാതയുടെ യഥാര്‍ഥ ഉടമസ്ഥര്‍ ആനകള്‍തന്നെ. അതുവഴി കടന്നുപോകുമ്പോഴൊക്കെ അവയെ കണ്ടിട്ടുമുണ്ട്. പവര്‍ഹൗസില്‍നിന്ന് ചോര്‍ന്നൊലിക്കുന്ന പുഴയാണ് ലക്ഷ്യം. ജലപാനങ്ങളാലും ജലക്രീഡകളാലും ആനകളവിടെ ആഘോഷമാക്കും. കാടിനു നടുവിലെവിടെയോ തമിഴ്നാടിന്റെ ഇലക്ട്രിസിറ്റി ബോഡ് വക ഒരു പഴയ കെട്ടിടമുണ്ടെന്നും അവിടം വന്യജീവികളുടെ വിഹാരഭൂമിയാണെന്നും അറിഞ്ഞപ്പോള്‍ മുതല്‍ മനസ്സവിടെ എത്തിയിരുന്നു. ഊട്ടിയിലെ ഒരു സുഹൃത്താണ് അതിനുള്ള ഏര്‍പ്പാടുകള്‍ ചെയ്തതും ചന്ദ്രനെ വഴികാട്ടിയായി പരിചയപ്പെടുത്തിയതും. മഞ്ചൂരിനടുത്താണ് ചന്ദ്രന്റെ വീട്. രക്തത്തില്‍ പഴയ നായാട്ടുചരിത്രംകൂടിയുണ്ട് അയാള്‍ക്ക്. അതുകൊണ്ട് ആ വനപ്രദേശമാകെ കൈരേഖപോലെയാണ്.
റോഡില്‍നിന്നും കാട്ടിലേക്കു കയറുമ്പോള്‍ ആനക്കൂട്ടങ്ങളുടെ സാന്നിധ്യം കണ്ടിരുന്നു. കഴിഞ്ഞ നാളുകളില്‍ മഴ പെയ്തതുകൊണ്ട് ചെറിയ കുഴികളിലും പാറയിടുക്കുകളിലും ജലം ഊറിനിന്നു. നനഞ്ഞ മണ്ണില്‍ മലമ്പാമ്പ് ഇഴഞ്ഞതു കൂടാതെ കരടിയുടെയും മുള്ളന്‍പന്നിയുടെയും കാട്ടുനായ്ക്കളുടെയും കാലടയാളങ്ങളും കിടന്നിരുന്നു. ഇളംവെയിലില്‍ വട്ടംചുറ്റുന്ന തുമ്പികളും പാറിക്കളിക്കുന്ന പൂമ്പാറ്റകളും മുള്‍ച്ചെടികളും മരങ്ങളും നിറഞ്ഞ വനാന്തര്‍ഭാഗം. ഉപയോഗശൂന്യമായൊരു ജീപ്പുപാതയായിരുന്നു അത്. വര്‍ഷത്തില്‍ എന്നെങ്കിലും ആഘോഷിക്കുവാനെത്തുന്ന ഉദ്യോഗസ്ഥരോ അവരുടെ സുഹൃത്തുക്കളോ മാത്രമാണ് അവിടെ എത്തുക എന്നും അപ്പോഴാണ് പാതയിലെ പൊന്തകള്‍ വെട്ടിമാറ്റുന്നതൊക്കെ എന്നും ചന്ദ്രന്‍ പറഞ്ഞു.
'ആനക്കൂട്ടം വരുന്നപോലെ...'
ചന്ദ്രന്‍ ചുറ്റിനും നോക്കി. അവയുടെ ഗന്ധം കുറച്ചുമുന്‍പേ എന്നെ തൊട്ടിരുന്നു. പക്ഷേ, ആനക്കൂട്ടം മറ്റൊരു ദിശയിലൂടെയാണ് സഞ്ചരിക്കുന്നതെന്ന് തിരിച്ചറിഞ്ഞിരുന്നു. അക്കാര്യം പരിഭ്രമിച്ചുനില്ക്കുന്ന ചന്ദ്രനോട് സൂചിപ്പിച്ചപ്പോള്‍ അയാള്‍ സംശയദൃഷ്ടിയോടെ മുഖത്ത് നോക്കി. ഞാന്‍ ക്യാമറാബാഗില്‍നിന്നും കരുതിയിരുന്ന രണ്ടുമൂന്ന് ഫോട്ടോഗ്രാഫുകള്‍ അയാള്‍ക്കു നേരെ നീട്ടി. അവിശ്വസനീയമായ ഭാവത്തോടെ അയാളത് നോക്കിക്കാണുകയും കരടികളുടെയും കടുവയുടെയും ചിത്രങ്ങളിലേക്കും എന്റെ മുഖത്തേക്കും മാറിമാറി നോക്കുകയും ചെയ്തു.

സാധാരണ ഇത്തരം വനസഞ്ചാരങ്ങളില്‍ പരിചിതരല്ലാത്ത വഴികാട്ടികള്‍ക്കൊപ്പം നടക്കുമ്പോള്‍ കുറച്ചു ചിത്രങ്ങള്‍ കരുതാറുണ്ട്. അല്ലെങ്കില്‍ അവര്‍ വന്യജീവികളുടെ ആക്രമണകഥകള്‍ വഴിനീളെ പറഞ്ഞ് നമ്മെ ബോറടിപ്പിച്ചുകളയും. ചിത്രങ്ങള്‍ ഒത്തിരി സംസാരിക്കുകയും കാണുന്നവരെ നിശ്ശബ്ദരാക്കുകയും ചെയ്യും. പക്ഷികളുടെ വിവിധ രാഗങ്ങളിലുള്ള ആലാപനങ്ങള്‍ സഞ്ചാരത്തിലുടനീളം കേള്‍ക്കാമായിരുന്നു. തേടിക്കൊണ്ടിരിക്കുന്ന ഏതൊക്കെയോ പക്ഷിപ്പാട്ടുകള്‍ അവയ്ക്കിടയില്‍നിന്നും വേര്‍തിരിച്ചെടുക്കുവാന്‍ ശ്രമിച്ചുനോക്കി. അപ്പുറത്തെ പര്‍വതങ്ങള്‍ താണ്ടി എത്തുന്ന കാറ്റിന് നേര്‍ത്ത തണുപ്പ്. എങ്കിലും വെയില്‍ കഠിനമാകുകയായിരുന്നു. നിലത്തേക്ക് പറന്നിറങ്ങിയ ഒരു കൂട്ടം പൂത്താങ്കീരിപ്പക്ഷികള്‍ തറയില്‍നിന്നും എന്തൊക്കെയോ കൊത്തിയെടുത്ത് തൊട്ടരികിലെ വള്ളിപ്പടര്‍പ്പുകളിലേക്കു പറന്നു. പിന്നെ അവിടം അവയുടെ ചിലയ്ക്കലാല്‍ മുഖരിതമായി.
മരത്തണലുകള്‍ക്ക് ചുവട്ടില്‍ വിശ്രമിക്കുമ്പോള്‍ ചന്ദ്രന്‍ ചുമലിലെ കെട്ടഴിച്ച് പഴംവെച്ചുനീട്ടി. രണ്ടു ദിവസത്തേക്കുള്ള ആഹാരസാധനങ്ങള്‍ അയാള്‍ മഞ്ചൂരില്‍നിന്നും വാങ്ങിവെച്ചിരുന്നു. വെള്ളം അവിടെ അടുത്ത് കാണും എന്നു പറഞ്ഞിരുന്നു. ഇനി ചെറിയൊരു കയറ്റം കയറിക്കഴിഞ്ഞാല്‍ അടുത്ത ഇറക്കത്തില്‍ എത്തേണ്ട സ്ഥലമായി. മയിലിന്റെ ശബ്ദം അവിടമാകെ മുഴങ്ങി. കയറ്റം കയറുമ്പോള്‍ തല ഉയര്‍ത്തിനില്ക്കുന്ന ഒരു മാന്‍. അത് തെല്ലിട അതേ നില തുടര്‍ന്നതും മൂക്ക് വിടര്‍ത്തി ഗന്ധം തിരിച്ചറിയുന്നതും ഞാന്‍ ശ്രദ്ധിച്ചു. പിന്നീടത് ഒറ്റക്കുതിപ്പിന് പിന്തിരിഞ്ഞോടി. അപ്പോള്‍ മയില്‍ വീണ്ടും ശബ്ദിച്ചു.
കയറ്റം കഴിഞ്ഞപ്പോള്‍ അടുത്തായി ആ പഴയ കെട്ടിടം കണ്ടു. ചെറിയ ഒരു കിടങ്ങ് അതിന് ചുറ്റും. അത് പലഭാഗത്തും തൂര്‍ന്നുപോയിരിക്കുന്നു. കെട്ടിടത്തിന്റെ മുന്നിലെ വരാന്തയില്‍ കരടിക്കാഷ്ഠം യഥേഷ്ടമുണ്ടായിരുന്നു. ചന്ദ്രന്‍ പോക്കറ്റില്‍നിന്നും താക്കോല്‍ എടുത്ത് മുന്നിലെ താഴ് തുറന്നു. അകത്ത് ചെറിയൊരു ഹാള്‍. രണ്ട് മുറി. ഒരു പാചകമുറിയും. കതകുകളൊക്കെ ഭദ്രമായി അടഞ്ഞുകിടന്നതുകൊണ്ട് മുറികളൊക്കെ വലിയ പൊടിപടലങ്ങളില്ലാതെ കാണപ്പെട്ടു. ബാഗ് ഇറക്കിവെച്ച് പുറത്തേക്കിറങ്ങി കുറച്ച് പച്ചിലത്തൂപ്പുകള്‍ എടുത്ത് മുറികളൊക്കെ അടിച്ചുവൃത്തിയാക്കി. ചന്ദ്രന്‍ വെള്ളമെടുക്കുവാനായി പുറത്തേക്കുപോയി. ആ കെട്ടിടത്തിനു പുറത്ത് കാട്ടുപോത്തിന്റെയും പുള്ളിപ്പുലിയുടെയും കാല്പാടുകള്‍ ഉണ്ടായിരുന്നു. രണ്ടുമൂന്നുദിവസമായി ആനക്കൂട്ടമൊന്നും അങ്ങോട്ട് വന്നിട്ടില്ല എന്നും തിരിച്ചറിഞ്ഞു.
അല്പസമയംകൊണ്ട് ചന്ദ്രന്‍ ഉണ്ടാക്കിത്തന്ന കട്ടന്‍ചായയും ബിസ്‌കറ്റും കഴിച്ച് ക്യാമറയുമായി പുറത്തിറങ്ങി. പെട്ടെന്നാണ് മുന്നിലൂടെ ഒരു പക്ഷി താണുപറന്ന് തൊട്ടപ്പുറത്തെ കുറ്റിച്ചെടികള്‍ക്കിടയില്‍ മറഞ്ഞത്. നല്ല പരിചയമുള്ള ചലനങ്ങള്‍. ഓര്‍മകളില്‍ കുയില്‍വര്‍ഗ പക്ഷികളുടെ പേരുകള്‍ മാറിമാറി വരുന്നു. വളരെ കരുതലോടെ മെല്ലെ അങ്ങോട്ട് അടുത്തു. ഇത്തരം പക്ഷികള്‍ അടുത്തയിടത്തേക്ക് പറക്കണമെങ്കില്‍ മുകളിലേക്കോ വശങ്ങളിലേക്കോ ശിഖരങ്ങളില്‍ കയറിവന്നിട്ടായിരിക്കും പറക്കുക. അല്ലെങ്കില്‍ തറയില്‍ ഇറങ്ങി ആഹാരം തേടുന്നവയാണെങ്കില്‍ അവിടെനിന്നുമായിരിക്കും പറന്നകലുക. ആ കുറ്റിച്ചെടികളിലെ ചലനം നിരീക്ഷിച്ചപ്പോള്‍ പക്ഷി മുകളിലേക്കു വരികയാണെന്ന് മനസ്സിലായി. പക്ഷേ, അത് വീണ്ടും താഴേക്ക് പോകുന്നതാണ് കണ്ടത്. അടുത്തനിമിഷം തറയിലിറങ്ങി അത് എന്തോ തിരയുന്നതിനിടയില്‍ ചെടികള്‍ക്കിടയില്‍നിന്നും ശിരസ്സൊന്ന് ഉയര്‍ത്തി.
കള്ളിക്കുയില്‍ (Sirkeer malkoha). നമ്മുടെ വനങ്ങളില്‍നിന്നും പെട്ടെന്ന് കണ്ടെത്തുവാന്‍ പ്രയാസമുണ്ടവയെ. ചിന്നാര്‍ വന്യജീവിസങ്കേതത്തില്‍നിന്നും 1997-ലെ ഒരു യാത്രയ്ക്കിടയിലാണ് ഇവയെ കണ്ടിട്ടുള്ളത്. പിന്നീട് മസിനഗുടി (മുതുമല കടുവസങ്കേതം) യില്‍നിന്നും ഫിലിം ക്യാമറയില്‍ 2000- ത്തില്‍ രണ്ടുമൂന്ന് ചിത്രങ്ങള്‍ എടുക്കുവാനായി. അതേ വര്‍ഷംതന്നെ ചിന്നാറില്‍നിന്നും ഇവയുടെ ചിത്രങ്ങള്‍ പകര്‍ത്തുവാനും ആയി. ചെറിപ്പഴത്തിന്റെ നിറംപോലെയുള്ള ചുകന്ന ചുണ്ട് ഇവയുടെ പ്രത്യേകതയാണ്. കുയില്‍ വര്‍ഗത്തില്‍പ്പെട്ട കള്ളിക്കുയില്‍ അങ്ങനെ ശബ്ദിക്കുന്നത് അധികം കേള്‍ക്കാറില്ല. അധികവും താഴ്ന്ന് പറക്കുന്ന ഇവ ഉയരംകൂടിയ വന്‍വൃക്ഷങ്ങളെക്കാള്‍ കാട്ടുപൊന്തകളെയാണ് ഇഷ്ടപ്പെടുന്നത്.
ഇതേ വര്‍ഗത്തില്‍പ്പെട്ടതാണ് 'പച്ചച്ചുണ്ടന്‍ കുയിലും (Blue faced Malkoha) പേരുപോലെത്തന്നെയാണ് വര്‍ണവും. ഇവയെയും ചിന്നാര്‍ വനങ്ങളില്‍നിന്നും പറമ്പികുളത്തുനിന്നുമൊക്കെ ലഭിച്ചിട്ടുണ്ട്. അവിടെനിന്നും കുറെക്കൂടി മുന്നോട്ടുനടന്നു. ചിത്രശലഭങ്ങള്‍ പല വര്‍ണങ്ങളില്‍ അവിടമാകെ പാറിക്കളിക്കുകയായിരുന്നു. അവ തളിരിലകളും പൂക്കളും പ്രജനനത്തിനുള്ള സസ്യങ്ങളുംതേടിയും ഇളംവെയില്‍ കാഞ്ഞും വര്‍ണങ്ങള്‍ വിതറിയപോലെ. മെഹസലൃചിത്രശലഭങ്ങളിലെ രണ്ടുപേരെ അവിടെ കണ്ടു. ചിത്രശലഭക്കൂട്ടങ്ങളെ വിട്ട് വീണ്ടും മുന്നോട്ട് നീങ്ങുമ്പോള്‍ ഒരു കീരിക്കുടുംബം. രണ്ട് ചെറുകീരികളും ഒരു വലിയ കീരിയും. അവ തിരക്കിട്ട് ഓരോ ചെറുചെടികളിലൊക്കെ പക്ഷിക്കൂട്ടിലെ മുട്ടകളെയും കുഞ്ഞുങ്ങളെയും തിരയുകയായിരുന്നു. തറയില്‍ പറ്റിച്ചേര്‍ന്നുകിടന്നുകൊണ്ട് ക്യാമറ അവയുടെ നേരെതിരിച്ചു. അപ്പോള്‍ പിന്നില്‍നിന്നും എന്തൊക്കെയൊ ഞെരിഞ്ഞമരുന്ന ശബ്ദങ്ങള്‍. കീരികള്‍ പെട്ടെന്ന് അപ്രത്യക്ഷരായി. ഞാന്‍ തിരക്കിട്ട് എഴുന്നേല്‍ക്കാതെ ശരീരം ശബ്ദങ്ങള്‍ കേട്ട വശത്തേക്ക് തിരിച്ചു. കാട്ടില്‍ മനുഷ്യന്റെ തിരക്കേറിയ ഓരോ ചലനങ്ങളും അവിടത്തെ ജീവികളെ അസ്വസ്ഥരാക്കും. നമ്മള്‍ ആ ആവാസവ്യവസ്ഥയുടെ ഭാഗമായിത്തീരുകയാണ് വേണ്ടത്.
കരടിയാണ്!
അത് മുള്‍ക്കാടുകള്‍ക്കിടയില്‍നിന്നും തന്റെ ഇരുണ്ട ശിരസ്സ് പുറത്തേക്ക് നീട്ടി. പിന്നീട് ശരീരം പൂര്‍ണമായും എനിക്ക് ദൃശ്യമാകുന്ന വിധത്തിലും. ആ കണ്ണുകളിലെ നിഷ്‌കളങ്കതയും മുഖത്തെ നിസ്സംഗതയും എത്രയോവട്ടം ഏതെല്ലാം കാടുകളിലാണ് കാണുവാനായിട്ടുള്ളത്. തറയില്‍ പതിഞ്ഞുകിടക്കുന്ന എന്നെ അത് മറ്റൊരു അദ്ഭുതജീവിയെ എന്നവണ്ണം കുറച്ചുസമയം നോക്കിനിന്നു. ഞാനപ്പോള്‍ ക്യാമറചലിപ്പിച്ചതേയില്ല. ഉറഞ്ഞുപോയ ഒരു ശിലകണക്കേ കിടന്നു. ഞൊടിയിടകൊണ്ട് കരടിക്ക് അരികിലെത്താം. എനിക്ക് മാറിപ്പോകുവാന്‍പോലും സാവകാശം നല്‍കാതെ. ഞങ്ങള്‍ അന്യോന്യം ഇമവെട്ടാതെ നോക്കി. ആ നിശ്ശബ്ദതയെ ഭഞ്ജിക്കുവാനായി അടുത്തെവിടെയോ ഒരു മയില്‍ശബ്ദമുയര്‍ന്നു. എന്തെന്നില്ലാത്ത ആഹ്ലാദമല്ലാതെ മനസ്സില്‍ അപ്പോഴൊന്നും തോന്നിയില്ല. കാട് ഒരു സ്വപ്നംപോലെ.... ഇലകളുടെ മൃദുവായ മര്‍മരം.

പൂമ്പാറ്റകളുടെ ചിറകടിനാദം. മണ്ണിരകള്‍ ഭൂമിയുടെ നനഞ്ഞ ഇടങ്ങളിലേക്ക് ഊര്‍ന്നിറങ്ങുന്ന സീല്‍ക്കാരം. വേരുകള്‍ ജലനിബിഡതയെ തേടിപ്പോകുന്ന മണ്ണിരമ്പലുകള്‍. ശതകോടി മനുഷ്യകുലത്തിലേക്ക് തിരിച്ചുപോകുവാനുള്ള വിമുഖത... കരടി മറ്റൊരു ദിശയിലേക്ക് നടന്നകന്നു. ഇത്തരം മുഹൂര്‍ത്തങ്ങളിലൂടെ കടന്നുപോകുമ്പോള്‍ ലഭ്യമാകുന്ന പ്രശാന്തതയെയായിരിക്കാം ജപ്പാനിലെയും മറ്റും സെന്‍ ഗുരുക്കന്‍മാര്‍ ചിലപ്പോള്‍ വനധ്യാനം, വനസ്നാനം എന്നൊക്കെ വിളിച്ചുപോരുന്നത്. 1982-ലാണ് ജപ്പാനില്‍ അത്തരം ചികിത്സാരീതികള്‍ ഫലപ്രദമായി ജനങ്ങള്‍ക്കിടയില്‍ വന്നത്. കണ്ണും കാതും തുറന്ന് കാടിന്റെ നിറങ്ങളെയും ശബ്ദങ്ങളെയുമൊക്കെ അനുഭവിച്ചറിയുക. വൃക്ഷക്കൂട്ടങ്ങള്‍ക്കിടയിലിരുന്നു ദീര്‍ഘമായ ശ്വാസോച്ഛ്വാസങ്ങളില്‍ മുഴുകുക.
ഇതൊക്കെ മാനസികമായും ശാരീരികമായും രോഗപ്രതിരോധ ജീനുകളെ ശക്തിപ്പെടുത്തുന്നതാണെന്നൊക്കെ അവിടെ പഠനനിരീക്ഷണങ്ങള്‍ തെളിയിക്കുന്നുണ്ട്. Forest bathing ജപ്പാനില്‍ നാല്പത്തിയെട്ട് ചികിത്സാരീതികളായി ഇപ്പോള്‍ പ്രചാരത്തിലുണ്ട്. 'കാട്ടിലാകുന്ന ഓരോ നിമിഷവും തുറന്ന മനസ്സോടെ കാടായിത്തീരുക' ഇതെല്ലായിപ്പോഴും സംഭവിച്ചുകൊണ്ടിരിക്കുകയാണ്. അപ്പോള്‍ കരടിയും കടുവയും പുഴുവും പുല്ലും നമ്മെ സ്നേഹത്തോടെ സ്വീകരിക്കുന്നത് അനുഭവിക്കുവാനാകും. ആ നിമിഷങ്ങള്‍ നല്‍കുന്ന ആഹ്ലാദവും പ്രശാന്തതയുമൊക്കെ എങ്ങനെയാണ് വിവരിക്കുക...
സൂര്യന്‍ മലകള്‍ക്കു പിന്നില്‍ ചാഞ്ഞിറങ്ങുമ്പോഴേക്കും ആ പഴയ കെട്ടിടത്തില്‍ തിരികെ എത്തി. ചന്ദ്രന്‍ അരിയും ഉരുളക്കിഴങ്ങും മറ്റേതൊക്കെയോ വെജിറ്റബിള്‍സും അരിഞ്ഞിട്ട് ഒരു പുഴുക്ക് ഉണ്ടാക്കിയിരുന്നു. ആ സന്ധ്യയില്‍ നിശബ്ദമായ വനമധ്യേ വരാന്തയിലെ ചവിട്ടുകല്ലില്‍ ഇരുന്ന് അത് കോരിക്കുടിക്കുമ്പോള്‍ മനസ്സ് വീണ്ടും മായക്കാഴ്ചകളിലേക്ക് മാറിപ്പോകുന്നു. ഇരുളില്‍ മേഞ്ഞുവരുന്ന കാട്ടുപോത്തിന്‍കൂട്ടം അവ്യക്തമായ ശബ്ദങ്ങളാലും രൂപങ്ങളാലും സാന്നിധ്യമറിയിക്കുന്നു. തണുത്തകാറ്റ് വീണ്ടും വീശുവാന്‍ ആരംഭിച്ചു. പര്‍വതമടക്കുകളിലെവിടെയോ മഴ സാന്നിധ്യം അറിയിച്ചിട്ടുണ്ട്. സ്ലീപ്പിങ് ബാഗിലേക്ക് ചുരുണ്ടുകൂടുമ്പോള്‍ അകമേയും പുറമേയും കാട് ദീപ്തമാകുകയായിരുന്നു.'
(എന്‍.എ. നസീറിന്റെ 'മലമുഴക്കി' എന്ന പുസ്തകത്തില്‍നിന്ന്)
Content Highlights: Malamuzhakki book, Books excerpt, N.A. Naseer, Mathrubhumi books


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..