'ഏറനാട്ടിലെവിടെയോ ലഹളയുണ്ടായിട്ടുണ്ട്, പട്ടാളക്കാര്‍ വളരെ ആളുകളെ വെടിവെച്ചു കൊന്നു'


തോക്കിന്റെ അലര്‍ച്ചയും മുറിവേറ്റവരുടെ രോദനവും ആളുകളുടെ അമ്പരപ്പും ഭയാക്രാന്തരായവരുടെ പരക്കംപാച്ചിലും ആ സ്ഥലത്തെ ചെറിയൊരു യുദ്ധക്കളമാക്കി മാറ്റി. പട്ടാളക്കാരുടെ കൊടുംചതി കണ്ടു കുപിതരായ ജനക്കൂട്ടം കൈയിലുണ്ടായിരുന്ന ആയുധങ്ങളോടുകൂടി അവരെ എതിര്‍ത്തു. വെടി വകവെയ്ക്കാതെ അവര്‍ മുന്നോട്ടു കേറി. പലരും ചത്തുവീണു. എന്നിട്ടും അവര്‍ പട്ടാളത്തെ എതിര്‍ത്തു. ഹെഡ്‌കോണ്‍സ്റ്റബിള്‍ മൊയ്തീനും രണ്ടു വെള്ളക്കാരും മരിച്ചവരുടെ കൂട്ടത്തിലുണ്ടായിരുന്നു.

-

മാതൃഭൂമി സ്ഥാപക പത്രാധിപരും സ്വാതന്ത്ര്യ സമരസേനാനിയും ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് നേതാവുമായിരുന്ന കെ.പി കേശവ മേനോന്റെ ആത്മകഥയായ 'കഴിഞ്ഞകാലം'എന്ന പുസ്തകത്തില്‍ നിന്നും​ ഒരു ഭാഗം വായിക്കാം.

1921 ആഗസ്ത് മാസം പത്തൊന്‍പതിന് രാത്രി പത്തുമണിക്ക് മുഹമ്മദ് അബ്ദുറഹ്മാന്‍ എന്നെ കാണുവാന്‍ കോണ്‍ഗ്രസ്സ് ആപ്പീസില്‍ വന്നു. അന്ന് അദ്ദേഹം മലബാര്‍ ഖിലാഫത്തു കമ്മിറ്റിയുടെ സിക്രട്ടറിയാണ്. അടിയന്തിരമായ ചില വിവരങ്ങള്‍ പറയുവാനാണ് അബ്ദുറഹ്മാന്‍ വന്നത്. പട്ടാളക്കാരേയും പോലീസുകാരേയും കയറ്റി ഒരു പ്രത്യേകവണ്ടി കോഴിക്കോട്ട് റയില്‍വേ സ്റ്റേഷനില്‍നിന്ന് ഒരു മണിക്കൂറുമുമ്പ് പോയിട്ടുണ്ടെന്നും അവരോടുകൂടി ജില്ലാ മജിസ്‌ട്രേറ്റ് തോമസ്സും പോലീസ് സൂപ്രണ്ട് ഹിച്ച്‌കോക്കും എ.എസ്.പി. ആമുവും ഉണ്ടെന്നും അദ്ദേഹം പറഞ്ഞു. എവിടേയ്ക്കാണ് അവര്‍ പോയിട്ടുള്ളതെന്ന് അബ്ദുറഹ്മാന് വിവരമുണ്ടായിരുന്നില്ല. ഒരുപക്ഷേ മലപ്പുറത്തിനടുത്തുള്ള പൂക്കോട്ടൂര്‍ക്കായിരിക്കും എന്നു മാത്രമേ അദ്ദേഹത്തിന് പറയുവാന്‍ സാധിച്ചുള്ളൂ. കുറേ ദിവസം മുമ്പ് പൂക്കോട്ടൂരില്‍ ചില അനിഷ്ടസംഭവങ്ങളുണ്ടായി. അതുകൊണ്ടായിരിക്കാം പട്ടാളം പോയത് അവിടേക്കാണെന്ന് അബ്ദുറഹ്മാന്‍ ഊഹിച്ചത്. അവര്‍ അവിടെ എത്തി വല്ല അറസ്റ്റും നടത്തുന്നപക്ഷം സമാധാനപരമായി അറസ്റ്റിനു വഴിപ്പെടുവാന്‍ ജനങ്ങളെ ഉപദേശിക്കണം; അതിനു ഞാന്‍ ഉടനെ പുറപ്പെടണം എന്നതായിരുന്നു അബ്ദുറഹ്മാന്റെ ആവശ്യം. സ്ഥിതിഗതികളെക്കുറിച്ച് കുറേനേരം ആലോചിച്ചതിനുശേഷം ഞാന്‍ അപ്പോള്‍ പോകുന്നില്ലെന്നുവെച്ചു. പട്ടാളക്കാര്‍ പോയിട്ടുള്ളത് എവിടേക്കാണെന്നു തീര്‍ച്ചയില്ലായിരുന്നു. പൂക്കോട്ടൂര്‍ക്കാണ് പോയിട്ടുള്ളതെങ്കില്‍ അവര്‍ എത്തുന്നതിനുമുമ്പ് എനിക്കവിടെ എത്താന്‍ പ്രയാസമായിരിക്കും. അതുകൊണ്ട് അപ്പോള്‍ പുറപ്പെട്ടിട്ട് പ്രയോജനമില്ലെന്ന് തോന്നി. ശരിയായ വല്ല വര്‍ത്തമാനവും കിട്ടിയാല്‍ പിറ്റേ ദിവസം കാലത്ത് എനിക്കറിവ് തരാന്‍ പറഞ്ഞ് ഞാന്‍ അദ്ദേഹത്തെ അയച്ചു.

ഇരുപതിന് ഉച്ചയ്ക്കുശേഷം പലവിധ വര്‍ത്തമാനങ്ങള്‍ കോഴിക്കോട്ട് പ്രചരിക്കുവാന്‍ തുടങ്ങി. 'ഏറനാട്ടിലെവിടെയോ ലഹളയുണ്ടായിട്ടുണ്ട്. പട്ടാളക്കാര്‍ വളരെ ആളുകളെ വെടിവെച്ചു കൊന്നു. ലഹളക്കാര്‍ കുറേ പട്ടാളക്കാരെയും കൊന്നു. അവര്‍ കോഴിക്കോട്ടേക്ക് വരുന്നുണ്ട്' എന്നും മറ്റുമുള്ള വര്‍ത്തമാനം പട്ടണത്തില്‍ പരക്കാന്‍ തുടങ്ങി. വിവരമറിയുവാന്‍ അനവധി ആളുകള്‍ കോണ്‍ഗ്രസ്സാപ്പീസില്‍ വന്നു. വൈകുന്നേരമാവുമ്പോഴേക്ക് ലഹളയുണ്ടായത് തിരൂരങ്ങാടിയിലാണെന്നും ലഹളക്കാര്‍ പട്ടാളക്കാരെ അവിടെ നിന്ന് ഓടിച്ചിരിക്കുന്നുവെന്നും കൊള്ളയും കൊലയും നടക്കുന്നുണ്ടെന്നും അറിവു കിട്ടി. വിവരിക്കുവാന്‍ പ്രയാസമായ ഭയം പട്ടണത്തിലെ ജനങ്ങളില്‍ കടന്നുകൂടി. കച്ചവടസ്ഥലങ്ങള്‍ പലതും പൂട്ടി. ജനസഞ്ചാരം കുറഞ്ഞു. സന്ധ്യയ്ക്കു മുമ്പായി വീടുകളില്‍ എത്തിച്ചേരുവാനുള്ള ഉത്കണ്ഠയോടെ ചിലര്‍ ധൃതിപ്പെട്ടു നടക്കുന്നുണ്ട്, ഉറക്കെ സംസാരിക്കുവാന്‍ കൂടി ആളുകള്‍ക്ക് ഭയമായി.

21-ന് നേരം പുലര്‍ന്നു. ലഹളയുടെ വര്‍ത്തമാനമറിയുവാന്‍ ജനങ്ങള്‍ കോണ്‍ഗ്രസ്സാപ്പീസില്‍ വന്നുകൂടി. അതിശയോക്തിയോടെ പല വര്‍ത്തമാനങ്ങളും പട്ടണത്തില്‍ പരക്കുന്നുണ്ട്. ഞങ്ങളില്‍ ചിലര്‍ ലഹളസ്ഥലത്തേക്ക് പുറപ്പെടുന്നുണ്ടെന്നുകേട്ട് ആ സാഹസത്തിനൊരുങ്ങാതിരിക്കുവാന്‍ ഉപദേശിക്കുന്നതിന് ചില സ്‌നേഹിതന്മാരും അവിടെയെത്തി. കാലത്ത് 8 മണിക്ക് ഞാനും യു. ഗോപാലമേനോനും ഇ. മൊയ്തുമൗലവിയും ഒരു കാറില്‍ പുറപ്പെട്ടു. ടി.വി. ചാത്തുക്കുട്ടിനായരും ഞങ്ങളുടെ ഒരുമിച്ചുണ്ടായിരുന്നു. വഴിയില്‍ കുണ്ടോട്ടിത്തങ്ങളുടെ വീട്ടില്‍ കയറിയപ്പോള്‍ ഒട്ടധികം ആളുകള്‍ അവിടെ വന്നുകൂടി. അവിടെ നിന്നാണ് തലേദിവസം തിരൂരങ്ങാടിയില്‍ നടന്ന സംഭവങ്ങളെപ്പറ്റി വിവരമായറിയുവാന്‍ സാധിച്ചത്. അന്നു കാലത്ത് തിരൂരങ്ങാടിയില്‍നിന്ന് വലിയൊരു സംഘം ലഹളക്കാര്‍ മഞ്ചേരിക്ക് പുറപ്പെട്ടിട്ടുണ്ടെന്നു കേട്ടു. അവര്‍ എത്തുന്നതിനുമുമ്പ് അവിടെ എത്തിച്ചേരണമെന്നും ഞങ്ങള്‍ തീര്‍ച്ചപ്പെടുത്തി.

കാറില്‍ കുറേദൂരം പോയപ്പോഴേക്കും നിരത്തില്‍ വലിയ മരങ്ങള്‍ വെട്ടിയിട്ടിരിക്കുന്നതായി കണ്ടു. കാര്‍ നിര്‍ത്തി. അവിടെയുണ്ടായിരുന്ന ആളുകള്‍ ഞങ്ങളെ സമീപിച്ചു. അവര്‍ക്ക് ഞങ്ങളെ മനസ്സിലായി. വഴിനീളെ ഇടയ്ക്കിടെ അങ്ങനെ മരങ്ങള്‍ മുറിച്ചിട്ടിട്ടുണ്ടെന്നും മഞ്ചേരിക്കു കാറുംകൊണ്ട് പോകുന്നത് സാധ്യമല്ലെന്നും അവര്‍ പറഞ്ഞു. മരം മുറിച്ചിട്ടതെല്ലാം കോണ്‍ഗ്രസ്സിന്റെ കല്പനപ്രകാരമായിരുന്നുവെന്നും അതു ശരിയായി ചെയ്തിട്ടുണ്ടോ എന്ന് പരിശോധിക്കുവാനാണ് ഞങ്ങള്‍ ചെന്നിരിക്കുന്നതെന്നുമാണ് അവരുടെ ധാരണ. മഞ്ചേരിക്കുള്ള യാത്ര തുടരുന്നത് നിഷ്പ്രയോജനമാണെന്നു കരുതി ഞങ്ങള്‍ കുണ്ടോട്ടിക്ക് മടങ്ങി. കാര്‍ അവിടെ നിര്‍ത്തി കാല്‍നടയായി തിരൂരങ്ങാടിയിലേക്ക് പുറപ്പെട്ടു.

കുണ്ടോട്ടിയില്‍നിന്ന് തിരൂരങ്ങാടിയിലെത്തുന്നതിന് ഏകദേശം രണ്ടു മണിക്കൂര്‍ വേണ്ടിവന്നു. പാടവും പറമ്പും കുറ്റിക്കാടും മൊട്ടക്കുന്നും കടന്നുള്ള ആ യാത്ര വിഷമംപിടിച്ചതായിരുന്നു. വഴിയില്‍ പല സ്ഥലങ്ങളിലും അമ്പതും നൂറും ആളുകള്‍ കൂടിനില്‍ക്കുന്നുണ്ട്. ഇളനീരും അവിലും തന്ന് അവര്‍ ഞങ്ങളെ സല്‍ക്കരിച്ചു. ലഹളസംബന്ധിച്ച പല പുതിയ വര്‍ത്തമാനങ്ങളും അവരില്‍നിന്ന് ലഭിച്ചു. തിരൂരങ്ങാടിക്ക് സമീപമുള്ള പുഴവക്കത്തെത്തുമ്പോള്‍ നേരം നാല് മണിയായി. ഞങ്ങള്‍ വരുന്നുണ്ടെന്നുള്ള വിവരം അവിടത്തുകാര്‍ക്കറിവു കിട്ടിയിരുന്നു. വമ്പിച്ചൊരു ജനക്കൂട്ടം പുഴയുടെ അക്കരയില്‍ കാത്തുനില്‍ക്കുന്നു. ഞങ്ങള്‍ പുഴകടന്നു. പലതരത്തിലുള്ള ആയുധം ധരിച്ചവരെ അക്കൂട്ടത്തില്‍ കണ്ടു. തോണിയിറങ്ങി ലഹള നടന്ന സ്ഥലത്തേക്കു പുറപ്പെട്ടപ്പോള്‍ അവരും പിന്നാലെ കൂടി.

ഞങ്ങള്‍ക്കു പരിചയമുള്ള പലരും ആ ജനക്കൂട്ടത്തിലുണ്ടായിരുന്നു. ലഹള നടന്ന സ്ഥലങ്ങള്‍ കാണിച്ചുതരികയും ചെയ്തു. ഒരു മാളികപ്പുരയിലേക്കായിരുന്നു ഞങ്ങളെ ക്ഷണിച്ചുകൊണ്ടുപോയത്. ആ പുരയുടെ വരാന്തയില്‍നിന്നുകൊണ്ട് ഞാന്‍ താഴെ ഒഴിഞ്ഞ സ്ഥലത്ത് നിന്നിരുന്ന ജനക്കൂട്ടത്തെ നോക്കി. തിരൂരങ്ങാടിക്കു നേരിട്ട ദുരവസ്ഥയില്‍ പരിതാപം പ്രദര്‍ശിപ്പിക്കുകയും ജനങ്ങളുടെ പൊതുരക്ഷയ്ക്കുവേണ്ടി സമാധാനം പാലിക്കേണ്ടതിനെക്കുറിച്ച് അവരോട് അഭ്യര്‍ഥിക്കുകയും ചെയ്തു. ഉപദേശം കേള്‍ക്കുവാന്‍ ഒരുക്കമില്ലാത്ത ഒരു മനഃസ്ഥിതിയാണ് അവരുടേതെന്നെനിക്ക് നല്ലപോലെ അറിയാമായിരുന്നു. ക്ഷമയും വിവേകവും ആവശ്യമായ സമയമാണതെന്ന് അറിയുന്ന ചില പ്രവര്‍ത്തകന്മാരും അവിടെയുണ്ടായിരുന്നു. മറ്റുള്ളവരുടെയിടയില്‍ കുറച്ചെങ്കിലും സ്വാധീനശക്തി ചെലുത്താന്‍ അവര്‍ക്കു സാധിക്കുമെന്ന വിശ്വാസത്തോടുകൂടിയാണ് ഞാന്‍ അത്രയും പറഞ്ഞത്. ഇരുപതിന് നടന്ന സംഭവങ്ങളെപ്പറ്റി ഇവിടെ ചുരുക്കിപ്പറയാം:

ആഗസ്ത് പത്തൊമ്പതിന് രാത്രി പട്ടാളക്കാരേയും പോലീസുകാരേയും കയറ്റിയ പ്രത്യേകവണ്ടി കോഴിക്കോട്ടുനിന്നു പുറപ്പെട്ട് പരപ്പനങ്ങാടിയില്‍ ചെന്നു. പട്ടാളക്കാര്‍ അവിടെ ഇറങ്ങി. അഞ്ചുനാഴിക അകലെയുള്ള തിരൂരങ്ങാടിയിലേക്കു പോയി. തിരൂരങ്ങാടിയിലേക്കുള്ള വഴികളിലും കടവുകളിലും അവര്‍ കാവല്‍ക്കാരെ നിര്‍ത്തിയിരുന്നു. പുലര്‍ച്ചെ അഞ്ച് മണിക്ക് മുമ്പായി ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയായി. തിരൂരങ്ങാടിയിലെ കിഴക്കേ പള്ളിയും ഖിലാഫത്ത് ആപ്പീസും ചില പ്രധാനപ്പെട്ട പ്രവര്‍ത്തകന്മാരുടെ ഭവനങ്ങളും പട്ടാളം വളഞ്ഞു. നേരം പുലര്‍ന്നപ്പോള്‍ ഡിസ്ട്രിക്റ്റ് മജിസ്‌ട്രേറ്റ് തോമസും പോലീസ് സൂപ്രണ്ട് ഹിച്ച് കോക്കും വേറെ ചിലരുംകൂടി അവിടങ്ങളില്‍ പരിശോധന നടത്തി. ഖിലാഫത്ത് ആപ്പീസിലെ റിക്കാര്‍ഡുകള്‍ പിടിച്ചെടുത്തു. ചിലരെ അറസ്റ്റുചെയ്ത് പോലീസ്‌സ്റ്റേഷനിലേക്ക് കൊണ്ടുപോയി. അതുവരെ ലഹളയൊന്നുമുണ്ടായിരുന്നില്ല. കാലത്തു നടന്ന സംഭവങ്ങള്‍ വളരെ അതിശയോക്തിയോടെ അടുത്തുള്ള സ്ഥലങ്ങളില്‍ പരന്നു. തിരൂരങ്ങാടിപ്പള്ളി പട്ടാളക്കാര്‍ വളഞ്ഞിരിക്കുന്നുവെന്നും, മുസ്‌ലിംകളുടെ ഭവനങ്ങളില്‍ രാത്രി കയറിച്ചെന്ന് ആളുകളെ അറസ്റ്റ് ചെയ്തുവെന്നും, ചിലരെ വെടിവെച്ചു കൊന്നുവെന്നുമുള്ള പ്രസ്താവം പരപ്പനങ്ങാടി, താനൂര്, തിരൂര്, കോട്ടയ്ക്കല്‍ മുതലായ സ്ഥലങ്ങളില്‍ അതിവേഗത്തില്‍ പരന്നു. മുസ്‌ലിംകള്‍ വളരെയധികം അധിവസിക്കുന്ന പ്രദേശങ്ങളാണവ. നാനാഭാഗങ്ങളില്‍നിന്നും മുസ്‌ലിംകള്‍ തിരൂരങ്ങാടിയിലെത്തി. അറസ്റ്റ് ചെയ്യപ്പെട്ടവര്‍ പോലീസ്‌സ്റ്റേഷനിലാണെന്നറിഞ്ഞ് ജനക്കൂട്ടം അങ്ങോട്ടു പോവുകയായിരുന്നു. ഏകദേശം ഒരു ഫര്‍ലോങ്ങ് ദൂരം എത്തിയപ്പോള്‍ കുറേ പട്ടാളക്കാരും പോലീസുകാരും സ്റ്റേഷനില്‍ നിന്ന് ആ ജനക്കൂട്ടത്തിന്റെ നേരെ വന്ന് 'എന്താണ് നിങ്ങള്‍ക്കു വേണ്ടത്' എന്നു ചോദിച്ചു. 'അറസ്റ്റ് ചെയ്തവരെ വിട്ടയയ്ക്കണം. അതാണ് ഞങ്ങളുടെ ആവശ്യം' എന്ന് ആലി മുസ്‌ലിയാര്‍ പറഞ്ഞു. തിരൂരങ്ങാടി കിഴക്കേപള്ളിയിലെ മതാധ്യാപകനായിരുന്നു ആലി മുസ്‌ലിയാര്‍. അവിടുത്തെ മുസ്‌ലിംകളുടെ ഇടയില്‍ അദ്ദേഹത്തിന് വലിയ സ്വാധീനശക്തിയുണ്ടായിരുന്നു.

'അറസ്റ്റ് ചെയ്തവരെ വിടാം. നിങ്ങളെല്ലാവരും അവിടെയിരിക്കുവിന്‍' എന്ന് ഹെഡ്‌കോണ്‍സ്റ്റബിള്‍ മൊയ്തീന്‍ ജനക്കൂട്ടത്തോട് പറഞ്ഞു. അവരെല്ലാം ഇരുന്നു. അരനിമിഷം കഴിയുന്നതിനുമുമ്പ് ആ ജനക്കൂട്ടത്തിന്റെ നേരെ വെടിവെക്കുവാന്‍ പട്ടാളോദ്യോഗസ്ഥന്‍ കല്പിച്ചു. ഉടനെ വെടിയാരംഭിച്ചു. തോക്കിന്റെ അലര്‍ച്ചയും മുറിവേറ്റവരുടെ രോദനവും ആളുകളുടെ അമ്പരപ്പും ഭയാക്രാന്തരായവരുടെ പരക്കംപാച്ചിലും ആ സ്ഥലത്തെ ചെറിയൊരു യുദ്ധക്കളമാക്കി മാറ്റി. പട്ടാളക്കാരുടെ കൊടുംചതി കണ്ടു കുപിതരായ ജനക്കൂട്ടം കൈയിലുണ്ടായിരുന്ന ആയുധങ്ങളോടുകൂടി അവരെ എതിര്‍ത്തു. വെടി വകവെയ്ക്കാതെ അവര്‍ മുന്നോട്ടു കേറി. പലരും ചത്തുവീണു. എന്നിട്ടും അവര്‍ പട്ടാളത്തെ എതിര്‍ത്തു. ഹെഡ്‌കോണ്‍സ്റ്റബിള്‍ മൊയ്തീനും രണ്ടു വെള്ളക്കാരും മരിച്ചവരുടെ കൂട്ടത്തിലുണ്ടായിരുന്നു. പട്ടാളക്കാര്‍ ഭയന്നു പിന്നോട്ടുതിരിഞ്ഞു. അവര്‍ പോലീസ് സ്റ്റേഷനിലേക്ക് പാഞ്ഞ് അതിനുള്ളില്‍ പോയൊളിച്ചു. ജനക്കൂട്ടം പിരിഞ്ഞു. മരിച്ചവരെ മറവുചെയ്യുന്നതിനും മുറിവേറ്റവരെ ശൂശ്രൂഷിക്കുന്നതിനുമായി ആലിമുസ്‌ലിയാരും അനുയായികളും പള്ളിയിലേക്കു പോയി.

kp
പുസ്തകം വാങ്ങാം

പരപ്പനങ്ങാടി, താനൂര് മുതലായ സ്ഥലങ്ങളില്‍നിന്നു വന്ന ജനങ്ങള്‍ ഈ സംഭവം കഴിഞ്ഞ് മടങ്ങിപ്പോകുമ്പോള്‍ ഗവണ്‍മെന്റാപ്പീസുകളും പോലീസ് സ്റ്റേഷനും റെയില്‍വേ സ്റ്റേഷനും കോടതിയും കൊള്ള ചെയ്തു. റെയില്‍വേ പാത നശിപ്പിച്ചു. കമ്പികള്‍ വെട്ടിമുറിച്ചു. എന്തിനും തയ്യാറായ ലഹളക്കാരായി അവര്‍ മാറി. ആ പ്രദേശങ്ങളിലുള്ളവരെല്ലാം ഭയാക്രാന്തരായി. തിരൂരങ്ങാടിയിലെ സംഭവങ്ങളറിഞ്ഞ് അവിടുത്തെ പട്ടാളത്തെ സഹായിക്കുവാന്‍ മലപ്പുറത്തുനിന്ന് പുറപ്പെട്ട രണ്ട് ലോറിയും കാറുകളും ലഹളക്കാര്‍ വഴിയില്‍വെച്ച് തടഞ്ഞു. ആയുധങ്ങള്‍ പിടിച്ചെടുത്ത്, ആളുകളെ കൊല്ലുകയും ചെയ്തു.
തങ്ങള്‍ക്ക് യാതൊരു രക്ഷയുമില്ലെന്നറിഞ്ഞ് തോമസും ഹിച്ച്‌കോക്കും കൂട്ടുകാരും ആ കാളരാത്രി മുഴുവന്‍ പോലീസ് സ്റ്റേഷനില്‍ കഴിച്ചുകൂട്ടി. കാലത്ത് 5 മണിക്ക് അവിടെനിന്ന് കോഴിക്കോട്ടേക്ക് പുറപ്പെട്ടു. റെയില്‍ അവിടവിടെ നീക്കം ചെയ്തതുകൊണ്ട് തീവണ്ടിയില്‍ പോകുവാന്‍ തരമില്ലായിരുന്നു. റെയില്‍പാതയില്‍കൂടി അവര്‍ ഓട്ടം തുടങ്ങി. വലിയൊരു ജനക്കൂട്ടം അവരെ പിന്തുടര്‍ന്നു. പോലീസും പട്ടാളവും അവരുടെ നേരെ വെടിവെച്ചുകൊണ്ട് ഏഴെട്ടു നാഴിക ദൂരം നടന്നു. ഫറോക്കില്‍ എത്തിയതിനുശേഷം തീവണ്ടിയില്‍ അവര്‍ കോഴിക്കോട്ടേക്ക് മടങ്ങി.

നടന്ന സംഭവങ്ങളെക്കുറിച്ചറിഞ്ഞതോടുകൂടി പള്ളിയില്‍പോയി ആലി മുസ്‌ലിയാരെ കാണണമെന്ന ആഗ്രഹം ഞങ്ങള്‍ക്കുണ്ടായെങ്കിലും നേരം വൈകിയതുകൊണ്ട് അത് വേണ്ടെന്നുവെച്ചു. ഞങ്ങള്‍ തിരൂരങ്ങാടിയില്‍നിന്ന് മടങ്ങിയപ്പോള്‍ രാത്രി എട്ടു മണി കഴിഞ്ഞിരിക്കുന്നു. ചൂട്ടും പന്തവുമായി സാവധാനം നടന്ന്, ചുള്ളിക്കാടുകളും ചരല്‍പ്പറമ്പുകളും പിന്നിട്ട്, കുണ്ടോട്ടിയിലെത്തിയപ്പോള്‍ പതിനൊന്ന് മണിയായി. തങ്ങളുടെ ആതിഥ്യം സ്വീകരിച്ച് പത്തിരിയും കാപ്പിയും കഴിച്ച് കോഴിക്കോട്ടേക്കു പുറപ്പെടുകയും ചെയ്തു.

kp
പുസ്തകം വാങ്ങാം

ഫറോക്കിന് എട്ട് നാഴിക കിഴക്ക് ഒരു സ്ഥലത്തെത്തിയപ്പോള്‍ കുറേ ആളുകള്‍ റോഡില്‍ നില്ക്കുന്നതായി കണ്ടു. കാര്‍ നിര്‍ത്തുവാന്‍ അവര്‍ കൈകൊണ്ട് കാണിച്ചു. കാര്‍ നിര്‍ത്തി ഇറങ്ങി നോക്കിയപ്പോള്‍ അവിടെയുണ്ടായിരുന്ന ഒരു ചെറിയ പാലം പൊളിച്ചിരിക്കുന്നുവെന്നറിഞ്ഞു. ഞങ്ങള്‍ കാലത്ത് ആ വഴിക്കു പോയ വിവരം അവര്‍ അറിഞ്ഞിരുന്നുവെന്നും സന്ധ്യ വരെ കാത്തിട്ടും കാര്‍ കാണാത്തതുകൊണ്ട് വേറെ വഴിക്ക് മടങ്ങിയിരിക്കുമെന്ന് വിചാരിച്ച് പാലം പൊളിച്ചതാണെന്നും കോഴിക്കോട്ടേക്ക് പുഴവഴിക്കു പോകുവാന്‍ ഉടനെ തോണി ഏര്‍പ്പെടുത്താമെന്നും പറഞ്ഞു. കാര്‍ അവിടെ വിട്ട് അങ്ങനെ ചെയ്യുവാനേ നിര്‍വാഹമുണ്ടായിരുന്നുള്ളൂ. അവര്‍ ഏര്‍പ്പാടു ചെയ്ത തോണിയില്‍ കയറി ഞങ്ങള്‍ പുറപ്പെട്ടു. കോഴിക്കോട്ടെത്തിയപ്പോഴേക്കും പിറ്റേദിവസം വൈകുന്നേരം അഞ്ച് മണി കഴിഞ്ഞിരുന്നു.ഞങ്ങളെപ്പറ്റി യാതൊരു വിവരവും അറിയാതെ ഉത്കണ്ഠയോടെ കാത്തുനിന്നിരുന്ന വീട്ടുകാരും സുഹൃത്തുക്കളും സഹപ്രവര്‍ത്തകന്മാരും ഞങ്ങളെ സന്തോഷത്തോടെ സ്വാഗതംചെയ്തു. അതിലിടയ്ക്കു പട്ടാളനിയമം കോഴിക്കോട്ടും മറ്റു ചില സ്ഥലങ്ങളിലും പ്രഖ്യാപിച്ചുകഴിഞ്ഞിരുന്നു.

പുസ്തകം ഓണ്‍ലൈനായി വാങ്ങാം

പുസ്തകത്തിന്റെ ഇംഗ്ലീഷ് പരിഭാഷ വാങ്ങാം

Content Highlights: Malabar Rebellion 1921 KP Kesava Menon Malayalam Book


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

05:02

ഭാര്യയുമായി പിണങ്ങി താമസിച്ച 65-കാരന്‍ മരിച്ചു; തെളിഞ്ഞത് ദാരുണമായ കൊലപാതകം

Sep 30, 2022


Joe Biden

01:00

ബൈഡന് എന്തുപറ്റി ? വൈറലായി വീഡിയോകൾ

Oct 1, 2022


mallikarjun kharge

2 min

അപ്രതീക്ഷിത നീക്കങ്ങള്‍; തരൂരിനെ തള്ളി ഖാര്‍ഗെയ്‌ക്കൊപ്പം നിരന്ന് ജി23യും, മുന്നില്‍ നിന്ന് ഗഹ്‌ലോത്

Sep 30, 2022

Most Commented