.
മാതൃഭൂമി ബുക്സ് പ്രസിദ്ധീകരിച്ച 'ഇരുകരകൾക്കിടയിൽ ഒരു ബുദ്ധൻ' എന്ന പുസ്തകത്തിന് സജയ് കെ.വി. എഴുതിയ അവതാരിക വായിക്കാം..
മലയാളചെറുകഥയില്‍ ഒരു നേര്‍വഴിയുണ്ട്; ഋജുവും രേഖീയവുമായ ആഖ്യാനത്തിന്റെ. ജീവിതത്തിനില്ലാത്ത ഘടനയും വ്യവസ്ഥയും ശില്‍പ്പഭദ്രതയും കഥനത്തില്‍ സാദ്ധ്യമാണ്. അതിനാല്‍ അവ്യവസ്ഥ നിറഞ്ഞ മനുഷ്യാനുഭവങ്ങളെ കഥാകൃത്തിന്റെ രചനാസാമര്‍ത്ഥ്യമുപയോഗിച്ച് ഘടനപ്പെടുത്താമെന്ന വിശ്വാസമാണ് ആദ്യം പറഞ്ഞ മട്ടിലുള്ള സുഘടിതമായ രചനാശില്‍പ്പമായി ചെറുകഥയെ വാര്‍ത്തെടുക്കുന്നതിനു പിന്നിലുള്ള പ്രധാനപ്രേരണയെന്നു തോന്നുന്നു. അങ്ങനെ എഴുതുന്ന കഥാകൃത്തുക്കള്‍ പൊതുവേ, തെളിഞ്ഞ് അസങ്കീര്‍ണ്ണവും സുതാര്യവുമായ ഒരു ജീവിതദര്‍ശനത്തിനുടമകളുമായിരിക്കും. ജീവിതത്തെ സംബന്ധിച്ച ലളിതനിര്‍ദ്ധാരണങ്ങള്‍ എഴുത്തിനെയും ഒരു സരളശില്‍പ്പമാക്കി മാറ്റാന്‍ അവരെ പ്രാപ്തരാക്കുന്നു. ഇതൊരു മോശം കാര്യമല്ലെന്നതിന് മലയാളചെറുകഥയിലെ ചില കുലപതികളും അവരുടെ രചനാരീതിയുംതന്നെ വേണ്ടത്ര ഉദാഹരണങ്ങള്‍ നല്‍കും. ആദിമമായ 'കയോസി'ല്‍നിന്ന് വ്യവസ്ഥാപിതമായ പ്രപഞ്ചശില്‍പ്പം തീര്‍ക്കുന്നതുപോലെ സൃഷ്ട്യുന്മുഖരാവുകയും അതിന്റെ സുരചിതമായ രൂപത്തികവില്‍ ചരിതാര്‍ത്ഥത നേടുകയും ചെയ്യുന്ന എഴുത്തുകാരാണവര്‍.
ഇനിയും വേറൊരു കൂട്ടരുണ്ട്, ആഖ്യാനത്തിലെ അപഥസഞ്ചാരികളെന്നു പറയാവുന്നവര്‍. നേര്‍വഴികളെക്കാള്‍ ലാബിറിന്തുകള്‍ പണിയുന്നതിലാണവര്‍ക്കു കൗതുകം; ദൈവം ഒരിക്കല്‍ ഘടനപ്പെടുത്തിവെച്ച പ്രപഞ്ചശില്‍പ്പത്തെ വീണ്ടും അഴിച്ച്, അതിനുള്ളില്‍ വന്യമായ അവ്യവസ്ഥ നിറച്ചുകൊണ്ടേയിരിക്കുന്ന 'കയോസി'നെ പുനരാനയിക്കുന്നവര്‍. ചെറുകഥയെന്നാല്‍ സുനിശ്ചിതപഥങ്ങളിലൂടെയുള്ള സുദൃഢസഞ്ചാരമല്ല അവര്‍ക്ക്. രഥ്യകളും ഉപരഥ്യകളുമൊക്കെയായി ഇഴപിരിഞ്ഞും പടര്‍ന്നും പിണഞ്ഞുമൊക്കെ രൂപംകൊള്ളുന്ന ആഖ്യാനത്തിന്റെ ജടിലപാതകളിലൂടെയുള്ള അനിശ്ചിതസഞ്ചാരത്തിലൂടെയാണവര്‍ കഥയും ജീവിതവും കണ്ടെത്തുന്നത്. പൂര്‍വ്വനിര്‍ണ്ണീതമേയല്ലാത്ത ചില ഘടനകള്‍ അങ്ങനെ രൂപംകൊള്ളുന്നു. ജീവിതംപോലെ അവ്യാകൃതവുമായിരിക്കും അത് ('അവ്യാകൃതം' എന്നു വേണമെങ്കില്‍ 'കയോസി'നെ പരിഭാഷപ്പെടുത്താമെന്നും തോന്നുന്നു). അങ്ങനെ ചെയ്യുന്നതില്‍ ഒരുതരം മാരകമായ സാഹസികതയും സത്യസന്ധതയുമുണ്ട്. ഘടനയെ വിച്ഛിന്നഘടനകൊണ്ടു പകരംവെക്കുന്നതിലെ സാഹസികതയും സത്യസന്ധതയുമാണത്. ഇതിത്രയും എഴുതിയത് മധുപാലിന്റെ, ഇപ്പോള്‍ എന്റെ മുന്നിലുള്ള ഒന്‍പതു ചെറുകഥകളെ മുന്‍നിര്‍ത്തിയാണ്. ഈ വിചാരങ്ങള്‍ അവയുമായി എങ്ങനെ കണ്ണിചേരുന്നുവെന്ന് പിന്നാലെ പരിശോധിക്കാം.
ഒരു മാതൃക എന്ന നിലയില്‍, സമാഹാരത്തിലുള്‍പ്പെടുന്ന, 'ഭൂമിയെ നദികളാല്‍ പിളര്‍ക്കുന്നു' എന്ന കഥയെ ഒന്നെടുത്തുകാണാനാണിവിടെ ശ്രമിക്കുന്നത്. തൊഴില്‍ തേടി എറണാകുളം എന്ന മഹാനഗരത്തിന്റെ പിടികിട്ടാത്ത കലക്കങ്ങളിലേക്കും സങ്കീര്‍ണ്ണതകളിലേക്കും വണ്ടിയിറങ്ങുന്ന പേരില്ലാത്ത ചെറുപ്പക്കാരനാണ് ആഖ്യാനത്തെ ചലിപ്പിക്കുന്നത്. മഴയും ഇരുട്ടുമെല്ലാം ചേര്‍ന്ന് ചെറിയൊരു കയോസിന്റെ അനുഭവം സൃഷ്ടിക്കുന്ന ബസ്സ്റ്റാന്റിന്റെ വിവരണത്തോടെയാണ് വായനക്കാര്‍ കഥയിലേക്കും, മേല്‍സൂചിപ്പിച്ച കഥാപാത്രം അയാളുടെ നഗരാനുഭവങ്ങളിലേക്കും പ്രവേശിക്കുന്നത്. അവിടെവെച്ച് അയാള്‍ 'ഹബക്കൂക്ക്' എന്നും 'ഈനാശു' എന്നും പേരുള്ള ചിത്രകാരനുമായി പരിചയപ്പെടുന്നു. കണക്കെഴുത്താണ് നഗരത്തില്‍ അയാളുടെ ജോലി. കണക്കെഴുത്തിലൂടെയും ലോകത്തിന്റെ അവ്യവസ്ഥയുമായി അയാള്‍ സന്ധിക്കുന്നുണ്ട്. കണക്കെഴുത്തു സ്ഥാപനം നടത്തുന്ന അയാളുടെ മാമന്റെ സുഹൃത്തായ 'നേവിയണ്ണന്‍' എന്നൊരു കഥാപാത്രം ഈ ഘട്ടത്തില്‍ കഥാഗതിയില്‍ ഇടപെടുകയും അയാളുടെ സങ്കീര്‍ണ്ണവും ദുരൂഹവുമായ ജീവിതാനുഭവങ്ങളുടെയും ജീവിതദര്‍ശനത്തിന്റെയും ഇരുള്‍ച്ചീളുകള്‍ കഥയിലേക്ക് കുടഞ്ഞിട്ടിട്ട് പിന്‍വാങ്ങുകയും ചെയ്യുന്നു. ഈനാശുവിനെപ്പോലെ കയോസിന്റെ ജീവനുള്ള ഒരു പ്രതിനിധാനമാണ് ഈ നേവിയണ്ണനും.
ക്രിസ്തുചിത്രങ്ങളെന്നു തോന്നിക്കുന്ന ചുവന്ന രൂപങ്ങള്‍ നിരന്തരമായി വരച്ചുകൊണ്ട് താന്‍ കയോസിനോടും സാത്താനോടും പൊരുതുകയാണെന്നാണ് ഹബക്കൂക്ക് (ഈനാശു) അവകാശപ്പെടുന്നത്. ഒരു 'ക്വിക്‌സോട്ടിക്' പോരാളിയാണയാള്‍. അതിനാല്‍ കയോസിനെ ദമനം ചെയ്യുന്നതിനു പകരം തുറന്നിടുന്നതിനാണ് അയാളുടെ കലാപ്രവര്‍ത്തനം ഉപകരിക്കുന്നത്. ഈനാശു തുറന്നുകാട്ടുന്ന ലോകഘടനയിലെ പിളര്‍പ്പുകള്‍ കഥയിലെ ചെറുപ്പക്കാരനെ വിഹ്വലനും വിവശനുമാക്കുന്ന മുഹൂര്‍ത്തത്തിലാണ് അയാള്‍ കൊച്ചിയിലെ കായല്‍ച്ചതുപ്പിലേക്ക് കൂപ്പുകുത്തുന്നത്. അവിടെനിന്നും അയാള്‍ കരപറ്റുന്നു അഥവാ വല്ലാര്‍പാടത്തമ്മയും ചില വലക്കാരും ചേര്‍ന്ന് അയാളെ കരയ്‌ക്കെത്തിക്കുന്നു. കയോസിനപ്പുറം കഥയില്‍ പ്രത്യക്ഷമാകുന്ന ദൈവസാന്നിദ്ധ്യമാണത്. ദൈവം, ക്രമത്തിന്റെയും സാത്താന്‍, കയോസ് എന്ന ക്രമരാഹിത്യത്തിന്റെയും പ്രതിരൂപങ്ങളാകുന്നു. ദൈവദാഹിയായ എഴുത്തുകാരനാണ് മധുപാല്‍. കയോസിന്റെയും ഇരുട്ടിന്റെയും തിന്മയുടെയും ചിത്രങ്ങള്‍ വരച്ചുകൊണ്ട് അയാള്‍ ക്രമത്തിനും വെളിച്ചത്തിനും ദൈവത്തിനുമായുള്ള തന്റെ ആരായല്‍ തുടരുന്നു. ഇങ്ങനെ ചെയ്യുന്നതിന്റെ ഭാഗമാണ് ആഖ്യാനത്തില്‍ എഴുത്തുകാരന്‍ സൃഷ്ടിക്കുന്ന അവ്യവസ്ഥയുടെ ഭ്രമാനുഭവങ്ങള്‍. ഒരു ഇരുണ്ട പ്രിസം ഇരുട്ടിനെ വിഘടിപ്പിക്കുന്നതുപോലെ അയാള്‍ എഴുതുന്നു.
നാരായണഗുരുവാണ് 'ഹ്രസ്വവും മനോഹരവുമായ സാരോപദേശങ്ങള്‍' എന്ന കഥയിലെ വെളിച്ചം.'നാരായണഗുരുദേവന്‍ ഈ വീട്ടില്‍നിന്നും ഊണു കഴിച്ചിട്ടുണ്ടെന്നും മുന്‍വശത്തെ ചായ്പിനോടു ചേര്‍ന്നുള്ള മുറിയില്‍ കിടന്നുറങ്ങിയിട്ടുണ്ടെന്നും അറിയുന്നതാണീ വീടിനോടുള്ള എന്റെ താത്പര്യവും സ്‌നേഹവുമാകുന്നത്' എന്ന കഥാരംഭംതന്നെ അതു സൂചിപ്പിക്കുന്നു. ഇരുട്ടിന്റെ തറിയില്‍ വെളിച്ചത്തിന്റെ നാരുകള്‍ ചേര്‍ത്തുപിന്നി ഒരു പ്രഭാ(ത)വസ്ത്രം നെയ്യുകയായിരുന്നു നാരായണഗുരു. ആ നെയ്ത്തുതറിയുടെ ചലനം ചരിത്രത്തില്‍ എവിടെയോവെച്ച് നിലച്ചുപോയി. അങ്ങനെ നിലച്ചുപോയ നവോത്ഥാനമെന്ന തറിയുടെ അപൂര്‍ണ്ണചലനങ്ങളുടെ സാമൂഹ്യപാഠവുമവതരിപ്പിക്കുന്നുണ്ട് ഈ കഥയിലെ കുടുംബചിത്രം. തിന്മയുടെയും ഇരുട്ടിന്റെയും പ്രഹരങ്ങളെ സൗമ്യതയോടെ നേരിടുകയാണ് കഥയിലെ അച്ഛന്‍. ആ മകളാകട്ടെ, മാരകമായ ഉദ്വിഗ്‌നതകളുടെ കത്തിമുനയിലൂടെ എന്നവണ്ണം നടക്കുന്നു.
ക്രിസ്തുവിനും നാരായണഗുരുവിനുമൊന്നും പരിഹരിക്കാനാവാത്ത തിന്മയുടെ പ്രത്യക്ഷങ്ങള്‍ നിറഞ്ഞതാണ് സമകാലികലോകചിത്രം. 'ആകാശത്തോളം ഉയര്‍ന്നത്...' എന്ന കഥ സമകാലത്തിലും സാര്‍വ്വകാലികതയിലും വേരുകളുള്ള തമസ്സിന്റെ ഒരു വൃക്ഷംപോലെയാണ്. മഹസ്സറുകളുടെയും സാക്ഷിമൊഴികളുടെയും പോലീസ്ഭാഷയിലാണ് ആഖ്യാനം. തണുത്ത്, നിസ്സംഗമായ ലോഹഭാഷയിലാണ് അത്തരം എഴുത്തുകള്‍ എന്നതിനാല്‍ അത് കഥയ്ക്കു പകരുന്ന നിശിതമായ ആഖ്യാനതീവ്രത അപാരമാണ്. മലിനമായ ആസക്തികളില്‍ മുഴുകിക്കഴിയുന്ന മൃഗപ്രായരായ മനുഷ്യരുടെ അധമലോകത്തെ ആഖ്യാനവത്കരിക്കുമ്പോഴും കഥാകൃത്ത് അതേ ആഖ്യാനശ്രുതിയാണവലംബിക്കുന്നത്. മനുഷ്യത്വം അസ്തമിച്ചുകഴിഞ്ഞ ഒരു ലോകത്തിന്റെ നേര്‍വിവരണങ്ങള്‍ നല്‍കുന്ന മഹസ്സറുകള്‍ പോലെ അയാള്‍ എഴുതുന്നു.
എ.എസ്.ഐ. ജയകുമാരന്‍ നായരാണ് കഥയില്‍ മഹസ്സറെഴുതാന്‍ നിയോഗിക്കപ്പെട്ട പോലീസ് ഉദ്യോഗസ്ഥന്‍. അതു സൃഷ്ടിച്ച തിന്മയുടെ ആഘാതം അയാളുടെ തലയ്ക്കുള്ളില്‍ വണ്ടുകളായി മൂളാന്‍ തുടങ്ങുന്നു. കയോസിന്റെ മറ്റൊരനുഭവമാണത്. തിന്മയുടെ ആധിക്യം ലോകത്തെ കയോസില്‍ മുക്കുന്നു. അപ്പോഴും പ്രത്യാശയുടെ ചില സ്ഫുരണങ്ങള്‍ ബാക്കിവെച്ചുകൊണ്ടാണ് മധുപാല്‍ തന്റെ കഥയുടെ പര്യവസാനം കുറിക്കുന്നത്. ചേതോഹരമായ ആ പര്യവസാനം ഇങ്ങനെ:
'സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ക്രെംലിന്‍ സാം, നായരുടെ തോളില്‍ തട്ടി എഴുന്നേറ്റു. തൊട്ടടുത്തിരുന്ന ചിന്നൂനെ ചേര്‍ത്തുപിടിച്ച് നായര്‍ കണ്ണുതുടച്ചു. വൈക്കോല്‍ക്കൂനകള്‍ അതിരിട്ട നടവഴിയില്‍ വെയിലിന്റെ ചൂടിലേക്ക് ക്രെംലിന്‍ നടക്കുന്നത് നായര്‍ കണ്ടു. അപ്പോള്‍ ക്രെംലിനു തണലായി ഒരരയാലില ഒപ്പം നീങ്ങുന്നതും നായര്‍ക്കു കാണാനായി. ചിന്നുവിന്റെ കുഞ്ഞിക്കൈകള്‍ തന്റെ കൈവെള്ളയിലാക്കി ആ വെയിലിനെ അയാള്‍ തൊഴുതു. മറഞ്ഞിരിക്കുന്നതൊന്നും വെളിച്ചത്തു വരാതിരിക്കുകയില്ല. നിഗൂഢമായിരിക്കുന്നതൊന്നും അറിയപ്പെടാതെയിരിക്കുകയുമില്ല.'
'ട്രൂ ലിസണര്‍' എന്ന കഥ ഒരു യുവതിയുടെ കുടുംബചിത്രമാണവതരിപ്പിക്കുന്നത്, മുറിഞ്ഞും പിരിഞ്ഞും ഇഴഞ്ഞും ഇടറിയും നീങ്ങുന്ന ആത്മഭാഷണത്തിന്റെ രൂപത്തില്‍. കലഹവും അശാന്തിയും സ്‌നേഹരാഹിത്യവും അപമൃത്യുവും മാത്രം കുടിപാര്‍ക്കുന്ന ഒരു കുടുംബമാണത്. ഇവിടെയും ആഖ്യാനം അരേഖീയമായി (non-linear) മുന്നോട്ടു നീങ്ങിയിട്ടൊടുവില്‍ മധുപാലിന്റെ കഥനഭാവനയിലെ സ്ഥിരസാന്നിദ്ധ്യമായ കയോസിന്റെ മറ്റൊരു രൂപകമായ മഞ്ഞിന്റെ അവ്യക്തതയില്‍ ചെന്നുചേരുന്നു.
'യാനോ നീയോ യാതിപരം...' ഒരു കാര്‍മോഷണത്തിന്റെയും അതിനായുള്ള അന്വേഷണത്തിന്റെയും കഥ പറഞ്ഞുകൊണ്ട് സമാനമായ പിടികിട്ടായ്മയുടെ നട്ടംതിരിച്ചിലില്‍ പര്യവസാനിക്കുന്നു. 'പുല്ലിനെക്കാള്‍ ഏറെയുള്ളത്...' എന്ന കഥയിലെ കരിയാത്തന്‍കാവുമതേ, പിന്നീട് മഹാനഗരമായി വളര്‍ന്ന് പെരുകാനിരിക്കുന്ന ക്രമരാഹിത്യത്തിന്റെ പെരുംപടര്‍പ്പാണത്. 'പിമ്പിലുള്ളത് മറന്നുംകൊണ്ട്...' എന്ന കഥ ഇതില്‍നിന്നെല്ലാം വേറിട്ടു നില്‍ക്കുന്നു. സ്ത്രീയുടെ തീവ്രസഹനത്തെയും ഏകാന്തതയെയും ആവിഷ്‌കരിക്കുമ്പോഴും അതില്‍ അനല്‍പ്പമായ ആത്മീയതയുടെ വെളിച്ചം നിറഞ്ഞു വഴിയുന്നു. കുന്തിരിക്കപ്പുക പോലെ ആഖ്യാനഗദ്യം, ക്രിസ്തീയതയുടെ ഗാഢസുഗന്ധം കലര്‍ന്നതാകുന്നു. കയോസിലേക്കല്ല, ആത്മീയസാന്ത്വനത്തിന്റെ സാന്ദ്രജലത്തിലേക്കാണ് സൂസന്‍ കൂപ്പുകുത്തുന്നത്. കഥയ്‌ക്കൊടുവില്‍:
'ഏറെ ആഴങ്ങളിലേക്ക് അവള്‍ പൂണ്ടുപോയപ്പോള്‍ അവള്‍ കണ്ട ജലജീവികളെല്ലാം ഏറെ സമാധാനത്തോടെയും ആശ്വാസത്തോടെയും അവള്‍ക്ക് ചുറ്റും ഒപ്പം നീന്തി. ആഴത്തിനുള്ളില്‍ പ്രകാശമുണ്ടായി. സകലതും സാന്ത്വനത്തിന്റെ വെളിച്ചം പേറി അവള്‍ക്കരികില്‍ നിന്നു. വലിയ ഇതളുകളുള്ള പൂക്കള്‍ അവള്‍ക്കായി ഒരു തല്‍പ്പം തീര്‍ത്തു. ആയാസമേതുമില്ലാതെ അവളാ തല്‍പ്പത്തില്‍ കിടന്നു. ഈ പ്രപഞ്ചത്തില്‍ ജന്മമെടുത്തിത്രയും കാലമായിട്ടും അനുഭവിച്ചിട്ടില്ലാത്ത സ്പര്‍ശത്തിന്റെ തെളിച്ചം അവളറിഞ്ഞു. അന്നേരം അവളുടെ വായില്‍നിന്നും ഒരു നിലവിളിയുയര്‍ന്നു. ഒപ്പം ഒരു കുഞ്ഞുകരച്ചിലും.'
ഇങ്ങനെയെല്ലാം, ആഖ്യാനത്തില്‍ ഇരുട്ടിനും കയോസ് എന്ന ആദിമമായ അവ്യവസ്ഥയ്ക്കും ഇടം നല്‍കിക്കൊണ്ട് മനുഷ്യാവസ്ഥയെ കഥനവത്കരിക്കാനാണ് മധുപാല്‍ ശ്രമിക്കുന്നത്. അപ്പോഴും ആ ഇരുണ്ട ആഴത്തിനുള്ളില്‍ ഒരു പ്രകാശമുദിക്കുന്നു. സ്‌ത്രൈണമായ ആത്മീയതയുടെയും കരുണയുടെയും പ്രകാശമാണത്. ആ പ്രകാശം ഈ കഥകളെയും കയോസില്‍നിന്നു കരകയറ്റി, ഇനിയും ഈ ഭൂമിയില്‍ ജീവിതം സാദ്ധ്യമാണെന്ന വിശ്വാസത്തിന്റെ ഉറപ്പുള്ള കരയില്‍ അവയെ ഘടനപ്പെടാനും കഥനപ്പെടാനുമനുവദിക്കുന്നു.
Content Highlights: Sajay K.V, Madhupal, Mathrubhumi Books
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..