ടാഗോർ | AFP
ബംഗ്ലാദേശിലേക്ക് ഒരു യാത്ര കുറേക്കാലമായി ആശിച്ചിരുന്നതാണ്. ഇന്ത്യയുടെ അതിര്‍ത്തിരാജ്യങ്ങളില്‍ ചൈനയും പാക്കിസ്ഥാനും ബംഗ്ലാദേശും ഒഴിച്ച് ബാക്കി എല്ലായിടവും സന്ദര്‍ശിച്ചുകഴിഞ്ഞു. ചൈനായാത്ര ഹ്രസ്വമാക്കാതിരിക്കുവാനാണ് ശ്രമം. ഒരു മാസമെങ്കിലും ചൈന ചുറ്റിക്കറങ്ങിയാലേ ആ മഹാരാജ്യത്തില്‍ എന്തു നടക്കുന്നുവെന്ന് ഒരു ഏകദേശ രൂപമെങ്കിലും കിട്ടൂ. അതിനുള്ള സാവകാശം നോക്കിയിരിപ്പാണ്. കാലം കഴിയുന്തോറും ചൈനയിലെ സന്ദര്‍ശകസ്വാതന്ത്ര്യം വര്‍ദ്ധിച്ചുകൊണ്ടേയിരിക്കുന്നു എന്നതും ശ്രദ്ധേയം.
പാക്കിസ്ഥാന്‍ സന്ദര്‍ശനത്തിന് ഏക കടമ്പ വിസ ലഭിക്കുകയെന്നതാണ്. ഇപ്പോഴാണെങ്കില്‍ ആ രാജ്യം ഭീകരരുടെ കരാളഹസ്തങ്ങളാല്‍ ഞെരിഞ്ഞമര്‍ന്നിരിക്കുകയാണ്. എന്നാലും ജനാധിപത്യത്തിന്റെ വേരവിടെ ഉറച്ചുകഴിഞ്ഞുവെന്നത് ആശ്വാസകരം. ഇനിയൊരു പട്ടാളഭരണത്തിന് അവിടെ സാധ്യതയില്ലായെന്നുതന്നെ കരുതണം. മുഖ്യ കാരണം അമേരിക്ക അത് അനുവദിക്കില്ലായെന്നതു തന്നെ. സൗദി അടക്കമുള്ള ഇസ്ലാമികരാജ്യങ്ങളില്‍ കഴിഞ്ഞ അരനൂറ്റാണ്ടായി അമേരിക്കന്‍ സ്വാധീനം ഏറ്റവും രൂക്ഷമായിരുന്നത് പാക്കിസ്ഥാനിലാണല്ലോ. പഞ്ചാബിന്റെ തുടര്‍ച്ചയായ പാക്കിസ്ഥാനില്‍ എനിക്ക് പ്രധാനമായി കാണുവാനാഗ്രഹമുള്ളത് മോഹന്‍ജദാരോ. ആര്‍ഷഭാരതസംസ്‌ക്കാരത്തിന്റെ മണം പേറുന്ന ഈ അപൂര്‍വ്വ ചിരപുരാതനയിടം സന്ദര്‍ശിച്ചിട്ട് ജവഹര്‍ലാല്‍ എഴുതിയ മനോഹരകുറിപ്പ് ഓര്‍മ്മയില്‍ എക്കാലവും പച്ചപിടിച്ചുതന്നെയിരിക്കുന്നു.
ബംഗ്ലാദേശിലേക്കുള്ള യാത്ര ഒത്തുവന്നത് ഒരു കല്‍ക്കട്ട സന്ദര്‍ശനം അനിവാര്യമായതിനാലാണ്. വൃക്കരോഗ ഡോക്ടര്‍മാരുടെ ദേശീയ സമ്മേളനം കൊല്‍ക്കൊത്തയില്‍ അരങ്ങേറി. നെഫ്രോളജിസ്റ്റായ സഹധര്‍മ്മിണി ആണ്ടുതോറുമുള്ള ഈ സമ്മേളനങ്ങളില്‍ പങ്കെടുക്കുന്നത് ഒരിക്കലും മുടക്കാറില്ല. ചെറുപ്പകാലത്ത് വിദേശങ്ങളില്‍പ്പോലും പരാശ്രയമില്ലാതെ യാത്രചെയ്തിരുന്നവള്‍ക്ക് ഇപ്പോള്‍ വാസസ്ഥലമായ തിരുവനന്തപുരം സിറ്റി വിട്ടുപോകാന്‍പോലും ഭര്‍ത്താവിന്റെ കൂട്ടുവേണം. വയസ്സാകുമ്പോള്‍ ദാമ്പത്യബന്ധം നിര്‍വചനം അനായാസമായ തലത്തിലേക്ക് നീങ്ങുന്നു എന്നു കേട്ടത് ഞാനിപ്പോള്‍ അനുഭവിച്ചറിയുന്നു. ജീവിതാന്ത്യംവരെ അവിവാഹിതരായി കഴിയുന്നവരോടും അകാലത്തില്‍ വൈധവ്യം വിധിക്കപ്പെട്ടവരോടും അനുകമ്പ തോന്നുന്നു.
കൊല്‍ക്കൊത്തയിലെ രണ്ടുനാളുകള്‍ എനിക്ക് നഗരം ചുറ്റലായിരുന്നു കലാപരിപാടി. ഇതിനുമുമ്പ് എത്രയോ തവണ കണ്ടിട്ടുള്ള നഗരമാണ്. ബ്രിട്ടീഷ് കോളനിഭരണത്തിന് അടിത്തറ പാകിയ നഗരം. ഭാരതീയനവോത്ഥാനത്തിന് ചുക്കാന്‍ പിടിച്ച മഹാന്മാരുടെ നാട്. നമ്മുടെ രാജ്യത്തിന്റെ മാത്രമല്ല അയല്‍ രാജ്യത്തിന്റെയും ദേശീയഗാനങ്ങള്‍ രചിച്ച മഹാകവി നിറഞ്ഞുനില്‍ക്കുന്ന നഗരം. അരനൂറ്റാണ്ടുമുമ്പ് ഈ നഗരത്തിലാദ്യമായി കാലുകുത്തിയത് ഒരു ക്രിസ്തുമസ് ദിനത്തിലായിരുന്നു എന്ന് ഓര്‍ത്തു. കാശ്മീരിലെ എഞ്ചിനീയറിംഗ് കോളേജില്‍ നിന്നും എഡ്യൂക്കേഷണല്‍ ടൂറിന്റെ ഭാഗമായി കൊല്‍ക്കൊത്തയില്‍ എത്തിയതാണ് ഞങ്ങള്‍ കുറേ വിദ്യാര്‍ത്ഥികള്‍. വെട്ടിത്തിളങ്ങുന്ന കടലാസ് നക്ഷത്രങ്ങളാല്‍ വര്‍ണ്ണശബളമായ പാര്‍ക്ക് സ്ട്രീറ്റിലൂടെ നടന്നപ്പോള്‍ ഈ പുണ്യദിനം ലോകമെമ്പാടും എങ്ങനെയാണ് ആഘോഷിക്കുന്നത് എന്നതിന് ഏകദേശരൂപം കിട്ടി. സഹപാഠികളുടെ ലക്ഷ്യം ചുവന്ന തെരുവായിരുന്നു. പില്‍ക്കാലത്ത് കുപ്രസിദ്ധമായ സോണാര്‍ ഗഞ്ചിയിലേക്കുള്ള അവരുടെ യാത്രയില്‍ കൂടാതെ പാര്‍ക്ക് സ്ട്രീറ്റിലൂടെ ഏറെനേരം നടന്നു.
നഗരത്തിന് ഇങ്ങനെയൊരു ക്രിസ്തീയ മുഖമുണ്ടെന്നത് പുതിയ അറിവായിരുന്നു. പില്‍ക്കാലത്തുള്ള വായനയില്‍ സായിപ്പിന്റെ സംസ്‌ക്കാരത്തില്‍ മനംമയങ്ങി ബംഗാളീ കുലീനകുടുംബത്തില്‍നിന്നുപോലും അനേകര്‍ വേഷവിധാനങ്ങളൊക്കെ സായിപ്പു മോഡലിലേയ്ക്കു മാറ്റിയെന്നറിഞ്ഞു. പാശ്ചാത്യസംസ്‌ക്കാരത്തിന്റെ ആകൃഷ്ടവലയത്തിലേയ്ക്കുള്ള യുവ ബംഗാളികളുടെ പ്രവാഹത്തിന് തടവീണത് സ്വാമി വിവേകാനന്ദന്റെ ബൗദ്ധിക പ്രഭാഷണങ്ങളിലൂടെയാണെന്നും ഹൈന്ദവധര്‍മ്മത്തിന്റെ പുനരാഖ്യാനം ആ ഋഷിവര്യന്‍ വെറും മുപ്പത്തിയാറ് വയസ്സിന്റെ ആയുസ്സിനിടയില്‍ ചെയ്തു തീര്‍ത്തുവെന്നതും അവിശ്വസനീയമായ ചരിത്രം. സാക്ഷാല്‍ രബീന്ദ്രനാഥ ടാഗോര്‍വരെ ആദ്യകാലത്ത് പാശ്ചാത്യസംസ്‌ക്കാരത്തില്‍ ആകൃഷ്ടനായിരുന്നുവെന്നും ഗാന്ധിജിയുടെ ആദ്യ സന്ദര്‍ശനവേളയില്‍ ടാഗോറുമായി ഇക്കാര്യത്തില്‍ വന്‍ തര്‍ക്കമുണ്ടായി എന്നും വായിച്ചതോര്‍ക്കുന്നു.

ദുര്‍ഗ്ഗാപൂര്‍ ഉരുക്കുശാലയില്‍ മെറ്റലര്‍ജിക്കല്‍ എഞ്ചിനീയറിംഗ് ട്രെയിനി ആയിരുന്ന മാസങ്ങളില്‍ എല്ലാ വാരാന്ത്യങ്ങളിലും കോള്‍ ഫീല്‍ഡ് എക്സ്പ്രസ്സിലെ ഡൈനിംഗ് കാറിലിരുന്ന് കൊല്‍ക്കൊത്തയിലെത്തിയിരുന്നു. ചൗരംഗിയില്‍ നിന്നും കാഴ്ചബംഗ്ലാവിലേക്ക് പോകുന്ന ട്രാംകാറില്‍ കയറി പല സ്റ്റോപ്പുകളില്‍ ഇറങ്ങുകയും വീണ്ടും കയറുകയുമായിരുന്നു ഇഷ്ടവിനോദം. വൈകുന്നേരങ്ങളിലെ പീക്ക് അവറില്‍ ട്രാംകാര്‍ യാത്രികരെക്കൊണ്ട് നിറഞ്ഞിരിക്കും. ആ പ്രായത്തില്‍ ലലനാമണികളുമായി മുട്ടിയുരുമ്മി നില്‍ക്കുന്നതില്‍ സായുജ്യം കാണുന്നവരില്‍ നിന്നും ഭിന്നനല്ലായിരുന്നു ഈ ലേഖകനും. പക്ഷേ, ഒരു ദിനം ട്രാംകാര്‍ യാത്രയില്‍ കണ്ട കാഴ്ച വര്‍ഷങ്ങള്‍ എത്രയോ കഴിഞ്ഞിട്ടും മനസ്സില്‍ മായാതിരിക്കുന്നു.
മുകളിലത്തെ ക്രോസ്സ് ബാറില്‍ തൂങ്ങിനില്‍ക്കുന്ന ഒരു യുവതിയുടെ മുഖത്തെ പേശികള്‍ വലിഞ്ഞുമുറുകുന്നതു കണ്ട് ഞാന്‍ ജിജ്ഞാസുവായി. അവളുടെ പിന്നില്‍ ചേര്‍ന്നുനില്‍ക്കുന്ന ഒരു മദ്ധ്യവയസ്‌ക്കന്റെ കൈ അവളുടെ സാരിക്കുത്തിനടിയിലൂടെ സൈ്വരവിഹാരം നടത്തുന്നു. എതിര്‍ക്കാതെ ആ തരുണീമണി സ്വര്‍ഗ്ഗലോകം കാണുകയാണ്. ബസ്സിനുള്ളിലെ ഞരമ്പുരോഗികളുടെ പ്രകടനങ്ങള്‍ കേരളക്കരയില്‍ വിവാദമാണല്ലോ ഇപ്പോഴും. എന്നാല്‍ ഞാന്‍ കണ്ട കൊല്‍ക്കൊത്ത ദൃശ്യം ആവര്‍ത്തിക്കുവാന്‍ മലയാളി വികടന്മാര്‍ക്ക് ധൈര്യമുണ്ടാകുമോ എന്നു സംശയിക്കണം.
പുതുമോടി മെട്രോയുടെ തിരപ്പുറപ്പാടോടെ കൊല്‍ക്കൊത്തയില്‍ ട്രാംകാറുകള്‍ അന്യംനിന്നു എന്ന എന്റെ ധാരണ തെറ്റി. സിറ്റിയുടെ ഹൃദയഭാഗമായ എസ്പ്ലെനേഡില്‍ ബസ്സിറങ്ങി റോഡു മുറിച്ചുകടക്കുവാന്‍ ശ്രമിക്കുമ്പോള്‍ മുന്നില്‍ ഒരു പുരാവസ്തുപോലെ ട്രാംകാര്‍ കണ്ടപ്പോള്‍ സ്വല്പം ഗൃഹാതുരത്വം അനുഭവപ്പെട്ടു. ട്രാം കാറില്‍ ചാടിക്കയറി അടുത്ത സ്റ്റോപ്പിലിറങ്ങി. ടിക്കറ്റു ചോദിക്കുവാന്‍ ആരും വന്നില്ല. ഡിസംബര്‍ മാസം കൊല്‍ക്കൊത്തയില്‍ ചെറിയ തണുപ്പുണ്ട്. കമ്പിളി വസ്ത്രമൊന്നും കരുതിയിട്ടില്ല. തെരുവുവാണിഭക്കാര്‍ വില്‍ക്കാന്‍ നിരത്തിയിരിക്കുന്നത് മിക്കവയും സ്വെറ്ററുകളും കോട്ടുകളും കൈയുറകളും.
ഒരു ഹാഫ്സ്വെറ്റര്‍ വാങ്ങാമെന്നു കരുതി, വാങ്ങിയില്ല. ഷോപ്പിംഗ് ഒക്കെ ഡാക്കയിലാകാമെന്നു കരുതി. ലോക ടെക്സ്റ്റൈല്‍ മാര്‍ക്കറ്റില്‍ ബംഗ്ലാദേശ് കാര്യമായ ഇടംപിടിച്ചിരിക്കുകയാണല്ലോ. ഇളം വെയിലില്‍ കൊല്‍ക്കൊത്ത നഗരവീഥികളിലൂടെയുള്ള നടത്തം സുഖകരമായി തോന്നി. ചരിത്രപ്രസിദ്ധമായ റൈറ്റേഴ്സ് ബില്‍ഡിംഗാണ് എന്റെ ലക്ഷ്യം. ബ്രിട്ടീഷ് ഭരണകാലം കഴിഞ്ഞ് മൂന്ന് പതിറ്റാണ്ടുകള്‍ നീണ്ട കമ്മ്യൂണിസ്റ്റ് ഭരണത്തിലും സിരാകേന്ദ്രമായിരുന്ന കെട്ടിടസമുച്ചയം. കാവി നിറക്കൂട്ടടിച്ച റൈറ്റേഴ്സ് ബില്‍ഡിംഗ് കണ്ടുപിടിക്കുക അനായാസമായിരുന്നു. കണ്ടുകഴിഞ്ഞപ്പോള്‍ നിരാശതോന്നി. യാതൊരു ആള്‍ത്തിരക്കും കണ്ടില്ല, പൊലീസ് ബന്തവസും നാമമാത്രം. പൊലീസുകാരോട് തിരക്കിയപ്പോള്‍ വിവരം കിട്ടി, റൈറ്റേഴ്സ് ബില്‍ഡിംഗ് ഇപ്പോള്‍ അറ്റകുറ്റപ്പണിയിലാണ്. മുഖ്യമന്ത്രി മമതാ ബാനര്‍ജി ആസ്ഥാനം മാറ്റിയിരിക്കുന്നു. നഗരത്തിന്റെ ആര്‍ഭാടമുഖമായ സാല്‍ട്ട്ലേക്ക് സിറ്റിയിലാണ് മുഖ്യമന്ത്രിയും പരിവാരങ്ങളും തമ്പടിച്ചിരിക്കുന്നത്. ഒരുപക്ഷേ, റൈറ്റേഴ്സ് ബില്‍ഡിംഗ് പഴയ പ്രതാപത്തിലേക്ക് ഇനി ഒരിക്കലും തിരിച്ചുവന്നെന്നിരിക്കില്ല.
സംസ്ഥാനത്തിന്റെ ലെജിസ്ലേറ്റീവ് അസംബ്ലി ഹാള്‍ കാണുക ആയിരുന്നു അടുത്ത പരിപാടി. നടക്കാവുന്ന ദൂരമാണെന്ന് പൊലീസുകാരന്‍ പറഞ്ഞെങ്കിലും യാത്ര ഓട്ടോറിക്ഷയിലാകാമെന്നു കരുതി. പണ്ടൊരുകാലത്ത് കൊല്‍ക്കൊത്തയുടെ അടയാളമായി കരുതിയിരുന്ന മനുഷ്യന്‍ വലിക്കുന്ന റിക്ഷകളൊന്നും കണ്ടില്ല. സര്‍ക്കാര്‍ ഈ അടിമവാഹനങ്ങള്‍ നിരോധിച്ചുകാണണം. പക്ഷേ, ഓട്ടോറിക്ഷകളോ ടാക്സികളോ നിരത്തുകളില്‍ കാണാത്തത് അല്‍ഭുതം ഉളവാക്കി. വീണ്ടും പൊലീസിനോട് തിരക്കിയപ്പോഴാണ് വിവരം അറിയുന്നത്. അവരൊക്കെ ആ ദിനം സമരത്തിലാണ്. ഇതു പറയുമ്പോള്‍ പൊലീസുകാരന് തികച്ചും നിസ്സംഗതാഭാവം. ഇതൊക്കെ ഈ നാട്ടില്‍ പതിവുപരിപാടിയാണെന്നുള്ള ധ്വനി. നേരത്തെ എന്നോട് അസംബ്ലിമന്ദിരത്തിലേക്ക് നടന്നുപോകുവാന്‍ അയാള്‍ ഉപദേശിച്ചത് മറ്റ് യാത്രാമാര്‍ഗ്ഗങ്ങള്‍ ഇല്ലാത്തതിനാലാണെന്ന് മനസ്സിലായി. ഏകദേശം മുക്കാല്‍ മണിക്കൂറോളം നടന്ന് ഞാന്‍ എത്തിയത് ഹൂഗ്ലി നദിക്കരയിലെ വിശാലമായൊരു മൈതാനിയിലാണ്.
.jpg?$p=11210a4&&q=0.8)
നഗരത്തിന്റെ വരദാനംപോലെ പച്ചപ്പുനിറഞ്ഞ ഈ കൊല്‍ക്കൊത്താ മൈതാനിയുടെ ഒരറ്റത്താണ് സുപ്രസിദ്ധ വിക്ടോറിയ മെമ്മോറിയലും, പോളോ ഗ്രൗണ്ടുമൊക്കെ. ഒരുകാലത്ത് പുകള്‍പെറ്റ മോഹന്‍ ബഗാന്‍ ഫുട്ബോള്‍ ക്ലബ്ബിന്റെ ആസ്ഥാനവും സ്റ്റേഡിയവും ഈ മൈതാനിയില്‍ത്തന്നെ. പാര്‍ക്കിലേക്ക് പ്രവേശിക്കുവാന്‍ അഞ്ചുരൂപാ ടിക്കറ്റെടുക്കണമെന്നറിഞ്ഞപ്പോള്‍ ഞാനൊന്നറച്ചു. ഇതേ ചാര്‍ജ്ജ് കൊടുത്താല്‍ നദിക്കക്കരെയിക്കരെ സവാരി നടത്തുന്ന ഫെറി ബോട്ടില്‍ കയറാം. ഒട്ടും മടിക്കാതെ ഞാന്‍ ബോട്ടില്‍ കയറി. നഗരത്തെ അരഞ്ഞാണം പോലെ ചുറ്റിയിരിക്കുന്ന ഈ നദിയിലൂടെയുള്ള യാത്ര അവാച്യമായി തോന്നി. ഏറെ നേരത്തെ നടത്തയ്ക്കുശേഷം ഒന്നിരിക്കുവാന്‍ സൗകര്യം കിട്ടിയതില്‍ സുഖംതോന്നി. പത്തു മിനിട്ടുകൊണ്ട് ബോട്ട് ഹൗറ ജട്ടിയിലെത്തി. ഞാനൊഴിച്ചുള്ള യാത്രക്കാരൊക്കെ ഇറങ്ങി. ബോട്ടിന്റെ മടക്കയാത്രയ്ക്കും വേണ്ടി ടിക്കറ്റെടുത്തിരുന്നത് വൃഥാവിലായി എന്നു തോന്നി. ടിക്കറ്റ് പരിശോധനക്കാരാരും ബോട്ടിലോ കരയിലിറങ്ങുമ്പോഴോ കണ്ടില്ല.
അസംബ്ലി മന്ദിരം തിരക്കി നടന്നെത്തിയത് സുപ്രസിദ്ധമായ കൊല്‍ക്കൊത്താ ഹൈക്കോര്‍ട്ടു മന്ദിരത്തിനു മുന്‍പിലാണ്. തെരുവുനിറയെ വക്കീലന്മാരുടെ പ്രളയം, വഴിവാണിഭക്കാരുടെ ഉത്സവക്കച്ചവടം. വളരെ അപൂര്‍വ്വം സ്ത്രീകളെയേ കറുത്ത ഗൗണ്‍ ധരിച്ചു കണ്ടുള്ളൂ. എന്തേ ബംഗാളി യുവതികള്‍ വക്കീല്‍പ്പണിക്ക് വിമുഖരോ? പ്രൗഢഗംഭീരമായ കോടതി സമുച്ചയം കണ്ടപ്പോള്‍ ഇന്ത്യയുടെ നീതിപീഠങ്ങളില്‍ പഴക്കം കൊണ്ടും സുപ്രധാന വിധിന്യായങ്ങള്‍ കൊണ്ടും ഖ്യാതിനേടിയ കൊല്‍ക്കൊത്ത ഹൈക്കോര്‍ട്ടിന് സുകൃതക്ഷയം ബാധിച്ചു എന്നു വിശ്വസിക്കുവാന്‍ തോന്നിയില്ല. ജഡ്ജിമാരുടെ അഴിമതിക്കഥകളില്‍ ഈ നീതിപീഠവും ഉള്‍ക്കൊണ്ടിരുന്നുവെന്നതാണ് മനസ്സിനെ മഥിച്ചത്.
കോടതിക്കുസമീപം ഉള്ള അസംബ്ലി മന്ദിരം പുറത്തുനിന്നേ കാണാനൊത്തുള്ളൂ. ഡല്‍ഹിയിലെ പാര്‍ലമെന്റ് മന്ദിരം കാണുമ്പോഴെന്നപോലെ,ജനാധിപത്യം മതമായി കാണുന്ന ഈ ലേഖകന് ഈ നിയമസഭാമന്ദിരം കണ്ടപ്പോള്‍ അഭിമാനം തോന്നി. പഴമയ്ക്കുള്ള പാവനത്വം തട്ടിത്തെറിപ്പിക്കാതെ പുതുമകള്‍കൊണ്ട് നിലനിറുത്തിയിരിക്കുന്ന കൊല്‍ക്കൊത്ത അസംബ്ലിമന്ദിരം കണ്ടപ്പോള്‍ തിരുവനന്തപുരത്തു പുതിയ നിയമസഭാ മന്ദിരനിര്‍മ്മാണത്തില്‍ അരങ്ങേറിയ വാസ്തുവിദ്യാ ആഭാസവും അഴിമതിയും ഓര്‍മ്മിച്ചു. അവിടെ ലിഫ്റ്റിന്റെ കയറുപൊട്ടി താഴേക്ക് പതിച്ച രണ്ടുമന്ത്രിമാരാണ് മരണത്തില്‍നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ടത്.
ആണ്ടില്‍ വിരലിലെണ്ണാവുന്ന ദിവസങ്ങള്‍ സമ്മേളിക്കുന്ന അസംബ്ലിമന്ദിരത്തിലെ സെന്‍ട്രല്‍ എ.സി. പ്രവര്‍ത്തിക്കുവാന്‍ തന്നെ വേണം ലക്ഷങ്ങള്‍ ദൈനംദിനം. സ്വാതന്ത്ര്യലബ്ധിക്കുമുന്‍പുതന്നെ ഭാരതത്തിലെ ആദ്യത്തെ ജനകീയ പ്രജാസമിതിക്ക് ജന്മം നല്‍കിയ ഹജൂര്‍ കച്ചേരിയിലെ അസംബ്ലി ഹാള്‍ ഭൂതകാലപ്രൗഢിയോടെ ഇന്നും നിലനില്‍ക്കുന്നു. ചില്ലറ അറ്റകുറ്റപ്പണികളും എയര്‍കണ്ടീഷന്‍ സംവിധാനവും ഒരുക്കിയാല്‍ ബ്രിട്ടീഷ് പാര്‍ലമെന്റ് സമ്മേളിക്കുന്ന ഹാളിനേക്കാള്‍ സൗകര്യപ്രദമാകും ഈ ചരിത്രപ്രസിദ്ധ നിയമസഭാഹാള്‍. ഇതെല്ലാം തമസ്‌ക്കരിച്ച് വേറൊരിടത്ത് മനം മറിക്കുന്ന രീതിയില്‍ കോണ്‍ക്രീറ്റ് സമുച്ചയം ഉണ്ടാക്കി അതിനെ മറയ്ക്കുംവിധം ഭീമാകാരമായ ആനക്കൊട്ടില്‍ മാതിരി പ്രവേശന കവാടവും ഒരുക്കിയ സര്‍ക്കാരുകളെ അപലപിക്കാതെ വയ്യ.
ഭാവിയിലൊരു സര്‍ക്കാര്‍ ഈ ആനധൂര്‍ത്ത് മനസ്സിലാക്കി ചെന്നൈയില്‍ ജയലളിത പുതുപുത്തന്‍ കോണ്‍ക്രീറ്റ് സൗധം ഉപേക്ഷിച്ച് സര്‍ക്കാര്‍ സിരാകേന്ദ്രം പഴയ ലാവണമായ ഫോര്‍ട്ട് സെന്റ് ജോര്‍ജ്ജിലേക്ക് മാറ്റിയപോലെ ഒരു നടപടി തിരുവനന്തപുരത്തും ഉണ്ടാവുമെന്ന് ആശിക്കുകയെങ്കിലും ചെയ്യാം. വികാസ് ഭവനു സമീപത്തെ അസംബ്ലിമന്ദിരം ഒരു നവീന ആതുരാലയമാകട്ടെ, പ്രത്യേകിച്ചും മദ്യപാനികള്‍ക്ക് അര്‍ഹിക്കുന്ന ചികിത്സ കിട്ടുവാന്‍ ഉതകുന്ന സ്ഥാപനം.
.jpg?$p=8a7b7b1&&q=0.8)
കേരളം നേരിടുന്ന ഒരു രൂക്ഷ മാനുഷിക പ്രശ്നത്തിന് സ്വല്പമെങ്കിലും ആശ്വാസകരമായ പ്രതിവിധി. നിരത്തിലൂടെ ബസുകള്‍ തലങ്ങും വിലങ്ങും ഓടുന്നു. എനിക്ക് തിരിച്ച് ചൗരംഗിയിലെത്തണം. ബസില്‍ കയറാന്‍ മടിച്ചു. തെറ്റിക്കയറി പരിചയമില്ലാത്തിടത്തിറങ്ങിയാല്‍ വീണ്ടും ചൗരംഗിവരെ നടക്കേണ്ട ഗതികേടു വരുത്തുന്നതിനേക്കാള്‍ നേരേ ചൗരംഗി വരെ നടക്കുകയാണ് ഭേദമെന്നു തോന്നി. നട്ടുച്ച കഴിഞ്ഞു. വെയിലിനു ചൂടേറിയിരിക്കുന്നു. മുന്നില്‍ക്കണ്ട കോട്ടവാതില്‍ കാത്ത് ഒരു നിമിഷം നിന്നു. അടുത്തു കണ്ട പഴക്കച്ചവടക്കാരനോട് തിരക്കിയപ്പോഴാണറിയുന്നത് രാജ്ഭവന്റെ മുന്നിലാണ് ഞാന്‍ നില്‍ക്കുന്നതെന്ന്. അയാളില്‍നിന്നും പത്തുരൂപയ്ക്ക് ചെത്തി അരിഞ്ഞ പപ്പായ ഉപ്പും ചേര്‍ത്ത് വാങ്ങിക്കഴിച്ച് ഞാന്‍ രാജ്ഭവനെ വലംവച്ച് നടത്തം തുടര്‍ന്നു.
കൊല്‍ക്കൊത്തയില്‍ ഒരു കാര്യം ശ്രദ്ധയില്‍ പെട്ടു. ദൈനംദിന ആവശ്യങ്ങള്‍ക്കുള്ള സാധനവില താരതമ്യേന വളരെ ഭേദപ്പെട്ടതാണ്. ചായയ്ക്ക് നാലുരൂപ. മണ്‍കപ്പില്‍ കുടിക്കണമെന്നുമാത്രം. പ്ലാസ്റ്റിക്ക് നിര്‍മാര്‍ജ്ജനത്തിന് ഇങ്ങനേയും ഒരുവഴി. അരമണിക്കൂറിലധികം നടന്നാണ് എസ്പ്ലെനേഡിലെ രാജ്ഭവന്റെ മുന്‍ഭാഗത്ത് എത്തിയത്. ടാക്സിയും ഓട്ടോറിക്ഷയുമില്ലാത്തതിനാല്‍ ഇരുപതു കിലോമീറ്റര്‍ ദൂരത്തിലുള്ള എയര്‍പോര്‍ട്ടിനു സമീപത്തെ രാജാര്‍ഹട്ടിലെ ഹോട്ടലിലെത്തുവാന്‍ ഇതുതന്നെ ശരണം.
ബസ് സ്റ്റോപ്പ് എവിടെയെന്ന് കണ്ട പൊലീസുകാരോടൊക്കെ ചോദിച്ചു മടുത്തു, പലരും പലവിധത്തില്‍ വിവരം തന്നു. അവസാനം അതിവിശാല രാജ്ഭവനെ പൂര്‍ണ്ണപ്രദക്ഷിണം വച്ച് ഞാന്‍ വീണ്ടും ആദ്യം കണ്ട പഴക്കച്ചവടക്കാരന്റെ സമീപമെത്തി. അതിനടുത്തു തന്നെയായിരുന്നു ഒരു പ്രധാന ബസ് ടെര്‍മിനല്‍. നഗരഹൃദയത്തിലുള്ള ഈ പടുകൂറ്റന്‍ ഗവര്‍ണ്ണര്‍ ഭവനം കണ്ടപ്പോള്‍ ഇതൊരു വലിയ ധൂര്‍ത്തായിതോന്നി. സംസ്ഥാന സര്‍ക്കാര്‍ പ്രതിസന്ധിയിലാകുമ്പോള്‍ മാത്രം അധികാരം കൈയ്യാളുന്ന ഗവര്‍ണര്‍മാരെ രാജകീയ പ്രൗഢിയോടെ കുടിയിരുത്തുന്നത് കോളനിഭരണത്തിന്റെ ഹാംഗ് ഓവര്‍ നിലനില്‍ക്കുന്നതുകൊണ്ടാകണം.
('മധുനായരുടെ യാത്രകള്‍' എന്ന പുസ്തകത്തിലെ 'ബംഗ്ലാദേശിലെ ടാഗോറിന്റെ ജന്മഗൃഹത്തില്‍' എന്ന ഭാഗത്തില്‍നിന്ന്)
Content Highlights: Madhu Nair, Travelogue, Book excerpt, West Bengal, Tagore, Mathrubhumi books
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..