ആരും ആര്‍ക്കും കത്തുകള്‍ എഴുതാത്ത കാലമാണ് നമ്മുടേത്. എഴുത്തുകാരിയായ അഷിത എഴുതിയ ഈ കത്തുകള്‍ വെറും സ്വകാര്യങ്ങളുടെ ശേഖരമല്ല. മറിച്ച് ജീവിതത്തിന്റെ ആഴങ്ങളിലേക്കുള്ള കാഴ്ചകളാണ്. അവരുടെ കത്തുകളുടെ സമാഹാരത്തില്‍ നിന്ന്. 

പ്രിയപ്പെട്ട ആമി ഓപ്പൂ,
ഇന്നലെ എന്നെ വിളിച്ചത് ഓര്‍ക്കാപ്പുറത്തായിരുന്നു. തിരുവനന്തപുരത്തുണ്ടെന്ന് ഞാനറിഞ്ഞതേയില്ല. കാറ്റും സൂര്യനും ഒന്നും പറഞ്ഞതുമില്ലല്ലോ! സംസാരിച്ച നേരമത്രയും പറയാത്ത ഒരു സങ്കടം ഞാന്‍ കേട്ടുകൊണ്ടിരുന്നു. അതോ എന്റെ തോന്നലോ? ഇനി ഞാന്‍ സംസാരിക്കുകയില്ലെന്നും ഒരിക്കലും ആമി ഓപ്പുവിനെ കാണാന്‍ വരില്ലെന്നും ഇങ്ങനെ മുന്‍കൂട്ടി നിശ്ചയിക്കുന്നതെന്തിനാണ്? മതം മാറുമ്പോള്‍ സൗഹൃദത്തിന്റെ മനംമാറുമോ? ആര്‍ക്കുവേണ്ടിയാണ്, എന്തിനാണ് എന്നൊന്നും ഞാന്‍ ചോദിക്കുകയില്ല. വ്യക്തിപരമായ തോന്നലുകളില്‍നിന്നാണ് വ്യക്തിപരമായ തീരുമാനങ്ങള്‍ ഉണ്ടാകുന്നത്. എനിക്ക് ചെറുപ്പമായതുകൊണ്ട് എനിക്കു മനസ്സിലാവില്ല എന്ന് ആമി ഓപ്പു പറയുന്നു.

എന്റെ ചെറുപ്പമായ ഈ ചെറിയ ജീവിതത്തിന്റെ പ്രകാശമായി വര്‍ത്തിക്കുന്നത് രണ്ടു മിന്നാമിനുങ്ങുകളാണ്. സാധനയുടെ കാലത്ത്, ഒരു ദിവസം ഗുരു പറഞ്ഞു: ''ഇനി ഞാനൊരു മിന്നാമിനുങ്ങിനെ അഷിതയ്ക്കു പരിചയപ്പെടുത്തിത്തരാം. മിന്നാമിനുങ്ങാണ് സാക്ഷാല്‍ തഥാഗതന്‍.'' വരികയും പോവുകയും ചെയ്യുന്നവന്‍. ആരാണ് തഥാഗതന്‍? വരുമെന്ന് പ്രതീക്ഷിക്കുമ്പോള്‍ അങ്ങനെ വന്നെത്തിച്ചേരുന്നവന്‍ (തഥാ+ആഗതന്‍). 'അവന്‍ പോയിമറയുമ്പോഴും തഥാഗതന്‍തന്നെ. (തഥാ+ഗതന്‍)' പകല്‍, നക്ഷത്രങ്ങളെയോ മിന്നാമിനുങ്ങുകളെയോ നാം കാണുന്നില്ല, ആമി ഓപ്പൂ. പക്ഷേ, അവ അവിടെയുണ്ട്. ഇരുട്ട് കനക്കുന്ന രാത്രികളില്‍ ഈശ്വരീയതയുടെ പ്രകാശംപോലെ അവ പ്രത്യക്ഷപ്പെടുന്നു. സ്വന്തമാക്കാനായുമ്പോള്‍ പോയിമറയുന്നു. 

അഷിതയുടെ കത്തുകള്‍ എന്ന പുസ്തകം വാങ്ങാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ആത്മീയതയുടെ തലങ്ങളിലേക്ക് ഉണരുന്നവരുടെ ജീവിതത്തിലും ഇത്തരം മിന്നാമിനുങ്ങുകള്‍ പാറിവന്നണയാറുണ്ട്. ഒരിക്കല്‍ വന്നാല്‍ ഒരുനാളും പിരിയാത്ത കൂട്ടുകാരായി അവര്‍ വര്‍ത്തിക്കുന്നു. ശ്രീരാമകൃഷ്ണന്‍ അങ്ങനെ ഒരാളാണ്.-അങ്ങനെയാണ് ഞാനാദ്യമായി ശ്രീരാമകൃഷ്ണവചനാമൃതം വായിക്കാനിടയായത്. പിന്നീട്, അതിലെ ഒരു വചനമോ വാക്കോ സ്മരിക്കാത്ത ഒരു നാളുപോലും ഇന്നേവരെ കടന്നുപോയിട്ടില്ല. ഇന്നും നിരാശയുടെ ഗര്‍ത്തത്തില്‍ വീണുഴറുമ്പോഴോ, ഒരു പ്രിയസുഹൃത്തിന്റെ മുഖം-ആമി ഓപ്പുവിനെപ്പോലൊരു പ്രിയസുഹൃത്തിന്റെ-വാടുമ്പോഴോ ഹൃദയം ഉദാസീനമാകുമ്പോഴോ ഞാന്‍ ശ്രീരാമകൃഷ്ണനെ തേടിച്ചെല്ലുന്നു. 

ashitayude kathukalഒരു വാക്കോ വരിയോ സാന്ത്വനമായി ലഭിക്കാതെ വന്നിട്ടില്ല. അതു മതി പ്രക്ഷുബ്ധതകള്‍ ശാന്തമാകാന്‍. കൊടുങ്കാറ്റുകള്‍ ഇളംകാറ്റായി അടങ്ങാന്‍. ഒരു കൈ നെഞ്ചില്‍ ചേര്‍ത്ത് അദ്ദേഹം ചൊരിയുന്ന അമൃതവാണിയില്‍ ശമിക്കാത്ത ജ്ഞാനതൃഷ്ണയില്ല. ശ്രീരാമകൃഷ്ണന്‍ ഹൃദ്യമായ അനുഭവമാണെങ്കില്‍, വശ്യമായ അനുഭവമാണ് റൂമി. റൂമിയുടെ-മൗലാനാ ജലാലുദ്ദീന്‍ റൂമിയുടെ-മസ്‌നവി എത്ര വായിച്ചാലും മതിവരികയില്ല.ശ്രീരാമകൃഷ്ണനോടൊപ്പം ജലാലുദ്ദീന്‍ റൂമിയും എന്റെ ഹൃദയം പകുത്തെടുത്തിരിക്കുന്നു. ജലാലുദ്ദീന്‍ റൂമിയെ ഒരു പേര്‍ഷ്യന്‍ കവിയോ സൂഫിയോ ഒന്നുമായിട്ടല്ല ഞാനറിയുന്നത്- എനിക്കു റൂമി എന്റെ മനസ്സിന്റെ പ്രകാശംതന്നെയാണ്. മസ്‌നവിയിലെ വാച്യാര്‍ഥങ്ങളും അവാച്യമായ ധ്വനികളും എന്റെ ഹൃദയത്തെ ധ്യാനനിരതമാക്കുന്നു. അദ്ദേഹത്തിന്റെ കവിത കിനിയുന്ന ഈ വരികള്‍ ഒന്നു കേട്ടുനോക്കുക.

'എന്റെ പുല്ലാങ്കുഴലിന്റെ നാദം ആഗ്‌നേയമാണ്. അല്ലാതെ അതു വെറും പ്രാണനല്ല. ആരിലാണ് ഈ തീനാളം ഇല്ലാത്തത്! ആ തീ ഉള്ളിലുണരുന്നില്ലെങ്കില്‍ പിന്നെ എന്തിന് ജീവിക്കുന്നു? പുല്ലാങ്കുഴലില്‍ വിങ്ങിവിങ്ങി നില്ക്കുന്നതും ആളിക്കത്തുന്നതും പ്രേമത്തിന്റെ തീയാണ്. വീഞ്ഞില്‍ നിറഞ്ഞുനില്ക്കുന്നതും ആ ഊഷ്മളതതന്നെ. ആത്മതോഴനെ പിരിഞ്ഞിരിക്കുന്നവര്‍ക്കെല്ലാം ഉറ്റതോഴനായിരിക്കുന്നത് പുല്ലാങ്കുഴലാണ്. മജ്നുവിന്റെ ഹൃദയം നുറുങ്ങുന്ന അനുരാഗകദനം ഇതിനെക്കാള്‍ വാചാലമായി ആര്‍ക്ക് പാടാന്‍ കഴിയും? വേറെ ആരിലുണ്ട് ഇത്രയ്ക്ക് ആഴത്തില്‍ പുല്കുവാനുള്ള ഭാവുകത്വം?' (വിവര്‍ത്തനം: ഗുരു നിത്യചൈതന്യയതി.)

അഷിതയുടെ പുസ്തകങ്ങള്‍ വാങ്ങാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഇവരുടെ വചനാമൃതവും കവിതയും കേള്‍ക്കുമ്പോള്‍ ഞാന്‍ സംശയിക്കാറുണ്ട്- ഇവര്‍ മനുഷ്യരോ അതോ ദേവന്മാരോ? അവര്‍ മനുഷ്യര്‍തന്നെയാണ് ആമി ഓപ്പൂ. പക്ഷേ, പൂര്‍ണത തേടിയവരും നേടിയവരും. ഇവരാരും മതത്തെയല്ല ഉയര്‍ത്തിപ്പിടിക്കുന്നത്, ഈശ്വരീയതയെയാണ്.

മതപരിവര്‍ത്തനത്തിന്റെ ഉന്മാദപ്രലപനങ്ങളും ചേഷ്ടകളും മലീമസമാക്കുന്ന ഓരോ ദിവസമണയുമ്പോഴും ഞാന്‍, ഈ മിന്നാമിനുങ്ങുകളെ തേടിച്ചെല്ലുന്നു. അവരുടെ അരികിലിരിക്കുമ്പോള്‍ മതങ്ങളുടെ ഏകത ഞാന്‍ അറിയുന്നു. അവര്‍ കരുണയോടെ ഇല്ലിധം പറയുന്നതായും തോന്നുന്നു. മതമെന്നത് വെറുമൊരു ഊന്നുവടി മാത്രമാണ്. ഊന്നുവടി മാറ്റുന്നതുകൊണ്ട് ഒരുവന്റെ സായാഹ്നസവാരിക്ക് പ്രത്യേകിച്ച് ഒരഴകോ ഗാംഭീര്യമോ കൈവരുന്നില്ല. സ്വന്തം കാലുകളില്‍ നില്ക്കാന്‍ ശേഷിയുള്ളവനാകട്ടെ, ഊന്നുവടി ഒരു അസൗകര്യവുമാണ്. പരിവര്‍ത്തനം എന്നു പറയുന്നത് കേവലം ബാഹ്യമാണ്, ജഡത്തിനെ സംബന്ധിച്ചതുമാണ്.
പരിണാമമാണ് സംഭവിക്കേണ്ടത്. അതു സംഭവിക്കേണ്ടതാവട്ടെ, ചിത്തത്തിലുമാണ്.
മറ്റൊന്നുമില്ല പറയാന്‍.
സസ്‌നേഹം
അഷിത

content highlights : madhavikutty, ashitha, ashitayude kathukal, madhavikutty books, ashitha books, malayalam books