ഇല്ലത്താരും വാസനാസോപ്പ് കണ്ടിട്ടില്ല, വാല്യക്കാരി സമ്മാനിച്ച ആ പച്ച സോപ്പ് ഒന്ന് തൊട്ട് കുളിച്ചു...


മാധവൻ പുറച്ചേരി

അന്തപ്പുരങ്ങളിലെ സ്ത്രീകളുടെ കണ്ണീര്‍പ്രവാഹം ഒന്നിച്ചുചേര്‍ന്ന് ഒഴുകിയിരുന്നുവെങ്കില്‍ കേരളം പണ്ടേ കടലെടുക്കുമായിരുന്നു. വലിയ കെട്ടിടങ്ങളും കുളവും കിണറും കുറച്ച് പറമ്പും കാണുമ്പോഴുള്ള ചിത്രമല്ല അകത്തുണ്ടായിരുന്നത്

അമ്മയുടെ ഓർമ്മപ്പുസ്തകം

സ്വന്തം അമ്മയുടെ അക്ഷയവും സമ്പന്നവുമായ അനുഭവശേഖരത്തില്‍ നിന്നും ഗതകാലസ്മൃതികളെ തിളക്കത്തോടെ അവതരിപ്പിക്കുകയാണ് മാധവന്‍
പുറച്ചേരി. നമ്പൂതിരി ഗേഹങ്ങളിലെ കഷ്ടതകള്‍ ഒന്നായി ഏറ്റുവാങ്ങാന്‍ വിധിക്കപ്പെട്ട പോയകാലത്തെ സ്ത്രീകളുടെ പ്രതിനിധിയാണ് മാധവന്‍ പുറച്ചേരിയുടെ അമ്മ ഗംഗ അന്തര്‍ജനം. തന്റെ അമ്മയുടെ ജീവിതം പകര്‍ത്തുന്ന മകന്‍ മാത്രമല്ല, കെട്ടകാലത്തിന് സാക്ഷിയായ സ്ത്രീയ്ക്കുവേണ്ടി പേന ചലിപ്പിച്ച എഴുത്തുകാരന്‍ കൂടിയായി മാറുന്നു മാധവന്‍ പുറച്ചേരി. മാതൃഭൂമി ബുക്‌സ് പ്രസിദ്ധീകരിച്ച അദ്ദേഹത്തിന്റെ 'അമ്മയുടെ ഓര്‍മ്മപ്പുസ്തക'ത്തില്‍ നിന്നും പ്രസക്തമായ ഒരു ഭാഗം വായിക്കാം.

വേദപണ്ഡിതനായ പരമേശ്വരന്‍ നമ്പൂതിരിയുടെ നാലാമത്തെ വേളിയിലാണ് അമ്മയുണ്ടാകുന്നത്. മുത്തശ്ശിക്ക് ഇരുപത്തിമൂന്നു വയസ്സും മുത്തശ്ശന് അറുപത്തിയൊന്‍പതു വയസ്സും. അന്നത് സാധാരണമായിരുന്നു. കോറോത്ത് മരങ്ങാട്ടില്ലം അന്ന് സാമ്പത്തികമായി പ്രയാസമനുഭവിക്കുന്നുണ്ടായിരുന്നു. ഒരാണ്‍തരിയും അഞ്ചു പെണ്‍കുട്ടികളും. പെരുംകടത്തിന്റെ പിടിയിലുമായിരുന്നു. പെണ്‍കൊട എന്നത് വലിയ പ്രയാസവും. വലിയ തോതില്‍ വിവാഹം നടത്താന്‍ പറ്റാത്തതിനാല്‍ ഉപായത്തിലാണ് വേളി നടന്നത്. മംഗല്യയോഗം എന്നത് പെണ്‍കുട്ടിമാര്‍ക്ക് അത്രയെളുപ്പമായിരുന്നില്ല. മൂത്തയാള്‍ മാത്രമാണ് അക്കാലത്ത് സ്വസമുദായത്തില്‍നിന്ന് പെണ്‍കുട്ടികളെ സ്വീകരിക്കുന്നത്. വരന്റെ പ്രായം അന്ന് ചര്‍ച്ച ചെയ്യാറേയില്ല. മംഗല്യഭാഗ്യം സിദ്ധിക്കുക, താലിച്ചരട് കഴുത്തിലുണ്ടാവുക, പുത്രലാഭമുണ്ടാകുക എന്നതിനപ്പുറം എന്തെങ്കിലും പെണ്‍ജീവിതത്തില്‍ സംഭവിക്കുക അസാദ്ധ്യം.

അഞ്ചു കൊല്ലം മാത്രമേ ആ ദാമ്പത്യത്തിനായുസ്സുണ്ടായുള്ളൂ. അമ്മയ്ക്ക് രണ്ടു വയസ്സാകുംമുമ്പുള്ള മുത്തശ്ശന്റെ മരണം നല്‍കിയ വൈധവ്യം കരുത്തോടെ നേരിടുന്നതില്‍ അസാമാന്യധൈര്യമാണ് മുത്തശ്ശി പ്രകടിപ്പിച്ചത്. ഏത് വേദനയും ഉള്ളിലടക്കി നിശ്ചയദാര്‍ഢ്യത്തോടെ പെരുമാറും. രണ്ടു മക്കളെ വളര്‍ത്തിക്കൊണ്ടുവരാന്‍ അവരന്ന് പാടുപെട്ടു. അഞ്ചാറ് ആടിനെ വളര്‍ത്തി പാല് വിറ്റും പലേതരത്തിലുള്ള കഷ്ടനഷ്ടങ്ങളനുഭവിച്ചും കപ്പല്‍ച്ചേതത്തിലകപ്പെട്ടിട്ടും കരയ്ക്കെത്തിച്ച നാവികനെപ്പോലെ അവര്‍ മുന്നോട്ടു പോയി.

മുത്തശ്ശിയെ തെറ്റിദ്ധരിപ്പിക്കാനാര്‍ക്കുമാകില്ല. ആരു പറയുന്നതും ശ്രദ്ധാപൂര്‍വ്വം കേള്‍ക്കും. പിന്നീട് നിജസ്ഥിതി ബന്ധപ്പെട്ടവരുമായി ചോദിച്ചു മനസ്സിലാക്കും. പിന്നീട് ഉറച്ച തീരുമാനമെടുക്കും. കാറ്റും കോളും വന്നാലും കണ്ണീര്‍ പുറത്തു കാണിക്കാതെ ഒരു നില്‍പ്പുണ്ട്. പിന്നീട് ഒറ്റയ്ക്കിരുന്ന് കരയുന്നുണ്ടാവും. മകന് ഉപന്യം കഴിഞ്ഞപ്പോള്‍തൊട്ട് ശാന്തിക്കു പോകാന്‍ തുടങ്ങി. പിടിച്ചുനില്‍ക്കാനുള്ള ഗതിയാകാന്‍ തുടങ്ങി. എങ്കിലും ഒരു വിധവയുടെ ജീവിതത്തിന്റെ വഴിത്താരകള്‍ കഠിനമായിരിക്കും. അവളെ വീണ്ടെടുക്കാനൊന്നുമാവില്ലെങ്കിലും പിടിച്ചുനില്‍ക്കുകയാണ് പ്രധാനം. ചുറ്റിലുമുള്ളവരെക്കാള്‍ അദൃശ്യരായ പിതൃക്കളും പരദേവതമാരുമാണ് ആത്മബലം നല്‍കിയിട്ടുണ്ടാവുക.

അന്തപ്പുരങ്ങളിലെ സ്ത്രീകളുടെ കണ്ണീര്‍പ്രവാഹം ഒന്നിച്ചുചേര്‍ന്ന് ഒഴുകിയിരുന്നുവെങ്കില്‍ കേരളം പണ്ടേ കടലെടുക്കുമായിരുന്നു. വലിയ കെട്ടിടങ്ങളും കുളവും കിണറും കുറച്ച് പറമ്പും കാണുമ്പോഴുള്ള ചിത്രമല്ല അകത്തുണ്ടായിരുന്നത്. സമ്പന്നരായ കുറച്ചുപേര്‍ തീര്‍ച്ചയായുമുണ്ടായിരുന്നു. അത്തരം ഇല്ലങ്ങളിലും പെണ്ണുങ്ങളുടെ ജീവിതത്തിന് നാഴികമണിയെപ്പോലുള്ള സ്ഥിരം കറക്കമേ സാദ്ധ്യമാവുമായിരുന്നുള്ളൂ. മൂന്നുനേരം ഭക്ഷണം മുടങ്ങില്ല എന്നുമാത്രം. വര്‍ഷാവര്‍ഷം പ്രസവിക്കുകയുമാവാം.

ദേവകി അന്തര്‍ജ്ജനവും തന്റെ പറക്കമുറ്റാത്ത കുഞ്ഞുങ്ങളെ വളര്‍ത്തിയെടുക്കുന്നതില്‍ മാത്രം സംതൃപ്തയായി. മകള്‍ വളര്‍ന്നുവരുമ്പോള്‍ ഏതമ്മയുടെ ഉള്ളവും ഭയങ്ങളാല്‍ നിറയും. ഒരു വിധവയുടെ കാര്യം പറയാനുമില്ല. പതിനാറു വയസ്സായതുതൊട്ട് അമ്മ സോമവാരവ്രതം തുടങ്ങിയിരുന്നു.
തിങ്കളില്‍ തിങ്കളിങ്ങാദ്യേ വരുന്നോരു
തിങ്കളാഴ്ചയ്ക്ക് മഹത്ത്വമുണ്ടോര്‍ക്കുക
സോമചൂഡപ്രസാദത്തിന് കാരണം
സോമവാരവ്രതം ചെയ്യേണമാദരാല്‍
എന്ന മാഹാത്മ്യം ഉള്‍ക്കൊണ്ട് അമ്മയും തിങ്കളാഴ്ചനോയമ്പ് തുടങ്ങി. ആദ്യത്തെ തിങ്കളാഴ്ചയാണ് ഉത്തമം. അന്ന് അശുദ്ധിബാധിച്ചിരിക്കുകയാണെങ്കില്‍ രണ്ടാമത്തെ തിങ്കളാഴ്ചവ്രതമെടുക്കും. മൂന്നാമത്തെ തിങ്കളാഴ്ച പൊതുവേ പതിവില്ല. പകല്‍ മുഴുവന്‍ അന്നപാനാദികളില്ലാതെ നാമജപവും കീര്‍ത്തനങ്ങളുമായി കഴിച്ചുകൂട്ടും. സന്ധ്യയ്ക്ക് വല്യേട്ടന്‍ നേദ്യവും പായസവും ശിവന് നേദിക്കും. ശിവപൂജ കഴിഞ്ഞാല്‍ ഭക്ഷണം കഴിക്കാം. 18 നോയമ്പ് നോല്‍ക്കണം. അതിനിടയില്‍ മംഗല്യയോഗമുണ്ടായാല്‍ വ്രതം നിര്‍ത്താം. വേളിക്കു മുമ്പുള്ള തിങ്കളാഴ്ചവ്രതമെടുത്ത് സന്ധ്യയ്ക്ക് ബ്രാഹ്‌മണരെ കാല്‍കഴിച്ചൂട്ടിയാണ് പര്യവസാനം. കഴുത്തിലെ താലിച്ചരടിന്റെ ബലമാണ് ഒരു നമ്പൂതിരിസ്ത്രീജന്മത്തിന്റെ ഏക പിടിവള്ളി. മംഗല്യയോഗമില്ലാതെ എടുക്കാച്ചരക്കായി മൂത്തുനരച്ച സ്ത്രീകളുടെ ചുടുനെടുവീര്‍പ്പുകള്‍ എത്രയെത്ര നാലുകെട്ടുകളെ ചുട്ടുപൊള്ളിച്ചിട്ടുണ്ടാകും.

വിവാഹാലോചനകള്‍ ചുറ്റിലും നടക്കുന്നതൊന്നും അവളറിയുന്നുണ്ടായിരുന്നില്ല. എന്നല്ല, അത്തരം കാര്യങ്ങള്‍ അവളില്‍നിന്ന് മറച്ചുപിടിക്കാറാണ് പതിവ്. അവളെ ഒരാളുടെ കൈയില്‍ ഏല്‍പ്പിച്ചുകൊടുത്തിട്ട് കണ്ണടയണമേ എന്നാണ്അച്ഛനമ്മമാരുടെ അക്കാലത്തെ പ്രാര്‍ത്ഥന. അക്കാലത്തെ ഇല്ലങ്ങളിലെല്ലാം, പ്രതികളെ പോലീസുകാര്‍ ജയിലിലേക്ക് കൈമാറുമ്പോലെയുള്ള ചടങ്ങാണ് വേളി. ഗംഗയുടെ വേളിയാലോചനയ്ക്കും ഒരു കുറവുമുണ്ടായിരുന്നില്ല. കാലിന് ഒരു മുടന്തുണ്ടെന്നതൊഴിച്ചാല്‍ സുന്ദരിയാണവള്‍. ആദ്യവേളിക്കാരന്‍ തൊട്ട് വേളി ആഘോഷമാക്കിയവര്‍വരെ ആലോചിക്കുന്നുണ്ട്.
മാസത്തിലെ മൂന്നാമത്തെ തിങ്കളാഴ്ചനോയമ്പ് നോല്‍ക്കാന്‍ വല്യേട്ടന്‍ പറഞ്ഞപ്പോഴേ കാര്യം പന്തിയല്ലെന്നു തോന്നിത്തുടങ്ങിയിരുന്നു. മൂന്നാമത്തെ തിങ്കളാഴ്ച പൊതുവേ പതിവില്ലാത്തതാണ്. 'വല്യേട്ടാ, മൂന്നാമത്തെ തിങ്കളാഴ്ചയല്ലേ' എന്ന് ചോദിച്ചപ്പോള്‍ പറഞ്ഞതുകേട്ടാല്‍ മതിയെന്ന് സങ്കടത്തോടെയാണ് പറഞ്ഞത്. 'മോളേ, നിനക്ക് നല്ലതുവരുന്നതേ ചെയ്യുകയുള്ളൂ' എന്ന് സമാധാനിപ്പിക്കുകയും ചെയ്തു. മുത്തശ്ശിയും എന്തോ മറച്ചുവെക്കുന്നുണ്ടായിരുന്നു. ഈശ്വരസേവയായതിനാല്‍ മറുത്തൊന്നും പറയാനുമാവില്ല. തിങ്കളാഴ്ചവ്രതമെടുത്തു. ഇത് തന്റെ അവസാനസോമവാരവ്രതമാണെന്ന് ആ സാധു അറിഞ്ഞിട്ടേയില്ല.

സന്ധ്യയ്ക്ക് കാല്‍കഴിച്ചൂട്ടുമ്പോള്‍ തന്റെ പുറത്തു തൊടാന്‍ വല്യേട്ടന്‍ ആവശ്യപ്പെട്ടു. വയസ്സറിയിച്ചപ്പോള്‍ മുതല്‍ ഇനി തൊടാന്‍ പാടില്ലെന്ന് പറഞ്ഞ അതേ വല്യേട്ടനാണ് പുറം തൊടാന്‍ പറയുന്നത്. ബ്രാഹ്‌മണരെ കാല്‍ കഴുകിക്കുമ്പോള്‍ ആര്‍ക്കുവേണ്ടിയാണോ ശിവപൂജ കഴിക്കുന്നത് അവര്‍ രക്ഷിതാവിന്റെ പുറം തൊടണമെന്നാണ് ചടങ്ങ്. ഗൃഹാന്തരീക്ഷത്തില്‍ ചില ചില മാറ്റങ്ങള്‍ വന്നുതുടങ്ങിയിട്ടുണ്ട്. രണ്ട് ഏട്ടന്മാരും തിരക്കുകളിലായി. അവളുടെ വേളിക്കാര്യം തീരുമാനമായെന്ന് അറിയാത്ത ഒരേയൊരാള്‍ അവള്‍ മാത്രമായിരുന്നു.

തൊട്ടടുത്ത പറമ്പിലാണ് സ്വന്തം ക്ഷേത്രമുള്ളത്. വയസ്സറിയിച്ചതുതൊട്ട് കൃഷ്ണസ്വാമിയെ തൊഴുതിട്ടില്ല. ഒരു ദിവസം രാവിലെ അമ്പലത്തില്‍ പോയി തൊഴാന്‍ ആവശ്യപ്പെട്ടു. ഏച്ചിയോടൊപ്പം ഇല്ലത്തിന്റെ വടക്കേപ്പറമ്പിലെ അമ്പലത്തിലേക്ക് അവള്‍ ആനയിക്കപ്പെട്ടു. ഒരു മറക്കുട അവള്‍ക്കായി കാത്തുനില്‍ക്കുന്നുണ്ടായിരുന്നു. അപായസൂചന തിരിച്ചറിഞ്ഞതുമുതല്‍ അമ്മ കരയാന്‍ തുടങ്ങി. അമ്മയും ഏട്ടന്മാരും പലവട്ടം സമാധാനിപ്പിച്ചു. നിനക്കു നല്ലതു വരാനുള്ള തീരുമാനമാണെന്ന് പറഞ്ഞു. ഭക്ഷണം ഉപേക്ഷിച്ച് അമ്മ കരച്ചില്‍ തുടര്‍ന്നു. അമ്മാവന്‍ കോറോത്തുനിന്നു വന്ന് വാത്സല്യത്തോടെ സമാശ്വസിപ്പിച്ചു. ഞാന്‍ എല്ലാം അന്വേഷിച്ചതാണെന്ന് പലവട്ടം പറഞ്ഞു. ഇല്ലത്തെ പെണ്‍കിടാങ്ങളുടെ പാരതന്ത്ര്യത്തിന്റെ ആഴം മുഴുവന്‍ ഒരു മറക്കുട അവള്‍ക്ക് കാട്ടിക്കൊടുത്തിട്ടുണ്ടാവണം.

ചെറിയയും പാര്‍തിയും

ഇല്ലങ്ങളിലെ ദൈനംദിനജീവിതത്തിന്റെ ഭാഗമാണ് ദാസികളായ പെണ്ണുങ്ങള്‍. വാല്യക്കാരത്തി, തുണക്കാരത്തി തുടങ്ങി ആവശ്യാനുസരണം ഇവര്‍ പല പേരുകളില്‍ വിളിക്കപ്പെടും. ഇല്ലങ്ങളിലുള്ളവര്‍ക്ക് വിളിക്കാനുള്ള ഏതെങ്കിലും ഒരു പേരു വേണമെന്നു മാത്രം. എണ്‍പതു കഴിഞ്ഞ വൃദ്ധയായാലും അഞ്ചുവയസ്സുള്ള ഇല്ലത്തെ കുട്ടികള്‍പോലും അവരുടെ പേരാണ് വിളിക്കുക. ഏത് ദരിദ്രയില്ലത്തിനുപോലും ഇവരില്ലെങ്കില്‍ ദൈനംദിനകാര്യങ്ങള്‍ ഒരിഞ്ച് മുന്നോട്ടുപോകാനാകില്ല. അന്തര്‍ജ്ജനങ്ങള്‍ക്ക് പുറത്തിറങ്ങണമെങ്കില്‍ ഇവര്‍ വേണം. എല്ലാ ദിവസം മുറ്റമടിച്ച് ചാണകവെള്ളം തളിക്കും. തലേന്നത്തെ പാത്രങ്ങള്‍ വൃത്തിയില്‍ കഴുകിക്കമിഴ്ത്തി വെക്കുക, ഇടയ്ക്കിടെ ഇല്ലം മുഴുവന്‍ ചാണകം തേച്ച് മിനുക്കുക, രാത്രി അന്തര്‍ജ്ജനങ്ങള്‍ മാത്രമേയുള്ളൂവെങ്കില്‍ കൂട്ടുകിടക്കുക. ഇങ്ങനെ പത്തോ പതിനഞ്ചോ പുറത്തിലെഴുതിയാലും അവരുടെ ജോലികള്‍ തീരുമെന്ന് തോന്നുന്നില്ല. സ്വന്തം കൂരയില്‍ കിടന്നുറങ്ങാന്‍ അപൂര്‍വ്വമായേ ഇവര്‍ക്കാവൂ. ഇല്ലത്തെ കാര്യത്തിനുശേഷമുള്ള ജീവിതമേ ഇവര്‍ക്ക് വിധിച്ചിട്ടുള്ളൂ. കൊടിയദാരിദ്ര്യവും പട്ടിണിയുംകൊണ്ട് ആശ്രയിച്ച് ജീവിക്കുന്നവരുടെ എല്ലാ പങ്കപ്പാടും ഇവര്‍ക്കൊപ്പമുണ്ടാവും. ഇല്ലത്തെ ഇന്നലത്തെ ഭക്ഷണത്തിന്റെ ബാക്കി, സദ്യയ്ക്കു പോയാല്‍ അന്തര്‍ജ്ജനം ഉണ്ട ഇലയില്‍ കുറച്ചധികം ചോറ് കരുതിയത് അഥവാ എച്ചില്‍, മാസാമാസം നല്‍കുന്ന ചെറിയ വേതനം ഇതെല്ലമാണ് ഇവര്‍ക്ക് കിട്ടുന്ന കാരുണ്യം. മനസ്സും ശരീരവും ഇല്ലങ്ങള്‍ക്കര്‍പ്പിച്ച് മരിച്ചുപോകുന്ന പാവങ്ങള്‍!

ഇവരിലൂടെയാണ് ലോകഗതി പതുക്കപ്പതുക്കെ ഇല്ലങ്ങളുടെ അകത്തളങ്ങളിലേക്ക് പ്രവേശിക്കുന്നത്. ജനനമരണങ്ങള്‍, പിഴച്ച പെണ്ണുങ്ങളുടെ കഥകള്‍, യക്ഷിക്കഥകള്‍ തുടങ്ങി അന്തര്‍ജ്ജനങ്ങളുടെ ലോകവിവരത്തിന്, അങ്ങനെയൊന്നുണ്ടെങ്കില്‍ അതിന് പ്രേരകമാവുന്നത് വാല്യക്കാരത്തികളാണ്.
ചെറിയയും മകളായ പാര്‍തിയുമാണ് രാമക്കാട്ടില്ലത്തെ ദാസികള്‍. ചെറിയ ചാവുമ്പം എണ്‍പതു വയസ്സായിട്ടുണ്ടാവും. ചെറിയ ചത്തു എന്നേ അക്കാലത്ത് ആരും പറയുകയുള്ളൂ. അവര്‍ക്ക് ഇല്ലത്തോടു ചേര്‍ന്നല്ലാതെ ഒരസ്തിത്വമില്ല. ഒരായുസ്സ് മുഴുവന്‍ അന്തര്‍ജ്ജനങ്ങള്‍ക്കും പെണ്‍കിടാങ്ങള്‍ക്കുമിടയില്‍ ജീവിച്ചത്ര സമയത്തിന്റെ ആയിരത്തിലൊരംശം സ്വന്തം കുട്ടികള്‍ക്കു നല്‍കാന്‍ ആ നിര്‍ഭാഗ്യജന്മങ്ങള്‍ക്ക് അര്‍ഹതയില്ല. അവര്‍ക്കും ഒരു ഭര്‍ത്താവുണ്ടായിരിക്കും. അയാള്‍ മിക്കവാറും മുഴുക്കുടിയനായിരിക്കും. അയാള്‍ക്ക് തന്റെ പ്രിയപ്പെട്ടവളുടെ സാമീപ്യം അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമായേ ലഭിക്കുകയുള്ളൂ. അയാള്‍ മദ്യപാനിയായില്ലെങ്കിലേ അദ്ഭുതമുള്ളൂ.

പുറംലോകത്തിന്റെ മിടിപ്പ് കൃത്യമായി അറിയുന്നവര്‍ വാല്യക്കാരത്തികളാണ്. ചെറിയയ്ക്കും പാര്‍തിക്കും അമ്മയോടുള്ള സ്നേഹവായ്പിന്റെ കഥകളൊരുപാടുണ്ട്. ഇല്ലത്തെ പെണ്‍കുട്ടികളുടെ ജീവിതത്തിന്റെ ദയനീയത ഇവരോളം ആ ഇല്ലത്തെ ആണുങ്ങള്‍പോലുമറിയില്ല. അന്തര്‍ജ്ജനം പെറ്റാല്‍ ഇവരുടെ ജോലിഭാരം കൂടി. പെറ്റോളെ കുളിപ്പിക്കാന്‍ ഓലകൊണ്ട് മറയുണ്ടാക്കല്‍തൊട്ട് വേതുവെള്ളം വെച്ച് കുളിപ്പിക്കല്‍വരെ ഇവരുടെ ചുമതലയാണ്. അധികഭാരത്തിന്റെ ആലസ്യത്താല്‍ കൂനിക്കൂടി നടന്നുപോകുന്ന എത്രയെത്ര പെണ്ണുങ്ങളാണ് മുതലായവര്‍ എന്ന വിശാലഗണത്തില്‍ മാത്രം എണ്ണപ്പെടുന്നുണ്ടാവുക.

പാര്‍തിയാണ് അമ്മയുടെ ഇഷ്ടക്കാരി. ആറ് ആണ്‍മക്കളും ഒരു പെണ്ണുമുണ്ടവര്‍ക്ക്. കൃഷ്ണന്‍ എന്ന കിട്ടന്‍ അമ്മയുടെ ഒപ്പം പഠിച്ചതാണ്. രാവിലെ മുറ്റമടിക്കാന്‍ വരുമ്പോള്‍ കിട്ടനെയും അനിയന്‍ കുഞ്ഞപ്പനെയും മകള്‍ നാരായണിയെയും കൂട്ടും. ഒരു ദോശ നാലാക്കി മുറിച്ച് അവര്‍ക്ക് കിട്ടും. അതിനാണ് കുട്ടികളുടെ വരവ്. പത്തുപന്ത്രണ്ട് വയസ്സായതുതൊട്ട് കിട്ടന്‍ കല്ലിന്റെ പണിക്കു പോകാന്‍ തുടങ്ങി. അതോടെ ആ കുടുംബത്തിന് ആശ്വാസമായി. ഇല്ലത്തെ ദാസിയാവുകയെന്ന പരമപദവിയില്‍ പാര്‍തി തുടരുന്നുമുണ്ട്.

പാര്‍തിയെക്കുറിച്ച് പറയുമ്പോള്‍ത്തന്നെ അമ്മയുടെ കണ്ണുനിറയും. ഒരു കൂട്ടുകാരിയുടെ റോളുംകൂടി അവര്‍ക്കുണ്ടായിരുന്നു. കിട്ടന്‍ വാങ്ങിയ വാസനാസോപ്പ് കവര്‍പോലും പൊളിക്കാതെ അമ്മയ്ക്കാണ് പാര്‍തി സമ്മാനിച്ചത്. പച്ചനിറമുള്ള ആ സോപ്പ് മുത്തശ്ശി മണത്തതല്ലാതെ ഉപയോഗിച്ചതേയില്ല. അമ്മ സോപ്പ് പേരിന് ഒന്ന് തൊട്ട് കുളിക്കാറേയുള്ളൂ. വിവരണത്തില്‍നിന്ന് ചന്ദ്രികാസോപ്പാണെന്നു തോന്നുന്നു. അലക്കുന്ന സോപ്പല്ലാതെ ഇല്ലത്താരും ഇത്ര വാസനാസോപ്പ് കണ്ടിട്ടില്ല. തോട്ടത്തിലെ ദേവി ആ സോപ്പ് കാണാനും മണക്കാനുമായി പലവട്ടം വന്നിട്ടുണ്ട്. ദാസിയുടെ മകന്‍ വാങ്ങിയ സോപ്പിന്റെ മണം പുറംലോകത്തിന്റെ മാറ്റത്തെക്കൂടി ഇരുട്ടറകളിലേക്ക് കടത്തിവിട്ടിട്ടുണ്ടാവും. അഞ്ചു മാസം ആ ഒരു സോപ്പുപയോഗിച്ചു. പിന്നീട് കുറെ മാസം കഴിഞ്ഞപ്പോള്‍ പാര്‍തിയുടെ വാത്സല്യം വീണ്ടും അകത്തളങ്ങളെ വാസനിപ്പിച്ചു. ആദ്യമായി സോപ്പു തേച്ച് കുളിച്ചതിന്റെ ഓര്‍മ്മകള്‍ക്കുപോലും നല്ല മണമുണ്ടാവും. ജീവിതകാലം മുഴുവന്‍ ചില ഗന്ധങ്ങള്‍ നമ്മോട് വിടപറയാതിരിക്കും. സ്വന്തം ശരീരത്തിനു വന്ന പുതുമണം എത്രവട്ടം ആഹ്ലാദത്തോടെ ആസ്വദിച്ചിട്ടുണ്ടാകും. പൂരത്തിന് കുപ്പിവളകള്‍ വാങ്ങിക്കൊണ്ടുവരേണ്ട ചുമതലയും പാര്‍തിക്കുതന്നെ. പാര്‍തിയുടെ ചുമതലകള്‍ കൂടിക്കൊണ്ടിരിക്കും. അവളുടെ ജന്മംതന്നെ അധികഭാരം വഹിക്കാനുള്ളതാണ്. രാത്രി കൂട്ടുകിടക്കാന്‍ വരുന്ന പാര്‍തി ഒരു പാട്ടുകാരികൂടിയാകും.
കാട്ടിലേക്കച്യുതാ നിന്റെ കൂടെ
കൂട്ടിനായി പോരട്ടെ കൊച്ചുരാധ
താമരത്താരൊത്ത കാലില്‍ കൊള്ളും
കാരയും കള്ളിയും കാട്ടുമുള്ളും
കൂടു വെടിഞ്ഞ കിളികളിപ്പോള്‍
പാറിപ്പറക്കുകയായിരിക്കും
വാടാവനമുല്ലപ്പൂക്കളാലെ
കാടായകാടൊക്കെ പൂത്തിരിക്കും.
രാധാകൃഷ്ണന്മാരുടെ പ്രണയവര്‍ണ്ണനയുടെ തീവ്രത മുഴുവന്‍ പാര്‍തിയുടെ കളകണ്ഠത്തിലൂടെ കോമ്പിരയെ അനുഗ്രഹിക്കും. ആ പാട്ടിന്റെ ലയത്തില്‍ ഏത് രാധയുടെ ഹൃദയവും അലിഞ്ഞില്ലാതെയാകും. ആറ്റുമണേമ്മല് ഉണ്ണിയാര്‍ച്ചയും തച്ചോളി ഒതേനന്റെ പാട്ടും ആ കൊച്ചുമുറിയെ സംഗീതസാന്ദ്രമാക്കും. അടിമവേലയുടെ നിറംകെട്ടയിടത്തില്‍ അങ്ങനെ മറ്റൊരു ലോകം വിടര്‍ന്നുവരും. തന്റെ ശബ്ദത്താല്‍ ഒരു പെണ്‍കിടാവിന്റെ മനസ്സിന്റെ ജാലകങ്ങള്‍ തുറന്നിടാന്‍ അവര്‍ക്കു കഴിഞ്ഞിട്ടുണ്ടാകും.

പാര്‍തിയെന്നോ ദെച്മിയെന്നോ നാരാണിയെന്നോ പേരില്‍ എല്ലാ ഇല്ലങ്ങളെയും ചുറ്റിപ്പറ്റി ഇങ്ങനെ കുറെ പെണ്‍ജന്മങ്ങള്‍ അറിയപ്പെടാത്ത മനുഷ്യജീവികളായുണ്ടായിരുന്നു. അന്തര്‍ജ്ജനവുമല്ല പുറത്തുമല്ല. വെറും തുണക്കാരത്തി മാത്രം. പുറത്തുള്ളവരുടെ പരിഹാസവും അകത്തുള്ളവരുടെ വിടുവേലയും. കാലം അവരുടെ മുന്നിലൊരിക്കലും കണ്‍തുറക്കാറില്ല. ത്യാഗത്തിന്റെയും ദാസ്യത്തിന്റെയും ഉടല്‍ക്കോലങ്ങള്‍...ചരിത്രത്തില്‍ അവരില്ല. നാലുകെട്ടിലും എട്ടുകെട്ടിലും സദാ ജോലികളിലേര്‍പ്പെടാന്‍ വേണ്ടി ജീവിച്ച് മരിച്ചുപോയവര്‍... ഒരിറ്റ് കണ്ണുനീരോടെ മാത്രമേ അവരെ രേഖപ്പെടുത്താനാവൂ. അവരുടെ പേരുകള്‍ക്കോ ജന്മങ്ങള്‍ക്കോ വേറൊരര്‍ത്ഥവും ആരും കല്‍പ്പിച്ചിരുന്നില്ല. നല്ല ഉറക്കം മാത്രമായിരിക്കും അവര്‍ക്കു കിട്ടിയ ഏക ജീവിതമഹാകാരുണ്യം. അവരുടെ സങ്കടങ്ങളെ വിവര്‍ത്തനം ചെയ്യുക ഒട്ടും എളുപ്പവുമല്ല.

കമ്യൂണിസ്റ്റുകാരനായ രണ്ടാം വേളിക്കാരന്‍
പെറ്റകുടി ഉപേക്ഷിക്കാനുള്ള സമയമായെന്നു മറക്കുട പറഞ്ഞുതന്നിരുന്നു. തൊട്ടടുത്ത ഇല്ലങ്ങളിലെ കൂട്ടുകാരികള്‍ മുഴുവന്‍ വിശേഷങ്ങളറിയാന്‍ വന്നുപോവുന്നു. പിറന്നുവീണ ഇല്ലത്തില്‍നിന്നും പറിച്ചുനടാനുള്ള അരങ്ങൊരുങ്ങിയെന്ന് ഉറപ്പായി. വേരറുക്കുന്ന ചടങ്ങുതന്നെ വിവാഹച്ചടങ്ങിന്റെ ഭാഗമാണ്. വരന്‍ വധുവിന്റെ കാല്‍ പിടിച്ചുകൊണ്ട് ഏഴടി അടയാളപ്പെടുത്തി അവിടെ തീയിട്ടാണ് വേളിഹോമം നടത്തുക. എപ്പോഴെങ്കിലും തന്റെ ഇല്ലത്തു വന്ന സമയത്ത് മരിച്ചുപോയാല്‍ സംസ്‌കരിക്കാനുള്ള സ്ഥലം അനുവദിക്കുന്നതാണ് സപ്തപദം എന്ന ചടങ്ങ്. മക്കത്തായം ഉറപ്പിക്കാനുള്ള കടുംവെട്ടാണിത്. 'വേളി കൊടുത്ത പെണ്ണ് പുറത്ത്' എന്നത് സ്വാഭാവികമായ നിയമമായിരുന്നു. വല്ലപ്പോഴും വന്നുപോകാമെന്നല്ലാതെ ഇന്നലെവരെയുള്ള തന്റെ ഇടങ്ങളെല്ലാം അന്യമാവുകയാണ്. തൊട്ടടുത്ത ഇല്ലങ്ങളിലെ കുട്ടികളെല്ലാം അടുത്തുവന്ന് കരയുന്നുണ്ട്. പാര്‍തിയും മക്കളും കരയുകയാണ്. വല്യേട്ടനും നാരാണേട്ടനും കരയുന്നില്ലെന്നേയുള്ളൂ. വല്യേട്ടന്റെ ഭാര്യയായ ഏച്ചിയും മക്കളായ പരമേശ്വരനും നാരായണനും വേര്‍പിരിയലിന്റെ വേദനയിലാണ്. കുട്ടികളെല്ലാം താന്‍ പാടിയുറക്കിയ തന്റെ വാത്സല്യനിധികളാണ്. അനീത്തിയേച്ചി അവരുടെ ജീവന്റെ ജീവനാണ്. സ്‌കൂള്‍ജീവിതത്തിന്റെ പടിയിറക്കത്തിനുശേഷം ഇല്ലത്തെയും തൊട്ടടുത്ത ഇല്ലങ്ങളിലെയും പാര്‍തിയുടെ മക്കളിലൂടെയുമാണ് താന്‍ ആഹ്ലാദിച്ചിരുന്നത്.

വേളിക്ക് തലേക്കുതലേന്ന് മരങ്ങാട്ടേട്ടനും അമ്മാവനും അടുത്തു വന്നിരുന്നു. സുപ്രധാനകാര്യം പറയാനാണ് വന്നതെന്നു മുഖഭാവം വിളിച്ചു പറയുന്നുണ്ട്. മരങ്ങാട്ടേട്ടന് മകളെപ്പോലെയാണമ്മ. കസവുകരയന്‍ മുണ്ടും ബ്ലൗസും നേരത്തേ വാത്സല്യത്തോടെ കൊടുത്തയച്ചിരുന്നു. 'മോളേ, നിന്റെ വേളി മറ്റന്നാളാണ്. രണ്ടാം വേളിക്കാരനാണ്. ആദ്യഭാര്യ മരിച്ചുപോയതാണ്. അതില്‍ ഒരാണും രണ്ടു പെണ്ണുമുണ്ട്. നിന്റെ ആങ്ങള നാരാണന്‍ മൂത്ത പെണ്ണിനെ ഇങ്ങോട്ടേക്ക് കൊണ്ടുവരും... കേളികേട്ട ഇല്ലമാണ്. ധനസ്ഥിതി മോശമാണ്. വേളിക്കാരന്‍ സല്‍സ്വഭാവിയാണ്. പല ഇല്ലങ്ങളിലും മംഗല്യയോഗമേയില്ലാതെ പെണ്‍കുട്ടികള്‍ ധാരാളമുണ്ട്. മോള്‍ ഭാഗ്യവതിയാണ്. വരനായ ആള്‍ക്ക് മകളെ വേളികഴിച്ച് കൊടുക്കാനുള്ള വകയില്ല...അതിനാല്‍ മാറ്റക്കല്യാണമാണ്. വയസ്സനൊന്നുമല്ല. മുപ്പത്തിയാറ് വയസ്സേ ആയിട്ടുള്ളൂ. പേടിക്കുകൊന്നും വേണ്ട. കമ്യൂണിസ്റ്റുകാരനാണെന്നോ മറ്റോ പറയുന്നുണ്ട്. അതൊന്നും കാര്യമാക്കേണ്ട.'

അമ്മ നിലവൈരംകൊടുത്തു. രണ്ടാം വേളിക്കാരന്‍ എന്നത് അന്ന് വലിയ അയോഗ്യതയൊന്നുമല്ല. ആദ്യഭാര്യ ജീവിച്ചിരിപ്പുമില്ല. എന്നാല്‍ കമ്യൂണിസ്റ്റുകാരന്‍ എന്നത് ഭയപ്പെടേണ്ട കാര്യമാണ്. നമ്പൂതിരിമാര്‍ ബഹുഭൂരിപക്ഷവും കോണ്‍ഗ്രസ്സാണ്. കമ്യൂണിസ്റ്റുകാര്‍ അധികാരമേറ്റതില്‍ ആകെ അസ്വസ്ഥരുമാണ്. കമ്യൂണിസ്റ്റുകാരെക്കുറിച്ച് കേട്ടതെല്ലാം ഭീകരകാര്യങ്ങളാണ്. ആരെയും അനുസരിക്കാത്ത, ഏത് ക്രൂരതയും ചെയ്യുന്നവര്‍ ... ആഭാസന്മാര്‍, പെണ്ണുങ്ങളെ അപമാനിക്കുന്നവര്‍. കമ്യൂണിസ്റ്റുകാരുടെ കൊടി കണ്ടാല്‍ പേടിച്ചു വിറയ്ക്കാറുണ്ടെന്ന് മുത്തശ്ശി എന്നോടുതന്നെ പലവട്ടം പറഞ്ഞിട്ടുണ്ട്. അമ്മാവന്‍ പറഞ്ഞു, 'വടക്കില്ലം ഗോയിന്ദന്‍ നല്ലോനാണ്. പണമില്ലെന്ന കുറവേയുള്ളൂ. കമ്യൂണിസ്റ്റുകാരനാണെന്ന് ആളുകള്‍ പറയുന്നേയുള്ളൂ. ആളൊരു മഹാസാധുവാണ്. ഞാനന്വേഷിക്കാതെ എന്റെ മരുമോളെ ഒരുത്തന് പിടിച്ചുകൊടുക്കുവാ. എനിക്ക് നന്നായിറ്ററിയാ... ഓന്‍ കമ്യൂണിസ്റ്റാണെന്ന് തോന്നുന്നില്ല... കമ്യൂണിസ്റ്റ്കാര്‍ ഇത്ര നല്ലവരായിരിക്കില്ല... ഗോയിന്ദന്‍ നന്മയുള്ളവനാണ്. വടക്കിനേടത്ത് ഇടമനയില്ലം പേരുംപെരുമയുമുള്ള തറവാടാണ്.'
അടുത്ത ഇല്ലങ്ങളിലുള്ള അന്തര്‍ജ്ജനങ്ങള്‍ കമ്യൂണിസ്റ്റുകാരനാണെന്ന് അടക്കംപറയുന്നുണ്ടായിരുന്നു: 'രാമക്കാട്ടെ അനീത്തി നല്ല കുട്ടിയാണ്. ഒരു കമ്യൂണിസ്റ്റ്കാരന്റെ വേളിയാവാനാണ് വിധി. തലേലവര മായ്ക്കാനാവുമോ' എന്ന സഹതാപവാക്കുകളും അന്തരീക്ഷത്തിലുയര്‍ന്നു.

കമ്യൂണിസ്റ്റ്കാരെക്കുറിച്ച് കേട്ട കഥകളെല്ലാം ഭീകരമായിരുന്നു. കേള്‍ക്കാനുള്ളത് അതിഭീകരമായിരിക്കുമെന്ന് പലരും സ്വകാര്യം പറഞ്ഞു. പാര്‍തി പറഞ്ഞു: 'കിട്ടന്‍ പറയുന്നുണ്ട് നല്ല കമ്യൂണിസ്റ്റ്കാരനാണെന്ന്...' ഇല്ലത്തുള്ളവര്‍ കോണ്‍ഗ്രസ്സായതുകൊണ്ട് പാര്‍തിയും കോണ്‍ഗ്രസ്സാണ്.
വേരുകള്‍ പറിച്ചെറിയപ്പെടുന്ന ചടങ്ങുതന്നെയാണ് വേളി. പിറന്ന ഇല്ലത്തിന്റെ പേരുപോലും അവളോടൊപ്പം പോകില്ല. വന്നുകയറിയ ഇല്ലത്തിന്റെ പേരിലാണ് അവളിനി പറയപ്പെടുക. വല്യേട്ടനെയും നാരാണേട്ടനെയും പിരിയുക എന്നത് വലിയ സങ്കടമാണ്. രണ്ടുപേരും സ്നേഹവാത്സല്യത്തിനുടമകള്‍. വല്യേട്ടന്‍ അതിവൈകാരികതയില്‍ പെരുമാറും. സന്തോഷവും സങ്കടവും ദേഷ്യവും മൂക്കിന്റെ തുമ്പത്താണ്. നാരാണേട്ടനാകട്ടെ പുറത്ത് അധികം പ്രകടിപ്പിക്കില്ല. സങ്കടങ്ങളെ മനസ്സിലടക്കിവെച്ച് പെരുമാറും. കൊച്ചുപെങ്ങള്‍ ഇരുവര്‍ക്കും അത്രമേല്‍ പ്രിയപ്പെട്ടതാണ്. ഏച്ചിയാകട്ടെ കരച്ചിലിന്റെ ഉറ്റബന്ധുവാണ്. ഏറ്റവുമധികം സ്നേഹം വര്‍ദ്ധിച്ച ദുഃഖത്തിനും കാരണമാകും.

പെറ്റമ്മ സഹനങ്ങളുടെ മൂര്‍ത്തിയാണ്. അഞ്ചുവര്‍ഷത്തെ വൃദ്ധദാമ്പത്യമാണവരുടെ കൂട്ടിനുണ്ടായിരുന്നത്. സമ്പത്ത് ക്ഷയിച്ചുകൊണ്ടിരിക്കുന്ന ഒരു തറവാട്ടില്‍ രണ്ടു കുട്ടികളെ വളര്‍ത്തി വലുതാക്കാന്‍ അവര്‍ നടത്തിയ ജീവിതസമരങ്ങള്‍ക്ക് സമാനതകളില്ല. ഒരു രണ്ടാം വേളിക്കാരന് മകളെ നല്‍കേണ്ടിവരുന്ന ചിന്തകള്‍ അവരുടെ ഉറക്കം നഷ്ടപ്പെടുത്തിയിട്ടുണ്ടാകും. മുത്തശ്ശിക്ക് സന്തോഷത്തെ ഒട്ടും പരിചയമില്ല. ദുരിതപ്പെടലിന്റെ സങ്കടയാത്രകളാണ് പരിചിതമായിട്ടുള്ളത്. സ്വജീവിതത്തിന്റെ കയ്പ് അത്രമാത്രം കുടിച്ചിട്ടുണ്ടവര്‍. പെണ്ണുങ്ങളുടെ ജീവിതത്തിന് ഇത്രയേ വിധിച്ചിട്ടുള്ളൂ എന്നവര്‍ക്കറിയാം. ഒരു കാലിന് മുടന്തുള്ള പെണ്ണിന് വൃദ്ധനല്ലാത്ത രണ്ടാം വേളിക്കാരനെ വരനായി കിട്ടിയതുതന്നെ ഭാഗ്യം. നമ്പൂതിരിസ്ത്രീകളുടെ ജീവിതത്തില്‍ ഭാഗ്യത്തിന് ഇതിലും വലിയ അര്‍ത്ഥമൊന്നും ആരും കല്‍പ്പിച്ചിട്ടുമില്ല. ആണ്‍മക്കളിലൂടെയാണ് അവളുടെ ജീവിതം ഇനി കരകയറേണ്ടത്.
പരിചിതമായ ഇരുട്ടില്‍നിന്ന് അപരിചിതമായ ഇരുട്ടിലേക്കാണവളുടെ യാത്ര. പിറന്ന ഇല്ലത്തുള്ള സ്വാതന്ത്ര്യമൊന്നും ഇനി അവള്‍ക്കില്ല. ഇവിടത്തെ അകത്തളങ്ങളുടെ ചുമരുകള്‍ക്ക് അവളെയും അവളുടെ കണ്ണീരിനെയും പരിചയമുണ്ട്. ഭയം തുടച്ചുകളയാന്‍ അമ്മയും ഏച്ചിയും ആങ്ങളമാരുമുണ്ട്. നിശ്ശബ്ദമായ സൗന്ദര്യം പിറന്ന ഇല്ലത്തിന്റെ കൂടെയുണ്ടാവും. പടിഞ്ഞാറ്റയും കൃഷ്ണസ്വാമിയും നാഗത്താറും അയ്യങ്കുളങ്ങര ഭഗവതിയുമൊപ്പമുണ്ട്. അദൃശ്യമാണെങ്കിലും തന്നെ കാക്കാന്‍ അവരുണ്ടായിരുന്നു. അമ്മയുടെ മടിത്തട്ടിലെ അഭയം തനിക്കിനിയില്ല. തന്നെ ആശ്ലേഷിച്ചു നില്‍ക്കുന്ന ഇല്ലപ്പറമ്പിന്റെ അദ്ഭുതലോകത്തില്‍നിന്ന് ഒരു ചെടി വേരോടെ പിഴുതുമാറ്റപ്പെടുന്നു. മധുരവും പുളിയും തന്ന മാവുകള്‍, വര്‍ഷത്തില്‍ മൂന്നു മാസക്കാലം വറുതി മാറ്റിയ പ്ലാവുകള്‍. നിത്യപൂജയ്ക്ക് പൂ തരുന്ന ചെടികള്‍. അവയെല്ലാം തനിക്ക് നഷ്ടപ്പെടുകയാണ്.

ഇല്ലത്തെ കുളം പെണ്‍കിടാങ്ങളുടെ പറുദീസയാണ്. നീന്തിക്കുളിക്കുമ്പോള്‍ കുറച്ച് സമയമെങ്കിലും അവള്‍ സ്വതന്ത്രയാണ്. ശുദ്ധാശുദ്ധങ്ങളുടെ കണക്കെടുപ്പില്‍ മാത്രമല്ല കുളിച്ചുകയറുമ്പോള്‍ കിട്ടുന്ന അനുഭൂതിയും പ്രധാനമാണ്. അസ്വസ്ഥമായ ഹൃദയത്തെ കുളി ശാന്തമാക്കും. അനുഷ്ഠാനത്തെപ്പോലും കുളിരുള്ള ഓര്‍മ്മയാക്കും. കുളിയുടെ ഏകാന്തമധുരമായ ലാവണ്യാനുഭൂതി എത്രയെത്ര വീര്‍പ്പുമുട്ടലുകളെ കഴുകിക്കളഞ്ഞിട്ടുണ്ടാവും. ഒരു നമ്പൂതിരിപ്പെണ്‍കുട്ടിയുടെ തുറസ്സിലേക്കുള്ള സഞ്ചാരംകൂടിയാണ് കുളത്തിലെ കുളി.

പിറന്നുവീണ ഇല്ലത്തിന് കരയാനറിയില്ല. എത്രയെത്ര പെണ്‍ജീവിതത്തിന്റെ തലച്ചൂട് ഏറ്റുവാങ്ങേണ്ടിവന്നാലും ഒരേ നില്‍പ്പിന്റെ മഹാനിശ്ചലാവസ്ഥയില്‍ കഴിഞ്ഞുകൂടാനാണ് വിധി. പുറത്തുള്ള ആളെ കാണിച്ചുതരുന്ന കൊട്ടിളവത്തെ താപ്പയും കുഞ്ഞുകുഞ്ഞു കിളിവാതിലുകളും അന്തര്‍ജ്ജനങ്ങളുടെയും പെണ്‍കിടാങ്ങളുടെയും കാലിഡോസ്‌ക്കോപ്പാണ്. പുറത്ത് ആരു വന്നാലും കാണാം, അകത്തുള്ളവരെ അവര്‍ കാണുകയുമില്ല. താപ്പ എന്ന ജനലിന്റെ കണ്ണുകളിലൂടെ വിടര്‍ന്നുവന്ന ആകാശങ്ങള്‍ തന്ന വിസ്മയവും ആനന്ദവും പെണ്ണുങ്ങള്‍ക്കു മാത്രമേ അറിയൂ. തന്റെ നഷ്ടങ്ങളുടെ കണക്കെടുത്തിട്ടുണ്ടാവുമവള്‍. കാണാച്ചരടുകളുടെ ബന്ധനത്തിനുപോലും ഒരു സുഖകരമായ അനുഭൂതിയുണ്ടായിരുന്നു. തന്നെ പെറ്റ ഇല്ലം തനിക്കിനി വല്ലപ്പോഴും വരാനുള്ള ഇടം മാത്രമാകാന്‍ പോവുകയാണ്.

Content Highlights: Ammayude Ormappusthakam, Madhavan Purachery, Ganga Antharjanam, Mathrubhumi Books


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Gujarat

1 min

ഏഴാം തവണയും ഗുജറാത്ത്‌ പിടിച്ച് ബിജെപി: 152 സീറ്റില്‍ വ്യക്തമായ ലീഡ്‌

Dec 8, 2022


ജിനേഷ്‌

2 min

പീഡനക്കേസില്‍ പിടിയിലായ DYFI നേതാവിന്റെ ഫോണില്‍ 30 ഓളം സ്ത്രീകളുമായുള്ള വീഡിയോകള്‍,ലഹരിക്കൈമാറ്റം

Dec 7, 2022


10:28

EXPLAINED | വിഴിഞ്ഞം സമരം ഒത്തുതീർപ്പിനു പിന്നിലെന്ത്? വാഗ്ദാനങ്ങൾ എന്തൊക്കെ?

Dec 7, 2022

Most Commented