എം. സ്വരാജ്
ഏറെനാള്‍ മുന്‍പാണ്, സ്മാര്‍ട്ട് ഫോണും ഫെയ്സ്ബുക്കുമൊക്കെ വരുന്നതിനുമുന്‍പ്, കൃത്യമായിപ്പറഞ്ഞാല്‍ 1992-ല്‍, ഒരുലക്കം മാതൃഭൂമി ആഴ്ചപ്പതിപ്പിന്റെ മുഖചിത്രമായി അച്ചടിച്ചുവന്നത് സവിശേഷമായൊരു പൂവിന്റെ ചിത്രമായിരുന്നു. എന്തുകൊണ്ടോ ആ പുഷ്പം മനസ്സിലുടക്കിനിന്നു. അന്നുവരെ കണ്ടിട്ടില്ലാത്ത ഒരു പൂവ്. ഏതാണ്ടൊരു ഗോളാകൃതിയില്‍, തീനാളങ്ങള്‍പോലെയുള്ള ഇതളുകള്‍. നീളമുള്ള വര്‍ണാഭമായ ഇതളുകളില്‍ കയറ്റിറക്കങ്ങള്‍ തീത്തിരമാലകള്‍ പോലെ...
'എത്രയൂറ്റിക്കുടിച്ചാലു-
മഗ്‌നിജ്വാലയടങ്ങുമോ?'
എന്ന ഒരു വരി കവിതയായിരുന്നു മുഖചിത്രത്തിന്റെ വിശേഷണമായി വാരികയുടെ ഉള്‍പ്പേജില്‍ അച്ചടിച്ചിരുന്നത്. പൂവിന്റെ ചിത്രമെടുത്ത ഒ. അജിത്കുമാര്‍ എന്ന ഫോട്ടോഗ്രാഫറുടെ പേരും ഓര്‍മയില്‍നിന്നു മാഞ്ഞുപോയില്ല.
ആളിക്കത്തുന്ന അഗ്‌നിപോലൊരു പൂവ്. ഊരും പേരുമറിയാത്ത ആ അപൂര്‍വപുഷ്പത്തെ അന്നുമുതല്‍ തിരയാനാരംഭിച്ചു. സ്‌കൂളിലേക്കുള്ള വഴിയിലും കലക്കന്‍ പുഴയോരത്തുമെല്ലാം കാണാപ്പൂവിനെത്തിരഞ്ഞ് കണ്ണുകള്‍ ക്ഷീണിച്ചു. എന്നാല്‍ നാട്ടിലെങ്ങും അങ്ങനെയൊരു പൂവ് കണ്ടുകിട്ടിയില്ല. കാലം പോകെപ്പോകെ മാതൃഭൂമി ആഴ്ചപ്പതിപ്പിന്റെ കോപ്പിയും കൈമോശംവന്നുപോയി. കണ്ടെത്താനാവാതെപോയ ആ അജ്ഞാതപുഷ്പം പക്ഷേ, മനസ്സില്‍നിന്നു മാഞ്ഞുപോയില്ല. പേരറിയാപ്പൂവിന് അഗ്‌നിപുഷ്പമെന്ന് സ്വാഭാവികമായൊരു പേരും മനസ്സില്‍പ്പതിഞ്ഞുകിടന്നു.
കടന്നുപോകാനിടവന്ന ഭൂപ്രദേശങ്ങളിലെല്ലാം ചെടികള്‍ക്കും ചെറുസസ്യങ്ങള്‍ക്കുമിടയില്‍ ചെറിയൊരു തീനാമ്പുകാണുന്നുണ്ടോയെന്ന് അറിയാതെ കണ്ണുകള്‍ പരതുമായിരുന്നു. പുഴയോരത്തും കാട്ടുവള്ളിപ്പടര്‍പ്പുകളിലും നാട്ടുവഴിവക്കിലുമെല്ലാം ഒരുതുള്ളി രക്തം ചിതറിത്തെറിച്ചുയിര്‍ത്തപോലൊരു പൂവിനെ എന്നും തിരയുമായിരുന്നു. പക്ഷേ, പിടിതരാതെ ആ പൂവ് എങ്ങോ മറഞ്ഞുനിന്നു. കാലമേറെക്കഴിഞ്ഞിട്ടും മനസ്സില്‍നിന്ന് ആ അഗ്‌നിപുഷ്പശോഭ മാഞ്ഞുപോയതുമില്ല.
പരിചയക്കാരായ സസ്യശാസ്ത്രവിദ്യാര്‍ഥികളോടുംമറ്റും പൂവിനെ വര്‍ണിച്ച് മനസ്സിലാക്കിക്കൊടുക്കുന്നതില്‍ പരാജയപ്പെട്ട ഒരുനിമിഷത്തിലാണ് വാശിയോടെ മാതൃഭൂമി ആഴ്ചപ്പതിപ്പിന്റെ ആ പഴയ കോപ്പി തിരഞ്ഞുപിടിക്കാന്‍ ഇറങ്ങിപ്പുറപ്പെട്ടത്. അന്വേഷണങ്ങള്‍ക്കൊടുവില്‍ കാല്‍നൂറ്റാണ്ടു മുന്‍പുള്ള കോപ്പി വിളപ്പില്‍ശാലയിലുള്ള ഇ.എം.എസ്. അക്കാദമിയിലെ ലൈബ്രറിയില്‍നിന്നു കണ്ടെടുത്തു. പൂവിന്റെ ചിത്രം കണ്ടപ്പോള്‍ സസ്യശാസ്ത്രകുതുകികള്‍ക്ക് ഒരവ്യക്തതയുമുണ്ടായില്ല, മേന്തോന്നിയാണ് താരം. ഇംഗ്ലീഷില്‍ ഗ്ലോറിയോസ. പൂര്‍ണനാമം ഗ്ലോറിയോസ സൂപ്പര്‍ബ. ഗ്ലോറിയോസയെന്ന പേരുവന്നത് ലാറ്റിനില്‍നിന്നാണ്. അമൂല്യം എന്നാണര്‍ഥം. അഗ്‌നിയെ ഓര്‍മിപ്പിക്കുന്നതിനാലാവാം ഫയര്‍ ലില്ലി എന്നും അറിയപ്പെടുന്നു.

ക്രീപ്പിങ് ലില്ലി, ഫ്‌ലെയിം ലില്ലി എന്നൊക്കെ വേറെയും പേരുകളുണ്ട്. ആഫ്രിക്കയാണ് സ്വദേശം. ആഫ്രിക്കയുടെ തെക്കന്‍ പ്രദേശങ്ങളില്‍ ജന്മമെടുത്ത് ഏഷ്യയിലേക്ക് കുടിയേറിയ ചരിത്രമാണ് മേന്തോന്നിയുടേത്. മേന്തോന്നി എന്ന് കുട്ടിക്കാലത്തേ കേട്ടിരുന്നെങ്കിലും കാണുകയോ തിരിച്ചറിയുകയോ ചെയ്തിരുന്നില്ല. ചിലയിടങ്ങളില്‍ കിത്തോന്നിയെന്നും ഇതറിയപ്പെടുന്നുണ്ടത്രെ. അഗ്‌നിപുഷ്പമെന്നു പേരിട്ടത് സ്വകാര്യമായാണെങ്കിലും സംസ്‌കൃതത്തില്‍ അഗ്‌നിശിഖ എന്നുതന്നെയാണ് മേന്തോന്നിയുടെ പേര്.
പുതിയലക്കം മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ പ്രസിദ്ധീകരിച്ച ലേഖനത്തില്‍ നിന്നും
Content Highlights: M Swaraj article Matheubhumi weekly
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..