-
എല്ലാ ഗ്രാമങ്ങളും ആഗോളഗ്രാമങ്ങളാകുന്ന കാലത്തെ നീറേങ്കലിനും അങ്ങനെ ആകാനേ കഴിയൂ. ഇ.പി. തോംസണ്‍ ഒരിക്കല്‍ എഴുതിയിരുന്നു, 'ലോകത്തെവിടെയുള്ള ആശയവുമാകട്ടെ അതു ജ്വലിക്കുന്ന ഒരു മനസ്സ് ഇന്ത്യയില്‍ എവിടെയെങ്കിലും ഉണ്ടാവും' എന്ന്. നീറേങ്കലിനെ സത്യത്തില്‍ ഇന്ത്യ എന്നുപോലും വായിക്കേണ്ട. പഴയ മൂന്നാംലോക അവസ്ഥയില്‍ നിന്നുകൊണ്ടു ലോകത്തിലെ സര്‍വമാന അറിവുകളും അറിവുകേടുകളും സ്വന്തമാക്കി ആ പാരഡിയുടെ ഈരടികള്‍ ദേശീയഗാനമാക്കി ജീവിക്കുന്ന ഒരു സ്വതന്ത്ര പരമാധികാര ജനകീയ റിപ്പബ്ലിക്കാണ് നീറേങ്കല്‍. പഞ്ചായത്തുമുതല്‍ സാമൂഹികമാധ്യമംവരെ ആഗോളരാഷ്ട്രീയത്തിന്റെയും സാഹിത്യത്തിന്റെയും സംസ്‌കാരത്തിന്റെയും ഉപരിഘടനകളെ നിസ്സാരമായി നിലനിര്‍ത്തിക്കൊണ്ടാണു നീറേങ്കലിലെ ഭരണകൂടം ഒരു വിപ്ലവത്തിനും വഴങ്ങാതെ ലിബറല്‍ ജനാധിപത്യത്തില്‍ അഭിരമിക്കുന്നത്. ലോകം ഗ്രാമത്തിലേക്കു ചുരുങ്ങുന്നു എന്നല്ല, ലോകംതന്നെ നീറേങ്കലില്‍ നിറഞ്ഞുനില്ക്കുകയാണ്. എഴുത്തിന്റെ കീഴ്വഴക്കങ്ങള്‍ ലംഘിക്കുന്ന ഒരു സവിശേഷ ആഖ്യാനരീതിയിലൂടെ എം.നന്ദകുമാര്‍ നമ്മുടെ നിര്‍ബന്ധിത ആഗോളജീവിതത്തെ നര്‍മബോധംകൊണ്ടു ജ്ഞാനസ്നാനം ചെയ്യിക്കുന്ന കൃതിയാണ് നീറേങ്കല്‍ ചെപ്പേടുകള്‍.
അമിതമായ ലാഘവത്വംകൊണ്ട് എങ്ങനെ ഈ അസംബന്ധകാലത്തെ അഭിസംബോധന ചെയ്യാന്‍ കഴിയും എന്ന ചോദ്യത്തിന് ഒരു ഉത്തരംകൂടി നല്കുകയാണു നന്ദകുമാര്‍. കഥാകൃത്തെന്ന നിലയിലും നോവലിസ്റ്റ് എന്ന നിലയിലും സര്‍ഗാത്മകതയുടെ ഉയരങ്ങള്‍ എപ്പോഴും കാട്ടിത്തന്നിട്ടുള്ള എഴുത്തുകാരനാണ് അദ്ദേഹം. ആ കൃതഹസ്തത ഈ കൃതിയില്‍ രൂപപരമായ മറ്റൊരു പരീക്ഷണത്തിനുകൂടി മുതിരുകയും വിജയിക്കുകയും ചെയ്തിരിക്കുന്നു.
ഇതിലെ നര്‍മം നിര്‍മമതയുടെ മുഖംമൂടി ധരിച്ചിട്ടുണ്ട്. സിനിസിസത്തിന്റെ കണ്ണട അണിഞ്ഞിട്ടുണ്ട്. വിശുദ്ധമായതിനെ എല്ലാം നിന്ദിക്കാന്‍ നിസ്സങ്കോചം ഭാഷയെ വക്രീകരിക്കുന്നുണ്ട്. മര്‍മഭേദിയായ മൗനങ്ങള്‍ ഇടയ്ക്കിടയ്ക്കു തിരുകിവെച്ചിട്ടുണ്ട്. എല്ലാറ്റിനുമുപരി ഇല്ലാത്ത പട്ടുവസ്ത്രത്തെ അണിഞ്ഞുനടക്കാന്‍ തയ്യാറുള്ള വിഡ്ഢികളായ വായനക്കാരെ നഗ്‌നരാക്കി വഴിതെറ്റിക്കുന്നുമുണ്ട്. ഈ കൃതി ഉത്തരാധുനികതയെ ഉത്തരാധുനികതകൊണ്ടു ശമിപ്പിക്കുന്ന ഒരു ഘടനാവാദാനന്തര ആഭിചാരമാണ് എന്നുകൂടി എഴുതി ഈ അവതാരികപോലും മുന്‍കൂര്‍ ജാമ്യം എടുക്കേണ്ടതുണ്ട്. കളത്തിലോ കളത്തിനു പുറത്തോ കളിക്കാന്‍ കൂട്ടാക്കാത്ത ഭാഷാകേളിയുണ്ട്. അതിന്റെ ആത്മോന്മാദങ്ങള്‍ക്ക് എഴുത്തിനെ വിട്ടുകൊടുത്ത് മാറിനിന്നു വായിക്കുകകൂടിയാണു നന്ദകുമാര്‍. അങ്ങനെ നോക്കുമ്പോള്‍ നന്ദകുമാര്‍ മാത്രമാണ് ലിംഗ്വിസ്റ്റിക് കശപിശകളുടെ കൂത്തമ്പലമായ നീറേങ്കലിലെ ഒരേയൊരു എണ്ണം പറഞ്ഞ എഴുത്തുകാരന്‍ എന്നതു യാദൃച്ഛികമല്ല. ഇങ്ങനെ സ്വന്തം ചെലവില്‍ സ്വയം ദോഷൈകദൃക്കായി ജീവിക്കുക എന്നൊരു നിയോഗത്തിന്റെ ഉടലിലേക്ക് ആഖ്യാനത്തിന്റെ ചുരുളുകളില്‍ക്കൂടി നന്ദകുമാറും കയറിനിന്നു നീറേങ്കലിന്റെ ധൈഷണിക ലാവണ്യചരിത്രത്തെ സങ്കീര്‍ണമാക്കുന്നു.

വൃത്തമഞ്ജരിയെക്കുറിച്ചു ഡല്‍ഹിയില്‍ പ്രബന്ധം അവതരിപ്പിക്കാന്‍ പോയ പെന്‍ഷന്‍പറ്റി പിരിഞ്ഞ അധ്യാപകനായ നാപ്പുണ്ണി അവിടെവെച്ചു റോഡപകടത്തില്‍ മരിക്കുന്നതില്‍ തുടങ്ങി നാല്പതുകാരനും പാവപ്പെട്ടവനും കുടുംബസ്ഥനുമായ പാവം പത്രവിതരണക്കാരന്‍ രാമുവിന്റെ കൊലപാതകത്തില്‍ അവസാനിക്കുന്ന കഥ ഇത്രമേല്‍ വ്യസനരഹിതമായി എങ്ങനെ പറയുന്നു എന്നാണെങ്കില്‍ ആ വ്യസനരാഹിത്യമാണ് ഇതിലെ കല എന്നു സൂചിപ്പിക്കേണ്ടിയിരിക്കുന്നു. കാരണം, രാഷ്ട്രതന്ത്രംമുതല്‍ പണവ്യവസ്ഥവരെ വിമര്‍ശനത്തിനു വിഷയമാകുന്ന ഒരു ആഖ്യാനത്തിനു ഗൗരവത്തിന്റെ ധാടിയല്ല അമര്‍ന്ന ചിരിയുടെ ഉള്ളിലെ അതിനെക്കാള്‍ ദമിതമായ ശോകമാണു വേണ്ടത് എന്നതു രചനാപരമായ ഒരു തിരഞ്ഞെടുപ്പാണ്. അതു ലക്ഷ്യഭേദിയാവുന്നു എന്നിടത്താണ് ഈ കൃതിയുടെ വിജയം.
നീറേങ്കലിലെ ന്യൂനപക്ഷവംശഹത്യയും നോട്ടുറദ്ദാക്കലും അടക്കം അവിടുത്തെ സമകാല രാഷ്ട്രീയത്തെക്കൂടി നിസ്സങ്കോചം പരാമര്‍ശിച്ചാണു രാജ്യചരിത്രം ചെപ്പേടുകളില്‍ തെളിയുന്നത്. അവിടുത്തെ പ്രത്യയശാസ്ത്രഭരണകൂടോപകരണങ്ങളുടെ അതിജാഗ്രതകള്‍ ചെപ്പേടുകളില്‍ രേഖപ്പെടുത്തിയിരിക്കുന്നു. നീറേങ്കലിലേതു തോറ്റ ജനതയാണെന്ന് ആരും എഴുതിവെച്ചു കടന്നുപോയിട്ടില്ല. മരണത്തിലും കൊലപാതകത്തിലും കൂട്ടക്കൊലകളിലും രാഷ്ട്രതന്ത്രത്തിന്റെ ഉപജാപങ്ങളിലും തങ്ങളാണു കര്‍ത്താക്കള്‍ എന്നറിയാതെ അവര്‍ അവിടെ ജീവിച്ചു പോവുകയാണ്. അതിന്റെ ഒപ്പം നിര്‍മമനായി നിന്നു പുഞ്ചിരിച്ചുകൊണ്ട് ഇതിനെക്കാള്‍ വലിയ ഹാസ്യം എന്തുണ്ട് എന്നു നന്ദകുമാര്‍ നമ്മെ ഓര്‍മിപ്പിക്കുന്നു ഈ ചിതറിയ ആഖ്യാനത്തില്‍.
ഈ കൃതിയുടെ വായനയില്‍ തെളിയുന്ന ഒരു ഉപരിചിന്തയുടെ തരികൂടി ഇവിടെ എഴുതി ഉപേക്ഷിക്കേണ്ടതായിട്ടുണ്ട്. 'Being is in and for itself only in so far it is posited' എന്ന ഹെഗേലിയന്‍ ആശയം വിശദീകരിച്ചുകൊണ്ട് സിസേക് സൂചിപ്പിക്കുന്ന ഒരു കാര്യമുണ്ട്. നമുക്ക് അര്‍ഥരഹിതമെന്നോ യുക്തിരഹിതമെന്നോ ഒക്കെ തോന്നുന്ന അവസ്ഥകളും positing - സ്ഥാനപ്പെടല്‍- തന്നെയാണ്. അവ ഒരേസമയം കാലത്തോടുള്ള രമ്യതപ്പെടലും വിടുതലുമാണ്. ദേശീയജീവിതത്തിന്റെ രോഷംകൊള്ളിക്കുന്ന ആഗോളാനുഭവത്തോടുള്ള സ്ഥാനപ്പെടല്‍ എന്ന പ്രക്രിയയെയാണ്, അതിന്റെ ആകാംക്ഷകളെയാണ്, അനിശ്ചിതത്വങ്ങളെയാണ് നന്ദകുമാര്‍ ആവാഹിച്ചെടുക്കുന്നത്. അതിന് അദ്ദേഹം സ്വീകരിച്ച സാഹിത്യരൂപമാണ് ഈ ചെപ്പേടുകള്‍. വായനക്കാരെ വായനയുടെ സ്വാതന്ത്ര്യത്തിലേക്കു തുറന്നുവിടുന്ന ഈ ആഖ്യാനകല അദ്ദേഹത്തിന്റെ സര്‍ഗാത്മകതയുടെ നല്ലൊരു നിദര്‍ശനമായി മാറിയിരിക്കുന്നു എന്നത് എടുത്തുപറയേണ്ട വസ്തുതയാണ്.
പുസ്തകത്തിന് എഴുതിയ അവതാരിക
Content Highlights: M Nandakumar Malayalam Novel Mathrubhumi Books
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..