സൗമ്യം ശ്യാമം; കാടിന്റെ നിറങ്ങള്‍ പകര്‍ത്തിയ അസീസ് മാഹിയുടെ കാമറക്കണ്ണുകള്‍


എം. മുകുന്ദൻഫോട്ടോ: അസീസ് മാഹി

പ്രശസ്ത വന്യജീവി ഫോട്ടോഗ്രാഫര്‍ അസീസ് മാഹിയുടെ ചിത്രങ്ങള്‍ സമാഹരിച്ച പുസ്തകമായ 'കാടിന്റെ നിറങ്ങള്‍'ക്ക് എം. മുകുന്ദന്‍ എഴുതിയ അവതാരിക

കാടിന്റെ നിറങ്ങള്‍ എന്ന പേരില്‍ മാതൃഭൂമി ബുക്സ് ഒരു പുസ്തകം ഒരുക്കുകയാണ്. യാത്ര മാസികയ്ക്കുവേണ്ടി അസീസ് മാഹി പല കാലങ്ങളില്‍ പകര്‍ത്തിയ ഫോട്ടോകളും ഒപ്പം കുറിച്ച വനപാഠങ്ങളുമാണ് ഇതിലുള്ളത്. ഒരു നല്ല സംരംഭമാണിത്. അതിനെക്കുറിച്ചു കേട്ടപ്പോള്‍ വളരെ സന്തോഷം തോന്നി. ഛായാപടങ്ങള്‍ ഇഷ്ടപ്പെടുന്ന ഒരാളാണ് ഞാന്‍. പ്രവാസജീവിതത്തിനിടയില്‍ ഒരുപാട് ഫോട്ടോ പ്രദര്‍ശനങ്ങള്‍ കണ്ടിരുന്നു. ചിലതൊക്കെ മനസ്സില്‍നിന്നു മാഞ്ഞുപോയി. ചിലത് മങ്ങിയ ഓര്‍മകളായി തുടരുന്നു. കാടിന്റെ നിറങ്ങള്‍ ആ ചിത്രസ്മരണകളെ തൊട്ടുണര്‍ത്തുകയാണ്.
എന്റെ മുമ്പില്‍ യാത്ര മാസികയുടെ ഒരു വലിയ ശേഖരം കിടപ്പുണ്ട്. എത്ര നേരം വേണമെങ്കിലും ഇതിന്റെ താളുകളില്‍ നോക്കിയിരിക്കാം. അറിയപ്പെടാത്ത നാടുകളും കാടുകളും മുഖം നോക്കുന്ന കണ്ണാടികളാണ് ഈ മാസികയിലെ ഓരോ താളും. നാം കാണാന്‍ കൊതിക്കുകയും കാണാന്‍ കഴിയാതെ പോവുകയും ചെയ്ത കാടുകളെയും മലകളെയും നദികളെയും നമുക്കിവിടെ പ്രതിഫലിച്ചു കാണാം.അസീസ് മാഹിയുടെ ഛായാഗ്രാഹകലയിലെ വലിയൊരു ഭാഗം വന്യജീവികളുടെതാണ്. കാടുകളെ ഞാന്‍ ഭയപ്പെട്ടിരുന്ന ഒരു കാലമുണ്ടായിരുന്നു. ആ ഭയം ഇല്ലാതാക്കിയത് ഫോട്ടോകളാണ്. വനാന്തരങ്ങളില്‍ സഞ്ചരിക്കാതെതന്നെ എത്രയോ മൃഗങ്ങളുടെ എത്രയോ ഫോട്ടോകള്‍ കാണാന്‍ സാധിച്ചത് വന്യജീവി ഛായാഗ്രാഹകരുടെ സൃഷ്ടികള്‍ കാരണമാണ്. ആ ഛായാപടങ്ങള്‍ വന്യജീവികളെ പേടിക്കേണ്ടതില്ലെന്നു പറയുന്നു. അസീസ് മാഹിയുടെയും എന്‍. എ. നസീറിന്റെയും മറ്റും ഛായാപടങ്ങള്‍ കണ്ടിട്ടാണ് മനുഷ്യര്‍ക്കില്ലാത്ത ആകാരസൗഷ്ഠവം മൃഗങ്ങള്‍ക്കുണ്ടെന്ന് ഞാന്‍ മനസ്സിലാക്കിയത്. കുടവയറുള്ള മൃഗങ്ങളെ കാട്ടിലും നാട്ടിലും നമ്മള്‍ കാണാറില്ല. നമ്മെപ്പോലെ മൃഗങ്ങള്‍ ആവശ്യത്തിലേറെ ഭക്ഷണം കഴിക്കാത്തതാണു കാരണം. മനുഷ്യരെപ്പോലെ മൃഗങ്ങള്‍ ആഹാരത്തോട് ആര്‍ത്തി പെരുപ്പിക്കുന്നില്ല. വിശപ്പുമാറിയാല്‍ മൃഗങ്ങള്‍ ഭക്ഷണം തൊടാതെ തിരിഞ്ഞുനടക്കും. കഴുതപ്പുലികളെപോലുള്ള ചില ജനുസ്സുകള്‍ മാത്രമാണ് ഇരകളോട് ക്രൂരത കാണിക്കാറുള്ളൂ. ആകാരസൗഷ്ഠവം മാത്രമല്ല നടത്തത്തിലും നോട്ടത്തിലും പോലും മൃഗങ്ങള്‍ താളലയം സൂക്ഷിക്കുന്നു. സിംഹത്തിന്റെയും നരിയുടെയും നടത്തത്തിലെ താളം മനുഷ്യരുടെ ചുവടുവെപ്പുകളിലില്ല. ഇതൊക്കെ നമുക്കു പറഞ്ഞുതന്നത് അസീസ് മാഹിയെ പോലുള്ള ഫോട്ടോഗ്രാഫര്‍മാരുടെ ഛായാപടങ്ങളാണ്.

പണ്ട് വീട്ടില്‍ തന്നെയിരുന്നുകൊണ്ട് ലോകം കാണാന്‍ എന്നെ സഹായിച്ചത് നാഷണല്‍ ജിയോഗ്രഫി മാഗസിനാണ്. ഫോട്ടോഗ്രഫി ഇഷ്ടപ്പെടുന്നവരുടെ ബൈബിളാണല്ലോ ഈ മാസിക. പണ്ട് ഡല്‍ഹിയില്‍ കൊണാട്ട് പ്ലെയിസില്‍ പോകുമ്പോള്‍ ചിലപ്പോഴൊക്കെ അമേരിക്കന്‍ ലൈബ്രറികളിലും ബ്രിട്ടീഷ് ലൈബ്രറികളിലും ചെന്നിരുന്ന് ഞാന്‍ പുസ്തകങ്ങളും മാസികകളും വായിക്കാറുണ്ടായിരുന്നു. അവിടെയാണ് ആദ്യമായി നാഷണല്‍ ജിയോഗ്രഫിക് മാസിക കാണുന്നത്.

അസീസ് മാഹി

ഫോട്ടോഗ്രഫി എഴുത്തുകാരെ അവരുടെ രചനകളില്‍ സഹായിക്കാറുണ്ട്. ഇവിടെ കുറച്ചു കാലം മുന്‍പ് 'ദ് അറ്റ്ലാന്റിക്' മാസികയില്‍ വായിച്ച ഒരു കഥ ഓര്‍ക്കുന്നു. ടിയാ ഓബ്രെഹ്റ്റ് രചിച്ച 'ദ് ലോഫ്' എന്ന മനോഹരമായ കഥ. ആഫ്രിക്കയിലെ സബ് സഹാറ പ്രദേശത്താണ് കഥ നടക്കുന്നത്. വനത്തില്‍ വിനോദസഞ്ചാരികള്‍ക്കുവേണ്ടി ലോഡ്ജ് നടത്തുന്ന ഒരാളെക്കുറിച്ചും അവിടെ താമസിക്കാന്‍ വരുന്ന സന്ദര്‍ശകരെ കുറിച്ചുമാണ് കഥ. ആ വനപ്രദേശത്തിന്റെ ഭൂഘടനയും വഴികളും കാലാവസ്ഥയും പക്ഷികളും മൃഗങ്ങളും ഒക്കെ സൂക്ഷ്മമായി കഥയില്‍ രേഖപ്പെടുത്തിയിരിക്കുന്നു. എന്നാല്‍ കഥാകൃത്ത് ഒരിക്കലും ആഫ്രിക്കയില്‍ പോയിട്ടില്ലായിരുന്നു. നാഷണല്‍ ജിയോഗ്രഫിക് മാസികയില്‍നിന്നു കിട്ടിയ വിവരങ്ങള്‍ ഉപയോഗിച്ചുകൊണ്ടാണ് ടിയാ ഓബ്രെഹ്റ്റ് ഈ കഥയെഴുതിയത്. എഴുതുമ്പോള്‍ മേശപ്പുറത്ത് നാഷണല്‍ ജിയോഗ്രഫിക് മാസികയുടെ ഒരടുക്ക് ഉണ്ടായിരുന്നു. കഥാകാരി തന്നെ പറഞ്ഞതാണിത്.

അതുപോലെ എന്നെങ്കിലും എനിക്ക് വന്യമൃഗങ്ങളെക്കുറിച്ചോ പക്ഷികളെക്കുറിച്ചോ ഒരു കഥയെഴുതുവാന്‍ തോന്നുകയാണെങ്കില്‍ അസീസ് മാഹിയുടെ ഫോട്ടോകളും അവയോടെപ്പമുള്ള പാഠങ്ങളും ചേര്‍ത്തിരിക്കുന്ന കാടിന്റെ നിറങ്ങള്‍ എന്ന പുസ്തകം എന്റെ അരികില്‍ ഉണ്ടായാല്‍ മതി. എഴുതുവാന്‍ ആവശ്യമായ അറിവ് അവിടെനിന്നു ലഭ്യമാകും.

പക്ഷികളുടെ ഒരു വലിയ ആവാസകേന്ദ്രം കൂടിയാണ് അസീസ് മാഹിയുടെ ഫോട്ടോകള്‍. പുള്ളിച്ചുണ്ടന്‍ കൊതുമ്പന്നങ്ങളെയും മലമുഴക്കി വേഴാമ്പലുകളെയും ത്രിയങ്കുലി മരംകൊത്തികളെയും പുള്ളിമീന്‍കൊത്തികളെയും തീക്കാക്കകളെയും മീന്‍കൊത്തിച്ചാത്തന്മാരെയും പോലുള്ള നിരവധി പക്ഷിജാലങ്ങളെ നാമിവിടെ പരിചയപ്പെടുന്നു. ഈ ചിത്രങ്ങള്‍ ഹൃദയഹാരിയാണ്. പക്ഷികളുടെയും മൃഗങ്ങളുടെയും കുടുംബജീവിതവും പ്രതിപാദിക്കപ്പെടുന്നു. വ്യത്യസ്തമായ നിറച്ചാര്‍ത്തുകളിലും വര്‍ണലിഖിതങ്ങളിലും അവ നമ്മുടെ മുന്‍പില്‍ പറന്നിറങ്ങുന്നു. ആകാശത്തില്‍ പറക്കുവാന്‍ കഴിയുന്നതുകൊണ്ട് പക്ഷികളുടെത് അതിരില്ലാത്ത ഒരു ലോകമായി മാറുന്നു. മനുഷ്യന്‍ വരച്ചിട്ട രാജ്യങ്ങളുടെ അതിരുകള്‍ അവര്‍ക്ക് ബാധകമല്ല. കാലാവസ്ഥാനുസരണമായി വിവിധ രാജ്യങ്ങളില്‍ അവ എത്തപ്പെടുന്നു. അസീസ് മാഹി അവയെ തേടി സാഹസികമായി യാത്ര ചെയ്യുകയും ക്യാമറകളില്‍ ഒളിപ്പിച്ചു കൊണ്ടുവന്ന് നമ്മുടെ മുന്‍പില്‍ തുറന്നുവിടുകയും ചെയ്യുന്നു.

വന്യജീവി ഛായാഗ്രാഹകരുടെ ഫോട്ടോകളില്‍ പൊതുവേ കണ്ടുവരുന്നത്, കാടിന്റെ ക്രൗര്യവും കാട്ടുമൃഗങ്ങളുടെ ശൗര്യവുമാണ്. ക്രൗര്യവും ശൗര്യവുമാണ് കാടെന്ന മുന്‍വിധിയില്‍ നിന്നുണ്ടാകുന്നതാണ് ഈ ധാരണ. എന്നാല്‍ നമ്മള്‍ മനുഷ്യര്‍ ജീവിക്കുന്ന നഗരങ്ങളെക്കാളും എത്രയോ സമാധാനപൂര്‍ണവും ശാന്തിനിര്‍ഭരവുമാണ് വനങ്ങള്‍. മനുഷ്യരെക്കാളും നിരുപദ്രവികളാണ് മൃഗങ്ങള്‍. മനുഷ്യന്‍ ഭരണഘടന ഉണ്ടാക്കിയത് അതിലെ വ്യവസ്ഥകള്‍ ലംഘിക്കാന്‍ വേണ്ടിയാണ്. കാടിനും അതിന്റെതായ ഒരു അലിഖിത നിയമാവലിയുണ്ട്. മൃഗങ്ങളും പക്ഷികളും ഒരിക്കലും ആ നിയമങ്ങള്‍ ലംഘിക്കാറില്ല. കാടിന്റെ നൈതികത അലംഘനീയമാണ്. ഒരു മൃഗവും മറ്റൊരു മൃഗത്തെ അനാവശ്യമായി കൊല്ലാറില്ല. വിശക്കുമ്പോള്‍ മാത്രമേ മൃഗങ്ങള്‍ ഇരകളെ ആക്രമിക്കാറുള്ളൂ. വിശപ്പടങ്ങിയ ഒരു സിംഹത്തിന്റെ അരികില്‍ ഒരു മാന്‍പേടയ്ക്ക് നിര്‍ഭയം ചെന്നുനില്ക്കാം.

കാടിന്റെ സ്വരച്ചേര്‍ച്ചയും ശാന്തിയുമാണ് അസീസ് മാഹി ക്യാമറയില്‍ പകര്‍ത്തിയിരിക്കുന്നത്. അസീസിന്റെ ഫോട്ടോകളില്‍ പൊതുവേ ഹിംസയില്ല. കഴുതപ്പുലികളുടെ രണ്ടോ മൂന്നോ ചിത്രങ്ങളില്‍ മാത്രമാണ് ചോരപ്പാടുകള്‍ കാണുന്നത്. വന്യജീവിജാലങ്ങളുടെ ഒത്തൊരുമയും സാഹോദര്യവുമാണ് ഈ ഫോട്ടോകളില്‍ പ്രതിഫലിച്ചു കാണുന്നത്. കാട്ടുപോത്തുകള്‍ അക്രമാസക്തരായ മൃഗങ്ങളാണെന്നാണ് പൊതുവേ പറഞ്ഞു കേള്‍ക്കാറുള്ളത്. അസീസ് മാഹി പകര്‍ത്തിയ കാട്ടുപോത്തുകള്‍ അങ്ങനെയുള്ളവയല്ല. ഒന്ന് ആര്‍ദ്രതയോടെയാണ് നമ്മെ നോക്കുന്നത്. മറ്റൊന്നിന്റെ കണ്ണുകളില്‍ കാണുന്നത് പരിഭവമാണ്. കാട്ടുമൃഗങ്ങളെ പുതിയൊരു പരിപ്രേക്ഷ്യത്തിലൂടെയാണ് അസീസ് മാഹി ക്യാമറയില്‍ പകര്‍ത്തുന്നത്. അദ്ദേഹത്തിന്റെ സിംഹരാജന്മാര്‍പോലും കാഴ്ചക്കാരെ ഭയചകിതരാക്കുകയല്ല, ആര്‍ദ്രമനസ്‌കരാക്കുകയാണ് ചെയ്യുന്നത്. അദ്ദേഹത്തിന്റെ പടങ്ങള്‍ നാടിന്റെയും കാടിന്റെയും ഇടയിലെ അതിരുകള്‍ മായ്ച്ചുകളയുന്നു.

പക്ഷികള്‍ ധാരാളം സഞ്ചരിക്കുന്നവരാണ്. പതംഗംങ്ങളുടെ ഫോട്ടോ എടുക്കുന്ന ഛായാഗ്രാഹകര്‍ അവയോടൊപ്പം സഞ്ചരിക്കേണ്ടതുണ്ട്. അങ്ങനെയാണ് അസീസ് മാഹി കര്‍ണാടകത്തിലെ കൊക്കരെബെല്ലൂരിലും തമിഴ്നാട്ടിലെ കൂന്തന്‍കുളത്തുമൊക്കെ എത്തുന്നത്. പക്ഷികളുടെ ഫോട്ടോ എടുക്കുവാന്‍ വേണ്ടി അസീസ് മാഹി സ്വയം ഒരു ദേശാടനക്കിളിയായി മാറുകയായിരുന്നു.

സാങ്കേതികവിദ്യയുടെ വളര്‍ച്ചയോടെ വര്‍ണങ്ങളുടെ ഒരു കുത്തൊഴുക്കുതന്നെ ഉണ്ടായി. എണ്ണമറ്റ നിറക്കൂട്ടുകള്‍ ഇന്ന് കൈയെത്തും ദൂരത്തുണ്ട്. ഇതു ചിത്രകാരന്മാര്‍ക്കും ഛായാഗ്രാഹകര്‍ക്കും പുതിയ സാധ്യതകള്‍ നല്കുന്നു. വര്‍ണങ്ങളുടെ ദുരുപയോഗങ്ങളാണ് പലപ്പോഴും കലാകാരന്മാരുടെ സൃഷ്ടികളില്‍ കാണുന്നത്. അസീസ് മാഹി ഈ വര്‍ണപ്രലോഭനങ്ങള്‍ക്കു വഴങ്ങുന്നില്ല. ആര്‍ദ്രവും സൗമ്യവുമായ വര്‍ണവിന്യാസങ്ങളാണ് അദ്ദേഹത്തിന്റെ ഛായാപടങ്ങളില്‍ കാണുന്നത്. കടുംനിറങ്ങള്‍ക്ക് അവിടെ വിലക്ക് കല്പിച്ചിരിക്കുന്നു. ചിത്രശലഭങ്ങളുടെ ചിറകുകളില്‍ മാത്രമാണ് ഇത്തിരി നിറക്കൂട്ടു കാണുന്നത്.

യാത്ര മാസികയില്‍ വന്ന ഈ ഫോട്ടോകള്‍ക്ക് സാമാന്യം നീണ്ടകുറിപ്പുകള്‍ അസീസ് മാഹി എഴുതിച്ചേര്‍ത്തിട്ടുണ്ട്. ഈ പാഠങ്ങള്‍ കാടിന്റെ നിറങ്ങള്‍ എന്ന ഈ പുസ്തകത്തിലും ചേര്‍ത്തിട്ടുണ്ട്. അദ്ദേഹത്തിന്റെ ഛായാപടങ്ങളെ അടുത്തറിയാന്‍ ഈ എഴുത്തു സഹായിക്കുന്നുണ്ട്. അദ്ദേഹത്തിന്റെ ഫോട്ടോകള്‍ പോലെ തന്നെ ചാരുതയാര്‍ന്നതാണ് ഈ ആഖ്യാനങ്ങള്‍.

ചുരുക്കിപ്പറഞ്ഞാല്‍, അസീസ് മാഹിയുടെ കാവ്യാത്മകമായ ഭാഷയും ഈ ഛായാപടങ്ങളും കാഴ്ചക്കാരുടെ കണ്ണിനും മനസ്സിനും ആനന്ദം നല്കുന്നവയാണ്. നമ്മള്‍ നോക്കിയിരിക്കാനും തൊട്ടുതലോടാനും മനസ്സില്‍ കൊണ്ടുനടക്കാനും ഇഷ്ടപ്പെടുന്ന ഒരു പുസ്തകമാണ് കാടിന്റെ നിറങ്ങള്‍.

Content Highlights: M.Mukundan, Asees Mahe, Kaadinte Nirangal, Mathrubhumi Books


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

03:49

ശ്രീഹള്ളി പോകുന്ന വഴിയിലെ ചായക്കടയും ഹിറ്റായ ​ചായക്കടക്കാരനും; വീണ്ടുമെത്തുന്നു പൊള്ളാച്ചി രാജ

Nov 27, 2022


perod abdul rahman saqafi,abdul muhsin aydeed

1 min

താരങ്ങള്‍ അങ്ങോട്ടുമിങ്ങോട്ടും ഓടിയാല്‍ കോടികള്‍; ഫുട്‌ബോള്‍ ആവേശത്തിനെതിരെ കൂടുതല്‍ മതപണ്ഡിതര്‍

Nov 26, 2022


nazer faizy koodathayi

2 min

'പോര്‍ച്ചുഗല്‍ അധിനിവേശം നടത്തിയ രാജ്യം, എതിര്‍പ്പ് വഴിവിട്ട ആരാധനയോട്'; വിശദീകരണവുമായി സമസ്ത

Nov 25, 2022

Most Commented