രിണാമപ്രക്രിയയില്‍ ജീവികളിലെ കനിഷ്ഠനായ ഹോമോസാപിയന്‍സ് എന്ന് പൊതുപ്പേരുള്ള മനുഷ്യന് മാത്രമാണോ സര്‍ഗശക്തി നിയതി കനിഞ്ഞരുളിയിട്ടുള്ളത്? തീര്‍ച്ചയായും അല്ല; പ്രകൃതിയിലില്ലാത്തതിനെ പുതുതായി ഉണ്ടാക്കുന്നത് സര്‍ഗശക്തിയെന്നതിന്റെ പരിധിക്കുള്ളില്‍ വരുമെങ്കില്‍ കൂടുകെട്ടുന്നതിലുള്ള പല ജീവികളുടെയും വൈദഗ്ധ്യം അതിലുള്‍പ്പെടും. എട്ടുകാലി വല നെയ്യുന്നതിലും പക്ഷികള്‍ കൂടുകെട്ടുന്നതിലും പ്രതിഫലിക്കുന്നത് സൃഷ്ടിവൈഭവമാണല്ലോ. എങ്കിലും മനുഷ്യരുടെ സൃഷ്ടികള്‍പോലെ 'സന്തതസ്വയംപരിഷ്‌കാരവൈഭവ'മുള്ള ഒരു 'അന്തരംഗ'ത്തിന്റെ സര്‍ജനവൈചിത്ര്യങ്ങള്‍ അവയിലില്ല. സഹജപ്രേരണ (instinct) മാത്രമാണ് അവയുടെ സൃഷ്ടികളിലുള്ളതെന്നതിനാല്‍ 'ബുദ്ധി' പ്രയുക്തമാക്കിക്കൊണ്ടുള്ള പുതുമകള്‍ ആവിഷ്‌കൃതമാകുന്നില്ല. മനുഷ്യന്റെ സര്‍ജനക്രിയകളിലാകട്ടെ ബുദ്ധിപ്രവര്‍ത്തനംകൂടിയുണ്ട്. എന്നാല്‍ ബുദ്ധിശക്തിയുടെ പ്രവര്‍ത്തനംകൊണ്ടുമാത്രം വര്‍ണങ്ങളും വരകളും ഉപയുക്തമാക്കി ചിത്രങ്ങളോ മണ്ണ്, മരം, കല്ല്, ലോഹം മുതലായ വസ്തുക്കള്‍കൊണ്ട് ശില്പങ്ങളോ അര്‍ഥയുക്ത ശബ്ദഗണങ്ങള്‍കൊണ്ട് കവിത, കഥ മുതലായവയോ ഉച്ചാരണാവയവങ്ങള്‍ പ്രയുക്തമാക്കിക്കൊണ്ടുള്ള സംഗീതാലാപനമോ  നിര്‍മിതോപകരണങ്ങള്‍ പ്രവര്‍ത്തിപ്പിച്ച് വാദ്യവിശേഷങ്ങളോ 'സൃഷ്ടിക്കാന്‍' എല്ലാവര്‍ക്കും കഴിയുന്നില്ല. ഒരു ഭാഷയിലുള്ള പദങ്ങള്‍ മുഴുവന്‍ പഠിച്ച് പണ്ഡിതനാവാന്‍ പ്രയത്‌നംകൊണ്ട് കഴിയുമെങ്കിലും അവയില്‍ ചിലത് മെനഞ്ഞെടുത്ത് ഉദാത്തമായ കവിതയോ കഥയോ രചിക്കാന്‍ ഇച്ഛകൊണ്ടുമാത്രം എല്ലാവരും ശക്തരാകുന്നില്ല. 'വാസനാബലം' എന്ന ഇന്നും ഏറെക്കുറെ അവ്യാഖ്യേയമായിരിക്കുന്ന ശക്തിവിശേഷം സര്‍ഗക്രിയകള്‍ക്ക് പിന്നില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. സാഹിത്യത്തില്‍ 'ശക്തി' എന്നുതന്നെയാണ് അതിന് ഭാരതീയര്‍ പേരിട്ടത്. ശക്തിയുള്ളവര്‍ക്ക് പ്രയത്‌നംകൊണ്ട് നേടുന്ന നിപുണതയുടെ തോതനുസരിച്ച് അതിനെ വികസിപ്പിക്കാന്‍കഴിയുന്നു. ജനിതകകോശങ്ങളില്‍ ലിഖിതമായ ഒരുതരം സന്ദേശത്തെയാണ് ശക്തിയുടെ മറ്റൊരു പേരായ വാസനകൊണ്ട് വിവക്ഷിക്കുന്നത്. ചിലര്‍ക്ക് ഇത്തരം വാസനകള്‍ പൂര്‍വികരില്‍നിന്ന് പകര്‍ന്നുകിട്ടുന്നു. അതിനെ 'പാരമ്പര്യ'മെന്ന് വിശേഷിപ്പിക്കുന്നു. എന്നാല്‍ അറിയപ്പെട്ട പാരമ്പര്യമില്ലാത്തവര്‍ക്കും വാസനാവിശേഷങ്ങള്‍ കാണാറുണ്ട്.

അറിഞ്ഞിടത്തോളം പൂര്‍വികരെ ഓര്‍ക്കുമ്പോള്‍ സാഹിത്യപാരമ്പര്യം എനിക്ക് അവകാശപ്പെടാവതല്ല. മുത്തശ്ശിയുടെ അമ്മയ്ക്ക് സംസ്‌കൃതഭാഷയില്‍ പരിജ്ഞാനമുണ്ടായിരുന്നുവെന്ന് കേട്ടിട്ടുണ്ട്. എഴുത്തും വായനയും തുടങ്ങുന്നതിനുമുന്‍പ് അവര്‍ എനിക്ക് ചില ശ്ലോകങ്ങള്‍ ചൊല്ലിത്തന്ന് പഠിപ്പിച്ചിട്ടുണ്ട്. പില്‍ക്കാലത്താണ് അവ രഘുവംശത്തിലെയാണെന്നറിഞ്ഞത്. ഇതില്‍നിന്ന് ഊഹിക്കേണ്ടത് പഠനപാരമ്പര്യമെങ്കിലും ഉണ്ടാവത്തക്ക ഒരു സാംസ്‌കാരികപശ്ചാത്തലം കുടുംബത്തിനുണ്ടായിരുന്നുവെന്നാണല്ലോ. അവരുടെ മകള്‍ക്ക്, എന്റെ മുത്തശ്ശിക്ക്, അക്ഷരജ്ഞാനംപോലും ഉണ്ടായിരുന്നില്ല. 'അമ്മിഞ്ഞമ്മ' എന്ന് ഞങ്ങള്‍ വിളിച്ചിരുന്ന ആ മുതുമുത്തശ്ശി കഥകളിനൃത്തം അഭ്യസിച്ചിരുന്നുവെന്നും കേട്ടിട്ടുണ്ട്. തൊട്ടടുത്തുള്ള പുന്നത്തൂര് കോവിലകത്ത് കഥകളിസംഘവും നാട്യശാലയും ഉണ്ടായിരുന്നു. എനിക്കോര്‍മവയ്ക്കുന്നകാലത്ത് അവര്‍ മുടി വെഞ്ചാമരംപോലെ നരച്ച വൃദ്ധയായിരുന്നു; എങ്കിലും ചുക്കിച്ചുളിഞ്ഞ തൊലിയായിരുന്നില്ല. അന്ന് അവര്‍ക്ക് എഴുപതിലേറെ പ്രായമുണ്ടായിരുന്നിരിക്കണം. പൊന്‍നിറമുള്ള ശരീരം. ആ പ്രായത്തിലും അസാമാന്യ സൗന്ദര്യം. അവരെ കൗമാരത്തില്‍ രക്ഷിതാക്കള്‍ കഥകളിനൃത്തം അഭ്യസിക്കാന്‍ അനുവദിച്ചിരിക്കണമെങ്കില്‍ അവര്‍ക്ക് സാഹിത്യാഭിരുചിയും കലാസ്വാദന താത്പര്യവും ഉണ്ടായിരുന്നിരിക്കണമെന്ന് ഊഹിക്കാം. എന്റെ അച്ഛന്‍ കഥകളിപ്പദങ്ങള്‍ നന്നായി പാടുമായിരുന്നു. എന്നാല്‍ കഥകളിയുടെ അരങ്ങില്‍ അത് എപ്പോഴെങ്കിലും പ്രദര്‍ശിപ്പിച്ചതായി കേട്ടിട്ടില്ല. അദ്ദേഹത്തിന്റെ അച്ഛന്‍ ഒരു തമിഴ്ബ്രാഹ്മണനായിരുന്നുവെന്ന് കേട്ടിട്ടുണ്ട്. അച്ഛന്റെ പൂര്‍വികരെപ്പറ്റി ഒന്നുംതന്നെ അറിഞ്ഞുകൂടാ.

weekly
ആഴ്ചപ്പതിപ്പ് വാങ്ങാം

അമ്മയുടെ അച്ഛന്‍ സാഹിത്യരസികനായിരുന്നു. അദ്ദേഹം കവിതയോട് ബന്ധപ്പെട്ട പല കഥകളും പറഞ്ഞുതന്നിട്ടുണ്ട്. മലയാള കവിതാചരിത്രം പഠിക്കാനിടയാകുന്നതിനെത്രയോമുന്‍പേ അതിലെ പല കേള്‍വിക്കഥകളും അദ്ദേഹം പറഞ്ഞുതന്നിട്ടുണ്ട്. രാമപുരത്ത് വാരിയര്‍ ദേവന്ന് ചാര്‍ത്താനുള്ള മാലയില്‍ ശ്ലോകം കെട്ടിയ കഥ അവയിലൊന്നാണ്. തന്റെ 'കൂത്ത്' കേള്‍ക്കാന്‍ വരാത്തതെന്തെന്ന് ചാക്യാര്‍ വാരിയരോട് ചോദിച്ചപ്പോള്‍ തന്റെ മാലകെട്ട് കാണാന്‍ ചാക്യാര്‍ വരാഞ്ഞതെന്തെന്ന മറുചോദ്യമായിരുന്നത്രെ ഉത്തരം. മാലകെട്ടില്‍ കാണാനുള്ളതെന്തെന്ന് പിറ്റേന്ന് ചാക്യാര്‍ക്ക് കാട്ടിക്കൊടുത്തുവെന്നാണ് കഥ. മാലയില്‍ പൂക്കളുടെ വിന്യാസത്തിലൂടെ ഒരു ശ്ലോകം തെളിയിച്ചുവത്രെ.

പുതിയലക്കം മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ പ്രസിദ്ധീകരിച്ച എം ലീലാവതിയുടെ ആത്മകഥയില്‍ നിന്നും

പൂര്‍ണരൂപം വായിക്കാം​

Content Highlights: M Leelavathi autobiography Mathrubhumi weekly