ശശി തരൂർ, അമ്മ ലില്ലിയ്ക്കും സഹോദരി ശോഭയ്ക്കുമൊപ്പം
ശശി തരൂരിന്റെ സഹോദരിയും എഴുത്തുകാരിയുമായ ശോഭാതരൂര്‍ തന്റെ അമ്മ ലില്ലി തരൂരിന്റെ ജീവിതം രേഖപ്പെടുത്തിയ പുസ്തകമാണ് 'Good Innings: The extraordinary, ordinary life of lily tharoor'. 'ധന്യമീജന്മം'
എന്ന പേരില്‍ ശ്രീകുമാരി രാമചന്ദ്രന്‍ മാതൃഭൂമി ബുക്‌സിനുവേണ്ടി പരിഭാഷപ്പെടുത്തിയിരിക്കുന്ന ലില്ലിയുടെ ജീവചരിത്രത്തില്‍ നിന്നും ഒരു ഭാഗം വായിക്കാം.
''വിവാഹം കഴിഞ്ഞ് ആഴ്ചകള്‍ക്കകം കേരളത്തിലെ ഒരു കൊച്ചുപട്ടണത്തില്‍ ഒതുങ്ങിനിന്നിരുന്ന എന്റെ ജീവിതം കല്‍ക്കത്ത എന്ന വന്‍നഗരത്തിലേക്ക് പറിച്ചുനടപ്പെട്ടു. മനസ്സു നിറയേ പ്രതീക്ഷകളായിരുന്നു. വിവാഹത്തിന്റെ പുതുമ മാഞ്ഞിട്ടില്ല; ഭര്‍ത്താവിനെ പൂര്‍ണ്ണമായി ഉള്‍ക്കൊണ്ടിട്ടില്ല. വരുംനാളുകളില്‍ എന്തെല്ലാമാണുണ്ടാവുക എന്നുള്ള ആകാംക്ഷ! കല്‍ക്കത്തയിലെത്തി ഒരാഴ്ച തികയുംമുമ്പ് മുന്‍ മേലുദ്യോഗസ്ഥന്റെ കത്ത് വന്നിരിക്കുന്നതായി ഭര്‍ത്താവ് എന്നെ അറിയിച്ചു. ലണ്ടനില്‍ കുറെക്കൂടി ഉയര്‍ന്ന ഉദ്യോഗത്തിലേക്ക് ക്ഷണിച്ചുകൊണ്ടുള്ള കത്ത്! വിധിയുടെ ഒരു കുസൃതി എന്നേ എനിക്കു തോന്നിയുള്ളൂ. ചന്ദ്രന്‍ വലിയ ആവേശത്തിലായിരുന്നു. ഞാനാദ്യമൊന്നു പതറി. വേലക്കാരിയെ നാട്ടിലേക്കു മടക്കിയയയ്ക്കണം, എനിക്കുള്ള പാസ്‌പോര്‍ട്ട് സംഘടിപ്പിക്കണം; ഇതൊക്കെയാണ് എന്നെ ആശയക്കുഴപ്പത്തിലാക്കിയത്. പക്ഷേ, ശുഭചിന്തകനായ ഭര്‍ത്താവ് എന്നെ സമാധാനിപ്പിച്ചു. പുതിയ ഓഫീസില്‍നിന്ന് അദ്ദേഹത്തിന്റെ ലണ്ടന്‍യാത്രയ്ക്കായി ഒരു ഒന്നാം ക്ലാസ് വിമാന ടിക്കറ്റ് ലഭിച്ചിരുന്നു. അതു മാറ്റി രണ്ട് എക്കോണമി ക്ലാസ് ടിക്കറ്റുകള്‍ വാങ്ങി. മിച്ചംവന്ന പണംകൊണ്ട് ഞങ്ങള്‍ ലണ്ടനിലെ തണുപ്പിനെ ചെറുക്കാന്‍ കമ്പിളിവസ്ത്രങ്ങള്‍ വാങ്ങി! അപ്രതീക്ഷിതമെങ്കിലും, ആ കത്ത് ശുഭസുന്ദരമായ ഭാവിയുടെ മുന്നോടിയാണെന്ന് ഞാന്‍ വിശ്വസിച്ചു.
ലണ്ടനിലെ എന്റെ പുതുജീവിതത്തിന് അതിന്റെതായ പരിമളവും പരിമിതിയുമുണ്ടായി. വിദേശവാസം സമ്മാനിച്ച കൗതുകത്തിനിടയിലും എനിക്ക് ഏകാന്തത അനുഭവപ്പെട്ടു. ഇന്ത്യയെക്കുറിച്ച് ഞാന്‍ നഷ്ടബോധത്തോടെ ഓര്‍ത്തു. എനിക്ക് വലുതായ ഇംഗ്ലീഷ് പരിജ്ഞാനമുണ്ടായിരുന്നില്ല; പാചകപരിചയവും കുറവായിരുന്നു. പക്ഷേ, ഭര്‍ത്താവിന്റെ സ്‌നേഹവും കരുതലും കുറവുകളെ മറികടക്കാന്‍ എന്നെ സഹായിച്ചു. എത്ര ശ്രമിച്ചിട്ടും പാചകം എനിക്കു വഴങ്ങിയില്ല. അതിനാല്‍, ലണ്ടനിലെ ആദ്യനാളുകളില്‍ അദ്ദേഹംതന്നെയാണ് പാചകം ചെയ്തിരുന്നത്. തുണി അലക്കലും മറ്റു വീട്ടുജോലികളും തീര്‍ത്തിട്ടാണ് അദ്ദേഹം രാവിലെ ഓഫീസിലേക്ക് പുറപ്പെടുക! അദ്ദേഹത്തിന്റെ ക്ഷമയും വാത്സല്യവും എന്നെ വഷളാക്കി എന്നുതന്നെ പറയാം. ഭക്ഷണവേളകളില്‍ മാത്രമാണ് അദ്ദേഹം എന്നെ ശകാരിക്കുക. എനിക്കുള്ള പ്രാതല്‍ ഉണ്ടാക്കിവെച്ചിട്ട് അദ്ദേഹം ഓഫീസില്‍ പോകും. ആദ്യത്തെ തിരക്കുകളൊഴിഞ്ഞാല്‍ വീട്ടിലേക്കു ഫോണ്‍ ചെയ്യും. അപ്പോഴും ഞാന്‍ പ്രാതലുമായി കിന്നരിക്കുകയാവും. പിന്നെ എങ്ങനെ ശകാരിക്കാതിരിക്കും? ഇന്നും ഭക്ഷണം കഴിക്കാന്‍ മറ്റുള്ളവരെ അപേക്ഷിച്ച് എനിക്കു സമയം കൂടുതല്‍ വേണം.
ഭര്‍ത്താവില്‍നിന്നു നിര്‍ലോഭമായ സഹായമുണ്ടായിട്ടും ആശയവിനിമയം എനിക്കൊരു പ്രശ്‌നംതന്നെയായിരുന്നു. ഇംഗ്ലീഷില്‍ നന്നായി സംസാരിക്കാന്‍ വശമില്ലാത്ത ഞാന്‍ ആകെ വിഷമസന്ധിയിലായി. ഫുള്‍ഹാം സ്ട്രീറ്റിലെ ഫ്‌ളാറ്റില്‍നിന്നു തനിച്ചൊന്നു പുറത്തേക്കു പോകണമെങ്കിലോ, മറ്റുള്ളവരോട് സ്വതന്ത്രമായി ഇടപഴകണമെങ്കിലോ, ഇംഗ്ലീഷ് പഠിച്ചേ തീരൂ എന്നെനിക്കു മനസ്സിലായി. അക്കാലത്ത് ലണ്ടനില്‍ വളരെക്കുറച്ച് ഇന്ത്യക്കാരേ ഉണ്ടായിരുന്നുള്ളൂ. അവരില്‍നിന്നു സഹായം പ്രതീക്ഷിക്കാന്‍ നിര്‍വ്വാഹവുമില്ല. പക്ഷേ, വീട്ടില്‍ ഒരു റേഡിയോ ഉണ്ട്. അതെന്നെ ഇംഗ്ലീഷ് പഠിക്കാന്‍ സഹായിക്കും എന്നെനിക്കു തോന്നി. ഞാന്‍ റേഡിയോവില്‍ പ്രക്ഷേപണം ചെയ്തിരുന്ന പരിപാടികള്‍ പതിവായി ശ്രദ്ധിക്കാന്‍ തുടങ്ങി. ഓരോ വാക്കും വാചകവും അനുകരിച്ചു. പലതും ഒരു പുസ്തകത്തില്‍ പകര്‍ത്തിവെച്ചു. സത്യത്തില്‍ എന്റെ ഇംഗ്ലീഷ് സംഭാഷണചാതുരിക്ക്, അക്കാലത്ത് ബി.ബി.സി. പ്രക്ഷേപണം ചെയ്തിരുന്ന 'Desert Island Discs' എന്ന പരിപാടിയോടും അതിന്റെ അവതാരകനായ Roy Plumley യോടുമാണ് എനിക്കു കടപ്പാട്. സിനിമാതാരങ്ങളുമായും മറ്റു പ്രശസ്ത വ്യക്തികളുമായും അദ്ദേഹം നടത്തുന്ന അഭിമുഖസംഭാഷണങ്ങളുടെ ശബ്ദരേഖകളാണ് ഞാനേറെയും ശ്രദ്ധിച്ചു കേട്ടിരുന്നത്. ഇന്നും ബി.ബി.സി. 'Desert Island Discs' എന്ന പരിപാടി പ്രക്ഷേപണം ചെയ്യുന്നുണ്ടെന്ന് എന്റെ മക്കള്‍ പറഞ്ഞു. കാലാകാലങ്ങളില്‍ അവതാരകര്‍ മാറിമാറി വരും എന്നു മാത്രം!
ആവശ്യം വന്നാല്‍ ഭര്‍ത്താവിന്റെ ഓഫീസിലേക്കും മറ്റു ചില സ്ഥലങ്ങളിലേക്കുമൊക്കെ പോകാനുള്ള ബസ് റൂട്ടുകളും ഞാന്‍ മനസ്സിലാക്കി. ഭര്‍ത്താവിന് ഒഴിവുകിട്ടാത്തപ്പോള്‍ എന്റെ മകനെ ഡോക്ടറുടെ ക്ലിനിക്കിലേക്ക് കൊണ്ടുപോകാനും അതുപകരിച്ചു. അതോടെ ഒന്നിനും ആരേയും ആശ്രയിക്കേണ്ടിവരില്ലെന്ന ആത്മവിശ്വാസമുണ്ടായി''- ലില്ലി
അമൃത്ബസാര്‍ പത്രികയില്‍ ഔദ്യോഗികചുമതല ഏറ്റെടുക്കാന്‍ ചന്ദ്രന്‍ ലില്ലിയെയും കൂട്ടി ലണ്ടനിലെത്തി. പത്രത്തില്‍ അദ്ദേഹത്തിനൊപ്പം മൂന്ന് ഇന്ത്യക്കാര്‍ മാത്രമേ ജോലി ചെയ്തിരുന്നുള്ളൂ; മൂന്നു ബംഗാളികള്‍! ബാക്കി ജീവനക്കാരെല്ലാവരും ബ്രിട്ടീഷുകാര്‍തന്നെ. ഫ്‌ളീറ്റ് സ്ട്രീറ്റിലായിരുന്നു അമൃത്ബസാര്‍ പത്രികയുടെ ഓഫീസ്. ഈ തെരുവിനെ ബ്രിട്ടനിലെ പത്രമാദ്ധ്യമങ്ങളുടെ കേന്ദ്രം എന്നുതന്നെ വിശേഷിപ്പിക്കാം.
പത്രങ്ങളുടെ ലോകം ചന്ദ്രനെ ഏറെ ആവേശംകൊള്ളിച്ചു. ലണ്ടനില്‍ തിരിച്ചെത്തിയതിലും അദ്ദേഹം ആഹ്ലാദവാനായി. നവവധുവിനെ നഗരവും നഗരക്കാഴ്ചകളും കാണിച്ചുകൊടുക്കാന്‍ ചന്ദ്രന്‍ കാത്തിരുന്നു. ലണ്ടനിലെ വാസം ലില്ലിക്കിഷ്ടമായി. ദാമ്പത്യവും ഭര്‍ത്താവിന്റെ സ്‌നേഹവാത്സല്യങ്ങളും ആസ്വദിച്ചുകൊണ്ട്, 'സ്വന്തം കൊട്ടാരത്തിലെ മഹാറാണി'യായി അവള്‍ ജീവിച്ചു. കൊല്ലങ്കോടുവെച്ച് സ്വപ്നത്തില്‍പ്പോലും കണ്ടിട്ടില്ലാത്ത ഫാഷന്റെ വിസ്മയലോകം അവളെ ആകര്‍ഷിച്ചു. പരിഷ്‌കാരത്തിലേക്കുള്ള ആദ്യപടിയായി ലില്ലി തന്റെ സമൃദ്ധമായ മുടി മുറിച്ചു; അത് കൃത്രിമമായ മാര്‍ഗ്ഗത്തിലൂടെ ചുരുട്ടുകയും ചെയ്തു. പാവാടകളും കാലുറകളും ധരിക്കാന്‍ തുടങ്ങി. ബസ് റൂട്ടുകള്‍ മനസ്സിലാക്കി തനിയേ യാത്രചെയ്യാന്‍ പഠിച്ചു. സഹയാത്രികര്‍ പലപ്പോഴും അവളോട് ഇറ്റലിക്കാരിയാണോ എന്നു ചോദിക്കുമായിരുന്നത്രേ! അവള്‍ക്കത് ഇഷ്ടവുമായിരുന്നു. പാശ്ചാത്യരീതികള്‍ സ്വാംശീകരിക്കുന്നതില്‍ താന്‍ നൂറു ശതമാനവും വിജയിച്ചതായി അവള്‍ മനസ്സിലാക്കി.
ഭാര്യയെ സ്‌നേഹിക്കയും പിന്തുണയ്ക്കുകയും ചെയ്യുന്ന ഒരു ഭര്‍ത്താവായിരുന്നു ചന്ദ്രന്‍. പത്രപ്രവര്‍ത്തകനായതിനാല്‍ പ്രധാനപ്പെട്ട ഒട്ടുമിക്ക ചടങ്ങുകളിലും ക്ഷണിതാവായി പങ്കെടുക്കാന്‍ അദ്ദേഹത്തിന് അവസരമുണ്ടായി. ലണ്ടന്‍വാസത്തിന്റെ ആദ്യനാളുകളില്‍, പത്രപ്രവര്‍ത്തകര്‍ക്കും അവരുടെ ഭാര്യമാര്‍ക്കുംവേണ്ടി ഏര്‍പ്പാടുചെയ്ത ഒരു ചായസത്കാരത്തില്‍ പങ്കെടുത്ത കാര്യം ലില്ലി ഇന്നും ഓര്‍ക്കുന്നു. അന്ന് അവള്‍ മൗണ്ട് ബാറ്റണ്‍ പ്രഭുവിനൊപ്പമിരുന്നുകൊണ്ടാണ് ചായ കഴിച്ചത്. ഇക്കാര്യം ലില്ലി കത്തിലൂടെ തന്റെ മാതാപിതാക്കളെ അറിയിച്ചു.
വാരാന്ത്യങ്ങളില്‍ ലില്ലിയും ചന്ദ്രനും കൊച്ചുകൊച്ചു യാത്രകള്‍ ചെയ്തു. പലപ്പോഴും ബസ്സുമാര്‍ഗ്ഗം ട്രഫള്‍ഗര്‍ സ്‌ക്വയറില്‍ പോയി. അവിടെ നെല്‍സന്‍ സ്റ്റാച്യുവിന്റെ ചുവടെ നില്‍ക്കുക അവരുടെ വിനോദമായിരുന്നു. ആളുകള്‍ എറിഞ്ഞുകൊടുക്കുന്ന റൊട്ടിത്തുണ്ടുകള്‍ കൊത്തിത്തിന്നാന്‍ പറന്നുവീഴുന്ന നൂറുകണക്കിന് പ്രാവുകള്‍ ലില്ലിയുടെ മനം കവര്‍ന്നു. നേര്‍ത്ത ചൂടുള്ള കാലാവസ്ഥയില്‍ റോഡിലൂടെ നടക്കാന്‍ അവര്‍ക്ക് ഇഷ്ടമായിരുന്നു. ഈ നടത്തത്തിനിടയില്‍, എണ്ണയില്‍ മുക്കിപ്പൊരിച്ച മത്സ്യവും ഉപ്പേരിയും കഴിക്കും. വര്‍ത്തമാനപത്രത്തില്‍ പൊതിഞ്ഞാണ് അതു കിട്ടുക. വല്ലപ്പോഴും സിനിമ കാണാനും അവര്‍ സമയം കണ്ടെത്തി. ഇപ്രകാരം ലില്ലിയുടെ ദാമ്പത്യജീവിതം ആനന്ദകരമായി മുന്നോട്ടു നീങ്ങി.
എങ്കിലും, ലില്ലിയുടെ മനസ്സ് അസ്വസ്ഥമാകാന്‍ തുടങ്ങി. ജീവിതത്തില്‍ എന്തോ കുറവുള്ളതുപോലെ അവള്‍ക്കു തോന്നി. പക്ഷേ, ഈ ചിന്ത മാറാന്‍ താമസമുണ്ടായില്ല. വിവാഹം കഴിഞ്ഞ് ഏതാനും മാസങ്ങള്‍ കഴിഞ്ഞതും താന്‍ ഗര്‍ഭംധരിച്ചിരിക്കുന്നുവെന്ന് അവളറിഞ്ഞു. ചന്ദ്രന്‍ ആവേശഭരിതനായി. മാതാപിതാക്കളാകാന്‍പോകുന്നുവെന്ന സത്യം ഇരുവരെയും ആനന്ദതുന്ദിലരാക്കി. ഗൃഹാതുരത്വം അനുഭവപ്പെട്ടിരുന്നതിനിടയിലും വയറ്റില്‍ക്കിടക്കുന്ന കുഞ്ഞും അമ്മയാകാനുള്ള ആവേശവും ലില്ലിയെ സന്തുഷ്ടയാക്കി. കുഞ്ഞു പിറന്നാല്‍ ജീവിതത്തില്‍ മാറ്റങ്ങളുണ്ടാവുമെന്നതും അവള്‍ മനസ്സിലാക്കി.
അതിനിടെ പുതിയ ഓഫീസ് കെട്ടിടത്തില്‍, ചന്ദ്രന്‍ ആന്ദ്രേ എന്നൊരാളെ പരിചയപ്പെട്ടു. അല്‍പ്പം പ്രായമുള്ള അദ്ദേഹം ആറു മീഡിയകളുടെ പ്രതിനിധിയായിരുന്നു. ആന്ദ്രേ ലില്ലിക്കും നല്ലൊരു സുഹൃത്തായിത്തീര്‍ന്നു. ശശിയെ ഗര്‍ഭം ധരിച്ചിരുന്ന സമയത്ത് പലപ്പോഴും ഫുള്‍ഹാം സ്ട്രീറ്റില്‍നിന്നും ബസ് നമ്പര്‍ 19-ല്‍ കയറി ചന്ദ്രന്റെ ഓഫീസ് സ്ഥിതിചെയ്യുന്ന ഫ്‌ളീറ്റ് സ്ട്രീറ്റിലേക്കു തനിയേ പോയിരുന്ന കാര്യം ലില്ലി ഇന്നും ഓര്‍ക്കാറുണ്ട്. അപ്പോഴൊക്കെ ചന്ദ്രനൊപ്പമാണ് ഉച്ചഭക്ഷണം; ആന്ദ്രേയും കൂട്ടിനുണ്ടാവും. താന്‍ കൊണ്ടുവരാറുള്ള മുന്തിരിങ്ങാപ്പഴങ്ങള്‍ കഴിക്കാന്‍ അദ്ദേഹം ലില്ലിയെ സ്‌നേഹപൂര്‍വ്വം നിര്‍ബ്ബന്ധിക്കും. ഗര്‍ഭിണികള്‍ ആരോഗ്യം ശ്രദ്ധിക്കണമെന്ന് ഉപദേശിക്കും. ഓഫീസില്‍ കാലുയര്‍ത്തിവെച്ചു കുറച്ചു നേരം വിശ്രമിച്ചതിനുശേഷമേ മടങ്ങാന്‍ അനുവദിക്കൂ.
1956 മാര്‍ച്ച് മാസം ഒമ്പതാം തീയതി ഐലിങ്ടണിലെ റോയല്‍ ഫ്രീ ആശുപത്രിയില്‍വെച്ച് ലില്ലി ശശിയെ പ്രസവിച്ചു. അന്ന് മഹാശിവരാത്രിനാളായിരുന്നതിനാല്‍, ഭഗവാന്‍ ശിവന്റെ തിരുജടയെ അലങ്കരിക്കുന്ന ചന്ദ്രക്കലയെ അനുസ്മരിച്ചുകൊണ്ട് കുഞ്ഞിന് ശശി എന്നു പേരിട്ടു! ചന്ദ്രന്റെ പൂര്‍ണ്ണനാമധേയം ചന്ദ്രശേഖരന്‍ എന്നായിരുന്നതും ഇവിടെ സ്മരണീയമാണ്. ലില്ലിയുടെ ആഗ്രഹപ്രകാരം ശശി എന്ന പേരിനൊപ്പം കൃഷ്ണനെന്നും തെയ്യുണ്ണിയെന്നും കൂട്ടിച്ചേര്‍ത്തു. ലില്ലിയുടെ പിതാവിന്റെ പേര് തെയ്യുണ്ണി എന്നായിരുന്നല്ലോ! അങ്ങനെ ജനനസര്‍ട്ടിഫിക്കറ്റില്‍, ലില്ലിക്കും ചന്ദ്രനും പിറന്ന ആണ്‍കുഞ്ഞിന്റെ പൂര്‍ണ്ണനാമം ശശി കൃഷ്ണന്‍ തെയ്യുണ്ണി തരൂര്‍ എന്നാണ് രേഖപ്പെടുത്തിയത്. വെളുത്തുതുടുത്ത്, ഇളംചാരനിറമുള്ള കണ്ണുകളോടു കൂടിയ കുഞ്ഞിനെക്കണ്ട് നേഴ്‌സുമാര്‍ അദ്ഭുതംകൂറിയത്രേ! ഇംഗ്ലീഷ് ബേബിയെന്നു പറഞ്ഞ് അവര്‍ അവനെ ഓമനിച്ചത് ലില്ലി ഇന്നും ഓര്‍ക്കുന്നു! കുഞ്ഞിന്റെ ജനനത്തോടെ ലില്ലിയുടെയും ചന്ദ്രന്റെയും ജീവിതം സ്വര്‍ഗ്ഗതുല്യമായിത്തീര്‍ന്നു. അവര്‍ ശശിയെ ആവോളം ലാളിച്ചു.
ശശി ജനിച്ച് രണ്ടുമാസം തികഞ്ഞു. ദി സ്റ്റേറ്റ്‌സ്മാന്‍ എന്ന പത്രം ചന്ദ്രനുമായി ബന്ധപ്പെട്ടു. പുതിയ ജോലിയും മെച്ചപ്പെട്ട അവസരങ്ങളും വാഗ്ദാനം ചെയ്തു. ഒരു യുവ പത്രപ്രവര്‍ത്തകനെ സംബന്ധിച്ചിടത്തോളം അത് അപൂര്‍വ്വമായ ഒരവസരമായിരുന്നു. അന്ന് ദി സ്റ്റേറ്റ്‌സ്മാന്‍ ഒരു ബ്രിട്ടീഷ് കമ്പനിയുടെ മേല്‍നോട്ടത്തിലാണ് പ്രവര്‍ത്തിച്ചിരുന്നത്. 1960-കളുടെ മദ്ധ്യത്തോടെയാണ് പത്രം ഒരു ഇന്ത്യന്‍ കമ്പനിക്കു കൈമാറപ്പെട്ടത്. നാനി പല്‍ഖിവാലയായിരുന്നു ആദ്യത്തെ ഇന്ത്യന്‍ ചെയര്‍മാന്‍!
.jpg?$p=d678a52&&q=0.8)
സ്റ്റേറ്റ്‌സ്മാന് രണ്ടു ജീവനക്കാര്‍ മാത്രമുള്ള ചെറിയ ഒരോഫീസേ ഉണ്ടായിരുന്നുള്ളൂ. ലണ്ടന്‍ കറസ്‌പോണ്ടന്റ് ആയ ജെയിംസ് കൗളിയാണ് ഒരാള്‍. മറ്റൊരാള്‍ ചന്ദ്രനും! പരസ്യങ്ങളുടെ ചുമതലയും ഓഫീസ് ഭരണവും ചന്ദ്രന്‍ നിര്‍വ്വഹിച്ചുപോന്നു. ഉത്തരവാദിത്വവും അധികാരവുമുള്ള ജോലിയായിരുന്നതിനാല്‍ ചന്ദ്രന് അതു വളരാനുള്ള അവസരമേകി. കുഞ്ഞിന്റെ വരവോടെ ചെലവേറിയിരുന്നതിനാല്‍, പുതിയ ജോലിയില്‍നിന്നുള്ള അധികവരുമാനം ചന്ദ്രനും ലില്ലിക്കും ഒരനുഗ്രഹമായി. എല്ലാം കുഞ്ഞിന്റെ ഭാഗ്യം എന്നുതന്നെ ലില്ലി വിശ്വസിച്ചു. വിവാഹം കഴിഞ്ഞ് ഒരു വര്‍ഷവും മൂന്നു മാസവും തികയുംമുമ്പ് ഔദ്യോഗികരംഗത്ത് ചന്ദ്രനുണ്ടായ വളര്‍ച്ച ലില്ലിക്ക് അഭിമാനം പകര്‍ന്നു.
ഇതൊക്കെയാണെങ്കിലും ലണ്ടന്‍ജീവിതം അത്രയ്ക്ക് സുഖകരമായിരുന്നില്ല. കുടുംബത്തില്‍നിന്നേറെ അകലെ, സഹായത്തിനാരുമില്ലാതെ, ലില്ലി വിഷമിച്ചു. ഗൃഹഭരണവും കുഞ്ഞിനെ വളര്‍ത്തലും ഒന്നിച്ചു ചെയ്യുക എളുപ്പമായിരുന്നില്ല. അലക്കുമിഷ്യനോ ഹീറ്റിങ് സംവിധാനമോ ഉണ്ടായിരുന്നില്ല. പോരെങ്കില്‍ യുദ്ധാനന്തരകാലവും!
ലില്ലിയെ സഹായിക്കാനായി ചന്ദ്രന്‍ സദാ തയ്യാറായിരുന്നു. രാവിലെ ഓഫീസില്‍ പോകുംമുമ്പ് അദ്ദേഹം കുഞ്ഞിന്റെ നാപ്പികളൊക്കെ കൈകൊണ്ടു കഴുകിയിടും. പാചകം മിക്കവാറും തീര്‍ക്കും. പിന്നെയും ജോലികള്‍ ബാക്കിയുണ്ടാവും! ചന്ദ്രന്റെ ഊഷ്മളമായ പെരുമാറ്റവും ഔദാര്യശീലവുംമൂലം, ഉദ്യോഗാര്‍ത്ഥം ഇന്ത്യയില്‍നിന്ന് ലണ്ടനിലെത്തിയ പല സുഹൃത്തുക്കള്‍ക്കും അദ്ദേഹത്തിന്റെ വീടാണ് താവളമായത്. അവരില്‍ പലരും അവിവാഹിതരായിരുന്നു. അതിനാല്‍ മറ്റു താമസസൗകര്യങ്ങള്‍ ലഭിക്കുവോളം അവര്‍ ചന്ദ്രന്റെ വീട്ടില്‍ത്തന്നെ താമസിച്ചു. സുഹൃത്തുക്കളുടെ സാന്നിദ്ധ്യം സന്തോഷം പകര്‍ന്നിരുന്നെങ്കിലും വീട്ടിലെ ജോലിഭാരം വര്‍ദ്ധിച്ചതില്‍ ചന്ദ്രനു ബുദ്ധിമുട്ടു തോന്നി.
ശശി മുട്ടുകുത്തുന്ന പ്രായമെത്തി. കുഞ്ഞിന് നല്ല ശ്രദ്ധ വേണ്ടുന്ന സമയം! ലണ്ടനിലെ തണുത്ത കാലാവസ്ഥയില്‍ അവനു പലപ്പോഴും ജലദോഷം പിടിപെട്ടു. വീട്ടുടമയായ സ്ത്രീ ആഴ്ചതോറും മേല്‍നോട്ടത്തിന് വന്നിരുന്നതും പ്രശ്‌നമായി. ജനാലകള്‍ വൃത്തിയായി സൂക്ഷിക്കുന്നില്ലെന്നും ശശിയുടെ കരച്ചില്‍ മറ്റു വാടകക്കാരെ അലോസരപ്പെടുത്തുന്നുവെന്നും അവര്‍ കുറ്റപ്പെടുത്തി. ലണ്ടന്‍പോലൊരു വന്‍നഗരത്തിലെ ജീവിതത്തോട് ലില്ലിക്ക് ആദ്യമാദ്യം തോന്നിയ ആവേശം കെട്ടടങ്ങാന്‍ താമസമുണ്ടായില്ല. അവിടത്തെ തണുപ്പിനെ ചെറുക്കാന്‍ വയ്യാതായി അവള്‍ക്ക്. ലില്ലിക്ക് ഇന്ത്യയിലേക്കു മടങ്ങാന്‍ തിടുക്കമായി. ഗൃഹാതുരത്വമല്ല, ഇന്ത്യയിലെ ജീവിതം എളുപ്പമായിരിക്കും എന്ന ചിന്തയാണ് ലില്ലിയെ നാട്ടിലേക്കു മടങ്ങാന്‍ പ്രേരിപ്പിച്ചത്.
ദി സ്റ്റേറ്റ്‌സ്മാന്‍ പത്രത്തിന്റെ ബോംബെ മാനേജരായി മാറ്റം കിട്ടാന്‍ ഒരു സാദ്ധ്യത തെളിഞ്ഞപ്പോള്‍, ചന്ദ്രന്‍ മടിക്കാതെ അപേക്ഷ കൊടുത്തു. ചന്ദ്രന് ബോംബെക്ക് സ്ഥലംമാറ്റം കിട്ടുകയും ചെയ്തു. സിര്‍ക്കേഷ്യ എന്ന യാത്രക്കപ്പലില്‍ ചന്ദ്രന്‍ കുടുംബത്തിനു ടിക്കറ്റുകള്‍ ബുക്ക് ചെയ്തു. അങ്ങനെ രണ്ടരവര്‍ഷത്തെ വാസത്തിനുശേഷം ലില്ലി ഇംഗ്ലണ്ടിനോട് വിടപറഞ്ഞു. ശശിക്ക് അന്ന് ഇരുപത്തിനാല് മാസമായിരുന്നു പ്രായം.
സാഹചര്യങ്ങളുമായി പൊരുത്തപ്പെടുമ്പോള്‍ മാത്രമേ വളര്‍ച്ചയും പുരോഗതിയുമുണ്ടാവൂ എന്ന് നമുക്കറിയാം. പലരും മാറ്റങ്ങള്‍ ഇഷ്ടപ്പെടാറില്ല. പുത്തന്‍സാഹചര്യങ്ങളുമായി പൊരുത്തപ്പെടാനാവുമോ എന്ന ഭയമാണ് ഈ അനിഷ്ടത്തിനു കാരണം. മാറ്റങ്ങള്‍ അമൂല്യമായ പലതിനെയും നമ്മില്‍നിന്നു കവര്‍ന്നെടുക്കും എന്നു കരുതുന്നവരാണ് പലരും. മാറുന്ന ചുറ്റുപാടുകള്‍ നമ്മുടെ ദിനചര്യകളെ ബാധിക്കുമെന്ന കാര്യത്തില്‍ സംശയമൊന്നുമില്ല. വാസ്തവത്തില്‍ നിത്യശീലങ്ങളും സുഖസൗകര്യങ്ങളുമാണ് സുരക്ഷിതത്വബോധത്തിനാധാരം.
കൊല്ലങ്കോട്ടു ജനിച്ചുവളര്‍ന്ന ഒരു നാടന്‍പെണ്‍കുട്ടി; ഇംഗ്ലീഷ് ഭാഷ ഒഴുക്കോടെ സംസാരിക്കാനുള്ള പ്രാവീണ്യവുമില്ല, പാശ്ചാത്യരീതികളും ആചാരങ്ങളും വശമില്ല. എങ്കിലും ലില്ലി തന്റെ കഴിവിനൊത്ത് ലണ്ടന്‍ സമൂഹവുമായി ഇണങ്ങിച്ചേര്‍ന്നിരുന്നു. റേഡിയോപരിപാടികളെ ആശ്രയിച്ചുകൊണ്ട് തന്റെ ഇംഗ്ലീഷ് പരിജ്ഞാനത്തെ പരിപോഷിപ്പിച്ചു. അതൊരു നല്ല തുടക്കമായി. പില്‍ക്കാലത്ത് അവള്‍ പല ഭാഷകളും സാധ്യായത്തിലൂടെ വശമാക്കി. പലതരം പാചകരീതികള്‍ പരിചയിച്ചു. ലണ്ടനിലെ കാലാവസ്ഥയുമായി പൊരുത്തപ്പെടുകയും ചെയ്തു. ഗൃഹഭരണവും ഒരുവിധം ഭംഗിയായി നിര്‍വ്വഹിച്ചു. എന്തായാലും അനുഭവങ്ങള്‍ ലില്ലിയുടെ ചിന്താഗതിയെ സ്വാധീനിച്ചു എന്ന കാര്യം ഉറപ്പാണ്.
സാഹസികത ലില്ലിയുടെ കൂടപ്പിറപ്പായിരുന്നു. അനാവശ്യമായ ഉത്കണ്ഠകളോ കോപമോ അവളെ കീഴ്‌പ്പെടുത്തിയിരുന്നില്ല. പ്രതീക്ഷകളും ഉത്സാഹവുമാണ് അവളെ മുന്നോട്ടു നയിച്ചത്. തികച്ചും സുകരവും യുക്തിസഹവുമായിരുന്നു ലില്ലിയുടെ ചിന്തകള്‍. ഹ്രസ്വമായ ലണ്ടന്‍ജീവിതത്തില്‍ സ്വയംപര്യാപ്തത വശമായിരുന്നില്ലെങ്കിലും, ആ രണ്ടരവര്‍ഷങ്ങള്‍ ലില്ലിയില്‍ പല മാറ്റങ്ങളും വരുത്തി. പില്‍ക്കാലത്ത് പരാശ്രയം കൂടാതെ ജീവിക്കാനുള്ള ഒരു പരിശീലനക്കളരിയായിരുന്നു ലില്ലിയുടെ പ്രവാസം.
Content Highlights: Lilly Tharoor, Shashi Tharoor, Sobha Tharoor, Sreekumari Ramachandran, Mathrubhumi Books
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..