-
കാഴ്ചയില്ലെങ്കിലും വളരെ ചെറുപ്പം മുതലേ മാതൃഭൂമി ആഴ്ചപ്പതിപ്പ് വായിക്കുന്ന ഒരാളാണ് ഞാന്‍. ആഴ്ചപ്പതിപ്പ് പുതിയതായി നടപ്പിലാക്കിയ ഒരു പരിഷ്കാരം ഞാനുള്‍പ്പെടുന്ന, കാഴ്ചയില്ലാത്തവര്‍ക്ക് വലിയ ഉപകാരപ്രദമായിരിക്കുകയാണ്. ക്യുആര്‍ കോഡ് ഉപയോഗിച്ച് കഥകളും കവിതകളും കേള്‍ക്കാനാവുന്ന ആ സാധ്യതയെപ്പറ്റിയാണ് പരാമര്‍ശിക്കുന്നത്. സാഹിത്യത്തോടുള്ള വലിയ താത്പര്യംകൊണ്ട് തന്നെ,ആ സാധ്യത കൃത്യമായി പ്രയോജനപ്പെടുത്താറുമുണ്ട്.
ആഴ്ചപ്പതിപ്പിന്റെ കഥാപതിപ്പ് മികച്ച വായനാനുഭവമായി. പല കഥകളും എനിക്ക് ഉള്‍ക്കൊള്ളാന്‍ കഴിയാത്തവ ആയിരുന്നെങ്കിലും ഒന്‍പത് കഥകളും മികച്ച കഥകളായിരുന്നു എന്ന കാര്യത്തില്‍ തര്‍ക്കമില്ല. കെ.വി. മണികണ്ഠന്റെ വിയര്‍ത്തു നില്ക്കുന്നവരോട് ചോദിക്കൂ; ഇടയ്ക്കു വീശിയ കാറ്റിനെക്കുറിച്ച്, സുനു എ.വി. യുടെ അബൂബക്കര്‍ അടപ്രഥമന്‍, വി. ഷിനിലാലിന്റെ സ്പര്‍ശം എന്നിവയാണ് എനിക്ക് ഏറ്റവും ആസ്വാദ്യകരമായി തോന്നിയത്. അബിന്‍ ജോസഫിന്റെ റൂറല്‍ നക്സല്‍സ്, സുനീഷ് കൃഷ്ണന്റെ പൈക്ക എന്നിവയും ഹൃദ്യമായ വായനാനുഭവമായി. മറ്റ് കഥകള്‍, എന്റെ ആസ്വാദനരീതിയുമായി ചേര്‍ന്ന് പോകുന്നവയല്ലാത്തതുകൊണ്ടാണ് പ്രത്യേകം പരാമര്‍ശിക്കാത്തത്.
ക്യുആര്‍ കോഡിന്റെ സാങ്കേതികസഹായം ഉണ്ടാവുന്നതിന് മുന്‍പും ആഴ്ചപ്പതിപ്പ് വായിച്ചിരുന്ന ഒരാളാണ് ഞാന്‍. കാഴ്ചയില്ലാത്തവരുടെ വായനരീതിയെ പരിചയപ്പെടുത്താന്‍ കൂടി ഈ കുറിപ്പ് ഉപയോഗിക്കുന്നു. കാഴ്ചയുള്ളവരും ഇല്ലാത്തവരും എല്ലാം ഭാഗമായിട്ടുള്ള 'ശ്രവ്യം' എന്നൊരു കൂട്ടായ്മയില്‍ അംഗമായിരുന്നു ഞാന്‍. കാഴ്ചയുള്ളവര്‍ വോളന്റിയേഴ്സ് എന്ന നിലയിലാണ് പ്രവര്‍ത്തിക്കുന്നത്. ലോകത്തിന്റെ വിവിധഭാഗങ്ങളില്‍ താമസിക്കുന്ന പന്ത്രണ്ടുപേരാണ് അവര്‍. അവര്‍ ഞങ്ങള്‍ക്കുവേണ്ടി വായിച്ച് അപ്ലോഡ് ചെയ്യും. ശ്രവ്യം, ശ്രവ്യം റീഡിങ് എന്നിങ്ങനെ രണ്ട് വേദികളുണ്ട്.
ശ്രവ്യം റീഡിങ്ങില്‍ വായിക്കാനുള്ള സാമഗ്രികള്‍ മാത്രമാണ് ഉണ്ടാവുക. ശ്രവ്യം ഒരു കമാന്റിങ് പ്ലാറ്റ്ഫോമാണ്. കഥകളും കവിതകളും കേട്ടശേഷം പ്രതികരിക്കാനുള്ള ഒരു വേദിയാണ് അത്. ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജിലെ അധ്യാപകന് പ്രൊഫ. റോബിന്‍സണ്‍ ആണ് ഈ കൂട്ടായ്മ രൂപവത്കരിച്ചത്. മൂന്നരവര്‍ഷത്തോളമായി ഞാന്‍ ഈ കൂട്ടായ്മയില്‍ അംഗമാണ്. അന്നുമുതല്‍ നിരവധി പുസ്തകങ്ങള്‍ ഞാന്‍ അവിടെനിന്ന് വായിച്ചിട്ടുണ്ട്.
ബര്‍മിങ്ഹാം സര്‍വകലാശാലയിലെ സൈക്കോളജി പ്രൊഫസറായ ഡോ. രാജേഷ് ഈ പന്ത്രണ്ടുപേരില്‍ ഒരാളാണ്. മാതൃഭൂമി ആഴ്ചപ്പതിപ്പ് സ്ഥിരമായി വായിക്കുന്നത് സ്റ്റേറ്റ് ബാങ്കിന്റെ റിട്ടയേര്‍ഡ് ചീഫ് മാനേജരായ ജി.ആര്. ശ്രീകല ആണ്. ക്യുആര്‍ കോഡ് വന്നതിനുശേഷം, കഥകളും കവിതകളും, മറ്റൊരു വോളന്റിയര്‍ കൃത്യമായി സ്കാന്‍ ചെയ്ത്, പോസ്റ്റ് ചെയ്യാറുണ്ട്. ആഴ്ചപ്പതിപ്പില്‍ വരുന്ന ഏതാണ്ട് എല്ലാം വായിച്ചുകേള്ക്കാറുണ്ട്. ആഴ്ചപ്പതിപ്പ് പുറത്തിറങ്ങുന്ന ദിവസം രാവിലെതന്നെ, വാക്ക് ഇനും, ഉള്ളടക്കവും, പോസ്റ്റ് ചെയ്യും. പിന്നീട് ഒരാഴ്ചയ്ക്കുള്ളില്‍ത്തന്നെ, മുഴുവന്‍ വായിക്കാറുണ്ട്. ക്യുആര്‍ കോഡ് വന്നതോടെ, ആഴ്ചപ്പതിപ്പിനോടൊപ്പം കൂടുതല്‍ പുസ്തകങ്ങള്‍ വായിക്കാന്‍ സമയം ലഭിക്കുന്നുണ്ട്. അടുത്ത കാലത്ത് ഇറങ്ങിയ ഏതാണ്ട് എല്ലാ പുസ്തകങ്ങളും ഇവിടെ വായിച്ചുകഴിഞ്ഞു. മാതൃഭൂമി ആഴ്ചപ്പതിപ്പിന് നന്ദി.
പി. മോഹന്‍കുമാര്‍
പാങ്ങപ്പാറ, തിരുവനന്തപുരം
മാതൃഭൂമി ആഴ്ചപ്പതിപ്പിലെ (15 മാര്‍ച്ച് 2020) വായനക്കാര്‍ എഴുതുന്നു എന്ന പംക്തിയില്‍ പ്രസിദ്ധീകരിച്ചത്
Content Highlights: letter from the reader mathrubhumi weekly
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..