'ഈ രാത്രി നിര്‍ണായകമാകും'; ദസ്തയേവ്‌സ്‌കിയുടെ അവസാന നിമിഷങ്ങള്‍ മകള്‍ ഐമിയുടെ വിവരണത്തില്‍


ഐമി ദസ്തയേവ്സ്‌കി / വിവര്‍ത്തനം: സുരേഷ് എം.ജി.

''ഞാന്‍ ദസ്തയേവ്സ്‌കിയുടെ വിധവയാണ്. ചടങ്ങുകള്‍ തുടങ്ങാനായി എന്നെ കാത്തിരിക്കുകയാണവര്‍,'' അമ്മ അയാളെ അറിയിച്ചു. ''നിങ്ങളിപ്പോള്‍ ആറാമത്തെയാളാണ് ദസ്തയേവ്സ്‌കിയുടെ വിധവയാണെന്നും പറഞ്ഞെത്തുന്നത്; അകത്ത് കടക്കാന്‍ ശ്രമിക്കുന്നത്. ഇനിയും നുണകള്‍ വേണ്ട. ആരെയും ഞാന്‍ കടത്തിവിടില്ല.''

ദസ്തയേവ്‌സ്‌കി| കടപ്പാട് വിക്കിപീഡിയ

അച്ഛന്റെ അവസാനനിമിഷങ്ങള്‍ ഓര്‍മിക്കുകയാണ് ദസ്തയേവ്‌സ്‌കിയുടെയും അന്നയുടെയും മകള്‍ ഐമി. അച്ഛന്റെ മരണത്തെക്കുറിച്ചുള്ള മകളുടെ ഓര്‍മ എന്നതിലുമുപരിയായി മഹാനായ ഒരെഴുത്തുകാരന്റെ മരണവും മരണാനന്തരജീവിതവും ഒരു ജനതയെ എത്രമാത്രം ബാധിച്ചു എന്നതിന്റെ സാക്ഷ്യപ്പെടുത്തലാണിത്. മഹാനായ ദസ്തയേവ്‌സ്‌കിയുടെ മരണം ഒരുദേശത്തിന്റെ ജീവിതത്തിലുണ്ടാക്കിയ ശൂന്യതയെക്കുറിച്ചുള്ള ഹൃദയഭേദകമായ സ്മരണ.

നുവരി അവസാനത്തോടെ, വേര അമ്മായിയും അലക്സാന്‍ഡ്ര അമ്മായിയും വീട്ടില്‍ താമസിക്കാനായെത്തി. വേര അമ്മായി വന്നിരിക്കുന്നു എന്നറിഞ്ഞപ്പോള്‍ അച്ഛന് സന്തോഷമായി. അമ്മായിയുടെ വീട്ടിലേക്ക് താന്‍ നടത്തിയിട്ടുള്ള അനേകം സന്ദര്‍ശനങ്ങളും തന്റെ ഭാര്യ മരിച്ച അവസരത്തില്‍ അമ്മായി നല്കിയ ഊഷ്മളസഹായങ്ങളുമെല്ലാം അച്ഛന്റെ ഓര്‍മയിലെത്തി. അമ്മായിയുടെ മക്കളെക്കുറിച്ചുള്ള വിവരങ്ങളറിയാനും അമ്മയെക്കുറിച്ചുള്ള വിവരങ്ങളറിയാനും അച്ഛന് തിരക്കായി. അതിനോടൊപ്പം മോസ്‌കോയിലേക്കും ഡാരോവോയെയിലേക്കും ഓടിയെത്തി അവരുടെ ബാല്യകാല ഓര്‍മകള്‍ പങ്കിടാനും. തന്റെ സഹോദരി അപ്പോള്‍ മറ്റൊരുതരത്തിലുള്ള സംഭാഷണങ്ങള്‍ക്കായാണ് കോപ്പുകൂട്ടുന്നതെന്ന സംശയം അന്നേരം അച്ഛനിലില്ലായിരുന്നു.

ദസ്തയേവ്സ്‌കിമാർ ദീര്‍ഘകാലമായി അവരുടെ അമ്മായി കുമാനിന്റെ പിന്തുടര്‍ച്ചാവകാശത്തെച്ചൊല്ലി പോരടിക്കുകയായിരുന്നു എന്നതായിരുന്നു സത്യം. അവര്‍ അന്തരിച്ചപ്പോള്‍ സ്വത്തുക്കളെല്ലാംതന്നെ ഭര്‍ത്താവിന്റെ പിന്മുറക്കാര്‍ക്കായി നീക്കിവെച്ചു. പക്ഷേ, റിയാസാനിലുള്ള ഏകദേശം പന്ത്രണ്ടായിരം ഡെസിയാറ്റിന്‍ (ഒരു ഡെസിയാറ്റിന്‍ എന്നാല്‍ ഏകദേശം 2.7 ഏക്കര്‍) വരുന്ന വനം എന്റെ അച്ഛനടക്കമുള്ള സഹോദരമക്കള്‍ക്കായി നീക്കിവെച്ചിരുന്നു. അതിനോടൊപ്പം മറ്റൊരു കസിന്റെ കുട്ടികള്‍ക്കും അതില്‍ അവകാശം പറഞ്ഞിട്ടുമുണ്ടായിരുന്നു. അങ്ങനെ അതിന് അനന്തരാവകാശികളായി അനേകം പേരുണ്ടായി. അവര്‍ തമ്മില്‍ ഒരു യോജിപ്പിലെത്തിയില്ല. എണ്ണമറ്റ വഴക്കുകളുമായി സമയം നീങ്ങി. ഈ ചര്‍ച്ചകളൊക്കെ നടന്നിരുന്നത് മോസ്‌കോയിലാണ്.

ഈ അമ്മായിയുടെ ബന്ധുക്കളുമായി അച്ഛന് നേരിയ പരിചയമേയുള്ളൂ. അതുകൊണ്ടുതന്നെ അച്ഛന്‍ ചര്‍ച്ചകളുടെയൊന്നും ഭാഗമായില്ല. അവരെല്ലാം ഒരു യോജിപ്പിലെത്തി തന്റെ ഭാഗം ലഭിക്കുന്നതിനായി അദ്ദേഹം ക്ഷമയോടെ കാത്തു. അതൊരു വലിയ ഭൂസമ്പത്തുതന്നെയാണ്. പക്ഷേ, നിര്‍ഭാഗ്യമെന്ന് പറയട്ടെ അത്രയെളുപ്പത്തില്‍ എത്തിപ്പെടാവുന്ന ഒരിടത്തല്ല അത്. തീവണ്ടിയാപ്പീസുകളെല്ലാം അവിടെനിന്ന് വളരെ ദൂരെയാണ്. അതുമൂലംതന്നെ ഭൂമിക്ക് വിലയും കുറച്ചേ ലഭിക്കൂ. എന്നിരുന്നാലും അച്ഛന്‍ അതില്‍ വലിയ പ്രതീക്ഷവെച്ചിരുന്നു. കാരണം, കുടുംബത്തിനായി നീക്കിവയ്ക്കാന്‍ അതല്ലാതെ അദ്ദേഹത്തിന്റെ പക്കല്‍ മറ്റൊന്നുമില്ലായിരുന്നു. ഇതില്‍ അവകാശമുന്നയിച്ചാണ് അപ്പോള്‍ അദ്ദേഹത്തിന്റെ സഹോദരിമാര്‍ എത്തിയിരിക്കുന്നത്.

അക്കാലത്തെ റഷ്യന്‍ നിയമമനുസരിച്ച് ഭൂമിയില്‍ സ്ത്രീകള്‍ക്ക് പതിനാലില്‍ ഒരു ഭാഗം പാരമ്പര്യാവകാശം മാത്രമേയുള്ളൂ. എന്റെ അമ്മായിമാരും അവരുടെ അമ്മായിയില്‍നിന്ന് അവര്‍ക്ക് പിന്തുടര്‍ച്ചാവകാശമായി വിശാലമായ ഭൂപ്രദേശങ്ങള്‍ ലഭിക്കും എന്ന പ്രതീക്ഷയിലായിരുന്നു. പക്ഷേ, ലഭിക്കാന്‍ പോകുന്നത് വളരെ നിസ്സാരമാണെന്നറിഞ്ഞപ്പോള്‍ അവര്‍ അലോസരപ്പെട്ടു. അപ്പോള്‍ മാതാപിതാക്കളുടെ സ്വത്തുക്കളിന്മേലുള്ള അവകാശം, നിസ്സാരമായ ഒരു തുക മാത്രം കൈപ്പറ്റി എന്റെ അച്ഛന്‍ വിട്ടുകൊടുത്തത് അവരുടെ ഓര്‍മയിലെത്തി. ഇത്തവണയും അദ്ദേഹത്തെ കൊള്ളയടിക്കാനാകും എന്നവര്‍ കരുതി. തനിക്കുള്ള വിഹിതം മൂന്ന് സഹോദരിമാര്‍ക്കുമായി വിട്ടുകൊടുക്കാന്‍ തയ്യാറാകും എന്നവര്‍ ചിന്തിച്ചു. അതവര്‍ ആവശ്യപ്പെടുകയും ചെയ്തു. അവരുടെ അമ്മായി ജീവിച്ചിരുന്ന കാലങ്ങളില്‍ കുടുംബത്തിലെ മറ്റാര്‍ക്കെങ്കിലും ലഭിച്ചതിനെക്കാള്‍ കൂടുതല്‍ അച്ഛന് നല്കിയിട്ടുണ്ട് എന്നാണവര്‍ ഇതിനായി കണ്ടെത്തിയ ന്യായം.

അച്ഛന്റെ തലതൊട്ടമ്മയായിരുന്നു അമ്മായി എന്നും അമ്മായിക്ക് അച്ഛനോട് വലിയ ഇഷ്ടമായിരുന്നു എന്നതും സത്യമാണ്. പക്ഷേ, കുമാനിന്‍ എന്ന ഈ മൂത്ത അമ്മായിയുടെ സമ്പത്തെല്ലാം അവരുടെ ഭര്‍ത്താവില്‍നിന്ന് അനന്തരാവകാശമായി ലഭിച്ചതാണെന്നതും അത് അവര്‍ക്ക് അവരുടെ ഇഷ്ടത്തിന് ആര്‍ക്കു വേണമെങ്കിലും കൊടുക്കാന്‍ അധികാരമുണ്ടായിരുന്നെന്നതും അവര്‍ പരിഗണിച്ചില്ല. രണ്ടാമതൊരു വശമുള്ളത് അമ്മായിയില്‍നിന്ന് അതുവരെ ലഭിച്ചതില്‍ ഭൂരിഭാഗവും കുടുംബത്തിനുവേണ്ടിത്തന്നെയാണ് അച്ഛന്‍ ചെലവിട്ടത് എന്നതാണ്.

തന്റെ ഒരു സുഹൃത്തിനൊരിക്കല്‍ എഴുതിയ കത്തില്‍, സഹോദരന്‍ മിഹൈലിന്റെ 'എപോഹ' എന്ന പത്രത്തെ രക്ഷിച്ചെടുക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി അമ്മായിയില്‍നിന്ന് ലഭിച്ച 12,000 റൂബിള്‍ ബലി നല്കിയതിനെക്കുറിച്ച് പറയുന്നുണ്ട്. അതുപോലെ അലക്സാന്‍ഡ്ര എന്ന സഹോദരിയുടെ ഭര്‍ത്താവ് രോഗിയായപ്പോള്‍ ചെയ്ത സഹായങ്ങളെക്കുറിച്ചും. എന്റെ പിതാവിന്റെ സഹോദരനായ മിഹൈലിന്റെ കുട്ടികളെ സംരക്ഷിക്കാന്‍ ചെലവിട്ടതിനെക്കുറിച്ച് ചര്‍ച്ച ചെയ്യാതിരിക്കുന്നതാണ് നല്ലത്. അവരുടെ പിതാവ് മരിച്ചതു മുതല്‍ അവരെല്ലാം അച്ഛന്റെ സംരക്ഷണത്തിലായിരുന്നു. വര്‍ഷങ്ങളോളം അത് തുടരുകയും ചെയ്തു. എന്നിരുന്നാലും ഭാര്യയ്ക്കും മക്കള്‍ക്കും മുന്‍ഗണന നല്‌കേണ്ടതില്ലായിരുന്നുവെങ്കില്‍ അച്ഛന്‍, അമ്മായിയില്‍നിന്ന് ലഭിക്കാനിരിക്കുന്ന സമ്പത്തിലെ അവകാശങ്ങളെല്ലാം സസന്തോഷം സഹോദരിമാര്‍ക്ക് വിട്ടുകൊടുക്കുമായിരുന്നുവെന്ന് എനിക്ക് ഉറപ്പുണ്ട്.

ദസ്തയേവ്സ്‌കി തന്റെ നോര്‍മന്‍ ആത്മാവിനെ മറന്നിരുന്നു. ഇത്തിരിയെങ്കിലും നോര്‍മന്‍ രക്തം കൂടിക്കലരാത്ത ഒരു രാജ്യവും യൂറോപ്പിലോ അമേരിക്കയിലോ ഉണ്ടാകില്ല. നോര്‍മനുകളില്‍ കാണുന്ന ഉത്കടമായ വിശ്വാസവും അവരിലെ അതിശയകരമായ സൂക്ഷ്മദര്‍ശിത്വവും അദ്ദേഹം കൃതികളില്‍ കൊണ്ടുവന്നിരുന്നു. ഇതാണ് യൂറോപ്പുകാരെ ആകര്‍ഷിച്ചത്. അതേസമയം, അദ്ദേഹത്തിലെ മൃദുത്വമുള്ള, മഹാമനസ്‌കതയുള്ള, ആവേശമുള്ള സ്ലാവ് ആത്മാവിനെ ആ വിഭാഗക്കാരും ഇഷ്ടപ്പെട്ടു. മോസ്‌കോക്കാരനായ മുത്തച്ഛനില്‍നിന്ന് ഒരു മംഗോളിയന്‍ പാരമ്പര്യവും അച്ഛനുണ്ടായിരുന്നു. അത് പക്ഷേ, അദ്ദേഹത്തില്‍ വളരെ ബലഹീനമായിരുന്നു. അതുകൊണ്ടാകാം പൗരസ്ത്യര്‍, പ്രത്യേകിച്ചും ജൂതര്‍, അദ്ദേഹത്തെ ഇഷ്ടപ്പെടാതിരുന്നത്.

വീട്ടുകാരെല്ലാം ഒന്നിച്ചുള്ള അത്താഴവിരുന്ന് ജനുവരി ഇരുപത്തിയഞ്ചാം തീയതിയായിരുന്നു. ചില തമാശകളും ദസ്തയേവ്സ്‌കിയുടെ ബാല്യത്തിലെ കളികളെക്കുറിച്ചുള്ള ഓര്‍മകളുമൊക്കെയായാണ് അത് തുടങ്ങിയത്. പക്ഷേ, അമ്മായി വിഷയത്തിലേക്ക് കടക്കാനായി വെമ്പിനില്ക്കുകയായിരുന്നു. അവര്‍ ഒട്ടും താമസിയാതെ കുമാനിന്‍ അമ്മായിയില്‍നിന്ന് ലഭിക്കാനിരിക്കുന്ന എസ്റ്റേറ്റിനെക്കുറിച്ചും അത് ദസ്തയേവ്‌സ്‌കികുടുംബത്തെ ഒന്നാകെ വിഷലിപ്തമാക്കിയതിനെക്കുറിച്ചും സംസാരിച്ചുതുടങ്ങി. അച്ഛന്‍ ഒന്ന് മുരണ്ടു. അമ്മ അമ്മായിയോട് അവരുടെ മക്കളെക്കുറിച്ച് ചോദിച്ച് വിഷയം മാറ്റാനൊരു ശ്രമം നടത്തി. അത് ഉപകാരപ്പെട്ടില്ല.

ദസ്തയേവ്സ്‌കി ഒരിക്കല്‍ക്കൂടി തന്റെ സാമ്പത്തികബുദ്ധിമുട്ടുകളെക്കുറിച്ച് പറഞ്ഞു. ഒരച്ഛന്‍ എന്ന നിലയിലുള്ള കര്‍ത്തവ്യങ്ങളെക്കുറിച്ച് പറഞ്ഞു. അച്ഛനെ അദ്ദേഹത്തിന്റെ 'ക്രൂരത'യെ പ്രതി അവര്‍ താക്കീതുചെയ്തു. സഹോദരിമാരോട് കാണിക്കുന്ന ക്രൂരതയെ പ്രതി. പിന്നെ കരയാന്‍ തുടങ്ങി. അച്ഛന് ക്ഷമ നശിച്ചു. വേദനാജനകമായ ആ സംഭാഷണം തുടരാന്‍ വിസമ്മതിച്ച്, ഭക്ഷണം പാതിയിലുപേക്ഷിച്ച് അദ്ദേഹം എഴുന്നേറ്റു. അമ്മയപ്പോള്‍ കരഞ്ഞു കൊണ്ടിരുന്ന അമ്മായിയെ സാന്ത്വനപ്പെടുത്താനുള്ള ശ്രമത്തിലായി. അമ്മായി ഉടന്‍ വീട്ടിലേക്ക് തിരിച്ചുപോകണം എന്ന് ശാഠ്യം പിടിക്കുന്നുണ്ടായിരുന്നു. അച്ഛന്‍ തന്റെ മുറിയില്‍ അഭയംപ്രാപിച്ചു. അദ്ദേഹം എഴുത്തുമേശയ്ക്ക് മുന്നിലിരുന്നു. അസാധാരണമായ ഒരു ക്ഷീണം തന്നെ ബാധിക്കുന്നതായി അപ്പോള്‍ അച്ഛന് തോന്നി. ഈ അത്താഴവിരുന്നിനെക്കുറിച്ച്, അത് നല്കാനിരിക്കുന്ന ഉല്ലാസത്തെക്കുറിച്ച് വളരെ പ്രതീക്ഷയുള്ളവനായിരുന്നു അച്ഛന്‍. പക്ഷേ, ഒരു തുണ്ട് ഭൂമി ആ സായാഹ്നം അവതാളത്തിലാക്കി. പെട്ടെന്നദ്ദേഹത്തിന് ഉള്ളംകൈ വിയര്‍ക്കുന്നതായി അനുഭവപ്പെട്ടു. അദ്ദേഹം ചുണ്ട് തുടച്ചു. ഉള്ളംകൈയില്‍ രക്തത്തുള്ളികള്‍ കണ്ടു. മീശയിലും രക്തം പറ്റിപ്പിടിച്ചിരിക്കുന്നു.

അതദ്ദേഹത്തെ ഭയപ്പെടുത്തി. അതിനുമുന്‍പ് ഒരു രക്തസ്രാവം അദ്ദേഹത്തിനുണ്ടായിട്ടില്ല. അമ്മ ഓടിയെത്തി ഉടന്‍ ഡോക്ടറെ വിളിക്കാനുള്ള ഏര്‍പ്പാടുകള്‍ ചെയ്തു. അതിനിടയില്‍ അമ്മ ഞങ്ങളെ അച്ഛന്റെ മുറിയിലേക്ക് വിളിച്ചു. തമാശകള്‍ പറയാന്‍ ശ്രമിച്ചു. അപ്പോള്‍ വന്ന ഒരു ഹാസ്യമാസിക കൊണ്ടുവന്നു. അച്ഛന്‍ ഒരു വിധത്തില്‍ ആത്മസംയമനം വീണ്ടെടുത്തു. അതിലെ ചിത്രങ്ങള്‍ കണ്ട് ചിരിച്ചു. ഞങ്ങളും ചിരിച്ചു. വായില്‍നിന്ന് രക്തം വരുന്നത് നിന്നിരുന്നു. അദ്ദേഹം കൈയും മുഖവും കഴുകി. അച്ഛന്‍ ചിരിക്കുന്നതും പലവിധ ആംഗ്യങ്ങള്‍ കാണിക്കുന്നതും കണ്ട ഞങ്ങള്‍ക്ക് എന്തുകൊണ്ടാണ് പപ്പയ്ക്ക് സുഖമില്ല, ഞങ്ങള്‍ അദ്ദേഹത്തെ സന്തോഷിപ്പിക്കണം എന്ന് അമ്മ പറഞ്ഞതെന്ന് മനസ്സിലായില്ല. കുറച്ചു കഴിഞ്ഞപ്പോള്‍ ഡോക്ടറെത്തി. രക്തസ്രാവം ശ്വാസകോശത്തില്‍നിന്നാണെന്ന് വിധിയെഴുതി. അച്ഛനോട് രണ്ടു ദിവസത്തെ വിശ്രമം വേണമെന്ന് ഉപദേശിച്ചു. ആ രണ്ടു ദിവസങ്ങളില്‍ എത്രകണ്ട് ശാന്തമായിരിക്കാമോ അത്രയും ശാന്തമാകണം എന്നും ഉപദേശിച്ചു. അച്ഛന്‍ തന്റെ ടര്‍ക്കിഷ് സോഫയില്‍ അനുസരണയോടെ കിടന്നു. പിന്നെയൊരിക്കലും അതില്‍നിന്ന് എഴുന്നേറ്റില്ല എന്നുമാത്രം.

പിറ്റേന്ന് കാലത്ത് ഉന്മേഷവാനായാണ് അച്ഛന്‍ കണ്ണു തുറന്നത്. ഡോക്ടറുടെ നിര്‍ദേശം പാലിക്കാനായി മാത്രമാണ് മെത്തയില്‍ത്തന്നെ കിടന്നത്. എന്നും അദ്ദേഹത്തെ കാണാനെത്താറുള്ള വളരെയടുത്ത ചില സുഹൃത്തുക്കളുണ്ട്. അന്നും അവരുമായി സൗഹൃദസംഭാഷണങ്ങളുണ്ടായി. 1881-ലെ റൈറ്റേഴ്സ് ജേണലിനെക്കുറിച്ചായിരുന്നു അന്നത്തെ ചര്‍ച്ച. അത് പ്രസിദ്ധീകരിക്കാനിരിക്കുകയായിരുന്നു. അച്ഛന് അതില്‍ പ്രത്യേക താത്പര്യമുണ്ടായിരുന്നു. അച്ഛന്‍ രോഗത്തെപ്രതി അത്ര വേവലാതിപ്പെടുന്നില്ല എന്നറിഞ്ഞപ്പോള്‍ സുഹൃത്തുക്കളും അത് നിസ്സാരമാക്കി. അന്നു സായാഹ്നമായപ്പോള്‍ വീണ്ടും രക്തസ്രാവമുണ്ടായി. ഇങ്ങനെ സംഭവിക്കാന്‍ സാധ്യതയുണ്ടെന്ന് അമ്മയോട് ഡോക്ടര്‍ പറഞ്ഞിരുന്നു. അതിനാല്‍ അമ്മയും അത് അത്ര ഗൗരവത്തോടെയെടുത്തില്ല. ഭയപ്പെട്ടില്ല.

പക്ഷേ, പിറ്റേന്നായപ്പോഴേക്കും അമ്മ വല്ലാതെ വേവലാതിപ്പെടാന്‍ തുടങ്ങി. അച്ഛന്‍ എഴുന്നേല്ക്കുന്നുണ്ടായിരുന്നില്ല. ദസ്തയേവ്സ്‌കിക്ക് വര്‍ത്തമാനപത്രത്തിലുള്ള താത്പര്യം ഇല്ലാതായിരിക്കുന്നു. സോഫയില്‍ കണ്ണടച്ചു കിടക്കുകയാണദ്ദേഹം.അദ്ദേഹം എപ്പോഴും ഉന്മേഷവാനായും ചൈതന്യം തുടിക്കുന്നവനായും മാത്രമേ ഞങ്ങള്‍ കണ്ടിട്ടുള്ളൂ. ദിനകൃത്യങ്ങളിലോ എഴുത്തുജോലികളിലോ ഒരു വ്യതിയാനവും വരുത്തി അതുവരെ കണ്ടിട്ടില്ല. അന്ന് കാണാനെത്തിയ സുഹൃത്തുക്കളും ആ അവസ്ഥ കണ്ട് ഭയന്നു. അതുവരെ ഉപദേശം നല്കിയ ഡോക്ടര്‍ ബ്രെട്സെലിനെ ഇനി വിശ്വസിക്കാതിരിക്കുകയാകും നല്ലതെന്ന് അവര്‍ അമ്മയോട് അഭിപ്രായപ്പെട്ടു. അമ്മ മറ്റൊരു ഡോക്ടര്‍ക്ക്, ഒരു നിപുണന്, ആളെ അയച്ചു. അദ്ദേഹത്തിന് സായാഹ്നമായിട്ടേ വരാനായുള്ളൂ. ഈ ക്ഷീണമെല്ലാം രണ്ട് രക്തസ്രാവങ്ങളാല്‍ സംഭവിച്ചതാണെന്നും ഏതാനും ദിവസങ്ങള്‍കൊണ്ട് എല്ലാം പഴയപടിയാകും എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. പക്ഷേ, ഡോക്ടര്‍ ബ്രെട്സെല്‍ കരുതിയതുപോലെ നിസ്സാരമല്ല കാര്യങ്ങള്‍ എന്ന സത്യം അദ്ദേഹം അമ്മയില്‍നിന്ന് മറച്ചുവെച്ചില്ല. ''ഈ രാത്രി നിര്‍ണായകമാകും'' എന്നും അദ്ദേഹം പറഞ്ഞു.

ഒട്ടും വിശ്രമം ലഭിക്കാതിരുന്ന ഒരു രാത്രിക്കുശേഷം അച്ഛന്‍ കാലത്ത് കണ്ണുതുറന്നു. അച്ഛനിനി അധികം മണിക്കൂറുകളില്ല എന്ന് അമ്മയ്ക്ക് മനസ്സിലായി; അച്ഛനും. ജീവിതത്തില്‍ എപ്പോഴൊക്കെ പ്രതിസന്ധിഘട്ടങ്ങളെ നേരിടേണ്ടിവന്നിട്ടുണ്ടോ അപ്പോഴൊക്കെ അദ്ദേഹം സുവിശേഷപുസ്തകം തുറക്കും. ഇപ്പോഴും അതുതന്നെ ചെയ്തു. ജയില്‍ജീവിതകാലംമുതല്‍ തനിക്കൊപ്പമുള്ള ബൈബിള്‍ കൊണ്ടുവരാനും അത് തുറന്ന് ആദ്യം കാണുന്ന വാക്യങ്ങള്‍ വായിക്കാനും അമ്മയോട് അദ്ദേഹം ആവശ്യപ്പെട്ടു. കണ്ണുനീര്‍ അടക്കിപ്പിടിച്ച് അമ്മ വായിക്കാന്‍തുടങ്ങി: ''യോഹന്നാനോ അവനെ വിലക്കി. നിന്നാല്‍ സ്‌നാനം ഏല്ക്കുവാന്‍ എനിക്ക് ആവശ്യം. പിന്നെ നീ എന്റെ അടുക്കല്‍ വരുന്നുവോ എന്ന് പറഞ്ഞു. യേശു അവനോട് 'ഇപ്പോള്‍ സമ്മതിക്ക. ഇങ്ങനെ സകലനീതിയും നിവര്‍ത്തിക്കുന്നത് നമുക്ക് ഉചിതം എന്നുത്തരം പറഞ്ഞു.'' അച്ഛന്‍ ഒരുനിമിഷം ആലോചിച്ചു. എന്നിട്ട് തന്റെ ഭാര്യയോട് ''കേട്ടില്ലേ? എന്നെ തടയരുത് എന്നാണ് യേശു പറയുന്നത്. എന്റെ സമയം അടുത്തിരിക്കുന്നു. എനിക്കിനി മരിച്ചേപറ്റൂ.''

അച്ഛന്‍ ഒരു പുരോഹിതനെ വരുത്താന്‍ ആവശ്യപ്പെട്ടു. അന്ത്യകൂദാശയുണ്ടായി. കുമ്പസാരിച്ചു. പുരോഹിതന്‍ പോയപ്പോള്‍ ഞങ്ങളെ അകത്തേക്ക് വിളിച്ചു. ഞങ്ങളുടെ കൈകള്‍ പിടിച്ചുകൊണ്ട് അമ്മയോട് മുടിയനായ പുത്രന്റെ കഥ വായിക്കാന്‍ ആവശ്യപ്പെട്ടു. കണ്ണടച്ച്, ചിന്തയിലാണ്ടാണ് അദ്ദേഹം അമ്മയുടെ വായന കേട്ടത്. ''ഇപ്പോള്‍ കേട്ടത് ഒരിക്കലും മറക്കരുത് മക്കളേ. ദൈവത്തില്‍ വിശ്വസിക്കുക. എപ്പോഴും. അവന്റെ ക്ഷമയില്‍ നിരാശപ്പെടരുത്. എനിക്ക് നിങ്ങളെ വലിയ ഇഷ്ടമാണ്. പക്ഷേ, താന്‍ സൃഷ്ടിച്ചതിനോടെല്ലാം അവനുള്ള സ്‌നേഹത്തെ അപേക്ഷിച്ച് എന്റെ സ്‌നേഹം ഒന്നുമല്ല. ജീവിതം മുന്നോട്ടുപോകുമ്പോള്‍ എന്തെങ്കിലും അസന്തുഷ്ടിമൂലം കുറ്റകൃത്യങ്ങളിലേര്‍പ്പെടുകയാണെങ്കില്‍പ്പോലും ദൈവത്തിങ്കല്‍ നിരാശയരുത്. ദൈവത്തെ തള്ളിപ്പറയരുത്. നിങ്ങള്‍ അവന്റെ മക്കളാണ്. എനിക്ക് മുന്നിലെന്നപോലെ അവന് മുന്നിലും വിനീതനാകുക. അവന്റെ ക്ഷമ ലഭിക്കാനായി അപേക്ഷിക്കുക. നിങ്ങളുടെ പശ്ചാത്താപം കണ്ട് അവന്‍ ആനന്ദിക്കും. ആ മുടിയനായ പുത്രന്റെ പശ്ചാത്താപത്തില്‍ അയാളുടെ അച്ഛന്‍ സന്തോഷിച്ചതുപോലെ,'' വളരെ ക്ഷീണിതമായ സ്വരത്തിലാണച്ഛന്‍ ഇത്രയും പറഞ്ഞത്.

അതിനുശേഷം ഞങ്ങളെ ആലിംഗനംചെയ്തു. അനുഗ്രഹിച്ചു. കരഞ്ഞുകൊണ്ടാണ് ഞങ്ങള്‍ മുറിവിട്ടത്. അപ്പോഴേക്കും സുഹൃത്തുക്കളും ബന്ധുക്കളും സ്വീകരണമുറിയില്‍ നിറഞ്ഞിരുന്നു. ദസ്തയേവ്സ്‌കി അപകടകരമാംവിധം രോഗബാധിതനാണെന്ന വാര്‍ത്ത നഗരത്തില്‍ പരന്നിരുന്നു. അച്ഛന്‍ അവരെയെല്ലാം അകത്തേക്ക് പ്രവേശിക്കാന്‍ അനുവദിച്ചു. ഒന്നിന് പുറകെ ഒന്നായി അവരെല്ലാം അച്ഛനെ സന്ദര്‍ശിച്ചു. സ്‌നേഹത്തോടെ അച്ഛന്‍ അവരോടെല്ലാം ഒന്നുരണ്ട് വാക്കുകള്‍ സംസാരിച്ചു. ദിവസം മുന്നോട്ട് പോകുംതോറും അദ്ദേഹത്തിന്റെ ആരോഗ്യവും ക്ഷയിച്ചുതുടങ്ങി. വീണ്ടും രക്തസ്രാവമുണ്ടായി. അദ്ദേഹത്തിന് ബോധം നഷ്ടപ്പെടാന്‍ തുടങ്ങി. മുറിയുടെ വാതില്‍ തുറക്കപ്പെട്ടു. സുഹൃത്തുക്കളും ബന്ധുക്കളും അദ്ദേഹത്തിനൊപ്പം നിന്നു. അവര്‍ എന്തൊക്കെയോ സംസാരിക്കുന്നുണ്ടായിരുന്നു. ചിലര്‍ കരയുന്നുണ്ടായിരുന്നു. എന്നാല്‍, അദ്ദേഹത്തിന്റെ യാതനയെ ശല്യം ചെയ്യാതിരിക്കാനും ശ്രമിക്കുന്നുണ്ടായിരുന്നു. അമ്മ മാത്രം തേങ്ങിക്കൊണ്ടിരുന്നു.

അമ്മ സോഫയ്ക്കരികില്‍ മുട്ടുകുത്തിയിരിക്കുകയായിരുന്നു, അച്ഛന്‍ കിടന്നിരുന്ന സോഫയ്ക്കരികില്‍. മരിച്ചുകൊണ്ടിരുന്ന വ്യക്തിയുടെ തൊണ്ടയില്‍നിന്ന് വിചിത്രമായ ഒരു സ്വരം വരുന്നുണ്ടായിരുന്നു. വായില്‍ വെള്ളമിട്ട് ഗളഗളസ്വരമുണ്ടാക്കുന്നതുപോലെ. അച്ഛന്റെ നെഞ്ച് അതിവേഗം ഉയര്‍ന്ന് താഴുന്നുണ്ടായിരുന്നു. വളരെ പതിഞ്ഞ സ്വരത്തില്‍ അതിനിടയില്‍ എന്തോ സംസാരിച്ചു. പക്ഷേ, എന്താണ് പറഞ്ഞതെന്ന് ആര്‍ക്കും മനസ്സിലായില്ല. അതങ്ങനെ കുറച്ചുസമയം തുടര്‍ന്നു. പിന്നെ സാവധാനത്തില്‍ ശ്വസനം മന്ദഗതി പ്രാപിച്ചു. വാക്കുകള്‍ മന്ത്രോച്ചാരണംപോലെ ആര്‍ക്കും കേള്‍ക്കാനാകാത്തത്ര താഴ്ന്ന സ്വരത്തിലായി. പിന്നെ നിശ്ശബ്ദമായി.

അതിനുശേഷം പല സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും മരണശയ്യയ്ക്കരികില്‍ ഞാനുണ്ടായിട്ടുണ്ട്. പക്ഷേ, അച്ഛന്റെ മരണംപോലെ ദീപ്തമായതൊന്നുമില്ല. അത് തീര്‍ത്തും ക്രിസ്ത്യന്‍ മരണമായിരുന്നു. യാഥാസ്ഥിതികസഭ അതിലെ അംഗങ്ങള്‍ക്കെല്ലാം ലഭിക്കണം എന്നാഗ്രഹിക്കുന്ന മരണം. വേദനയോ ലജ്ജയോ ഇല്ലാത്ത മരണം. ദസ്തയേവ്സ്‌കിക്ക് ക്ഷീണം മാത്രമേ ഉണ്ടായിരുന്നുള്ളൂ. അവസാനനിമിഷംവരെ അദ്ദേഹത്തിന് ബോധമുണ്ടായിരുന്നു. ഭയമില്ലാതെയാണദ്ദേഹം മരണം അടുത്തെത്തുന്നത് കണ്ടുനിന്നത്. തന്റെ നിപുണതകളെ താന്‍ കുഴിച്ചുമൂടിയിട്ടില്ല എന്നദ്ദേഹത്തിന് അറിയാമായിരുന്നു. ജീവിതകാലം മുഴുക്കെ ദൈവത്തിന്റെ വിശ്വസ്തനായ സേവകനായിരുന്നു എന്നുമറിയാമായിരുന്നു. സ്വര്‍ഗസ്ഥനായ പിതാവിന് മുന്നില്‍ ഹാജരാകാന്‍ അദ്ദേഹം തയ്യാറായിട്ടുണ്ടായിരുന്നു. ഈ ജീവിതത്തില്‍ സഹിച്ചതിനെല്ലാം പകരമായി കര്‍ത്താവ് മറ്റൊരു മഹത്തായ കര്‍മം ചെയ്യാനുള്ള ദൗത്യം പ്രതിഫലമായി നല്കും എന്നദ്ദേഹം പ്രതീക്ഷിച്ചിരുന്നു.

ഒരു രാത്രിമുഴുക്കെ കരഞ്ഞുചുവന്ന കണ്ണുകളുമായി ഞാന്‍ അച്ഛന്റെ മുറിയിലെത്തിയപ്പോള്‍ അദ്ദേഹത്തിന്റെ ശരീരം മേശപ്പുറത്ത് കിടത്തിയിട്ടുണ്ടായിരുന്നു. കൈകള്‍ മാറത്ത് പിണച്ചുവെച്ചിരുന്നു. മറ്റ് പല കുട്ടികളെയുംപോലെ മരിച്ചവരെ കാണുക എന്നത് എന്നിലും ഭയമുണ്ടാക്കിയിരുന്നു. അതിനാല്‍ ശവത്തിനരികിലേക്ക് ഞാന്‍ പോകാറില്ലായിരുന്നു. പക്ഷേ, അച്ഛനെ എനിക്ക് ഭയമില്ല. അച്ഛന്‍ ഉറങ്ങുകയാണെന്ന് എനിക്ക് തോന്നി. മുഖത്തൊരു പുഞ്ചിരിയുമായി ഉറങ്ങുകയാണെന്ന്. സുന്ദരമായ എന്തോ കണ്ടതിനാലുള്ള പുഞ്ചിരിയാണതെന്ന്. ഒരു പെയ്ന്റര്‍ അദ്ദേഹത്തിനരികില്‍നിന്ന് അവസാനയുറക്കത്തിലായ ദസ്തയേവ്സ്‌കിയെ പകര്‍ത്തുന്നുണ്ടായിരുന്നു. പ്രഭാതപത്രങ്ങള്‍ അച്ഛന്റെ മരണം ലോകരെ അറിയിച്ചുകഴിഞ്ഞിരുന്നു. സുഹൃത്തുക്കളെല്ലാം സംസ്‌കാരച്ചടങ്ങിന് മുന്‍പുള്ള പ്രാര്‍ഥനകള്‍ക്കെത്താനുള്ള തിരക്കിലായിരുന്നു. അവര്‍ക്ക് പുറകേ പീറ്റേഴ്സ്ബര്‍ഗിലെ വിവിധ ഹൈസ്‌കൂള്‍ വിദ്യാര്‍ഥികളുടെ നിരയെത്തി. അവരുടെ സ്‌കൂളുമായി ബന്ധപ്പെട്ട ഒരു പുരോഹിതനും ഒപ്പമുണ്ടായിരുന്നു. അയാള്‍ പ്രാര്‍ഥനകള്‍ ചൊല്ലി. കുട്ടികള്‍ അതേറ്റുചൊല്ലി. അവരുടെ കവിള്‍ത്തടങ്ങള്‍ നനഞ്ഞിരുന്നു. അവരുടെ പ്രിയപ്പെട്ട എഴുത്തുകാരന്റെ ചലനമറ്റ മുഖത്തേക്ക് നോക്കി അവര്‍ തേങ്ങിക്കരഞ്ഞു. അമ്മ ആ നിഴലുകള്‍ക്കിടയിലൂടെ, വീര്‍ത്ത കണ്ണുകളുമായി നടന്നു. അതിനിടയില്‍ ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥനെത്തി. അലക്‌സാണ്ടര്‍ രണ്ടാമന്‍ ചക്രവര്‍ത്തിയുടെ പ്രതിനിധിയായിരുന്നു അയാള്‍. അമ്മയ്ക്ക് സര്‍ക്കാര്‍ പെന്‍ഷന്‍ അനുവദിച്ചിരിക്കുന്നു എന്നും കുട്ടികളുടെ വിദ്യാഭ്യാസം സര്‍ക്കാര്‍ ഏറ്റെടുക്കും എന്നും അറിയിക്കാനാണദ്ദേഹം വന്നത്. അത് കേട്ടപ്പോള്‍ സ്വയമറിയാതെ ആ സന്തോഷവാര്‍ത്തയറിയിക്കാന്‍ സന്തോഷത്തോടെ അമ്മ അച്ഛന് അടുത്തേക്ക് ചെന്നു. 'ആ നിമിഷംവരെ എന്റെ ഭര്‍ത്താവെന്നെ വിട്ടുപോയി എന്ന് ഞാന്‍ വിശ്വസിച്ചിരുന്നില്ല,' അമ്മ പിന്നീടൊരിക്കല്‍ എന്നോട് പറയുകയുണ്ടായി.

യാദൃച്ഛികമെന്നപോലെ ദസ്തയേവ്സ്‌കിയുടെ മരണസമയത്താണ് എന്റെ അമ്മാവനായ ജിയാനും പീറ്റേഴ്സ്ബര്‍ഗിലെത്തിയത്. ശവസംസ്‌കാരവുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങള്‍ക്കും അദ്ദേഹം മേല്‍നോട്ടം വഹിച്ചു. ദസ്തയേവ്സ്‌കിയെ എവിടെ സംസ്‌കരിക്കണം എന്നാണ് ആഗ്രഹിക്കുന്നതെന്ന് അതിനിടയില്‍ സഹോദരിയോട് അമ്മാവന്‍ ചോദിച്ചു. ഏതാനും വര്‍ഷങ്ങള്‍ക്കുമുന്‍പ് നെക്രസോവ് എന്ന കവിയുടെ ശവസംസ്‌കാരച്ചടങ്ങില്‍ പങ്കെടുക്കുന്നതിനിടയില്‍ അച്ഛന്‍ പറഞ്ഞത് അപ്പോഴാണ് അമ്മ ഓര്‍ത്തത്. നോവോദെവിച്ചീ സെമിത്തേരിയില്‍ വെച്ചായിരുന്നു അത്. കവിയുടെ കുഴിമാടത്തില്‍ മണ്ണിടുന്നതിനുമുന്‍പ് അച്ഛന്‍ ഒരു പ്രഭാഷണം നടത്തിയിരുന്നു. അന്ന് വീട്ടിലെത്തിയപ്പോള്‍ അദ്ദേഹം വിഷണ്ണനായിരുന്നു. ''ഇനി അധികം താമസിയാതെ ഞാനും നെക്രസോവിനരികിലേക്ക് പോകും,'' അച്ഛന്‍ അമ്മയോട് പറഞ്ഞു: ''എന്നെയും അതേ സെമിത്തേരിയില്‍ അടക്കംചെയ്യണം. റഷ്യന്‍ എഴുത്തുകാരൊക്കെ അന്തിയുറങ്ങുന്ന വോള്‍കോവൊയിലെ സെമിത്തേരിയില്‍ അവസാനയുറക്കത്തിനെനിക്ക് ആഗ്രഹമില്ല. അവര്‍ക്കൊക്കെ എന്നെ വെറുപ്പായിരുന്നു. ജീവിതകാലം മുഴുക്കെ എന്നെയവര്‍ ക്ലേശിപ്പിച്ചിട്ടേയുള്ളൂ. എന്നോടൊരിക്കലും നല്ല രീതിയില്‍ പെരുമാറിയിട്ടില്ല. എനിക്ക് നെക്രസോവിനരികില്‍ അവസാനയുറക്കം വേണം. അയാള്‍ എന്നും എന്നോട് സൗഹൃദത്തോടെ പെരുമാറിയവനാണ്. എനിക്ക് ചില നിപുണതകളൊക്കെയുണ്ടെന്ന് എന്നോട് ആദ്യമായി പറഞ്ഞതും അയാളാണ്. ഞാന്‍ സൈബീരിയയിലായിരുന്നപ്പോഴും എന്നെ മറക്കാതിരുന്നതും അയാള്‍ മാത്രം.''

അച്ഛന്‍ വിഷണ്ണനാണെന്ന് മനസ്സിലാക്കിയ അമ്മ അദ്ദേഹത്തിന്റെ ശ്രദ്ധ മറ്റെന്തിലേക്കോ വ്യതിചലിപ്പിക്കാനുള്ള ശ്രമങ്ങളിലായി. അതിനായി കളിതമാശകളും നേരമ്പോക്കുകളും തുടങ്ങി. സാധാരണ അതില്‍ അമ്മ വിജയിക്കാറുമുണ്ട്.
''എന്തൊരാശയമാണത്!'', അമ്മ അച്ഛനെ കളിയാക്കി, ''നോവോദെവിച്ചീ എകാന്തമാണ്; വിരസവും. അതിലും നല്ലത് ഞാന്‍ നിങ്ങളെ അലക്സാണ്ടര്‍ നെവ്സ്‌കിയുടെ സന്ന്യാസാശ്രമത്തില്‍ സംസ്‌കരിക്കുന്നതാണ്.''
''അവിടെ സാധാരണ ജനറല്‍ തസ്തികയിലുള്ളവരെ മാത്രമേ മറവുചെയ്യൂ എന്നാണ് ഞാന്‍ കരുതിയത്,'' അച്ഛനും അതേ ഹാസ്യത്തില്‍ മറുപടി നല്കി. ''എന്താ നിങ്ങള്‍ സാഹിത്യത്തിലെ ഒരു ജനറലല്ല എന്നുണ്ടോ? നിങ്ങള്‍ക്കും അവര്‍ക്കരികില്‍ അന്തിയുറങ്ങാനുള്ള അവകാശമുണ്ട്. എന്തൊരു ഗംഭീരന്‍ ശവസംസ്‌കാരമാകും അപ്പോള്‍ നിങ്ങള്‍ക്ക് ലഭിക്കുക! ചടങ്ങിന് നേതൃത്വം നല്കാന്‍ ആര്‍ച്ച് ബിഷപ്പെത്തും. മെട്രോപോളിറ്റനിലെ ഗായകസംഘമുണ്ടാകും. ശവമഞ്ചത്തിനുപുറകില്‍ വലിയൊരു ജനക്കൂട്ടംതന്നെയുണ്ടാകും. സന്ന്യാസാശ്രമത്തിനരികിലെത്തുമ്പോള്‍ അവിടത്തെ അന്തേവാസികളൊക്കെ പുറത്തിറങ്ങി നിങ്ങള്‍ക്ക് അന്തിമോപചാരമര്‍പ്പിക്കും.''

''അതവര്‍ സാര്‍ചക്രവര്‍ത്തിക്ക് മാത്രമേ ചെയ്യാറുള്ളൂ,'' അമ്മയുടെ പ്രവചനത്തില്‍ ആകൃഷ്ടനായി, സന്തോഷിച്ച് അച്ഛന്‍ പ്രതികരിച്ചു. ''നിങ്ങളോടും അവര്‍ അതേ മര്യാദകള്‍ പാലിക്കും. ഇതുവരെ പീറ്റേഴ്സ്ബര്‍ഗ് കാണാത്തതരം ശവസംസ്‌കാരച്ചടങ്ങുകളാകും നിങ്ങള്‍ക്ക് ലഭിക്കുക.'' അത് കേട്ട് അച്ഛന്‍ ചിരിച്ചു. നെക്രസോവിന്റെ ശവസംസ്‌കാരച്ചടങ്ങുകളെക്കുറിച്ചറിയാനെത്തിയ സുഹൃത്തുക്കളോട് ഈ കഥ പങ്കുവെച്ചു. പില്ക്കാലത്ത് പലരും അമ്മ അന്ന് നടത്തിയ വിചിത്രമായ ഈ പ്രവചനങ്ങളെക്കുറിച്ച് ഓര്‍മിച്ചിട്ടുണ്ട്, പറഞ്ഞിട്ടുണ്ട്.

ഈ ചര്‍ച്ച ഓര്‍മയില്‍ വന്നതിനാല്‍ അമ്മ ജിയാനമ്മാവനോട്, അവരുടെ സ്യാലനായ എം. പോള്‍ സ്വാട്കോവ്സ്‌കിയെയും കൂട്ടി നോവോഡെവിച്ചീ കോണ്‍വന്റില്‍ ചെന്ന്, നെക്രാസോവിനരികില്‍ ഒരു കുഴിമാടത്തിനേര്‍പ്പാടാക്കാന്‍ ആവശ്യപ്പെട്ടു. അപ്പോള്‍ വീട്ടിലുണ്ടായിരുന്ന പണമെല്ലാമെടുത്ത് അത് കുഴിമാടത്തിനും മറ്റ് ചെലവുകള്‍ക്കുമുള്ള മുന്‍കൂര്‍ തുകയായി ഉപയോഗിച്ചുകൊള്ളാനും ആവശ്യപ്പെട്ടു. പുറപ്പെടാന്‍ നിന്ന അമ്മാവന്‍ ഞങ്ങളെ നോക്കി. ഞങ്ങള്‍ കുട്ടികളുടെ മുഖമെല്ലാം എത്ര ദുഃഖഭരിതമാണെന്നും വിളറിയിരിക്കുന്നുവെന്നും കണ്ടു. അമ്മയോട് ഞങ്ങളെയും കോണ്‍വന്റുവരെ കൊണ്ടുപോകാന്‍ അനുമതിക്കായി അപേക്ഷിച്ചു. ''അവരൊന്ന് പുറത്തിറങ്ങട്ടെ. അതവര്‍ക്കൊരു ആശ്വാസം നല്കും,'' ഞങ്ങളെ കരുണയോടെ നോക്കി അദ്ദേഹം പറഞ്ഞു.

ഞങ്ങള്‍ സന്തോഷത്തോടെ വസ്ത്രം മാറി ഹിമശകടത്തില്‍ കയറി. ശുദ്ധവായുവും പുറത്തെ മഞ്ഞില്‍ പൊതിഞ്ഞ വെയിലും ഞങ്ങള്‍ക്ക് ഒട്ടൊന്ന് സൗഖ്യം നല്കി. ഞങ്ങളിലെ കുട്ടിത്തം ഉണര്‍ന്നതിനാല്‍ അപ്പോഴുണ്ടായിരിക്കുന്ന കനത്ത നഷ്ടമെന്തെന്നത് മറന്നു. നോവോദെവിച്ചീ കോണ്‍വന്റ് നഗരത്തിന് പുറത്തായിരുന്നു. നാര്‍വ ആര്‍ച്ചിന് സമീപം. ഞാനാദ്യമായാണ് ഒരു കോണ്‍വന്റിലേക്ക് കയറുന്നത്. അതിനകത്തെ നിശ്ശബ്ദത നിറഞ്ഞ ഇടനാഴികളിലൂടെ ജിജ്ഞാസാഭരിതയായി ഞാന്‍ നടന്നു. അവിടെ നിഴലുകള്‍പോലെ കന്യാസ്ത്രീകള്‍ തെന്നിനീങ്ങുന്നുണ്ടായിരുന്നു. ഞങ്ങളെ അവര്‍ സ്വീകരണമുറിയിലേക്കെത്തിച്ചു. കോണ്‍വന്റിലെ സുപ്പീരിയര്‍, കറുത്ത വസ്ത്രം ധരിച്ച ഇത്തിരി പ്രായമുള്ള ഒരു സ്ത്രീ കടന്നുവന്നു. തണുത്തതും ധാര്‍ഷ്ട്യം നിറഞ്ഞതുമാണ് ആ മുഖമെന്ന് എനിക്ക് തോന്നി. സ്വാട്കോവ്സ്‌കി ഞങ്ങള്‍ വന്ന കാര്യമറിയിച്ചു. പ്രസിദ്ധനായ എഴുത്തുകാരന്‍ ദസ്തയേവ്സ്‌കിയുടെ അഭിലാഷം നെക്രസോവ് എന്ന കവിക്കരികിലാകണം അവസാന ഉറക്കം എന്നാണെന്നറിയിച്ചു. ഇവിടെ ഒരു കുഴിമാടത്തിന്റെ വില വളരെ കൂടുതലാണെന്നറിയാമെന്നും, പക്ഷേ, ഞങ്ങള്‍ക്ക് അത് കഴിയാവുന്നത്ര കുറഞ്ഞ വിലയില്‍ നല്കണമെന്നും അപേക്ഷിച്ചു.

ഈ കുട്ടികളുടെ അച്ഛന്റെ പക്കല്‍ ശേഷിച്ചിരിക്കുന്നതെല്ലാം അതിനായി കൊണ്ടുവന്നിരിക്കുന്നു എന്നുമറിയിച്ചു. സുപ്പീരിയര്‍ ഒന്ന് മുഖം വക്രിച്ചു, ''ഞങ്ങള്‍ കന്യാസ്ത്രീകള്‍ ഈ ലോകവാസികളല്ല,'' തണുപ്പന്‍ പ്രതികരണം വന്നു, ''ഈ ലോകത്തിലെ പ്രസിദ്ധര്‍ ഞങ്ങളെ സംബന്ധിച്ചിടത്തോളം ആരുമല്ല. ഇവിടെ സെമിത്തേരിയില്‍ സംസ്‌കരിക്കുന്നതിനൊരു നിശ്ചിത തുകയുണ്ട്. അതില്‍ ആര്‍ക്കുവേണ്ടിയും മാറ്റമൊന്നും വരുത്താനാകില്ല.'' ഇത്രയും പറഞ്ഞ് ഈ യേശുവിന്റെ വിനീതശിഷ്യ വലിയ ഒരു തുക പറഞ്ഞു. എന്റെ അമ്മയ്ക്ക് നല്കാനാകുമായിരുന്നതിലും വളരെ ഉയര്‍ന്ന ഒരു തുക. അമ്മാവന്‍ സഹോദരിക്കുവേണ്ടി പല തവണ യാചിച്ചു. തുക ഒരുവര്‍ഷത്തിനുള്ളില്‍ പല തവണകളായി നല്കാന്‍ അനുവദിക്കണം എന്നുവരെ ആ യാചനയെത്തി. തുക മുഴുവനായും അടയ്ക്കാതെ കുഴി കുത്താനാകില്ല എന്നായിരുന്നു അതിന് ആ കന്യാസ്ത്രീയുടെ പ്രതികരണം. അവസാനം അമ്മാവന് സന്ന്യാസവേഷം കെട്ടിയ ആ കൊള്ളപ്പലിശക്കാര്‍ക്ക് മുന്നില്‍നിന്ന് എഴുന്നേറ്റ് പോരേണ്ടിവന്നു.

ധാര്‍മികരോഷത്തോടെയാണ് ഞങ്ങള്‍ മടങ്ങിയത്. ഞങ്ങളുടെ ദൗത്യം വിജയിച്ചില്ല എന്ന് അമ്മയെ അറിയിച്ചു. ''തീര്‍ത്തും നിര്‍ഭാഗ്യകരം,'' അമ്മ ദുഃഖിതയായി, ''അദ്ദേഹം തിരഞ്ഞെടുത്ത സ്ഥലത്ത് മറവുചെയ്യണം എന്നാണെന്റെ ആഗ്രഹം. ഇനിയിപ്പോള്‍ ഓഹ്തയിലെ അലക്സിക്കരികിലാകട്ടെ. ആ സ്ഥലം അദ്ദേഹത്തിനൊട്ടും ഇഷ്ടമല്ലായിരുന്നു,'' അമ്മ പറഞ്ഞു. അമ്മാവന്‍ ഓഹ്തയിലേക്ക് പോയി അവിടെ ഒരു കുഴിമാടം വാങ്ങാനും പുരോഹിതനുമായി സംസാരിച്ച് ശവസംസ്‌കാരച്ചടങ്ങുകള്‍ക്ക് തയ്യാറെടുക്കാനും ഒരുങ്ങി. അന്ന് സായാഹ്നത്തില്‍ ഒരു സന്ന്യാസി അമ്മയെ കണ്ട് സംസാരിക്കാന്‍ ആഗ്രഹിക്കുന്നു എന്നറിയിച്ചെത്തി. അലക്സാണ്ടര്‍ നെവ്സ്‌കിയുടെ സന്ന്യാസാശ്രമത്തില്‍നിന്നാണ് അദ്ദേഹമെത്തിയത്. നെവ്സ്‌കി ദസ്തയേവ്സ്‌കിയുടെ വലിയ ആരാധകനായിരുന്നു. ആ ആശ്രമത്തിലെ സന്ന്യാസിമാര്‍, വിഖ്യാതനായ ഈ എഴുത്തുകാരന്റെ ഭൗതികശരീരം തങ്ങളുടെ ആശ്രമവളപ്പില്‍ അടക്കംചെയ്തുകാണാന്‍ ആഗ്രഹിച്ചു. ശവസംസ്‌കാരച്ചടങ്ങുകള്‍ അവര്‍തന്നെ നടത്താം എന്നും വാഗ്ദാനംചെയ്തു. അവരുടെ ഏറ്റവും വലിയ പള്ളിയില്‍, പൂര്‍ണ ബഹുമാനത്തോടെയും ആര്‍ഭാടത്തോടെയും അത് ചെയ്യാം എന്നവര്‍ അറിയിച്ചു. അമ്മ ഇത് സസന്തോഷം സ്വീകരിച്ചു. അവര്‍ പിരിഞ്ഞുപോയപ്പോള്‍ അമ്മയ്ക്ക് പെട്ടെന്ന് മുന്‍പൊരിക്കല്‍ അച്ഛനോട് ''ഞാന്‍ നിങ്ങളെ അലക്സാണ്ടര്‍ നെവ്സ്‌കിക്കരികില്‍ അടക്കംചെയ്യും'' എന്ന് പറഞ്ഞത് ഓര്‍മവന്നു.

പിറ്റേന്ന് വെള്ളിയാഴ്ച, ദസ്തയേവ്സ്‌കിയുടെ ആരാധകരുടെ തിരക്കായിരുന്നു. വിവിധ വര്‍ഗങ്ങളിലുള്ളവരുണ്ടായിരുന്നു അവരില്‍. എഴുത്തുകാര്‍, മന്ത്രിമാര്‍, വിദ്യാര്‍ഥികള്‍, പ്രഭുക്കന്മാര്‍, ജനറല്‍മാര്‍, പുരോഹിതര്‍, മാന്യവനിതകള്‍, ദരിദ്രസ്ത്രീകള്‍...പലര്‍ക്കും മണിക്കൂറുകളോളം കാത്തുനില്‌ക്കേണ്ടിവന്നു. അദ്ദേഹത്തെ കിടത്തിയിരുന്ന മുറിയില്‍ ചൂട് വര്‍ധിച്ചു. സംസ്‌കാരച്ചടങ്ങിനുമുന്‍പുള്ള പ്രാര്‍ഥനയ്ക്കിടയില്‍ അതിനാല്‍ മെഴുകുതിരികളെല്ലാം അണഞ്ഞുപോയി. അതിഗംഭീരങ്ങളായ പുഷ്പചക്രങ്ങള്‍ ശരീരത്തെ അലങ്കരിച്ചു. അതില്‍ വര്‍ണാഭമായ റിബണുകളും ഹൃദയസ്പര്‍ശിയായ വരികളുമുണ്ടായിരുന്നു. വിവിധ മന്ത്രാലയങ്ങളില്‍നിന്നും സമൂഹങ്ങളില്‍നിന്നും വിദ്യാലയങ്ങളില്‍നിന്നുമുള്ളവര്‍ സമര്‍പ്പിച്ചവയായിരുന്നു അതെല്ലാം. അതെല്ലാം എവിടെ ഒതുക്കിവയ്ക്കണം എന്നുപോലും ഞങ്ങള്‍ക്ക് അറിയാതെയായി. ദസ്തയേവ്സ്‌കിയുടെ അടുത്ത സുഹൃത്തുക്കള്‍ സമര്‍പ്പിച്ച കൊച്ചു പുഷ്പചക്രങ്ങളും പൂക്കളും ശവമഞ്ചത്തിനരികില്‍ത്തന്നെ വെച്ചു. അദ്ദേഹത്തിന്റെ ആരാധകര്‍ ആ കൈകളില്‍ ചുംബിച്ചു. പലരും അവിടെയുള്ള പൂക്കളില്‍നിന്ന് ഒരിതളിനോ ഒരിലയ്‌ക്കോ ആയി കരഞ്ഞപേക്ഷിച്ചു. അദ്ദേഹത്തിന്റെ ഓര്‍മയ്ക്കായി സൂക്ഷിക്കാനായിരുന്നു അത്. സഹായിക്കാനായി എത്തിയിരുന്ന, ഞങ്ങള്‍ കുട്ടികളുടെ സുഹൃത്തുക്കള്‍ക്കൊപ്പം ഞാനും അനുജനും അനേകം അപരിചിതര്‍ക്ക് പൂക്കള്‍ വിതരണംചെയ്തു. ദിവസം മുഴുക്കെ അത് തുടര്‍ന്നു.

ശനിയാഴ്ചയായപ്പോള്‍ ഞങ്ങളുടെ വീട് നിന്നിരുന്ന തെരുവില്‍ നിറയെ ആളായി. ജാലകത്തിലൂടെ പുറത്തേക്ക് നോക്കിയാല്‍ മനുഷ്യമഹാസമുദ്രമല്ലാതെ ഒന്നും കാണാനില്ലെന്നായി. തിരയിളകുന്നതുപോലെ അവരുടെ തല ഇളകിക്കൊണ്ടിരുന്നു. അവയ്ക്ക് മുകളിലൂടെ പുഷ്പചക്രങ്ങളും മറ്റും ചലിച്ചുകൊണ്ടേയിരുന്നു. ദസ്തയേവ്സ്‌കിയുടെ ഭൗതികശരീരം സന്ന്യാസാശ്രമത്തിലേക്ക് കൊണ്ടുപോകാനുള്ള വണ്ടി തയ്യാറായിനില്പുണ്ടായിരുന്നു. പക്ഷേ, ശവപ്പെട്ടി അതിലേക്കെത്തിക്കാന്‍ അദ്ദേഹത്തിന്റെ ആരാധകര്‍ അനുവദിച്ചില്ല. അവര്‍ അതെടുത്ത് ഉയര്‍ത്തി. വണ്ടിയില്‍ കയറ്റാതെ അവരത് ചുമന്നുനടന്നു. ചുമക്കുന്നവര്‍ മാറിമാറി വന്നു. ആചാരമനുസരിച്ച്, വിധവയും മക്കളും അതിന് പുറകില്‍ നടന്നു. അലക്സാണ്ടര്‍ നെവ്സ്‌കി സന്ന്യാസാശ്രമത്തിലേക്ക് ദൂരം കുറച്ചധികമുണ്ട്. നടന്ന് ഞങ്ങള്‍ കുട്ടികള്‍ ക്ഷീണിതരായി. ചില സുഹൃത്തുക്കള്‍ ഞങ്ങളെ എടുത്തുയര്‍ത്തി വണ്ടിയില്‍ വെച്ചു.

''നിങ്ങളുടെ അച്ഛന് റഷ്യ നല്കുന്ന ഉജ്ജ്വലമായ ഈ അന്ത്യയാത്ര മറക്കരുത്,'' അവരില്‍ ചിലര്‍ ഞങ്ങളോട് പറഞ്ഞു. ശവഘോഷയാത്ര സന്ന്യാസാശ്രമത്തിനരികിലെത്തിയപ്പോള്‍ സന്ന്യാസിമാരെല്ലാം പുറത്തിറങ്ങിവന്നു. അവര്‍ അച്ഛന് അന്തിമോപചാരമര്‍പ്പിച്ചു. സാര്‍ചക്രവര്‍ത്തിയുടെ ശവസംസ്‌കാരങ്ങള്‍ക്കല്ലാതെ അവര്‍ ഇങ്ങനെ എല്ലാവരും ഒന്നിച്ച് പുറത്തിറങ്ങിവന്ന് അന്തിമോപചാരം അര്‍പ്പിക്കാറില്ല. ഇപ്പോഴിതാ പ്രശസ്തനായ ഒരു എഴുത്തുകാരനെ അവര്‍ അതുപോലെ ബഹുമാനിക്കുന്നു. യാഥാസ്ഥിതികസഭയുടെ ബഹുമാന്യനായ ഒരു മകനെ. എന്റെ അമ്മയുടെ പ്രവചനം ഇതാ ഒരിക്കല്‍ക്കൂടി സത്യമായിരിക്കുന്നു.

ഫെബ്രുവരി ഒന്നാംതീയതി ഞായറാഴ്ചയായിരുന്നു അന്തിമ ചടങ്ങുകള്‍. പ്രഭാതത്തില്‍ത്തന്നെ, പൊതുവേ ശാന്തമായി കിടക്കുന്ന അലക്സാണ്ടര്‍ നെവ്സ്‌കിയുടെ സന്ന്യാസാശ്രമത്തില്‍ ജനക്കൂട്ടമുണ്ടായി. അവരതിനെ ആക്രമിച്ചുകീഴടക്കി എന്നുതന്നെ പറയാം. നേവാനദിക്കരയിലാണ് ഈ ആശ്രമം. അതുതന്നെ ഒരു ചെറുപട്ടണമാണെന്നും പറയാവുന്നതാണ്. അനേകം പള്ളികളും മൂന്ന് സെമിത്തേരികളും പൂന്തോട്ടങ്ങളും സ്‌കൂളും സെമിനാരിയും പുരോഹിതന്മാര്‍ക്കായുള്ള അക്കാദമിയുമെല്ലാമുള്ള ഒരു കൊച്ചുപട്ടണം. ഓരോ നിമിഷവും വര്‍ധിച്ചുവരുന്ന ജനക്കൂട്ടത്തെ കണ്ട് സന്ന്യാസിമാര്‍ അമ്പരന്നു. ജനങ്ങള്‍ പൂന്തോട്ടങ്ങളിലും സെമിത്തേരികളിലുമെല്ലാം അപ്പോള്‍ നിറഞ്ഞുകവിഞ്ഞിരുന്നു. ഇരുമ്പ് കൈപ്പിടികളിലും കെട്ടിടങ്ങള്‍ക്ക് മുകളിലും കയറിപ്പറ്റാന്‍തുടങ്ങിയിരുന്നു. സന്ന്യാസിമാര്‍ പോലീസ്സഹായം തേടി. പോലീസ് വന്നപാടേ ആശ്രമത്തിലേക്കുള്ള പടിവാതിലെല്ലാം അടച്ചു. ഒന്‍പതുമണിയോടെ ഞങ്ങള്‍ പ്രധാന പടിവാതില്‍ക്കലെത്തി. അതടഞ്ഞുകിടക്കുന്നത് കണ്ട് അദ്ഭുതപ്പെട്ടു. അമ്മ വണ്ടിയില്‍നിന്നിറങ്ങി. വിധവയുടെ മുഖാവരണമെല്ലാം അമ്മ ധരിച്ചിട്ടുണ്ടായിരുന്നു. ഞങ്ങളെ കൈപിടിച്ച് ഒപ്പമിറക്കിയിരുന്നു. ഒരു പോലീസ് ഓഫീസര്‍ ഞങ്ങളെ തടഞ്ഞു. ''ആരെയും അകത്ത് വിടാനാകില്ല,'' അയാള്‍ ശാഠ്യംപിടിച്ചു.

അത് കേട്ട അമ്മ ആശ്ചര്യപ്പെട്ടു: ''ഞാന്‍ ദസ്തയേവ്സ്‌കിയുടെ വിധവയാണ്. ചടങ്ങുകള്‍ തുടങ്ങാനായി എന്നെ കാത്തിരിക്കുകയാണവര്‍,'' അമ്മ അയാളെ അറിയിച്ചു. ''നിങ്ങളിപ്പോള്‍ ആറാമത്തെയാളാണ് ദസ്തയേവ്സ്‌കിയുടെ വിധവയാണെന്നും പറഞ്ഞെത്തുന്നത്; അകത്ത് കടക്കാന്‍ ശ്രമിക്കുന്നത്. ഇനിയും നുണകള്‍ വേണ്ട. ആരെയും ഞാന്‍ കടത്തിവിടില്ല.''
ഭാഗ്യമെന്നുപറയട്ടെ, ചില സുഹൃത്തുക്കള്‍ ഞങ്ങളെ തിരഞ്ഞ്, ഞങ്ങളെ കാത്ത്, അവിടെയെത്തി. അവര്‍ പടിവാതില്‍ തുറന്ന് ഞങ്ങളെ അകത്ത് കയറ്റി. പള്ളിയകം നിറഞ്ഞുകവിഞ്ഞിരുന്നു. ഒരുവിധത്തില്‍ ഞങ്ങള്‍ക്കായി നീക്കിവെച്ചിരുന്ന സ്ഥലത്തേക്കെത്തി. ചടങ്ങുകള്‍ ആരംഭിച്ചു. ചടങ്ങുകള്‍ക്ക് നേതൃത്വം നല്കിയത് ആര്‍ച്ച് ബിഷപ്പായിരുന്നു. അന്തിമ പ്രഭാഷണവും അദ്ദേഹത്തിന്റെതായിരുന്നു. അദ്ദേഹംതന്നെ സംഘഗാനത്തിന്റെ നേതൃത്വവും ഏറ്റെടുത്തു. സെമിത്തേരിയിലെത്തിയപ്പോള്‍ എഴുത്തുകാരുടെ ഊഴമായി. തുറന്നുവെച്ച ശവപ്പെട്ടിക്ക് മുന്നില്‍ നിന്ന് അവരുടെ പ്രഭാഷണങ്ങളുണ്ടായി. ആചാരമനുസരിച്ചുള്ള പ്രഭാഷണങ്ങള്‍. അത് അനേകം മണിക്കൂറുകള്‍ നീണ്ടുനിന്നു. അതുകൂടിയായപ്പോള്‍ അമ്മയുടെ പ്രവചനം മിക്കവാറും പൂര്‍ത്തിയാക്കപ്പെട്ടതുപോലെയായി. പീറ്റേഴ്സ്ബര്‍ഗില്‍ അതിനുമുന്‍പ് ഒരിക്കലും ഇങ്ങനെ ഒരു ശവസംസ്‌കാരച്ചടങ്ങുണ്ടായിട്ടില്ല.

ഈ പ്രാര്‍ഥനകള്‍ നടക്കുമ്പോള്‍ ശവപ്പെട്ടി തുറന്നുവയ്ക്കുക എന്നത് റഷ്യയിലെ ഒരു ആചാരമാണ്. അതിന്റെ അവസാനമാകുമ്പോള്‍ ബന്ധുക്കളും സുഹൃത്തുക്കളും ശവപ്പെട്ടിക്കരികിലെത്തി അന്ത്യചുംബനം നല്കും. ദസ്തയേവ്സ്‌കിയുടെ ശവപ്പെട്ടി പക്ഷേ, അടഞ്ഞുകിടന്നു. ശവസംസ്‌കാരത്തിന്റെയന്ന് എന്റെ അമ്മാവനായ എം. പെബേദോനോസേവ്, പ്രഭാതത്തില്‍ത്തന്നെ സന്ന്യാസാശ്രമത്തിലെത്തി. അവര്‍ ശവപ്പെട്ടി തുറന്നുനോക്കി. അപ്പോള്‍ ദസ്തയേവ്സ്‌കിയുടെ മുഖമാകെ മാറിയിരുന്നു. ഈ കാഴ്ച അദ്ദേഹത്തിന്റെ വിധവയെയും മക്കളെയും അസഹ്യപ്പെടുത്തിയേക്കാം എന്ന് കരുതി അമ്മാവനും സന്ന്യാസിമാരും ചേര്‍ന്ന് ശവപ്പെട്ടിയുടെ മൂടി അടച്ചുവയ്ക്കാന്‍ തീരുമാനിച്ചു. അമ്മ അദ്ദേഹത്തിനതിന് പിന്നെ മാപ്പുനല്കിയില്ല. ''അദ്ദേഹത്തിനെന്ത് വ്യത്യാസമുണ്ടാകാനാ?'' അമ്മ കോപിച്ചു, ''എത്ര മാറിയിട്ടുണ്ടെങ്കിലും അതെന്റെ ഭര്‍ത്താവാണ്. എന്റെ അന്ത്യചുംബനമില്ലാതെയാണ് നിങ്ങള്‍ അദ്ദേഹത്തെ ഇവിടെ മറവുചെയ്തത്.''

എനിക്കാകട്ടെ അദ്ദേഹം അങ്ങനെ ചെയ്തതില്‍ കൃതജ്ഞതയാണ് തോന്നിയത്; അങ്ങനെയൊരു കാഴ്ചയില്‍നിന്ന് എന്നെ ഒഴിവാക്കിയതില്‍. അച്ഛന്‍ ശാന്തമായി ഉറങ്ങുന്നതാണെന്റെ അവസാന കാഴ്ച. അതങ്ങനെ നിലനിര്‍ത്തുന്നതാണെനിക്കിഷ്ടം'

(മാതൃഭൂമി ബുക്‌സ് പ്രസിദ്ധീകരിക്കുന്ന ദസ്തയേവ്‌സ്‌കി 200 വര്‍ഷത്തിന്റെ യൗവനം എന്ന പുസ്തകത്തില്‍ നിന്ന്.)

Content Highlights :Last moments of Fyodor Dostoevsky by Aymy Dostoevsky translated by Suresh M.G


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

05:02

ഭാര്യയുമായി പിണങ്ങി താമസിച്ച 65-കാരന്‍ മരിച്ചു; തെളിഞ്ഞത് ദാരുണമായ കൊലപാതകം

Sep 30, 2022


05:23

രാജകുടുംബത്തിന്റെ ഉറക്കം കെടുത്തുന്ന ടെലിവിഷന്‍ സിനിമ; അറം പറ്റുമോ 'King Charles III'

Sep 29, 2022


drug

1 min

തണ്ണിമത്തനില്‍ ഒളിപ്പിച്ച് മയക്കുമരുന്ന് കടത്താൻ ശ്രമം; അഞ്ചംഗ സംഘം സൗദിയിൽ അറസ്റ്റിൽ

Sep 29, 2022

Most Commented