ഇന്ത്യന്‍ സിനിമയിലെ മഹാരഥന്മാരുടെ അഭിനയമുഹൂര്‍ത്തങ്ങളിലൂയെും ആര്‍ദ്രജീവിത വീഥിയിലൂടെയുമുള്ള മോഹന്‍ലാലിന്റെ സഞ്ചാരമാണ് ഗുരുമുഖങ്ങള്‍. മോഹന്‍ലാല്‍ ഗുരുതുല്യരായ പ്രതിഭകളുടെ ഔന്നത്യത്തെ തൊട്ടറിയുന്ന നിരീക്ഷണങ്ങളുടെ സമാഹാരം മനുഷ്യമനസ്സുകളുടെ ധ്രുവസീമകളിലൂടെയുള്ള യാത്രകളായി ഓരോ അനുഭവക്കുറിപ്പുകളും പരിണമിക്കുന്നു. പുസ്തകത്തില്‍ നിന്നുള്ള ഒരു ഭാഗം വായിക്കാം. 

'ഞ്ഞില്‍വിരിഞ്ഞ പൂക്കളി'ല്‍ ഞാനഭിനയിക്കുമ്പോള്‍ പപ്പുവേട്ടന്‍ മലയാളത്തിലെ ഏറ്റവും തിരക്കുള്ള നടന്മാരിലൊരാളാണ്. അദ്ദേഹമില്ലാത്ത ചിത്രങ്ങള്‍ തന്നെ വിരളമായിരുന്നു. 'അങ്ങാടി' തിയേറ്ററുകളില്‍ തകര്‍ത്തോടുന്ന കാലം. കുതിരവട്ടം പപ്പു എന്ന നടന്റെ അഭിനയസാധ്യതകള്‍ ഏറെ ഉപയോഗപ്പെടുത്തിയ ചിത്രങ്ങളില്‍ ഒന്നായിരുന്നു അങ്ങാടി. അതിലെ അബു എന്ന അദ്ദേഹത്തിന്റെ കഥാപാത്രം ജീവിതത്തിന്റെ നേര്‍ പകര്‍പ്പായിരുന്നു.

'പാവാട വേണം മേലാട വേണം പഞ്ചാര പനങ്കിളിക്ക്...' എന്ന അങ്ങാടിയിലെ ഗാനം പപ്പുവേട്ടന്റെ മുഖഭാവങ്ങളോടെയാണ് മനസിലേക്ക് ഓടിയെത്താറുള്ളത്. അത്രമാത്രം അബുവുമായി അദ്ദേഹത്തിലെ നടന്‍ ഇഴുകിച്ചേര്‍ന്നിരുന്നു. മഞ്ഞില്‍വിരിഞ്ഞ പൂക്കള്‍ കഴിഞ്ഞ് രണ്ടുമൂന്നു ചിത്രങ്ങള്‍ക്ക് ശേഷമാണ് ഞാന്‍ വീണ്ടും പപ്പുവേട്ടനുമായി ഒന്നിക്കുന്നത്. ഗൃഹലക്ഷ്മി പ്രൊക്ഷന്‍സിന്റെ 'അഹിംസ'യിലൂടെയായിരുന്നു ആ സമാഗമം. 

പ്രായഭേദമില്ലാതെ സൗഹൃദം പങ്കിട്ടിരുന്ന ആളായിരുന്നു പപ്പുവേട്ടന്‍. അദ്ദേഹം സെറ്റിലുണ്ടെങ്കില്‍ ചിരിയുടെ പൂരമായിരിക്കും. അഭ്രപാളിയിലൂടെ മാത്രം അനുഭവിച്ച ആ ചിരി ഞാന്‍ നേരില്‍ അറിയുന്നത് അഹിംസയില്‍ അഭിനയിക്കുമ്പോഴാണ്. പപ്പുവേട്ടന് അലക്കുകാരന്റെ വേഷമായിരുന്നു അതില്‍. സൗഹൃദത്തിന്റെ വലിയൊരു തണല്‍മരം കൂടിയാണ് പപ്പുവേട്ടനിലൂടെ എനിക്കു ലഭിച്ചത്. അങ്ങാടിയിലെ പാട്ടുപോലെ അഹിംസയിലും പപ്പുവേട്ടന്‍ അഭിനയിച്ച സൂപ്പര്‍ഹിറ്റ് ഗാനമുണ്ടായിരുന്നു.

'ഞാനൊരു ടോബി... അലക്കുജോലി, ഈ നാട്ടുകാരുടെ വിയര്‍പ്പുമുഴുവന്‍...' എന്ന് തുടങ്ങുന്ന ഗാനം ചെറിയകുട്ടികള്‍ക്ക് പോലും അന്ന് കാണാപാഠമായിരുന്നു. കഥാന്ത്യത്തില്‍ വില്ലനായ ഞാന്‍ കൊല്ലപ്പെടുന്നത് പപ്പുവേട്ടന്റെ കൈ കൊണ്ടാണ്. അഹിംസക്കു ശേഷം നിരവധി ചിത്രങ്ങളില്‍ ഞങ്ങളൊന്നിച്ചു. സിനിമയില്‍ വില്ലനായി തുടങ്ങിയ എന്റെ അഭിനയജീവിതത്തിലെ വളര്‍ച്ചയുടെ ഓരോ ഘട്ടവും മൂത്ത ഒരു ജ്യേഷ്ഠസഹോദരന്റെ സ്‌നേഹത്തോടെയാണ് പപ്പുവേട്ടന്‍ നോക്കി കണ്ടത്. 

ജീവിതത്തില്‍ പല പരുക്കന്‍ പ്രതലങ്ങളിലൂടെ കടന്നുപോയതിന്റേതാകാം ഒരസാമാന്യ ധൈര്യം പപ്പുവേട്ടനില്‍ എപ്പോഴുമുണ്ടായിരുന്നു. അഭിനയിച്ച കഥാപാത്രങ്ങളേക്കാളും സംഭവബഹുലമായിരുന്നു ആ ജീവിതമെന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്. സിനിമയ്ക്കിടയിലെ സൗഹൃദവേളകളില്‍, കടന്നുപോയ കഠിനജീവിതത്തെക്കുറിച്ച് പലപ്പോഴും അദ്ദേഹം എന്നോട് മനസ്സുതുറന്നിട്ടുണ്ട്. ജനിച്ച് നാല്‍പതാം നാള്‍ അച്ഛന്റെ മരണം.

പതിനാറാമത്തെ വയസ്സില്‍ അമ്മയുടെ വേര്‍പാട്. പിന്നീടുള്ള ജീവിതം അനാഥത്വത്തിന്റെയും ദാരിദ്ര്യത്തിന്റെയും നടുവില്‍. ആശ്വാസമായത് നാടകാഭിനയം മാത്രം. നാടകത്തില്‍ അഭിനയിക്കാന്‍ ഒരു അവസരത്തിനുവേണ്ടി പല വലിയ നടന്മാരോട് വരെ യാചിക്കേണ്ടി വന്ന അവസ്ഥ. നാടകട്രൂപ്പില്‍ കര്‍ട്ടന്‍ വലിക്കാരനായി തുടങ്ങിയ ആ കലാജീവിതം എന്തുമാത്രം തീക്ഷ്ണതകളിലൂടെയാണെന്ന് കടന്നുപോയതെന്ന് ഊഹിക്കാന്‍പോലും കഴിയില്ല. ചിലപ്പോഴൊക്കെ പപ്പുവേട്ടന്‍ പറയും ''ഈ ചിരി കണ്ണീരിന്റെയാണു മോനേ...'' അതു തന്നെയായിരുന്നു യാഥാര്‍ത്ഥ്യവും. സിനിമയിലായാലും നാടകത്തിലായാലും പ്രേക്ഷകരെ നന്നായി ചിരിപ്പിച്ചവര്‍ക്കെല്ലാം പറയാനുണ്ടാകും കണ്ണീരിന്റെ ഒരു ഭൂതകാലം. 

പപ്പുവേട്ടനൊപ്പം അഭിനയിക്കുമ്പോള്‍ വല്ലാത്തൊരു സുഖമുണ്ടായിരുന്നു. സ്‌ക്രിപ്റ്റില്‍ എഴുതിവച്ചതായിരിക്കില്ല ചിലപ്പോള്‍ അദ്ദേഹം പറയുന്നത്. ഒരു ഡയലോഗ് ഏത് അവസ്ഥയില്‍ എങ്ങനെ പ്രസന്റ് ചെയ്യണമെന്ന് അദ്ദേഹത്തിന് നന്നായി അറിയാമായിരുന്നു. അത് സിനിമയില്‍ നിന്നും പഠിച്ചതല്ല, ജീവിതം കൊണ്ട് നേടിയതാണ്. ടി ദാമോദരന്‍ മാസ്റ്ററുടെ തൂലികയില്‍ പപ്പുവേട്ടനായി രൂപം കൊണ്ട കഥാപാത്രങ്ങള്‍ ആ നടനമികവിനെ സമാനതകളില്ലാത്ത അനുഭവമാക്കി പ്രേക്ഷകരിലേക്ക് പകര്‍ന്നു.

ഐ.വി. ശശിയുടെയും, സത്യന്‍ അന്തിക്കാടിന്റെയും, പ്രിയദര്‍ശന്റെയുമൊക്കെ സിനിമകളില്‍ പപ്പുവേട്ടന്‍ നിറഞ്ഞാടി. 'തേന്മാവിന്‍ കൊമ്പത്ത്' എന്ന സിനിമയില്‍ പ്രേക്ഷകര്‍ ഒരിക്കലും മറക്കാത്ത ഒരു ദൃശ്യമുണ്ട്. 'ടാ...സ്‌കി വിളിക്കെടാ....' ഒരു പക്ഷേ പപ്പുവേട്ടനല്ലാതെ മറ്റൊരു നടനും അത് പറഞ്ഞ് ഫലിപ്പിക്കാനാകില്ല. 'വെള്ളാനകളുടെ നാടി'ല്‍ 'ആ ചെറ്യേ സ്പാനറൊന്നു നോക്കട്ടെ...' എന്നും 'മണിച്ചിത്രത്താഴി'ല്‍ 'ചെവിയിലൂടെ ഒരു കിളി പറന്നുപോയതു പോലെ...' എന്നും പറയുമ്പോള്‍ പപ്പുവെന്ന നടന് മാത്രം സാധ്യമായ അഭിനയലോകമാണ് പ്രേക്ഷകര്‍ കണ്ടത്.

പലപ്പോഴും ചിരിയുടെ ആ പത്മദളം നോക്കി സംവിധായകര്‍ കട്ട് പറയാന്‍ മറന്നുപോയിട്ടുണ്ട് എന്നതാണ് യാഥാര്‍ത്ഥ്യം. പ്രിയദര്‍ശന്‍ ഈയിടെ എന്നോടു പറഞ്ഞു: ''ചില കഥകള്‍ കേള്‍ക്കുമ്പോള്‍ ചില കഥാപാത്രങ്ങളെ മുന്നില്‍ കാണുമ്പോള്‍ ഇത് പപ്പുവേട്ടന്‍ ചെയ്തിരുന്നെങ്കില്‍ എന്ന് ഓര്‍ത്തുപോകും. അത്തരം കഥകള്‍പോലും ഇപ്പോള്‍ ആലോചിക്കാനാകുന്നില്ല. അങ്ങനെയുള്ള കഥാപാത്രങ്ങളെ അനായാസമായി അവതരിപ്പിച്ചിരുന്നവരെല്ലാം പോയി.'' ശരിയല്ലേ, മണ്ണില്‍ വേരുള്ള ജീവിതങ്ങളെ അതേപടി പകര്‍ന്നാടാന്‍ ഇന്ന് നമുക്കെത്ര പേരുണ്ട്. മലയാള സിനിമയിലെ കോഴിക്കോടന്‍ പെരുമതന്നെയായിരുന്നു പപ്പുവേട്ടന്‍.

ജീവിതം ശരിക്കും ആസ്വദിക്കുകയായിരുന്നു പപ്പുവേട്ടന്‍. ഭക്ഷണപ്രിയനായിരുന്ന അദ്ദേഹത്തോട് കോഴിക്കോടന്‍ ഹല്‍വ വാങ്ങിത്തരാന്‍ ഞാന്‍ മിക്കപ്പോഴും ആവശ്യപ്പെടുമായിരുന്നു. ഷൂട്ടിംഗിനിടക്ക് ഹല്‍വയുമായി പപ്പുവേട്ടനെത്തും. ഒരിക്കല്‍ ഹല്‍വ കിട്ടാതെ വന്നപ്പോള്‍ ''എന്നാലും ന്റെ പപ്പുവേട്ടാ നിങ്ങള്‍ എന്നോടിതു ചെയ്തല്ലോ....?'' എന്ന് തമാശയായി ഞാന്‍ പറഞ്ഞു. പക്ഷേ അദ്ദേഹത്തിനത് വലിയ സങ്കടമുണ്ടാക്കി. എവിടെയായലും ഷൂട്ടിംഗ് കഴിഞ്ഞ് മുറിയിലെത്തിയാല്‍ ചീട്ടുകളി പപ്പുവേട്ടന് ഹോബിയായിരുന്നു. ടൂര്‍ണമെന്റ് സ്പിരിറ്റോടെയാണ് അദ്ദേഹം കളിച്ചിരുന്നത്. അതിനെല്ലാം ഞാനും ഒപ്പം കൂടിയിരുന്നു. 

അരങ്ങിലും സിനിമയിലും കെട്ടിയാടിയ കുറേ കഥാപാത്രങ്ങളെ ബാക്കിയാക്കി പതിറ്റാണ്ടുകള്‍ നീണ്ട സൗഹൃദത്തിന് തിരശ്ശീലയിട്ടു കൊണ്ട് പപ്പുവേട്ടന്‍ ഒരു നാള്‍ ജീവിതത്തിന്റെ പടിയിറങ്ങിപ്പോയി. കോഴിക്കോട് ടൗണ്‍ഹാളില്‍ നിശ്ചലനായി കിടക്കുന്ന പപ്പുവേട്ടനെ കണ്ട് മടങ്ങുമ്പോള്‍ നന്മയുടെയും സൗഹൃദത്തിന്റെയും ആ വലിയ തണല്‍മരം നഷ്ടമായ അനാഥത്വമായിരുന്നു എനിക്കനുഭവപ്പെട്ടത്. വര്‍ഷങ്ങള്‍ക്കിപ്പുറവും ഞാന്‍ പപ്പുവേട്ടനെ കണ്ടുകൊണ്ടിരിക്കുന്നു, ഷൂട്ടിംഗ് സെറ്റിലെ ആള്‍ക്കൂട്ടത്തിനിടയില്‍, തിരക്കേറിയ നഗരങ്ങളില്‍, നാട്ടിന്‍പുറങ്ങളില്‍.... എവിടെയൊക്കെയോ അയാളുണ്ട്. കൈലി മുണ്ടും ബനിയനും നെറ്റിയില്‍ തൂവാല കൊണ്ടുള്ള ഒരു കെട്ടുമായ് അയാള്‍ സഞ്ചരിച്ചുകൊണ്ടേയിരിക്കുന്നു. എനിക്കൊപ്പം, എന്റെ ഓര്‍മകള്‍ക്കൊപ്പം.

 ഗുരുമുഖങ്ങള്‍ ഓണ്‍ലൈനില്‍ വാങ്ങാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
 

Content Highlights: kuthiravattam pappu, Mohanlal, gurumukhangal