ത്തുപതിനഞ്ച് വര്‍ഷങ്ങള്‍ക്കു മുന്‍പാണ്. ഫാസില്‍ നിര്‍മിച്ച് പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത ചന്ദ്രലേഖ എന്ന സിനിമ ഗോവയില്‍ ചിത്രീകരിക്കുകയായിരുന്നു. അഭിനേതാക്കളായി ഞങ്ങള്‍ ഒരു സംഘം ഉണ്ടായിരുന്നു. ഞാന്‍, മോഹന്‍ലാല്‍, ശ്രീനിവാസന്‍, കുതിരവട്ടം പപ്പു, കൊച്ചിന്‍ ഹനീഫ, മാമുക്കോയ, അഗസ്റ്റിന്‍, സാദിഖ്, പൂജാ ബത്ര... എല്ലാവരെയും നയിച്ചുകൊണ്ട് പ്രിയദര്‍ശനും. ഗോവയിലെ പ്രശസ്തമായ ഒരു ഹോട്ടലിലായിരുന്നു ഞങ്ങളെല്ലാവരും താമസിച്ചിരുന്നത്. ഹോട്ടലിന്റെ പേരിപ്പോള്‍ ഓര്‍ക്കുന്നില്ല.

ആ ഹോട്ടലില്‍ സുന്ദരമായ ഒരു സ്വിമ്മിങ് പൂളുണ്ടായിരുന്നു. ഇളം നീലനിറത്തില്‍ ഇളനീരിന്റെ തണുപ്പുള്ള വെള്ളമായിരുന്നു അതില്‍ നിറയെ. വൈകുന്നേരം ഷൂട്ടിങ് കഴിഞ്ഞു വന്നാല്‍ ഞങ്ങളെല്ലാവരും ചേര്‍ന്ന് അതില്‍ കുളിക്കും. സത്യം പറഞ്ഞാല്‍ എനിക്ക് ഷൂട്ടിങ്ങിനെക്കാള്‍ താത്പര്യം ഈ കുളിയിലായിരുന്നു. നിവൃത്തിയില്ലാത്തതുകൊണ്ട് പകല്‍ ഷൂട്ടിങ്ങിനു പോവുന്നു എന്നു മാത്രം.

ഹോട്ടലിന്റെ ആ സ്വിമ്മിങ് പൂളില്‍ കുളിക്കുമ്പോള്‍ എനിക്ക് കുട്ടിക്കാലത്ത് തുടിച്ചുകുളിച്ചിരുന്ന ഇരിങ്ങാലക്കുടയിലെ പട്ടരുടെ കുളം ഓര്‍മയില്‍ വരും. പട്ടരുടെ കുളത്തിന് പലപല കടവുകളുണ്ടായിരുന്നു. ചിലതിലൂടെ സ്ത്രീകള്‍ മാത്രമേ ഇറങ്ങൂ; ചിലതിലൂടെ പുരുഷന്മാര്‍ മാത്രവും. 'കാഴ്ചകള്‍' കാണാന്‍ ഏറ്റവും സൗകര്യമുള്ള കടവ് കിട്ടുക എന്നാല്‍, ഒരു ഭാഗ്യമായിട്ടാണ് ഞങ്ങള്‍ പുരുഷപ്രജകള്‍ കരുതിയിരുന്നത്. എന്നാല്‍, ഹോട്ടലിലെ ഈ സ്വിമ്മിങ് പൂളില്‍ എല്ലാവര്‍ക്കും ഇറങ്ങാനായി ഒറ്റ കടവേയുണ്ടായിരുന്നുള്ളൂ. സ്റ്റീല്‍ക്കമ്പികൊണ്ട് ഉണ്ടാക്കിയ കോണിവഴി ആണും പെണ്ണുമെല്ലാം വരിവരിയായി കുളത്തിലേക്ക് ചാടിയിറങ്ങും, തുടിച്ച് കുളിക്കും. ആംഗ്ലോ ഇന്ത്യക്കാരായ ഒരുപാടുപേര്‍ ആണും പെണ്ണുമായി ആ കുളിക്കൂട്ടത്തിലുണ്ടാവും. അവര്‍ നന്നായി ഇംഗ്ലീഷ് പറയും. 'ഹായ്', 'ഗുഡ് ഈവനിങ്', ' ഹൗ ആര്‍ യു?' വിളികള്‍ തമ്മില്‍ കൂട്ടിമുട്ടും. പരസ്പരം പൊട്ടിച്ചിരിക്കും; സംഘംചേര്‍ന്ന് നീന്തും. അങ്ങനെ അതിരസകരമായിരുന്നു ആ കുളിദിവസങ്ങള്‍.

കാലന്റെ ഡല്‍ഹിയാത്ര അന്തിക്കാട് വഴി എന്ന പുസ്തകം വാങ്ങാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക   

അന്ന് മൊബൈല്‍ ഫോണ്‍ എത്തിയിട്ടില്ല. അതുകൊണ്ട് തമ്മില്‍ തമാശകള്‍ പറഞ്ഞ് ചിരിക്കാനും സൈ്വരമായി ഇരിക്കാനും ഒരുപാട് സമയം എല്ലാവര്‍ക്കും ലഭിച്ചിരുന്നു. എന്താണ് ഒരു നേരമ്പോക്കുണ്ടാക്കുക എന്നാലോചിച്ചിരിക്കുകയായിരുന്നു ഞാന്‍. അപ്പോഴാണ് എനിക്ക് മുഹമ്മദലി ജിന്നയെ ഓര്‍മവന്നത്. ആളെ മനസ്സിലായില്ലേ? അതെ, പാകിസ്താന്റെ സ്ഥാപകനായ മുഹമ്മദലി ജിന്ന. മുസ്‌ലിങ്ങള്‍ക്ക് പ്രത്യേക രാജ്യം വേണമെന്ന് ശാഠ്യംപിടിച്ചാണ് അന്നു ജിന്ന പാകിസ്താന്‍ മുറിച്ചുവാങ്ങി പോയത്. ഒരുവിധം മുസ്‌ലിങ്ങള്‍ മുഴുവന്‍ അന്ന് പാകിസ്താനിലേക്കു പോയി; ഞങ്ങള്‍ക്ക് വേറെ അരിവെക്കണം എന്നു പറഞ്ഞ്. പക്ഷേ, ചിലര്‍ ഇവിടെ ബാക്കിയായി. അതില്‍ മൂന്നുപേര്‍ എന്റെ മുന്‍പില്‍ നീന്തുന്നു. കൊച്ചിന്‍ ഹനീഫയും മാമുക്കോയയും സാദിഖും. ഞാന്‍ ആദ്യം മാമുക്കോയയെയും സാദിഖിനെയും വിളിച്ചു ചോദിച്ചു:

കാന്‍സര്‍ വാര്‍ഡിലെ ചിരി എന്ന പുസ്തകം വാങ്ങാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

'പാകിസ്താന്‍ എന്ന ഒരു രാജ്യം 1947-ല്‍ ഉണ്ടായത് നിങ്ങള്‍ക്ക് രണ്ടുപേര്‍ക്കും അറിയാമല്ലോ. മുസ്‌ലിങ്ങള്‍ക്കു മാത്രമായുള്ള രാജ്യമാണ്. എന്റെ ചോദ്യം ഇത്രമാത്രമേയുള്ളൂ, നിങ്ങള്‍ക്ക് അങ്ങോട്ട് പോയിക്കൂടേ?'
'അതെന്തിനാണ്?' മാമുവും സാദിഖും ഒന്നിച്ച്, അന്ധാളിച്ചുകൊണ്ട് ചോദിച്ചു.
'അല്ല. അവിടെയാണെങ്കില്‍ നിങ്ങള്‍ക്ക് എല്ലാറ്റിനും നല്ല സ്വാതന്ത്ര്യം കിട്ടും. ബാങ്കൊക്കെ നല്ല ഉച്ചത്തില്‍ വിളിക്കാം. ഇവിടെയാവുമ്പോള്‍ മറ്റു പല മതങ്ങളുടെയും ബഹളങ്ങളില്‍പ്പെട്ട് നിങ്ങളുടെ പ്രാര്‍ഥന അത്ര നന്നായി പടച്ചോന്‍ കേള്‍ക്കില്ല. പാകിസ്താനില്‍ അതൊന്നുമുണ്ടാവില്ല,'ഞാന്‍ പറഞ്ഞു.
'ഞങ്ങള്‍ക്ക് എങ്ങോട്ടും പോവേണ്ട. ഒരുപാട് നല്ല സുഹൃത്തുക്കള്‍ ഞങ്ങള്‍ക്കിവിടെയുണ്ട്. അവരെയൊന്നും വിട്ടു പോവാന്‍ വയ്യ. പിന്നെ അവിടെ മലയാളസിനിമയുമില്ലല്ലോ, അഭിനയിക്കാന്‍. ഈ പ്രായത്തില്‍ ഇനി ഉറുദുവൊന്നും പഠിക്കാന്‍ വയ്യ,' മാമുവും സാദിഖും പറഞ്ഞു.

ഇരിങ്ങാലക്കുടയ്ക്കു ചുറ്റും എന്ന പുസ്തകം വാങ്ങാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക   

പിന്നെ ബാക്കിയുള്ളത് കൊച്ചിന്‍ ഹനീഫയാണ്. ഞാന്‍ ഹനീഫയോട് ചോദിച്ചു:
'എന്താ ഹനീഫേ തന്റെ അഭിപ്രായം? പാകിസ്താനിലേക്ക് പോയിക്കൂടേ. ഒരു വീട് ഭാഗംവെച്ചാല്‍ ഭാഗം ചോദിച്ചയാള്‍ക്കാര്‍ പിന്നെയും അവിടെ തുടരുക പതിവില്ല.'
എന്റെ ചോദ്യം ഹനീഫയ്ക്ക് പിടിച്ചില്ല. ആ മുഷിച്ചിലോടെ അദ്ദേഹം പറഞ്ഞു: 'പാകിസ്താനിലേക്ക് പോയതൊക്കെ ആ രാജ്യത്തോട് താത്പര്യമുള്ളവരാണ്. ഇവിടെ തുടര്‍ന്നവര്‍ ഈ രാജ്യത്തോട് കൂറുള്ളവരാണ്. ഞാനൊക്കെ ആ കൂട്ടത്തില്‍പ്പെട്ടവരാണ്, മനസ്സിലായോ?'
അപ്പോഴേക്കും ചര്‍ച്ചയ്ക്ക് ചൂടുപിടിച്ചിരുന്നു. ഹനീഫയെ പാകിസ്താനിലേക്കയയ്ക്കണം എന്ന് ഒരു വിഭാഗം, അത് അയാളോട് ആലോചിച്ചിട്ടുമതി എന്ന് മറ്റൊരു വിഭാഗം. ഒടുവില്‍ ലാലാണ് പറഞ്ഞത്: 'നമുക്ക് പപ്പുവേട്ടനോട് ചോദിക്കാം.'

ചിരിക്കുപിന്നില്‍ എന്ന പുസ്തകം വാങ്ങാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

കുതിരവട്ടം പപ്പുവിനെ വെറുതേ തിരഞ്ഞെടുത്തതല്ല. കോഴിക്കോട്ട് ഒരുപാട് മുസ്‌ലിം സുഹൃത്തുക്കളുള്ളയാളാണ് പപ്പുവേട്ടന്‍. മുസ്‌ലിങ്ങളുടെ വികാരം അദ്ദേഹത്തിനു മനസ്സിലാവും.
സ്വിമ്മിങ് പൂളിലെ കുളി കഴിഞ്ഞ് തീരത്തെ ചാരുകട്ടിലില്‍ക്കിടന്ന് മയങ്ങുകയായിരുന്ന പപ്പുവേട്ടനെ എല്ലാവരും ചേര്‍ന്ന് ഉണര്‍ത്തി. ഹനീഫതന്നെയാണ് പ്രശ്‌നം kaalante delhi yathra anthikkadu vazhiഅവതരിപ്പിച്ചത്. ഉറക്കത്തില്‍നിന്ന് ഉണര്‍ത്തിയതിന്റെ ഇഷ്ടക്കേട് പപ്പുവേട്ടന്റെ മുഖത്ത് വ്യക്തമായി കാണാമായിരുന്നു. ഹനീഫതന്നെ വിഷയം അവതരിപ്പിച്ചു. എന്നിട്ട് പറഞ്ഞു:
'ഞങ്ങളുടെ കൂട്ടത്തില്‍ പപ്പുവേട്ടനാണ് സീനിയര്‍. ഈ വിഷയത്തില്‍ ഒരു മര്യാദ പറയണം.'
അപ്പോള്‍ പപ്പുവേട്ടന്‍ പറഞ്ഞു:

'എല്ലാം ഞാന്‍ കേട്ടു. ഒരു വീട്ടിലെ ഭാഗംവെപ്പ് കഴിഞ്ഞാല്‍ ആ വീട്ടിലുള്ള പലരും മാറിത്താമസിക്കും. എന്നു കരുതി ഹനീഫ അങ്ങനെ പാകിസ്താനിലേക്ക് പോകണ്ട.'
ഇതു കേട്ട ഉടനെ ഹനീഫ പപ്പുവിനെ കെട്ടിപ്പിടിച്ചു. എന്നിട്ട് പറഞ്ഞു: 'താനാടോ മനുഷ്യന്‍, ഇവരൊക്കെ പപ്പുവേട്ടനെ കണ്ടു പഠിക്കട്ടെ.'
അതു കേട്ട് പപ്പുവേട്ടന്‍ തുടര്‍ന്നു:
'മോനേ ഹനീഫേ, നീ ഇന്ന് ഇന്ത്യ വിട്ട് പോകണം എന്ന് പറയില്ല. നാളെ പോവണം എന്നും പറയില്ല. പക്ഷേ, നീ എന്നു പോകും? അത് പറ?'
ഹനീഫയും ഞങ്ങളും അന്തംവിട്ടു നിന്നു. അപ്പോള്‍ ഞാന്‍ പപ്പുവേട്ടനോടു ചോദിച്ചു: 'എന്തിനാ പപ്പുവേട്ടന്‍ അവനോട് അങ്ങനെ പറഞ്ഞെ?' അപ്പോള്‍ പപ്പുവേട്ടന്‍ എന്തോ ആലോചിച്ചുകൊണ്ട് പറഞ്ഞു:
'ഹനീഫ പോയിട്ടു വേണം എനിക്ക് യമുനാനദിയുടെ തീരത്ത് മലര്‍ന്നുകിടന്ന് സമാധാനമായി ഒരു സിഗററ്റ് വലിച്ച് താജ്മഹല്‍ കാണാന്‍.'

മഴക്കണ്ണാടി എന്ന പുസ്തകം വാങ്ങാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക   

അതു കേട്ട് ഹനീഫയടക്കം ഞങ്ങളെല്ലാം പൊട്ടിച്ചിരിച്ചു. അതൊരു നേരമ്പോക്കു മാത്രമായിരുന്നു. ഹനീഫയും സാദിഖും മാമുക്കോയയുമെല്ലാം പാകിസ്താനിലേക്കു പോകേണ്ടിവന്നാലും ഞങ്ങളാരും സമ്മതിക്കില്ലായിരുന്നു. കാരണം ഞങ്ങള്‍ അത്രമേല്‍ ഒന്നിച്ചു കഴിഞ്ഞവരായിരുന്നു.വര്‍ഷം ഏറെക്കഴിഞ്ഞു. പപ്പുവേട്ടനും ഹനീഫയും അഗസ്റ്റിനുംമറ്റേതോ ലോകത്തിലേക്കു പോയി. കാന്‍സര്‍ രണ്ടു തവണ വന്ന് എന്നെ വിളിച്ചു; രണ്ടു തവണയും ഞാന്‍ പോയില്ല. കഷ്ടി രക്ഷപ്പെട്ടു. ജീവിതത്തിന്റെ തുമ്പത്ത് ഇങ്ങനെ തനിച്ചിരിക്കുമ്പോള്‍ ചുറ്റുപാടും ഞാന്‍ പലതും കാണുന്നു, നടന്‍ ആമിര്‍ഖാന്റെ ഭാര്യ അദ്ദേഹത്തോട് ചോദിക്കുന്നു: 'നമുക്ക് ഈ രാജ്യം വിടേണ്ടിവരുമോ?' പാടാന്‍ വന്ന ഗായകന്‍ ഗുലാം അലിയോട് പാകിസ്താനിലേക്കു പോകാന്‍ പറയുന്നു.

ഞാന്‍ ഇന്നസെന്റ്  എന്ന പുസ്തകം വാങ്ങാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക   

മുസ്‌ലിമായതുകൊണ്ട് പലര്‍ക്കും പലരും പാകിസ്താനിലേക്കുള്ള വഴി ചൂണ്ടിക്കാണിക്കുന്നു. ഇതൊക്കെ കേട്ടപ്പോള്‍ എനിക്കു തോന്നി ദൈവത്തെ പിണക്കേണ്ടായിരുന്നുവെന്ന്. പക്ഷേ, ഞാനിവിടെ തുടരുന്നതിന് ഉത്തരവാദി ഞാനല്ല, ഡോ. വി.പി. ഗംഗാധരനാണ്. ഞാന്‍ പോയിരുന്നെങ്കില്‍ മണ്ണിനെയും കാറ്റിനെയും പുഴയെയും ആകാശത്തെയും പക്ഷികളെയും അതിരുകെട്ടിത്തിരിക്കാത്ത ആ ലോകത്ത്, പാകിസ്താനിലേക്കു പോവാതെ എന്റെ ഹനീഫയുണ്ടാകും. അപ്പോഴും ഞാന്‍ വിശ്വസിക്കുന്നു, മറ്റു സംസ്ഥാനങ്ങളില്‍ ബുദ്ധിയും വിവേകവുമില്ലാത്ത രാഷ്ട്രീയക്കാര്‍ ഇങ്ങനെയൊക്കെ പറയുന്നുണ്ടെങ്കിലും കേരളത്തിന്റെ മണ്ണിനെയും ഇവിടത്തെ സംസ്‌കാരത്തെയും അറിഞ്ഞ ഒരു രാഷ്ട്രീയക്കാരനും ഇത് അംഗീകരിക്കില്ല. കേരളത്തിലെ ജനങ്ങളും അംഗീകരിക്കില്ല. അതാണ് ഇപ്പോള്‍ എന്റെ ഏക ആശ്വാസം.

( ഇന്നസെന്റിന്റെ കാലന്റെ ഡല്‍ഹി യാത്ര അന്തിക്കാട് വഴി എന്ന പുസ്തകത്തില്‍ നിന്ന് )

Content Highlights : kuthiravattam pappu, innocent, kochin haneefa,  innocent books