കൊടുംപീഡനങ്ങളും മര്‍ദനങ്ങളും തുടരുന്നതിനിടെയാണ്, ടര്‍ക്കിയിലെ കുര്‍ദ് ഭൂരിപക്ഷ നഗരമായ ദിയര്‍ബക്കിര്‍ സ്വദേശി ഹെലിന്‍ ബോലെക്ക് അഞ്ചുവര്‍ഷം മുന്‍പ് ഗ്രൂപ്പിലെ അംഗമായത്. 2016-ല്‍ ടര്‍ക്കിയില്‍ നടന്ന സൈനിക അട്ടിമറി ശ്രമത്തിനുശേഷം ബാന്‍ഡിലെ എല്ലാ അംഗങ്ങളും പലപ്പോഴായി പൊലീസ് കസ്റ്റഡിയിലായി. ഭീകരപ്രസ്ഥാനത്തില്‍ അംഗമാണ് എന്നാരോപിച്ച് ഹെലിനെയും പൊലീസ് അറസ്റ്റ് ചെയ്തു. 2019 ജൂണില്‍ വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് ഹെലിനും ഇബ്രാഹിമും തടവറയില്‍ നിരാഹാരം ആരംഭിച്ചു. നവംബറില്‍ വിട്ടയയ്ക്കപ്പെട്ടെങ്കിലും ഇരുവരും സമരം അവസാനിപ്പിക്കാന്‍ കൂട്ടാക്കിയില്ല.  

പൊലീസ് ഭീകരത അവസാനിപ്പിക്കുക, ഇദില്‍ സാംസ്‌കാരികകേന്ദ്രത്തിലെ റെയ്ഡുകള്‍ അവസാനിപ്പിക്കുക, പിടികിട്ടാപ്പുള്ളികളുടെ പട്ടികയില്‍നിന്ന് യോറം അംഗങ്ങളുടെ പേര് നീക്കം ചെയ്യുക, സംഗീതപരിപാടികളുടെ വിലക്ക് നീക്കുക, അംഗങ്ങള്‍ക്കെതിരായ നിയമനടപടി അവസാനിപ്പിക്കുക, തടവില്‍ കിടക്കുന്ന ഏഴ് യോറം അംഗങ്ങളെയും മോചിപ്പിക്കുക എന്നിവയായിരുന്നു ഹെലിനും ഇബ്രാഹിമും മുന്നോട്ടുവെച്ച ആവശ്യങ്ങള്‍. അവ അംഗീകരിക്കാന്‍ ഗവണ്മെന്റ് തയ്യാറായില്ലെങ്കില്‍ മരണംവരെ സമരം ചെയ്യാനായിരുന്നു ഇരുവരുടെയും തീരുമാനം.

എന്തുകൊണ്ട് നിരാഹാരം? ആ ചോദ്യത്തിന് യോറം ബാന്‍ഡ് നല്‍കിയ വിശദീകരണം ഇങ്ങനെയായിരുന്നു. ''സംഗീതനിശകളെ നിരോധിക്കുക, അറസ്റ്റ് ചെയ്യുക, തലയ്ക്ക് വിലയിടുക, റെയ്ഡുകളുടെ മറവില്‍ സംഗീതോപകരണങ്ങള്‍ തകര്‍ക്കുക എന്നിവയില്‍നിന്ന് രക്ഷനേടാന്‍ ഞങ്ങള്‍ ആവുന്നത്ര ശ്രമിച്ചതാണ്. നടന്നില്ല. കുറച്ചുകൂടി ശക്തമായ മാര്‍ഗങ്ങള്‍ സ്വീകരിക്കേണ്ടിയിരുന്നു. ഇദില്‍ കള്‍ച്ചറല്‍ സെന്ററിന് ആ പേര് ലഭിച്ചത് അയ്‌ഷെ ഇദില്‍ എര്‍ക്‌മെന്‍ എന്ന രക്തസാക്ഷിയില്‍നിന്നാണ്. അയ്‌ഷെ എന്നത് വെറുമൊരു പൂവിന്റെ പേരല്ല. ലോകത്തിലാദ്യമായി നിരാഹാരത്തിലൂടെ രക്തസാക്ഷിത്വം വരിച്ച വനിതാ വിപ്ലവകാരിയാണ് അവര്‍.''

ഹെലിന്റെ നിരാഹാരസമരത്തിന് ജനപിന്തുണ ഏറിയതോടെ ഭരണകൂടം അസ്വസ്ഥരായി. മാര്‍ച്ച് പതിനൊന്നിന് പൊലീസ് ഹെലിനും ഇബ്രാഹിമും നിരാഹാരം കിടന്ന ഈസ്തംബൂളിലെ പ്രതിരോധഭവനത്തിലേക്ക്  (Resistance House) ഇരച്ചുകയറി.  ബലപ്രയോഗത്തിലൂടെ ഇരുവരെയും കസ്റ്റഡിയില്‍ എടുത്തു. നിരാഹാരം അവസാനിപ്പിക്കണം. അതായിരുന്നു അവരുടെ ആവശ്യം. അതിനായി ഉമ്രാനിയെ ട്രെയിനിങ് ആന്‍ഡ് റിസര്‍ച്ച് ഹോസ്പിറ്റലിലേക്ക് ഇരുവരെയും മാറ്റി. എന്നാല്‍, ഭക്ഷണം കഴിപ്പിക്കാനുള്ള എല്ലാ ശ്രമങ്ങളും അവര്‍ പൂര്‍ണമായും തള്ളിക്കളഞ്ഞു.

പ്രലോഭനങ്ങളും അനുനയങ്ങളും വിലപ്പോകാതെ വന്നതോടെ ഭീഷണിയായി. സത്യാഗ്രഹികളുടെ അവശനിലപോലും കണക്കിലെടുക്കാതെ പൊലീസ് ബലപ്രയോഗം ആരംഭിച്ചു. പ്രാഥമിക കൃത്യങ്ങള്‍ നിര്‍വഹിക്കാനുള്ള അനുവാദം പൊലീസ് നിഷേധിച്ചു. ദുര്‍ബലമായ ശരീരത്തിന്റെ ചില പ്രത്യേക ഭാഗങ്ങളില്‍ അസഹനീയമാംവിധം അവര്‍ ഭാരം കെട്ടിത്തൂക്കി. മസിലുകള്‍ക്ക് സമ്മര്‍ദം താങ്ങാനാവാത്ത നിലയില്‍ ഏറെ നേരം നിര്‍ത്തി. പീഡനമുറകള്‍ക്കൊന്നും ഹെലിന്റെയും ഇബ്രാഹിമിന്റെയും നിശ്ചയദാര്‍ഢ്യത്തെ പിളര്‍ക്കാനായില്ല.

helen bolik
ആഴ്ചപ്പതിപ്പ് വാങ്ങാം

ഈ നടപടി ജനങ്ങള്‍ക്കിടയില്‍ പ്രതിഷേധം വളര്‍ത്തുന്നു എന്നറിഞ്ഞതോടെ, പൊലീസ് അയഞ്ഞു. ആറ് ദിവസങ്ങള്‍ക്കുശേഷം അവരെ മോചിപ്പിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. ''നേടുന്നത് മരണമായാലും വിജയമായാലും ഗ്രൂപ്പ് യോറത്തെ നിശ്ശബ്ദമാക്കാന്‍ നിങ്ങള്‍ക്ക് കഴിയില്ല.''ആശുപത്രിയില്‍നിന്നിറങ്ങിയശേഷം ഇബ്രാഹിം പറഞ്ഞു. ഇരുവരുടെയും നിരാഹാരം ഇതിനകം ലോകമെമ്പാടുമുള്ള മനുഷ്യാവകാശ പ്രവര്‍ത്തകരുടെ ശ്രദ്ധയില്‍വന്നിരുന്നു. ഒരുസംഘം മനുഷ്യാവകാശപ്രവര്‍ത്തകര്‍ കഴിഞ്ഞമാസം തുര്‍ക്കി ഉപപ്രധാനമന്ത്രിയെ സന്ദര്‍ശിച്ചു. പ്രതിഷേധം അവസാനിപ്പിച്ചാലേ ചര്‍ച്ചയുള്ളൂ എന്നതായിരുന്നു സര്‍ക്കാര്‍ നിലപാട്. ബാന്‍ഡിന്റെ നിരോധനം പിന്‍വലിക്കുംവരെ, സഹപ്രവര്‍ത്തകരെ വിട്ടയയ്ക്കുംവരെ നിരാഹാരം നിര്‍ത്തില്ല എന്ന നിലപാടില്‍ ഹെലിനും ഇബ്രാഹിമും ഉറച്ചുനിന്നു. അങ്ങനെ നിരാഹാരത്തിന്റെ 288- ാം ദിവസം, എല്ലാ പീഡനങ്ങളെയും സമ്മര്‍ദങ്ങളെയും മരണത്തിലൂടെ ഹെലിന്‍ മറികടന്നു. ഏത് നിമിഷവും മരിക്കും എന്ന അവസ്ഥയില്‍ ജീവന്റെ നേരിയ സ്പന്ദനവുമായി ഇബ്രാഹിം ഇന്നും ബാക്കിയുണ്ട്.

പുതിയലക്കം മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ പ്രസിദ്ധീകരിച്ച മരണം ദുര്‍ബലം എന്ന ലേഖനത്തില്‍ നിന്നും

ലേഖനത്തിന്റെ പൂര്‍ണരൂപം വായിക്കാം

Content Highlights: kurdish singer helin bolek life