വര: മദനൻ
വി.കെ. മധുവിന്റെ 'ഉരിയാട്ടം നിലയ്ക്കുന്ന വാക്കുകള്‍' എന്ന പുസ്തകത്തിലെ 'ചിന്തയില്‍ ചോദ്യങ്ങളുയര്‍ത്തി ആശാന്റെ സീത' എന്ന ഭാഗത്തില്‍നിന്ന്;
ഒരു സാഹിത്യകൃതി നൂറു വര്‍ഷങ്ങള്‍ക്കുശേഷം ആയിരക്കണക്കിനു വേദികളില്‍ പുനര്‍വായനയ്ക്കും ആശയവിശകലനത്തിനും വിധേയമാവുന്നത് സാഹിത്യചരിത്രത്തില്‍ വളരെ അപൂര്‍വ്വമായ സംഭവമായിരിക്കും. ആ മഹത്ത്വം കുമാരനാശാന്റെ ചിന്താവിഷ്ടയായ സീതാകാവ്യത്തിനു ലഭിച്ചു. ചിന്താവിഷ്ടയായ സീത എന്ന കാവ്യത്തിന്റെ നൂറാം വാര്‍ഷികം ഒരു വര്‍ഷം നീണ്ടുനിന്ന പരിപാടികളോടെയാണ് ആഘോഷിക്കപ്പെട്ടത്. അതിനിടെ 2021 ഏപ്രില്‍ മാസത്തില്‍ കവിയുടെ നൂറ്റിനാല്‍പ്പത്തിയൊന്‍പതാം ജന്മദിനവും കടന്നുവന്നു.
സംസ്ഥാന ലൈബ്രറി കൗണ്‍സില്‍ ഇത്തരമൊരു ഉദ്യമം ഏറ്റെടുത്തതിനു പിന്നില്‍ വ്യക്തമായ കാരണങ്ങളുണ്ട്. ഒന്നാമതായി, ഫ്യൂഡല്‍ ആശയപരിസരങ്ങളില്‍ വളര്‍ന്നുവികസിച്ച ആണ്‍മേധാവിത്വത്തിനും സ്ത്രീവിരുദ്ധ നിലപാടുകള്‍ക്കും പ്രത്യേകമായി കുലമഹിമ ചാര്‍ത്തിക്കൊടുക്കുന്ന വര്‍ത്തമാനകാലാവസ്ഥയിലാണ് ഈ സംവാദം നടക്കുന്നത്. രണ്ടാമതായി, പുരുഷാധിപത്യവ്യവസ്ഥ തീര്‍ത്ത കപടമൂല്യബോധങ്ങള്‍ സമൂഹത്തില്‍ അധീശത്വം ഇപ്പോഴും നിലനിര്‍ത്തിവരുന്നു.
സ്ത്രീവിരുദ്ധത എന്നത് കേവലമായ ഒരു പ്രതിഭാസമല്ല. സമൂഹത്തെയാകെ വിധേയവത്കരിക്കാനും അടിയാളവര്‍ഗ്ഗത്തെ അടക്കിനിര്‍ത്താനുമുള്ള അധികാരശക്തിയായി അത് കരുത്താര്‍ജ്ജിച്ചുകഴിഞ്ഞിട്ടുണ്ട്. ശ്രേണീബദ്ധമായ ജാതിവ്യവസ്ഥയിലൂടെ മേലാളവര്‍ഗ്ഗം അടിച്ചേല്‍പ്പിച്ചത് അനാചാരങ്ങള്‍ മാത്രമല്ല, കൃത്യമായ ചൂഷണമാര്‍ഗ്ഗങ്ങള്‍ കൂടിയായിരുന്നു. സങ്കീര്‍ണ്ണമായ ഈ സാമൂഹികപശ്ചാത്തലത്തില്‍ നിന്നുകൊണ്ട് താന്‍ പ്രതിനിധീകരിക്കുന്ന കാലത്തോടു പ്രതികരിക്കുന്ന കവിയെ കണ്ടെത്തുക എന്നതും ഈ പുനര്‍വായനയുടെ ഉദ്ദേശ്യമായിരുന്നു.
ഉത്കൃഷ്ടമായ കാവ്യോപാസനയിലൂടെ സര്‍ഗ്ഗവൈഭവത്തിന്റെ അമരത്ത് സ്ഥിരപ്രതിഷ്ഠ നേടിയ പ്രതിഭാശാലിയാണ് കുമാരനാശാന്‍. ആശാന്‍ സൃഷ്ടിച്ച കാവ്യപ്രപഞ്ചം കൈരളിയുടെ നിത്യവസന്തം പുലരുന്ന പൂങ്കാവനമായി ഇന്നും പരിലസിക്കുന്നു. മലയാളഭാഷ നിലനില്‍ക്കുന്നിടത്തോളംകാലം അതില്‍നിന്ന് ആനന്ദകരമായ സുഗന്ധം പ്രസരിച്ചുകൊണ്ടേയിരിക്കും.
വിടപങ്ങളൊത്ത കൈകള്‍ തല്‍
തുടമേല്‍ വച്ചുമിരുന്നു സുന്ദരി
എന്ന പ്രതിപാദ്യത്തിലൂടെ ചിന്താവിഷ്ടയായ സീത എന്ന ബിംബത്തെ നമ്മുടെ മനസ്സില്‍ പ്രതിഷ്ഠിച്ച അദ്ദേഹം രാമായണത്തിന്റെ വേറിട്ട വായനാനുഭവത്തിലേക്കാണ് അനുവാചകനെ നയിച്ചത്.
മലയാളഭാഷയുടെ സുകൃതമായി വാഴ്ത്തപ്പെടുന്ന കവിത്രയത്തില്‍ (കുമാരനാശാന്‍, ഉള്ളൂര്‍, വള്ളത്തോള്‍) ശോഭയോടെ തന്റേതായ ഇടം അദ്ദേഹം നേടിയെടുത്തു. ഭാഷാപണ്ഡിതന്‍, കവി എന്നതിലുപരി ക്രാന്തദര്‍ശിയായ ദാര്‍ശനികന്‍, സാമൂഹികപ്രവര്‍ത്തകന്‍, നവോത്ഥാനനായകന്‍ എന്നീ ദിശകളിലാണ് അദ്ദേഹത്തെ കൂടുതല്‍ നിരീക്ഷണവിധേയമാക്കേണ്ടത് എന്നാണ് തോന്നിയിട്ടുള്ളത്. അദ്ദേഹത്തിന്റെ കൃതികളില്‍ പ്രതിബിംബിച്ചുനില്‍ക്കുന്ന സഹജമായ ദാര്‍ശനികഭാവം സമൂഹത്തില്‍ നിറഞ്ഞാടിയിരുന്ന ഉച്ചനീചത്വങ്ങള്‍ക്കെതിരേയുള്ള സന്ദേശങ്ങള്‍ സമൂഹത്തിനു പകര്‍ന്നുകൊടുക്കാന്‍ കൂടിയായിരുന്നു.
വീണപൂവ്, നളിനി, ലീല, ചണ്ഡാലഭിക്ഷുകി, കരുണ തുടങ്ങിയ കൃതികളിലൂടെ നാം ദര്‍ശിച്ച ഈ പ്രത്യേക വൈഭവം നമ്മെ അനുഭൂതികളുടെ നവപഥങ്ങളിലേക്കുകൂടി കൊണ്ടുപോകുന്നുണ്ട്. എന്നാല്‍ നിലനില്‍ക്കുന്ന പുരുഷാധിപത്യവ്യവസ്ഥ അതിന്റെ സഹജമായ സ്ത്രീവിരുദ്ധത നിലനിര്‍ത്തുമ്പോള്‍ത്തന്നെ ജാതിമേധാവിത്വമായി പരിവര്‍ത്തനപ്പെടുന്ന സാമൂഹികയാഥാര്‍ത്ഥ്യത്തോട് അദ്ദേഹത്തിന് പ്രതികരിക്കേണ്ടതുണ്ടായിരുന്നു.
അബ്രാഹ്‌മണരെല്ലാം മ്ലേച്ഛന്മാരും കീഴാളരുമാണെന്ന വരേണ്യവര്‍ഗ്ഗകല്‍പ്പനകള്‍ക്കു കീഴടങ്ങാന്‍ മേല്‍പ്പറഞ്ഞ ദാര്‍ശനികഭാവം വെച്ചുപുലര്‍ത്തിയിരുന്നതുകൊണ്ടുതന്നെ അദ്ദേഹത്തിന് സാധിക്കുമായിരുന്നില്ല. ചിന്താവിഷ്ടയായ സീതയിലും ദുരവസ്ഥയിലും ചണ്ഡാലഭിക്ഷുകിയിലും വിവേചനങ്ങള്‍ വ്യവസ്ഥാപിതമാക്കിയ സമൂഹത്തോടുള്ള കലഹങ്ങള്‍ നമുക്കു കാണാന്‍ കഴിയുന്നുണ്ട്.
ജീര്‍ണ്ണത ബാധിച്ച ജാതിവ്യവസ്ഥയെ പ്രതിരോധിക്കാന്‍ നവചിന്തകളും പ്രസ്ഥാനങ്ങളും ഈ സന്ദര്‍ഭത്തില്‍ ഉയര്‍ന്നുവരാന്‍ തുടങ്ങിയിരുന്നു. 1888-ല്‍ ശ്രീനാരായണഗുരു അരുവിപ്പുറം പ്രതിഷ്ഠയിലൂടെ ജാതിവ്യവസ്ഥയ്‌ക്കെതിരായ കലാപത്തിന്റെ കാഹളം മുഴക്കി. തിരുവിതാംകൂറില്‍ ഒതുങ്ങിനില്‍ക്കാതെ കൊച്ചിയിലേക്കും മലബാറിലേക്കും ആ ക്ഷേത്രപ്രതിഷ്ഠായാത്രകള്‍ നീണ്ടുപോയി. ഓരോ പ്രതിഷ്ഠയിലൂടെയും മനുഷ്യസമത്വത്തിന്റെ സന്ദേശങ്ങള്‍ സമൂഹത്തിനു സമര്‍പ്പിക്കുകയായിരുന്നു ശ്രീനാരായണഗുരു.
വിപ്ലാവത്മകമായ ഈ പ്രവര്‍ത്തനങ്ങള്‍ സമൂഹത്തില്‍ ചെറുതല്ലാത്ത ചലനങ്ങളാണ് സൃഷ്ടിച്ചത്, അതിന്റെ മാറ്റൊലി കേരളമാകെ അലയടിച്ചു. ആ മാറ്റത്തില്‍ ആകൃഷ്ടരായ ഉല്‍പതിഷ്ണുക്കളായ ധാരാളം പേര്‍, പ്രത്യേകിച്ച് യുവാക്കള്‍, അയിത്തത്തിനും അനാചാരങ്ങള്‍ക്കുമെതിരേയുള്ള സമരാങ്കണങ്ങളില്‍ അണിനിരന്നു. ചരിത്രത്തിലെ അപൂര്‍വ്വമായ ഒരു സംഗമത്തിന് ഇത് അവസരമൊരുക്കി.
അരുവിപ്പുറം പ്രതിഷ്ഠ കഴിയുമ്പോള്‍ കുമാരനാശാന്‍ ഗുരുസന്നിധിയിലെത്തുകയും ക്രാന്തദര്‍ശിയായ ഗുരു, കുമാരനെ ആശ്രമത്തിലെ അന്തേവാസിയായി സ്വീകരിക്കുകയും ചെയ്തു. ഗുരുവിന്റെ നിര്‍ദ്ദേശമനുസരിച്ച് തുടര്‍പഠനത്തിനുവേണ്ടി ബാംഗ്ലൂരിലെത്തുന്ന കുമാരനാശാന്‍ ചെന്നൈയിലും കൊല്‍ക്കത്തയിലും സന്ദര്‍ശനം നടത്തുന്നു.
ആശാന്റെ ഈ ദേശാന്തരയാത്രകള്‍ മനോഹരമായ കാവ്യശില്‍പ്പങ്ങള്‍ കൈരളിക്കു സമ്മാനിക്കാന്‍ പ്രചോദനമായി എന്നു കരുതാം. 'ഉത്തരമഥുരാപുരി' എന്ന മനോഹരമായ വിശേഷണത്തോടെ വാസവദത്തയെയും ഉപഗുപ്തനെയും നമ്മുടെ മുന്നില്‍ വരച്ചിടുമ്പോള്‍ കവിതയിലൂടെ സുന്ദരമായ ഒരു ദൃശ്യവിരുന്ന് നാം അനുഭവിക്കുകയാണ്. ബംഗാള്‍, ഇന്ത്യന്‍ നവോത്ഥാനത്തിന്റെ ത്രസിപ്പിക്കുന്ന പ്രഭവകേന്ദ്രം കൂടിയായിരുന്നുവല്ലോ?
ദാര്‍ശനികതലത്തിലെ ഈ ദേശസഞ്ചാരത്തിനുശേഷം കവി പച്ചമണ്ണിലേക്കിറങ്ങി വരികയാണ്. കണ്‍മുന്നിലെ അസമത്വങ്ങളോട് സമരസപ്പെടാന്‍ കഴിയാത്തതിനാല്‍ ഉപദേശങ്ങളല്ല, ഉണര്‍ത്തുകളാണിനി വേണ്ടത് എന്ന തിരിച്ചറിവുമായി അദ്ദേഹം ഈ മണ്ണില്‍ നിലയുറപ്പിക്കുന്നു. ദുരവസ്ഥയും ചിന്താവിഷ്ടയായ സീതയും മനസ്സുകളില്‍ കനല്‍ കോരിയിട്ടാലെന്നപോലെ നമ്മെ പൊള്ളിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യുന്നതും ഈ സാഹചര്യത്തിലാണ്. നൂറു വര്‍ഷങ്ങള്‍ക്കിപ്പുറവും ഒരു പുനര്‍വായനയ്ക്കിടെ സീതയുടെ ചിന്തകള്‍ നമ്മെ അസ്വസ്ഥരാക്കുന്നതും അതുകൊണ്ടാണ്.
നാടിനെ ഗ്രസിച്ചിരിക്കുന്ന ദുരവസ്ഥയ്‌ക്കെതിരേ അദ്ദേഹം സ്വയം പ്രചോദിതനാവുകയായിരുന്നു. 1903-ല്‍ ശ്രീനാരായണ ധര്‍മ്മപരിപാലനയോഗം സ്ഥാപിക്കുമ്പോള്‍ കാര്യദര്‍ശിയായി ഈ കര്‍മ്മയോഗിയെയല്ലാതെ മറ്റൊരാളെ നിര്‍ദ്ദേശിക്കാന്‍ ഗുരുവിനാകുമായിരുന്നില്ല. തുടര്‍ന്നുള്ള പതിനഞ്ചു വര്‍ഷങ്ങള്‍ ആശാന്റെ വ്യക്തിജീവിതത്തിലും സാമൂഹികജീവിതത്തിലും കാവ്യസപര്യയിലും സുപ്രധാന കാലഘട്ടമായിരുന്നു.
സാമൂഹികപരിഷ്‌കര്‍ത്താവ് എന്ന നിലയില്‍ ഊര്‍ജ്ജസ്വലമായ സമുദായപ്രവര്‍ത്തനങ്ങളുമായി മുന്നോട്ടുപോകുമ്പോള്‍ത്തന്നെ മേലാളശക്തികളുടെ പരിഹാസത്തിനും പ്രതിപ്രവര്‍ത്തനങ്ങള്‍ക്കും പുറമെ സ്വന്തം സമുദായത്തിലെ പ്രമാണിമാരുടെ നീരസത്തിനും അദ്ദേഹം വിധേയനായിക്കൊണ്ടിരുന്നു. സമുദായത്തിലെതന്നെ ഉല്‍പതിഷ്ണുക്കളായ യുവതലമുറ വിപ്ലവകരമായ ചെറുത്തുനില്‍പ്പുകളുമായി രംഗത്തു വന്നു തുടങ്ങിയിരുന്നു. ആശാന്റെ മിതവാദസമീപനങ്ങളോട് പൊരുത്തപ്പെടാന്‍ പലര്‍ക്കും കഴിഞ്ഞിരുന്നില്ല. സഹോദരന്‍ അയ്യപ്പന്‍, ടി.കെ. മാധവന്‍ തുടങ്ങി പലരുമായും അദ്ദേഹത്തിന് ആശയസംഘര്‍ഷത്തില്‍ ഏര്‍പ്പെടേണ്ടിവന്നിട്ടുണ്ട്.
ദേശീയപ്രസ്ഥാനത്തിനകത്ത് പുരോഗമനാശയങ്ങള്‍ ഉയര്‍ന്നുവരുന്ന കാലമായിരുന്നു അത്. ജാതിയടിമത്വത്തില്‍നിന്നുള്ള മോചനം ജാതിവ്യവസ്ഥ നിലനിറുത്തിയിരിക്കുന്ന ജന്മിത്തത്തിനെതിരായ സമരമായി മാറേണ്ടതുണ്ട് എന്ന ചിന്ത സമൂഹത്തില്‍ വേരുറപ്പിക്കുകയായിരുന്നു.
ജന്മിമേധാവിത്വത്തിനെതിരായ ആ സമരവും കേവലമായ രൂപത്തില്‍ പോരാ എന്നും ബ്രിട്ടീഷ് ഭരണത്തിനെതിരായ രാഷ്ട്രീയസമരത്തിലൂടെ സ്വാതന്ത്ര്യം നേടുക എന്ന ലക്ഷ്യം നേടിക്കൊണ്ടു മാത്രമേ അടിമത്തത്തില്‍നിന്നുമുള്ള യഥാര്‍ത്ഥമോചനം നേടാന്‍ കഴിയൂ എന്ന ചിന്തകള്‍ക്കും നിറംവെച്ചു തുടങ്ങി.
സ്വാതന്ത്ര്യത്തെക്കുറിച്ച് ഒരു കവിത എഴുതാനുള്ള സഹോദരന്‍ അയ്യപ്പന്റെ നിര്‍ബ്ബന്ധത്തിനു വഴങ്ങി രചിച്ച 'ഉദ്‌ബോധന'ത്തില്‍ ആശാന്‍ എഴുതി:
സ്വാതന്ത്ര്യംതന്നെയമൃതം
സ്വാതന്ത്ര്യംതന്നെ ജീവിതം
പാരതന്ത്ര്യം മാനികള്‍ക്ക്
മൃതിയെക്കാള്‍ ഭയാനകം.
മിതമായ ഈ പ്രതികരണം പക്ഷേ, തന്റെ സഖാക്കളെ തൃപ്തിപ്പെടുത്തുന്നതായിരുന്നില്ല. കൂടുതല്‍ തീവ്രമായ ഒന്നായിരുന്നു അവര്‍ പ്രതീക്ഷിച്ചത്. ശ്രീമൂലം പ്രജാസഭയില്‍ അംഗമായി പ്രവര്‍ത്തിച്ച കാലത്തും അധികാരകേന്ദ്രങ്ങളോട് സൗമ്യമായ സമീപനം സ്വീകരിച്ചതിന് ആശാന്‍ വിമര്‍ശിക്കപ്പെടുന്നുണ്ട്.
1915-ല്‍ ശ്രീനാരായണഗുരുവിന്റെ 'ജാതിയില്ലാവിളംബരം' പുറത്തുവന്നു. ഔദ്യോഗികച്ചുമതലകളില്‍നിന്ന് മോചനം നേടാനും കാവ്യോപാസനയിലേക്ക് മടങ്ങാനും ആശാന്‍ വ്യഗ്രതപൂണ്ടു. ഗുരുവിന്റെ നിയോഗത്താല്‍ സാമൂഹികദൗത്യം സ്വയം ഏറ്റെടുത്ത കുമാരനാശാന്‍ രാഷ്ട്രീയകാര്യങ്ങളില്‍ തികഞ്ഞ യാഥാസ്ഥിതികമനോഭാവം വെച്ചുപുലര്‍ത്തിയിരുന്നു എന്ന ധാരണയും ഒരുഭാഗത്ത് നിലനില്‍ക്കുന്നുണ്ടായിരുന്നു.
സാമൂഹികപരിഷ്‌കര്‍ത്താവ്, സമുദായസാരഥി എന്നീ കര്‍മ്മപഥങ്ങളിലൂടെ അദ്ദേഹം കടന്നുപോയിരുന്നില്ലായിരുന്നെങ്കില്‍ കാവ്യകൈരളിക്ക് ഇതിലുമേറെ അമൂല്യസൃഷ്ടികള്‍ ലഭിക്കുമായിരുന്നു എന്നു വേണം കരുതാന്‍. ആശാന്‍കവിതകളില്‍ നിഴലിച്ചുനില്‍ക്കുന്ന ദാര്‍ശനികഭാവങ്ങള്‍ക്കെല്ലാം ഉയരത്തിലാണ് അതില്‍ അന്തര്‍ലീനമായിരിക്കുന്ന സ്‌നേഹഭാവം. ചണ്ഡാലഭിക്ഷുകിയില്‍ അദ്ദേഹം കലവറയില്ലാതെ സ്‌നേഹത്തെക്കുറിച്ചെഴുതി:
സ്‌നേഹത്തില്‍നിന്നുദിക്കുന്നു- ലോകം
സ്‌നേഹത്താല്‍ വൃദ്ധി തേടുന്നു
സ്‌നേഹം താന്‍ ശക്തി ജഗത്തില്‍- സ്വയം
സ്‌നേഹംതാനാനന്ദമാര്‍ക്കും.
ആശാനെ 'സ്‌നേഹഗായകന്‍' എന്നു വിളിക്കുന്നതില്‍ അസാംഗത്യമില്ല എന്ന് ഈ വരികള്‍ നമ്മെ ഓര്‍മ്മപ്പെടുത്തുന്നു.
1924 ജനുവരിമാസത്തില്‍ പല്ലനയാറിന്റെ ഓളങ്ങളില്‍ ആ മഹദ്ജീവിതം ഒഴുകിയൊടുങ്ങുമ്പോള്‍ മദ്ധ്യവയസ്സിന്റെ മദ്ധ്യാഹ്നത്തില്‍ നിറശോഭയോടെ ജ്വലിച്ചുനിന്ന ഒരു താരകം എരിഞ്ഞടങ്ങുകയായിരുന്നു. രാമരാജ്യത്തിലെ നീതിസാരങ്ങളോട് പൊരുത്തപ്പെടാനാവാത്ത പൊള്ളുന്ന ചിന്തകളാണ് ചിന്താവിഷ്ടയായ സീത ഒരു വര്‍ഷം നീണ്ട പുനര്‍വ്വായനയിലൂടെ പങ്കുവെക്കുന്നത്.
മഹാകവിയുടെ 150-ാമത് ജന്മദിനവും ഇതോടൊപ്പം കടന്നുവന്നു. മലയാളിയുടെ മനസ്സുകളില്‍ നവചിന്തയുടെ തിരയിളക്കം സൃഷ്ടിച്ച മഹാസാഗരം നിശ്ചലമായിട്ട് തൊണ്ണൂറ്റിയേഴു സംവത്സരങ്ങള്‍ പൂര്‍ത്തിയാകുന്നു. വരേണ്യവര്‍ഗ്ഗവാഴ്ചയുടെ 'ദുരവസ്ഥ'കള്‍ക്കെതിരേ ആ ഗര്‍ജ്ജനം ഇന്നും ഉയര്‍ന്നുകേള്‍ക്കുന്നു:
മാറ്റുവിന്‍ ചട്ടങ്ങളെ സ്വയമല്ലെങ്കില്‍
മാറ്റുമതുകളീ നിങ്ങളെത്താന്‍.
പുതിയ കാലത്തെ ജാതിമത കോട്ടകളുടെ ഇരുണ്ട ഇടനാഴികളില്‍ ആ ചോദ്യങ്ങള്‍ ഇപ്പോഴും ഇടിമുഴക്കങ്ങള്‍ സൃഷ്ടിച്ചുകൊണ്ടേയിരിക്കുന്നു.
Content Highlights: Kumaranasan, Chinthavishtayaya seetha, Uriyattam nilakkunna vakkukal, Excerpt, Mathrubhumi books
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..