ദേബാശിഷ് ചാറ്റർജി | ഫോട്ടോ: മാതൃഭൂമി
ദേബാശിഷ് ചാറ്റര്‍ജിയുടെ 'കൃഷ്ണന്‍ ഒരു ഏഴാമിന്ദ്രിയം' എന്ന പുസ്തകത്തില്‍നിന്ന്;
ഏറെ നാളുകള്‍ക്കു ശേഷം, കേശവിന്റെ ആശ്രമത്തില്‍ ഒരു നിയോഗമെന്നോണം നീലിന്റെയും കായായുടെയും പുനഃസമാഗമം. മൂന്നു വര്‍ഷം മുമ്പ് നീലിന്റെ ആഗ്രഹപ്രകാരം അവര്‍ അവസാനമായി ഒന്നിച്ചത് ന്യൂയോര്‍ക്കിലെ ഒരു ഇന്ത്യന്‍ റസ്റ്റോറന്റിലായിരുന്നു, അത് അവന്റെയൊരു ഔദ്യോഗിക ന്യൂയോര്‍ക്ക് സന്ദര്‍ശനവേളയില്‍. ഒരുതരം മരവിപ്പിന്റെ നിമിഷങ്ങളിലൂടെ ആ സമാഗമം കടന്നുപോയി. 'ഇന്ത്യയില്‍ വന്നാല്‍ കേശവിനെ കാണാനാവുമോ?' കായാ ഇടയ്ക്കിടെ അവനോടു ചോദിച്ചുകൊണ്ടിരുന്നു. അദ്ദേഹത്തെ കാണാനാവുമെങ്കില്‍, അതിനായിമാത്രം താന്‍ വീണ്ടും ഒരു ഇന്ത്യാസന്ദര്‍ശനം ആഗ്രഹിക്കുന്നെന്നും അവള്‍ കൂട്ടിച്ചേര്‍ത്തു.
കേശവിന്റെ വിപുലമായ സൗഹൃദവലയം, വിദ്യാര്‍ത്ഥികളും സുഹൃത്തുക്കളും ആരാധകവൃന്ദങ്ങളും ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ഒരു ഒത്തുചേരലായിരുന്നു ഇത്. ഇന്‍ഡസ് സ്‌കൂളില്‍നിന്ന് സ്വയം വിരമിച്ചശേഷം, തന്റെ ധ്യാനനിരതജീവിതം നയിക്കാനായി അയാള്‍ കണ്ടെത്തിയത് ഋഷികേശിന്റെ പ്രാന്തപ്രദേശത്തെ ഈ ആശ്രമമാണ്. ഋഷികേശിലെ തന്റെ ജീവിതത്തെ അടിസ്ഥാനമാക്കി അയാളെഴുതിയ പുസ്തകങ്ങള്‍ ഏറെ ശ്രദ്ധിക്കപ്പെട്ടു. തന്റെ വിദ്യാര്‍ത്ഥികളുടെയും ആരാധകരുടെയും കത്തുകള്‍ക്ക് കൃത്യമായി മറുപടികളെഴുതി. അദ്ദേഹത്തിന്റെ കൃതികള്‍ പല ഭാഷകളിലേക്കും മൊഴിമാറ്റം ചെയ്യപ്പെട്ടു. നീല്‍ കേശവിനെ സദാ പിന്തുടര്‍ന്നുകൊണ്ടേയിരുന്നു, അവയൊന്നും വായിക്കാന്‍ പറ്റിയിരുന്നില്ലെങ്കിലും, അദ്ദേഹത്തിന്റെ പുസ്തകങ്ങളെല്ലാം ഒന്നൊഴിയാതെ നീല്‍ വാങ്ങി സൂക്ഷിച്ചിരുന്നു.
അദ്ദേഹത്തിന്റെ ക്ലാസുകള്‍ അവരുടെ ആദ്യ പ്രണയംപോലെ വ്യക്തമായി ഒട്ടുമിക്ക വിദ്യാര്‍ത്ഥികളും ഓര്‍ത്തിരുന്നു. ഒരു പരമ്പരാഗത ബിസിനസ് സ്‌കൂള്‍ പ്രൊഫസറില്‍നിന്നും ഏറെ വ്യത്യസ്തമായ രൂപം. ഒരേയൊരു ദിവസംമാത്രം, അല്ലാതെ ഒരിക്കലും സ്യൂട്ടോ ടൈയോ ധരിച്ച അദ്ദേഹത്തിന്റെ ഓര്‍മ്മകള്‍ വിദ്യാര്‍ത്ഥികള്‍ക്കില്ല. അയാളുടെ നിയമന അഭിമുഖം നടന്ന ദിവസം മാത്രമായിരുന്നു അയാള്‍ അതണിഞ്ഞു വന്നത്. സാധാരണയായി വേഷം ടര്‍ട്ടില്‍നെക്ക് ഷര്‍ട്ടാണ്, മുകളിലായി സ്ലീവ്‌ലെസ് ജാക്കറ്റും. ചതുരാകൃതിയിലുള്ള, റിമ്മില്ലാത്ത കണ്ണട ആ കണ്ണുകളോടു ചേര്‍ന്നുനിന്നു, തെല്ലുദൂരെനിന്നുപോലും തിരിച്ചറിയാനാവാത്തവിധം.
പുറത്തിന് ഒരു ചെറിയ വളവ് കിട്ടിയിട്ടുണ്ട്, വായനയോടുള്ള ആസക്തിയുടെ സംഭാവനയാവാം. അങ്ങനെ കുറച്ച് മുന്നോട്ടു വളഞ്ഞാണ് കേശവിന്റെ നടത്തം. എന്നും അയാള്‍ കരുതലോടെ, അളന്നുമുറിച്ച ചുവടുകളില്‍ നടക്കുന്നയാളായിരുന്നു. വളരെ ചെറുപ്പമായിരിക്കുമ്പോള്‍പ്പോലും, ഈ ലോകം മുഴുവനും അനന്തമായ സമയവും തനിക്ക് സ്വന്തമെന്നപോലെയായിരുന്നു നടത്തം, ഒട്ടുമേ തിരക്കില്ലാതെ അളന്നുമുറിച്ച കാല്‍വെപ്പുകളില്‍ അദ്ദേഹം ക്ലാസ്‌റൂമിലേക്ക് നടക്കുന്നത് കാണാമായിരുന്നു. വര്‍ഷങ്ങള്‍ക്കു മുമ്പ് ഇന്‍ഡസ് ബിസിനസ് സ്‌കൂളില്‍നിന്ന് കേശവ് രാജിവെച്ചത് പലരെയും അദ്ഭുതപ്പെടുത്തി.
ഗവേഷണത്തിലും അദ്ധ്യാപനത്തിലും ഉന്നതിയിലെത്തുമ്പോള്‍ ധൃതിപിടിച്ചുള്ളൊരു തീരുമാനമായാണ് സഹപ്രവര്‍ത്തകര്‍ ഇതിനെ കണ്ടത്. അദ്ദേഹം എന്തിനാണ് സ്‌കൂള്‍ വിടുന്നത്? വിദ്യാര്‍ത്ഥികള്‍ ഗണ്യമായ ഹൃദയവേദനയോടെയാണ് ചോദിച്ചത്. തികച്ചും നിര്‍വ്വികാരത നിഴലിച്ച ആ ചെറിയ പ്രസംഗത്തില്‍ ഇനിയുള്ള തന്റെ യാത്രയെപ്പറ്റി കേശവ് വെളിപ്പെടുത്തിയിരുന്നു. തന്റെ ആത്മീയയാത്രയെ ആസ്പദമാക്കി ദ കോള്‍ ഓഫ് ദ ഫ്‌ളൂട് എന്ന പേരില്‍ അദ്ദേഹം ഒരു പുസ്തകം പ്രസിദ്ധീകരിച്ച സമയമായിരുന്നു അത്. തന്റെ ഓപ്ഷണല്‍ കോഴ്‌സിന്റെ അവസാനത്തെ ലെക്ചര്‍ അദ്ദേഹം നടത്തിയത് പതിവിനു വിപരീതമായി കഫറ്റീരിയയിലായിരുന്നു. ഇരുപത് വര്‍ഷം മുമ്പായിരുന്നു അത്. കാലമിത്രയായിട്ടും, ബിസിനസ് സ്‌കൂള്‍ അദ്ധ്യാപനം ഉപേക്ഷിക്കാനുള്ള തന്റെ തീരുമാനത്തെക്കുറിച്ച് അദ്ദേഹം പറഞ്ഞ ഒട്ടുമിക്ക കാര്യങ്ങളും പല വിദ്യാര്‍ത്ഥികളും ഇപ്പോഴും ഓര്‍ക്കാറുണ്ട്.
ശാന്തവും വ്യക്തവുമായ ശബ്ദത്തില്‍ അന്ന് അദ്ദേഹം പറഞ്ഞു: 'ഇത് എന്റെ യാത്രയുടെ അവസാനമല്ല. ഇന്‍ഡസ് സ്‌കൂളിലെ നിങ്ങളെല്ലാവരും നല്ലൊരു ജോലി, പേരും പെരുമയും പ്രണയവും തേടിപ്പോവുന്നു. ഞാനും അങ്ങനെയൊരു അന്വേഷണത്തിലാണ്. ജീവിതത്തില്‍ ഇന്നേവരെ ഞാന്‍ നടത്തിയ മറ്റെല്ലാ യാത്രകളില്‍നിന്നും ഇത് അല്‍പ്പം വ്യത്യസ്തമായിരിക്കും. 'ഏറെ വടക്കോട്ട് യാത്ര ചെയ്ത് ഋഷികേശിനടുത്ത് താമസിക്കാനാണ് എന്റെ തീരുമാനം. എന്റെ പുസ്തകങ്ങളിലൂടെ ഞാന്‍ എവിടെയാണെന്ന് തീര്‍ച്ചയായും നിങ്ങളറിയും.' ആ യാത്രയയപ്പിനായി സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ തിങ്ങിനിറഞ്ഞ തന്റെ വിദ്യാര്‍ത്ഥികളുടെ ഇടയിലൂടെ കേശവ് പതിയെ നടന്നകന്നു.
കേശവിന്റെ ആ വിടവാങ്ങല്‍വേളയില്‍ താന്‍ പറഞ്ഞ വാക്കുകള്‍ കായാ വ്യക്തമായി ഓര്‍ത്തു. അയാളുടെ സ്വന്തം രചനയില്‍നിന്ന് അവള്‍ ഉദ്ധരിച്ചു: 'മറ്റെല്ലാം തകരുമ്പോള്‍, സ്‌നേഹം നിലനില്‍ക്കും. സ്‌നേഹം അജയ്യമാണ്.' പിന്നീട് ആ ഓഡിറ്റോറിയം സാക്ഷ്യംവഹിച്ച
ത് അവിടെ സന്നിഹിതരായിരുന്നവരുടെ സുദീര്‍ഘവും നിശ്ശബ്ദവുമായ കരഘോഷമായിരുന്നു. എന്തോ ഓര്‍ത്തെടുക്കാന്‍ ശ്രമിച്ചുകൊണ്ട് കേശവന്‍ കണ്ണുകളടച്ചു. 'അതാണ് ഞാന്‍ അമ്മയില്‍നിന്ന് പഠിച്ചത്,' അദ്ദേഹം പറഞ്ഞു.
വര്‍ഷം 1963. പശ്ചിമ ബംഗാളിലെ ചെറുപട്ടണത്തിലെ പ്രശാന്തസുന്ദരമായ ഒരു ബുധനാഴ്ച. മുട്ടയുടെ മഞ്ഞ പുറംതോടിനു പുറത്തേക്ക് ഒഴുകിപ്പരക്കുന്നതുപോലെ ആ ക്ഷേത്രത്തിന്റെ വെളുത്ത താഴികക്കുടത്തില്‍നിന്ന് സൂര്യന്‍ ആകാശത്തേക്കു വന്നു. അമ്മ ആശുപത്രികിടക്കയില്‍നിന്ന് മഞ്ഞുപുതഞ്ഞ ഗ്ലാസ് ജനലിലൂടെ പുറത്തേക്ക് നോക്കി. പുലര്‍ച്ചെ പ്രാവുകള്‍ കുറുകി. ഉറക്കമുണരുമ്പോള്‍ അവള്‍ക്കരികില്‍ പുതിയൊരു ജീവന്‍ ശ്വസിച്ചുകൊണ്ടിരുന്നു.
മുനിഞ്ഞു കത്തിക്കൊണ്ടിരിക്കുന്ന തെരുവുവിളക്കില്‍നിന്ന് ഒരു കിരണം ജനാലയുടെ ചെറിയ വിള്ളലിലൂടെ കടന്നുവന്ന് കുഞ്ഞിന്റെ ചുണ്ടുകളുടെ അരികിലായി സ്ഥാനംപിടിച്ചു. മങ്ങിയ ഒരു ചിരി, ഒരു പുഞ്ചിരിക്ക് എത്ര സുന്ദരമാവാന്‍ പറ്റുമോ അത്രയും മനോഹരമായ ഒന്ന് ആ ചുണ്ടുകളില്‍ വിടര്‍ന്നു. അജ്ഞാതമായ ഏതോ പൂവ് എവിടെയോ വിരിയുന്ന സുഗന്ധം ആ ശരത്കാല അന്തരീക്ഷത്തില്‍ അമ്മയെ വലയം ചെയ്തു. ശാന്തവും പതിഞ്ഞതുമായ സ്വരത്തില്‍ അവള്‍ അവനോട് പറഞ്ഞു: 'നീ എന്റെ ആദ്യജാതനാണ്. നിന്നിലൂടെ അമ്മയായി ജനിച്ചവളാണ് ഞാനിപ്പോള്‍. നിന്റെ ഹൃദയം എനിക്കൊപ്പം മിടിക്കും. നിന്റെ ചിരി എന്റെ ലോകത്തെ പ്രകാശമാനമാക്കും. നീ കരയുമ്പോള്‍ കണ്ണുനീരൊഴുകുക എന്റെ കണ്ണുകളില്‍നിന്നാണ്. ഈ ജീവിതത്തില്‍ ഞാന്‍ ഏറ്റവും കൂടുതല്‍ സ്‌നേഹിക്കുന്നത് നിന്നെയാണ്. ഭൂമിയില്‍ നിനക്കൊപ്പം ഞാനില്ലാതിരിക്കുമ്പോള്‍ ഓര്‍ക്കുക, ഞാനെന്നും നിനക്കുള്ളിലുണ്ടെന്ന്, പഞ്ചേന്ദ്രിയങ്ങള്‍ക്ക് അതീതമായ ഒരു സ്‌നേഹസ്പര്‍ശമായി.'
കുഞ്ഞ് ഒന്നു തിരിഞ്ഞു. ആഴക്കടലിന്റെ ഇരുട്ടും വിസ്മയവും വിരിയുന്ന ഇമവെട്ടാത്ത ആ കണ്ണുകള്‍ അമ്മയുടെ മുഖത്ത് തറഞ്ഞുനിന്നു, സ്‌നേഹത്തിന്റെ സകല പാഠങ്ങളുമായി അവളുടെ ഗര്‍ഭപാത്രത്തില്‍നിന്നും അവനിറങ്ങി വന്നപോലെ. മെഴുകുപോല്‍ സ്‌നിഗ്ദ്ധമായ അവന്റെ ഇളംവിരലുകള്‍ അമ്മയുടെ മുലകളില്‍ ചുരുണ്ടുകിടന്നു.
'എന്തു ധൃതിയാ ചെക്കാ! അച്ഛനെപ്പോലെതന്നെ,' അമ്മ കുഞ്ഞിനെ നോക്കി, ദേഷ്യം ഭാവിച്ച് കണ്ണുരുട്ടിക്കൊണ്ട്, സ്‌നേഹം കിനിയുന്ന വാക്കുകളില്‍ മന്ത്രിച്ചു.
'നിങ്ങള്‍ക്ക് വീട്ടില്‍നിന്ന് സന്ദര്‍ശകരുണ്ട്,' തികഞ്ഞ നിര്‍വികാരഭാവത്തോടെ നഴ്‌സ് വന്നുപറഞ്ഞു. കുട്ടിയുടെ മുത്തശ്ശിയും മുത്തശ്ശനും അഭിമാനപുരസ്സരം പ്രഖ്യാപിച്ചു-അവന്റെ ജനനത്തിനു പിന്നില്‍ ദൈവത്തിന്റെ കൈയാണ്, ദൈവികമായ ഒരു കളി ഉറപ്പാണ്. മുത്തശ്ശിക്ക് തെല്ലുമേ സംശയമുണ്ടായിരുന്നില്ല. അവന്‍ ജനിക്കുന്നതിന് തലേദിവസം രാത്രി അവര്‍ കണ്ട സ്വപ്നം.. അവരുടെ കുടുംബദേവതയുടെ മുഖത്ത് മഞ്ഞുപോലെന്തോ വന്നു, പെട്ടെന്നതൊരു കുഞ്ഞിന്റെ നിര്‍മ്മല മുഖമായി മാറിയതും അവര്‍ സ്വപ്നത്തില്‍ ദര്‍ശിച്ചിരുന്നു. എല്ലാം അമ്മയുടെ കടാക്ഷം. അവര്‍ തന്റെ അമ്മയെ, കുഞ്ഞിന്റെ മുതുമുത്തശ്ശിയെ സ്മരിച്ചു. ദൈവികഹിതമായാണ് കുഞ്ഞ് ജനിക്കപ്പെടുന്നത് എന്നതിന്റെ ശുഭസൂചനയായി തന്റെയാ സ്വപ്നത്തെ അവര്‍ കരുതിപ്പോന്നു.
മുറിയിലെ കണ്ണാടിക്കു മുന്നില്‍ തന്റെ വെപ്പുപല്ലുകളുടെയും കഷണ്ടിത്തലയുടെയും അവസ്ഥ നോക്കിയിരിക്കുന്നതിനിടയില്‍ മുത്തശ്ശന്‍ അവനെ കേശവ് എന്ന് വിളിച്ചു-ജനിച്ചപാടേ ഉണ്ടായിരുന്ന ചേതോഹരമായ ചുരുണ്ട മുടിയെ ആഘോഷിക്കുന്ന പേരുതന്നെ കുഞ്ഞിനു വീണു. കൃഷ്ണന്റെ നൂറുകണക്കിനു പേരുകളില്‍ ഒന്നായിരുന്നു കേശവെന്ന് അപ്പോള്‍ അദ്ദേഹം ചിന്തിച്ചിരിക്കണമെന്നില്ല.
അച്ഛന്റെ മുഖം അഭിമാനംകൊണ്ടു തുടുത്തു, തന്നില്‍ മിന്നിമറയുന്ന വികാരങ്ങളുടെ വേലിയേറ്റം മറച്ചുപിടിക്കാനെന്നോണം അയാള്‍ ഇടയ്ക്കിടെ ഒരു വരണ്ട ചുമയെ ആവാഹിച്ചു വരുത്തി. നവജാതശിശുവിന്റെ ഭാവിയറിയാനായി അദ്ദേഹം പ്രാദേശിക പത്രത്തിലെ ജ്യോതിഷ ചാര്‍ത്തുകള്‍ ശ്രദ്ധയോടെ പരിശോധിച്ചു.

'അരേ ബാബ! നിന്റെ കടിഞ്ഞൂല്‍പുത്രന് ധനികനായ ഒരു ബിസിനസുകാരനാവാന്‍ അല്ലെങ്കില്‍ ഒരു ആത്മീയ വഴികാട്ടി ആവാനാണ് നിയോഗം,' അദ്ദേഹം കുട്ടിയുടെ അമ്മയോട് പറഞ്ഞു. ഇതൊന്നും അമ്മയെ തൃപ്തിപ്പെടുത്തിയില്ല, തീര്‍ച്ച! കുട്ടിയുടെ അച്ഛന്‍ പറഞ്ഞതോ, പറയാന്‍ പോവുന്നതോ ആയ എല്ലാ കാര്യങ്ങളും അവള്‍ നിര്‍ദ്ദാക്ഷിണ്യം നിരസിച്ചു. മുന്തിയ കാറുകളുടെ ഒരു നിരതന്നെയുള്ള, സദാ സേവകര്‍ ഒപ്പമുള്ള, വലിയ ശമ്പളവും കിമ്പളവും പറ്റുന്ന, കണക്കില്ലാത്ത സമ്പത്തുകളുടെ ഉടമയായ സര്‍ക്കാര്‍ ഉദ്യോഗസ്ഥനാകണം മകനെന്ന് അവള്‍ ആത്മാര്‍ത്ഥമായി ആഗ്രഹിച്ചു.
അവന്റെ അച്ഛന്‍ ഇന്ത്യന്‍ റെയില്‍വേയില്‍ ചെറിയൊരു ക്ലര്‍ക്കായിരുന്നു. അയാളുടെ മേലുദ്യോഗസ്ഥര്‍ക്കും അഹങ്കാരത്തിനു കൈയും കാലും വെച്ച അവരുടെ ഭാര്യമാര്‍ക്കും മുന്നില്‍ സദാ തലകുനിച്ച്, നടുവളച്ച്, മുട്ടുമടക്കി ഉപചാരപൂര്‍വ്വം നില്‍ക്കേണ്ടിവരുന്ന അപമാനഭാരവുമായി കഴിയുകയാണ് അവളുടെ വൈവാഹികജീവിതം. ഒരു ക്ലര്‍ക്കിന്റെ ഭാര്യയുടെ എളിയ സ്വപ്നങ്ങള്‍ ചുരുങ്ങിയത് അവളുടെ മകന്‍ ഒരു ചീഫ് അസിസ്റ്റന്റ് എന്‍ജിനീയര്‍, ക്ലാസ് വണ്‍ ഓഫീസറെങ്കിലുമായി കാണുകയാണ്. തന്നില്‍നിന്നും വളഞ്ഞുകുത്തിയൊഴുകിയ നമസ്‌തേകളെ തിരിച്ച് തന്നിലേക്കൊഴുക്കാന്‍ അതുമാത്രമാണ് മാര്‍ഗമെന്ന് അവള്‍ കണ്ടു.
രണ്ട് ആണ്‍മക്കളില്‍ ആദ്യത്തേത്, കേശവ്, അവന്റെ സഹോദരന്‍ ഉത്സവ്. രണ്ടുപേര്‍ക്കും പട്ടണത്തിലെ ഏക ഇംഗ്ലീഷ് മീഡിയം സ്‌കൂളായ സെന്റ് സേവ്യേഴ്‌സില്‍ ചേരാനുള്ള ഭാഗ്യമുണ്ടായി. പരിശ്രമശാലിയായ പിതാവ് അവിടത്തെ പ്രധാനാദ്ധ്യാപകന്റെ ജ്യോതിഷത്തോടുള്ള ബലഹീനതയും എളുപ്പം ധനാഗമനത്തിനുള്ള അത്യാഗ്രഹവും മുതലെടുത്ത് മക്കളുടെ പ്രവേശനം എളുപ്പമാക്കി. കേശവിന് സ്‌കൂളില്‍ നല്ല വായനശീലം ഉണ്ടായിരുന്നു. അതൊരു അഭിനിവേശമായി അവന്‍ വളര്‍ത്തിയെടുത്തു, പലപ്പോഴും ഉറങ്ങുക പുസ്തകങ്ങളുടെയും മാസികകളുടെയും നടുവിലാവും. വായിച്ച് ക്ഷീണിച്ചാല്‍, പതിയെ എന്‍സൈക്ലോപീഡിയ ബ്രിട്ടാനിക്കയുടെ രണ്ടു വാല്യങ്ങളില്‍ തലചായ്ച്ച് അതില്‍ തുപ്പലൊലിപ്പിച്ച് അവന്‍ കിടക്കും. വായനയില്‍ മുഴുകിയ മകന്‍ പലപ്പോഴും ഭക്ഷണംതന്നെ മറക്കുമോ എന്ന് അവന്റെ അമ്മ ഭയന്നു. ഒരു അന്തര്‍മുഖനായി, തന്റെ സഹോദരനില്‍നിന്ന് വ്യത്യസ്തമായി, കേശവ് അയല്‍പക്കത്തെ പെണ്‍കുട്ടികളില്‍നിന്ന് അകന്നുകഴിഞ്ഞു.
പ്രത്യേകിച്ച് സുന്ദരന്‍ എന്നു പറയാനില്ലെങ്കിലും, ആകര്‍ഷകമായ പ്രകൃതം. എല്ലുന്തിയ, കൃശഗാത്രം സ്‌കൂളില്‍ അവന് നിരവധി വിളിപ്പേരുകള്‍ സമ്മാനിച്ചു. വാരിയെല്ലില്‍ തോണ്ടി ഹെര്‍ക്കുലീസ് എന്നു വിളിക്കലായിരുന്നു അവന്റെ കുടുംബത്തിലെ കുട്ടികളുടെ ഹോബി-ദുര്‍ബ്ബലമായ രൂപത്തെയും വാരിയില്‍ തെളിഞ്ഞുനില്‍ക്കുന്ന അസ്ഥികളെയും ചൂണ്ടിയുള്ള പരിഹാസം. എന്തൊക്കെയായാലും അവന്റെ കണ്ണുകളുടെ മാസ്മരികത ദോഷങ്ങളൊക്കെയും റദ്ദുചെയ്യുന്ന ഒരു വിശേഷ ഗുണമായി. ആ ഇടതിങ്ങിയ പുരികം ആന്റിയുടെ ശ്രദ്ധയിലാണ് പെട്ടത്. രണ്ടു പുരികങ്ങളും മൂക്കിന്റെ പാലത്തിനു മുകളില്‍ സന്ധിക്കുന്ന അപൂര്‍വ്വകാഴ്ച. അത് ഒരു ഭാഗ്യവാന്റെ ലക്ഷണമാണെന്ന് അവര്‍ പറഞ്ഞു!
കേശവ് മിത്ര പ്രണയത്തിലാണ്.
താന്‍ ഒരിക്കലും ചീഫ് അസിസ്റ്റന്റ് എന്‍ജിനീയര്‍ ആവാനില്ലെന്ന് പ്രഖ്യാപിക്കുക വഴി കേശവ് തള്ളിയത് അച്ഛന്റെ ഉപദേശങ്ങളായിരുന്നു; അമ്മയുടെ ആഗ്രഹവും. ധിക്കാരം! കേശവ് പൂര്‍ത്തീകരിക്കാത്ത അമ്മയുടെ ആഗ്രഹങ്ങളുടെ അടുത്ത ഇര സഹോദരനായിരുന്നു.
ജോയിന്റ് എന്‍ട്രന്‍സ് പരീക്ഷയ്ക്കായുള്ള തയ്യാറെടുപ്പിന്റെ സമ്മര്‍ദ്ദം ഉത്സവിന്റെ തലയില്‍ മുടിയുടെ എണ്ണം കുറച്ചപ്പോള്‍ കേശവ് സാഹിത്യ പഠനത്തില്‍ ആനന്ദം കണ്ടെത്തി. ആനുപാതികമായല്ലാതെ, വളരെയധികം പെണ്‍കുട്ടികള്‍ ഉണ്ടായിരുന്നതിനാല്‍ വൃന്ദാവനം എന്ന് വിളിപ്പേരു വീണ പട്ടണത്തിലെ ഏറ്റവും മികച്ച ലിബറല്‍ ആര്‍ട്‌സ് കോളേജില്‍ കേശവിന് പ്രവേശനം സാദ്ധ്യമായി. തന്റെ അറ്റ്‌ലസ് സൈക്കിളില്‍ ഒരു കുട്ട നിറയെ പുസ്തകങ്ങളുമായി, 'ട്രിങ്... ട്രോങ്' കാതുതുളയ്ക്കുന്നവിധം മണി മുഴക്കിയാണ് നിത്യവും അവന്റെ കോളേജിലേക്കുള്ള യാത്ര. ഉറങ്ങുന്ന തെരുവു നായ്ക്കളെയും തന്റെ സഹപാഠികളെയും, വെട്ടിത്തിരിച്ചും മറികടന്നും അതിസമര്‍ത്ഥമായി അവന്‍ അതിവേഗം അവന്‍ സൈക്കിളോടിച്ചു പോവും.
ബംഗാളി മദ്ധ്യവര്‍ഗ്ഗത്തിന്റെ കര്‍ശനമായ വിജ്ഞാനസമ്പാദനത്തില്‍ പ്രതിജ്ഞാബദ്ധനായിരുന്നു കേശവ്. തുല്യവൈദഗ്ദ്ധ്യം ആവശ്യമായ, സാരിയിലും സല്‍വാറിലും പൊതിഞ്ഞ നിഗൂഢതകളുടെ ചുരുളഴിക്കുന്ന ശ്രമങ്ങളില്‍നിന്നും അവന്‍ വിട്ടുനിന്നു. ഇടയ്‌ക്കെപ്പോഴെങ്കിലും അറിയാതെ അവന്റെ കണ്ണുകള്‍ നീണ്ട മുടി ഇരുവശവുമായി പിരിച്ചിട്ട ആ ചതുരമുഖിയുടെ നേരെയാവും. ആകസ്മികമായ കണ്ണുകളുടെ കൂടിച്ചേരല്‍ അവനില്‍ ഒരു വിറയലായി പരിണമിക്കും. കേശവിന്റെ തൊണ്ടമുതല്‍ ഇങ്ങു പാദംവരെ വിറയ്ക്കാന്‍ തുടങ്ങും. സംഘത്തിലെ മറ്റംഗങ്ങളില്‍നിന്നും ഏറെ വ്യത്യസ്തനായിരുന്നു അവന്‍.
മറ്റുള്ളവര്‍ അതിവിദഗ്ദ്ധമായി കാതുകള്‍ തുളച്ചുകയറുന്ന ചൂളമടിക്കുമ്പോള്‍, അവനു സാദ്ധ്യമായത് ചുണ്ടുകള്‍ക്കിടയിലൂടെ പല്ലുകളെ സ്പര്‍ശിച്ചുവരുന്ന കാറ്റിന്റെ ഒരു ഫൂ... ശബ്ദം മാത്രമായിരുന്നു! മിത്ര കുടുംബത്തില്‍, പരീക്ഷകളില്‍ കളങ്കമില്ലാത്ത റെക്കോര്‍ഡ് കന്യകാത്വം സംരക്ഷിക്കുന്നതുപോലെതന്നെ പവിത്രമായിരുന്നു. കേശവിന് കോളേജില്‍ ഒന്നാം ക്ലാസോടെ ബിരുദം നേടി, സ്വര്‍ണ്ണമെഡല്‍ നേടി, താമസിയാതെ യുണൈറ്റഡ് സ്റ്റേറ്റ്‌സിലെ ഒരു ഗ്രാജ്വേറ്റ് സ്‌കൂളിലേക്ക് മാറാനായതില്‍ തെല്ലും അതിശയിക്കാനില്ല. സഹോദരന്‍ ഉത്സവ്, കോച്ചിങ് സെന്ററിലെ കോണ്‍സെന്‍ട്രേഷന്‍ ക്യാമ്പില്‍നിന്ന് പാതി മൊട്ടത്തലയുമായി ഐ.ഐ.ടിയില്‍ പ്രവേശനം നേടി. മാതാപിതാക്കളുടെ അഭിലാഷങ്ങള്‍ പണിതീര്‍ത്തെടുക്കുന്ന മക്കളുടെ ലോകത്ത് അവന്‍ സാഭിമാനം അംഗമായി.
ഇരുപത്തിയൊന്നു വര്‍ഷത്തെ ജീവിതത്തില്‍, ഒരിക്കലും തന്റെ ഹൃദയത്തിന്റെ കാമനകളെ തൃപ്തിപ്പെടുത്താന്‍, അതിനു പിറകെയൊന്നും മനസ്സിനെ കയറൂരിവിടാന്‍ കേശവ് അനുവദിച്ചിരുന്നില്ല. ഇംഗ്ലീഷ് ക്ലാസ് കഴിഞ്ഞ ശേഷമുള്ള ചര്‍ച്ചയുടെ വേള. കനത്ത പരിമളം പരത്തുന്ന ആ റിസര്‍ച്ച് സ്‌കോളറുടെ വാക്കുകള്‍ക്കായി കാതുകൂര്‍പ്പിക്കുമ്പോഴും അവന്റെ കണ്ണുകള്‍ തറയില്‍ തറച്ചുനില്‍ക്കുകയാണ് പതിവ്. ജോണ്‍ ഡോണിന്റെ കവിതയിലെ കാണാമറയത്തുള്ള ഉള്‍ക്കാഴ്ചയെ അവനിലേക്ക് പകരുവാനുള്ള ശ്രമത്തില്‍ അറിയാതെ അവള്‍ അവന്റെ നേര്‍ക്ക് ചായുമ്പോള്‍, നിലത്തു തറച്ച കണ്ണുകളുമായി അവന്‍ ചലനമറ്റു നിലകൊള്ളും.എനിക്കറിയാം, എന്നില്‍ രണ്ടു വിഡ്ഢികളുണ്ട്
പ്രണയിച്ചവന്‍, പിന്നെ പ്രണയം പറഞ്ഞവന്‍.
എന്നിരുന്നാലും, ആ ചെറിയ പട്ടണത്തില്‍, അവന്‍ അറിയാതെ വൈവാഹിക വിപണിക്ക് ജീവന്‍വെച്ചു. മൂന്നുവര്‍ഷത്തെ കലാലയപഠനശേഷം, അവനിലെ കൗമാരസവിശേഷതകള്‍ ഗണ്യമായി പ്രകടമായി. നായകള്‍ അടക്കിവാണ തെരുവിലൂടെ സൈക്കിളുമായി വെട്ടിച്ചും കുതിച്ചും രക്ഷപ്പെട്ടതുപോലെ മാട്രിമോണിയല്‍ കെണികളെയും അവന്‍ അതിജീവിച്ചു. സ്വാതന്ത്ര്യത്തിന്റെയും കരുത്തിന്റെയും അവസരങ്ങളുടെയും നാട്ടിലേക്ക് പറക്കുവാനുള്ള തയ്യാറെടുപ്പിലായി അവന്‍. മറുകരയിലേക്കുള്ള വിടവാങ്ങലിന്റെ നിമിഷത്തില്‍ മകന്റെ ആശ്ലേഷത്തില്‍ അമ്മ കണ്ണുനീര്‍ അടക്കുവാന്‍ ഏറെ ശ്രമിച്ചു. കൊല്‍ക്കത്ത വിമാനത്താവളത്തിലെ അന്താരാഷ്ട്ര ടെര്‍മിനലില്‍ അവനെ യാത്രയയയ്ക്കുമ്പോള്‍, സാധാരണയായി കുറച്ചുമാത്രം സംസാരിക്കുന്ന പിതാവ്, നിറഞ്ഞ കണ്ണുകളോടെ ഒരു താക്കീത്, അതോ ഉപദേശമോ ആയി പറഞ്ഞു-'സബ്ധാനേ തേക്കോ-ടേക് കെയര്‍ (ശ്രദ്ധിക്കുക)... ഹൃദയങ്ങള്‍ കീഴടക്കുക, സ്വയം സുരക്ഷിതമായിരിക്കുക!'
കേശവിന്റെ കൃഷ്ണന്‍
അമേരിക്കയില്‍ പിഎച്ച്.ഡി. വിദ്യാര്‍ത്ഥിയായിരിക്കേയുള്ള, അനുഭവങ്ങളുടെ ഓര്‍മ്മകള്‍ അവനും പേറുന്നുണ്ട്. വേര്‍പിരിയലിന്റെ വേദന പക്ഷേ, അവന്‍ കരുതിയതിലും കുറവായിരുന്നു. എങ്കിലും സ്‌നേഹിക്കപ്പെടാതെയും നിരുപാധികമായി സ്വീകരിക്കപ്പെടാതെയും പോയതിന്റെ ഒരു അല്ലല്‍ അവനില്‍ അവശേഷിച്ചു. അമ്മയുടെ അവസാനത്തെ രണ്ട് അഭ്യര്‍ത്ഥനകളെ അവന്‍ കാത്തുസൂക്ഷിച്ചു-മദ്യത്തില്‍നിന്നും നിശാക്ലബ്ബുകളില്‍നിന്നും അവന്‍ വിട്ടുനിന്നു. മിക്കവാറും ഏകാന്തതയില്‍ ജീവിച്ചു. പലപ്പോഴായി അവനെത്തേടിയെത്തിയ പ്രണയകോളുകളത്രയും മിസ്ഡ് കോളുകളായി മാറി.
യു.എസ്സിലേക്ക് പോകുമ്പോള്‍ കേശവിന് ഭഗവദ്ഗീത വ്യാഖ്യാന പതിപ്പിന്റെ ഒരു കോപ്പി മുത്തച്ഛന്‍ നല്‍കിയിരുന്നു. നിരാശനായ അര്‍ജ്ജുനനുള്ള കൃഷ്ണന്റെ പ്രത്യാശയുടെ ഗാനമാണ് ഗീതയെന്ന് അദ്ദേഹം പറഞ്ഞിരുന്നു. ഏതു വിഷമാവസ്ഥയിലും ഏതെങ്കിലും പേജ് തുറക്കുക, അതില്‍ നിനക്ക് അനുയോജ്യമായ ഒരു സന്ദേശം ഉണ്ടാകും, അദ്ദേഹം പറഞ്ഞിരുന്നു. 'എനിക്കതില്‍ ചില്ലറ സംശയമുണ്ട്,' മനസ്സില്ലാമനസ്സോടെ സ്യൂട്ട്‌കേസിനുള്ളില്‍ പുസ്തകം തിരുകിക്കൊണ്ടു കേശവ് സ്വയം പറഞ്ഞു. 'ഗീതയെക്കുറിച്ച് ഞാന്‍ പറഞ്ഞതില്‍ സംശയമുണ്ടെങ്കില്‍ നൂറുശതമാനം സംശയിച്ച് മുന്നോട്ട് പോവുക. ഇനി നിനക്ക് എന്റെ വാക്കുകളില്‍ വിശ്വാസമുണ്ടെങ്കില്‍, നൂറു ശതമാനം വിശ്വാസവും ഉണ്ടായിരിക്കുക. കേശവ്, നിനക്കറിയുമോ, മഹാത്മാഗാന്ധിപോലും തന്റെ എല്ലാ പ്രശ്‌നങ്ങള്‍ക്കും പരിഹാരം തേടിയത് ഗീതയിലെ കൃഷ്ണന്റെ അദ്ധ്യാപനങ്ങളിലാണ്!' ആ വാക്കുകള്‍ പലപ്പോഴായി, പല ഘട്ടത്തിലും അവനില്‍ മുഴങ്ങി. ഇനി എവിടെനിന്നെങ്കിലും, ഏതെങ്കിലും ഒരു പേജ് തുറന്നാലോ?
ആ വാക്കുകളില്‍ അവന്റെ കണ്ണുകള്‍ തറഞ്ഞുപോയതുപോലെ തോന്നി:
അഗ്നിയെ പുക മൂടുന്നതുപോലെ,
കണ്ണാടിയെ പൊടി മൂടുംപോലെ,
ഭ്രൂണത്തെ ഗര്‍ഭപാത്രം പൊതിയുന്നതുപോലെ,
ആത്മാവിനെ തൃഷ്ണകള്‍ പൊതിയുന്നു.
തുടര്‍ന്ന് ഏതാനും പേജുകള്‍ കൂടി മറിഞ്ഞതേയുള്ളൂ കൃഷ്ണന്‍ പറയുന്നു:
'സ്‌നേഹത്തോടെ എന്നെ അന്വേഷിക്കുന്ന ഒരാളെ ഞാന്‍ എന്റെ സാന്നിദ്ധ്യം അറിയിക്കുന്നു!'
തങ്ങളുടെ ഹൃദയവ്യഥകള്‍ക്ക് പരിഹാരം തേടി ആദ്യ തലമുറയിലെ പല അമേരിക്കന്‍ ഇന്ത്യക്കാരും സന്ദര്‍ശിച്ചിരുന്നത് ഒരു കൃഷ്ണ ക്ഷേത്രമായിരുന്നു. ഒരു ഗുജറാത്തി വ്യവസായി വിലയ്ക്കുവാങ്ങിയ പഴയ ചര്‍ച്ചിനുള്ളില്‍ നിര്‍മ്മിച്ച ഒരു ചെറിയ ക്ഷേത്രം. അമേരിക്കക്കാരുടെ പരാജയമടഞ്ഞ ബിസിനസുകള്‍ ഏറ്റെടുക്കുന്നതിലും പുനരുജ്ജീവിപ്പിക്കുന്നതിലും മിടുക്കരായ പ്രവാസി ഇന്ത്യക്കാര്‍, ജീര്‍ണ്ണിച്ച ചര്‍ച്ചിനെ തഴച്ചുവളരുന്ന ക്ഷേത്രമാക്കി മാറ്റിയെടുത്തു. ഭക്തര്‍ തിങ്ങിനിറഞ്ഞു, അലങ്കരിച്ച ചൈനീസ് പാത്രങ്ങളില്‍നിന്നും ജമന്തിയും മറ്റു പൂക്കളും തലയാട്ടി. പ്ലാസ്റ്റിക് പൈനാപ്പിള്‍, തിളങ്ങുന്ന കളിമണ്ണില്‍ നിര്‍മ്മിച്ച വാഴപ്പഴം, ആപ്പിള്‍ എന്നിവ കൃഷ്ണന് വഴിപാടായി വന്നു.
ഒരു പിഎച്ച്.ഡി. ഗവേഷകന്റെ ഉന്മാദങ്ങളില്‍നിന്ന്, ബൗദ്ധികവ്യയാമങ്ങളില്‍നിന്നുമൊക്കെ ഇടയ്ക്ക് ഒരു പിന്‍വലിയലിനുള്ള നല്ലിടമായി ആ ക്ഷേത്രം. അക്കങ്ങള്‍ക്കും അക്ഷരങ്ങള്‍ക്കും അപ്പുറത്തുള്ള അറിവിന്റെ ഒരു ലോകം കേശവ് അവിടെ കണ്ടു. കേശവിന്റെ പിഎച്ച്.ഡി. തീസിസിന്റെ ഡിഫന്‍സ് അപ്പോഴേക്കും കഴിഞ്ഞിരുന്നു, മുന്നോട്ടേക്കുള്ള യാത്രയുടെ ഭാഗമായി അവന്‍ അദ്ധ്യാപനരംഗത്തേക്ക് കാലെടുത്തുവെക്കുകയും ചെയ്തിരുന്നു.
അമേരിക്കയിലെ സ്വന്തം ജീവിതത്തില്‍ അയാള്‍ കൂടുതല്‍ നിരാശനായി; നേടിയും ചെലവിട്ടും ജീവിതം തീരുന്ന ഒരു സ്ലോട്ട് മെഷീനായി മനുഷ്യന്‍ മാറുന്നതയാള്‍ അറിഞ്ഞു. നേട്ടങ്ങളുടെ പൊള്ളത്തരങ്ങള്‍ അയാളുടെ ഹൃദയാഭിലാഷങ്ങളുടെ മൂര്‍ച്ചകൂട്ടുക മാത്രമാണ് ചെയ്തത്. അന്നു വൈകുന്നേരം ക്ഷേത്രത്തിനകത്തെ പ്രകാശമാനമായ കൃഷ്ണ പ്രതിമയില്‍ നോക്കിയിരിക്കുകയായിരുന്നു അയാള്‍, ഇനിയെന്ത് എന്നാലോചിച്ചുകൊണ്ട്. അപ്പോഴാണ് അതു സംഭവിച്ചത്. ഒരു നിമിഷം, അയാളുടെ അല്പം മുന്നോട്ടു ചാഞ്ഞ ദേഹം വടിപോലെ നിവര്‍ന്നു. ഒരു അദൃശ്യശക്തി അയാളുടെ വളഞ്ഞ നട്ടെല്ലു നേരെയാക്കി, പൂര്‍ണ്ണമായും ഒരു യോഗിയുടെ ഇരിപ്പുനിലയിലേക്കുയര്‍ത്തി. ദേഹി ദേഹത്തില്‍നിന്ന് വേര്‍പെട്ടിട്ടില്ലെന്ന് അയാള്‍ക്കു തോന്നി.
ഉള്ളുപൊള്ളയായ ഒരു വീപ്പപോലെ, ഒരു പ്രതിമ കണക്കെ ചലനമറ്റിരിക്കുന്ന ഒന്നായി തന്റെ ഭൗതികശരീരം അയാള്‍ക്ക് അനുഭവപ്പെട്ടു. ആ നിമിഷങ്ങളില്‍ അനുഭവവേദ്യമായ ആത്മീയാനുഭൂതിയുടെ അപാരത അയാളെ പിടിച്ചുകുലുക്കി. തികച്ചും വിചിത്രമായ അനുഭവം! ശരീരവുമായോ അസ്വസ്ഥമായ മനസ്സുമായോ ഒരു ബന്ധവുമില്ലാത്ത ഒരു വ്യക്തിത്വം തനിക്കുണ്ടെന്നു വിശ്വസിക്കാന്‍ അയാള്‍ക്ക് കഴിഞ്ഞില്ല. അനിര്‍വ്വചനീയമായ ഒരു ഊര്‍ജ്ജസ്‌ഫോടനം, കേശവിനു മുമ്പൊരിക്കലും ഇല്ലാത്ത ഒരനുഭവം. പിന്നീടുള്ള മൂന്നു ദിവസങ്ങള്‍ ആനന്ദകരമായ കാത്തിരിപ്പിന്റെ നാളുകളായിരുന്നു അയാള്‍ക്ക്. പിന്നെ പതിയെ, ആ അനുഭവത്തിന്റെ ഓര്‍മ്മകള്‍ ഒരു വിദൂരസ്വപ്നംപോലെ മങ്ങിത്തുടങ്ങി.
Content Highlights: Krishnan oru ezhamindriyam book excerpt, Debashis Chatterjee, Mathrubhumi books


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..