-
എങ്ങനെയാണ് മാതൃകകള്‍ നിങ്ങള്‍ക്ക് സഹായകമാവുക. പ്രത്യേകിച്ചും കോവിഡ്19 മഹാമാരിക്കാലത്ത്? ഇക്കഴിഞ്ഞ വാരം 2020 മാര്‍ച്ച് 16ന് സയന്‍സ് മാസിക പ്രസിദ്ധപ്പെടുത്തിയ ലീയുടെയും സഹപ്രവര്‍ത്തകരുടെയും ഗവേഷണ പ്രബന്ധത്തില്‍ പറയുന്നത് ചൈനയില്‍ ഇത്രയധികം പേര് രോഗബാധിതരാവാന്‍ കാരണം രോഗബാധകള്‍ പലതും രേഖപ്പെടുത്താതെ പോയതു കൊണ്ടാണെന്നാണ്.
86% കോവിഡ്19 രോഗബാധയും രേഖപ്പെടുത്താതെ പോയി. രേഖപ്പെടുത്തിയ രോഗബാധകളില്‍ 79% രേഖപ്പെടുത്താതെപോയ രോഗബാധിതരില്‍നിന്ന് പകര്ന്നുകിട്ടിയതുമാണ്. പുത്തന്‍ സങ്കേതങ്ങള്‍ ഉപയോഗിച്ച് ലഭിച്ച മനുഷ്യനീക്കങ്ങളുടെ വിവരങ്ങളില്‍നിന്നും സമൂഹമാതൃകകളില്നിന്നും ലീയും സഹപ്രവര്‍ത്തകരും കണ്ടെത്തിയത് ഇതാണ്; രോഗത്തിന്റെ ആദ്യഘട്ടങ്ങളില്‍ രോഗലക്ഷണങ്ങള്‍ തീരെക്കുറച്ചോ ഒട്ടുമില്ലാതെയോ കാണപ്പെടുന്ന ദുര്‍ബലമായ രോഗബാധകള്‍ തിരിച്ചറിയപ്പെടാതെ പോയതാണ് രോഗം സംക്രമിച്ചതില് 79 ശതമാനത്തിന്റെയും പിന്നില്‍. ഈ അനുമാനം നേരിട്ട് ഇങ്ങനെ മൊഴിമാറ്റം ചെയ്യാവുന്നതാണ്- നിങ്ങള്‍ക്ക് അസുഖമൊന്നും ഇല്ലെങ്കിലും വീട്ടില്‍ത്തന്നെ ഇരിക്കുക.
ചില ഗവണ്മെന്റുകള് പൊതുസ്ഥലങ്ങള്‍ അടച്ചിട്ടാണ് 'വളവ് നിവര്‍ത്തല്‍' (Flettening the curve) നടപ്പിലാക്കുന്നത്. ഈ വര്‍ഷം അവസാനിക്കും മുന്‍പ് കോവിഡ്19 വൈറസ് വലിയൊരുകൂട്ടം ആളുകളെ പിടികൂടുമെന്ന് നമുക്കുറപ്പാണ്. ആകെയുള്ള രോഗബാധിതരുടെ എണ്ണത്തിന്റെ കാര്യത്തില്‍ നാം നിസ്സഹായരാണ്. പക്ഷെ വീട്ടിലിരിക്കലും ദൂരം പാലിക്കലും (social distancing) കൂട്ടംകൂടാതിരിക്കുക, അത്യാവശ്യങ്ങള്‍ക്ക് മാത്രം വീട്ടില്‍ നിന്ന് പുറത്തിറങ്ങുക, പ്രത്യേകിച്ചും പ്രായമായവരെയും രോഗികളെയും സന്ദര്‍ശിക്കാതിരിക്കുക എന്നിവ കൊണ്ട് രോഗബാധയുടെ സാമൂഹികമായ മൂര്ധന്യവേളയെ കുറച്ചുകൂടി വൈകിക്കാന്‍ സാധിക്കും. ഏറ്റവും മോശപ്പെട്ട കാലത്ത് പോലും രോഗബാധിതരുടെ എണ്ണം കുറയ്ക്കാനും അതുകൊണ്ട് സാധിക്കും.
ഈ മഹാമാരിക്കാലത്ത് നിങ്ങള്‍ സൗഹൃദസന്ദര്‍ശനങ്ങള്‍ക്ക് ഒരുങ്ങുകയാണെങ്കില്‍ നിങ്ങള്‍ക്ക് മാത്രമല്ല അപകടസാധ്യതകള്‍ ഉണ്ടാവുക. നിങ്ങള്‍ സ്നേഹിക്കുന്നവര്ക്ക്കൂടി നിങ്ങള്‍ രോഗങ്ങള്‍ സമ്മാനിച്ചേക്കാം. അതും മറുമരുന്നുകള്‍ കണ്ടെത്തും മുന്‍പ്. ഈ കൊടുങ്കാറ്റ് കടന്നുപോകുംവരെ പൊതുപരിപാടികള്‍ ഒഴിവാക്കാനും സാധിക്കുമെങ്കില്‍ വീട്ടിലിരുന്ന് തൊഴില്‍ ചെയ്യാനും പ്രിയപ്പെട്ടവരെ സന്ദര്‍ശിക്കാന്‍ ഒരുമ്പെടാതെ സ്നേഹം ഫോണ്‍വിളികളില്‍ ഒതുക്കാനുമാണ് ഈ മാതൃകകള്‍ നിങ്ങളോട് പറയുന്നത്. ഉത്തരവാദിത്വമുള്ള പൗരനാകു. രോഗലക്ഷണങ്ങള്‍ ഇല്ലെങ്കിലും വീട്ടിലിരിക്കു.
പുതിയ ലക്കം മാതൃഭൂമി ആഴ്ചപ്പതിപ്പിലെ വയലറ്റ് കുക്കു എന്ന കോളത്തില്‍ നിന്നും. ശാസ്ത്ര ഗവേഷകയും ഇക്കോളജിസ്റ്റുമാണ് ലേഖിക.
Content Highlights: Krishna Anujan column Mathrubhumi Weekly
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..