സ്‌കൂളിലേക്കുള്ള വഴിയില്‍ സുലോചനയെ പിടിച്ചുനിര്‍ത്തിയ കാന്തികശക്തി; പില്‍ക്കാലത്തെ അതിജീവനകല!


By ബൈജു ചന്ദ്രൻ

5 min read
Read later
Print
Share

ഇന്ന് കെ.പി.എ.സി സുലോചനയുടെ പതിനെട്ടാം ഓര്‍മദിനം.

കെ.പി.എ.സി സുലോചന

ഗായികയായും അഭിനേതാവായും മലയാളനാടകവേദിയില്‍ ഇതിഹാസതുല്യയായി മാറിയ കെ.പി.എ.സി. സുലോചനയുടെ അഭിനയജീവിതത്തിലെ ഒരേടാണ് ബൈജു ചന്ദ്രന്‍ രചിച്ച 'ജീവിതനാടകം- അരുണാഭം ഒരു നാടകകാലം'. മാതൃഭൂമി ബുക്‌സ് പ്രസിദ്ധീകരിച്ച പുസ്തകത്തില്‍നിന്നും ഒരു ഭാഗം വായിക്കാം.

ഞ്ചിഭൂപതിയായ പൊന്നുതമ്പുരാന്‍ സന്തതം വാണിരുന്ന തിരുവിതാംകൂറിലെ പോലീസുകാരനായിരുന്നു മാവേലിക്കരക്കാരന്‍ കുഞ്ഞുകുഞ്ഞ്. സമീപപ്രദേശമായ ചെട്ടിക്കുളങ്ങരയിലെ കാട്ടൂര്‍ പടിഞ്ഞാറ്റുകരക്കാരി കല്യാണിയമ്മയെ പുടവ കൊടുത്തു കൂട്ടിക്കൊണ്ടുവരുമ്പോള്‍ കുഞ്ഞുകുഞ്ഞ് സ്വപ്നം കണ്ടത് വലിയ അല്ലലൊന്നുമില്ലാത്ത ഒരു കൊച്ചുജീവിതമായിരുന്നു. കുഞ്ഞുകുഞ്ഞിന് വെച്ചുവിളമ്പിക്കൊടുക്കുന്നതിനോടൊപ്പം കല്യാണി ഒന്നിനു പിറകേ ഒന്നായി എട്ടു മക്കളെ പെറ്റു. കുഞ്ഞുകുഞ്ഞിന്റെ സ്വപ്നങ്ങളെല്ലാം അതോടെ താളംതെറ്റുകയായിരുന്നു.

ലാളിച്ചുവളര്‍ത്തിയ ആദ്യസന്താനം ഓമന തീരേ ചെറുപ്രായത്തില്‍ത്തന്നെ പെട്ടെന്ന് അസുഖംവന്നു മരിച്ചതോടെയായിരുന്നു കുഞ്ഞുകുഞ്ഞിന്റെ കഷ്ടകാലത്തിന്റെ തുടക്കം. ഏതായാലും തൊട്ടുപിന്നാലെ ഒന്നിനു പിറകേ ഒന്നായി വന്ന മൂന്നു പിള്ളേരും- സരസ്വതി, കൃഷ്ണന്‍കുട്ടി, സുലോചന- ആരോഗ്യമുള്ളവരായിരുന്നു. എന്നാല്‍ അഞ്ചാമത്തെ പ്രസവത്തില്‍ വിധി വീണ്ടും ചതിച്ചു. ജനിച്ചയുടനെത്തന്നെ കുഞ്ഞു മരിച്ചു. അടുത്തയാളായ നിര്‍മ്മല പോളിയോബാധയ്ക്കിരയായി. തുടര്‍ന്ന് പിറന്ന കൃഷ്ണമ്മയും അസുഖക്കാരിയായിരുന്നു. ഒടുവിലത്തെ സന്താനമായ ഗോപിയും സഹോദരിയെപ്പോലെ പോളിയോ വന്ന് കിടക്കയില്‍ത്തന്നെ ഒതുങ്ങിക്കൂടുകയായിരുന്നു.

ആയിടയ്ക്കാണ് കുഞ്ഞുകുഞ്ഞിന് രക്തവാതവും പിടിപെട്ടത്. അതിന്റെ കൂടെ കൂനിന്മേല്‍ കുരുവെന്നതുപോലെ, ഒരു കേസന്വേഷണത്തിന് ഇറങ്ങിത്തിരിച്ചപ്പോള്‍ കാലില്‍ ആണി തറച്ചുകയറി ഉണ്ടായ മുറിവ് പഴുത്തു വ്രണമായി. കടുത്ത പ്രമേഹരോഗിയായിരുന്ന കുഞ്ഞുകുഞ്ഞിന് ഇതുമൂലം നടക്കാന്‍പോലും ബുദ്ധിമുട്ടായി. സര്‍വ്വീസില്‍നിന്ന് അടുത്തൂണ്‍ പറ്റി പിരിയുകയല്ലാതെ വേറേ മാര്‍ഗ്ഗമില്ലെന്നുവന്നു. ഒന്നിനുമൊന്നിനും തികഞ്ഞുപറ്റാത്ത ശമ്പളത്തില്‍നിന്ന് വരുമാനം നാമമാത്രമായി മാറിയതോടെ പട്ടിണി ആ വീട്ടില്‍ കുടിയിരിപ്പായി. മൂത്തപിള്ളേരുടെ സ്‌കൂളില്‍പ്പോക്ക് അവസാനിപ്പിക്കാതെ നിവൃത്തിയില്ല. കിടക്കപ്പായയില്‍ കഴിയുന്ന ഇളേതുങ്ങള്‍ക്ക് മരുന്നു വാങ്ങാനും പാങ്ങില്ല. ഈ നേരത്താണ് കുഞ്ഞുകുഞ്ഞിന്റെ ജ്യേഷ്ഠസഹോദരനായ കൃഷ്ണന്‍വൈദ്യന്‍ തിരുവനന്തപുരത്തുനിന്ന് ദൈവം പറഞ്ഞയച്ചതുപോലെ എത്തുന്നത്. അവിടെ രാജകൊട്ടാരത്തില്‍ വൈദ്യവൃത്തിയുമായി സാമാന്യം സാമ്പത്തികശേഷിയോടെ കഴിയുന്ന കൃഷ്ണന്‍വൈദ്യന്‍ ഒരു തീരുമാനവുമായിട്ടാണെത്തിയത്; സഹോദരനെയും കുടുംബത്തെയും തിരുവനന്തപുരത്തേക്ക് കൂട്ടിക്കൊണ്ടുപോകുക.

തിരുവനന്തപുരത്ത് പുത്തന്‍ചന്തയില്‍ ഹജ്ജൂര്‍ക്കച്ചേരിയുടെ- സെക്രട്ടറിയേറ്റിന്റെ- പിറകിലുള്ള ഇന്നത്തെ പ്രസ്‌റോഡിലെ ഉച്ചമാളിയമ്മന്‍കോവിലിന്റെ സമീപത്തുള്ള ഒരു രണ്ടുനിലവീട്ടിലേക്കാണ് കുഞ്ഞുകുഞ്ഞും കുടുംബവും ചേക്കേറിയത്. സുബ്രഹ്‌മണ്യ അയ്യര്‍ എന്ന ഒരു വക്കീലിന്റെ ഉടമസ്ഥതയിലുള്ള വീടിന്റെ താഴത്തേ നിലയില്‍ അവര്‍ താമസമാക്കി. മൂത്തപിള്ളേരുടെ പഠിത്തം തുടര്‍ന്നുകൊണ്ടുപോകണമെന്നും നിശ്ചയിക്കപ്പെട്ടു. തെക്കേത്തെരുവിലുള്ള മഹാരാജാ സംസ്‌കൃതപാഠശാലയിലാണ് കൃഷ്ണന്‍കുട്ടി ചേര്‍ന്നത്. എല്ലാവരും മണി എന്നു വിളിക്കുന്ന സുലോചന വടക്കേക്കോട്ടയിലെ ഫോര്‍ട്ട് സ്‌കൂളിലും. കൂട്ടത്തില്‍ മൂത്തയാളായ സരസ്വതി എന്ന അക്കമ്മ ഏതായാലും പഠിത്തമവസാനിപ്പിച്ചു. സ്‌കൂളില്‍ പോകുന്നവരുടെയും ആവതില്ലാതെ കിടക്കുന്നവരുടെയും കാര്യങ്ങള്‍ നോക്കാന്‍ കല്യാണിയമ്മയ്ക്ക് ഒറ്റയ്ക്കു കഴിയുമായിരുന്നില്ല. മണിയെ ഒരുക്കുന്നതും സ്‌കൂളില്‍ പറഞ്ഞയയ്ക്കുന്നതും അസുഖക്കാര്‍ക്ക് സമയാസമയത്ത് ആഹാരവും മരുന്നും കൊടുക്കുന്നതുമെല്ലാം അക്കമ്മയുടെ ഉത്തരവാദിത്വമായിരുന്നു. മണിയുടെ ചുമതലയേറ്റെടുക്കാന്‍ അണ്ണനും വലിയ ഉത്സാഹമായിരുന്നു.

പുത്തന്‍ചന്തയില്‍നിന്ന് ഫോര്‍ട്ട് സ്‌കൂളിലേക്ക് മണി നടന്നാണ് പോകാറ്. കൂടെപ്പോകാന്‍ കൂട്ടുകാരികളൊക്കെയുണ്ടെങ്കിലും മണി മിക്കവാറും ഒറ്റയ്ക്കാകും. കാരണമുണ്ട്, സ്‌കൂളിലേക്കുള്ള വഴിയില്‍ ഒരു ചായക്കടയുണ്ടായിരുന്നു. അതിന്റെ മുമ്പിലെത്തുമ്പോള്‍ മണിയുടെ കാലുകള്‍ എന്നും മന്ദഗതിയിലാകും. ചായക്കടയില്‍നിന്നു പുറത്തേക്ക് വരുന്ന കൊതിപിടിപ്പിക്കുന്ന മണമോ അവിടത്തെ കണ്ണാടിയലമാരയില്‍ അടുക്കിവെച്ചിട്ടുള്ള പലഹാരക്കൂട്ടമോ ഒന്നുമല്ല മണിയെ അവിടെ പിടിച്ചുനിറുത്തുന്നത്. ചായക്കടയുടെ ഒരു കോണില്‍ സ്ഥാനംപിടിച്ചിട്ടുള്ള പാട്ടുപെട്ടി - അതാണ് മണിയെ ആകര്‍ഷിച്ച കാന്തം. ഗ്രാമഫോണിന്റെ വലിയ കോളാമ്പിവായയ്ക്കുള്ളില്‍നിന്നും റേഡിയോഗ്രാമിന്റെ ഉള്ളറകളില്‍നിന്നും പുറത്തേക്കൊഴുകുന്ന മധുരസംഗീതത്തിന്റെ കാന്തവലയത്തില്‍ അലിഞ്ഞ് എത്ര നേരം വേണമെങ്കിലും അവിടെത്തന്നെ നില്‍ക്കാന്‍ മണി ഒരുക്കമായിരുന്നു.

1940-കളുടെ ആദ്യപകുതി, മലയാളസംഗീതനാടകവേദിയുടെ പുഷ്‌കലകാലമായിരുന്നു അത്. തമിഴ്‌നാട്ടില്‍നിന്നെത്തി അരങ്ങു കീഴടക്കിയ പാരിജാതപുഷ്പാഹരണത്തെയും വള്ളിത്തിരുമണത്തെയും ഗുലേബക്കാവലിയെയുമൊക്കെ പുറന്തള്ളിക്കൊണ്ട് കരുണയും യാചകിയും നടത്തിയ ജൈത്രയാത്ര അവസാനിച്ചിരുന്നില്ല. ആരേയും അതിശയിപ്പിക്കുന്ന അഴകും ആകാരസുഷമയുമുള്ള വാസവദത്തയുടെ വേഷത്തില്‍ ഓച്ചിറ ശിവപ്രസാദ് വേലുക്കുട്ടിയും തേജോമയനായ ഉപഗുപ്തനായി സെബാസ്റ്റ്യന്‍ കുഞ്ഞുകുഞ്ഞു ഭാഗവതരും അരങ്ങത്തു നിറഞ്ഞാടിയത് അഭിനയസിദ്ധിയെക്കാളുപരി ആലാപനവൈഭവംകൊണ്ടായിരുന്നു. കരുണയ്ക്കു തൊട്ടുപിന്നാലെയെത്തിയ യാചകിയിലും വൈക്കം വാസുദേവന്‍ നായര്‍-തങ്കം വാസുദേവന്‍ നായര്‍ ദമ്പതികള്‍ രാഗവിസ്താരത്തിലൂടെയാണ് കൊട്ടകയിലേക്ക് കാണികളെ കാന്തശക്തിയോടെ ആകര്‍ഷിച്ചത്. ഉച്ചഭാഷിണിയൊന്നും നിലവിലില്ലാത്ത അക്കാലത്ത് സ്റ്റേജില്‍ നിന്നുകൊണ്ട് കൊട്ടകയുടെ ഏറ്റവും പിറകിലിരിക്കുന്ന കാണികള്‍ക്കുപോലും കേള്‍ക്കത്തക്ക ഉച്ചത്തില്‍ പാടിത്തകര്‍ത്ത്, 'വണ്‍സ്‌മോര്‍' വിളികളും പൂച്ചെണ്ടുകളും ഏറ്റുവാങ്ങുന്നവരായിരുന്നു ആ പ്രതിഭാശാലികള്‍.
മഹിളമഞ്ജുള മനുജന്‍-എന്‍
മനസി മന്മഥ മദമരുളിയോന്‍... (കരുണ)
പാവങ്ങളില്‍ പാവങ്ങളാം
യാചകര്‍ ഞങ്ങള്‍ (യാചകി) തുടങ്ങിയ പാട്ടുകളുടെ റെക്കോഡുകള്‍ക്കും നല്ല പ്രചാരമുണ്ടായിരുന്നു.

തമിഴ് ചലച്ചിത്രലോകത്തെ ആദ്യ സൂപ്പര്‍സ്റ്റാറായ എം.കെ. ത്യാഗരാജഭാഗവതര്‍ പാടി അഭിനയിച്ച ശിവകവി, അശോക് കുമാര്‍, ചിന്താമണി തുടങ്ങിയ ചിത്രങ്ങളിലെ പാട്ടുകളും സംഗീതദേവതയായ സാക്ഷാല്‍ എം.എസ്. സുബ്ബുലക്ഷ്മിയും ജി.എന്‍. ബാലസുബ്രഹ്‌മണ്യവും നടിച്ച ശകുന്തളയിലെ പാട്ടുകളും പട്ടണങ്ങളിലും നാട്ടിന്‍പുറങ്ങളിലും ഒരുപോലെ അലയടിച്ചു. ഇതിനു പുറമേയാണ് കുന്ദന്‍ലാല്‍ സൈഗാള്‍ എന്ന അനശ്വരഗായകന്റെ വരവ്. 'സോജാ രാജകുമാരി...' എന്ന ഒരൊറ്റ ഗാനത്തിലൂടെ അദ്ദേഹം ഇന്ത്യ കീഴടക്കി; ഒപ്പം പങ്കജ് മല്ലിക്, സി.എച്ച്. ആത്മ എന്നീ പ്രതിഭകളും. ലളിതസംഗീതവും സിനിമാഗാനങ്ങളും നേടിയെടുത്ത പ്രചുരപ്രചാരത്തെക്കാള്‍ വിപുലമായിരുന്നു അക്കാലത്ത് കര്‍ണ്ണാടകസംഗീതത്തിന്റെ സ്വാധീനം. എസ്.ജി. കിട്ടപ്പായും കെ.ബി. സുന്ദരാംബാളും മുസിരി സുബ്രഹ്‌മണ്യ അയ്യരും അരിയക്കുടി രാമാനുജ അയ്യങ്കാരും ചെമ്പൈ വൈദ്യനാഥഭാഗവതരും എം.എസ്. സുബ്ബുലക്ഷ്മിയും ജി.എന്‍. ബാലസുബ്രഹ്‌മണ്യവുമൊക്കെ സാധാരണക്കാര്‍ക്കുപോലും സുപരിചിതനാമങ്ങളായിരുന്നു. എന്നാല്‍ ആ വലിയ ഗായകരുടെ റെക്കോഡുകള്‍ കേട്ട് കര്‍ണ്ണാടകസംഗീതത്തിന്റെ മാസ്മരപ്രപഞ്ചത്തിലേക്ക് ആകര്‍ഷിക്കപ്പെട്ടവരില്‍ പലരും രാഗവ്യത്യാസങ്ങളോ സ്വരസ്ഥാനങ്ങളോ മനസ്സിലാക്കാനോ വേറിട്ടറിയാനോ കഴിവുള്ളവരൊന്നുമായിരുന്നില്ല. ആ അമരസംഗീതത്തിന്റെ മാന്ത്രികവലയത്തിലേക്കാണ് കൊച്ചുകുട്ടിയായ മണിയും ആകര്‍ഷിക്കപ്പെട്ടത്.

'എങ്കും നിറയും നാദബ്രഹ്‌മം', 'മനോമോഹന', 'കാറ്റിനിലെ വരും ഗീതം' തുടങ്ങിയ എം.എസ്സിന്റെ അലൗകികമായ സ്വരത്തില്‍ ആലപിക്കപ്പെട്ട മനോഹരഗാനങ്ങളായിരുന്നു മണിയെ ഏറ്റവും ആകര്‍ഷിച്ചത്. ആ പാട്ടുകള്‍ എത്ര കേട്ടാലും മണിക്ക് മതിവരുമായിരുന്നില്ല. പാട്ടു കേട്ട് മതിമറന്നങ്ങനെ നില്‍ക്കുന്നതു കാരണം രണ്ടാം മണി അടിച്ചുകഴിഞ്ഞിട്ടേ മണി എന്നും സ്‌കൂളിലെത്തുമായിരുന്നുള്ളൂ. പാട്ട് വെറുതേ കേട്ടുനില്‍ക്കുക മാത്രമല്ല മണി ചെയ്തിരുന്നത്. മനസ്സിന്റെ അടിത്തട്ടിലെവിടെയോനിന്ന് സംഗീതം അവളുടെ ചുണ്ടുകളിലേക്ക് ഒഴുകിയെത്തുന്നുണ്ടായിരുന്നു. പാട്ടു കേട്ടാല്‍ മണി ഒത്തു മൂളിപ്പോകും. പരിസരബോധമില്ലാതെ പാട്ടു മൂളി നടക്കുന്നതും പതിവായി. പാട്ടു കേട്ടു നില്‍ക്കുന്നതുകാരണം സ്‌കൂളില്‍ വൈകിയെത്തുന്നതും സാറിന്റെ ചൂരല്‍പ്പഴം വാങ്ങിക്കുന്നതുമേതാണ്ട് നിത്യസംഭവമായി. പള്ളിക്കൂടം വിട്ടു വീട്ടിലെത്തിയാല്‍ പിടിപ്പതു പണിയാണ്. അക്കമ്മയുടെ കൈയാളായി നിന്ന് വീട്ടുകാര്യങ്ങളൊക്കെ നോക്കണം. അസുഖക്കാര്‍ക്ക് ആഹാരവും മരുന്നുമെല്ലാം കൃത്യസമയത്ത് എടുത്തുകൊടുക്കണം. 'ഉപ്പും മൊളോം' വാങ്ങിക്കാന്‍ കടയില്‍ പോകണം. തിരികെയെത്തിയാല്‍ അമ്മയെ സഹായിക്കാന്‍ കൂടെ നില്‍ക്കണം. അതിനിടയില്‍ പഠിത്തമൊക്കെ എങ്ങനെയൊക്കെയോ അങ്ങു നടന്നുപോകുന്നു എന്നേയുള്ളൂ.

ഒരുദിവസം വൈകീട്ട് പതിവുപോലെ കടയില്‍ സാധനം വാങ്ങാന്‍ പോയതായിരുന്നു. അടുത്തുള്ള കൊട്ടകയില്‍ സിനിമയുടെ ഒന്നാം കളിയുടെ സമയമായിരുന്നു. ഷോ തുടങ്ങുന്നതിനു മുമ്പ് അന്നൊക്കെ റെക്കോഡ് വെക്കുന്ന പതിവുണ്ട്. ഉച്ചഭാഷിണിയിലൂടെ ഒന്നിനു പിറകേ ഒന്നായി അതിമനോഹരഗാനങ്ങള്‍ ഒഴുകിവരാന്‍ തുടങ്ങി. മണി സകലതും മറന്ന് പാട്ടും കേട്ട് അവിടെത്തന്നെ അങ്ങനെ നിന്നു. നേരം സന്ധ്യ കഴിഞ്ഞു. കടയില്‍പ്പോയ കുട്ടിയെ കാണാതെ അച്ഛനും അണ്ണനുംകൂടി തിരക്കിവന്നത് അപ്പോഴാണ്. അടി കിട്ടുമെന്ന് ഏതാണ്ടുറപ്പായി. അച്ഛന്റെ കൈയും പിടിച്ച് വീട്ടിലേക്കു നടക്കുമ്പോള്‍ മുട്ടു വിറയ്ക്കുന്നുണ്ടായിരുന്നു.

വീട്ടില്‍ ചെന്നുകയറിയപാടേ കുഞ്ഞുകുഞ്ഞ് മുറ്റത്തെ ചെടിയില്‍നിന്ന് വടി വെട്ടിയെടുത്തു. അടിക്കുന്നതിനു മുമ്പുള്ള ചോദ്യംചെയ്യലും തുടങ്ങി. വിങ്ങിപ്പൊട്ടുന്നതിനിടെ മണി കാര്യം പറഞ്ഞു. അതു കേട്ടപ്പോള്‍ കുഞ്ഞുകുഞ്ഞ് വടി ദൂരെക്കളഞ്ഞു. ശകാരവും നിറുത്തി. ശ്വാസം നേരേവീണപ്പോള്‍ മണി നേരേ അക്കമ്മയുടെ അടുക്കലേക്കോടി. അവിടെനിന്നും കിട്ടി വയറുനിറയേ.

പിറ്റേന്നു രാവിലെ കുഞ്ഞുകുഞ്ഞ് മകളെ ഉറക്കെ വിളിച്ചു. തലേന്നത്തേതിന്റെ ബാക്കി വാങ്ങിക്കാനായി പേടിച്ചുപേടിച്ച് മണി അങ്ങോട്ടേക്കു ചെന്നു. എന്നാല്‍ വഴക്കുപറയുന്നതിനു പകരം അച്ഛന്‍ ഒരു കാര്യം തിരക്കുകയാണ് ചെയ്തത്:
'നിനക്ക് പാട്ടിനോട് അത്രയ്ക്കിഷ്ടമാണോ?'
എന്തു പറയണമെന്നറിയാതെ മിണ്ടാതെ നിന്നപ്പോള്‍ അടുത്ത ചോദ്യം വന്നു: 'പറ, നിനക്കു പാട്ടു പഠിച്ചാല്‍ കൊള്ളാമെന്നുണ്ടോ?'
ഒറ്റ നിമിഷംകൊണ്ട് ആകാശത്തു ചെന്നു തൊട്ടതുപോലെ.
'വേണം... എനിക്ക് പാട്ടു പഠിക്കണം.'

അന്നു വൈകുന്നേരം പള്ളിക്കൂടം വിട്ടു വരുമ്പോള്‍ വീട്ടില്‍ അച്ഛന്റെ കൂടെ അതുവരെ കണ്ടിട്ടില്ലാത്ത ഒരാളിരിപ്പുണ്ടായിരുന്നു. അതു ഗോപാലകൃഷ്ണന്‍ എന്ന സംഗീതാദ്ധ്യാപകനായിരുന്നു. തടയില്‍ ഗോപാലകൃഷ്ണന്‍ മാസ്റ്റര്‍. അപ്പോള്‍ത്തന്നെ വെറ്റയും പാക്കും ഒരു വെള്ളിനാണയവും ദക്ഷിണ കൊടുത്ത് പാട്ടു പഠിക്കാനിരുന്നു. പിന്നീട് ജീവിതംതന്നെയായി മാറിയ സംഗീതത്തിന്റെ ലോകത്തേക്ക് സുലോചന വലതുകാല്‍വെച്ചു കയറിയത് അങ്ങനെയാണ്.
പള്ളിക്കൂടത്തില്‍ പോകുന്നതിലും പഠിക്കുന്നതിലുമുള്ള താത്പര്യത്തെക്കാള്‍ പതിന്മടങ്ങായിരുന്നു സംഗീതം പഠിക്കാനുള്ള ആവേശം.

പറഞ്ഞുകൊടുക്കുന്നതെല്ലാം ശ്രദ്ധയോടെ കേട്ടു മനസ്സിലാക്കുകയും ഒറ്റപ്രാവശ്യംകൊണ്ടുതന്നെ ഹൃദിസ്ഥമാക്കുകയും ലേശം 'ഒറിജിനാലിറ്റി'യോടെ പാടിക്കേള്‍പ്പിക്കുകയും ചെയ്യുന്ന ശിഷ്യയെ മാസ്റ്റര്‍ക്ക് വലിയ കാര്യമായിരുന്നു. അധികം വൈകാതെ അരങ്ങേറ്റത്തിനുള്ള അവസരവുമുണ്ടായി. കൃഷ്ണന്‍കുട്ടി പഠിച്ചിരുന്ന മഹാരാജാസ് സംസ്‌കൃതപാഠശാലയുടെ വാര്‍ഷികത്തോടനുബന്ധിച്ചായിരുന്നു മണിയുടെ ആദ്യകച്ചേരി. അങ്ങനെ മുന്‍കൂട്ടി പറഞ്ഞുറപ്പിച്ചതൊന്നുമായിരുന്നില്ല. അണ്ണന്‍ നിര്‍ബ്ബന്ധിച്ചപ്പോള്‍ അരങ്ങത്തു കയറി എം.എസ്സിന്റെ ചില കീര്‍ത്തനങ്ങളും സിനിമാപ്പാട്ടുകളും പാടിയെന്നേയുള്ളൂ. അണ്ണനും കൂട്ടുകാരും മുന്‍പന്തിയിലിരുന്ന് അനിയത്തിക്കുട്ടിയുടെ പാട്ടിനെ കൈയടിച്ചു പ്രോത്സാഹിപ്പിച്ചു. സമ്മാനമായി ഓറഞ്ചും മുന്തിരിയുമൊക്കെ കിട്ടി. പോരാത്തതിന് ഹെഡ്മാസ്റ്ററുടെ വകയായി ഹാരവും ബൊക്കെയും. സ്‌കൂളില്‍ അണ്ണന്റെ അന്തസ്സ് കുറച്ചുയര്‍ന്നു. അടുത്തയൊരു ദിവസത്തെ മലയാളി ദിനപത്രത്തില്‍ സ്‌കൂള്‍ വാര്‍ഷികാഘോഷത്തെക്കുറിച്ചു വന്ന വാര്‍ത്തയില്‍ ഒരു കാര്യം പ്രത്യേകം പരാമര്‍ശിച്ചിരുന്നു.
'തദവസരത്തില്‍ മാവേലിക്കര സുലോചനയുടെ പാട്ടുകച്ചേരിയും ഉണ്ടായിരുന്നു.' അന്നൊക്കെ സംഗീതജ്ഞര്‍ സ്ഥലപ്പേര്‍കൂടി ചേര്‍ത്താണല്ലോ അറിയപ്പെട്ടിരുന്നത്. അണ്ണന്റെ വിശേഷം പറച്ചിലും അനിയത്തിയെ പുകഴ്ത്തലും പത്രവാര്‍ത്തയുമെല്ലാംകൂടി വീട്ടിലെല്ലാവര്‍ക്കും വലിയ സന്തോഷമായി.

Content Highlights: KPAC Sulochana, Baiju Chandran, Mathrubhumi, Mathrubhumibooks, jeevithanatakam

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Debashis

9 min

'എന്തിനാണ് സ്‌കൂള്‍ വിടുന്നത്? വിദ്യാര്‍ത്ഥികള്‍ ഗണ്യമായ ഹൃദയവേദനയോടെയാണ് ചോദിച്ചത്'

Jun 5, 2023


Ramayanam

4 min

'തിരിച്ചയച്ചാനുടനേ മൃഗപക്ഷിഗണങ്ങളെ'; വിരഹവും വീണ്ടെടുപ്പും കലര്‍ന്ന രാമായണത്തിലെ പ്രകൃതിദര്‍ശനം

Jun 5, 2023


N.A. Naseer

5 min

'കാട്ടിലാകുന്ന ഓരോ നിമിഷവും തുറന്ന മനസ്സോടെ കാടായിത്തീരുക'

Jun 5, 2023

Most Commented