കെ.പി അപ്പൻ
നിരൂപകനും എഴുത്തുകാരനുമായിരുന്ന കെ.പി അപ്പന്റെ ജീവിതവും എഴുത്തും സമഗ്രമായി വിലയിരുത്തുന്ന പുസ്തകമാണ് പ്രസന്നരാജന്‍ എഴുതിയ കെ.പി അപ്പന്‍ നിഷേധിയും മഹര്‍ഷിയും. പുസ്തകത്തില്‍ നിന്നും ഒരു ഭാഗം വായിക്കാം.
ആലപ്പുഴയിലെ പ്രസിദ്ധമായ സനാതനധര്‍മ്മവിദ്യാലയത്തിലാണ് അപ്പന്‍ പഠിച്ചത്. അദ്ദേഹം സ്‌കൂളില്‍ സമര്‍ത്ഥനായ വിദ്യാര്‍ത്ഥിയായിരുന്നില്ല. ധന്യമായ സൗന്ദര്യങ്ങളൊന്നും വിദ്യാലയജീവിതത്തില്‍ ഉണ്ടായിരുന്നില്ല എന്ന് അദ്ദേഹം എഴുതിയിട്ടുണ്ട്. ഹൈസ്‌കൂള്‍ വിദ്യാഭ്യാസജീവിതം ഒട്ടും പ്രസന്നമല്ലായിരുന്നു. ഗണിതശാസ്ത്രക്ലാസുകള്‍ ദുസ്സ്വപ്നങ്ങളായി അനുഭവപ്പെട്ടു. ഇങ്ങനെയെല്ലാം അദ്ദേഹം പറയുന്നുണ്ടെങ്കിലും അദ്ദേഹത്തിന്റെ ഉള്ളിലെ ജന്മവാസനകളും അഭിലാഷങ്ങളും താത്പര്യങ്ങളും സഹൃദയത്വവും വളര്‍ന്നു വികാസംപ്രാപിച്ചത് വിദ്യാലയജീവിതത്തിലായിരുന്നു. വായന തുടങ്ങിയത് ഈ കാലത്താണ്. കുറച്ചൊക്കെ എഴുതിത്തുടങ്ങുകയും ചെയ്തു. കെ. ബാലകൃഷ്ണന്റെ കൗമുദി വാരികയിലെ ബാലപംക്തിയില്‍ കഥകളും ലേഖനങ്ങളുമെഴുതി.
സാഹിത്യത്തോടുള്ള കമ്പം കുട്ടിക്കാലത്തുതന്നെയുണ്ടായിരുന്നു. സ്‌കൂളില്‍ പഠിക്കുമ്പോള്‍ സമത്വം എന്ന പേരില്‍ കുട്ടുകാരോടൊപ്പം ചേര്‍ന്ന് കൈയെഴുത്തുമാസിക പുറത്തിറക്കി. സമത്വം എന്ന ആശയത്തോടുള്ള ആഭിമുഖ്യമാവണം ആ പേരു തിരഞ്ഞെടുക്കുവാന്‍ അപ്പനെ പ്രേരിപ്പിച്ചത്. തോപ്പില്‍ വിശ്വനാഥന്‍, വിജയന്‍, സുധാകരന്‍ എന്നീ കൂട്ടുകാരായിരുന്നു ആ മാസിക പുറത്തിറക്കാന്‍ അപ്പനെ സഹായിച്ചത്. അപ്പന്‍ പത്രാധിപരും പിന്നീട് കയര്‍ത്തൊഴിലാളിയായി മാറിയ വിജയന്‍ സഹപത്രാധിപരുമായിരുന്നു. ഒറ്റലക്കം മാത്രമേ പുറത്തു വന്നുള്ളൂവെന്ന് തോപ്പില്‍ വിശ്വനാഥന്‍ ഓര്‍ക്കുന്നു. സഹപത്രാധിപര്‍ ഉണ്ടായിരുന്നെങ്കിലും സമത്വത്തെ അണിയിച്ചൊരുക്കിയത് അപ്പനായിരുന്നു. സമത്വം കൈയെഴുത്തുമാസികയുടെ കവര്‍ സ്റ്റാലിന്റേതായിരുന്നു. സ്റ്റാലിന്റെ രാഷ്ട്രീയത്തോടുള്ള താത്പര്യംകൊണ്ടല്ല, അദ്ദേഹത്തിന്റെ വടിവൊത്ത കൊമ്പന്‍മീശയോടുള്ള ആരാധനകൊണ്ടാണ് അങ്ങനെ ചെയ്തതെന്ന് അപ്പന്‍ എഴുതിയിട്ടുണ്ട്. സ്റ്റാലിന്റെ ചിത്രം കൊടുത്തത് കമ്യൂണിസ്റ്റുകാരായ ബന്ധുക്കള്‍ക്ക് ഇഷ്ടപ്പെട്ടു. കാരണം, അന്ന് രാഷ്ട്രീയത്തില്‍ സ്റ്റാലിന്‍ യുഗമായിരുന്നു. സ്റ്റാലിന്റെ പ്രശസ്തി ലോകമെങ്ങും പരന്നിരുന്നു. കേരളത്തിലും സ്റ്റാലിന് ആരാധകരുണ്ടായിരുന്നു. അവരില്‍ ചിലര്‍ക്കാണ് സമത്വം കൈയെഴുത്തുമാസികയുടെ കവര്‍ ഇഷ്ടമായത്. കൂട്ടുകാരനായ സുധാകരന്‍ പിന്നീട് ഫിലിം റെപ്രസന്റേറ്റീവ് ആയി. കുട്ടിക്കാലത്ത് കുറച്ചു കാലം ഫുട്‌ബോള്‍ കളിച്ചു. പ്രിയപ്പെട്ടവര്‍ക്ക് 'അപ്പാവു' ആയിരുന്നു അപ്പന്‍. അങ്ങനെയാണ് അവര്‍ വിളിച്ചിരുന്നത്. ആരോടും കൂടുതലായി അപ്പന്‍ സംസാരിച്ചിരുന്നില്ല. എന്നാല്‍, എല്ലാവരോടും സ്‌നേഹമാണ്. വിടര്‍ന്ന കണ്ണുകളും ശാന്തഭാവവും ഒതുങ്ങിയ ഭാവങ്ങളുമുള്ള അപ്പന്‍ എല്ലാവര്‍ക്കും പ്രിയപ്പെട്ടവനായിരുന്നു എന്ന് കൂട്ടുകാര്‍ ഇപ്പോഴും ഓര്‍മ്മിക്കുന്നു.
അപ്പനുമൊത്തുള്ള സ്‌കൂളിലേക്കുള്ള യാത്ര എണ്‍പതുവയസ്സു കഴിഞ്ഞിട്ടും ഇന്നലെ എന്നപോലെ വിശ്വനാഥന്‍ ഓര്‍ക്കുന്നുണ്ട്. സ്‌കൂളിലേക്ക് മൂന്നു കിലോമീറ്ററില്‍ താഴെ ദൂരമുണ്ട്. വിശ്വനാഥനെക്കൂടാതെ വിജയനും സുധാകരനും ഉണ്ടാകും. നടന്നുനീങ്ങുമ്പോള്‍ വേറെ കൂട്ടുകാരും വന്നുചേരും. മുമ്പില്‍ അപ്പന്റെയും വിശ്വനാഥന്റെയും മൂത്ത സഹോദരിമാരും അവരുടെ കൂട്ടുകാരികളുമുണ്ടാകും. പെണ്‍കുട്ടികള്‍ മുമ്പിലും അവര്‍ക്ക് അകമ്പടിയായി സംരക്ഷണവലയം തീര്‍ത്തുകൊണ്ട് ആണ്‍കുട്ടികളും നീങ്ങും. അന്ന് പെണ്‍കുട്ടികളെ ശല്യംചെയ്യുന്നവര്‍ ഉണ്ടായിരുന്നില്ല. എങ്കിലും ആണ്‍കുട്ടികള്‍ ജാഗരൂകരായി അവരെ പിന്തുടരും. അപ്പനു വലിയ സംസാരമൊന്നുമില്ലെങ്കിലും കൂട്ടുകാരെ നിയന്ത്രിക്കാന്‍ അപ്പനു കഴിയുമായിരുന്നു എന്ന് വിശ്വനാഥന്‍ ഓര്‍ക്കുന്നു. സ്‌നേഹത്തോടെയുള്ള ഒരുതരം ആജ്ഞാശക്തിയാണത്. ഫുട്‌ബോള്‍ കളിയില്‍പ്പോലും അതുണ്ടായിരുന്നു എന്ന് വിശ്വനാഥന്‍ പറയുന്നു. ഇത് അപ്പന്റെ പെരുമാറ്റത്തിലും മറ്റുള്ളവരുമായുള്ള ഇടപെടലുകളിലും എന്നുമുണ്ടായിരുന്നു എന്നതു സത്യമാണ്.
വിദ്യാര്‍ത്ഥിയായ അപ്പന്‍
ബാല്യം കഴിഞ്ഞപ്പോള്‍ത്തന്നെ താമസം അതിശയപ്പുരയില്‍നിന്നു മാറി ആലപ്പുഴ പട്ടണത്തിന്റെ അരികിലുള്ള 'കാര്‍ത്തിക' എന്ന വീട്ടിലേക്കു മാറി. അങ്ങനെയാണ് കാര്‍ത്തികയില്‍ പത്മനാഭന്‍ (കെ.പി.) അപ്പന്‍ ആയത്. പില്‍ക്കാലത്ത് കൊല്ലത്തേക്ക് സ്ഥലംമാറ്റം വന്ന് അദ്ദേഹം കൊല്ലത്തേക്കു പോകുന്നതുവരെ ഈ വീട്ടിലാണ് താമസിച്ചത്. സ്‌കൂളില്‍ പഠിക്കുമ്പോള്‍ ഈ വീട്ടില്‍നിന്നും നടന്നുപോകും. അപ്പന്‍ പഠിച്ച ആലപ്പുഴയിലെ സനാതനധര്‍മ്മവിദ്യാലയത്തിന് വലിയ പാരമ്പര്യവും ചരിത്രവുമുണ്ട്. 1905-ല്‍ ആനി ബെസന്റിന്റെ തിയോസഫിക്കല്‍ സൊസൈറ്റി സ്ഥാപിച്ച വിദ്യാലയമാണത്. പ്രഗല്ഭരായ അദ്ധ്യാപകരുടെ വലിയ നിരതന്നെ അവിടെ എപ്പോഴുമുണ്ടാകും. അപ്പന്‍ പഠിക്കുമ്പോള്‍ പ്രധാന അദ്ധ്യാപകന്‍ തത്ത്വവേദിയായ വി.എസ്. താണു അയ്യരാണ്. വിദ്യാര്‍ത്ഥിയായ അപ്പന്റെ മനസ്സിനെയും മനോഭാവത്തെയും വിചാരജീവിതത്തെയും അഗാധമായി സ്വാധീനിച്ച അദ്ധ്യാപകനാണ് താണു അയ്യര്‍. ഒരിക്കല്‍ ക്ലാസില്‍ വന്ന താണു അയ്യര്‍സാര്‍ സ്‌കൂളിനെപ്പറ്റി പത്തു വാക്യങ്ങളെഴുതാന്‍ പറഞ്ഞു. എല്ലാവരും പത്തു വാക്യങ്ങളെഴുതിയപ്പോള്‍ അഞ്ചു വാക്യങ്ങള്‍ എഴുതാനേ അപ്പനു കഴിഞ്ഞുള്ളൂ. പാഠശാലയെ ശാന്തിനികേതനുമായി താരതമ്യപ്പെടുത്തി വൃക്ഷങ്ങള്‍ക്കും പൂക്കള്‍ക്കും പക്ഷികള്‍ക്കും ഇടയിലിരുന്ന് പഠിക്കുന്നതിനെപ്പറ്റി അപ്പന്‍ എഴുതിയത് സാറിന് ഏറെ ഇഷ്ടപ്പെട്ടു. താണു അയ്യര്‍ വിദ്യാര്‍ത്ഥിയായ അപ്പനെ പ്രശംസിച്ചു: 'നിനക്ക് ഇത് എവിടെനിന്നു കിട്ടി? നീ എന്തെങ്കിലും എഴുതാറുണ്ടോ?' എന്ന് അഭിനന്ദിച്ചുകൊണ്ട് ചോദിക്കുകയും ചെയ്തു. കൗമുദി ബാലപംക്തിയില്‍ ചിലതെല്ലാം എഴുതിയത് പറയണമെന്നുണ്ടായിരുന്നെങ്കിലും സങ്കോചംകൊണ്ട് പറയുവാന്‍ കഴിഞ്ഞില്ല. അദ്ധ്യാപകന്റെ വാക്കുകള്‍ കുറച്ചൊന്നുമല്ല ആ വിദ്യാര്‍ത്ഥിയെ കോരിത്തരിപ്പിച്ചത്. അതിനുശേഷം എഴുത്തിന്റെ ധീരത തന്റെ മനസ്സില്‍ മോചനത്തിനായി കാത്തുകിടന്നു എന്ന് അദ്ദേഹം പിന്നീട് എഴുതി. എഴുത്തിന്റെയും ചിന്തയുടെയും ലോകത്തേക്കു തന്നെ കൈപിടിച്ചുയര്‍ത്തിയത് താണു അയ്യര്‍സാറാണ് എന്ന് ഏറ്റുപറയുകയാണ് കെ.പി. അപ്പന്‍. എന്‍. പരമേശ്വരന്‍ നായര്‍, എന്‍. സ്വയംവരന്‍ നായര്‍, കല്ലേലി രാഘവന്‍പിള്ള, എം.കെ. സാനു തുടങ്ങിയവര്‍ അവിടെ അദ്ധ്യാപകരായിരുന്നു. അപ്പന്‍ സ്‌കൂളില്‍ ചേര്‍ന്നപ്പോഴേക്കും സാനുമാഷ് ഉപരിപഠനത്തിനു പോയി. അപ്പന്റെ മൂത്ത സഹോദരിയെ സാനുമാഷ് പഠിപ്പിച്ചു. സഹോദരിയുമൊത്ത് ചെറിയ കുട്ടിയായ അപ്പന്‍ വരുന്നത് കണ്ടിട്ടുണ്ടെന്ന് സാനുമാഷ് എഴുതിയിട്ടുണ്ട്. പല ഘട്ടങ്ങളിലും വഴിയില്‍വെച്ച് ആ കുട്ടിയെ കാണുകയും തിരിച്ചറിയുകയും കുശലങ്ങള്‍ പറയുകയും ചെയ്തിട്ടുണ്ട്. പിന്നീട് എറണാകുളം മഹാരാജാസില്‍ അപ്പന്റെ പ്രിയപ്പെട്ട അദ്ധ്യാപകനായി മാറി സാനുമാഷ്.
എന്‍. പരമേശ്വരന്‍ നായര്‍ ഇംഗ്ലീഷാണ് പഠിപ്പിച്ചത്. സ്‌കൂളിലെ ഗ്ലാമര്‍ താരമായിരുന്നു ഉണ്ണിസാര്‍ എന്ന് എല്ലാവരും വിളിക്കുന്ന പരമേശ്വരന്‍ നായര്‍ സാര്‍. തകഴിയുടെ അനന്തരവനാണ്. പിന്നീട് യൂണിവേഴ്‌സിറ്റി പ്രൊഫസറായി. ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന്റെ ജനറല്‍ മാനേജരായി. വേഡ്‌സ് വര്‍ത്തിന്റെ 'ഏകാന്തകൊയ്ത്തുകാരി' (The Solitary Reaper) എന്ന കവിത പരമേശ്വരന്‍ സാര്‍ പഠിപ്പിച്ചു. ആ കവിത ഇഷ്ടപ്പെട്ട അപ്പന്‍ അത് മലയാളത്തിലേക്ക് തര്‍ജ്ജമ ചെയ്തു സാറിനെ കാണിച്ചു. പേടിച്ചും ലജ്ജിച്ചും ഉത്കണ്ഠപ്പെട്ടുമാണ് അതു കാണിച്ചത്. അപ്പനില്‍ ലജ്ജാഭാവം പ്രകടമായുണ്ട്. ചെറുപ്പകാലത്ത് കൂടുതലായിരുന്നു. വളര്‍ന്നു വലുതായിട്ടും ചിരിയില്‍ ലജ്ജയുണ്ടായിരുന്നു. കവിതയുടെ തര്‍ജ്ജമ വലിയ ആശങ്കയോടെയാണ് കൊടുത്തത്. സാര്‍ അത് വായിച്ച് 'നൈസ്' എന്നു പറഞ്ഞ് തോളില്‍ ഒരിടി കൊടുത്തു. അടുത്ത ദിവസം സാര്‍ ആ പരിഭാഷ ക്ലാസില്‍ കൊണ്ടുവന്നു വായിക്കുകയും ചെയ്തു. പിന്നീട് വളരെ വര്‍ഷങ്ങള്‍ക്കുശേഷം അപ്പന്‍ കൊല്ലം എസ്.എന്‍. കോളേജില്‍ പഠിപ്പിച്ചിരുന്ന അവസരത്തില്‍ ഒരു ഉച്ചയ്ക്ക് യാദൃച്ഛികമായി കൊല്ലത്തെ നീലാ ഹോട്ടലില്‍വെച്ച് പരമേശ്വരന്‍ നായര്‍ സാറിനെ കണ്ടു. സാര്‍ സ്‌കൂളിലെ ജോലി വിട്ട് വേറെ ഉദ്യോഗത്തില്‍ പ്രവേശിച്ചിരുന്നു. ഹോട്ടലില്‍വെച്ച് കെ.പി. അപ്പന്‍ എന്ന വിമര്‍ശകനെ പരിചയപ്പെടുകയായിരുന്നു അദ്ദേഹം. ആരോ പരിചയപ്പെടുത്തി. പരിചയപ്പെട്ടപ്പോള്‍ വായനക്കാരനായ പരമേശ്വരന്‍ സാര്‍ 'ഞാന്‍ നിങ്ങളെ ശരിക്കും വായിക്കാറുണ്ട്. നിങ്ങളുടെ സ്റ്റൈല്‍ എനിക്ക് ഇഷ്ടമാണ്' എന്നു പറഞ്ഞു. ആലപ്പുഴ സനാതന ധര്‍മ്മവിദ്യാലയത്തില്‍ സാറിന്റെ വിദ്യാര്‍ത്ഥിയായിരുന്നു എന്ന് അപ്പന്‍ പറഞ്ഞപ്പോള്‍ പരമേശ്വരന്‍ സാര്‍ അതിശയവും അഭിമാനവും കൊണ്ട് ത്രസിച്ചുപോയി.
സോഷ്യല്‍ സ്റ്റഡീസ് പഠിപ്പിച്ച കല്ലേലി രാഘവന്‍പിള്ളസാര്‍ തൊണ്ണൂറ്റിമൂന്നാമത്തെ വയസ്സിലും വിനീതനും ശാന്തനുമായ അപ്പന്‍ എന്ന വിദ്യാര്‍ത്ഥിയെ ഓര്‍ക്കുന്നുണ്ട്. സ്‌കൂള്‍ ലൈബ്രറിയില്‍നിന്നും പുസ്തകങ്ങളെടുത്തു വായിക്കുന്ന ആ വിദ്യാര്‍ത്ഥിയെ ഇപ്പോഴും നല്ല ഓര്‍മ്മയുണ്ട്. ഉണ്ടക്കണ്ണുകളുരുട്ടി ശ്രദ്ധിച്ച് ക്ലാസില്‍ ഇരുന്ന തന്റെ വിദ്യാര്‍ത്ഥിയുടെ സാഹിത്യജീവിതത്തിന്റെ ഉയര്‍ച്ചയും വിമര്‍ശകന്‍ എന്ന നിലയിലുള്ള പ്രശസ്തിയും അഭിമാനത്തോടെ നോക്കിക്കണ്ട അദ്ധ്യാപകനാണ് രാഘവന്‍പിള്ള. പിന്നീട് ഇരുവരും ആലപ്പുഴയില്‍ ഒരുമിച്ച് ഒരുപാടു മീറ്റിങ്ങുകളില്‍ പ്രസംഗിച്ചിട്ടുണ്ട്. ഓരോ പ്രസംഗത്തിലും തന്റെ അദ്ധ്യാപകനെക്കുറിച്ച് നല്ല വാക്കുകള്‍ പറയുന്ന വിനീതവിദ്യാര്‍ത്ഥിയായിരുന്നു കെ.പി. അപ്പനെന്ന് ഓര്‍ക്കുന്നു ഈ അദ്ധ്യാപകന്‍. വായനയെ പ്രോത്സാഹിപ്പിച്ച കല്ലേലി രാഘവന്‍പിള്ളസാറിനെപ്പറ്റി ഓര്‍മ്മക്കുറിപ്പുകളില്‍ അപ്പന്‍ എഴുതിയിട്ടുണ്ട്. ജവാഹര്‍ലാല്‍ നെഹ്രുവിന്റെ അച്ഛന്‍ മകള്‍ക്കയച്ച കത്തുകള്‍ എന്ന ഗ്രന്ഥത്തെപ്പറ്റി കല്ലേലിസാര്‍ ക്ലാസില്‍ പറയുമായിരുന്നു. അമ്പതുകളുടെ തുടക്കത്തില്‍ നെഹ്രു ഇന്ത്യന്‍ മനസ്സുകളില്‍ നിറഞ്ഞു നില്‍ക്കുകയായിരുന്നു. കുട്ടികള്‍ നെഹ്രുവിനെ കാണുമ്പോള്‍ ആര്‍ത്തുവിളിക്കുമായിരുന്നു. നെഹ്രു മകള്‍ക്കയച്ച കത്തുകളും അന്ന് ഏറെ ശ്രദ്ധിക്കപ്പെട്ടു. സാറിന്റെ വാക്കുകള്‍ കേട്ട് അപ്പനും ചെറുപ്രായത്തില്‍ത്തന്നെ ആ 'കത്തുകള്‍' വായിച്ചു. ആ കത്തുകള്‍ വായിച്ച് 'പ്രിയദര്‍ശിനിയുടെ കണ്ണുകള്‍ കൂടുതല്‍ വലുതായിക്കാണണം' എന്ന് അപ്പന്‍ ഊഹിച്ചു. പുസ്തകം ഇഷ്ടപ്പെട്ടെങ്കിലും രാമായണത്തിലെ കുരങ്ങന്മാര്‍ തെക്കേ ഇന്ത്യയിലെ കറുത്ത മനുഷ്യരാകാം എന്ന് നെഹ്രു എഴുതിയത് അപ്പനിഷ്ടമായില്ല. കുട്ടിക്കാലത്തുതന്നെ പുസ്തകം വായിക്കുക മാത്രമല്ല, അത് ചെറുരൂപത്തിലെങ്കിലും വിലയിരുത്തുവാനും അദ്ദേഹം ശ്രദ്ധിച്ചു എന്നാണ് ആ പരാമര്‍ശം കാണിക്കുന്നത്.
സ്വര്‍ണ്ണത്തെക്കാള്‍ വിലയുള്ള പുസ്തകങ്ങള്‍
സ്‌കൂള്‍ജീവിതം അത്രയൊന്നും പ്രസന്നമായിരുന്നില്ല. കണക്കു പഠിപ്പിച്ച ക്ലാസുകള്‍ പേടിസ്വപ്നങ്ങളായിരുന്നു എന്നൊക്കെ എഴുതിയ അപ്പന്‍ അക്കാലത്ത് അദ്ധ്യാപകരില്‍നിന്നും കിട്ടിയ കടുത്ത ശിക്ഷയെക്കുറിച്ചും പറഞ്ഞിട്ടുണ്ട്. അന്നൊക്കെ അദ്ധ്യാപകര്‍ വിദ്യാര്‍ത്ഥികള്‍ക്ക് കഠിനമായ ശിക്ഷകള്‍ കൊടുത്തിരുന്നു. ഭീകരമായ ചൂരല്‍പ്രയോഗം അന്ന് സര്‍വ്വസാധാരണമാണ്. ഒരുതരം ലാത്തിച്ചാര്‍ജ് തന്നെയായിരുന്നു അത്. അടി കൊടുത്ത് വിദ്യാര്‍ത്ഥികളെ പഠിപ്പിക്കണമെന്ന് മാതാപിതാക്കളും ആഗ്രഹിച്ച കാലമാണത്. ചെയ്യാത്ത കുറ്റത്തിനും വിദ്യാര്‍ത്ഥിയായ അപ്പന് അദ്ധ്യാപകനില്‍നിന്നും ചൂരല്‍കൊണ്ടുള്ള അടി കിട്ടിയിട്ടുണ്ട്. സ്‌കൂള്‍ അദ്ധ്യാപകന്‍ കൈവെള്ളയില്‍ സര്‍വ്വശക്തിയുമുപയോഗിച്ച് ആറു തവണ ആഞ്ഞടിച്ചപ്പോള്‍ കണ്ണില്‍നിന്നും നക്ഷത്രമല്ല, ഒരു സൗരയൂഥംതന്നെ തെറിച്ചുപോയി എന്നു പില്‍ക്കാലത്ത് കൊല്ലത്തെ ഒരു സ്‌കൂളില്‍ പ്രസംഗിച്ച വേളയില്‍ അപ്പന്‍ വ്യക്തമാക്കിയിട്ടുണ്ട്. അന്നത്തെ ചില അദ്ധ്യാപകരുടെ രീതി അതായിരുന്നു.
എല്ലാവരുടെയും വിദ്യാര്‍ത്ഥിജീവിതത്തില്‍ ഇത്തരം അനുഭവങ്ങളുണ്ടാകും. എങ്കിലും പിന്നീട് അവര്‍ ജീവിതത്തില്‍ നേടിയെടുത്ത പല വിജയങ്ങളുടെയും തുടക്കം സ്‌കൂള്‍ ജീവിതത്തിലാകും. അപ്പന്റെ കാര്യത്തിലും അങ്ങനെത്തന്നെയാണ്. അപ്പന്റെ ധൈഷണികജീവിതത്തിന്റെയും വിമര്‍ശകവ്യക്തിത്വത്തിന്റെയും അടിസ്ഥാനമിട്ട വായന ആരംഭിച്ചത് വിദ്യാലയഘട്ടത്തിലായിരുന്നു എന്നതാണ് സത്യം. നാളെ എഴുത്തുകാരനാകുമെന്ന് കരുതിക്കൊണ്ടാവില്ല വായന തുടങ്ങിയത്. അപ്പന്റെ ഏകദേശം ആറു പതിറ്റാണ്ടുകാലം നീണ്ടുനിന്ന നിസ്തന്ദ്രമായ വായന ആരംഭിച്ചത് സ്‌കൂളില്‍ പഠിക്കുമ്പോഴാണ്. വായന രാത്രികളെ പകലുകളാക്കി മാറ്റാറുണ്ട് എന്നു തന്റെ വായനയെപ്പറ്റി അപ്പന്‍ പിന്നീടു പറയുന്നുണ്ട്. ആ ആഴത്തിലുള്ള വായന
സ്‌കൂള്‍ജീവിതകാലത്താണ് ആരംഭിച്ചത്. ഏഴാംക്ലാസുമുതല്‍ പുസ്തകങ്ങള്‍ ഗൗരവമായി വായിച്ചുതുടങ്ങി. മാത്രമല്ല, പുസ്തകങ്ങള്‍ ശേഖരിച്ചുതുടങ്ങുകയും ചെയ്തു. സ്വര്‍ണ്ണത്തെക്കാള്‍ വിലയുള്ളതാണ് പുസ്തകമെന്നു വിശ്വസിക്കുകയും ചെയ്തു. കുട്ടിക്കാലത്തുതന്നെ പുസ്തകങ്ങള്‍ അപ്പന്റെ കൂട്ടുകാരായി മാറി. ചെറിയ പ്രായത്തിലെ ഏകാന്തതയെക്കുറിച്ചും വായനയെക്കുറിച്ചും സാര്‍ത്ര് ആത്മകഥയായ വാക്കുകളില്‍ (The Words ) ഇപ്രകാരമെഴുതി: 'ഞാന്‍ മണ്ണുവാരിക്കളിച്ചില്ല. പക്ഷിക്കൂടുകള്‍ തേടിയലഞ്ഞില്ല. ഔഷധച്ചെടികള്‍ തിരക്കിനടന്നില്ല. കിളികളെ കല്ലെറിഞ്ഞില്ല. പുസ്തകങ്ങളായിരുന്നു എന്റെ കിളികള്‍, എന്റെ കളിക്കൂട്ടുകാര്‍, എന്റെ വളര്‍ത്തുമൃഗങ്ങള്‍, എന്റെ തൊഴുത്ത്, എന്റെ ഗ്രാമം...'
ഇരുപതാംനൂറ്റാണ്ടു കണ്ട ഏറ്റവും വലിയ തത്ത്വചിന്തകനും എഴുത്തുകാരനുമായ സാര്‍ത്രിന്റെ ഈ വാക്കുകള്‍ അപ്പന്റെ കുട്ടിക്കാലത്തെ വായനയ്ക്കും യോജിക്കുന്നു. സാര്‍ത്രിനെപ്പോലെ അപ്പനും കുട്ടിക്കാലത്ത് മനസ്സുകൊണ്ട് ഏകനായിരുന്നു. പുസ്തകങ്ങളായിരുന്നു ഇളംപ്രായത്തില്‍ അപ്പന്റെയും സുഹൃത്തുക്കള്‍.
Content Highlights: K.P Appan, Prasannarajan, Mathrubhumi Books


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..