ചേരരാജ്യത്തിന്റെ പതനം ക്രിസ്തുവർഷം പന്ത്രണ്ടാം ശതകത്തിൽ കേരളത്തിൽ ചില പുതിയസംഭവങ്ങൾക്ക് വഴിവെച്ചു. ഒന്നുചീഞ്ഞു മറ്റൊന്നിനുവളമായിത്തീരുക പ്രകൃതിയിൽ സാധാരണമാണല്ലോ. അതുവരെ കേരളരാജ്യത്തിന്റെഭാഗമായിരുന്ന കുറെ നാടുകൾ സ്വാതന്ത്ര്യം പ്രാപിച്ചു- വടക്കേയറ്റത്തു കോലത്തുനാട് തുടങ്ങി തെക്കേയറ്റത്ത് വേണാട് വരെ. അവ തമ്മിൽ വെട്ടിപ്പിടിത്തമായി.
കൗടില്യന്റെ ശൈലിയിൽ മത്സ്യന്യായം - വലുതു ചെറുതിനെ ഭക്ഷിക്കുന്നസമ്പ്രദായം-പ്രയോഗത്തിൽക്കാണാൻതുടങ്ങി. കരുത്തുംസാമർഥ്യവുമുള്ളവർ മറ്റുള്ളവരെതോൽപ്പിച്ചുമുന്നോട്ടുവന്നു. അക്കൂട്ടത്തിൽ ഏറനാട്ടിലെ പാരമ്പര്യവഴിക്കുള്ള നാടുവാഴികളായ നെടിയിരുപ്പിൽ ഏറാടിമാർ സുപ്രധാനമായ ഒരു സ്ഥാനമർഹിക്കുന്നു. അവരാണ് പിന്നീട് അറബികളുടെ ഭാഷയിൽ 'സാമിരി'-കാഫറുകളുടെ പ്രമാണി-എന്നറിയപ്പെട്ടുവന്നത്. കോഴിക്കോടിന്റെചരിത്രം വളരെക്കാലത്തേക്ക് അവരുടെ ചരിത്രമായി.
മക്കത്തുപോയ ചേരമാൻപെരുമാൾ വിശ്വസ്തസേവകനായ മാനിച്ചനേറാടിക്ക് അവസാനമായി ഒരു സമ്മാനംകൊടുത്തു - കടപ്പുറത്ത് ആർക്കും വേണ്ടാതെകിടന്ന ചില ചെറിയദേശങ്ങൾ. ഒരുടവാളും, 'ചത്തും കൊന്നും അടക്കിക്കൊൾക' എന്ന ഒരുപദേശവുംകൂടി അക്കൂട്ടത്തിൽനല്കിയിരുന്നു.
മാനിച്ചനേറാടി- മാനവിക്രമനെന്നാണ് മുഴുവൻപേർ- ആ സമ്മാനങ്ങൾ ഭക്തിപൂർവം സ്വീകരിച്ചു. ബുദ്ധിയുള്ള ഒരു സാഹസികന് അവ ധാരാളമായിരുന്നു. പിന്നീട് ആ പെരുമാളുടെ പുതിയബന്ധുക്കളായ അറബിമുസ്ലിങ്ങളുടെ സഖ്യവും ഏറാടിസമ്പാദിച്ചു.
ആദ്യമായി കടപ്പുറത്തുനിന്നല്പം ദൂരെ ഒരുകോട്ടകെട്ടി അവിടെതാമസമാക്കി. ഇന്നും ആ കോട്ടയുടെ സ്ഥാനം 'കോട്ടപ്പറമ്പ്' എന്ന പേരിലാണറിയപ്പെടുന്നത്. കോവിലകമുള്ളസ്ഥലം എന്ന അർഥത്തിൽ 'കോയിൽ-ക്കോട്' എന്ന് ആപ്രദേശത്തിനു പേർ വന്നു.
രണ്ടാമതായി കല്ലുകെട്ടിപ്പടുത്ത ഒരഴിമുഖം കച്ചവടക്കപ്പലുകളുടെ സൗകര്യത്തിനുവേണ്ടി തയ്യാറാക്കി. അവിടം 'കല്ലഴി' പിന്നീട് 'കല്ലായി' എന്നപേരിലാണ് ഉദ്ദേശം എട്ടുനൂറ്റാണ്ടോളമായി പ്രസിദ്ധിയാർജിച്ചത്.
മൂന്നാമതായി രാജ്യത്തിന്റെവിസ്താരം കൂട്ടാനുള്ളപദ്ധതികൾ ആരംഭിച്ചു. യുദ്ധം, കൈക്കൂലി, ചതി-മാനിച്ചന്റെ അനന്തിരവന്മാർ ഉപയോഗിക്കാത്ത അടവുകളൊന്നുമില്ല. പോർളാതിരിയോട് കുറെക്കാലം യുദ്ധം ചെയ്തു നോക്കി. നിവൃത്തിയില്ലാതെ പിന്നീട് അദ്ദേഹത്തിന്റെ കാര്യക്കാരെയും കെട്ടിലമ്മയെയും കൈക്കൂലികൊണ്ടുവശത്താക്കി ചതിച്ച് ആ നാടുപിടിച്ചടക്കി.
അടക്കിയസ്ഥലം ഭരിക്കാനവർക്കറിയാമായിരുന്നു. പിന്നെ പരപ്പുനാട്, വെട്ടത്തുനാട്, നെടുങ്ങനാട്, വള്ളുവനാട്, തരൂർനാട്-അങ്ങനെ രണ്ടുമൂന്നു ശതകങ്ങൾക്കുള്ളിൽ ഏറനാടിന്റെ- അല്ല പുതിയ കോഴിക്കോട്ടുരാജ്യത്തിന്റെ- വിസ്താരം കൊയിലാണ്ടിതൊട്ടു കൊടുങ്ങല്ലൂർവരെ ആയിത്തീർന്നു.
രാജധാനി
മാനവിക്രമന്റെ പേരിനെനിലനിർത്തുന്ന 'മാനൻചിറ' മാത്രമാണ് ഇന്നു കോഴിക്കോട്ടു വിക്രമപുരം കൊട്ടാരത്തിന്റെ അവശിഷ്ടമായിട്ടുള്ളത്. ഫുട്ബോൾ മത്സരങ്ങൾ നടന്നിരുന്ന മൈതാനത്ത് പണ്ടു വാൾപ്പയറ്റുകൾ നടന്നിട്ടുണ്ടാകാം. ഹജൂരാപ്പീസിന്റെ സ്ഥാനത്ത് സാമൂതിരിയുടെ കച്ചേരി ആയിരുന്നു. ആസ്പത്രിമന്ദിരംനില്ക്കുന്നത് അദ്ദേഹത്തിന്റെ കാര്യാലോചനാമണ്ഡപത്തിനടുത്തായിരിക്കണം.
പഴയ കോർപ്പറേഷൻബസ്സ്റ്റാൻഡ് അദ്ദേഹത്തിന്റെപടിപ്പുരയുടെസ്ഥാനത്താണ്. പാളയത്തിൽ പണ്ട് നായർപ്പടയാളികൾ അഹോരാത്രം കാവലായിരുന്നു. തളി അമ്പലത്തിനടുത്തായിരുന്നു തമ്പുരാട്ടിമാർ താമസിക്കുന്ന അമ്പാടികോവിലകം. അതിനപ്പുറത്ത് ചാല അഥവാ ബ്രാഹ്മണരുടെ വേദാധ്യയനശാലയും അതിലേക്കുചേർന്ന സ്ഥലങ്ങളും.
അങ്ങനെയാണ് ചാലപ്പുറം എന്ന പേർ വന്നത്. അവിടന്നങ്ങോട്ട് മാനൻകാവ് (മാങ്കാവ്) എന്നറിയപ്പെട്ട തോട്ടങ്ങൾ, തളിമഹാക്ഷേത്രത്തിൽനിന്ന് ഉദ്ദേശം രണ്ടു നാഴിക ദൂരെ വള്ളുവനാട്ടു തിരുമാന്ധാംകുന്നിൽനിന്ന് ആവാഹിച്ചു കൊണ്ടുവന്നുപ്രതിഷ്ഠിച്ച വള്ളുവനാടുഭഗവതിയുടെ ഒരുകാവുണ്ട്.
അവിടെനിന്നു കുറച്ചകലെ ഒരു കുന്നിന്മേൽ സാമൂതിരിയുടെ കുതിരപ്പടയുടെ ആസ്ഥാനമായിരുന്നു-കുതിരവട്ടം. ഈ നഗരം ഒരു ചെറുസാമ്രാജ്യത്തിന്റെ തലസ്ഥാനമായിരുന്ന സുവർണകാലത്തെഅനുസ്മരിപ്പിക്കാൻ അങ്ങനെ ഒന്നുരണ്ട് ക്ഷേത്രങ്ങളും കുറെപേരുകളും മാത്രം ബാക്കിനില്ക്കുന്നു.
ഒരുനാഴികയിലേറെ ചുറ്റുവട്ടമുള്ളതും വ്യാളീമുഖാലങ്കാരങ്ങൾ ചേർന്നമതിലുകളും വലിയകിടങ്ങുകളും ചൂഴ്ന്നതുമായ രാജധാനിയെപ്പറ്റി പൈറാർഡ് ഡി ലവാളിന്റെ ദൃക്സാക്ഷിവിവരണം ഇതാ:
'ഭംഗിയും ഉറപ്പുമുള്ള കെട്ടിടങ്ങൾ, നല്ലമതിലുകൾ, കിടങ്ങുകൾ, ചങ്ങലപ്പാലത്തോടുകൂടിയ ഗോപുരവാതിലുകൾ. കിടങ്ങുകളിൽ നിറയെ വെള്ളം, വിട്ടുവിട്ടു പല നിലയുള്ള താമസസ്ഥലങ്ങൾ, പൂന്തോട്ടങ്ങൾ, പഴത്തോട്ടങ്ങൾ, ചിറകൾ, മത്സ്യക്കുളങ്ങൾ, തോടുകൾ, എല്ലാറ്റിനും കല്പടവുകൾ, കുടിക്കാൻപറ്റിയ തെളിവെള്ളമുള്ള നീർച്ചാട്ടങ്ങൾ, കൊട്ടാരത്തിനകത്ത് ആയുധങ്ങളും വെടിമരുന്നും പടക്കോപ്പുകളുമുള്ള ഒരായുധപ്പുരയുമുണ്ട്.
'നാലുപടിവാതിലുകളിൽ അനേകം ഭടന്മാർ പകലിരവ് കാവൽ നടത്തുന്നു. നല്ല പരിചയമുള്ളവരെയല്ലാതെ അവർ അകത്തു കടത്തുകയില്ല. അതുപോലും ചോദ്യം ചെയ്തശേഷം. എന്നിട്ടയാളെ കാവൽക്കാർതന്നെ പോകേണ്ടദിക്കിലേക്ക് ആനയിക്കും. രാജാവിനെ കാണാനാണെങ്കിൽ ഒരു കാവൽക്കാരനിൽ നിന്ന് മറ്റൊരുത്തൻ ഏറ്റുവാങ്ങി അവസാനം രാജാവിന്റെ അംഗരക്ഷകർ (അകമ്പടി) നില്‍ക്കുന്നിടത്തെത്തിക്കും. അവരാണ് പിന്നെ വേണ്ടതുചെയ്യുക. നാലു പ്രവേശനദ്വാരങ്ങളും നാലു പടിപ്പുരകളുമുണ്ടെന്നുപറഞ്ഞുവല്ലോ.
എന്നാൽ ഏതുവഴിക്കുപോയാലും രാജമന്ദിരത്തിലെത്തുംമുൻപ് ഉള്ളിലുള്ളിലായി മൂന്നുപടിപ്പുരകൾ കടക്കണം. അകത്തുള്ളതിനു പുറമെ ഓരോദിക്കിലും ഭടന്മാർ കാവൽനില്ക്കുന്നു. കൂടാതെ കൊട്ടാരത്തിനകത്ത് ഒരൊളിസ്ഥലത്ത് ഒരു ശക്തിയുള്ളസൈന്യമുണ്ട്. അവരാണ് മറ്റെല്ലാവരേയും നിയന്ത്രിക്കുന്നത്. അവിടെ രാജാവിനാവശ്യമുള്ളപ്പോൾ അരമനയ്ക്കുള്ളിൽ എല്ലാ സൈന്യങ്ങളെയും ഒന്നിച്ചു വിളിച്ചുവരുത്താൻ ഉപയോഗിക്കുന്ന ഒരു വലിയ മണിയുണ്ട്. ഓരോ പടിവാതില്ക്കലും ജനക്കൂട്ടം അടുത്തുവരുന്നതിനെ തടയാൻ ചിലകെട്ടുകളും ഇടനാഴികളുമൊക്കെയുണ്ട്.
'ക്രിസ്തുവർഷം 1766-ൽ ഹൈദരാലിയുടെ മൈസൂർസൈന്യം കോട്ടയ്ക്കുമുന്നിൽവന്നുപാളയമടിച്ചപ്പോൾ കീഴടങ്ങുന്നതിന്റെ അപമാനംസഹിക്കാൻകഴിയാതെ അന്നത്തെസാമൂതിരി സ്വന്തം കൈകൊണ്ട് ഈ വലിയകൊട്ടാരത്തിലെ വെടിമരുന്നിനുതീക്കൊളുത്തി നശിപ്പിക്കുകയാണുണ്ടായത്. അന്ന് അദ്ദേഹം മാത്രമല്ല, കൊട്ടാരവും ഉദ്യോഗസ്ഥന്മാരും കോഴിക്കോടിന്റെ സ്വാതന്ത്ര്യവും എല്ലാം ഒന്നിച്ചാണ് 'തീപ്പെട്ടത്.'
സർവാധികാര്യക്കാർ
സർവാധികാര്യക്കാർ എന്ന സ്ഥാനമുള്ള നാലു മന്ത്രിമാർ സാമൂതിരിക്കുണ്ടായിരുന്നു. വട്ടോളിയിൽ ചാത്തോടത്തു ഇടത്തിലെ 'മങ്ങാട്ട് അച്ച'നാണ് പ്രധാനി. ഈ അച്ചന്മാരുടെ കൗശലങ്ങളെപ്പറ്റിയുള്ള കഥകൾ നാട്ടിൻപുറങ്ങളിലിന്നും പ്രചരിക്കുന്നു. സ്വരൂപത്തിന്റെ ആസ്ഥാനമായ നെടിയിരിപ്പിനടുത്തു മുറയൂരിലുള്ള തിനയഞ്ചേരിഇളയതാണ് പിന്നത്തെയാൾ.
തിരുവേഗപ്പുറയിലെ ധർമോത്ത് പണിക്കർ കോവിലകത്തെ കളരിയാശാനായിരുന്നു. വരയ്ക്കൽ പാറനമ്പിയാണ് നാലാമത്തെയാൾ. പാരമ്പര്യമനുസരിച്ചുള്ള ഈ സർവാധികാര്യക്കാർക്കു പുറമേ ധാരാളം കാര്യക്കാരെ അപ്പപ്പോൾ നിശ്ചയിക്കാറുണ്ടായിരുന്നു.
കൊട്ടാരത്തിലെ ഓരോജോലിക്കും സ്ഥിരമായ ചില മേൽനോക്കികളുണ്ട് (മേൽനോക്കി = മേൽനോട്ടം വഹിക്കുന്നയാൾ). നന്ദാവനത്തിൽനമ്പി തിരുവാഭരണങ്ങൾ സൂക്ഷിക്കാൻ.
കോഴിക്കോട്ടുരാജാവിന്റെ കച്ചേരിയിലെചിട്ടയെപ്പറ്റി വിദേശികൾക്കെല്ലാം നല്ലമതിപ്പായിരുന്നു. 1510-ാം കൊല്ലം പോർച്ചുഗീസുകാരൻ ബർബോസ രേഖപ്പെടുത്തുന്നു:
'കോഴിക്കോട്ടുരാജാവ് തന്റെ കൊട്ടാരത്തിൽ ഒരു വലിയസംഘം കണക്കപ്പിള്ളമാരെ താമസിപ്പിക്കുന്നു. അവർ അദ്ദേഹത്തിന്റെ സ്ഥാനത്തുനിന്നകലെ ഒരുയർന്ന മണ്ഡപത്തിൽ ഇരിക്കും. രാജഭണ്ഡാരത്തിലെ വരവുചെലവുകളെപ്പറ്റിയും നീതിന്യായഭരണത്തെപ്പറ്റിയും എല്ലാ സംഗതികളും രേഖപ്പെടുത്തിവെക്കും. അവർ ഉണങ്ങിയ ഓലമേൽ ഇരുമ്പാണികൊണ്ട് മഷിയില്ലാതെയാണ് എഴുതുന്നത്...
അവർക്കുപുറമേ രാജാവിനു വലിയ പ്രമാണികളായ ഏഴെട്ടു സ്വകാര്യലേഖകർ വേറെയുമുണ്ട്. ഇക്കൂട്ടർ എപ്പോഴും രാജാവിന്റെ മുൻപിൽ ഓലക്കെട്ടും കക്ഷത്തുവെച്ച് എഴുത്താണിയും പിടിച്ചുനില്ക്കുന്നുണ്ടാകും. ഓരോരുത്തരുടെ കൈയിലും രാജമുദ്രയുള്ള കുറെ ഓലകളുമുണ്ടായിരിക്കും. രാജാവ് എന്തെങ്കിലും കല്പിക്കുമ്പോൾ ഇവരോട് പറകയും ഇവർ ഓലയിലെഴുതി അതാത് കക്ഷികൾക്കെത്തിക്കുകയും ചെയ്യുന്നു.'
(ഇൗ പുസ്തകം മാതൃഭൂമി ബുക്സിൽ ലഭിക്കും. ഫോൺ: 0495 2720998)
വര: മദനൻ
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..