കോട്ടയം പുഷ്പനാഥ് | ഫയൽ ചിത്രം
ടി.ടി.സി. പഠനം പൂര്‍ത്തിയാക്കി അധികം വൈകാതെതന്നെ അദ്ധ്യാപകനായി ജോലി ലഭിച്ചു. കോഴിക്കോട് ജില്ലയിലെ മുക്കത്തിനടുത്ത് കൊടിയത്തൂര്‍ എന്ന ഗ്രാമത്തിലെ എസ്.കെ.യു.പി. സ്‌കൂളിലെ ചരിത്രാദ്ധ്യാപകനായി ഔദ്യോഗികജീവിതം ആരംഭിച്ചു. 1960-ല്‍ ആണ് ജോലിയില്‍ പ്രവേശിക്കുന്നത്. കാഞ്ചനമാല- മൊയ്തീന്‍ പ്രണയകഥയിലെ അനശ്വരനായകന്‍ ബി.പി. മൊയ്തീന്റെ ഒരു ബന്ധുവിന്റെ വീട്ടിലായിരുന്നു പുഷ്പനാഥും മറ്റു ചില അദ്ധ്യാപകരും താമസിച്ചിരുന്നത്. മൊയ്തീനുമായി പുഷ്പനാഥിന് നല്ലൊരു ബന്ധമാണ് ഉണ്ടായിരുന്നത്. രണ്ടു വര്‍ഷമാണ് പുഷ്പനാഥ് മുക്കത്ത് കൊടിയത്തൂരില്‍ ജോലി ചെയ്തത്. ആ കുടുംബത്തോടുണ്ടായിരുന്ന ഇഷ്ടവും അടുപ്പവും കാരണമാണ് പുഷ്പനാഥ് പില്‍ക്കാലത്ത് മക്കള്‍ക്ക് സലിം, സീനു, ജമീല എന്നു പേരിടാന്‍ കാരണം.
1962-ല്‍ ഇടുക്കി ദേവികുളത്തെ സ്‌കൂളിലേക്ക് സ്ഥലംമാറ്റം കിട്ടി. ആ സമയത്തായിരുന്നു പുഷ്പനാഥിന്റെ വിവാഹം. മറിയാമ്മ (മേരിയമ്മ)യെയാണ് പുഷ്പനാഥ് കല്യാണം കഴിച്ചത്. പുഷ്പനാഥിന്റെ വീടിനടുത്തുതന്നെയായിരുന്നു മറിയാമ്മയുടെ വീടും. രണ്ടുപേര്‍ക്കും ചെറുപ്പം മുതലേ അറിയാമായിരുന്നുവെങ്കിലും പ്രണയമൊന്നുമുണ്ടായിരുന്നില്ല. പുഷ്പനാഥിന്റെ അമ്മയ്ക്ക് മറിയാമ്മയെ വലിയ ഇഷ്ടമായിരുന്നു. വീട്ടില്‍ സ്‌പെഷ്യലായിട്ട് എന്ത് ആഹാരമോ പലഹാരമോ ഉണ്ടാക്കിയാല്‍ ഒരു വീതം മറിയാമ്മയെ വിളിച്ചുകൊടുക്കുമായിരുന്നു. കണ്ടില്ലെങ്കില്‍ മറിയാമ്മയ്ക്കുള്ള പങ്ക് പിറ്റേദിവസംവരെ മാറ്റിവെച്ചിരുന്നു.
പുഷ്പനാഥിന് പല വിവാഹാലോചനകള്‍ വന്നെങ്കില്‍ ഒന്നും നടന്നില്ല. കാണുന്ന പെണ്ണുങ്ങളെയൊന്നും ഇഷ്ടപ്പെട്ടില്ല. മറിയാമ്മയുടെ അപ്പച്ചന് പുഷ്പനാഥിനെ വളരെ ഇഷ്ടമായിരുന്നു. അമ്മ പലപ്പോഴും ഇവളെ കല്യാണം കഴിച്ചാല്‍ മതിയെന്ന് പുഷ്പനാഥിനോട് പറയുമായിരുന്നു. മറിയാമ്മയുടെ തറവാട് പേരൂരാണ്. ഒരനുജത്തിയും രണ്ടാങ്ങളമാരും തറവാട്ടുവീട്ടില്‍ത്തന്നെയാണ് താമസം. മൂത്ത ചേച്ചി മകനോടൊപ്പം ബിഹാറിലാണ്. ഒരനുജത്തി ടീച്ചറാണ്. അവര്‍ കൊല്ലത്തു താമസിക്കുന്നു. മറ്റൊരാള്‍ കുറവിലങ്ങാട്ടും ഇളയ മൂന്നുപേരില്‍ ഒരാള്‍ പന്നിമറ്റത്തും രണ്ടുപേര്‍ കോട്ടയത്തും താമസിക്കുന്നു.
ദേവികുളത്ത് മൂന്നു വര്‍ഷം താമസിച്ചു. ക്വാര്‍ട്ടേഴ്‌സിലായിരുന്നു താമസം. ആ സമയത്തൊക്കെ പുഷ്പനാഥിന്റെ കുറ്റാന്വേഷണകഥകള്‍ ഡിറ്റക്ടര്‍ മാസികയില്‍ സ്ഥിരമായി അച്ചടിച്ചുവന്നിരുന്നു. കൂടാതെ ചില സാമൂഹികകഥകളും അദ്ദേഹം എഴുതിയിരുന്നു. ദേവികുളത്ത് ജോലി ചെയ്യുന്ന സമയത്താണ് പുഷ്പനാഥിന്റെ മൂത്തമകന്‍ സലിം പുഷ്പനാഥ് ജനിക്കുന്നത്. അവിടുത്തെ കാലാവസ്ഥ അവനു പിടിക്കാതെ വന്നു. ജനിച്ചപ്പോള്‍ മുതല്‍ എന്നും അസുഖങ്ങളായിരുന്നു. ഒടുവില്‍ ദേവികുളത്തുനിന്നും ട്രാന്‍സ്ഫര്‍ വാങ്ങി കല്ലാര്‍കുട്ടിയിലേക്കു പോന്നു.
.jpg?$p=b6673bf&&q=0.8)
1976-ല്‍ കോട്ടയം ആര്‍പ്പൂക്കര മെഡിക്കല്‍കോളേജ് സ്‌കൂളില്‍ പുഷ്പനാഥിന്റെ വിദ്യാര്‍ത്ഥിയും പരുമല സെന്റ് ഫ്രാന്‍സിസ് സ്‌കൂളിലെ അദ്ധ്യാപികയുമായ ലിസമ്മ തന്റെ ഗുരുനാഥനെ ഓര്‍മ്മിക്കുന്നു:
'എന്റെ പ്രിയപ്പെട്ട ഗുരുനാഥന്‍ കോട്ടയം പുഷ്പനാഥ് സാറിന്റെ ക്ലാസില്‍ ഇരിക്കാന്‍ കിട്ടിയ ഭാഗ്യം ജീവിതത്തിലെ ഏറ്റവും മൂല്യമേറിയ ഓര്‍മ്മയാണ്. അഭിമാനമാണ്.
'വലിയ എഴുത്തുകാരനാണെന്നുള്ള ഒരു ഭാവവുമില്ലാത്ത പുഷ്പനാഥ് സാര്‍ ക്ലാസില്‍ വരുമ്പോഴൊക്കെ തലയില്‍ തൊപ്പി വെച്ചിരുന്നു. സാറ് ഇംഗ്ലീഷും സാമൂഹികപാഠവും പഠിപ്പിക്കുമ്പോള്‍ കേട്ടിരിക്കാനും കണ്ടിരിക്കാനും ഒരുപാട് രസമാണ്. ശബ്ദത്തെ കഥാപാത്രത്തിനനുസരിച്ചു നിയന്ത്രിച്ച് മുഖത്തു ഭാവം ഉള്‍ക്കൊണ്ട് അന്നുവരെ താത്പര്യമില്ലാത്ത സാമൂഹ്യപാഠ ക്ലാസിനെ സാറ് സജീവമാക്കുമായിരുന്നു. പഠിപ്പിക്കുമ്പോള്‍ സാറ് ആളാകെ മാറും. ചെറിയ സൂക്ഷ്മതയുള്ള കൊച്ചുകണ്ണുകളുടെ തിളക്കവും ആ മുഖഭാവവുമൊക്കെ ഒന്നു കാണേണ്ടതുതന്നെ. എന്നും കുറച്ചു സമയമേ ക്ലാസെടുക്കൂ... പിന്നെ ഞങ്ങളുടെ നിര്‍ബ്ബന്ധം കേട്ടു സാറ് ആഫ്രിക്കയെപ്പറ്റിയും ആമസോണിനെപ്പറ്റിയുമൊക്കെ തനിമയോടെ വിവരിക്കും. കസേരയില്‍ ഇരിക്കില്ല. എപ്പോഴും മേശയില്‍ ചാരി നില്‍ക്കും.
'അതുപോലെ സാറ് തമാശകള്‍ ഒരുപാട് പറയുന്ന ആളാണ്. നല്ല പൊക്കവും വണ്ണമില്ലാത്ത ശരീരപ്രകൃതിയുമുള്ള സാറിന്റെ കൈയില്‍ എപ്പോഴും വടി കാണുമെങ്കിലും ഒരു കുട്ടിയെപ്പോലും അടിച്ചിട്ടില്ല. എപ്പോഴും സാറിനെ ഒറ്റയ്ക്കാണ് കാണുന്നത്.
'പുഷ്പനാഥ് സാറിനെ കുട്ടികള്‍ക്കു ജീവനായിരുന്നു... സാറിന്റെ ചിരിയും ക്ലാസുകളും ആ നിമിഷത്തിന്റെ ഓരോ ഓര്‍മ്മയും ഇന്നും മനസ്സില്‍ ഹരിതശോഭ നല്‍കുന്നു. അദ്ധ്യാപികയായി ഇന്നു കുട്ടികള്‍ക്കു മുന്നില്‍ നില്‍ക്കുമ്പോള്‍, കുട്ടികളെ സാറ് കൈയിലെടുത്തപോലെ കൈയിലെടുക്കാന്‍ ഞാനും വീരസാഹസികകഥകള്‍ അവതരിപ്പിക്കാറുണ്ട്! എന്റെ ഗുരുനാഥര്‍ ഒരുപാടുപേരുണ്ടെങ്കിലും ഇത്ര ആഴത്തില്‍ മറ്റുള്ളവരെ കാണുവാന്‍ കഴിയുമെന്ന് തോന്നുന്നില്ല...'
1968-ല്‍ കല്ലാര്‍കുട്ടി സ്‌കൂളില്‍ അദ്ധ്യാപകനായി ഇരിക്കുമ്പോഴാണ് ആദ്യനോവല്‍ മനോരാജ്യം വാരികയില്‍ അച്ചടിച്ചുവരുന്നത്. ചുവന്ന മനുഷ്യന്‍ എന്നായിരുന്നു നോവലിന്റെ പേര്. കറുത്തവര്‍ഗ്ഗക്കാരും വെള്ളക്കാരും തമ്മിലുള്ള വൈരത്തിന്റെ പശ്ചാത്തലത്തിലാണ് ആ നോവലെഴുതിയത്. ചുവന്ന മനുഷ്യന്‍ എന്ന നോവല്‍ മനോരാജ്യത്തില്‍ ആരംഭിക്കാന്‍ കാരണമായത് എങ്ങനെയെന്ന് പറയാം.
പ്രശസ്ത നോവലിസ്റ്റ് കാനവും എഴുത്തുകാരനായ ജോസഫ് കുന്നശ്ശേരിയും കൂടിയാണ് മനോരാജ്യം വാരിക നടത്തിയിരുന്നത്. വാരികയുടെ സര്‍ക്കുലേഷന്‍ വര്‍ദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി ഉണ്ടായ ചര്‍ച്ചയില്‍നിന്നാണ് വാരികയില്‍ ഒരു ഡിറ്റക്ടീവ് നോവല്‍ തുടങ്ങിയാല്‍ നന്നായിരിക്കുമെന്ന തീരുമാനമുണ്ടാകുന്നത്. എന്നാല്‍, ആ തീരുമാനത്തെ പലരും എതിര്‍ത്തു. കാരണം, മലയാളത്തില്‍ ഡിറ്റക്ടീവ് നോവലുകളുടെ ഒരു പ്രളയം വന്നിട്ട് വായനക്കാര്‍ അതില്‍ നിന്നു മടുത്തു പിന്മാറിയ ഒരു കാലഘട്ടമായിരുന്നു അതിന് തൊട്ടുമുമ്പ് ഉണ്ടായിരുന്നത്. വായനക്കാരെ വെറുപ്പിക്കുന്ന രീതിയിലുള്ള നിലവാരമില്ലാത്ത ഒരുപാട് തല്ലിപ്പൊളി നോവലുകള്‍ ഇറങ്ങിയിരുന്നു.
അപസര്‍പ്പകനോവലുകള്‍ വായിക്കുന്നത് വിലകുറഞ്ഞ ഏര്‍പ്പാടാണെന്ന് വായനക്കാര്‍ക്കു തോന്നുന്ന അവസ്ഥവരെയെത്തി. അങ്ങനെ ആളുകള്‍ ഡിറ്റക്ടീവ് നോവല്‍ വായനയില്‍നിന്ന് അകന്നുപോയി. കുറെ വര്‍ഷത്തേക്ക് അപസര്‍പ്പകനോവലുകളുടെ പ്രസിദ്ധീകരണം തന്നെയില്ലാതായി. അങ്ങനെയിരിക്കുന്ന അവസരത്തിലാണ് കാനവും ജോസഫ് കുന്നശ്ശേരിയുംകൂടി വാരികയില്‍ ഒരു ഡിറ്റക്ടീവ് നോവല്‍ തുടങ്ങാമെന്ന ആശയം മുന്നോട്ടുവെക്കുന്നത്. ഒടുവില്‍ പരീക്ഷണാര്‍ത്ഥം ഡിറ്റക്ടീവ് നോവല്‍ തുടങ്ങാമെന്ന തീരുമാനമായി. വാരികയില്‍ പ്രസിദ്ധീകരിക്കാനുള്ള കുറ്റാന്വേഷണ നോവല്‍ കണ്ടുപിടിക്കാനുള്ള ചുമതല കാനം ഏറ്റെടുത്തു.
അക്കാലത്ത് ഡിറ്റക്ടര്‍ മാസികയില്‍ കുറ്റാന്വേഷണകഥകളെഴുതുന്ന എഴുത്തുകാരനായിരുന്നു കാനത്തിന്റെ മനസ്സില്‍. മാസികയില്‍നിന്ന് വിലാസം ചോദിച്ചുവാങ്ങിയ കാനം ആ എഴുത്തുകാരനെ തേടിച്ചെന്ന് ആവശ്യം ഉന്നയിച്ചു. മനോരാജ്യം വാരികയിലേക്ക് ഒരു ഡിറ്റക്ടീവ് നോവല്‍ വേണം. തരാമെന്ന് രണ്ടാമതൊന്നാലോചിക്കാതെ പുഷ്പനാഥ് പറഞ്ഞു.
രണ്ടാഴ്ചയ്ക്കുശേഷം ഒരു നോവലിന്റെ കൈയെഴുത്തുപ്രതിയുമായി അദ്ദേഹം മനോരാജ്യത്തിന്റെ ഓഫീസിലെത്തി. ജോസഫ് കുന്നശ്ശേരി കൈയെഴുത്തുപ്രതി വാങ്ങി വാരികയുടെ പ്രൂഫ് റീഡറും എഴുത്തുകാരനുമായ കിളിരൂര്‍ രാധാകൃഷ്ണനെ വിളിച്ച് നോവല്‍ വായിച്ചുനോക്കാനായി നല്‍കി.
പുഷ്പനാഥിന്റെ ഫോട്ടോ ആദ്യകാലത്തൊന്നും അധികം പ്രസിദ്ധീകരണങ്ങളിലൊന്നും വന്നിട്ടില്ല. പിന്നീട് പുഷ്പനാഥ് പബ്ലിക്കേഷനിലൂടെ പുസ്തകങ്ങള്‍ ഇംഗ്ലീഷ് ഡിറ്റക്ടീവ് നോവലുകളുടെ ശൈലിയില്‍ പുറത്തിറങ്ങാന്‍ തുടങ്ങി. പൈപ്പ് കടിച്ചുപിടിച്ച് ഇംഗ്ലീഷ് എഴുത്തുകാരെ അനുസ്മരിപ്പിക്കുന്ന വിധത്തിലുള്ള പുഷ്പനാഥിന്റെ ഫോട്ടോകളായിരുന്നു പുസ്തകങ്ങളില്‍ കൊടുത്തിരുന്നത്. പിന്നീടാണ് തൊപ്പി വെച്ച ഫോട്ടോ സ്ഥിരമായി ഉപയോഗിക്കാന്‍ തുടങ്ങിയത്. പുഷ്പനാഥ് അദ്ധ്യാപകനായി ജോലി ചെയ്യുന്ന കാലം. കൂടെ പഠിപ്പിക്കുന്ന അദ്ധ്യാപകന് മുഴുക്കഷണ്ടിയാണ്.
ഒരു സുപ്രഭാതത്തില്‍ അദ്ദേഹം ചുരുളന്‍മുടിയുടെ വിഗ്ഗും വെച്ച് സ്‌കൂളില്‍ വന്നു. സംഗതി കൊള്ളാമെന്ന് എല്ലാവര്‍ക്കും തോന്നി. പിറ്റേ ആഴ്ച അരക്കഷണ്ടിയുള്ള ഒരദ്ധ്യാപകനും അതേപോലുള്ള വിഗ്ഗും ഫിറ്റുചെയ്തു കൊണ്ടുവന്നു. സഹപ്രവര്‍ത്തകര്‍ രണ്ടും അങ്ങനെ ഗ്ലാമറസ്സായി നടക്കുന്നതു കണ്ടപ്പോള്‍ പുഷ്പനാഥിന് സഹിച്ചില്ല. എഴുത്തുകാരന്‍ എന്ന നിലയില്‍ പുഷ്പനാഥാണ് സ്‌കൂളിലെ ഹീറോ. പക്ഷേ, അദ്ദേഹത്തിന്റേത് കോലന്‍മുടിയാണ്. ഒട്ടും വൈകാതെ പുഷ്പനാഥ് ഒരു വിഗ്ഗ് സംഘടിപ്പിച്ചു തലയില്‍വെച്ചു. രണ്ടു മാസം തികയും മുമ്പെ അസഹ്യമായ ചൂടുകാരണം മുടി കൊഴിയാന്‍ തുടങ്ങി. ഒടുവില്‍ ഒറിജിനല്‍ കഷണ്ടിയായി. പിന്നെ വിഗ്ഗ് സ്ഥിരമായി ഉപയോഗിക്കാന്‍ തുടങ്ങി. അതു കഴിഞ്ഞപ്പോള്‍ ആഗ്രയില്‍നിന്നും ഒരാള്‍ ഒരു തൊപ്പി കൊണ്ടുവന്നു കൊടുത്തു. പിന്നീട് അത് സ്ഥിരമാക്കി. അങ്ങനെയാണ് തൊപ്പി പുഷ്പനാഥിന്റെ ട്രേഡ് മാര്‍ക്കായത്.
(മാതൃഭൂമി ബുക്‌സ് ഉടന്‍ പ്രസിദ്ധീകരിക്കുന്ന, 'കോട്ടയം പുഷ്പനാഥ്: ഒരു ഭയങ്കര കാഥികൻ' എന്ന പുസ്തകത്തില്‍നിന്നും)
Content Highlights: Kottayam Pushpanath: Oru bayankara kadhikan, Book excerpt, Jiji chilanbil, Mathrubhumi books
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..