കോട്ടയം പുഷ്പനാഥ് | Photo: പ്രദീപ് കുമാർ ടി.കെ
മലയാള ഡിറ്റക്ടീവ് സാഹിത്യത്തിന്റെ ചക്രവര്‍ത്തിയായി പതിറ്റാണ്ടുകളോളം നിറഞ്ഞുനിന്ന കോട്ടയം പുഷ്പനാഥ് എഴുതിയത് മുന്നൂറ്റിയമ്പതിലേറെ നോവലുകള്‍. മരണം കോമ്പല്ലുകള്‍ നീട്ടിയിരിക്കുന്ന കാര്‍പാത്യന്‍ മലനിരകളിലെ നിഗൂഢതകളിലൂടെ അയാള്‍ നടന്നു. തോക്കിന്‍ കുഴലുകള്‍ നിരപരാധികളുടെ ജീവനെടുക്കുന്ന ചോരമരവിപ്പിക്കുന്ന പാതിരാവുകളില്‍ കൊലയാളിക്കു പിന്നാലെ നിറതോക്കുമായി അയാള്‍ ഉണ്ടായിരുന്നു. ഭയം എന്ന വാക്ക് അയാള്‍ക്കറിയില്ലായിരുന്നു. ഇത് ഡിറ്റക്ടീവ് മാര്‍ക്സിന്‍. ജീവിച്ചിരിക്കുമ്പോഴേ എഴുത്തുകാരനെക്കാള്‍ കൂടുതലായി അയാളെ ലോകം അറിഞ്ഞു. എന്നാല്‍, ഡിറ്റക്ടീവ് മാര്‍ക്സിന് ജീവന്‍ നല്‍കിയ കോട്ടയം പുഷ്പനാഥ് എന്ന എഴുത്തുകാരന് ജീവിച്ചിരിക്കെ ആ ഭാഗ്യമുണ്ടായില്ല. വെറുമൊരു പൈങ്കിളി എഴുത്തുകാരനായി മുഖ്യധാരാ മലയാളസാഹിത്യം എഴുതിത്തള്ളിയ കോട്ടയം പുഷ്പനാഥിന് ലക്ഷക്കണക്കായ സാധാരണവായനക്കാര്‍ ഉണ്ടായിരുന്നിട്ടും സാഹിത്യത്തിന്റെ നാഷണല്‍ ഹൈവേകളില്‍ പേരും പെരുമയുമുണ്ടായില്ല.
എന്നാല്‍ കാലം മാറുമ്പോള്‍ കഥയും മാറുന്നു. ജീവിച്ചിരുന്ന കാലത്ത് അധികമൊന്നും ആദരിക്കപ്പെടാതിരുന്ന പുഷ്പനാഥ് മരിച്ച് ഒരു വര്‍ഷത്തിനുശേഷം അദ്ദേഹത്തിന്റെ രചനകളിലൂടെ ഒരു വമ്പന്‍ തിരിച്ചുവരവ് നടത്തുകയാണ്. വായനക്കാരുടെ നെഞ്ചിടിപ്പുകൂട്ടുന്ന അദ്ദേഹത്തിന്റെ ഡിറ്റക്ടീവ് നോവലുകള്‍ ഇംഗ്ലീഷ്, തമിഴ്, കന്നട, തെലുങ്ക്, ബംഗാളി, ഗുജറാത്തി, ഹിന്ദി, രാജസ്ഥാനി ഭാഷകളില്‍ പുറത്തിറങ്ങിക്കഴിഞ്ഞു. നെറ്റ്ഫ്ളിക്സിലും ആമസോണ്‍ പ്രൈം വീഡിയോയിലും ആ പുസ്തകങ്ങള്‍ സീരിസായി പുറത്തുവരുന്നതിന് ചര്‍ച്ചകള്‍ നടക്കുന്നു.
പുഷ്പനാഥിന്റെ മുഴുവന്‍ പുസ്തകങ്ങളും പുതിയ കെട്ടിലും മട്ടിലും ഇറങ്ങുന്നു. ജീവിച്ചിരുന്ന കാലത്ത് ലഭിക്കാത്ത അംഗീകാരം മരണാന ന്തരം ഈ എഴുത്തുകാരനെ തേടിവരുന്നു. പുഷ്പനാഥിന്റെ കൊച്ചുമകന്‍ റയാന്‍ പുഷ്പനാഥും പുഷ്പനാഥിന്റെ അടുത്ത ബന്ധുവിന്റെ പുത്രന്‍ സോബിന്‍ സോളമനും ചേര്‍ന്ന് ആരംഭിച്ച 'കോട്ടയം പുഷ്പനാഥ് പബ്ലിക്കേഷനി'ലൂടെയാണ് അദ്ദേഹത്തിന്റെ എഴുത്തുകള്‍ക്കു പുതുജീവന്‍ ലഭിക്കുന്നത്. മുത്തച്ഛനെക്കുറിച്ച് റയാന്‍ പുഷ്പനാഥിന്റെ ഓര്‍മ്മകള്‍:
'ഓര്‍മ്മവെച്ച കാലം മുതല്‍ ഞാന്‍ ഏറ്റവും അടുത്ത് ഇടപെട്ടിരുന്ന വ്യക്തിയായിരുന്നു എന്റെ പപ്പാ... ചെറുപ്പകാലത്തു പപ്പയുടെ തിരക്കുകള്‍ കണ്ടാണ് ഞാന്‍ വളര്‍ന്നുവന്നത്. എത്ര തിരക്കുള്ള സമയമാണെങ്കിലും കുടുംബത്തോടൊപ്പം കുറെ സമയം ചെലവഴിക്കുമായിരുന്നു. എല്ലാ കാര്യങ്ങളിലും എന്നെ സപ്പോര്‍ട്ട് ചെയ്തിരുന്നത് പപ്പാ ആയിരുന്നു. എന്റെ പപ്പായും അമ്മയും ആയിട്ടുള്ള അടുപ്പത്തിനെക്കാള്‍ കൂടുതല്‍ അടുപ്പം മുത്തച്ഛന്റെ അടുത്തായിരുന്നു. കാരണം, ഞാന്‍ പഠിച്ചതും വളര്‍ ന്നതും എല്ലാം പപ്പയുടെ അടുത്തുനിന്നായിരുന്നു. പപ്പയുടെ വേര്‍പാട് എന്നെ വല്ലാതെ വേദനിപ്പിച്ച സംഭവമായിരുന്നു. അതിനോടൊപ്പം എന്റെ അങ്കിള്‍ സലിം പുഷ്പനാഥിന്റെ പെട്ടെന്നുള്ള വേര്‍പാടും കുടുംബത്തെ മുഴുവന്‍ വേദനയിലാഴ്ത്തി.
'പപ്പാ ധാരാളം വായിക്കുന്ന ആളായിരുന്നു. പരന്ന വായനയിലൂടെ അദ്ദേഹം ആര്‍ജ്ജിച്ചെടുത്ത കഴിവായിരുന്നു ഇതെല്ലാം. കൂടാതെ അദ്ദേഹം ഒരു ചരിത്രാദ്ധ്യാപകന്‍ കൂടിയായിരുന്നതുകൊണ്ടുതന്നെ സ്ഥലങ്ങളെക്കുറിച്ചും മറ്റും നല്ല അറിവുണ്ടായിരുന്നു. അതുകൊണ്ടാണ് ആ നോവലുകളിലേക്ക് വിദേശസ്ഥലങ്ങള്‍ കടന്നുവന്നത്. ഒരിക്കല്‍പ്പോലും ഇവിടങ്ങളിലൊന്നും പോകാതെതന്നെ വളരെ മനോഹരമായി ആ സ്ഥലങ്ങളെയെല്ലാം അദ്ദേഹം തന്റെ നോവലുകളില്‍ ഉള്‍പ്പെടുത്തി. പൊതുവേ എഴുതുമ്പോള്‍ അദ്ദേഹം തന്റെ എഴുത്തുമുറിയില്‍ തനിച്ച് ഇരിക്കുവാനാണ് ആഗ്രഹിക്കുന്നത്. ആ സമയത്ത് ഏകാഗ്രത നഷ്ടപ്പെടുത്തുന്ന തരത്തില്‍ എന്തെങ്കിലും തടസ്സങ്ങള്‍ ഉണ്ടാക്കാതെ നോക്കാന്‍ എല്ലാവരും ശ്രമിക്കാറുണ്ടായിരുന്നു.
അദ്ദേഹത്തിന്റെ എഴുത്തിലെ പ്രേരകശക്തികളിലൊന്ന് അമ്മച്ചിയായിരുന്നു. അമ്മച്ചി എപ്പോഴും അദ്ദേഹത്തിനൊപ്പം നിന്നു. എഴുത്തിന് തടസ്സമാകാതെ, അഭിപ്രായം പറഞ്ഞും കൂട്ടുനിന്നു.
'പപ്പയോട് ഞാന്‍ ഒരിക്കല്‍ ചോദിച്ചിട്ടുണ്ട്, 'പപ്പാ എങ്ങനെയാണ് എഴുത്തിലേക്കു വന്നത്' എന്നത്. അപ്പോള്‍ അദ്ദേഹം എന്റടുത്തു പറഞ്ഞത്, 'ഞാന്‍ കുട്ടിക്കാലം മുതല്‍ നല്ലതുപോലെ വായനശീലമുള്ള ആളായിരുന്നു' എന്നാണ്. പപ്പാ കൈയില്‍ കിട്ടുന്ന എന്തും വായിക്കും. പക്ഷേ, അന്നത്തെ വെല്ലുവിളി എന്നു പറയുന്നത് പുസ്തകങ്ങള്‍ ഇന്നത്തേതുപോലെ കിട്ടാനില്ല എന്നതാണ്. അതുകൊണ്ട് കൈയിലുള്ള പുസ്തകങ്ങളെല്ലാം വായിച്ചുകഴിഞ്ഞ് വീണ്ടും വായിക്കാനൊന്നുമില്ലാതെ വരുമ്പോള്‍ സ്വന്തമായി കഥകളെഴുതും. എന്നിട്ട് അതുവായിച്ച് ആസ്വദിക്കും.' അങ്ങനെയാണ് അദ്ദേഹം എഴുതിത്തുടങ്ങിയത്.
'പിന്നെ, പപ്പ സ്‌കൂളില്‍ പഠിക്കുന്ന സമയത്ത് ഐപ്പ് എന്നു പേരുള്ള ഒരു സാറുണ്ടായിരുന്നു. പഠിപ്പിക്കുന്നതിന്റെ ഇടവേളകളില്‍ അദ്ദേഹം ഷെര്‍ലക് ഹോംസ് കഥകള്‍ കുട്ടികള്‍ക്ക് പറഞ്ഞുകൊടുക്കുമത്രേ. ആ കഥകള്‍ കുട്ടികളെല്ലാം ആകാംക്ഷയോടെ കേട്ടിരിക്കും. അങ്ങനെയാണ്
കുറ്റാന്വേഷണ നോവലുകളോട് ഒരു അടുപ്പമുണ്ടാകുന്നത്. ഷെര്‍ലക് ഹോംസിനെപ്പോലെ ഒരു കഥാപാത്രത്തെ സൃഷ്ടിക്കണം എന്ന മോഹ ത്തില്‍നിന്നുമാണ് ഡിറ്റക്ടീവ് മാര്‍ക്സിന്‍ എന്ന കഥാപാത്രമുണ്ടാകുന്നത്. 'നമ്മുടെ ഉള്ളിന്റെയുള്ളില്‍ ഒരു സത്യാന്വേഷിയുണ്ടാകും. ആ സത്യാന്വേഷിക്ക് ഞാന്‍ ഒരു പേരു നല്‍കി' എന്നാണ് മാര്‍ക്സിനെക്കുറിച്ച് ചോദിച്ചപ്പോള്‍ പപ്പാ എന്റടുത്തു പറഞ്ഞത്. കുട്ടിയായിരുന്നപ്പോള്‍ അതെനിക്ക് മനസ്സിലായില്ല. പക്ഷേ, ഇപ്പോള്‍ അതിന്റെ അര്‍ത്ഥം എന്താണെന്ന് എനിക്കു മനസ്സിലാവുന്നുണ്ട്.
'കഥകളും കഥാപാത്രങ്ങളും നിഗൂഢതകള്‍ നിറഞ്ഞതായിരുന്നു. എങ്കിലും പപ്പാ വളരെ സിമ്പിളായിട്ടുള്ള ഒരു മനുഷ്യനായിരുന്നു. ആ നിഗൂഢതകളും എഴുത്തിലെ സസ്പെന്‍സുമെല്ലാം പുസ്തകത്തില്‍ മാത്രം ഒതുങ്ങി. വീട്ടിലെ കാര്യങ്ങള്‍ നോക്കുന്ന, മക്കളെയും കൊച്ചു മക്കളെയും സ്നേഹിക്കുന്ന സ്നേഹനിധിയായ ഒരു ഗൃഹനാഥനും മുത്തച്ഛനും എല്ലാമായിരുന്നു പപ്പാ.
'എല്ലാവരുമായി സൗഹൃദം സൂക്ഷിക്കുന്ന വ്യക്തിയായിരുന്നു അദ്ദേഹം. പപ്പയുടെ കാറുമെടുത്ത് ഞങ്ങള്‍ വൈകുന്നേരങ്ങളില്‍ കറങ്ങാന്‍ പോകും. ഓരോ സ്ഥലത്തിലും അദ്ദേഹത്തിന് സുഹൃത്തുക്കളുണ്ടായിരുന്നു. കൂടാതെ സമകാലീനരായിട്ടുള്ള എഴുത്തുകാരും പത്രാധിപന്മാരുമൊക്കെ അദ്ദേഹത്തിന്റെ സുഹൃത്തുക്കളായിരുന്നു.
'പപ്പായുടെ പുസ്തകങ്ങള്‍ പബ്ലിഷ് ചെയ്യണം എന്ന ആഗ്രഹത്തോടെ തുടങ്ങിയതാണ് കോട്ടയം പുഷ്പനാഥ് പബ്ലിക്കേഷന്‍സ്, ഇപ്പോള്‍ നാല്പതു പുസ്തകങ്ങള്‍ പബ്ലിഷ് ചെയ്തു. അടുത്തുതന്നെ ബാക്കിയുള്ള പുസ്തകങ്ങളും പബ്ലിഷ് ചെയ്യും. അതിന്റെ അണിയറപ്രവര്‍ത്തനങ്ങളിലാണ് ഇപ്പോള്‍. കൂടാതെ പപ്പയുടെ നോവലുകള്‍ ഇംഗ്ലീഷിലേക്ക് വിവര്‍ത്തനം ചെയ്യുന്നുണ്ട്. 'ചുവന്ന മനുഷ്യന്‍' എന്ന നോവല്‍ ഉടന്‍ തന്നെ ഇംഗ്ലീഷ് ഭാഷയില്‍ ഇറങ്ങുന്നതാണ്. കൂടാതെ നൂതനമായ ഇ-ബുക്ക്, ഓഡിയോ ബുക്ക് എന്നിവയും ചെയ്യുന്നുണ്ട്. അതുപോലെത്തന്നെ അദ്ദേഹത്തിന്റെ നോവലുകള്‍ ന്യൂ മീഡിയ പ്ലാറ്റ്ഫോം ആയിട്ടുള്ള നെറ്റ്ഫ്ളിക്സ്, ആമസോണ്‍ പ്രൈം വീഡിയോ എന്നീ പ്ലാറ്റ്ഫോമുകളില്‍ സീരീസ് ആയി പ്രദര്‍ശിപ്പിക്കുന്നതിനുവേണ്ടിയുള്ള ചര്‍ച്ചകളും നടക്കുന്നുണ്ട്. ഹിന്ദി, തമിഴ് ഭാഷകളിലുള്ള വീഡിയോ ആണ് ആദ്യം പ്ലാന്‍ ചെയ്യുന്നത്. അതിനുവേണ്ടി അവരുടെ ഓഫീസുമായി ചര്‍ച്ചകള്‍ നടന്നു കഴിഞ്ഞു. കഴിയുന്നതും വേഗം സ്‌ക്രിപ്റ്റ് പൂര്‍ത്തിയാക്കാനും സംവിധാനം ചെയ്യാനും ആലോചിക്കുന്നുണ്ട്.
'പപ്പായുടെ എല്ലാ കഥാപാത്രങ്ങളും എനിക്ക് ഇഷ്ടമാണ്. എന്നാല്‍ ഏറ്റവും ഇഷ്ടപ്പെട്ടത് 'ഡിറ്റക്ടീവ് മാര്‍ക്സിന്‍' തന്നെയാണ്. അദ്ദേഹത്തിന്റെ ബുദ്ധിശക്തിയും കേസുകള്‍ തെളിയിക്കുന്ന ശൈലിയും വളരെ രസകരമായി തോന്നിയിട്ടുണ്ട്. കൂടാതെ കഥകള്‍ നടക്കുന്നത് വിദേശത്താണ്. അത് ഈ കഥകളെ കൂടുതല്‍ മനോഹരമാക്കുന്നുണ്ട്.
'ഓര്‍മ്മിക്കുവാന്‍ ഒരുപാടൊരുപാട് നല്ല മുഹൂര്‍ത്തങ്ങള്‍ നല്‍കിയിട്ടാണ് പപ്പാ പോയത്. പപ്പയെപ്പറ്റി ഓര്‍മ്മിക്കുമ്പോള്‍ അദ്ദേഹത്തിന്റെ എഴുത്തുകളും എഴുത്തുമുറിയും അദ്ദേഹത്തോടൊപ്പം യാത്ര ചെയ്ത അനുഭവങ്ങളുമെല്ലാമാണ് മനസ്സിലേക്കു കടന്നുവരുന്നത്. ജീവിതത്തില്‍ പല കാര്യങ്ങളും ഞങ്ങളെല്ലാം പഠിച്ചത് പപ്പയില്‍നിന്നുമാണ്. അത് ഇപ്പോള്‍ നല്‍കുന്ന ആത്മവിശ്വാസം വളരെ വലുതാണ്.
(മാതൃഭൂമി ബുക്‌സ് ഉടന്‍ പ്രസിദ്ധീകരിക്കുന്ന 'കോട്ടയം പുഷ്പനാഥ്: ഒരു ഭയങ്കര കാഥികന്‍' എന്ന പുസ്തകത്തില്‍നിന്ന്)
Content Highlights: Kottayam Pushpanath, Birthday, Book excerpt, Mathrubhumi books
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..