കോട്ടയം കുഞ്ഞച്ചൻ പോസ്റ്റർ, ഡെന്നീസ് ജോസഫ്
മാതൃഭൂമി ബുക്‌സ് പ്രസിദ്ധീകരിച്ച ഡെന്നീസ് ജോസഫിന്റെ ഓര്‍മകളുടെ പുസ്തകമായ നിറക്കൂട്ടുകളില്ലാതെ യില്‍ നിന്നും ഒരു ഭാഗം വായിക്കാം
കോട്ടയം കുഞ്ഞച്ചന്‍ എഴുതിക്കൊണ്ടിരിക്കെ ഒരു ദിവസം ചായ കൊണ്ടുവന്ന വെയിറ്റര്‍ പറഞ്ഞു, തൊട്ടടുത്ത മുറിയില്‍ എം.ടിയും കുടുംബവുമുണ്ടെന്ന്. ഏതോ കല്യാണത്തിന് പങ്കെടുക്കാന്‍ വന്നതാണ്. ഞാന്‍ പണ്ടേ എം.ടിയുടെ കടുത്ത ആരാധകനാണ്. അതുവരെ അദ്ദേഹത്തെ കാണുകയോ പരിചയപ്പെടുകയോ ചെയ്തിട്ടില്ല. തൊട്ടടുത്ത് എം.ടി. ഉണ്ടെന്നറിഞ്ഞപ്പോള്‍ എനിക്ക് കോരിത്തരിപ്പ്. കാണാന്‍ കടുത്ത ആഗ്രഹം. ഒന്നു പരിചയപ്പെടുത്തിത്തരാനോ കാര്യം പറയാനോ പറ്റിയ ആരുമില്ല. എന്നെപ്പോലെ അടിപ്പടങ്ങള്‍ ചെയ്യുന്ന ഒരാളെ എം.ടി. അറിയുമോ എന്ന് എനിക്ക് അപകര്‍ഷവും. പോയി കാണാന്‍ കുറച്ചുനേരം മടിച്ചുനിന്നു. എന്നിട്ടും മനസ്സുറയ്ക്കാതെ ഞാന്‍ ബാബുവിനോടും വേണുവിനോടും പറഞ്ഞു, 'എന്തായാലും പോയി കാണുകതന്നെ. ഒരു അഞ്ചു മിനിട്ടിനുള്ളില്‍ വന്നേക്കാം. അദ്ദേഹം അതില്‍ കൂടുതല്‍ നേരം എന്നെ അവിടെ ഇരുത്തുമെന്ന് തോന്നുന്നില്ല.'
പത്തുമണിക്ക് ഞാന്‍ എം.ടിയുടെ മുറിയിലെത്തി. അപ്പോഴാണ് മനസ്സിലാകുന്നത് കമേഴ്‌സ്യല്‍ സിനിമകളടക്കം എല്ലാതരം സിനിമകളെക്കുറിച്ചും നല്ല ധാരണയുള്ള ആളാണ് എം.ടിയെന്ന്. എന്റെ മിക്ക സിനിമകളും കണ്ടിട്ടുണ്ട്. ചിലത് ഇഷ്ടപ്പെട്ടു എന്ന് പറഞ്ഞു.
എനിക്ക് അപ്പോള്‍ ഒരു അനാവശ്യവിചാരം മനസ്സില്‍ വന്നു. 'ഇപ്പോള്‍ നിങ്ങള്‍ ഏത് സിനിമയാണ് എഴുതുന്നത്' എന്നു ചോദിച്ചാല്‍ എന്തു പറയും. മുട്ടത്തുവര്‍ക്കിയെപ്പോലുള്ള എഴുത്തുകാരെ വലിയ എഴുത്തുകാര്‍ ഉള്ളാലെ പുച്ഛിക്കുന്നത് ഞാന്‍ കണ്ടിട്ടുണ്ട്. എം.ടിയും അങ്ങനെയാകുമോ മുട്ടത്തുവര്‍ക്കിയെ കാണുന്നത്? ഞാന്‍ പരിഹാസ്യനാകുമോ?
എം.ടി അങ്ങനെത്തന്നെ ചോദിച്ചു, 'എന്താണ് ഇപ്പോള്‍ ചെയ്യുന്നത്?' ഞാന്‍ മടിച്ച് പറഞ്ഞു, 'സാര്‍, ഞാന്‍ മുട്ടത്തുവര്‍ക്കിയുടെ ഒരു നോവല്‍ എടുത്ത് സിനിമയാക്കാന്‍ നോക്കുകയാണ്.'
എന്നെ അതിശയിപ്പിച്ച് എം.ടി. മുട്ടത്തുവര്‍ക്കിയെക്കുറിച്ച് വാചാലനായി. ഒരു സാധാരണമലയാളിയെ വായന പഠിപ്പിച്ച മുട്ടത്തുവര്‍ക്കിയോടുള്ള ആദരം ആ സംഭാഷണത്തില്‍ തുടിച്ചുനിന്നു.
അന്ന് മുട്ടത്തുവര്‍ക്കി ജീവിച്ചിരിപ്പുണ്ട്. പില്ക്കാലത്ത് അദ്ദേഹം മരിച്ച്, മുട്ടത്തുവര്‍ക്കി ഫൗണ്ടേഷന്റെ അവാര്‍ഡ് വലിയ ബഹുമതി ആയപ്പോള്‍ ആളുകള്‍ സ്ഥാനത്തും അസ്ഥാനത്തും പുകഴ്ത്തി പറയുന്നത് ഞാന്‍ ധാരാളം കേട്ടിട്ടുണ്ട്. ജനപ്രിയനോവലുകള്‍ക്ക് അതീതമായി മുട്ടത്തുവര്‍ക്കിക്ക് ലോകസാഹിത്യത്തിലുള്ള അറിവും ആഴവും കൃത്യമായി അറിയാവുന്ന ആളാണ് എം.ടി. ഡോ. ഷിവാഗോ തര്‍ജമ ചെയ്ത മുട്ടത്തുവര്‍ക്കിയെ പ്പറ്റി എം.ടി. വിശദീകരിച്ചു.
കോട്ടയം കുഞ്ഞച്ചന്‍ എന്ന സിനിമ വളരെ ആത്മവിശ്വാസത്തോടെ പിന്നീട് എഴുതിത്തീര്‍ക്കാന്‍ എനിക്ക് വലിയ പ്രചോദനമായത് എം.ടിയുമായുള്ള ആ കൂടിക്കാഴ്ചയാണ്. അത് ഒരു സാധാരണ വാണിജ്യസിനിമ മാത്രമാണ്. എങ്കിലും ആ സിനിമയെ വിജയത്തിലേക്ക് എത്തിക്കാന്‍ അന്ന് എം.ടി. തന്ന പ്രചോദനം മറക്കാനാവില്ല.
കോട്ടയം കുഞ്ഞച്ചന്‍ ഷൂട്ടിങ്ങിന് സമയമായി. അക്കാലത്ത് കോട്ടയംഭാഷ എന്നു പറയുന്ന ഒരു ഭാഷയിലാണ് സിനിമ എഴുതിയിരിക്കുന്നത്. കോട്ടയംഭാഷ എന്നു പറയുമ്പോള്‍ പക്കാ കോട്ടയം ഭാഷയല്ല. കോട്ടയത്തിനു പുറത്തുള്ളവര്‍, അതായത് കോട്ടയം നഗരകേന്ദ്രത്തില്‍നിന്ന് ഒരു കോമ്പസ് കുത്തിവരച്ചാല്‍ ഇരുപത്തിയഞ്ചു കിലോമീറ്റര്‍ റേഡിയസില്‍ വരുന്ന എല്ലാ ഭാഷകളെയും കലര്‍ത്തിയാണ് എഴുതിയത്.
തിരുവല്ല, ചങ്ങനാശ്ശേരി ഭാഗത്ത് പറയുന്ന ഭാഷയില്‍നിന്ന് കോട്ടയത്ത് കുറച്ചു വ്യത്യാസം കാണും. എന്തുവാ, എന്തോന്നാ എന്നൊക്കെയുള്ള പ്രയോഗം കോട്ടയത്ത് ഇല്ല. കോട്ടയത്തുനിന്ന് ഏറ്റുമാനൂരും കഴിഞ്ഞ് പാലായിലും കുറവിലങ്ങാടും എത്തുമ്പോള്‍ ഭാഷയ്ക്ക് അല്പംകൂടി വ്യത്യാസം ഉണ്ടാകും. ഇതെല്ലാം കൂട്ടികലര്‍ത്തിയാണ് സിനിമയില്‍ ഉള്‍പ്പെടുത്തിയത്.
സുരേഷ്ബാബുവിന് വ്യക്തമായി കോട്ടയംഭാഷ അറിയില്ല. ഷൂട്ടിങ്ങിന് കൂടെ നില്ക്കാന്‍ എനിക്ക് സമയവുമില്ല. മമ്മൂട്ടിയാണ് അപ്പോള്‍ ഒരു നിര്‍ദേശം വെച്ചത്. മമ്മൂട്ടി കോട്ടയം ജില്ലക്കാരനാണ്. ചെമ്പ് ആണ് ജന്മദേശം. അത് കോട്ടയത്തിന്റെ അതിര്‍ത്തിയാണ്. മമ്മൂട്ടിയുടെ നിര്‍ദേശപ്രകാരം ഞാനും സുരേഷ്ബാബുവും വേണുവും കൂടെ ഇരുന്ന് ടേപ്‌റിക്കോഡറില്‍ പല കാസറ്റുകളില്‍ തിരക്കഥ വായിച്ചു പകര്‍ത്തി. ഓരോ കഥാപാത്രത്തിന്റെയും സംഭാഷണവും ശബ്ദക്രമീകരണവും പൂര്‍ണമായും റെക്കാഡ് ചെയ്തു. അതു കേട്ട് സുരേഷ്ബാബുവും വേണുവും കാര്യങ്ങള്‍ പഠിച്ചെടുക്കുകയും അഭിനേതാക്കള്‍ക്ക് പറഞ്ഞ് മനസ്സിലാക്കിക്കൊടുക്കുകയും ചെയ്തു.
ആ സിനിമയിലെ ഓരോ നടീനടന്മാരെയും കോട്ടയംഭാഷ പറയാന്‍ മമ്മൂട്ടി സഹായിച്ചു. പലരും ധരിച്ചിരിക്കുന്നത് ഞാന്‍ സെറ്റില്‍ പോയിനിന്ന് പറഞ്ഞുപഠിപ്പിച്ചു എന്നാണ്. ഒരു ദിവസംപോലും ഷൂട്ടിങ് സമയത്ത് ഞാന്‍ അതിന്റെ സെറ്റില്‍ പോയിട്ടില്ല. സിനിമ കോട്ടയത്ത് അല്ല ഷൂട്ട് ചെയ്തത്. തിരുവനന്തപുരത്തെ അമ്പൂരി എന്ന മലയോരപ്രദേശത്താണ്. കോട്ടയത്തിന്റെ ഉള്‍പ്രദേശങ്ങളുടെ ഛായയുണ്ട് അമ്പൂരിക്ക്.
അന്ന് സിനിമയുടെ പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികളെല്ലാം നടക്കുന്നത് ചെന്നൈയിലാണ്. ചെറിയ സിനിമയായി, ചുരുങ്ങിയ നിര്‍മാണച്ചെലവില്‍ വളരെ വേഗം സുരേഷ്ബാബു അതിന്റെ ഷൂട്ടിങ് തീര്‍ത്തു.
ഞാന്‍ ആ സമയത്ത് വേറെ സിനിമ എഴുതിക്കൊണ്ട് ചെന്നൈയില്‍ ഇരിക്കുകയാണ്. എഡിറ്റിങ്ങും ഡബ്ബിങ്ങും കഴിഞ്ഞ് കുഞ്ഞച്ചന് പശ്ചാത്തലസംഗീതവും എഫക്ടും മാത്രം കൊടുത്താല്‍ മതി. ഇനി സംഗീതസംവിധായകന്‍ വന്നുകാണണം. എ.വി.എം. സ്റ്റുഡിയോയിലെ ഒരു പ്രിവ്യൂ തിയേറ്ററില്‍ ഞാനും സുരേഷ്ബാബുവും സംഗീതസംവിധായകന്‍ ശ്യാംസാറും അരോമ മണിയും ഡബിള്‍ പോസിറ്റീവ് കണ്ടു. ഇത്തിരി ദൈര്‍ഘ്യമുണ്ടെന്ന് തോന്നി. മൂന്നേകാല്‍ മണിക്കൂര്‍. മണിസാറിന് ഇത് ഓടുമോ ഇല്ലയോ എന്ന് ഭയങ്കര സംശയം. അദ്ദേഹം അസ്വസ്ഥനായി. 'ഇത് ശരിയാകുമെന്ന് എനിക്ക് തോന്നുന്നില്ല. നിങ്ങള്‍ എന്താണെന്നുവെച്ചാല്‍ ചെയ്യ്, എനിക്ക് ഇതിനകത്ത് ഒന്നും ചെയ്യാനില്ല. ഇത് ഓടാന്‍ സാധ്യതയില്ല' എന്ന് ശ്യാംസാറിനോട് പറഞ്ഞു.
എന്നെ സ്വകാര്യമായി വിളിച്ചു ചോദിച്ചു, എന്താണ് ഈ സംവിധായകന്‍ കാണിച്ചുവെച്ചിരിക്കുന്നത്. ഞാന്‍ പറഞ്ഞു, 'മണിച്ചേട്ടാ, ഇത് കുഴപ്പമൊന്നുമില്ല. അല്പം നീളം കൂടിപ്പോയി എന്നേ ഉള്ളൂ. അത് തിരക്കഥയില്‍ സംഭവിച്ചതല്ല. എടുത്തുവന്നപ്പോള്‍ നീളം കൂടിപ്പോയി. നമുക്ക് കുറയ്ക്കാവുന്നതേയുള്ളൂ.' മണിസാര്‍ പറഞ്ഞു, 'ഏയ് നീളം കുറച്ചിട്ടൊന്നും കാര്യമില്ല. എനിക്ക് നഷ്ടം വരാതെ പോകണം എന്നേയുള്ളൂ.'
തിയേറ്റിന്റെ റിലീസ് ഡേറ്റും മറ്റും തീരുമാനിക്കണം. മണിസാര്‍ അപ്പോള്‍ത്തന്നെ തിയേറ്റര്‍ ഉടമകളെ വിളിച്ചുപറഞ്ഞു. സാധാരണ ശത്രുക്കള്‍ പറഞ്ഞുപരത്തുന്ന കാര്യം അദ്ദേഹംതന്നെ തുറന്നു പറഞ്ഞു. ഈ പടം വലിയ കാര്യമൊന്നുമില്ല. ഒരു രണ്ടാഴ്ച പടമാണ്.
മണിസാര്‍ രണ്ടാഴ്ചത്തേക്ക് ഡേറ്റ് വാങ്ങി. പടം കണ്ടിട്ട് കൃത്യമായി അഭിപ്രായം പറയാന്‍ അറിയുന്ന രണ്ടേരണ്ടു സംഗീതസംവിധായകരുണ്ട്. ഒന്ന് ശ്യാംസാര്‍; മറ്റൊന്ന് എസ്.പി. വെങ്കിടേഷ്. ശ്യാംസാര്‍ എന്നോട് പറഞ്ഞു, 'മേനേ, ഈ പടത്തിന് കുഴപ്പമൊന്നുമില്ല. ഇതിന്റെ നീളമാണ് പ്രശ്‌നം. എന്നാല്‍ ഒരു സീനും എടുത്തുകളയാനുമില്ല.' അപ്പോള്‍ ഞാന്‍ പറഞ്ഞു, 'ഞാനിത് ഒരു രണ്ടരമണിക്കൂര്‍ ആക്കാം.' മണിസാറിനോടും പറഞ്ഞു, 'ഞാന്‍ വന്നിരുന്ന് റീഎഡിറ്റ് ചെയ്ത് ശരിയാക്കാം.'
എന്നുവെച്ചാല്‍ റീ എഡിറ്റിങ് അല്ല. ചില 'വാലും തുമ്പും' ഒക്കെ ഒന്നു മാറ്റിയാല്‍ മതി. സീനുകള്‍ ഒന്നും എടുത്തുമാറ്റേണ്ട ആവശ്യമില്ല. അങ്ങനെ അടുത്ത ദിവസം മുതല്‍ ഞാന്‍ ബാബുവിന്റെ കൂടെയിരുന്ന് റീഎഡിറ്റിങ് തുടങ്ങി. ഒരു സീന്‍പോലും എടുത്തുമാറ്റാതെ ചില അനാവശ്യനിശ്ശബ്ദതകള്‍ ഒഴിവാക്കി രണ്ടരമണിക്കൂറിലേക്ക് ഞങ്ങളത് ചുരുക്കി. അങ്ങനെ പടം തിയേറ്ററില്‍ എത്തി.
റിലീസ് ചെയ്ത എല്ലായിടത്തും സൂപ്പര്‍ ഡ്യൂപ്പര്‍ ഹിറ്റ്. തിയേറ്ററുകാരോട് രണ്ടാഴ്ചയേ ഡേറ്റ് പറഞ്ഞിട്ടുള്ളൂ. പടം സൂപ്പര്‍ഹിറ്റായി ഓടിക്കൊണ്ടിരിക്കുകയാണെങ്കിലും രണ്ടാഴ്ച കഴിഞ്ഞാല്‍ അവര്‍ അടുത്ത പടം ചാര്‍ട്ട് ചെയ്യും. അവരുടെ കൈയില്‍നിന്ന് അഡ്വാന്‍സ് വാങ്ങിയതാണ്. പല സ്ഥലത്തും പടം നിര്‍ത്തേണ്ട അവസ്ഥയായി.
മണിസാര്‍ പിന്നെ ആ തിയേറ്ററുകാരോടെല്ലാം വഴക്കുണ്ടാക്കി ഓടിനടക്കാന്‍ തുടങ്ങി. കോട്ടയത്തെ ഒരു തിയേറ്റര്‍ ഉടമയുടെ അടുത്ത സിനിമ ഞാനാണ് എഴുതേണ്ടത്. ഞാന്‍ ഒന്ന് വിളിച്ചുപറഞ്ഞാല്‍ പടം കുറച്ചു ദിവസംകൂടെ തുടരും. ഹൗസ്ഫുള്ളില്‍ പടം നിര്‍ത്താന്‍ പോവുന്ന അവരെ ഞാന്‍ വിളിച്ചു. തിയേറ്റര്‍ ഉടമ പറഞ്ഞു, 'എന്നോട് മണി പത്തു ദിവസത്തേക്കാണ് ഡേറ്റ് ചോദിച്ചത്.'
എന്തായാലും കോട്ടയം കുഞ്ഞച്ചന്‍ ട്രെന്‍ഡ് സെറ്റര്‍ ആയി. ഒരു തിയേറ്റര്‍ ഉടമയും അത് മാറ്റാന്‍ ധൈര്യപ്പെട്ടില്ല. മിക്കയിടത്തും നൂറു ദിവസം ഓടുകതന്നെ ചെയ്തു.
കോട്ടയം കുഞ്ഞച്ചന്‍ മികച്ച സിനിമയോ മികച്ച കഥയോ മികച്ച തിരക്കഥയോ ഒന്നുമല്ല. ഒരു സാധാരണസിനിമ. പക്ഷേ, കോട്ടയം കുഞ്ഞച്ചന്‍ എന്നു പറയുന്ന മമ്മൂട്ടിയുടെ കഥാപാത്രത്തെ എന്തുകൊണ്ടോ ജനങ്ങള്‍ ഇഷ്ടപ്പെട്ടു. ഇന്നും ഇഷ്ടപ്പെടുന്നു. അതുകൊണ്ട് മമ്മൂട്ടിക്ക് പിന്നീട് ഒരുപാട് ആവര്‍ത്തനങ്ങള്‍ ഉണ്ടായി. പല പേരുകളില്‍, പല ജാതിയില്‍, പല മതങ്ങളിലുള്ള കോട്ടയം കുഞ്ഞച്ചന്മാര്‍ അവതരിച്ചു. ഇനിയും അവതാരങ്ങളുണ്ടാകും.
പ്രതിഫലത്തിന്റെ കാര്യത്തില്‍ വളരെ കണിശമായി വിലപേശി പറഞ്ഞുറപ്പിച്ച് തുക കൃത്യമായി കൊടുക്കുന്ന ആളാണ് അരോമ മണി. അതിനു മുന്‍പ് ഒരുപാടു സൂപ്പര്‍ഹിറ്റ് സിനിമകള്‍ നിര്‍മിച്ച ആളാണ്. അദ്ദേഹം ജീവിതത്തില്‍ ആദ്യമായി പറഞ്ഞ പ്രതിഫലംകൂടാതെ അധിക തുക എന്റെ വീട്ടില്‍ കൊണ്ടുവന്ന് തന്നു. എനിക്കും അത് ആദ്യത്തെ അനുഭവമായി. പില്ക്കാലത്ത് അദ്ദേഹത്തിനുവേണ്ടി ഞാന്‍ ഒരു പടം എഴുതി. ഷാജി കൈലാസ് സംവിധാനം ചെയ്ത എഫ്.ഐ.ആര്‍.
അക്കാലത്ത് സിനിമകള്‍ സെന്‍സര്‍ ചെയ്യാനായാല്‍ മദ്രാസിലെ വിതരണക്കമ്പനികളെയും മറ്റു സിനിമാക്കാരെയും ചില തമിഴ് സിനിമാക്കാരെയും ഒക്കെ വിളിച്ച് കാണിക്കുന്ന ചടങ്ങുണ്ട്. പല സിനിമകള്‍ക്കും ഇത്തരം പ്രിവ്യൂ ഉണ്ടാകാറുണ്ട്. 'കുഞ്ഞച്ച'നുമാത്രം അത് ഉണ്ടായില്ല. രക്ഷപ്പെടില്ല എന്ന ഒരു തോന്നല്‍, മണിസാറിന് ഉണ്ടായതുകൊണ്ട്.
ഞാന്‍ സുരേഷ്ബാബുവിനോട് പറഞ്ഞു, 'ബാബൂ... മണിസാര്‍ അറിയേണ്ട; നമുക്ക് ഒരു പ്രിവ്യൂ.' ഞങ്ങള്‍ രണ്ടുപേരെ മാത്രം വിളിച്ച് ആ പടം കാണിച്ചു. ഹരിഹരന്‍ സാറിനെയും തമ്പി കണ്ണന്താനത്തിനെയും. പ്രസാദ് സ്റ്റുഡിയോയിലെ ഷോ കഴിഞ്ഞ ഉടനെ തമ്പി പറഞ്ഞു, 'ഈ സിനിമ വിജയിക്കും.' ഹരിഹരന്‍സാര്‍ പറഞ്ഞു, 'വിജയിക്കും എന്നു മാത്രമല്ല, ഇതൊരു വലിയ ട്രെന്‍ഡ്‌സെറ്റര്‍ ആവുകയും ഇതിന്റെ അനുകരണങ്ങള്‍ ഒരുപാടെണ്ണം മലയാളത്തില്‍ ഉണ്ടാവുകയും ചെയ്യും.'
ഹരിഹരന്‍സാര്‍ അത് ഞങ്ങളെ ആശ്വസിപ്പിക്കാന്‍ ഇത്തിരി കടത്തിപറഞ്ഞതാണ് എന്ന് എനിക്കു തോന്നി. അത്രയ്‌ക്കൊന്നും എനിക്കുപോലും ആ സിനിമയെക്കുറിച്ച് തോന്നിയിരുന്നില്ല. തമ്പി പറഞ്ഞതിനപ്പുറം മറ്റൊന്നും എനിക്കും ബാബുവിനും തോന്നിയില്ല. വിജയിക്കും. കുഴപ്പം വരില്ല. മമ്മൂട്ടിയുടെ കാരക്ടര്‍ ആള്‍ക്കാര്‍ക്ക് ഇഷ്ടപ്പെടും. പക്ഷേ, ഹരിഹരന്‍ സാറാണ് പറയുന്നത്, 'ഇത് അതിനപ്പുറം പോകും. ഇതിന്റെ ഒരുപാട് അനുകരണങ്ങള്‍ മമ്മൂട്ടിതന്നെ അഭിനയിക്കേണ്ടിവരും.'
സത്യം പറഞ്ഞാല്‍, ഹരിഹരന്‍ സാറിനെപ്പോലുള്ള മാസ്‌റ്റേഴ്‌സിന് നമ്മള്‍ കാണുന്നതിനും അപ്പുറത്ത് സിനിമയെ കാണാനുള്ള സിദ്ധിയുണ്ട്. അത് കോട്ടയം കുഞ്ഞച്ചന്‍പോലെയുള്ള ഒരു നിസ്സാരസിനിമയെക്കുറിച്ച് പറഞ്ഞതുകൊണ്ടല്ല. കാരണം, വടക്കന്‍ വീരഗാഥപോലെ മലയാളത്തിലെ എക്കാലത്തെയും വലിയ സിനിമകള്‍ എടുത്ത ആളാണ് ഹരിഹരന്‍സാര്‍. പക്ഷേ, ഒരു സിനിമയുടെ സാമ്പത്തികവിജയത്തെയും ജനസ്വീകാര്യതയെയും അളക്കാനുള്ള അവരുടെ കഴിവ് എന്നു പറയുന്നത് നമ്മള്‍ പ്രതീക്ഷിക്കുന്നതിനും ചിന്തിക്കുന്നതിനും അപ്പുറത്താണ്.
അതുപോലെ വേറെ ഒരു അനുഭവമുണ്ട്. ഹരിഹരന്‍സാറിന്റെ ഗുരുവാണ് സംവിധായകന്‍ കൃഷ്ണന്‍ നായര്‍ സാര്‍. അദ്ദേഹത്തിന്റെ മക്കളാണ് കെ. ജയകുമാറും സംവിധായകന്‍ ശ്രീക്കുട്ടനും. കൃഷ്ണന്‍ നായര്‍ സാറാണ് ഒരു പക്ഷേ, ദക്ഷിണേന്ത്യയിലെ ആദ്യത്തെ സൂപ്പര്‍ ഡയറക്ടര്‍. അദ്ദേഹം മലയാളത്തില്‍ നസീറിനെയും സത്യനെയും നായകന്മാരാക്കി സൂപ്പര്‍ഹിറ്റുകളുടെ ഒരു പരമ്പരതന്നെ സൃഷ്ടിച്ചിട്ടുണ്ട്. ദക്ഷിണേന്ത്യയില്‍ ആദ്യമായി ഭരത് അവാര്‍ഡ് കിട്ടുന്നത് എം.ജി.ആറിനാണ്, റിക്ഷാക്കാരന്‍ എന്ന സിനിമയിലെ അഭിനയത്തിന്. ആ സിനിമയുടെ സംവിധായകന്‍ എം. കൃഷ്ണന്‍ നായര്‍ ആയിരുന്നു.
ശിവാജി ഗണേശനെ നായകനാക്കിയും അദ്ദേഹം അനവധി സിനിമകള്‍ ചെയ്തിട്ടുണ്ട്. മൂന്നു മുഖ്യമന്ത്രിമാരെ വെച്ച് പടം എടുത്ത ആളാണ് കൃഷ്ണന്‍ നായര്‍: എം.ജി.ആര്‍., ജയലളിത, എന്‍.ടി. രാമറാവു.
ഇന്നും മലയാളസിനിമയിലെ പ്രമുഖസംവിധായകരൊക്കെ കൃഷ്ണന്‍ നായര്‍ സാറിന്റെ നേര്‍ശിഷ്യരോ, ശിഷ്യരുടെ ശിഷ്യരോ ആണ്. ഹരിഹരന്‍സാര്‍ അദ്ദേഹത്തിന്റെ ശിഷ്യനാണ്. തമിഴിലെ ഭാരതിരാജ ക്രോസ്‌ബെല്‍റ്റ് മണി. മണിയുടെ ശിഷ്യനാണ് ജോഷി.
ഞാന്‍ പറഞ്ഞുവന്നത്, എന്റെ രണ്ടാമത്തെ സിനിമ ശ്യാമ എഴുതി, രാജാവിന്റെ മകന്‍ ജോലി നടക്കുന്ന സമയം. കല്പകാ ടൂറിസ്റ്റ് ഹോമിലേക്ക് ഞാന്‍ നടന്നുപോവുകയാണ്. ഇരുട്ടത്ത്, ഒരു കാറിന്റെ അടുത്തുനിന്ന് വെള്ള ഷര്‍ട്ട് ഇട്ട ഒരാള്‍ പറഞ്ഞു, 'ഹലോ, കലക്കും കേട്ടാ, ഇനി തന്റെ ഒരു വരവ് ആയിരിക്കും.'
എന്നോടാണോ പറഞ്ഞത് എന്ന് ഞാന്‍ സംശയിച്ചു. പെട്ടെന്ന് എന്നെ കൈകൊട്ടി വിളിച്ചപ്പോള്‍ ഞാന്‍ അടുത്തുചെന്നു. എം. കൃഷ്ണന്‍ നായര്‍ സാര്‍. സിനിമാമാസികകള്‍ എല്ലാം വായിച്ചിരുന്നതുകൊണ്ട് ആളെ എനിക്ക് പെട്ടെന്ന് മനസ്സിലായി. എന്തോ ആവശ്യത്തിന് അദ്ദേഹം അവിടെ വന്നതാണ്. കൂടെ കെ. മധു നില്പുണ്ട്. കെ. മധു ആണ് കൃഷ്ണന്‍ നായര്‍ സാറിന് എന്നെ കാണിച്ചുകൊടുത്തത്.
അതുവരെ ഞാന്‍ ചെയ്തിട്ടുള്ളത് നിറക്കൂട്ട്, ശ്യാമ എന്നീ രണ്ടു സിനിമകള്‍ മാത്രമാണ്. ഈ രണ്ടു സിനിമകള്‍ മാത്രം വെച്ച് കരിയറില്‍ എനിക്ക് ഉണ്ടാകാന്‍ പോകുന്ന ഉയര്‍ച്ച അദ്ദേഹം വളരെ ലാഘവത്തോടെ അവിടെ നിന്നുകൊണ്ട് പറഞ്ഞു.
അന്ന് നിലവിലുള്ള സിനിമകളുമായി എന്റെ ആദ്യ സിനിമകള്‍ക്കുള്ള വ്യത്യാസം എനിക്ക് അറിയില്ലായിരുന്നു. ആ രണ്ടു സിനിമകളെക്കുറിച്ചും, ഇനി എങ്ങനെയാണ് പടങ്ങള്‍ എഴുതേണ്ടത് എന്നതിനെക്കുറിച്ചും വിജയഫോര്‍മുലകളെക്കുറിച്ചും എല്ലാം ഒരു മണിക്കൂറോളം അവിടെനിന്ന് വളരെ വ്യക്തമായ ധാരണ എനിക്ക് കിട്ടത്തക്കവിധം കൃഷ്ണന്‍ നായര്‍ സംസാരിച്ചു. എനിക്കും അമ്പരപ്പു തോന്നി. ഇദ്ദേഹത്തെപ്പോലെ ഇത്രയും ഭാഷകളില്‍ ഇത്രയും സൂപ്പര്‍ഹിറ്റുകള്‍ എടുത്ത ഒരാള്‍ വെറും രണ്ടു സിനിമകള്‍ മാത്രം എഴുതിയ ഒരുത്തനെ വിളിച്ചുവരുത്തി സഗൗരവം സംസാരിക്കുന്നു!
ഞങ്ങളൊക്കെ പത്താംക്ലാസില്‍ പഠിക്കുന്ന സമയത്ത് ആര്‍തര്‍ കോനന്‍ ഡോയ്‌ലിന്റെ, The Hound of Baskervilles എന്ന ഷെര്‍ലക് ഹോംസ് കഥ സിനിമയാക്കിയ ആളാണ് കൃഷ്ണന്‍ നായര്‍ സാര്‍.
ഉദയയ്ക്കുവേണ്ടി അഗ്‌നിമൃഗം ഷെര്‍ലക് ഹോംസ് വായിച്ച് അതിനെ മലയാളത്തിലേക്ക് അനുകല്പനം ചെയ്യുകയായിരുന്നു.
ഉദയ നിര്‍മിച്ച് കൃഷ്ണന്‍ നായര്‍ സംവിധാനം ചെയ്ത അഗ്‌നിമൃഗം എഴുപതുകളിലെ സൂപ്പര്‍ഹിറ്റായിരുന്നു.
കുഞ്ചാക്കോയും കൃഷ്ണന്‍ നായരുമൊക്കെ ഏതു രീതിയിലാണ് സിനിമയെയും ലോകസിനിമയെയും കണ്ടിരുന്നത് എന്നോര്‍ത്ത് ഇന്ന് മാറിനിന്ന് പുച്ഛിക്കുന്നവരുണ്ടാകും. അന്നത്തെ ഈ ചെറിയ മലയാളത്തിലെ പരിമിതമായ ജനസംഖ്യയും ആസ്വാദനക്ഷമതയും വെച്ചുനോക്കുമ്പോള്‍ പഥേര്‍ പാഞ്ജലി ആസ്വദിക്കാന്‍ പറ്റിയ ഒരു ജനസഞ്ചയത്തിനു മുന്നിലേക്കാണ് അഗ്‌നിമൃഗംപോലെ ഒരു സിനിമ അവര്‍ അവതരിപ്പിച്ചത്. വടക്കന്‍പാട്ട് കഥകളുമായി സിനിമകള്‍ ആവര്‍ത്തിച്ചത് ഒരു ചെറിയ കാര്യമല്ല.
Content Highlights: kottayam kunjachan dennis joseph hariharan mathrubhumi books
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..