ന്നുകാലികളെ മേട്ടിക്കു ചുറ്റും നടത്തി നെല്ലു മെതിക്കുന്നതിനെ ഒക്കല്‍ എന്നാണു പറയുക. ഒക്കലുള്ള ദിവസം അയല്‍വീടുകളിലെ മൂരികളെയും പോത്തുകളെയും വിട്ടുതരും. ഉച്ചതിരിയുന്നതോടെ കളത്തില്‍ നടുവില്‍ കുഴിച്ചിട്ട കുറ്റിക്കു ചുറ്റുമായി നെല്ലു കുടഞ്ഞിടും. ഒക്കല്‍ കൊക്കകൊണ്ടാണ് കുടഞ്ഞിടുക. ഉപയോഗിച്ചുപയോഗിച്ചു മിനുസമായ ഒറ്റക്കവരമുള്ള ചെറുമുളയാണ് ഒക്കല്‍ക്കൊക്ക. നല്ല പരിചയമുള്ളവര്‍ക്കേ അതു വഴങ്ങൂ. അല്ലാത്തവര്‍ കുടഞ്ഞാല്‍ നെല്ലോലകള്‍ തങ്ങില്ല അതിന്റെ കവരത്തില്‍. പില്ക്കാലത്ത് ബാറ്റിന്റെ ചെറിയ പ്രതലത്തില്‍ മധ്യഭാഗമുപയോഗിച്ചുകൊണ്ടു കളിക്കുന്ന നല്ല ദിവസങ്ങളിലെ സച്ചിന്‍ തെണ്ടുല്‍ക്കര്‍ എന്നെ ഈ ഒക്കല്‍ക്കൊക്കയെ ഓര്‍മിപ്പിച്ചു. ഏകാഗ്രത സച്ചിന്റെ ബാറ്റിനെ മൈതാനത്തെക്കാള്‍ വീതിയുള്ളതാക്കി.

മൂന്നുമൂന്നര മണിയോടെ കളത്തിന്റെ എല്ലാ വശങ്ങളും നന്നായടച്ച് പ്രധാന വഴിയിലൂടെ കന്നുകാലികളെ കളത്തില്‍ ഞെരുക്കിക്കടത്തും. മേട്ടിക്കു ചുറ്റും തലങ്ങും വിലങ്ങും ഓടും ആദ്യമവ. അത്യാര്‍ത്തിയോടെ മണിയോടെ നെല്ലു തിന്നാന്‍ തുടങ്ങും. വാലില്‍ പിടിച്ചുതിരിച്ച് അതിവേഗത്തില്‍ ഓടിക്കും. എല്ലാവരും ചേര്‍ന്ന് ആദ്യം കുറച്ചു സമയം. അപ്പോഴേക്കും ഒരു ചിട്ട വരും. അവയുടെ നടത്തം പള്ളകള്‍ ഉരസിക്കൊണ്ടു നിരനിരയായിട്ടാവും. എല്ലാം താളത്തിലാവും. നെല്ലമര്‍ന്നുതുടങ്ങും. അപ്പോള്‍മുതല്‍ ഒക്കല്‍ക്കൊക്കയുമായി രണ്ടോ മൂന്നോ പേര്‍ അടിയിളക്കാന്‍ തുടങ്ങും.

vara
വര- കെ സതീഷ്‌

പ്രത്യേക തരം പാട്ടോടെ, മൂളിച്ചയോടെ പണിയന്‍ മൊട്ടന്മാരാണ് അധികവും ഒക്കലില്‍ നടക്കുക. ക്ലാസ് വിട്ടു വന്നാല്‍ ഞങ്ങളും നേരേ ഒക്കല്‍ക്കളത്തിലേക്കാണ്. മുഖ്യമായ ഇടയിളക്കലിന്റെ സമയത്ത് ഒക്കല്‍ നിര്‍ത്തിയിടും. അപ്പോഴേക്കും കന്നുകാലികളുടെ വയര്‍ നിറഞ്ഞുപൊട്ടാറായിട്ടുണ്ടാവും. അവ അലസമായി നടക്കുവാന്‍ തുടങ്ങും. ഒക്കല്‍ക്കളത്തില്‍ ചാണകമിടുന്നത് അപ്പപ്പോള്‍ നീക്കം ചെയ്യണം. വൈക്കോല്‍കൊണ്ട് തരികപോലെ പിടിച്ചു പിന്നാലെ നടക്കണം. വയറ്റുപോക്കുള്ള-നെല്ലു തിന്നിട്ടാണ്-പോത്തിന്റെ, മൂരിയുടെ പിന്നില്‍നിന്നു മാറാനാവില്ല.

konthala
പുസ്തകം വാങ്ങാം

അഞ്ചു മണിയോടെ പുഴുക്കും ചായയുമായി അമ്മ വരും. കുട്ടികളെ ചുമതലയേല്പിച്ച് മുതിര്‍ന്നവര്‍ ചായ കുടിക്കും. കുട്ടികള്‍ മാത്രമേ ഉള്ളൂ എന്നു കണ്ടാല്‍ ചില എരുതുകള്‍ ക്രമം തെറ്റിക്കും, ചിലതു നിന്നുകളയും. നല്ല വീക്കു കൊടുക്കെടാ എന്നു ചായ കുടിക്കുന്നവര്‍ നിര്‍ദേശിക്കും. അവര്‍ മടങ്ങിയെത്തിയാല്‍ ഞങ്ങള്‍ ചായ കുടിക്കാനിരിക്കും. വശങ്ങളില്‍ കുടഞ്ഞിട്ട ചൂടുള്ള പുല്ലട്ടികളില്‍ ചാഞ്ഞിരുന്ന് വയനാട്ടിലെ സന്ധ്യയോടെ കഠിനമായിത്തുടങ്ങുന്ന തണുപ്പില്‍ ചായ കുടിക്കാന്‍ നല്ല സുഖമാണ്. തലയില്‍ വിരലോടിക്കുന്ന, ഇടവിടാത്ത കൈവിരലുകളുമായി അമ്മയുണ്ടാവും തൊട്ടടുത്ത്.

കാലം ചെന്നപ്പോള്‍ എരുതുകളുടെ എണ്ണം കുറഞ്ഞു. എരുതുകളുടെ കഴുത്തില്‍ കയറിട്ട് അവയെ കൂട്ടിക്കെട്ടി നടത്തിച്ചായി ഒക്കല്‍. പിന്നപ്പിന്നെ അതതു വീടുകളിലെ രണ്ടെരുതുകളെ മാത്രം കെട്ടിയായി ഒക്കല്‍. വലിയ കല്ലു പിന്നില്‍ കെട്ടി വലിപ്പിക്കലായി. നെല്ലു തിന്നാതിരിക്കാന്‍ മുഖക്കൊട്ട കെട്ടലായി. ഒക്കല്‍ ഒരനുഷ്ഠാനംപോലെ നിശ്ശബ്ദമായി. പഴയ സല്‍ക്കാലം ഒരോര്‍മ മാത്രമായി. പാലക്കാട് കഴിഞ്ഞാല്‍ കൂടുതല്‍ നെല്ലു വിളയിക്കുന്ന വയല്‍നാടായിരുന്നു ഒരിക്കല്‍ വയനാട്. കുന്നുകള്‍ക്കിടയില്‍ വിസ്തൃതങ്ങളായ വിളഞ്ഞുനില്ക്കുന്ന വയലുകള്‍. ഗന്ധകശാല നെല്ലിന്റെ മാസ്മരമായ ഗന്ധം. അവിടവിടെ ഏറുമാടങ്ങള്‍, തത്തയെ ഓടിക്കാന്‍ കെട്ടിയ തപ്പുകള്‍. പണിയന്‍ മൊട്ടന്മാരുടെ കുഴലൂത്ത്. കുടമണിയുമായി കൊയ്ത്തു കഴിഞ്ഞ പാടത്തെ കന്നുകാലികള്‍. എല്ലാം കാലാന്തരത്തില്‍ ശമിച്ചു. വയലില്‍ കവുങ്ങും വാഴയുമായി.

മാതൃഭൂമി ബുക്‌സ് പ്രസിദ്ധീകരിച്ച കല്‍പ്പറ്റ നാരായണന്റെ 'കോന്തല' എന്ന പുസ്തകത്തില്‍ നിന്നും

കോന്തല ഓണ്‍ലൈനില്‍ വാങ്ങാം

കല്‍പ്പറ്റ നാരായണന്റെ പുസ്തകങ്ങള്‍ ഓണ്‍ലൈനില്‍ വാങ്ങാം​

Content Highlights: Konathala book by Kalpetta Narayanan